2025 മാർച്ച് 29 ന് ശനി സ്വക്ഷേത്രമായ കുംഭം രാശിയിൽ നിന്ന് ഗുരു ക്ഷേത്രമായ മീനത്തിലേയ്ക്ക് കടക്കുന്നു. രണ്ടര വർഷത്തിനു ശേഷമാണ് ശനി രാശി മാറുന്നത് . ഈ മാറ്റം ഓരോ രാശിക്കാരെയും എപ്രകാരം സ്വാധീനിക്കുമെന്ന് നോക്കാം. ഓരോ വ്യക്തിയുടേയും ജാതകത്തിലെ ശനിയുടെ ബലത്തിനനുസരിച്ച് ദോഷഫലങ്ങൾക്ക് മാറ്റമുണ്ടാകാം. കൂടാതെ ശനി ന്യായവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് അന്യായം, അനീതി എന്നിവ പ്രവർത്തിക്കുന്നവർക്ക് അശുഭസ്ഥിതി കൂടുതൽ മാരകമായി തീർന്നേക്കാം.
ജ്യോതിഷഫലങ്ങൾ ഗ്രഹസ്ഥാനം, ഗ്രഹബലം, ദൃഷ്ടി, യോഗങ്ങൾ എന്നീ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് ശനിയുടെ ഗോചരഫലത്തോടൊപ്പം അവനവന്റെ ദശാ അപഹാര ഫലങ്ങൾ , ഗുരു ഗോചരഫലങ്ങൾ,ജാതകത്തിലെ ശനിയുടെ ബലം എന്നിവ കൂടി അടിസ്ഥാനമാക്കിയുള്ള ഫലപ്രവചനമായിരിക്കും കൂടുതൽ അനുഭവയോഗ്യമാകുന്നത്. ജ്യോതിഷപരമായ പരിഹാരങ്ങൾ ദോഷഫലങ്ങളെ കുറയ്ക്കുകയും ഗുണഫലങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും.
മേടം രാശി (അശ്വതി, ഭരണി , കാർത്തിക കാൽ)
മേടം രാശിക്കാർക്ക് ഏഴര ശനി തുടങ്ങുകയാണ്. രണ്ടര വർഷക്കാലമാണ് ശനി ഒരു രാശിയിൽ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഏഴരശനിയുടെ ആദ്യഭാഗം താരതമ്യേനെ ദോഷഫലങ്ങൾ കുറഞ്ഞിരിക്കും. അധികരിച്ച ചെലവ്, അപ്രതീക്ഷിതമായ ധനനഷ്ടങ്ങൾ എന്നിവ അനുഭവത്തിൽ വന്നേക്കും. യാത്ര ദുരിതങ്ങൾ, ദൂരയാത്രകൾ എന്നിവ ഉണ്ടായേക്കാം. സഹോദര സ്ഥാനത്തുള്ളവരിൽ നിന്ന് തിക്താനുഭവങ്ങളോ അകൽച്ചയോ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്. വെല്ലുവിളികളെ സമചിത്തതയോടെ നേരിടുക.
ഇടവം (കാർത്തിക മുക്കാൽ , രോഹിണി , മകീര്യം അര)
ഈ രാശിക്കാർക്ക് കണ്ടക ശനി കഴിഞ്ഞ് ശനി അഭീഷ്ട സ്ഥാനത്തേയ്ക്ക് വരുന്നു. അടുത്ത രണ്ടര വർഷക്കാലം ശനി അനുകൂലനായിരിക്കും. ലഭിക്കാതിരുന്ന സ്ഥാനമാനങ്ങളും ഉദ്ദ്യോഗകയറ്റവും വന്നു ചേർന്നേക്കും. കഴിഞ്ഞ രണ്ടര വർഷമായി അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങൾക്ക് അറുതി ഉണ്ടാവും. അനുചരവൃന്ദങ്ങൾ വന്നുചേരും. കർമരംഗത്ത് ഉയർച്ചയുണ്ടാകും. പുതിയ പദ്ധതികളുടെ ഭാഗമാകുവാൻ സാധിമാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകുവാൻ സാധിച്ചേക്കും. യാത്രകളും കൂടിക്കാഴ്ചകളും ലാഭം തന്നേക്കും. ശനിയ്ക്ക് നീതിയുടെയും ന്യായത്തിന്റെയും കാരത്വമുള്ളതു കൊണ്ട് അന്യായ പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക.
