ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

സന്താന വിചാരം


സന്താന വിചാരം

'കുജേന്ദു ഹേതു പ്രതിമാസമാര്‍ത്തവം
ഗതേതു പീഡര്‍ഷ മനുഷ്ണദിധിതന
അത്യോന്യഥാസ്‌തേ ശുഭപുംഗ്രഹേക്ഷിതെ
നരേണ സംയോഗ മുപൈതി കാമിനീ'

മനുഷ്യ ജീവിതം പരിപൂര്‍ണതയില്‍ എത്തുന്നത് ദമ്പതികള്‍ക്ക് സന്താന സൌഭാഗ്യം കൈവരുമ്പോഴാണ്. അല്ലാത്ത ദാമ്പത്യം ദുരിതപൂര്‍ണവും അര്‍ത്ഥ ശൂന്യവുമാണ്. വിവാഹത്തിന്റെ തന്നെ ലക്ഷ്യം വ്യക്തിയുടെ വരും തലമുറക്ക് ക്ഷയം സംഭവിക്കാതെ നിലനിര്‍ത്തുക എന്നതാണ്. പുരാണങ്ങളും മറ്റനവധി ശാസ്ത്ര ഗ്രന്ഥങ്ങളും ഇതേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നു.

വിവാഹിതരാകാന്‍ ഒരുങ്ങുന്ന സ്ത്രീപുരുഷന്മാരുടെ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ച നോക്കുമ്പോള്‍ പ്രധാനമായും പൊരുത്തത്തിനു മാത്രമല്ല അവരുടെ ഗ്രഹനിലയും ഗ്രഹങ്ങളുടെ ബാലാബലങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവേണം അവ തമ്മില്‍ ചേര്‍ക്കാന്‍. പൊരുത്തശോധനയില്‍ വിവാഹ ശേഷം വരുന്നതായ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും ഗ്രഹ നിലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പത്തു പൊരുത്തമുണ്ടെങ്കിലും പരസ്പര വിരുദ്ധങ്ങളായ രണ്ട് ജാതകങ്ങള്‍ ശുദ്ധജാതകങ്ങളും ദോഷജാതകങ്ങളും തമ്മില്‍ ചേര്‍ത്താല്‍ ദമ്പതികള്‍ക്ക് ജീവിത കാലം മുഴുവന്‍ ദുരിതങ്ങള്‍ വൈവിധ്യം മുതലായ അനുഭവിക്കേണ്ടതായി വരുന്നു.

ഉദാഹരണത്തിന് അന്യ മതസ്ഥരായ ആളുകള്‍ക്ക് ചിലപ്പോള്‍ ജാതകം സാധാരണ കണ്ടു വരാറില്ല. പ്രശ്‌ന ചിന്തയ്ക്ക് സമീപിക്കുമ്പോള്‍ ജാതകവും കൂടെ നോക്കണം എന്നുള്ളതിനാല്‍ ഇരു വ്യക്തികളുടെയും ഗ്രഹ നിലകള്‍ തമ്മില്‍ പരിശോധിച്ചാല്‍ പരസ്പര വിരുദ്ധവും, അതിനാല്‍ ജീവിതം ദുരിത പൂര്‍ണവുമായി കാണാറുണ്ട്. ചിലര്‍ക്ക് സന്താനങ്ങള്‍ ഉണ്ടായാലും രോഗാദ്യനുഭവങ്ങളും ഐശ്വര്യഹാനി മുതലായ ദുരിതങ്ങളും ഉണ്ടാകുന്നു. ചിലര്‍ക്ക് സന്താന ഭാഗ്യം ഉണ്ടാകുന്നില്ല തന്നെ. ഇതിനു കാരണം അവരുടെ ജാതകത്തിലെ സന്താനഭാവത്തിനോ ഗ്രഹത്തിനോ, ബലക്ഷയം, മൌഡ്യം, ദുസ്ഥിതി, പാപയോഗം, പാപ ദൃഷ്ടി എന്നിവ വരുമ്പോഴാണ്. മുജ്ജന്മദുരിതങ്ങളും ഇതിനു കാരണമാണ്. ഇവിടെ ജന്തുക്കളെല്ലാം മരണം വരെ പൂര്‍വ്വ ജന്മത്തില്‍ ചെയ്തിട്ടുള്ള തന്റെ കര്‍മ്മ ഫലം അനുഭവിക്കുന്നു. ജ്യോതിശാസ്ത്രം വേണ്ട വിധം ഗ്രഹിച്ച ഒരു ബുദ്ധിമാനായ ദൈവഞ്ജന് ജാതകവും പ്രശ്‌നവും ഒരു പോലെ ചിന്തിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ അധികാരമുണ്ട്.'പ്രശ്‌നസ്യ ജന്മസാമ്യ ഏവ അന്വത്ര ഉക്തം'. പ്രശ്‌നത്തിന് ജാതവുമായി സാമ്യ മുണ്ടെന്നു ആചാര്യ പക്ഷം.

ജാതകത്തിലോ പ്രശ്‌നത്തിലോ സന്താന ദുരിതം കണ്ടു കഴിഞ്ഞാല്‍ അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്തതിനു ശേഷം മാത്രമേ വിവാഹിതരാകാന്‍ പാടുള്ളൂ.

