അദ്ധ്യായം 16 : മുഹൂര്‍ത്തം
ജ്യോതിഷത്തില്‍ ആറു അംഗങ്ങളില്‍ വച്ച് മുഹൂര്‍ത്തം എന്ന അംഗം പ്രധാനമാകുന്നു. ( ജാതകം, പ്രശ്നം, മുഹുര്‍ത്തം, നിമിത്തം, ഗണിതം, ഗോളം )
ഓരോ കര്‍മ്മങ്ങളും ചെയ്യുവാനുള്ള സമയത്തിന്റെ ഗുണ ദോഷ വിചിന്തനം ആവശ്യമാണ്. ചെയ്യുന്ന സമയത്തിന്റെ ഗുണദോഷങ്ങള്‍ അനുസരിച്ചായിരിക്കും കര്‍മ്മ ഫലപ്രാപ്തി. സര്‍വ്വ വിഘ്നങ്ങളേയും നശിപ്പിക്കുന്ന മഹാഗണപതിയെ നമസ്കരിച്ചു കൊണ്ട് മുഹൂര്‍ത്തം കണ്ടുപിടിക്കുന്ന എളുപ്പമായ മാര്‍ഗ്ഗത്തെ ഇവിടെ പ്രതിപാദിക്കുന്നു.
1. എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും ഊണ്‍നാളുകള്‍ മാത്രം പരിഗണിക്കുക.
i) അശ്വതി ii) രോഹിണി iii) മകയീര്യം iv) പുണര്‍തം v) പൂയ്യം vi) ഉത്രം vii) അത്തം viii) ചിത്തിര ix) ചോതി x) അനിഴം xi) ഉത്രാടം xii) തിരുവോണം xiii) അവിട്ടം xiv) ചതയം xv) ഉതൃട്ടാതി xvi) രേവതി ഇവ ഊണ്‍ നാളുകളാകുന്നു.
2. അഷ്ടമക്കൂറ് ( അഷ്ടമരാശി ) പാടില്ല. ഈ രാശിയില്‍ വരുന്ന നക്ഷത്രങ്ങളെയും ഒഴിവാക്കുക, വിവാഹത്തിന് സ്ത്രീയുടെയും, പുരുഷന്‍റെയും അഷ്ടമക്കൂറും അതിലെ നക്ഷത്രങ്ങളെയും ഒഴിവാക്കുക. ഗ്രഹപ്രവേശത്തിനും ഇത് ബാധകമാണ്. ജന്മമാസം, ജന്മനക്ഷത്രം ഇവ പാടില്ല.
3. കര്‍ക്കിടകം, കന്നി, കുംഭം, ഈ മാസങ്ങള്‍ മുഹൂര്‍ത്ത മാസങ്ങളായി പരിഗണിക്കാതിരിക്കുക.
4. ശനിയാഴ്ചയും, ചൊവ്വാഴ്ചയും മുഹൂര്‍ത്ത ദിവസങ്ങളായി പരിഗണിക്കാതിരിക്കുക.
5. രാഹു കാലം ഒഴിവാക്കുക.
6. ഗണ്ഡാന്ത സമയം ഒഴിവാക്കുക ( അശ്വതി, മകം, മൂലം ഈ മൂന്നു നക്ഷത്രങ്ങളുടെ ആദ്യത്തെ 15 നാഴികയും, ആയില്യം, തൃക്കേട്ട, രേവതി ഈ നാളുകളുടെ അവസാനത്തെ 18 നാഴികയും ഗണ്ഡാന്ത സമയമാകുന്നു.
7. മുഹൂര്‍ത്തം വെളുത്ത പക്ഷത്തില്‍ തന്നെ നിശ്ചയിക്കുക. (കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമി മുതല്‍ കറുത്ത പക്ഷത്തിലെ ദശമി വരെ )
8. ലഗ്ന രാശിയില്‍ ( മുഹൂര്‍ത്ത രാശിയില്‍ ) പാപികള്‍ ഉണ്ടാകരുത് ( ശുഭന്‍മാര്‍ ആകാം ).
9. അതാത് ചടങ്ങുകള്‍ക്ക് പറഞ്ഞിട്ടുള്ള രാശികള്‍ ശുദ്ധമായിരിക്കണം.
