വാസ്തു ശാസ്ത്രം
യഥാര്‍ഥത്തില്‍ എന്താണ് വാസ്തു ശാസ്ത്രം അഥവാ വാസ്തു വിദ്യ? "വസ്" എന്ന സംസ്കൃത പദത്തില്‍ നിന്നാണ് "വാസ്തു" എന്ന പദം ഉണ്ടായത്. വസിക്കുക, താമസിക്കുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം. നാലാമത്തെ വേദമായ അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ വിവരിക്കുന്നത്.
പ്രകൃതി സന്തുലനം ഉറപ്പാക്കുന്ന ഒരു നിര്‍മ്മാണ ശാസ്ത്രമാണിത്. 70 ശതമാനത്തിലധികം നൈട്രജനും, 20 ശതമാനത്തിലധികം ഓക്സിജനും ബാക്കി ഇതര വാതകങ്ങളുമടങ്ങുന്നതാണ് ഭൗമാന്തരീക്ഷം. പ്രപഞ്ചത്തിലെ അനുപാതം തന്നെയാണ് മനുഷ്യ ശരീരത്തിലുമുള്ളത് അങ്ങനെ നോക്കുമ്പോള്‍ നമുക്ക് വസിക്കുവാനിടം തരുന്ന ഭൂമിയും വസിക്കുന്നവരും തമ്മില്‍ ഒരു സമന്വയം ഉണ്ടെന് കാണാം. അതിനാല്‍ ഈ ഭൂമിയില്‍ ഒരോ നിര്‍മ്മിതി നടത്തുമ്പോഴും ഈ വിശ്വസന്തുലിത സിദ്ധാന്തം (universal theory of balance) കണക്കിലെടുക്കേണ്ടി വരും. മൃഗങ്ങള്‍ക്കും , പക്ഷികള്‍ക്കും വരെ ഇത് ബാധകമാണ്. ഒരോ ഗൃഹം നിര്‍മ്മിക്കുമ്പോഴും ഈ ആനുപാതിത്വം അനിവാര്യമാകുന്നു. മര്‍ത്ത്യരും, അമര്‍ത്ത്യരുമായ മറ്റു ജീവികളും കുടികൊള്ളുന്നതാണ് വാസ്തു. ഇതില്‍ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷലലാദികള്‍, മനുഷ്യര്‍ എന്നിവ മര്‍ത്ത്യഗണത്തിലും ദേവതകള്‍, ഉപദേവതകള്‍, ആത്മാക്കള്‍ തുടങ്ങിയവ അമര്‍ത്ത്യഗണത്തിലും പെടുന്നു. ഇവയുടെയെല്ലാം വാസസ്ഥാനങ്ങള്‍ വാസ്തുവാണ്. അതുകൊണ്ടാണ് ഒരു വൃക്ഷം നടുന്നതുപോലും അതിന്‍റെനതായ സ്ഥാനത്തു തന്നെ വേണമെന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വാസ്തുവിന്‍റെ ദൈവീക നിയമങ്ങള്‍ക്ക് അനുസൃതമായി ഗൃഹവും, ഗൃഹോപകരണങ്ങളും, മുറിയുമൊക്കെ ക്രമീകരിക്കുന്ന കലയാണ് വാസ്തു ശാസ്ത്രം.
പ്രപഞ്ചം പഞ്ചഭൂതത്താല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതായത് അഞ്ചു ധാതുക്കളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയുടെ സമ്മേളനമാണ് പ്രപഞ്ചം. മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ് ഈ അഞ്ച് ഘടകങ്ങളെയും ഒരു വീടിന്‍റെ നിര്‍മ്മിതിയില്‍ യഥാവിധി ക്രമീകരിക്കുന്നതിനും വാസ്തു ശാസ്ത്രം സഹായിക്കുന്നു.
ആഗമങ്ങളിലും, സംഹിതകളിലും, അഗ്നിപുരാണം തുടങ്ങിയവകളിലും വാസ്തു ചര്‍ച്ചയുണ്ട്. മത്സ്യ പുരാണത്തില്‍ വാസ്തു വിദ്യയുടെ പതിനെട്ട് ആചാര്യന്മാരെ അവതരിപ്പിക്കുന്നു.
"ഭൃഗുരത്രിര്‍ വസിഷ്ഠശ്ച
വിശ്വകര്‍മ്മാ മയാസ്തഥാ
നാരദോ നഗ്ന ജിച്ചൈവ
വിശാലാക്ഷ: പുരന്തര:
ബ്രഹ്മകുമാരോ നന്ദീശ:
ശൌനകോ ഗര്‍ഗ ഏവച
വസുദേവോ അനിരുദ്ധശ്ച
തഥാ ശുക്ര ബൃഹസ്പതീ:
അഷ്ടാ ദശൈതേ വിഖ്യാത
വാസ്തു ശാസ്ത്രോപദേശകാ:"
അതായത് ഭൃഗു, അത്രി, വസിഷ്ഠന്‍, വിശ്വകര്‍മ്മാവ്, മയന്‍, നാരദന്‍, നഗ്നജിതന്‍, വിശാലാക്ഷന്‍, പുരന്ദരന്‍, ബ്രഹ്മാ, കുമാരന്‍, നന്ദീശന്‍, ശൗനകന്‍, ഗര്‍ഗഷന്‍, വാസുദേവന്‍, അനിരുദ്ധന്‍, ശുക്രന്‍, ബൃഹസ്പതി എന്നീ 18 പേര്‍.
വാസ്തു പുരുഷ സങ്കല്പ്പത്തിലൂന്നിയാണ് ഗൃഹനിര്‍മ്മാണം നടത്തേണ്ടത്. വാസ്തു പുരുഷന്‍ ഒരു അസുരനാണെന്ന്‍ പുരാണങ്ങള്‍ പറയുന്നു. പരമശിവന്‍റെ വിയര്‍പ്പ് തുള്ളിയില്‍ നിന്നാണ് വാസ്തു പുരുഷന്‍റെ ജനനമെന്നും അതല്ല ശുക്രാചാര്യരുടെ വിയര്‍പ്പ്തുള്ളിയില്‍ നിന്നാണെന്നും രണ്ടഭിപ്രായം പറയുന്നുണ്ട്. ഏതായാലും ഇയാളെ ശിവന്‍ ഭൂമിയിലേക്ക് എറിഞ്ഞുവെന്നും ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി നാല്പത്തഞ്ചും എട്ടും 53 ദേവതമാര്‍ വാസ്തു പുരുഷന്റൊ ശരീരത്തിലും ചുറ്റുമായി വാസം ഉറപ്പിച്ചു. ഈ ദേവതകളെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയാണ് ഗൃഹ നിര്‍മ്മാണത്തിന് മുന്പായി വാസ്തു ബലിയും വാസ്തു പൂജയും ചെയ്യുന്നത്. വാസ്തു ബലിയില്‍ സംപ്രീതരായ ദേവതകള്‍ മനുഷ്യനെ ക്ലേശങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
വാസ്തു എത്ര വലുതായാലും ചെറുതായാലും അവിടെ ഒരു വാസ്തു മണ്ഡലവും ഒരു വാസ്തു പുരുഷനും ഉണ്ടാകും. വാസ്തു നാഥനാണ് വാസ്തു പുരുഷന്‍. ഒരര്‍ത്ഥത്തില്‍ ഭൂമിതന്നെയാണ് വാസ്തു പുരുഷനും (ശില്പി രത്നം) അതിനാലാണ് വാസ്തു പൂജ ഭൂമീ പൂജയാവുന്നത്. ഭൂമിക്ക് എന്തെല്ലാം ഗുണങ്ങളുണ്ടോ ദോഷങ്ങളുണ്ടോ അതെല്ലാം വിശാലമായ ഭൂമിയായാലും ചെറിയ ഭൂമിയായാലും ഉണ്ടാകും.
സൌരയൂഥത്തിലെ ചൈതന്യ കേന്ദ്രമാണ് സൂര്യന്‍. നാം അധിവസിക്കുന്ന ഭൂമിയുള്‍പ്പെടെ എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്നത് സൂര്യനാണ്. അതിനാല്‍ സൂര്യപ്രകാശം മറയാത്ത വസ്തുവില്‍ വേണം വീട് വയ്ക്കുവാന്‍. ഉദയ സൂര്യന്റൊ പ്രകാശം എവിടെ ലഭിക്കുന്നുവോ അവിടെ വീട് വയ്ക്കാം. സൂര്യനെ ഉദയത്തിലും നക്ഷത്രങ്ങളെ അസ്തമയത്തിലും വ്യക്തമായി കാണുവാന്‍ പാകത്തിനായിരിക്കണം ഗൃഹ നിര്‍മ്മാണം. നക്ഷത്രങ്ങളില്‍ പ്രധാനം സപ്തര്‍ഷികളാണ് അവ വടക്കു ഭാഗത്താണ് ഉള്ളത്. അതുകൊണ്ട് കിഴക്കോട്ടും വടക്കോട്ടും താഴ്ച്ചയുള്ള ഭൂമി വീടുവയ്ക്കുവാന്‍ ഉത്തമമെന്നു കാണുന്നു. തെക്കോട്ട് താഴ്ചയുള്ള ഭൂമിയിലും ഉദയ സൂര്യന്‍റെ പ്രകാശം ലഭിക്കും ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉദയത്തില്‍ സൂര്യനെയും അസ്തമയത്തില്‍ നക്ഷത്രങ്ങളെയും കാണുവാന്‍ പറ്റുന്ന വിധത്തില്‍ സൂര്യന്‍റെ നിഴല്‍ പതിയാത്ത സ്ഥലത്ത് ഗൃഹ നിര്‍മ്മാണം അകം എന്ന് സാരം. സൂര്യന്‍, ആകാശം, അന്തരീക്ഷം, ഭൂമി, ഋതുക്കള്‍ മറ്റു ദ്വാദശാദിത്യന്മാര്‍ ഇവയെല്ലാം ഗൃഹത്തെ സ്വാധീനിക്കുന്നു. 21 പ്രകാരത്തില്‍ യോജിച്ച് വരുന്ന ദൈവീക ചൈതന്യങ്ങള്‍ ഉള്‍പ്പെട്ടതാണ് വാസ്തു പുരുഷന്‍.
വാസ്തു ശാസ്ത്രത്തെക്കുറിച്ചുള്ള പൊതുവായ സംശയങ്ങള്‍ താഴെപ്പറയുന്ന ഇമെയില്‍ അയക്കുക. ലേഖിക ഇവിടെ അതിനു മറുപടി പറയുന്നതായിരിക്കും.
astro.mathrubhumi@gmail.com
ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190