മിഥുനം (മകീര്യം അര, തിരുവാതിര, പുണർതം മുക്കാൽ)
ഈ രാശിക്കാർക്ക് കണ്ടകശ്ശനി തുടങ്ങുകയാണ്. കർമരംഗത്ത് ശ്രദ്ധ വേണ്ടിവന്നേക്കും. ധനചിലവ് നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കും. ചെലവുകളിൽ നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കും. ജോലിയിൽ അസന്തുഷ്ടി അനുഭവപ്പെടും. പുതിയ പദ്ധതികൾക്ക് കാലതാമസം നേരിട്ടേക്കാം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരും. എല്ലാദിവസവും വ്യായാമത്തിന് സമയം കണ്ടെത്തുക. സാമ്പത്തികഞെരുക്കം വരുമ്പോൾ ലോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ പരമാവധി ഉപയോഗിക്കാതെ നോക്കുക.
കർക്കിടകം (പുണർതം കാൽ, പൂയ്യം, ആയില്യം)
ഈ രാശിക്കാർക്ക് ശനി 9 ലേക്ക് കടക്കുന്നു. അഷ്ടമശനി കഴിയുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം നൽകിയേക്കും. എങ്കിലും കൃത്യമായ വ്യായാമം, വൈദ്യപരിശോധനകൾ എന്നിവ വേണ്ടിവന്നേക്കും. നീതി കൃത്യമായാണോ പാലിക്കപ്പെടുന്നത് എന്ന് സംശയം ഉടലെടുക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. കർമരംഗത്ത് ഒരു മെല്ലെപ്പോക്ക് അനുഭവപ്പെട്ടേക്കാം. പ്രവൃത്തികൾ പൂർത്തിയാക്കാൻ കഠിന ശ്രമങ്ങൾ വേണ്ടിവന്നേക്കും. ചില സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുവാൻ സാധിക്കാത്ത സ്ഥിതിയും ഉണ്ടായേക്കാം. ചെലവ് അധികരിക്കുവാനും സാധ്യത കാണുന്നു.
ചിങ്ങം (മകം , പൂരം , ഉത്രം കാൽ)
ഈ രാശിക്കാർക്ക് കണ്ടകശനി കഴിഞ്ഞ് അഷ്ടമശനിയാകുന്നു. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് വരുന്നത്. അസുഖങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുവാൻ സാധ്യതയുണ്ട്. കൃത്യമായ വ്യായാമം, ഔഷധസേവ എന്നിവ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക. അസുഖങ്ങൾ വന്നാൽ കൃത്യമായി പരിശോധനകൾ നടത്തി ചികിത്സ തേടേണ്ടതാണ്. ചികിത്സാ ചിലവ് ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കുടുംബാംഗങ്ങൾക്കും താങ്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. ധന നഷ്ടത്തിന് സാധ്യതയുള്ളതുകൊണ്ട് അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്. യോഗ, ധ്യാനം തുടങ്ങിയവലൂടെ മനസ്സിനെ ബലപ്പെടുത്തി വെല്ലുവിളികളെ ഫലപ്രദമായി നേരിടുക.
കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)
കന്നിരാശിക്കാർക്ക് കണ്ടകശനി തുടങ്ങുകയാണ്. ശത്രുക്കൾ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. പങ്കാളി ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടിവന്നേക്കും. ദൂര യാത്രകൾക്ക് സാധ്യതകാണുന്നു. യാത്രാ ദുരിതങ്ങൾക്ക് സാധ്യതയുള്ളതു കൊണ്ട് യാത്രകൾ കൃത്യമായി തയ്യാറെടുത്ത് മാത്രം നടത്തുക. ചിലവുകൾ കൂടാൻ സാധ്യതയുണ്ട്. അപ്രതീക്ഷിത ധനവിനിയോഗം വേണ്ടിവന്നേക്കും. മറ്റുള്ളവരുടെ ബാധ്യതകൾ ഏറ്റെടുക്കാതിരിക്കുവാൻ ശ്രമിക്കുക . കർമരംഗത്ത് കഠിനാധ്വാനം വേണ്ടിവന്നേക്കും.
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ)
തുലാം രാശിക്കാർക്ക് ശനി ആറിലേയ്ക്ക് കടക്കുന്നു. കുറച്ചുകാലമായി അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾക്ക് വിരാമമാകും. ശത്രുക്കൾ നിഷ്പ്രഭരാകും. കർമ്മരംഗത്ത് മത്സരസ്വഭാവത്തിന് കുറവുണ്ടാകും. ധനപരമായി അഭിവൃദ്ധി പ്രാപിക്കും. പുതിയ പദ്ധതികൾ വന്നുചേരും. കർമ്മ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുവാനും അംഗീകാരങ്ങൾ ലഭികുവാനും സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)
ശനി അഞ്ചിലേയ്ക്ക് കിടക്കുന്നു. കഴിഞ്ഞ കണ്ടക ശനിയെക്കാൾ ഭേദമാണെങ്കിലും ഗുണഫലങ്ങൾ കുറഞ്ഞിരിക്കും. കർമ്മരംഗത്ത് പദ്ധതികൾക്ക് കാലതാമസമുണ്ടായേക്കാം. സാമ്പത്തിക നഷ്ടത്തിനു സാധ്യതയുള്ളതുകൊണ്ട് പദ്ധതികൾ കൃത്യമായി പഠിച്ച് ശേഷം മാത്രം തുടങ്ങുക, സന്താനങ്ങൾ അകന്നു ജീവിക്കുന്ന സ്ഥിതി വന്നേക്കാം. അനാവശ്യ ചിന്തകൾ മനസുഖം കെടുത്തിയേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ)
ധനു രാശികാർക്ക് കണ്ടകശനിയാണ് വരുന്നത്. കഴിഞ്ഞകാലത്ത് അനുഭവിച്ചിരുന്ന അനുകൂലതകൾ കുറഞ്ഞിരിക്കും. ജീവിതപങ്കാളിയുടെ ബന്ധുക്കളുമായി വാഗ്വാദം ഉണ്ടായേക്കാം. ബന്ധുജനങ്ങൾ അകന്നുപോകുന്നതായി അനുഭവപ്പെട്ടേക്കാം. അനാവശ്യ വഴക്കുകളിൽ പെട്ടു പോകാതെ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണ്ടിവന്നേക്കും. എല്ലാ മേഖലയിലും ഒരു മെല്ലെപ്പോക്ക് അനുഭവപ്പെട്ടേക്കാം.
മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)
മകരം രാശിക്കാർക്ക് ഏഴരശ്ശനി തീരുകയാണ്. സാമ്പത്തിക ഭദ്രത അനുഭവപ്പെടും. കർമ്മരംഗത്ത് ഉദ്യോഗകയറ്റവും അംഗീകാരവും ലഭിച്ചേക്കും. കീഴ് ജീവനക്കാരുടെ സഹായത്തോടെ കർമ്മരംഗത്ത് പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും. കുറച്ചു വർഷങ്ങളായി അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കും.
കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ)
ഈ രാശിക്കാർക്ക് ഏഴരശ്ശനിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ കാലത്തേക്കാൾ ചെറിയ ആശ്വാസം എല്ലാ മേഖലയിലും അനുഭവപ്പെട്ടേക്കാം. എങ്കിലും ലഭിക്കേണ്ട സ്വത്ത് കയ്യിൽ വരുവാൻ കാലതാമസം നേരിട്ടേക്കാം. പല അവസരങ്ങളിലും ചെലവ് വരവിനെക്കാൾ ഏറിയിരിക്കും. ശത്രുക്കളുടെ കുതന്ത്രങ്ങൾ അനുഭവപെട്ടേക്കാം. യാത്രകൾ ഫലപ്രദമല്ലാതെ വന്നേക്കാം. യാത്രകളിലും അല്ലാത്തപ്പോഴും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഏഴരശ്ശനിയുടെ മൂർദ്ധന്യാവസ്ഥയിലാണ്. എല്ലാ മേഖലയിലും ശ്രദ്ധ വേണ്ട സമയമാണിത്. അസുഖങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് മികച്ച ചികിത്സ ഉറപ്പാക്കുക.. ധന നഷ്ടം വരാതെ എല്ലാ മേഖലകളും കൃത്യമായി പഠിച്ചു ധനം മുടക്കുക. വിദ്യുച്ഛക്തി, അഗ്നി എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ദൂരെ സഞ്ചാരങ്ങൾക്ക് സാധ്യത കാണുന്നു. ഈ സന്ദർഭങ്ങളിൽ പ്രത്യേകശ്രദ്ധ വേണ്ടിവന്നേക്കും.