ജാതക ശാസ്ത്രത്തില്‍ സന്താന നാശ ലക്ഷണങ്ങള്‍ ഏതൊക്കെ? എന്ന് അന്വേഷിക്കാം.ലഗ്‌നം, വ്യാഴം അഞ്ചാം ഭാവം ഇവയുടെ അഞ്ചാം ഭാവത്തില്‍ പാപന്മാര്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്താലും,

അഞ്ചാം ഭാവാധിപന്‍ പാപന്മാരോട് കൂടിചേരുകയോ, അഞ്ചാം ഭാവാധിപന് പാപ ദൃഷ്ടി വരികയോ മേല്‍പറഞ്ഞ സ്ഥാനങ്ങളില്‍ ശുഭ ഗ്രഹയോഗമോ, ദൃഷ്ടിയോ വരാതിരിക്കുകയും, പാപഗ്രഹ മദ്ധ്യസ്ഥിതി വരുകയും, പുത്ര സ്ഥാനാധിപന്മാര്‍ ദുസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുകയും ചെയ്താലും ഒരു പ്രകാരത്തിലും പുത്ര സമ്പത്ത് ഉണ്ടാകുന്നതല്ല.

വൃശ്ചികം, ഇടവം. കന്നി, ചിങ്ങം എന്നീ രാശികള്‍ അഞ്ചാം ഭാവമായി വന്നാല്‍ വളരെ താമസിച്ചതിനു ശേഷം മാത്രമേ പുത്ര സമ്പത്ത് ഉണ്ടാകുകയുള്ളൂ. 4, 7, 10, ഈ ഭാവങ്ങളില്‍ പാപന്മാരും, ശുക്ര ചന്ദ്രന്മാര്‍ ഇവര്‍ നിന്നാലും 12, 8, 5 ലഗ്‌നം ഈ ഭാവങ്ങള്‍ നിന്നാലും വംശക്ഷയ ലക്ഷണങ്ങളാണ്.

ഏഴാം ഭാവത്തില്‍ ശുക്രന്‍, ബുധന്‍, ഇവര്‍ നിന്നാലും 4 ല്‍ വ്യാഴം പാപന്മാരോട് യോഗം ചെയ്താലും അഞ്ചാം ഭാവത്തില്‍ ചന്ദ്രന്‍ നിന്നാലും 7, 12, 01 ഈ ഭാവങ്ങളില്‍ പാപ ഗ്രഹങ്ങള്‍ യോഗം ചെയ്താലും വംശ നാശം ഉണ്ടാകും.

അഞ്ചാം ഭാവം ശനി ക്ഷേത്രമായോ, ബുധ ക്ഷേത്രമായോ, ഗുളികന്‍, ശനി, ഇവരുടെ യോഗം ദൃഷ്ടി മുതലായവയോടുകൂടിയോ, ലഗ്‌നാധിപനും ഏഴാം ഭാവാധിപനും തമ്മില്‍ ബന്ധമില്ലാതെയോ വന്നാലും പുത്രസ്ഥാനാധിപതിക്കു ബലഹീനത്വം സംഭവിച്ചാലും അത് ദത്തുപുത്ര ലക്ഷണമാണ്.

ജാതാവും സന്താന പ്രശ്‌നവും വിദ്വാന്മാരാല്‍ ചിന്തിച്ച് പൂര്‍വ്വ ജന്മാര്‍ജ്ജിതങ്ങളായ ദുരിതങ്ങള്‍ക്ക് പ്രായശ്ചിത്തമനുഷ്ട്ടിച്ചാല്‍ സന്താന ലാഭമുണ്ടാകും. സന്താന ലാഭത്തിനു വേണ്ടി അതാതു ഗ്രഹങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള ജപം, ദാനം, ഹോമം, മറ്റു ശുഭക്രിയകള്‍ എന്നിവ ചെയ്തും ദോഷ നിവൃത്തി വരുത്തി കൊള്ളണം.

സേതു സ്‌നാനം കീര്‍ത്തനം,സത് കഥായാം
പൂജാം ശംഭോ ശ്രീപതെ സദ്വ്രതാനി
ദാനം ശ്രാദ്ധം കര്‍മ്മ നാഗ പ്രതിഷ്ടാം
കൂര്യ്യാ ദേട്യൈ:രാപ്നുയാത്സതിംസ:

സേതു സ്‌നാനം, സത് കഥാക്ഷേപം, ശിവ പൂജ, വിഷ്ണു പൂജ, സത് വ്രതങ്ങള്‍, ദാനം, ശ്രാദ്ധം, നാഗ പ്രതിഷ്ട എന്നിവ ഒന്നാന്തരം ദുരിത പ്രായശ്ചിത്തങ്ങളാകുന്നു. ഇപ്രകാരമുള്ള പ്രായശ്ചിത്തവിധികളും മറ്റും ഉണ്ടെങ്കില്‍ സന്താനം ഉണ്ടാകുവാനുള്ള യോഗ്യമായ ബീജ ബലം പുരുഷനും ക്ഷേത്ര ബലം സ്ത്രീയ്ക്കും ഇല്ലെങ്കില്‍ അന്ധന്മാര്‍ക്ക് ചന്ദ്ര രശ്മി എന്ന പോലെ എല്ലാം നിഷ്ഫലമായി തീരും

ശുഭം.

Astrologer O.K. Pramod Panicker Peringode
(Surya Gayathri Astro Research Centre)
Koottanada (Via), Palakkadu
Ph: 9846309646, 8547019646
Email: pramodpanickerpgd87@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories