വാസ്തു പുരുഷന്‍
ചെറിയ വസ്തുവായാലും വലിയ വസ്തുവായാലും അവിടെ വാസ്തു പുരുഷ സ്വാധീനം ഉണ്ടായിരിക്കും. 2 സെന്റിലും ഒക്കെ വാസ്തുപുരുഷ സാന്നിധ്യം ഒരു പോലെയാണ്. ആയതിനാല്‍ ഇത്ര പരിമിതമായ സ്ഥലത്തും ഗൃഹം നിര്‍മ്മിക്കുവാന്‍ ആരംഭിക്കുമ്പോള്‍ വാസ്തു പൂജ നടത്തുന്നത് ഉത്തമമായിരിക്കും. ഭൂമിയുടെ ഗുണവും ദോഷവും ഈ ചെറിയ സ്ഥലത്തും ഉണ്ടാകും. വാസ്തു പുരുഷന്‍ എന്നാല്‍ നാം വീടു പണിയുവാനുദ്ദേശിക്കുന്ന ഭൂമി തന്നെയാണ്.
നാം ഒരു കെട്ടിടം വയ്ക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് കിടന്നുറങ്ങുവാനും ഇരിക്കുവാനും ഒരിടം. അത് നമ്മുടെതു മാത്രമായിരിക്കണം. അവിടെ നമുക്ക് സുരക്ഷിത സ്ഥാനമായിരിക്കണം. നമ്മുടെ കുടുംബത്തോടൊപ്പം (കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നത് കുടുംബം) സന്തോഷത്തോടെ സമാധാനത്തോടെ സുഖമായി കഴിയുവാന്‍ പറ്റുന്ന ഒരിടമായിരിക്കണം. അപ്പോഴാണ് ആ കെട്ടിടം വീടാകുന്നത്. ഇങ്ങനെയുള്ള വീട്ടില്‍ പ്രകൃതിക്കിണങ്ങിയ വിധത്തില്‍ അടുക്കളയും, കിടപ്പ് മുറികളും, കിണറുമൊക്കെ നിര്‍മ്മിച്ചാലേ മുന്‍പറഞ്ഞ വിധത്തിലുള്ള അന്തരീക്ഷം സമാഗതമാകുകയുള്ളു. അതുകൊണ്ടാണ് വാസ്തുശാസ്ത്രമനുസരിച്ച് വീട് പണിയണമെന്ന് പറയുന്നത്.
ഭൂമി തിരഞ്ഞെടുക്കുമ്പോള്‍
ഇന്നത്തെ കാലത്ത് ഉത്തമ ലക്ഷണങ്ങളുള്ള ഭൂമി കണ്ടു പിടിക്കുക വിഷമകരമാണ്. എങ്കിലും കുന്നും കുഴിയും കൂടാതെ സമനിരപ്പായിട്ടുള്ളതും കിഴക്കോട്ടും വടക്കോട്ടും നീരൊഴുക്കുള്ളതുമായ ഭൂമി ലഭിച്ചാല്‍ ഉത്തമം. മിനുസ്സമുള്ള ഉറപ്പുള്ള മണ്ണായിരിക്കണം. പ്രദക്ഷിണമായി ഒഴുകുന്ന ജലാശയങ്ങളോടെ കൂടിയതും വിത്തു വിതച്ചാല്‍ ക്ഷണത്തില്‍ മുളക്കുന്നതും ഒരു കുഴി കുഴിച്ച്അതില്‍ നിന്ന് മണ്ണെടുത്ത ശേഷം വീണ്ടും കുഴി മൂടുമ്പോള്‍ മണ്ണ് ബാക്കി വരുന്നതുമായ ഭൂമിയും നല്ലത് തന്നെ. വേനല്‍ കാലത്തും ധാരാളം വെള്ളം കിട്ടണം. ശീതോഷ്ണാവസ്ഥ സമമായിരിക്കണം. ഫലവൃക്ഷങ്ങള്‍ ഉണ്ടാവണം. മനുഷ്യരും നാല്‍ക്കാലികളും യഥേഷ്ടം വസിക്കുവാന്‍ യോഗ്യമായിരിക്കണം. ഇതെല്ലാം നാട്ടില്‍ പുറങ്ങളില്‍ മാത്രം സാധിക്കുന്ന കാര്യമാണ്.
എങ്കിലും പട്ടണ വാസികള്‍ക്കും ജീവിക്കേണ്ടേ സുഖമായി? അപ്പോള്‍ പിന്നെ ഇതൊന്നും യാഥാര്‍ത്ഥ്യത്തില്‍ കൊണ്ടു വരുവാന്‍ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും ഉള്ള ഭൂമി നിരപ്പാക്കി നീരൊഴുക്ക് കിഴക്കോട്ടും വടക്കോട്ടുമാക്കി നിയന്ത്രിക്കുമല്ലോ. വൃത്താകൃതിയിലുള്ളത്, ത്രികോണാകൃതിയിലുള്ളത് ആറും അതില്‍ കൂടുതലും കോണുകളുള്ളത്. ചുരുക്കത്തില്‍ SHAPE ഇല്ലാത്ത ഭൂമി. ഇവ നിവൃത്തിയുള്ളിടത്തോളം വാങ്ങാതിരിക്കുക. ഭൂമിക്കടിയില്‍ എല്ല്, മുടി, കരിക്കട്ട മുതലായവയുണ്ടെങ്ങില്‍ അതെല്ലാം മാറ്റി ഭൂമി ശുദ്ധി ചെയ്യുക. ഭൂമി ശുദ്ധീകരണതിന് ഏഴു വിധത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. അല്‍പ്പ വസ്തുവില്‍ ഇതെല്ലാം നടപ്പിലാക്കാന്‍ ബുദ്ധി മുട്ടാണ്.
ഖനനം ഹരണം ദാഹപൂരണം
ഗോനിവാസനം വിപ്രോച്ചിഷ്ട്ടം
ച ഗവ്യം സപൈതതേ സ്ഥല ശുദ്ധതം.'
എന്നാണ് പ്രമാണം. ദേവാലയ സമീപം വീടുവയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിഷ്ണു ക്ഷേത്രത്തിന്റെ ഇടതും പിന്നിലും, നരസിംഹം, ശിവന്‍,ഭദ്രകാളി,മുതലായ ഉഗ്രമൂര്‍ത്തികളുടെ വലത്തും മുന്നിലും ഗൃഹം പണി ചെയ്ത്ത് താമസിക്കുന്നത് അനര്‍ത്ഥം ഉണ്ടാകും. അയ്യപ്പ ക്ഷേത്രം താഴ്ന്ന പ്രദേശത്താണങ്കില്‍ അതിന്റെ വലതു വശത്തും മുന്‍വശത്തും ശുഭ പ്രദമാണ്. താഴ്ന്ന പ്രദേശത്തുള്ള അയ്യപ്പന്‍ ഉഗ്ര മൂര്‍ത്തിയാണ്. സൗമ്യ മൂര്‍ത്തികളുടെ വലതു മുമ്പിലായാല്‍ ഉത്തമമവും, ഇടതു പിന്നിലായാല്‍ അധമവും വലത് പിന്‍ഭാഗവും ഇടതു മുന്ഭാഗവും മദ്ധ്യമവും ആണെന്ന് മനുഷ്യാലയ ചന്ദികയില്‍ പറയുന്നു. തന്ത്രി, ശാന്തിക്കാര്‍, മുതലായ ദേവ പരിചാരര്‍ക്ക് എവിടെയും ഗൃഹം പണി ചെയ്ത് താമസിക്കാവുന്നതാണ്. മനുഷ്യാലയങ്ങള്‍ക്ക് ദേവാലയങ്ങളെക്കാള്‍ ഉയരം കൂടിയിരിക്കുന്നതും നന്നല്ല.
ഭൂമി തിരഞ്ഞെടുക്കുമ്പോഴും, വീടു വയ്ക്കുമ്പോഴും വര്‍ണ്ണങ്ങള്‍ക്കനുസരിച്ച് വേണമെന്ന് വാസ്തുശാസ്ത്രം പറയുന്നു, എന്നാല്‍ ആധുനിക യുഗത്തില്‍ അത് സാദ്ധ്യമല്ലാതായിരിക്കുന്നു.
ഗൃഹനിര്‍മാണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് വേദ ദോഷവും സൂത്ര ദോഷവും. ഉപഗ്രഹങ്ങളും, കുളം, കിണര്‍, മുതലായവയും നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേദ ദോഷ മുണ്ടായാല്‍ ഭര്‍ത്യവിരഹം, കുഷ്ട്ട രോഗം, ശത്രു ബാധ, പുത്ര നാശം, ധന നാശം വാത രോഗം, സ്വകുല നാശം, ധാന്യ നാശം എന്നീ ദോഷങ്ങള്‍ വരാവുന്നതാണ്. അല്‍പ്പ സ്ഥലത്ത് വീടു വയ്ക്കുമ്പോള്‍ ഖണ്ഡങ്ങള്‍തിരിക്കാതെ വീഥി തിട്ടപ്പെടുത്തിയ ശേഷം പിശാചവീഥി ഒഴിവാക്കി വീട് പണിയുകയെ നിവൃത്തിയുള്ളൂ.
വീഥികല്‍പന
ഭൂമിയെ മദ്ധ്യത്തില്‍ നിന്ന് 9 ഭാഗങ്ങളായി ഭാഗിച്ച് അവസാന ഭാഗമായ പിശാച വീഥി ഒഴിവാക്കുക. അത് മതിലിന്റെ സ്ഥാനമാണ്.പുറത്തു നിന്നുള്ള നെഗറ്റീവ് ഊര്‍ജം തടഞ്ഞു നിര്‍ത്തുവാന്‍ മതില്‍ അത്യാവശ്യമാണ്.
തുടരും....
ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190