ഗോശാല
ഭാവനയ്ക്ക് ചിതമൊത്ത് ഗോഗൃഹം
സേവ പോലെ ഭവനത്തില്‍ നോക്കിടാ൯
ദേവ വീഥിയിടപെട്ടു ഭവ്യമായി
ആവതുള്ള പദമൊത്തു വയ്ക്കണം
വിശിഷ്യാ കേരളത്തില്‍ എല്ലാ വീടുകളിലും, കന്നുകാലികള്‍ ഉണ്ടായിരുന്ന ഒരു കാലം, ഏറെ പുറകിലേക്ക് നോക്കാതെ തന്നെ നമുക്കുകാണാം കന്നുകാലികളെ കൊണ്ടു ഉപജീവനം കഴിയുന്ന എത്രയോ കുടുംബങ്ങള്‍, ഇന്നും നമുക്കിടയിലുണ്ട്. ക്ഷീരകര്‍ഷകര്‍ എന്നു വിവക്ഷിക്കുമ്പോള്‍ ഒരു പക്ഷെ, ഒന്നോ രണ്ടോ, പശുക്കളെ വളര്‍ത്തി, അതിലെ ആദായം കൊണ്ടു കുടുംബം പോറ്റുന്നവര്‍ എന്നര്‍ത്ഥമില്ല. അതിനേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കുള്ളവരാകണം ക്ഷീരകര്‍ഷകര്‍. ഒരു പക്ഷെ പരിപാലനത്തിന് ഭൃത്യ൯മാരെ ഉപയോഗിക്കേണ്ടി വരുന്നവര്‍ ആകണം ക്ഷീരകര്‍ഷകര്‍.
ഇവിടെ പ്രതിപാദ്യ വിഷയം, അരവയറുണ്ണാ൯ ഒന്നോ, രണ്ടോ പശുക്കളെ വളര്‍ത്തുന്ന, രാവിലെയും, വൈകിട്ടും, ചോറ്റുപാത്രത്തില്‍, പാലുമായി, വീട്ടിലെത്തുന്ന സാധാരണക്കാരെയാണ്. നിറം പിടിച്ചതിനേക്കാള്‍, കറപിടിച്ച ജീവിതം നയിക്കുന്നവര്‍ പകലന്തിയോളം, പശുക്കളെ മേയ്ക്കുന്നവര്‍ ഒഴിഞ്ഞ വയലില്‍, കഴുത്തോളം വെള്ളത്തില്‍ നിന്നും പുല്ലുചെത്തി, അത് കരയ്ക്കടുപ്പിച്ച്, സൈക്കിളിന്റെ പുറകിലോ, തലയിലോ ചുമന്ന്‍, ഉച്ചയോടെ, വീട്ടിലെത്തുന്നവര്‍, അത് പശുക്കള്‍ക്ക് വീതം വച്ച് കൊടുത്ത്, ചോറുണ്ണാ൯ ഇരിക്കുന്നവര്‍ . ഊണ് കഴിഞ്ഞാല്‍ ഉറങ്ങാ൯ നേരമില്ല. പശുക്കളെ കുളിപ്പിക്കണം, ശേഷം വേണം, പശുവിനെ കറക്കുവാ൯. അതും കഴിഞ്ഞ്, ചെറുതും വലുതുമായ കുടുംബംഗങ്ങള്‍, പാലുമായി വീടുകളിലേക്ക് - ശേഷം റേഷ൯ കടയിലേക്ക്, പല ചരക്ക് കടയിലേക്ക്, പുളിയരി, പിണ്ണാക്ക് മുതലായവയും വാങ്ങി, അന്തിക്ക് വീട്ടിലെത്തിയാലും പിന്നെയും ജോലി ബാക്കി .
