കേമദ്രുമ ദോഷം
വ്യക്തിയുടെ മനസ്സിനെ സംബന്ധിക്കുന്ന ഒരു ജ്യോതീഷികമായ അവസ്ഥയാണ് കേമദ്രുമ യോഗം അല്ലെങ്കില്‍ കേമദ്രുമ ദോഷം. ജ്യോതിഷപ്രകാരമുള്ള നിരവധി ദോഷങ്ങളില്‍ ഒന്നായാണ് ഈ അവസ്ഥയേയും സാധാരണയായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരു വ്യക്തിയില്‍, ഗുണപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും, അയാളുടെ മനസ്സിനെ ബലപ്പെടുത്തുവാനും കേമദ്രുമ യോഗം സഹായകമാകും. കേമദ്രുമ ദോഷം എന്തെന്നും അതിന്‍റെ ഫലങ്ങള്‍ എന്തെന്നും ഈ ലേഖനത്തില്‍ വിവരിക്കുന്നു.
ഒരു ജാതകത്തില്‍, ചന്ദ്രന്‍റെ മുന്നിലും പിന്നിലുമുള്ള ഭാവങ്ങളില്‍ മറ്റ് ഗ്രഹങ്ങളൊന്നും ഇല്ലാത്ത അവസ്ഥ കേമദ്രുമ ദോഷത്തെ സൂചിപ്പിക്കുന്നു. ഏതൊരു ദോഷത്തേയും/യോഗത്തേയും കുറിച്ച് പഠിക്കുമ്പോള്‍, അതിന് കാരണമായ ഗ്രഹത്തിന്‍റെ/ഗ്രഹങ്ങളുടെ സവിശേഷതകളാണ് ആദ്യം മനസ്സിലാക്കേണ്ടത്. മനശാസ്ത്രപരമായ വീക്ഷണത്തിലൂടെ വേണം ഗ്രഹങ്ങളുടെ സ്വഭാവം/സവിശേഷത നാം മനസ്സിലാക്കേണ്ടത്. ആധുനിക മനശാസ്ത്രത്തിനെ സഹായിക്കുവാന്‍ കഴിയുന്ന ഒരു വേദശാസ്ത്രമാണ് ജ്യോതിഷം. മനശാസ്ത്രപരമായ സമീപത്തിലൂടെ വേണം ആധുനിക ജ്യോതിഷികള്‍ ഈ വേദശാസ്ത്രശാഖയെ അവലോകനം ചെയ്യാന്‍.
ജ്യോതിശാസ്ത്രത്തില്‍ വ്യക്തിയുടെ മനസ്സിനെ പ്രതിബാധിക്കുന്ന ഗ്രഹം ചന്ദ്രനാണ്. ചന്ദ്രന്‍, വ്യക്തിയുടെ മനസ്സിന്‍റെയും വികാരങ്ങളുടെയും സൂചകമാണെന്നാണ് ഭൃഗുസൂത്രയില്‍ പറഞ്ഞിട്ടുള്ളത്. കേമദ്രുമ ദോഷമുള്ള വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരിക്കും. ചന്ദ്രന്‍റെ മുന്നിലും പിന്നിലുമുള്ള ഭാവങ്ങള്‍ അഥവാ ചന്ദ്രനില്‍ നിന്നുമുള്ള രണ്ടാമത്തേയും പന്ത്രണ്ടാമത്തേയും ഭാവങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് കേമദ്രുമ ദോഷത്തെയാണ് സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ട് നില്‍ക്കുന്ന ചന്ദ്രന്‍ വ്യക്തിയുടെ ഒറ്റപെടലിന് കാരണമാകും. ചന്ദ്രന്‍റെ സമീപമുള്ള ഭാവങ്ങളിലെ മറ്റ് ഗ്രഹങ്ങളുടെ സാന്നിധ്യം, വ്യക്തിക്ക് തന്‍റെ മനസ്സിനെ/ചിന്തകളെ നിയന്ത്രിക്കുവാനുള്ള ശക്തി പകരും. ഇതില്ലാത്ത അവസ്ഥയില്‍, വ്യക്തിക്ക് തന്‍റെ ചിന്തകളെ/മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും, അത് അയാളുടെ പെരുമാറ്റത്തെയും പ്രവൃത്തിയേയും ബാധിക്കുകയും ചെയ്യും. മനസ്സിന് പിന്‍ബലമില്ലാത്ത അവസ്ഥ, അനുചിതമായ അല്ലെങ്കില്‍ ഹിതകരമല്ലാത്ത പ്രവര്‍ത്തിയിലേക്ക് വ്യക്തിയെ നയിക്കും. ഇത്, അയാളുടെ സാമൂഹികമായ ഒറ്റപ്പെടലിനും കാരണമാകും. കേമദ്രുമ യോഗമുള്ള വ്യക്തി സ്വയം ഏകാന്തതയിലേക്ക് പോകുവാനുള്ള സാധ്യതയും കൂടുതലാണ്.
