ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജയലളിതയുടെ ജാതകം


ജയലളിതയുടെ ജാതകം



നിരവധി വെബ്സൈറ്റുകള്‍ പരിശോധിച്ചത്തില്‍ നിന്ന് മുന്‍ തമിഴ്നാട്‌ മുഖ്യമന്ത്രിയും സിനിമനടിയുമായിരുന്ന കുമാരി ജയലളിതയുടെ ജനനം 2.33 pm എന്ന് ലഭിക്കുകയുണ്ടായി. ജാതക പ്രകാരം ലഗ്നാധിപന്‍ ബുധനാണ്. ബുധന്‍ വളരെ കുറഞ്ഞ 22 അഷ്ടവര്‍ഗ്ഗ ബിന്ദുക്കളുള്ള ഒമ്പതാം ഭാവമായ കുംഭത്തില്‍ നിലകൊള്ളുന്നു. പിതൃകാരകനായ രവി പിതൃഭാവമായ 9 ല്‍ നില്‍ക്കുന്നു. കാരകന്‍ കാരകസ്ഥാനത്ത് നിന്നാല്‍ ദോഷമെന്ന പ്രമാണം അനുസരിച്ച് അവരുടെ പിതാവ് അവര്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ അന്തരിച്ചു. ഇവിടെയും ആ ഭാവത്തിലെ വളരെ കുറവു അഷ്ടവര്‍ഗ്ഗ ബിന്ദുക്കളുടെ പ്രാധാന്യം പ്രകടമാവുന്നു.

ലഗ്നം മിഥുനമായാതു കൊണ്ട് ലഗ്നാധിപന്‍ ബുധന്‍ ആണ്. ബുധന്‍ എന്ന ഗ്രഹം വിദ്യാഭ്യാസം, അറിവ്, വാക്ക് തുടങ്ങിയവയുടെ കാരകനാണ്‌. ജയലളിതയുടെ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ എല്ലാം പ്രകടമാണ്. വരാഹ ഹോരയില്‍ മിഥുന ലഗ്നക്കാരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്

"ഗീതപ്രിയോ, നൃത്തവിത്ത്" എന്നാണ്.

ഇതിനര്‍ത്ഥം സംഗീതത്തിലും നൃത്തത്തിലും കഴിവുള്ളവര്‍ ആയിരിക്കുമെന്നാണ്. ജയലളിത കര്‍ണാടക സംഗീതം പഠിച്ചിട്ടുള്ള ആളും നല്ല ഒരു ഗായികയുമായിരുന്നു. പക്ഷെ അവരുടെ നൃത്തങ്ങളായിരുന്നു അവരെ കൂടുതല്‍ പ്രശസ്തയാക്കിയത്. മണിപൂരി, കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തങ്ങളില്‍ പ്രാവീണവുമുണ്ടായിരുന്നു. ഒരു സിനിമ നടിയെന്ന നിലയില്‍ അക്കാലത്ത് ഉണ്ടായിരുന്നവരില്‍ ഏറ്റവും മികച്ച നര്‍ത്തകി കൂടിയായിരുന്നു അവര്‍. അവര്‍ അഭിനയിച്ചിരുന്ന കാലത്ത് അവരായിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിച്ചിരുന്ന സിനിമ നടി!



അവരുടെ രണ്ടാം ഭാവത്തില്‍ നില കൊള്ളുന്നത് ഒന്‍പതാം ഭാവാധിപനായ ശനിയാണ്. ഒന്‍പതാം ഭാവാധിപനെ ഭാഗ്യാധിപന്‍ എന്നാണു ജ്യോതിഷത്തില്‍ വിളിക്കുന്നത്. രണ്ടാം ഭാവത്തെക്കുറിച്ച് പറയുന്നത്

"ഭര്‍ത്തവ്യം അഖിലം, വിത്തം, വാണി .... " എന്നാണ്.

അധികാരം, ധനം ഇന്നിവയെ സൂചിപ്പിക്കുന്നു. സമ്പത്ത് ഭാവത്തിലെ ഭാഗ്യാധിപന്‍റെ സ്ഥിതി നല്‍കിയത് അളവറ്റ ധനവും പദവികളുമാണ്.

ചന്ദ്രന്‍ ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഗ്രഹമാണ്. ചിലരുടെ ജാതകത്തില്‍ ലഗ്നത്തോടോപ്പമോ അതിലധികമോ പ്രാധാന്യം ചന്ദ്രന് ഉണ്ടാവാറുണ്ട്. ജയലളിതയുടെ ജാതകത്തില്‍ ചന്ദ്രന്‍ പക്ഷബലമുള്ള ബലവാനായ ഗ്രഹമാണ്. പൌര്‍ണമിയിലാണ് ജനനം. കൂടാതെ സ്ത്രീകള്‍ക്ക് വളരെ അനുകൂലമായ മകം നക്ഷത്രത്തിലാണ് ജനനനം.

