സംഭവബഹുലമായ ഒരു വർഷമാണ് വരുന്നത്. മൂന്ന് ഗ്രഹങ്ങൾ രാശി മാറുന്നു. ശനി മീനത്തിലേയ്ക്കും ഗുരു മിഥുനത്തിലേയ്ക്കും രാഹു കുംഭ ത്തിലേക്കും കേതു ചിങ്ങത്തിലേയ്ക്കും മാറുന്നു. വളരെ അപൂർവമായാണ് മൂന്നു ഗോചരങ്ങൾ ഒരുമിച്ച് സംഭവിക്കുന്നത്.
ശനി സമനായ ഗുരുവിൻറെ രാശിയായ മീനത്തിലേക്കും ഗുരു തന്റെ ശത്രു ക്ഷേത്രമായ മിഥുനത്തിലേയ്ക്കും രാഹു മിത്രക്ഷേത്രമായ കുംഭത്തിലേയ്ക്കും കേതു സമക്ഷേത്രമായ ചിങ്ങത്തിലേയ്ക്കും മാറുന്നു.
സമക്ഷേത്രത്തിലേക്കുള്ള ശനിയുടെ മാറ്റം ശനിയുടെ ദോഷങ്ങൾക്ക് ഒരുപരിധിവരെ കുറവ് ഉണ്ടാക്കും. പക്ഷേ ഗുരു ശത്രു ക്ഷേത്രത്തിലേക്ക് എത്തുന്നത് ദോഷങ്ങളുടെ ആധിക്യം വർധിപ്പിച്ചേക്കാം. രാഹു കേതു മാറ്റവും കൂടുതൽ ദോഷഫലങ്ങൾ നൽകില്ല.
രാജ്യസ്ഥിതി നോക്കുകയാണെങ്കിൽ സാമ്പത്തികരംഗം കയറ്റിറക്കങ്ങളുടെ കാലമായിരിക്കും. ഭരണരംഗത്തും എതിർപ്പുകൾ പ്രകടമായിരിക്കും. അയൽരാജ്യങ്ങളിൽ നിന്ന് പ്രതികൂല സ്ഥിതി ഉണ്ടായേക്കാം. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായേക്കാം.
മേടം രാശി (അശ്വതി, ഭരണി , കാർത്തിക കാൽ)
ഈ രാശിക്കാർക്ക് ശനി പന്ത്രണ്ടിലേക്ക് കടന്നിരിക്കുന്നു. ഏഴരശ്ശനിയുടെ തുടക്കമാണ്. മെയ് 15ന് ഗുരു രണ്ടിൽ നിന്ന് മൂന്നിലേക്ക് കടക്കുന്നു. ഇവരണ്ടും അത്ര അനുകൂല ഫലങ്ങൾ നൽകുന്ന മാറ്റങ്ങളല്ല. വെല്ലുവിളികളെ കൃത്യമായി മനസ്സിലാക്കി ജീവിതവിജയം നേടുക.
തൊഴിൽ: സ്ഥല മാറ്റമോ ഇഷ്ടമില്ലാത്ത സ്ഥാന മാറ്റുമോ പ്രതീക്ഷിക്കാം. ഈ സമയം ജോലി മാറുവാൻ ശ്രമിക്കരുത്. കീഴ് ജീവനക്കാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പ്രതീക്ഷച്ച സഹായസഹകരണങ്ങൾ ലഭികാത്തിരിക്കാം. പദ്ധതികൾ പലതും മുടങ്ങിപ്പോകുന്ന സ്ഥിതി വന്നേക്കാം. അംഗീകാരങ്ങളും ഉദ്യോഗകയറ്റവും ലഭിക്കാൻ കാലതാമസം നേരിട്ടേക്കാം. തൊഴിൽ മേഖലയിൽ ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിലൂടെ ഉന്നതിയിൽ എത്തിച്ചേരുക.
സാമ്പത്തികം: ധനപരമായി വെല്ലുവിളികൾ നേരിടേണ്ടി വരുന്ന ഒരു സമയമാണ് വരുന്നത്. അറിയാത്ത മേഖലകളിലും ഊഹകച്ചവടങ്ങളിലും ധനം നിക്ഷേപിക്കരുത്. ജാമ്യം നിൽക്കുക, പണം കടം കൊടുക്കുക എന്നിവയിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ടു പോവുക. വെല്ലുവിളികളെ സമചിത്തതയോടെ നേരിടുക.