കേമദ്രുമ യോഗത്തിന്‍റെ ഈ ദൂഷ്യവശങ്ങള്‍ക്കുള്ള പ്രതിവിധി മനസ്സിനെ ദൃഢപ്പെടുത്തുക എന്നതാണ്. ശാരീരികബലത്തിന് പോഷകാഹാരം ആവശ്യമാണന്നപോലെ മനോബലത്തിന് നല്ല ചിന്തകളും ആവശ്യമാണ്. കേമദ്രുമ ദോഷമുള്ള വ്യക്തി, മനസ്സിന് ആനന്ദവും ഊര്‍ജ്ജവും നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടതാണ്. ഇതിനായി, പ്രാര്‍ത്ഥന, ധ്യാനം, വായന, കലാകായിക വിനോദങ്ങള്‍ എന്നിവയെ ആശ്രയിക്കാം. നല്ല വിനോദങ്ങള്‍, മനസ്സിനേയും ചിന്തകളേയും ബലപ്പെടുത്തുന്നതാണ്.
തിക്തമായ അനുഭവങ്ങള്‍ക്ക് കാരണമാകുമെങ്കിലും, കേമദ്രുമ യോഗം വ്യക്തിയുടെ ചിന്തകളേയും മനസ്സിനേയും പരിപോഷിപ്പിക്കാന്‍/ബലപ്പെടുത്താന്‍ സഹായിക്കുന്നതാണ്. പ്രതികൂലമായ സാഹചര്യങ്ങളില്‍, മറ്റ് സഹായങ്ങളൊന്നും കൂടാതെ തീരുമാനം എടുക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ശേഷി ഇത് ഉണ്ടാക്കും. ജീവിതത്തിലെ തടസ്സങ്ങള്‍ ഭേദിച്ച് മുന്നേറാനുള്ള കഴിവ് ഇപ്രകാരം നേടാവുന്നതാണ്. മറ്റുള്ളവരുടെ ഉപദേശങ്ങള്‍, പല സാഹചര്യങ്ങളിലും ഒരു വ്യക്തിയെ സഹായിക്കുമെങ്കിലും, അവയുടെ സ്വാധീനം, അയാളെ തന്‍റെ ലക്ഷ്യത്തില്‍ നിന്നും പിന്‍വലിക്കുവാന്‍ ഇടയുണ്ട്. ഇത്തരം സ്വാധീനങ്ങളില്‍ പെടാതെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍, കേമദ്രുമ യോഗമുള്ള ഒരു വ്യക്തിക്ക് കഴിഞ്ഞേക്കും.
കേമദ്രുമ യോഗമുള്ള വ്യക്തിയുടെ ചിന്ത മറ്റ് വ്യക്തികളുടേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇത്, സമൂഹത്തിന്‍റെ പൊതുവായ രീതികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വ്യക്തിയെ പ്രേരിപ്പിച്ചേക്കാം. ഇത്തരത്തില്‍ ഒറ്റപ്പെടുന്ന വ്യക്തി, ആത്മീയമായ അല്ലെങ്കില്‍ നിഗൂഢമായ വിഷയങ്ങളില്‍ താല്‍പര്യം കാണിക്കുകയും അതുവഴി ഒരു മേല്‍ത്തരം ചിന്താഗതി ആര്‍ജ്ജിക്കുകയും ചെയ്യും.
കേമദ്രുമ യോഗം/ദോഷം, വ്യക്തിയുടെ മനസ്സിനേയും പ്രവര്‍ത്തനമേഖലയേയും ബാധിക്കുന്ന ഒരു വിപത്തായിട്ടാണ് പലയിടത്തും വിവരിച്ച് കാണാറുള്ളത്. ഈ ധാരണ നമ്മള്‍ തിരുത്തേണ്ടതുണ്ട്. വ്യക്തിയെ അസാധാരണമായ രീതിയില്‍ ചിന്തിപ്പിക്കുകയും, പ്രപഞ്ചശക്തിയോട് അടുപ്പിക്കുകയും ചെയ്യുന്ന ഒരു ജാതക അവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ കേമദ്രുമ യോഗം. ബില്‍ ഗേറ്റ്സ്, ഘന്‍ ശ്യാം ദാസ് ബിര്‍ള, ബാല്‍ താക്കറെ, ജിം കാരി തുടങ്ങി കേമദ്രുമ യോഗമുള്ള പ്രമുഖര്‍ അനവധിയാണ്. ഇവരെ പോലെ, പ്രവര്‍ത്തന മേഖലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍, കേമദ്രുമ യോഗമുള്ള ഏതൊരു വ്യക്തിക്കും സാധ്യമാകും.
COURTESY: MODERN ASTROLOGY (MURALI)