"മകം പിറന്ന മങ്ക" എന്ന ചൊല്ലു തന്നെയുണ്ടല്ലോ.

മകത്തില്‍ പിറക്കുന്ന സ്ത്രീകള്‍ വളരെ കാര്യപ്രാപ്തിയും ഭാഗ്യവതികളുമായിരിക്കും. കൂടാതെ മൂന്നാം ഭാവത്തെ മൂന്നാം ഭാവധിപനായ രവി ദൃഷ്ടി ചെയ്യുന്നു. പ്രമാണപ്രകാരം

"യോ യോ ഭാവസ്വാമി ദൃഷ്ടോ യുദോ വാ
സൌമ്യിര്‍ വാ സ്യാ തസ്യ തസ്യാഭിവൃദ്ധി" എന്നാണ് പ്രമാണം.

ഇതിനര്‍ത്ഥം ഏതു ഭാവത്തെയും ആ ഭാവാധിപന്‍ ദൃഷ്ടി ചെയ്യുകയാണെങ്കില്‍ ആ ഭാവം പുഷ്ടിപ്രാപിക്കും എന്നാണ്. രവി ചിങ്ങരാശിയെ ദൃഷ്ടി ചെയ്യുന്നത് കൊണ്ട് ആ രാശി ബാലമുള്ളതായ് തീരുന്നു. അങ്ങനെ മാനസികമായി ബാലമുള്ളവളും ശത്രുക്കളെയും പ്രതികൂല ഘടകങ്ങളെയും നേരിടാന്‍ പ്രാപ്തയുമായി തീരത്തു എന്ന് പറയാം.
കൂടാതെ മൂന്നാം ഭാവത്തെക്കുറിച്ച് പറയുന്നത്

"ധൈര്യം വീര്യം ച ദുര്‍ബുദ്ധി
സഹോദര പരാക്രമൌ" എന്നാണ്.

അതായത് മൂന്നാം ഭാവത്തിന്റെ ബലമാണ്‌ മുകളില്‍ പറഞ്ഞ ഫലങ്ങള്‍ കൂടിയായപ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കി.

ജയലളിതയുടെ അഞ്ചാം ഭാവം തുലാമാണ്. അഞ്ചാം ഭാവം കൊണ്ട് ചിന്തിക്കുന്നത് പ്രധാനമായും സന്താന വിഷയവും ഉന്നത വിദ്യാഭ്യാസവുമാണ്.

"പഞ്ചമ സംസ്ഥ പാപ
പുത്ര വിനാശ കരോതി ബലഹീന"

അഞ്ചാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ അത് സന്താന യോഗത്തെ ഇല്ലാതെയാക്കും. ജയലളിതയ്ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ദത്തു പുത്രനെ ഭാഗികമായ് ഉപേക്ഷിക്കെണ്ടിയും വന്നു. മെട്രിക്കുലേഷനു ഒന്നാം റാങ്കു വാങ്ങിച്ച മിടുക്കിയായ കുട്ടിക്ക് തുടര്‍ വിദ്യാഭ്യാസം ഉണ്ടായതുമില്ല.

വിവാഹ ഭാവമായ ഏഴാം ഭാവത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ധനുവാണ് ഏഴാം ഭാവം. ഏഴില്‍ ഏഴാം ഭാവധിപനായ ഗുരു നില്‍ക്കുന്നു. ഈ യോഗത്തെ ഹംസ യോഗമെന്നാണ് പറയുന്നത്. പക്ഷെ ഗുരുവിന്റെ കേന്ദ്രത്തിലെ സ്ഥിതി കേന്ദ്രാധിപത്യദോഷം പ്രദാനം ചെയ്യുന്നു. ഈ ജാതകത്തില്‍ ഗുരു ജാതകക്ക് തീര്‍ത്തും അനുകൂലനല്ല എന്നര്‍ത്ഥം. കൂടാതെ അവരുടെ വിവാഹ ജീവിതം ഇല്ലാതെയാകുകയും ചെയ്യുന്നു.
എന്നിരുന്നാലും ഹംസയോഗത്തിന്‍റെ ഗുണങ്ങള്‍ ലഭിക്കുന്നുമുണ്ട്.

"രക്താസ്യോന്നത നാസികസ്സുചരണോ ഹംസ: പ്രസന്നേന്ദ്രിയോ" എന്നാണു ഹംസയോഗ പ്രമാണം

ഭംഗിയുള്ള ചുവന്ന മുഖം, നീളമുള്ള നാസിക, ഭംഗിയുള്ള കാലുകള്‍, മനോഹരമായ ശരീരം, ആഴത്തിലുള്ള അറിവ് തുടങ്ങിയവയാണ് രാജ യോഗമായ ഹംസയോഗം ജയലളിതയ്ക്ക് നല്‍കിയത്.

