ജോലി മാറ്റത്തിന് ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക
2026 ജൂൺ 2നു സംഭവിക്കുന്ന വ്യാഴമാറ്റം അഞ്ചു രാശിക്കാരെ അവർ ആഗ്രഹിച്ച നിലയിൽ എത്തിക്കും. തൊഴിലിൽ ഉന്നത നിലയിൽ എത്തിക്കും
സർവ്വഗുണദായകനായ ഗുരു ജൂൺ 2 വെളുപ്പിന് 1. 50 ന് ഉച്ചരാശിയായ കർക്കിടകത്തിലേക്ക് രാശി മാറുന്നു. തൻ്റെ ഉച്ചരാശിയായ കർക്കിടകത്തിലേയ്ക്ക് പ്രവേശിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്. ഈ മാറ്റത്തിന് അനുകൂലതകൾ മനസ്സിലാക്കി, നിങ്ങളുടെ ജീവിതം അതിനനുസരിച്ച് ആസൂത്രണം ചെയ്ത് നല്ല ഫലങ്ങൾ കരസ്ഥമാക്കുക.
ചന്ദ്രരാശിയെ (ജന്മ നക്ഷത്ര രാശികൾ ) അടിസ്ഥാനമാക്കിയാണ് ഗ്രഹ മാറ്റ പ്രവചനങ്ങൾ നടത്തുന്നത്. ഗുരുവിനെ വളരെ അനുകൂലമായ രാശികൾ 2, 5, 7, 9, 11 എന്നിവയും ഗുണദോഷസമ്മിശ്രമായവ 1, 4, 10 എന്നിവയും പ്രതികൂലമായ വ 3, 6, 8, 12 എന്നിവയുമാണ്. ഗുരു ഉച്ച രാശിയിലേക്ക് മാറുന്നത് കൊണ്ട് അനുകൂല രാശികൾക്ക് കൂടുതൽ ഗുണഫലങ്ങളും പ്രതികൂല രാശികൾക്ക് ദോഷ കാഠിന്യം കുറഞ്ഞും അനുഭവയോഗ്യമായിരിക്കും.
ഗുരുവിനെ കൊണ്ട് ചിന്തിക്കേണ്ട വസ്തുതകൾ സമ്പത്ത്, തൊഴിൽ, ഭാഗ്യം, ബുദ്ധി, ജ്ഞാനം, ആത്മീയത തുടങ്ങിയവയാണ്.
ഗുരുവിന്റെ ഈ മാറ്റം നിങ്ങളുടെ തൊഴിൽരംഗത്തെ എപ്രകാരം ബാധിക്കും എന്ന് നോക്കാം.
മിഥുനം, കന്നി, വൃശ്ചികം, മകരം, മീനം രാശിക്കാർക്ക് ജൂൺ രണ്ടുമുതൽ നല്ല സമയം ആയതു കൊണ്ട് ജൂൺ രണ്ടിന് ശേഷം ആഗ്രഹിക്കുന്ന ജോലി മാറ്റത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ അറിവു നേടി ജോലി മാറ്റത്തിന് തയ്യാറെടുക്കുക. നിങ്ങൾ ആഗ്രഹിച്ചിരുന്ന സ്ഥാപനങ്ങളിലോ മേഖലകളിലോ ജോലി ലഭിക്കുവാൻ സാധ്യത കാണുന്നു. അതിനു വേണ്ട കഴിവുകൾ ആർജ്ജിച്ചു തൊഴിൽ കണ്ടെത്തുകയും, കഴിവിൻ്റെ പരമാവധി പരിശ്രമിച്ച് ജോലി നേടിയെടുക്കുകയും ചെയ്യുക. ജ്യോതിഷ പ്രവചനങ്ങൾ സൂചനകൾ മാത്രമാണെന്ന് മനസ്സിലാക്കി സ്വന്തം കഴിവ് കൃത്യമായി ഉപയോഗിച്ച് ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കുക.
മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം 3/4 നക്ഷത്രങ്ങൾ )
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2 നക്ഷത്രങ്ങൾ )
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട നക്ഷത്രങ്ങൾ )
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 നക്ഷത്രങ്ങൾ )
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങൾ)
ഇടവം, ചിങ്ങം, ധനു, കുംഭം രാശിക്കാർക്ക് ജോലി മാറ്റത്തിന് ആഗ്രഹിക്കുന്നുവെങ്കിൽ ജൂൺ രണ്ടിന് മുമ്പായി മാറ്റേണ്ടതാണ്. ജൂൺ രണ്ടിനു മുമ്പ് പുതിയ ജോലി കണ്ടെത്തി മാറാൻ ശ്രമിക്കുക. അടുത്ത ഒരു വർഷം വെല്ലുവിളികൾ നിറഞ്ഞതായിക്കുന്നത് കൊണ്ട്, ജോലിമാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ല പരിശ്രമം നടത്തിയാൽ ജൂൺ 2നു മുമ്പായി പുതിയ ജോലി ലഭിക്കുന്നതായിരിക്കും. ഈ ഒരു പ്രവചനം സൂചന മാത്രമാണ് കൃത്യമായ മേഖല കണ്ടെത്തേണ്ടതും അതിനായി പ്രരിശ്രമിക്കുകയും ചെയ്യേണ്ടത് നിങ്ങൾ മാത്രമാണ്.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2 നക്ഷത്രങ്ങൾ )
ചിങ്ങം (മകം, പൂരം, ഉത്രം 1/4 നക്ഷത്രങ്ങൾ )
ധനു (മൂലം, പൂരാടം, ഉത്രാടം 1/4 നക്ഷത്രങ്ങൾ )
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 നക്ഷത്രങ്ങൾ )
മേടം, കർക്കിടകം, തുലാം രാശിക്കാർ ഇപ്പോഴുള്ള ജോലിയിൽ തുടങ്ങുന്നതാണ് അഭികാമ്യം. വളരെ അനുകൂലമല്ലാത്ത സമ്മിശ്ര ഗുണഫലങ്ങളുള്ള ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പെട്ടെന്നുള്ള തീരുമാനങ്ങൾ ഗുണഫലങ്ങൾ നൽകിയെന്നിരിക്കില്ല. അത് കൊണ്ട് ഇപ്പോൾ ഉള്ള ജോലിയിൽ തുടരുന്നതാണ് നല്ലത്.
മേടം (അശ്വതി, ഭരണി, കാർത്തിക 1/4 നക്ഷത്രങ്ങൾ)
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം നക്ഷത്രങ്ങൾ)
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4 നക്ഷത്രങ്ങൾ)
ജ്യോതിഷ പ്രവചനങ്ങൾ മാർഗ്ഗ നിർദ്ദേശങ്ങളാണ്. നിങ്ങളാണ് തീരുമാനങ്ങൾ എടുത്ത് ശോഭനമായ ഭാവിയ്ക്കായി പരിശ്രമിക്കേണ്ടത് .