ഇടവം (കാർത്തിക മുക്കാൽ , രോഹിണി , മകീര്യം അര)
ഗൃഹ മാറ്റങ്ങൾ ഏറ്റവും അനുകൂലമായ രാശിയാണ് ഇടവം. കണ്ടക ശനി കഴിഞ്ഞു ശനി പതിനൊന്നിൽ എത്തുന്നു. ഗുരു മെയ് മാസത്തിൽ രണ്ടാം ഭാവത്തിൽ എത്തുന്നു. ഇവ രണ്ടും വളരെ അനുകൂലമാണ്. ഈ അനുകൂല സാഹചര്യം ഭാവിയിലേക്ക് ഗുണകരമാകുന്ന വിധത്തിൽ ജീവിതം മുന്നോട്ടു നയിക്കുക.
തൊഴിൽ: ഇഷ്ടപ്പെട്ട മേഖലയിലേക്ക് മാറ്റം ലഭിച്ചേക്കാം. അംഗീകാരങ്ങളും ഉദ്യോഗ കയറ്റങ്ങളും ഉണ്ടായേക്കാം. ജോലി മാറു വാനും ആരും അനുകൂല സമയമാണിത്. പുതിയ പദ്ധതികൾ നടപ്പിലാക്കി പ്രശംസ ലഭിക്കുവാനും സാധ്യത കാണുന്നു.
സാമ്പത്തികം: ധനപരമായി വളരെ അനുകൂല സമയമാണിത്. പൂർവ്വിക സ്വത്തോ കുറച്ചുകാലമായി ലഭിക്കാതിരുന്ന ധനമോ ലഭിക്കുവാൻ സാധ്യത കാണുന്നു. ഭാവിയെ മുൻനിർത്തി ശരിയായ മേഖലകളിൽ നിക്ഷേപം നടത്തുക.
മിഥുനം (മകീര്യം അര, തിരുവാതിര, പുണർതം മുക്കാൽ)
മിഥുനം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണ് വരുന്നത്. ശനി ഒമ്പതിൽനിന്ന് പത്തിലേക്ക് കണ്ടകശനിയായി മാറുന്നു. പന്ത്രണ്ടിലെ ഗുരു ജന്മത്തിലേക്ക് വരുന്നു. ഗുരു മാറ്റം കഴിഞ്ഞ കാലത്തേക്കാൾ ഭേദമാണെങ്കിലും ശനിയുടെ മാറ്റം കർമരംഗത്ത് വിഷമതകൾ തന്നേക്കാം.
തൊഴിൽ : കഴിഞ്ഞ കാലത്തേക്കാൾ അനുകൂലമാണെങ്കിലും അംഗീകാരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടാം. സ്വന്തം പരിശ്രമങ്ങൾ ഫലവത്താകാത്തതിൽ വിഷമം തോന്നും. പുതിയ പാഠങ്ങൾ പഠിക്കുവാനും പുതിയ മേഖലകൾ മനസ്സിലാക്കാൻ ശ്രമിക്കുക.അനുദിനം മാറുന്ന സാങ്കേതിക വിദ്യകൾ പഠിക്കുന്നത് ഭാവിയിൽ ഉപകാരപ്പെടും.
സാമ്പത്തികം: ലഭിക്കാനുള്ള ധനം ലഭിക്കുവാൻ കുറച്ചുകൂടി കാലതാമസം നേരിട്ടേക്കാം. ചെലവുകൾ കുറവുണ്ടാവുമെങ്കിലും ധന വരവിൽ കാര്യമായ വർദ്ധനവ് പ്രതീക്ഷിക്കണ്ട. ധനവരവ് കൃത്യമായി കണക്കാക്കി ഭാവിയിലേയ്ക്കായി നല്ലൊരു നിക്ഷേപം നടത്താവുന്നതാണ്.
കർക്കിടകം (പുണർതം കാൽ, പൂയ്യം, ആയില്യം)
കർക്കിടക രാശിക്കാർക്ക് ഈ വരുന്ന ഒരു വർഷം സാമ്പത്തികമായി വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ശനി ഒൻപതിലേക്ക് കടന്നിരിക്കുന്നു കുറച്ചുകാലമായി അലട്ടിയിരുന്ന അസുഖങ്ങൾക്ക് ശമനമുണ്ടാകും. പല മേഖലകളിലും തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം ഗുരു മെയ്മാസത്തിൽ പന്ത്രണ്ടിലേയ്ക്ക് കടക്കുന്നു. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് എല്ലാ മേഖലയിലും വെല്ലുവിളികൾ അനുഭവപ്പെട്ടേക്കാം.
