കോവിഡ് - 19 പ്രതിരോധം
ലോകം മുഴുവനും രോഗഭീതിയിൽ കഴിയേണ്ടി വരുന്ന ഒരു അവസ്ഥ ഭയാനകമാണ്. ഒരാളുടെ അശ്രദ്ധ കൊണ്ട് മാത്രം രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള മഹാവിപത്താണ് കോവിഡ് - 19.
ജ്യോതിഷത്തെ വേദത്തിൻ്റെ നേത്രമായണ് വിവക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം മാരക വിപത്തുകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പല ജ്യോത്സ്യന്മാരും ഈ മാരക രോഗ വ്യാപനത്തിൻ്റെ കാരണം പല തരത്തിൽ പറയുന്നുണ്ടെങ്കിലും കൂടുതൽ യുക്തിപരമായി തോന്നുന്നത് ഗുരുവിനെ അതിചാരം നിമിത്തമാണ് എന്നതാണ്.
സാധാരണ ഗുരു ഒരു രാശിയിൽ സ്ഥിതി ചെയ്യുന്നത് ഒരു വർഷക്കാലമാണ്. ഈ കാലയളവിൽ അതിചാരവും വക്രവും ഉണ്ടായേക്കാം. അതിചാരം എന്നാൽ വേഗത്തിൽ സഞ്ചരിക്കുന്ന അവസ്ഥയാണ്. പക്ഷേ യഥാർഥത്തിൽ ഗുരുവിനെ വേഗം കൂടുന്നതല്ല. അണ്ഡാകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഗുരു വേഗം കൂടി സഞ്ചരിക്കുന്നതായി കാണുന്നു. 2019 നവംബർ അഞ്ചിന് വൃശ്ചികത്തിൽ നിന്ന് ധനുവിലേക്ക് കടന്ന് ഗുരു, മാർച്ച് 30നു നീചക്ഷേത്രമായ മകരത്തിലേയ്ക്കു കടക്കുന്നു. ജൂൺ 30 ആകുമ്പോൾ ഗുരു തിരിച്ച് വീണ്ടും ധനുവിൽ പ്രവേശിക്കുന്നു.
ജ്യോതിഷത്തിൽ ഗുരുവിനെ സർവ്വേശ്വരൻ്റെ പ്രതിനിധിയായിട്ടാണ് പറയുന്നത്. ശുഭഗ്രഹങ്ങളിൽ മാത്രമല്ല എല്ലാ ഗ്രഹങ്ങളിലും ഏറ്റവും വലുതും ഏറ്റവും ശുഭദായകനുമായ ഗുരുവിൻ്റെ ഈ അസ്ഥിര സഞ്ചാരവേഗം തീർച്ചയായും ഗുണപരമായിരിക്കില്ല. വിഷ്ണു ഭഗവാനാണ് സൃഷ്ടി സ്ഥിതി സംഹാരത്തിൽ സ്ഥിതിയുടെ നാഥൻ. ജ്യോതിഷത്തിൽ ഗുരു പ്രതിനിധീകരിക്കുന്നത് വിഷ്ണു ഭഗവാനെ പ്രതിനിധീകരിക്കുന്നത്. അതു കൊണ്ടു തന്നെ ഗുരുവിൻ്റെ അതിചാരം ലോകത്തിൻ്റെ സ്ഥിതിയെ അസ്ഥിരമാക്കുന്നു.
കേരളത്തേക്കുറിച്ചും ഭാരതത്തേക്കുറിച്ചും ചിന്തിക്കുന്നത് കന്നി രാശിയേ കൊണ്ടാണ്. ഗുരു ധനുവിൽ സഞ്ചരിക്കുന്ന സമയം വൃശ്ചികത്തിൽ സഞ്ചരിച്ചിരുന്നതിനേക്കാൽ നന്നെങ്കിലും അത്രയ്ക്ക് നല്ല സമയമല്ല. ധനനഷ്ടവും അപകട നിരക്കുകൾ കൂട്ടുവാനും അയൽ പ്രദേശങ്ങളുമായി ഭിന്നതയ്ക്ക് കാരണം ഉണ്ടായേക്കാം.ഗുരു അഞ്ചിൽ സഞ്ചരിക്കുന്ന സമയം ധന ലാഭത്തിനും വിജയങ്ങൾക്കും സാധ്യതയുള്ള സമയമാണ്. പക്ഷേ മകരം ഗുരുവിൻ്റെ നീചരാശി ആയതുകൊണ്ട് ഫലങ്ങൾ അത്ര അനുകൂലമായെന്നു വരില്ല. എന്നിരുന്നാലും ഈ മാരക വിപത്തിനെതിരെ കേരളവും ഭാരതവും വിജയിക്കുക തന്നെ ചെയ്യും.
ഈശ്വരാലയങ്ങളിൽ പോകാതെ തന്നെ ഏവർക്കും പ്രാർത്ഥിക്കുന്നതാണ്. സർവ്വചരാചരനായ ഈശ്വരനെ എവിടെയിരുന്നു വിളിച്ചാലും മതി. ഈശ്വര അവതാരങ്ങളായി ഇപ്പോൾ കാണേണ്ടത് രാവും പകലും കഷ്ടപ്പെട്ട് ഈ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മറ്റെല്ലാ സന്നദ്ധപ്രവർത്തകരെയുമാണ്. ഇവരെ സഹായിക്കുകയും ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്.
വ്യക്തികളാണ് സമൂഹം ആകുന്നതും സമൂഹത്തിലൂടെയാണ് രാഷ്ട്രനിർമ്മിതി ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയും കൈകൾ വൃത്തിയായി സൂക്ഷിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അസുഖ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയോ ചെയ്യുക.
വിഷ്ണുസഹസ്രനാമം ജപിക്കുക, വിഷ്ണു ഗായത്രി മന്ത്രം ജപിക്കുക, ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം ജപിക്കുക തുടങ്ങിയവയും മറ്റ് വിഷ്ണു സ്ത്രോത്രങ്ങൾ ജപിക്കുന്നത് വ്യക്തികൾക്കും സമൂഹത്തിനും നല്ലതാണ്.
നമുക്കെല്ലാവർക്കും ഈ മാരക രോഗത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കട്ടെ.
Astro Guruj