10. മുഹൂര്‍ത്ത രാശിയുടെ 7, 8 രാശികള്‍ ശുദ്ധമായിരിക്കണം.
11. ചതുര്‍ത്ഥി, ഷഷ്ടി, അഷ്ടമി, നവമി, ചതുര്‍ദശി ( രണ്ടു പക്ഷത്തിലെയും ) ഈ തിഥികള്‍ ഒഴിവാക്കുക.
12. വിഷ്ടി, വിഷഘടിക, ഉഷണശിഖ, ഏകാര്‍ഗ്ഗളം, സര്‍പ്പമസ്തകം, ലാടം, വൈദൃതം ഇവ വരുന്ന ദിവസങ്ങള്‍ ഒഴിവാക്കുക.
13. ഷഡ്ദോഷങ്ങള്‍
എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും താഴെ പറയുന്ന 6 ദോഷങ്ങളെ വര്‍ജ്ജിക്കണം.
i) സംസര്‍പ്പം _ ഒരു സൗരമാസത്തില്‍ രണ്ട് അമാവാസി തിഥികള്‍ വരുമ്പോള്‍ ആ മാസത്തിന്‍ സംസര്‍പ്പമാസം എന്ന് പറയുന്നു. മറ്റൊരഭിപ്രായത്തില്‍ രണ്ട് പൗര്‍ണ്ണമി ദിനങ്ങള്‍ ഒരു സൗരമാസത്തില്‍ വന്നാലും മതി.
ii) അംഹസ്പതി _ ഒരു മാസത്തില്‍ രണ്ട് രേവതി നക്ഷത്രം വന്നാല്‍ ആ മാസം പരിഗണിക്കരുത്
iii) അധിമാസം _ ഇത് രണ്ട് വര്‍ഷം 8 മാസം 16 ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ സംഭവിക്കുന്നു. അപ്പോള്‍ ഒരു ചന്ദ്രമാസത്തില്‍ രണ്ട് അമാവാസി ദിനങ്ങള്‍ ഉണ്ടാകുന്നു.
iv) പകല്‍ സമയത്ത് ആകാശത്തില്‍ ഗുരു, ശുക്രന്‍മാരെ ഒരേ സമയത്തോ, വിവിധ സമയങ്ങളിലോ കാണുക.
v) ഗുരു, ശുക്രന്‍മാര്‍ക്കുള്ള മൌഢ്യം.
vi) ഗുരു, ശുക്രന്‍മാര്‍ക്കുള്ള പരസ്പര ദൃഷ്ടി.
ദിവസവും, മാസവും മാത്രം പ്രാധാന്യമുള്ള കര്‍മ്മങ്ങള്‍ക്ക് ഈ ഷഡ്ദോഷങ്ങള്‍ പരിഗണിക്കേണ്ടതില്ല, ( സീമന്തം, ചോറുണ് , പുംസവനം, ഗര്‍ഭരക്ഷ, വാതില്‍ പുറപ്പാട് മുതലായവ ).
സന്ധ്യ _ 4 സന്ധ്യകളുണ്ട്
14. എല്ലാ കര്‍മ്മങ്ങള്‍ക്കും സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പുള്ള രണ്ട് മണിക്കൂര്‍ 24 മിനിറ്റ് ( 6 നാഴിക ) വര്‍ജ്ജിക്കണം. ( പ്രഭാത സന്ധ്യ ).
15. സൂര്യാസ്തമനത്തിന് മുമ്പുള്ള 1 മണിക്കൂര്‍ 30 മിനിറ്റ് എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കുക. ( സായാഹ്ന സന്ധ്യ )
16. അസ്തമനത്തിന് ശേഷം 6 1/2 മണിക്കൂര്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കുക. ( പ്രദോഷ സന്ധ്യ )
17. അര്‍ദ്ധരാത്രിക്ക് ശേഷം 48 മിനിറ്റ് എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കണം. ( തുരീയ സന്ധ്യ )
18. മദ്ധ്യാഹ്ന സന്ധ്യ _ ദിന മദ്ധ്യത്തില്‍ 48 മിനിറ്റ് ( 2 നാഴിക ) അഭിജിത്ത് മുഹൂര്‍ത്തം എന്ന പേരില്‍ അറിയപ്പെടുന്നു. ഇത് എല്ലാ കര്‍മ്മങ്ങള്‍ക്കും വളരെ വിശിഷ്ടമാകുന്നു. ഇവിടെ മദ്ധ്യാഹ്നത്തിന്‍റെ മദ്ധ്യത്തില്‍ 4 മിനിറ്റ് ഒഴിവാക്കുക.
19. ഒരു മുഹൂര്‍ത്തം എന്ന് പറയുന്നത് 2 നാഴിക അതായത് 48 മിനിട്ടാണ്.
20. ഗ്രഹണം കഴിഞ്ഞു 3 ദിവസത്തിന് ശേഷമേ മുഹൂര്‍ത്തം നിശ്ചയിക്കാവൂ.
21. പിതൃക്കളുടെ കാര്യങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതിന് ശേഷമേ മുഹൂര്‍ത്തം നിശ്ചയിക്കാവൂ.
22. ഒരു പകല്‍ സമയത്തെ ( ഉദയം മുതല്‍ അസ്തമയം വരെ ) 5 സമഭാഗങ്ങള്‍ ആക്കുക. 4 ഉം, 5 ഉം ഭാഗങ്ങള്‍ ഒരു കര്‍മ്മത്തിനും കൊള്ളുകയില്ല.
23. ഗ്രഹങ്ങള്‍
എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ട ഗ്രഹസ്ഥിതികള്‍:
i) രാഹു, ശനി, കുജന്‍ ലഗ്നത്തില്‍ വരുക.
ii) ലഗ്നാല്‍ 7 ല്‍ പാപികളും, ശുക്രനും ഉണ്ടായിരിക്കുക.
iii) ചന്ദ്രന്‍ ലഗ്നാല്‍ 6, 8, 12 ല്‍ ഇരിക്കുക.
iv) കുജന്‍ ലഗ്നാല്‍ 8 ല്‍ നില്‍ക്കുക.
v) ഒരു പാപി കടന്നു പോയ രാശിയില്‍ മറ്റൊരു ശുഭ ഗ്രഹം അതില്‍ സഞ്ചരിക്കുന്നത് വരെ വര്‍ജ്ജിക്കുക.
vi) ലഗ്നരാശിയുടെ 2 ലും, 12 ലും പാപികളെ വര്‍ജ്ജിക്കുക.
vii) ലഗ്നത്തില്‍ പാപികളുടെ സ്ഥിതിയും, ലഗ്നത്തില്‍ പാപികളുടെ ദൃഷ്ടിയും ഒരു പോലെ വര്‍ജ്ജ്യങ്ങള്‍ ആണ്.
viii) ലഗ്നാല്‍ 3, 4, 11 ഭാവങ്ങളില്‍ പാപന്‍മാര്‍ ഇല്ലാതിരിക്കലും, ലഗ്നാല്‍ 4, 7, 10 എന്നീ ഭാവങ്ങളില്‍ ശുഭന്‍മാര്‍ ഇല്ലാതിരിക്കലും ഒരു പോലെ ദോഷങ്ങള്‍ ആണ്.
( വിദ്യാരംഭം, നൂതന ഗൃഹപ്രവേശം, വിഗ്രഹ പ്രതിഷ്ഠ, നാമകരണം, കാതുകുത്തല്‍ എന്നീ കര്‍മ്മങ്ങള്‍ക്ക് ല്ഗനാല്‍ 8 ശുദ്ധമായിരിക്കണം ഗ്രഹങ്ങള്‍ പാടില്ല.)
നല്ല ഗ്രഹസ്ഥിതികള്‍
കേന്ദ്ര ത്രികോണങ്ങളില്‍ ശുഭാന്‍മാരും 3, 6, 11 ല്‍ പാപന്‍മാരും നില്‍ക്കുന്ന രാശികള്‍ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും ശുഭമാകുന്നു.
ഗൃഹാരംഭത്തിന് വര്‍ജ്ജിക്കേണ്ടത്
1. മേടം, തുലാം, മകരം രാശികള്‍. ( പാപന്‍മാരുടെ ഉച്ചരാശികള്‍ )
2. 4 ല്‍ ഗ്രഹങ്ങള്‍ 8 ല്‍ കുജന്‍ ഇവ വരുന്ന രാശികള്‍.
3. മിഥുനം, കര്‍ക്കിടകം, കന്നി , ധനു, മീനം ഈ മാസങ്ങള്‍.
4. കാര്‍ത്തിക, ഞാറ്റുവേല. ( ആദിത്യന്‍ കാര്‍ത്തിക നക്ഷത്രങ്ങള്‍ നില്‍ക്കുന്ന കാലം )
5. വേധ നക്ഷത്രങ്ങള്‍.
6. ഞായര്‍, ചൊവ്വ ഈ വാരങ്ങള്‍.
ഗൃഹാരംഭത്തിന് കൊള്ളാവുന്നത്
ഊണ്‍ നാളുകളും, മൂലവും, മകവും സ്ഥിര രാശികളും കൊള്ളാവുന്നതാണ്. ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം മാസങ്ങള്‍ കൊള്ളാവുന്നവയാണ്. ( കല്ലിടുന്നത് ഏതു മാസത്തിലാണോ, ആ മാസത്തിന്‍റെ 10 ആം രാശിയില്‍, അതായത് കാല പുരുഷന്‍റെ ഉദര _ മദ്ധ്യത്തില്‍ കല്ലിടുക ).
ഗുളിക കാലം കച്ചവടാരംഭത്തിന്‍ നല്ലതാണ്.
മുഹൂര്‍ത്തശാസ്ത്രത്തില്‍ സൂര്യനെ പാപിയായി കണക്കാക്കിയിട്ടില്ല. കേതുവിനെ മുഹൂര്‍ത്ത ശാസ്ത്രത്തില്‍ കണക്കിലെടുക്കുന്നെയില്ല.
NB: ജാതകത്തിലും, പ്രശ്നത്തിലും കണക്കാക്കി വരുന്ന ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ 3, 10, 5, 9, 4, 8 എന്നീ രാശിയിലേക്കുള്ള ദൃഷ്ടികള്‍ മുഹൂര്‍ത്തശാസ്ത്രത്തില്‍ കണക്കാക്കപ്പെടുന്നില്ല. ഒരു പാപി അതു നില്‍ക്കുന്ന രാശി വിടുമ്പോള്‍, ആ രാശിയില്‍ ഒരു ശുഭനുണ്ടെങ്കില്‍, പാപി രാശി വിട്ട ഉടനെ മുഹൂര്‍ത്തം നിശ്ചയിക്കാവുന്നതാണ്. സൂര്യന്‍ വിട്ട രാശി എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും എടുക്കാവുന്നാതാണ്.
ഉപേക്ഷിക്കേണ്ടുന്ന ലഗ്നങ്ങള്‍
1. 12 ആം ഭാവത്തില്‍ സൂര്യനോ, രാഹുവോ നില്‍ക്കുന്ന ലഗ്നം
2. 6 ലോ 8 ലോ ചന്ദ്രന്‍ നില്‍ക്കുന്ന ലഗ്നം.
3. 9 ആം ഭാവത്തില്‍ കുജന്‍ നില്‍ക്കുന്ന ലഗ്നം.
4. 10 ആം ഭാവത്തില്‍ ബുധന്‍ നില്‍ക്കുന്ന ലഗ്നം.
5. 7 ആം ഭാവത്തില്‍ ശുക്രന്‍ നില്‍ക്കുന്ന ലഗ്നം.
6. 5 ആം ഭാവത്തില്‍ ശനി നില്‍ക്കുന്ന ലഗ്നം.
7. 6 ലോ, 8 ലോ ഗുരു നില്‍ക്കുന്ന ലഗ്നം.
പൂര്‍ണ്ണമായ സല്‍ഫല പ്രാപ്തി ഓരോ കര്‍മ്മത്തിനും നേരെ കാണിച്ചിരിക്കുന്ന ഭാവം ശുദ്ധമായും, ഗ്രഹ രഹിതമായും ഇരിക്കണം.
കര്‍മ്മം | ഭാവം |
1. വിവാഹം | 7 - ആം ഭാവം |
2. നാമകരണം | 2 - ആം ഭാവം |
3. ശ്രാദ്ധം | 11 - ആം ഭാവം |
4. ചോറുണ് | 10 - ആം ഭാവം |
5. യാത്ര | 5 - ആം ഭാവം |
6. വിദ്യാരംഭം | 4 - ആം ഭാവം |
7. ഗൃഹപ്രവേശം | 2 - ആം ഭാവം |
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com