മകരം രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും
രാശിചക്രത്തിലെ പത്താമത്തെ രാശിയും ചര രാശിയും അവസാന ഭൂമി രാശിയും സ്ത്രീ രാശിയുമായ മകരത്തിന്റെ അധിപന്‍ ശനിയാണ്. ജീവിതത്തില്‍ ശനിയെപ്പറ്റി ഓര്‍മ്മിക്കാത്തഒരാളും ഉണ്ടാകുമെന്നു തോന്നുന്നില്ല. എപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് കണ്ടകനെയോ, ഏഴരയെയോ, അഷ്ഠമനെയോ, ദശയെയോ ഒക്കെപ്പറഞ്ഞ് ശനി എപ്പോഴും നമ്മുടെ കൂടെത്തന്നെ കാണും. ആചാര്യമ്മാര്‍ പറയുന്നത് ഭാഗ്യം തരാനും നിര്‍ഭാഗ്യം തരാനും ശനി മുമ്പില്‍ തന്നെ കാണുമെന്നാണ്. അതിനാല്‍ കൂടുതലായും ശനിയെ കരുതിപ്പോരുന്നത് കഷ്ഠത, മരണം, അസുഖങ്ങള്‍, അടിമവേല, ചതി, വഞ്ചന, സന്യാസം, അപകീര്‍ത്തി, കറുപ്പ് നിറം, ശാസ്താവ്, അശുഭ കര്‍മ്മങ്ങള്‍, കടം, തടവ്, കേസ്സുകള്‍, വഴക്ക്, ദീര്‍ഘായുസ്സ്, മത്സരം, ജപ്തിതുടങ്ങിയവയുടെ കാരകനായിട്ടാണ്. പുരാണത്തില്‍ ശനി സൂര്യപുത്രനായിട്ടാണ് അറിയപ്പെടുന്നത്.
പക്ഷെ ആധുനിക ലോകത്ത് ശനിയ്ക്ക് പ്രധാന്യം വര്‍ദ്ദിച്ചു വരികയാണ് - കാരണം ശനി സ്ഥിരതയുടെ ഗ്രഹമാണ്. അതിനാല്‍ സ്ഥിരത, ഹോസ്പിറ്റല്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ മുഖാന്തിരമുള്ള കാര്യങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സാനിറ്ററി തുടങ്ങിയവയുടെ കാരണങ്ങളാല്‍ മനുഷ്യര്‍ക്ക് ലഭിക്കുന്ന ഗുണങ്ങളും ശനി ഭഗവാനാണ് തരുന്നത്. ശനി ദശയില്‍ നേടുന്നത് ഒരിക്കലും നശിക്കില്ലായെന്നാണ് പറയുന്നത്. കാരണംകഠിനാദ്ധ്വാനം കൊണ്ട് നേടിയവയായിരിക്കും ആ സ്വത്ത്. നേതൃത്വം, ബലം തുടങ്ങിയവയുടെ കാരകനായ ചൊവ്വ ഏറ്റവും കൂടുതല്‍ ബലവാനാകുന്നത്മകരം രാശിയില്‍ വരുമ്പോഴാണ്. ദേവഗുരുവായ വ്യാഴത്തിന് ഏറ്റവും ബലം കുറയുന്നതും മകരം രാശിയില്‍ തന്നെയാണ്.
ഇനി രാശിസ്വരൂപം ശ്രദ്ധിക്കാം. ഭാരതീയ ആചാര്യമ്മാര്‍ പറയുന്നത് രണ്ട്വ്യത്യസ്ഥ സ്വഭാവങ്ങളുള്ള ഒരു രൂപത്തെയാണ്. മുകള്‍ ഭാഗം ആടും കീഴ്ഭാഗം മുതലയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അറബികളും ഇംഗ്‌ളീഷുകാരും ആട്ടിന്‍ കുട്ടിയായും ചൈനാക്കാര്‍ കാളയായും സങ്കല്‍പ്പിച്ചിരുന്നു.
മകരം രാശിക്കാരുടെ സ്വഭാവവും അതിലെ പ്രായോഗിക പരിഹാരങ്ങളും
അതിനാല്‍ ശനിക്കും ചൊവ്വക്കൂം സ്വാധീനമുള്ള, വ്യാഴത്തിന് സ്വാധീനം കുറഞ്ഞ, ക്രൗര്യവും സൗമ്യതയും കൂടിക്കലര്‍ന്ന ഒരു പ്രത്യേക രാശിസ്വരൂപവും കൂടെയാണ് നമുക്ക് മകരം രാശിക്കാരെ കാണിച്ചു തരുന്നത്. ഇവരുടെ ആകൃതിയെപ്പറ്റി ആചാര്യമ്മാര്‍ പറയുന്നത് പൊതുവേ വലിയ പൊക്കം ഉണ്ടാകില്ല, നീണ്ട മൂക്ക്, നീണ്ട താടി, കറുത്ത തലമുടി, കീഴ് ഭാഗം ശോഷിച്ചതായിരിക്കും, സുന്ദരമായ നേത്രങ്ങളും ലൈഗീംക അവയവങ്ങളും, ഒതുങ്ങിയ അരക്കെട്ട് തുടങ്ങിയവയാണ്. ഈ രാശിക്കാര്‍ പൊതുവേ സ്ഥിരസ്വഭാവം വച്ചു പുലര്‍ത്തുന്നവരാണ്. സ്വതന്ത്ര ചിന്താഗതിക്കാരായഇക്കൂട്ടര്‍ ആത്മവിശ്വാസം, നല്ല മനശക്തി, ഒട്ടും തന്നെ ബഹളം കാണിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരുമാണ്. കഠിനപ്രയത്‌നം, പ്രായോഗിക ബുദ്ധി, ആരോട് എങ്ങനെ പെരുമാറണമെന്ന അറിവ്, ആത്മാര്‍ത്ഥത തുടങ്ങിയവ സ്വഭാവങ്ങള്‍ ഇവരുടെ പ്രത്യേകതകളാണ്.
കൂടാതെ അമിത വികാര പ്രകടനങ്ങള്‍ക്കൊന്നും ഇവരെ കിട്ടില്ല. ഏതൊരു വലിയപ്രോജക്റ്റിന്റെയും പിന്നില്‍, അത് ഭംഗിയായി തീര്‍ക്കുന്ന കാര്യത്തില്‍, മകരം രാശിക്കാരെ കാണാന്‍ സാധിക്കും. ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഇവര്‍ മിടുക്കരാണ്, സ്വന്തം തീരുമാനങ്ങളെ വിമര്‍ശന ബുദ്ധിയോടെ അപഗ്രഥിച്ചതിനു ശേഷം മാത്രം നടപ്പാക്കാന്‍ താത്പര്യം കാട്ടുന്ന ഇവര്‍ അതുകൊണ്ടു തന്നെ മറ്റുള്ളവരില്‍ നിന്നും ഏതു കാര്യത്തിനും അച്ചടക്കം വേണമെന്നു നിര്‍ബ്ബദ്ധിക്കുകയും ചെയ്യും. വിജയം മാത്രം മുന്നില്‍ കാണുന്നതുകൊണ്ട് വളരെ നിശ്ശബ്ദമായി പ്രതിബന്ധങ്ങളെ തട്ടി നീക്കി മുമ്പോട്ടു പോകാനും ഇവര്‍ മിടുക്കരാണ്.ഒരു പ്രോജക്ടിന്റെ വിജയത്തിനായി കഷ്ഠപ്പെട്ട് പ്രവര്‍ത്തിക്കുകയും അതിന്റെ ഫലംഅറിയുന്നതിനായി ക്ഷമയോടെ കാത്തിരിക്കുവാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. ഉറച്ച തീരുമാനങ്ങളും ഉയര്‍ന്ന ലക്ഷ്യവും വച്ചു പുലര്‍ത്തുന്ന ഇവര്‍ ആ ലക്ഷ്യം നേടുന്നതിനു വേണ്ടി എത്ര പണിയെടുക്കുന്നതിനും തയ്യാറാവും. മേലധികാരികളെ ബഹുമാനിക്കുന്നതിനും അവരുടെ പ്രശംസ നേടുന്നതിലും ഇവര്‍ എപ്പോഴും വിജയിക്കാറുണ്ട്. ഇവരുടെ കുടുംബ സ്‌നേഹവും എടുത്തുപറയേണ്ട സവിശേഷതയാണ്.
ഇനി രാശിക്കും ശനിക്കും ബലക്കുറവും, പാപബന്ധവും ഉണ്ടെങ്കില്‍ ജീവിത വിജയത്തിനായി ഇവര്‍ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പലപ്പോഴും ആധുനിക ജീവിത രീതിയോട് പൊരുത്തപ്പെടേണ്ടി വരും. അപ്പോഴും പാരമ്പര്യ രീതികളില്‍ പിടിച്ചു നി.ക്കാതെ പല കാര്യങ്ങലിലും വിട്ടുവീഴ്ച ചെയ്യാന്‍ ശ്രമിക്കണം. മേലധികാരികളെ ബഹുമാനിക്കുന്നതിലും അംഗീകരിക്കുന്നതിലും പിശുക്കു കാണിക്കാത്ത താങ്കള്‍ സഹപ്രവര്‍ത്തകരോടുംകീഴ്ജീവനക്കാരോടുമുള്ള സമീപനത്തിലും നയപരമായി പെരുമാറണം. അവിടെ പിശുക്കു കാണിക്കയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മെ മുതലെടുക്കയാണെന്നു തോന്നലുണ്ടാവുകയും അതനുസരിച്ച് പെരുമാറാന്‍ നിര്‍ബ്ബദ്ധിതനാവുകയും ചെയ്യും. മറ്റുള്ളവരുടെയും കൂടി സഹായത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ കിട്ടുന്ന അംഗീകാരം അവരുമായി പങ്കിടുകയും വേണം, അല്ലെങ്കില്‍ മേലില്‍ സഹകരണം ലഭിച്ചില്ലായെന്നു വരും. ഞാനെന്ന ഭാവം വേണ്ടിടത്തു മാത്രംകാട്ടുക. അതേപോലെ ഒരേ സമയം പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കാതിരിക്കുക.
പകരം ഒരു കാര്യം ഭംഗിയായി തീര്‍ത്ത ശേഷം അടുത്ത കാര്യത്തിലേക്ക് ശ്രദ്ധിക്കുക.ഏതെങ്കിലും കാര്യങ്ങളില്‍ വീഴ്ച പറ്റിയാല്‍ അഥവാ തോല്‍വി സംഭവിച്ചാല്‍ ധൈര്യ പൂര്‍വ്വം അതിനെ നേരിടുക തന്നെ വേണം അല്ലാതെ വിഷാദനായി ഇരുന്നിട്ട് പ്രയോജനമില്ല. കൂടാതെ നമുക്ക് ലഭിക്കാത്തത് വേറെയാര്‍ക്കും കിട്ടരുത് എന്ന മട്ടില്‍ നശിപ്പിക്കാനും ശ്രമിക്കരുത്. അതിന് മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും യോഗ പോലുള്ള കാര്യങ്ങള്‍ ചെയ്ത് മനസ്സിനെ നിയന്ത്രിക്കണം. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണം. പെട്ടെന്നു ആരുമായും അടുക്കുന്ന സ്വഭാവക്കാരല്ല താങ്കള്‍. അതിനാല്‍ തന്നെ കിട്ടുന്ന കൂട്ടുകാരുമായിനിലവിട്ടു കൂടുകയും അത് മുതലെടുപ്പില്‍ അവസാനിക്കാതിരിക്കാനും ശ്രദ്ധിക്കണം.അലസ മനോഭാവം ഒഴിവാക്കണം. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ജീവിതം നഷ്ഠപ്പെട്ടൂയെന്ന തോന്നലും പിന്നീട് ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥയും, അതിനാല്‍ തന്നെ മടിയും ഉണ്ടാകും. ഇങ്ങനെയുണ്ടാകുന്ന കാര്യങ്ങള്‍ക്ക് അലസത വെടിഞ്ഞ് വീണ്ടുംപരിശ്രമിക്കയാണ് വേണ്ടത്. അതിനുള്ള കഴിവ് താങ്കള്‍ക്കുണ്ടെന്നു മനസ്സിലാക്കണം. അതുപോലെ വളരെ ദൈന്യമായി സംസാരിക്കാതെ സ്ഫുടമായി ആത്മവിശ്വാസത്തോടെ സംസാരിക്കുകയും വേണം. ദുഖിക്കാന്‍ കാരണമന്വേഷിച്ചു നടക്കുന്നവരുണ്ടാകും, നമ്മളെ ആകൂട്ടത്തില്‍ പെടുത്താന്‍ ഇട വരുത്തരുത്. ലൈഗീംക പരമായ കാര്യങ്ങളില്‍ വളരെ മിതത്വം പാലിക്കണം. പ്രത്യേകിച്ചും അപവാദങ്ങള്‍ക്ക് സാഹചര്യം ഉണ്ടാക്കരുത്. എതിര്‍ ലിംഗക്കാരോട് പെരുമാറുന്നത്, അത് പ്രായം കൂടിയവരായാലും ശരി, മറ്റുള്ളവരില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ സാഹചര്യം ഉണ്ടാക്കരുത്. കൂടാതെ മറ്റുള്ളവരെക്കൊണ്ട് താങ്കള്‍ ധനമുണ്ടാക്കാന്‍ ഏതു വഴിയും സ്വീകരിക്കുന്നവനാണ് എന്നും പറയിപ്പിക്കാതിരിക്കുക. അന്യായമായ മാര്‍ഗ്ഗങ്ങളില്‍ ഉണ്ടാക്കുന്നധനം ഒരിക്കലും മനസ്സമാധാനം നല്‍കില്ലായെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സ്വാര്‍ത്ഥതയും ഒരിക്കലും നന്നല്ല.
ജീവിത പങ്കാളി
വസ്തുതകളെ പക്വതയോടെ അഭിമുഖീകരിക്കാനും തങ്ങളുടെ തെറ്റുകളെ സ്വയംതടയാനും തങ്ങളുടെ പ്രത്യേക കഴിവുകളുപയോഗിച്ച് വളരെ മികച്ച കാര്യങ്ങള്‍ ചെയ്യാനുമുള്ള അത്ഭുതകരമായ കഴിവുള്ളവരാണ് മകരം രാശിക്കാര്‍. പെട്ടെന്നു ആരുമായും അടുക്കാത്ത മകരം പുരുഷന്‍ വളരെ വിശ്വസ്തനായ പങ്കാളിയായിരിക്കും. അനാവശ്യമായി മറ്റുള്ളവരുടെ സ്വകാര്യതയില്‍ തലയിടുകയില്ല. കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ വളരെ ഗൗരവത്തോടെ വലിയ ഒരു പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നതു പോലെ അത് പരിഹരിക്കാന്‍രംഗത്തിറങ്ങും. വലുതായി സ്‌നേഹം പ്രകടിപ്പിക്കുന്നവരല്ല ഇവര്‍. പകരം ജീവിതപങ്കാളിക്ക് എല്ലാ രീതിയിലുമുള്ള സുരക്ഷിതത്വം പ്രതീക്ഷിക്കാം. പൊതുവേ അപകര്‍ഷതാ ബോധമുള്ള മകരം രാശിക്കാരെ അവര്‍ തന്നെ ഉണ്ടാക്കിയെടുത്ത മറയില്‍ നിന്നും ബുദ്ധിമുട്ടില്ലാതെ പുറത്തു കൊണ്ടു വരാന്‍ കഴിയുന്ന സ്ത്രീയെയാണ് അവര്‍ക്കാവശ്യം. ഇവരുടെ പങ്കാളി കിഴക്ക് ദിക്കില്‍ നിന്നും വരുമെന്നു പ്രതീക്ഷിക്കാം.
തൊഴില്‍
മകരം രാശിക്കാരുടെ തൊഴി. കാര്യങ്ങളെപ്പറ്റി ചിന്തിക്കാം. രാശിനാഥന്‍ ശനിയും,രാശിയില്‍ ഉച്ചനാകുന്ന ചൊവ്വയും കാണിക്കുന്നത് നേതൃത്വമാണ്. അത് എവിടെയും ഇവര്‍ നേതാവാകാന്‍ ശ്രമിക്കും, രാഷ്ട്രീയ രംഗത്താകാം, ട്രേഡ് യൂണിയന്‍ രംഗത്താകാം, താഴ്ന്ന ജാതിക്കാരുടെ നേതാവാകാം. പത്താം ഭാവനാഥന്‍ ശുക്രന്‍ ഇവര്‍ക്ക് പാരമ്പര്യ സ്വത്ത് നല്‍കും, അതുകൊണ്ട് വ്യാപാരത്തില്‍ വിജയമുണ്ടാക്കാം. ഭാഗ്യാധിപന്‍ സ്വാധീനിക്കയാണെങ്കി. നിയമം, ഗണിതം തുടങ്ങിയ മേഖലകളിലും വിജയിക്കാം. ശനിയുടെ മാത്രം പ്രത്യേകതകളായ മേഖലകള്‍ മൈനിംഗ്, ലെതര്‍, ഇന്‍ജിനീയറിംഗ്, കല്‍ക്കരി, സര്‍ക്കാര്‍ സര്‍വ്വീസ് എന്നിവയും മകരംരാശിയുടെ മേഖലകളായ പ്‌ളംബിംഗ്, തടി വ്യാപാരം, റീയല്‍ എസ്റ്റേറ്റ്, കൃഷി, ഇരുമ്പ് വ്യാപാരം തുടങ്ങിയവയും ഇവരുടെ തൊഴിലില്‍ പെടുന്നവയാണ്. സ്ഥിരതയുള്ള ഭൂമിരാശി കാണിക്കുന്നത് പ്രായോഗികതയാണ്. പ്രായോഗികത ആവശ്യമുള്ള ഭരണമേധാവികള്‍, സിവില്‍ സര്‍വ്വീസ്, ധനവിനിയോഗ മേഖല കൂടാതെ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ വ്യാപാരംതുടങ്ങിയവയും ഇവര്‍ക്കിണങ്ങുന്ന തൊഴിലുകളാണ്.
ഇവരുടെ ആരോഗ്യ കാര്യങ്ങളെപ്പറ്റി ആചാര്യന്‍ എന്താണ് പറയുന്നതെന്നു നോക്കാം.വാത പ്രകൃതക്കാരായ മകരം രാശി കാലപുരുഷന്റെ കാല്‍ മുട്ടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ ഇവര്‍ക്ക് വാതം, കാലില്‍ മുറിവുകള്‍, അപകടം എന്നിവ എപ്പോഴെങ്കിലും വരാന്‍ സാധ്യതയുണ്ട്. കൂടാതെ ത്വക് രോഗം, കുഷ്ഠം, പാണ്ഡു, ദഹനക്കേട്, ആലസ്യം, മനോദുഃഖം, ദന്തരോഗം, നാഡീരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളും ഇവരെ ശല്യപ്പെടുത്തിയേക്കും. വിഷാദരോഗം, സംസാരശേഷിയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ വരികയാണെങ്കില്‍ മാറാന്‍ പ്രയാസമായതുകൊണ്ട് തുടക്കത്തില്‍ത്തന്നെ ചികിത്സിക്കണം.
മകരം രാശിക്കാര്‍ക്ക് ശനി, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങള്‍ പൊതുവേ ഗുണകരമായിരിക്കും. ഇവര്‍ ശനീശ്വരന്‍, ലക്ഷ്മി / ദുര്‍ഗ്ഗ ദേവി, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ തുടങ്ങിയ ദേവതകളെ ഭജിക്കുന്നതും, നീലപ്പട്ട്, കൂവളപ്പൂവ്, എള്ള്, നീലക്കല്ല് എന്നിവ ദാനം ചെയ്യുന്നതും, ശനിയാഴച വ്രതം എടുക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമാകുന്നു. മകരം രാശിക്കാരുടെ ഇഷ്ഠ ദിവസം ശനിയാഴചയും, ഭാഗ്യ ദിവസം ബുധനാഴചയും ഉത്തമം. വിശേഷദിവസങ്ങളിലും, പൂജ തുടങ്ങിയ അവസരങ്ങളിലും നീല, കറുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ മകരം രാശിക്കാരുടെ ഇഷ്ഠ നമ്പര്‍ എട്ട് ആകുന്നു. ഭാഗ്യ രത്‌നങ്ങളായ ഇന്ദ്രനീലം, വജ്രം, മരതകം എന്നിവ ധരിക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമായിരിക്കും.
ശനിദോഷം അകറ്റുന്നതിന് ഹനുമാനെ ഭജിച്ചാല്‍ മതിയെന്നു പറയുന്നതിന് കാരണമായ ഒരു കഥയുണ്ട്. ശനിയുടെ ഉപദ്രവം കാരണം കഷ്ടപ്പെടാത്ത ദേവന്‍മാരും അസുരന്‍മാരും പുരാണത്തിലും വളരെ ചുരുക്കമാണ്. നളന്‍, ശിവന്‍, നാരദന്‍, ഹരിച്ചന്ദ്രന്‍, രാവണന്‍, ശ്രീരാമന്‍, ബ്രഹസ്പതി തുടങ്ങിയവരൊക്കെ ശനിദോഷം അനുഭവിച്ചവരാണ്. രക്ഷപ്പെട്ട വളരെ ചുരുക്കം പേരിലൊരാളാണ് ശ്രീ. ഹനുമാന്‍. ഹനുമാനും ശനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒന്നില്‍ കൂടുതല്‍ കഥകളുണ്ട്. രാവണന്‍ ശനിലോകം ആക്രമിച്ച് കീഴടക്കി ശനിയെ ബന്ധനസ്ഥനാക്കിലങ്കയില്‍ കൊണ്ടു വന്നു തലകീഴായി തൂക്കിയിട്ടു. ആ സമയത്താണ് ഹനുമാന്‍ സീതയെത്തേടി ലങ്കയില്‍ വരുന്നതും ലങ്ക മുഴുവന്‍ അഗ്നിക്കിരയാക്കുന്നതും. അവിടെ വച്ച് ഹനുമാന്‍ ശനിയെ കാണുകയും രാവണന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. അതിനാലാണ് ശനിദോഷത്തിന് ഹനുമാനെ പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുന്നത്.
ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com,sivaram.babu@yahoo.com.