"ഹോരാ സ്വാമിഗുരുജ്ഞവീക്ഷിതയുതാ
നാനൈ്യശ്ച വീര്യോത്കട"

ലഗ്നത്തെ ഗുരു ദൃഷ്ടി ചെയ്യുകയാണെങ്കില്‍ ലഗ്നത്തിനു കൂടുതല്‍ ബലമുണ്ടാകും. ഇതാണ് ജയലളിതയെ ശക്തയായ ഒരു വ്യക്തിത്വത്തിനു ഉടമയാക്കിയത്. വ്യക്തി ജീവിതത്തിലും അധികാരസ്ഥാനങ്ങളിലും ജയലളിത അതിശക്തയായ സ്ത്രീ ആയിരുന്നെന്നു ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന കാര്യമാണ്.

ശുക്രന്‍ ഈ ജാതകത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കേണ്ട ഗ്രഹമാണ്. ശുക്രന്‍ നില്‍ക്കുന്നത് ജയലളിതയുടെ കര്‍മ്മസ്ഥാനമായ പത്താം ഭാവത്തിലാണ്. സാധാരണ നിലയില്‍ തന്നെ മിഥുനരാശിക്ക് ശുക്രന്‍ അനുകൂലനാണ്. ഇവിടെ ഉച്ചനായ് കേന്ദ്രസ്ഥിതനായി കര്‍മ്മസ്ഥാനത്ത് നില്‍ക്കുന്നു. ഇതൊരു രാജയോഗമാണ്, മാളവ്യയോഗം. കലാപരമായ കഴിവുകള്‍ പറയുന്നത് ശുക്രനെ കൊണ്ടാണ്. കലാപരമായ മേഖലയിലാണ് ജയലളിത അവരുടെ കര്‍മ്മപഥം തുടങ്ങിയത്. അതില്‍ നിന്ന് മാറി മറ്റൊന്നിലേക്കു കടക്കുന്നത് വരെ ആ മേഖലയില്‍ ഏറ്റവും ഔന്നത്യലായിരുന്നു അവരുടെ സ്ഥാനം. കൂടാതെ അഞ്ചു പ്രാവശ്യം തമിഴ്നാടിന്‍റെ മുഖ്യമന്ത്രി ആവുകയും ചെയ്തു. മാത്രമല്ല കേന്ദ്ര ഗവണ്മെന്ടുകളില്‍ അവശ്യഘട്ടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും ജയലളിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സാരാവലി 37-29 ല്‍ പറയുന്നത്
"ജാനുദേശപ്ത പാണി
മാളവ്യോയം വിലസതി
നൃപ സപ്തതിര്‍ വത്സരാനം"

മാളവികയോഗത്തിനു പറയുന്നത് ദീര്‍ഘമായ കൈകളും 70 വയസ്സുവരെ രാജാവിനെ പോലെ ജീവിക്കാനുള്ള ഭാഗ്യവും ഉണ്ടാകും.

ജയലളിതയ്ക്കുള്ള മറ്റൊരു യോഗം ശശിമംഗളയോഗം എന്ന സര്‍വ്വഐശ്വര്യവും പ്രദാനം ചെയ്യുന്ന യോഗമാണ്. ഈ യോഗമാണ് ജയലളിതയ്ക്ക് അളവറ്റ വസ്തു വകകളും സമ്പത്തും നല്‍കിയത്.

കൂടാതെ ഏഴിലെ ഗുരു രാജ്യാന്തര പ്രശസ്തി നല്‍കി. തമിഴ് ജനങ്ങള്‍ക്ക് ജയലളിത അവരുടെ അമ്മ ആയിരുന്നു. ചന്ദ്രന്‍ ആണ് അമ്മയെക്കുറിച്ച് ചിന്തിക്കേണ്ടതായ ഗ്രഹം. ചന്ദ്രന്‍ ജയലളിതയുടെ ജാതകത്തില്‍ പക്ഷ ബലത്തോടെ നില്‍ക്കുന്നു.
"മനോമാതരം ശീതാഗു" എന്നാണല്ലോ

ജയലളിത 140 ല്‍ പരം സിനിമകളില്‍ 1961 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അഭിനയിച്ചിട്ടുണ്ട്. കലയുമായ്‌ ബന്ധമുള്ള കര്‍മ്മത്തില്‍ ഉച്ചനായിട്ടുള്ള ശുക്രന്‍റെ ദശയിലാണ് ജയലളിത സിനിമ ജീവിതം ആരംഭിച്ചത്. സൂര്യ ദശയിലും ചന്ദ്ര ദശയിലും നായിക വേഷങ്ങളിലാണ് പ്രധാനമായും അഭിനയിച്ചിരുന്നത്.