തൊഴിൽ: താൽപര്യമില്ലാത്ത സ്ഥാനത്തേക്കോ സ്ഥലത്തേക്കോ മാറ്റം ഉണ്ടായേക്കാം. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ വൈകാൻ സാധ്യതയുണ്ട്. ഉന്നത അധികാരികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ജോലി മാറ്റത്തിന് ശ്രമിക്കരുത്. കഠിനാദ്ധ്വാനം കൊണ്ടും നയപരമായ പെരുമാറ്റങ്ങൾ കൊണ്ടും വെല്ലുവിളികളെ മറികടക്കുക.
സാമ്പത്തികം: അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്. ലോൺ എടുക്കുക, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. സന്താനങ്ങൾക്കായി ചെലവഴിക്കേണ്ടതായി വന്നേക്കാം. ശ്രദ്ധയോടെ ജീവിതം മുന്നേറുക.
ചിങ്ങം (മകം , പൂരം , ഉത്രം കാൽ)
ചിങ്ങം രാശിക്കാർക്ക് വരുന്ന ഒരു വർഷം സാമ്പത്തികമായും തൊഴിൽപരമായും അനുകൂല സമയമാണ്. ശനി ഏഴിൽ നിന്ന് എട്ടിലേയ്ക്ക് കടക്കുന്നു. അഷ്ടമശ്ശനി സമയത്ത് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടിവന്നേക്കും. ഗുരു കർമ്മസ്ഥാനമായ പത്തിൽ നിന്ന് അഭീഷ്ട സ്ഥാനമായ പതിനൊന്നിലേയ്ക്ക് കടക്കുന്നു. ഈ മാറ്റം എല്ലാ മേഖലയിലും നേട്ടങ്ങൾ തന്നേക്കും.
തൊഴിൽ: ആഗ്രഹിച്ച തരത്തിലുള്ള ജോലി ലഭിക്കുവാൻ സാധ്യത കാണുന്നു. ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധന, അംഗീകാരങ്ങൾ എന്നിവ തേടി വന്നേക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാകും. പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കും.
സാമ്പത്തികം : കുറച്ചുകാലമായി ലഭിക്കാതിരുന്ന ധനം വന്നുചേരും. ഭാവിയിലേക്ക് നിക്ഷേപം നടത്തുവാൻ അനുകൂല സമയമാണിത്. ശ്രദ്ധയോടെ നിക്ഷേപങ്ങൾ നടത്തുക. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നടപ്പിലാക്കുവാൻ ധനം കണ്ടെത്താനാകും.
കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)
കന്നി രാശിക്കാർക്ക് വരുന്ന ഒരു വർഷം അത്ര അനുകൂലമല്ല. ശനി ഏഴിലേയ്ക്ക് മാറ്റിയിരിക്കുന്നു. അലച്ചിൽ, കാര്യതടസ്സങ്ങൾ, ശത്രുക്കൾ പ്രാപിക്കൽ ഒമ്പതിലെ ഗുരു പത്തിലേക്ക് കടക്കുന്നത് കർമ്മരംഗത്ത് വെല്ലുവിളികൾ ഉയർത്തിയേക്കും.
തൊഴിൽ : വളരെ കഠിനാദ്ധ്വാനം വേണ്ടിവരുന്ന ഒരു വർഷമാണ് വരുന്നത്. ചിട്ടയായും കൃത്യമായും ജോലികൾ ചെയ്യുന്ന വഴി ഒരു പരിധിവരെ പ്രശ്നങ്ങളെ ഒഴിവാക്കാം. അംഗീകാരങ്ങൾ ലഭിക്കാതിരിക്കാം. മേലധികാരികളുടെ ഭാഗത്തുനിന്ന് ഒരു നിസ്സംഗത അനുഭവപ്പെട്ടേക്കാം. ജോലി മാറ്റത്തിന് അനുകൂല സമയമല്ല.
സാമ്പത്തികം: ധനപരമായി കാര്യമായ വെല്ലുവിളികൾ ഉണ്ടാകി ല്ലെങ്കിലും, ശമ്പള വർദ്ധനവ് താമസിക്കാൻ സാധ്യതകാണുന്നു. അറിയാത്ത മേഖലകളിലും ഊഹ കച്ചവടങ്ങളിലും ധനം നിക്ഷേപിക്കരുത്.
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ)
കഴിഞ്ഞ കാലത്തേക്കാൾ വളരെ അനുകൂലസമയമാണ് വരുന്നത്. ശനി ആറിലേക്ക് മാറിയിരിക്കുന്നു. ശത്രുക്കൾ നിഷ്പ്രഭരാകും. ആത്മവിശ്വാസം അനുഭവപ്പെട്ടേക്കാം. .ഒമ്പതിലേയ്ക്ക് കടക്കുന്നതും അനുകൂലമാണ്. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാം ആരോഗ്യപരമായും മെച്ചപ്പെട്ട ഒരു വർഷമായിരിക്കും.
തൊഴിൽ:ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും പുതിയ പദ്ധതികളും നിങ്ങളെ തേടി വന്നേക്കാം. പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കി മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റുവാൻ സാധിക്കും.
സാമ്പത്തികം:കുറച്ചുകാലമായി ലഭിക്കാതിരിക്കുന്ന ധനം ലഭിക്കും. ശമ്പളവർധന ലഭിച്ചേക്കും. നിക്ഷേപങ്ങൾക്ക് അനുകൂലമായ സമയമാണിത്. ഊഹ കച്ചവടങ്ങൾ നിന്നും ലാഭം പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് വരുവാൻ പോകുന്ന വർഷം കുറച്ചു വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ശനി കണ്ടക സ്ഥാനമായ നാലിൽ നിന്നും അഞ്ചിലേക്ക് കടക്കുന്നു. തീരുമാനങ്ങളെടുക്കുന്നത് തെറ്റി പോകുവാനോ താമസം നേരിടുകയോ ചെയ്യാം. ഏഴിലെ ഗുരു എട്ടിലേയ്ക്ക് കടക്കുന്നു. ആരോഗ്യപരമായ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണ്ടിവന്നേക്കും.
തൊഴിൽ: പല പദ്ധതികളും ഉപേക്ഷിക്കേണ്ടതായി വന്നേക്കും. സഹായികളായി നിന്നവർ ആവശ്യമായ സഹായങ്ങൾ നൽകുന്നില്ല എന്ന് തോന്നിയേക്കാം. ജോലി മാറ്റത്തിന് അനുകൂലമല്ലാത്ത സമയമാണ് വരുന്നത്. എല്ലാവരുമായി ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കുക.
സാമ്പത്തികം : ചെലവുകൾ കൂട്ടുന്ന ഒരു കാലമാണ് വരുന്നത്. ആരോഗ്യപരമായി ബന്ധപ്പെട്ട് അപ്രതീക്ഷിത ചെലവുകൾ വന്നേക്കാം. നിക്ഷേപങ്ങൾക്ക് അനുകൂലമല്ലാത്ത സമയമായതുകൊണ്ട് ഷെയർ മാർക്കറ്റ്, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ഉത്തമം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ)
ധനു രാശിക്കാർക്ക് കഴിഞ്ഞകാലഘട്ടത്തിനേക്കാൾ കുറച്ച് അനുകൂല കാലഘട്ടമാണ് വരുന്നത്. ശനി നാലിലേക്ക് മാറി കണ്ടകശനി ആകുന്നു. ഗുരു ആറിൽ നിന്ന് ഏഴിലേക്ക് വരുന്നു. ഇത് അനുകൂലമായിരിക്കും. സാമ്പത്തിക നിലയിൽ ഉയർച്ച പ്രതീക്ഷിക്കാം.
തൊഴിൽ : കർമ്മ രംഗത്ത് കുറച്ചുനാളായി നേരിടുന്ന പ്രശ്നങ്ങൾക്ക് അവസാനമാകും. പുതിയ ആശയങ്ങളും പദ്ധതികളും പ്രവൃത്തിപഥത്തിൽ എത്തിക്കുവാൻ സാധിക്കും. അംഗീകാരങ്ങൾ വന്നുചേരും. മറ്റു വിഭാഗങ്ങളിലെ തൊഴിലാളികളുമായും നേതൃത്വവുമായും നല്ല ബന്ധം പുനഃസ്ഥാപിക്കുവാൻ സാധിക്കും.
സാമ്പത്തികം: കഴിഞ്ഞ ഒരു വർഷമായി അനുഭവിച്ചിരുന്ന സാമ്പത്തികമാന്ദ്യത്തിന് അറുതി ഉണ്ടാവും. ശമ്പളവർദ്ധനവിന് യോഗം കാണുന്നു. കിട്ടുവാനുള്ള ധനം വന്നു ചേർന്നേക്കും. ഭാവിയിലേക്ക് പ്രയോജനപ്പെടുന്ന തരത്തിൽ നിക്ഷേപങ്ങൾ നടത്തേണ്ടതാണ്.
മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)
മകരം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണ് വരുന്നത്. ഏഴര ശനി അവസാനിച്ച് ശനി മൂന്നിലേക്ക് കടക്കുന്നു ഈ മാറ്റം ഗുണകരമാണ്. പക്ഷേ മെയ് മാസത്തിൽ ഗുരു അഞ്ചൽ നിന്ന് ആറിലേയ്ക്ക് കടക്കുന്നത് അനുകൂലമല്ല.
തൊഴിൽ: നടപ്പാക്കിവരുന്ന പദ്ധതികളിൽ കാലതാമസമോ മുടക്കുമോ സംഭവിക്കാം. ശത്രുക്കളിൽ നിന്ന് വിഷമതകൾ ഉണ്ടായേക്കാം. സഹായികൾ അവശ്യ സമയത്ത് കൈയ്യൊഴിഞ്ഞേക്കാം. പുതിയ പദ്ധതികൾ തുടങ്ങുവാൻ അനുകൂല സമയമല്ലിത്. മേലധികാരികളുമായി നല്ല ബന്ധം പുലർത്തുവാൻ ശ്രദ്ധിക്കുക. ജോലി മാറ്റത്തിന് ശ്രമിക്കരുത്.
സാമ്പത്തികം: സാമ്പത്തികമായി ചെറിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കടം കൊടുക്കുക, ജാമ്യം നിൽക്കുക, എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. അനാവശ്യ ചെലവുകൾ ഉണ്ടായേക്കാം. യുക്തിപരമായ തീരുമാനങ്ങളിലൂടെ മാത്രം മുന്നേറുക.
കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ)
കുംഭം രാശിക്കാർക്ക് കുറച്ച് അനുകൂലമായ കാലമാണ് വരുന്നത്. ഏഴര ശനി അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഗുരു അഞ്ചിലേയ്ക്ക് വരുന്നത്അ നുകൂലമാണ്. കുറച്ചുകാലമായി അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്ക് ശമനം പ്രതീക്ഷിക്കാം.
തൊഴിൽ : പുതിയ ജോലികൾ നിങ്ങളെ തേടി വന്നേക്കാം. ഇപ്പോഴത്തെ ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ പ്രതീക്ഷിക്കാം. കുറച്ചുകാലമായി ലഭിക്കാതിരുന്ന അംഗീകാരങ്ങൾ തേടി വന്നേക്കാം. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാകും.
സാമ്പത്തികം: കുറച്ചുകാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാവും. മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾക്ക് ഒരു വഴിതെളിയും. കടബാധ്യതകൾ ഒരു പരിധി വരെ തീർക്കുവാൻ സാധിച്ചേക്കും.
മീനം (പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് വരുന്ന ഒരുവർഷം അത്ര അനുകൂലമല്ല. എങ്കിലും കഴിഞ്ഞകാലത്തെ ഭേദമായിരിക്കുമെന്ന് പറയാം. ശനി ഏഴര ശനിയുടെ രണ്ടാം ഭാഗത്തേയ്ക്ക് വരുന്നു. ഗുരു മൂന്നിൽ നിന്ന് നാലിലേയ്ക്ക് കടക്കുന്നു. ഇവ രണ്ടും അനുകൂലമല്ലെങ്കിലും മൂന്നിലെ ഗുരുവിനെ പ്രതികൂലകൾ വച്ചുനോക്കുമ്പോൾ കുറച്ച് അനുകൂലമെന്ന് പറയാം.
തൊഴിൽ: തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചു തുടങ്ങും. പലപ്രാവശ്യം മാറ്റിവെച്ച പദ്ധതി പൂർത്തീകരണം സഫലമാക്കുവാൻ സാധിച്ചേക്കും. അംഗീകാരങ്ങൾക്കും പ്രശംസയ്ക്കും കുറച്ചു കൂടി കാലതാമസം ഉണ്ടായേക്കാം. ജോലി മാറ്റത്തിന് അനുകൂലമായ സമയമല്ലിത്.
സാമ്പത്തികം: ധനപരമായി കഴിഞ്ഞ കാലത്തേക്കാൾ അഭിവൃദ്ധി പ്രാപിക്കും. എങ്കിലും നിക്ഷേപങ്ങൾക്ക് അനുകൂലമായ കാലമാണെന്ന് പറയാൻ സാധിക്കില്ല. ഷെയർ മാർക്കറ്റ്, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് പ്രതീക്ഷിച്ച അത്രയും ലാഭം ലഭിച്ചേക്കില്ല.