വീട്ടില്‍ പശുവിനെ വളര്‍ത്തുന്നത് ഒരഭിമാനമായിരുന്നു നമുക്ക് . വീടിനോളം പ്രാധാന്യം, പശുക്കളുടെ വീടായ തൊഴുത്തിനും ലഭിച്ചു. വയ്ക്കോല്‍ തുറുക്കള്‍ (തുറു) വീടിന്റെ സാംസ്ക്കാരിക ഭാഗമായി. എന്നാല്‍ ഇന്നു പൈക്കളും, തുറുവും, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജീര്‍ണ്ണിച്ചു പോയ ഒരുത്തമ സംസ്കാരത്തിന്റെ അവശിഷ്ടമായി ചിലയിടങ്ങളില്‍ മോക്ഷം കിട്ടാതെ തൊഴുത്തുകള്‍ മാത്രം അവശേഷിക്കുന്നു.
ഭാരതിയ വാസ്തുശാസ്ത്രം വളരെ ഗൌരവമായി കണ്ടിരുന്ന ഗൃഹമായിരുന്നു തൊഴുത്ത് . വീടിനൊപ്പം തന്നെ പ്രാധാന്യമായിരുന്നു തൊഴുത്തിനും.
തൊഴുത്തുമായി ബന്ധപ്പെട്ട വാസ്തു വിഷയങ്ങള്‍
വീട്ടില്‍ നിലവിളക്ക് തെളിയിച്ചാല്‍, അത് പശുക്കള്‍ക്ക് കാണണം. അതായത് തൊഴുത്ത് കിഴക്ക് വശത്തായിരിക്കുന്നതാണ് ഉത്തമം. പശു പടിഞ്ഞാറേക്ക് നില്‍ക്കണം. അപ്പോള്‍ നിലവിളക്ക് കാണാം. ശാസ്ത്രിയമായിപ്പറഞ്ഞാല്‍, പശുവിന്റെ അകിടിന് സുര്യ പ്രകാശം ഏല്‍ക്കണം " ആദിത്യേ ഗോമന്ദിരമശസ്തി " എന്ന പ്രമാണവും തൊഴുത്ത് കിഴക്ക് ഭാഗത്ത്, ആദിത്യ ഭാഗത്ത് തന്നെ ഉത്തമം എന്ന് തെളിയിക്കുന്നു. പുരയിടത്തിനെ, പരമ ശായികപ്രകാരം ( 9 * 9 ) ഒ൯പത് പദങ്ങളായിത്തിരിച്ചാല്‍ കിഴക്ക് ഭാഗത്ത് വടക്ക് നിന്നും അഞ്ചാമത്തെ പദമാണ് ആദിത്യപദം . പക്ഷെ അങ്ങനെ ചിന്തിച്ചാല്‍, സൂത്ര ചിന്തയില്‍ കിഴക്ക് നിന്നും പടിഞ്ഞാറേയ്ക്ക് പോകുന്ന ബ്രഹ്മസൂത്രം കടന്നു പോകുന്നതും ഈ പദത്തിലുടെത്തന്നെ. ഇത് വേധം എന്ന ദോഷത്തില്‍ എത്തുന്നു. വളരെ വിനാശകരമായ ഭവിഷ്യത്താവും ഫലം. മാത്രവുമല്ല, ആദിത്യ പദത്തിന്‍ നേരെ തന്നെയാണ്‍ ബ്രഹ്മ സ്ഥാനത്തിന്റെ മധ്യവും. അപ്പോള്‍ തൊഴുത്ത്, സ്ഥാനം കാണുമ്പോള്‍ത്തന്നെ, തൊഴുത്തിന്റെ മധ്യവും, ബ്രഹ്മ സൂത്രവും, ഒന്നാവാതെയും, ബ്രഹ്മ സ്ഥാനത്തിന്റെ മധ്യത്തില്‍ തൊഴുത്തിന്റെ മധ്യം എത്താതെയും ശ്രദ്ധിച്ചു വേണം സ്ഥാനം കാണുവാ൯. ഗൃഹത്തിന്റെ മധ്യവും, തൊഴുത്തിന്റെ മധ്യവും, കിണറ്, അല്ലെങ്കില്‍ കുളം, എന്നിവയുടെ മധ്യവും, പരസ്പ്പരം വേധിക്കാത്ത തരത്തില്‍ വേണം തൊഴുത്ത് നിര്‍മ്മിക്കുവാ൯.
ഒരു പുരയിടത്തിന്റെ ഏത് ഭാഗത്തും തൊഴുത്ത് പണിയാം. എന്നാല്‍ കിഴക്കിന്‍ പറഞ്ഞതു പോലെ ഓരോ ദിക്കിലും, ഓരോരോ സ്ഥാനങ്ങള്‍ ഉണ്ട്. തെക്ക് വശം, വാസ്തു പരമായി ഗുണപ്രദം അല്ലെങ്കിലും, കാളയ്ക്കുള്ള പുര പണിയാം. "വായ വ്യാം പശു മന്ദിരം " എന്ന പ്രമാണ പ്രകാരം വടക്കു പടിഞ്ഞാറു ഭാഗത്തും സ്ഥാനം ഉണ്ട്. പക്ഷെ അത് ശാസ്ത്ര യുക്ത്യാ കണ്ടു പിടിക്കണം . "ഗോശാലേന്ദ്ര ജലേശയോ" എന്ന പ്രമാണ പ്രകാരം, തൊഴുത്തിന്‍ സ്ഥാനം കിഴക്കും, പടിഞ്ഞാറും അത്യുത്തമം, ഉത്തമം എന്ന്‍ വിധിക്കാവുന്നതാണ് .
പശുത്തൊഴുത്തിന് വൃഷയോനിയാണ് ഉത്തമം. ഗൃഹനാഥന്റെ കൈമുഴം അളവുകൊണ്ട്, തൊഴുത്തിന്റെ നീളവും വീതിയും അളന്ന് തമ്മില്‍ കുട്ടി, 8 കൊണ്ട് ഹരിച്ചാല്‍ 1 ശിഷ്ടം വന്നാല്‍ പശു നാശം, 2 വന്നാല്‍ പശു രോഗം, 3 വന്നാല്‍ പശു ലാഭം, 6 വന്നാല്‍ പശു ലാഭം 8 വന്നാല്‍ വളരെയധികം പശുക്കള്‍ എന്നിങ്ങനെയാണ് ഫലങ്ങള്‍. മാത്രമല്ല, തൊഴുത്ത്, യാതോരു സൂത്രങ്ങളെയും വേധിക്കരുത് പശുക്കള്‍ ഇറങ്ങുന്നതും കയറുന്നതും രജ്ജുക്കളില്‍ കുടി ആവരുത്. ഏറ്റവും നല്ല മുഹൂര്‍ത്തത്തില്‍ വേണം തൊഴുത്ത് സ്ഥാപിക്കുവാ൯. നവ ദോഷങ്ങള്‍ ഒന്നും തന്നെയുണ്ടാവരുത്.
വിജ്ഞാനപ്രദമാണ് വാസ്തുശാസ്ത്രം . അത് ഗുരു ശിഷ്യ പരമ്പരയിലുടെ, കടന്നു പോകുന്നു. ഗുരുവില്‍ നിന്നും, മനസ്സിലാക്കി വേണം ഈ ശാസ്ത്രം പ്രയോഗത്തില്‍ വരുത്തുവാ൯. ഇന്നയിടത്ത്, ഇന്നത് പാടില്ല എന്നതിനേക്കാള്‍, അവിടെ എങ്ങനെ ആകാം എന്ന, വാസ്തു വികത ഗുരുവില്‍ നിന്ന് മാത്രം ലഭ്യം. ഒരു പക്ഷെ ഗുരു ശിഷ്യ ബന്ധത്തിലെ ഏറ്റവും വലിയ വിഘാതം ഇന്ന് പുസ്തകമാണ്. അറിവിനെ നിക്ഷേധിക്കുകയല്ല. മറിച്ച്, വിഷയത്തിലെ അവബോധം ഗുരുവില്‍ നിന്നു മാത്രമേ ലഭിയ്ക്കു, എന്ന്‍ സത്യം അറിയിക്കുകയാണ് .
ഓം ശ്രീ ഗുരുവേ നമ:
ഓം ഗും ഗുരുഭ്യോ നമ:
രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com