1982ല്‍ ചന്ദ്ര ദശയില്‍ ശനിയുടെ അപഹാരത്തിലാണ് അവരുടെ രാഷ്ട്രീയ പ്രവേശനം. ശനിയെ കൊണ്ട് പറയുന്നത് അനുചരരെക്കുറിച്ചും ഭൃത്യരേക്കുറിച്ചുമാണ്

1991 ല്‍ ജയലളിത തമിഴ്നാടിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയി തീര്‍ന്നു. അഭിഷ്ടസ്ഥാനാധിപനായ കുജന്‍റെ ദശയിലായിരുന്നു അവര്‍ മുഖ്യമന്ത്രി ആയത്.

1996ല്‍ അവരുടെ പാര്‍ട്ടിയെ തമിഴ് ജനത തൂത്തെറിഞ്ഞപ്പോള്‍ ജയലളിത രാഹുര്‍ ദശയില്‍ രാഹുവിന്‍റെ അപഹാരമായിരുന്നു.

2001 ല്‍ ജയലളിത വിജയിച്ചു മുഖ്യമന്ത്രി ആയി. 2011ല്‍ ജയലളിത വീണ്ടും അധികാരത്തില്‍ വന്നു. പക്ഷെ 27 സെപ്റ്റംബറില്‍ 2014 നു ജയലളിതയെ നാലു വര്‍ഷം ശിക്ഷിക്കപ്പെട്ടു. എന്നാലും ഉടനെ തന്നെ കുറ്റവിമുക്തയാക്കി.

2016 ല്‍ ജയലളിത വീണ്ടും അധികാരത്തില്‍ എത്തി. പക്ഷെ ആ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ അവര്‍ രോഗബാധിതയായി. 75 ദിവസത്തെ ആശുപത്രി വാസത്തിനിടയ്ക്ക് ഹൃദയരോഗബാധിതയായ് ഡിസംബര്‍ അഞ്ചിന് സംഭവബഹുലമായ ജീവിതം അവസാനിച്ചു

യഥാര്‍ത്ഥത്തില്‍ ജയലളിതയ്ക്ക് 13/10/2014 മുതല്‍ ഗുരു ദശയില്‍ ശനിയുടെ അപഹാരം തുടങ്ങിയിരുന്നു. ഗുരു മുന്‍പ് പറഞ്ഞത് പോലെ ജയലളിതയുടെ എഴാം ഭാവധിപനാണ് അഥവാ മാരകാധിപനാണ്. ശനി എട്ടാം ഭാവധിപനും അഥവാ രോഗഭാവധിപനും. ഈ സമയം ജയലളിതയ്ക്ക് വളരെ ചീത്ത സമയമായിരുന്നു. ഈ അപഹാരം തീരുന്നത് 25/4/2017 ല്‍ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ജയലളിതയ്ക്ക് ഈ സമയം കടക്കുവാന്‍ സാധിക്കാതെ മരണത്തിനു കീഴടങ്ങി.

രണ്ടാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ച കുട്ടി
കൌമാരത്തില്‍ പത്ത് വര്‍ഷക്കാലം അമ്മയെ വേറിട്ടു വളര്‍ന്ന കുട്ടി
പഠനത്തില്‍ അതീവ സമര്‍ത്ഥയായിട്ടും പഠിക്കാന്‍ കഴിയാതെ പോയവള്‍
23മത്തെ വയസ്സില്‍ അമ്മയെയും നഷ്ടപ്പെട്ടവള്‍
പുരുഷ മേധാവിത്വം നിറഞ്ഞ സിനിമാ രാഷ്ട്രീയ മേഖലയില്‍ വിമര്‍ശനങ്ങളെ നേരിട്ടു ഒരു സിംഹിയെപോലെ രാജകീയമായി ജീവിച്ച വ്യക്തിത്വം.
വിവാഹമോ മക്കളോ ഒന്നും ഇല്ലാതെ ജീവിച്ച സ്ത്രീ കോടികണക്കിനു തമിഴര്‍ക്കു സ്നേഹ പൂര്‍വ്വം അമ്മയായി അവരെ നയിച്ച വ്യക്തിത്വം
ജയലളിത അസാധാരണ വ്യക്തിത്വമായിരുന്നു

"മൃത്യോര്‍മാ അമൃതം ഗമയ"
ആത്മാവിനു ശാന്തി നേരുന്നു.

 

Consult S. Unnikrishnan >>


എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories