ജ്യോതിഷം

ധനു രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും


ധനു രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും

രാശിചക്രത്തിലെ 9-ാം രാശിയും അവസാന അഗ്നിരാശിയും പുരുഷരാശിയുമായ ധനുവിന് വളരെയേറെ സവിശേഷതകളുണ്ട്. പുരാണങ്ങളില്‍ ദേവമ്മാരുടെ ഗുരുവും ഉപദേഷ്ഠവുമായ വ്യാഴഭഗവാനാണ് ധനുരാശിയുടെ അധിപതി. പല പുരാണങ്ങളിലും വ്യാഴത്തെ ബ്രഹസ്പതി എന്നും പരാമര്‍ശിച്ചിട്ടണ്ട്. വിഷ്ണു പുരാണത്തില്‍ ദൈവഗുരു എന്നും, ഋഗ്വെവേദത്തില്‍ ഗുരു ഏഴു നിറങ്ങളുള്ള ഏഴു മുഖത്തോടുകൂടി ആകാശത്ത് തനിയേ ജനിച്ചതാണെന്നും പരാമര്‍ശമുണ്ട്. സ്‌കന്ദ പുരാണത്തില്‍ ബ്രഹസപതി ആയിരത്തിലധികം വര്‍ഷങ്ങള്‍ ശിവനെ തപസ്സു ചെയ്തൂവെന്നും അതില്‍ പ്രസാദിച്ച് ശിവഭഗവാന്‍ അദ്ദേഹത്തെ നവഗ്രഹങ്ങളില്‍ പ്രധാനിയായി വാഴിച്ചൂയെന്നാണ് പറയുന്നത്. ശിവപുരാണത്തില്‍ പറയുന്നത് ഋഷി അംഗിരസ്സ് - വസൂദ ദമ്പതികള്‍ക്ക് ജനിച്ച എട്ടു പുത്രന്‍മാരില്‍ ഒരാളാണ് വ്യാഴഭഗവാന്‍. ശിവനെ തപസ്സ് ചെയ്ത് നേടിയ ജ്ഞാനമാണ് അദ്ദേഹത്തിന് ദേവഗുരു എന്ന സ്ഥാനം നേടിക്കൊടുത്തത്. വ്യാഴഭഗവാന്റെ രൂപത്തെ പറ്റി പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. എട്ടു കുതിരകളാല്‍ വലിക്കുന്ന രഥത്തില്‍ സഞ്ചരിക്കുന്നതായിട്ടാണ്. കാരണം എട്ടു കുതിരകള്‍ എന്നത് എട്ടു വിവിധ വിഷയങ്ങളിലുള്ള അറിവാകാം.

ജ്യോതിഷത്തില്‍ വ്യാഴം അഥവാ ഗുരുവിനെ അറിയപ്പെടുന്നത് അഥവാ ചിന്തിക്കുന്നത് ധനം, സന്താനങ്ങള്‍, ബുദ്ധി, ചൈതന്യം, ശ്രേഷ്ഠത, കീര്‍ത്തി, ദൈവഭക്തി, സാത്വികഭാവം, സുഖസൗഭാഗ്യങ്ങള്‍ തുടങ്ങിയവയുടെ കാരകനായിട്ടാണ്. പ്രശ്‌നത്തില്‍ വ്യാഴം നല്ല സ്ഥാനത്ത് നില്ക്കുന്നെങ്കില്‍ പ്രഷ്ഠാവിന് ഈശ്വരാനുഗ്രഹം ഉണ്ടെന്ന് പറയും. മേല്‍പ്പറഞ്ഞതെല്ലാം ധനുരാശിയുമായി ബന്ധപ്പെട്ടതാണ്. ഇനി ധനുവിന്റെ രാശിസ്വരൂപം ശ്രദ്ധിക്കാം. പകുതി കുതിരയും മുമ്പിലെ പകുതി പുരുഷനുമാണ്. പുരുഷന്റെ കൈയ്യില്‍ അമ്പും വില്ലും കാണാം, കൂടാതെ വില്ലില്‍ അമ്പു കുലച്ചു എയ്യാനായി ഉന്നം നോക്കുന്നുമുണ്ട്. ഇത് ഇക്കൂട്ടര്‍ എപ്പോഴും ഒരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരായിരിക്കും എന്ന് നമുക്ക് കാണിച്ചു തരുന്നുണ്ട്.

ധനു രാശിക്കാരുടെ സ്വഭാവവും അതിലെ പ്രായോഗിക പരിഹാരങ്ങളും.

ഇനി ഇവരുടെ ആകൃതിയെപ്പറ്റി ആചാര്യമ്മാര്‍ പറയുന്നത് ശ്രദ്ധിക്കാം. സാമാന്യമോ അതിലധികമോ പൊക്കം, നീണ്ട കഴുത്ത്, വലിയ ചുണ്ട്, മൂക്ക്, ചെവി, ഉരുണ്ട് താഴോട്ട് നീണ്ട മുഖം, നീല നേത്രങ്ങള്‍, വിസ്താരമേറിയ നെറ്റി, കഷണ്ടിയോ, നരയോ മദ്യവയസ്സില്‍ വരാന്‍ സാധ്യത - ഇവയൊക്കെയാണ് പൊതുവായ കാര്യങ്ങള്‍.

ധനു രാശിക്കാര്‍ പൊതുവേ ജീവിതത്തിനോട് ഒരു പോസിറ്റീവ് ഔട്ട്‌ലുക്ക് വച്ചുപുലര്‍ത്തുന്നവരാണ്. എപ്പോഴും ഉത്സാഹഭരിതരായ ഇവര്‍ക്ക് പുതിയ അനുഭവങ്ങളും, പുതിയ സാഹചര്യങ്ങളും ഹരമാണ്. വളരെ വലുതായി ചിന്തിക്കാനും ആ ലക്ഷ്യം നേടുന്നതിനു വേണ്ടി പരിശ്രമിക്കാനും അതില്‍ വരുന്ന പരാജയങ്ങളെ കണക്കാക്കാതെ മുന്നോട്ട് പോകുവാനും ഇവര്‍ മിടുക്കരാണ്. ന്യായ വാദികളായ ഇവര്‍ സത്യവാമ്മാരും, ആത്മാര്‍ത്ഥതയുള്ളവരും, വിശാലമനസ്‌കരുമാണ്. സാധാരണ കര്‍ട്ടനു പുറകില്‍ നില്‍ക്കാന്‍ ഇഷ്ഠപ്പെടുന്ന ഇവര്‍ സ്വയം ന്യായമാണെന്നു തോന്നുന്ന കാര്യത്തിനു വേണ്ടി വിപ്‌ളവം സൃഷ്ഠിക്കുവാനും മടിക്കില്ല. ആധുനികതെ ഇഷ്ഠപ്പെടുന്നവരായ ഇവര്‍ കടുത്ത ദൈവ ഭക്തരുമാണ്. സഞ്ചാരപ്രിയരായ ഇവര്‍ വിദേശികളെ ഇഷ്ഠപ്പെടുകയും അവരുമായി കച്ചവട സാധ്യതകള്‍ ആരായുവാനും താല്പര്യം കാണിക്കും. ഭരിക്കപ്പെടാനല്ല, ഭരിക്കാനാണ് ജനിച്ചതെന്ന ഭാവം ഇവര്‍ക്ക് പലപ്പോഴും അപകടം വരുത്തിവക്കാറുണ്ട്. എപ്പോഴും മാറ്റങ്ങള്‍ ഇഷ്ഠപ്പെടുന്നവരുമാണ്. അതില്‍ കൂടുതലും വിജയിക്കുകയും ചെയ്യും. ദൈവീക കാര്യങ്ങള്‍ക്കു എന്തു പരിഹാരവും ചെയ്യാനും ഇവര്‍ തയ്യാറായേക്കും. ലൈഗീക കാര്യങ്ങളില്‍ മിടുക്കരായ ഇവരുടെ ജീവിത പങ്കാളി ദൈവവിശ്വാസിയും, വീടിനു വിളക്കായവരുമായിരിക്കും.

ഇനി രാശിക്കും രാശിനാഥനും ബലക്കുറവോ, പാപദൃഷ്ഠിയോ ഉണ്ടെങ്കില്‍ ഇവരെ സഹിക്കുന്ന കാര്യം വളരെ പ്രയാസമാണ്. ഇക്കൂട്ടര്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ അമ്പലങ്ങളില്‍ പോകാന്‍ മടിയുള്ളവരാണ് ഇവര്‍ പകരം സ്വകാര്യ അമ്പലങ്ങള്‍ അഥവാ ജീവിച്ചിരിക്കുന്ന ദൈവങ്ങളെ സന്ദര്‍ശിക്കുകയും ധാരാളം ധനവ്യയം ചെയ്യുകയും ചെയ്യും. ചുരുക്കത്തില്‍ ഇവര്‍ ചൂഷണവിധേയരാകും. സ്വയം പുക്‌ഴത്തിയല്ല മറ്റുള്ളവരുടെ ബഹുമാനം പിടിച്ചു വാങ്ങേണ്ടത്, പകരം മറ്റുള്ളവരെ ബഹുമാനിച്ചാല്‍ അവരും നമ്മെ ബഹുമാനിക്കും എന്ന തത്വം ഓര്‍മ്മിച്ചിരിക്കുന്നത് നന്ന്.. ജീവിതത്തില്‍ എന്നും തിരക്കുള്ള ആള്‍ ഞാന്‍ മാത്രമാണെന്ന ചിന്ത, ഞാന്‍ കാരണമാണ് മറ്റുള്ളവര്‍ ജീവിക്കുന്നത് എന്ന ചിന്ത തുടങ്ങിയവ നമ്മെ മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യനാക്കാന്‍ മാത്രമേ ഉപകരിക്കയുള്ളൂ. സ്‌നേഹം ശരിക്കും പ്രകടിപ്പിക്കാനുള്ളതാണ്. പ്രത്യേകിച്ചും ജീവിത പങ്കാളിയോടും സന്താനങ്ങളോടും അല്ലാതെ മനസ്സില്‍ വച്ചു പെരുമാറാനുള്ളതല്ല. വെറുതേ ഇയ്യാള്‍ ഒരു മുരടനാണ് എന്ന പഴി മാത്രം മിച്ചം ലഭിക്കും. ഇവരില്‍ പലരും വീ്ട്ടിലെ പ്രശ്‌നങ്ങളില്‍ നിന്നും മാറി നില്കാനായി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് സഞ്ചാരം. അല്ലാതെ പ്രശ്‌നപരിഹാരത്തിനു വേണ്ടത്ര ശ്രദ്ധ കാണിക്കാറില്ല. അതു വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ഠിക്കും. പ്രശ്‌നങ്ങളി.നിന്നും ഒളിച്ചോടുന്നത് ഒന്നിനും പരിഹാരമല്ല. അതുപോലെ ബെഡ്‌റൂമില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ തീര്‍ക്കാന്‍ ശ്രമിക്കണം. കുത്തഴിഞ്ഞ ലൈഗീംകതയും നിയന്ത്രിക്കണം.

മുന്‍കോപവും ക്ഷമയില്ലായ്മയുമാണ് ഇവരെ അലട്ടുന്ന വേറൊരു പ്രശ്‌നം. സഹപ്രവര്‍ത്തകരില്‍ നിന്നും വളരെ പെട്ടെന്നു ഫലം പ്രതീക്ഷിക്കുന്ന ഇക്കൂട്ടര്‍ അവരുടെ മറ്റു പ്രശ്‌നങ്ങളെപ്പറ്റി അറിയാന്‍ താല്പര്യം കാട്ടാറില്ല. അത് അവരുടെ നിസ്സഹരണത്തില്‍ കലാശിക്കും. എന്നിട്ട് മറ്റുള്ളവര്‍ എല്ലാം മറച്ചുവക്കുകയാണെന്നു പരാതിയും ഉന്നയിക്കും. വ്യാഴഭഗവാന്റെ അനുഗ്രഹമുള്ളതിനാല്‍ ഭാഗ്യത്തിന് കുറവുണ്ടാകില്ല. അങ്ങനെ കിട്ടുന്ന ധനം കഴിയുന്നതും തന്‍പ്രമാണിത്വം കാണിക്കാന്‍ വേണ്ടി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്ന പ്രമാണം ഇവരുടെ നിഘണ്ടുവില്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും പരാജയം ഏറ്റു വാങ്ങേണ്ടി വരും. ആരെയും സഹായിക്കുന്ന പ്രകൃതക്കാരാണിവരെങ്കിലും സ്വന്തം സംസാരരീതി കൊണ്ടുമാത്രം സഹായം ലഭിച്ചവരില്‍ നിന്നു കൂടി പഴി കേള്‍ക്കേണ്ടി വരും.

ജീവിത പങ്കാളി - പൊതുവേ ആത്മവിശ്വാസം കൂടുതലുള്ള ധനു രാശിക്കാര്‍ ധീരതയെ ആദരിക്കുകയും ആവേശത്തേയും വിനോദത്തേയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്. നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാനൊന്നും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. അതിനാല്‍ ഇവരെ അനുസരിപ്പിക്കാനൊന്നും ശ്രമിച്ചിട്ട് കാര്യമില്ല. പല കാര്യങ്ങളിലും റിക്‌സ് എടുക്കുന്ന ഇവര്‍ മനസ്സിലുള്ളത് തുറന്നു പറയും. അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുമോയെന്നു ഇവര്‍ ശ്രദ്ധിക്കാറില്ല. വിശാലഹൃദയരായ ഇവര്‍ മുഖമൂടിയില്ലാതെ പെരുമാറുന്നവരാണ്. പല ഹോബികള്‍ ഉള്ളവരാണ് ഇക്കൂട്ടര്‍. വളര്‍ത്തുമൃഗങ്ങളോടും കുട്ടികളോടും ഒരു പ്രത്യേക വാത്സല്യമുണ്ടാകും. വിശാലഹൃദയരായ ഇവര്‍ മുഖമൂടിയില്ലാതെ പെരുമാറുന്നവരാണ്. നയപരമായി പെരുമാറാന്‍ ഇവര്‍ക്ക് വൈഭവം കുറവാണ്. പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ജിഞ്ജാസ ഇവരെ പല വിഷയങ്ങളിലും പാണ്ഡിത്യമുള്ളവരാക്കും. ഇവരെപ്പോലെ ചുറുചുറുക്കുള്ള ഒരാളാവണം പങ്കാളിയെന്നു ആഗ്രഹിക്കുന്നവരാണ്. ചെറിയ ചെറിയ കൂട്ടുകെട്ടുകള്‍ക്കൊന്നും താലപ്പര്യമില്ലാത്ത ഇവര്‍ വിവാഹത്തെ ദീര്‍ഘനാള്‍ നിലനില്‍ക്കേണ്ട വളരെ പവിത്രമായൊരു ബന്ധമായിട്ടാണ് കാണുന്നത്.

തൊഴില്‍ - ഇനി ഇവരുടെ തൊഴില്‍ കാര്യങ്ങളെപ്പറ്റി ആചാര്യമ്മാര്‍ എന്താണ് പറയുന്നതെന്നു നോക്കാം. വ്യാഴത്തിന്റെ സാത്ത്വികത്വം പറയുന്നത് നിയമം, അദ്ധ്യാപനം, തത്വചിന്തകര്‍, ദേവാലയങ്ങളിലെ തൊഴില്‍, ബാങ്ക് തുടങ്ങിയ ധന സ്ഥാപങ്ങളുമായി ബന്ധപ്പെട്ടവ, നേതൃത്വം ആവശ്യമുള്ള രാഷ്ട്രീയം, രാഷ്ട്രീയത്തിലെ ഉയര്‍ന്ന പദവികള്‍, മന്ത്രിമാര്‍ തുടങ്ങിയവയാണ്. രാശിസ്വരൂപം യുദ്ധക്കൊതിയാണ് കാണിക്കുന്നത്. ആധുനിക ലോകത്ത് അതിനെ യുദ്ധ പോരാളികളായും, സ്‌പോര്‍ട്ട്‌സ് താരങ്ങളായും കണക്കാക്കാം. കൂടാതെ ആയുധം ബന്ധപ്പെട്ട തൊഴിലുകളായും, ഉദാഹരണത്തിന് ഡോക്ടര്‍, പട്ടാളക്കാര്‍ തുടങ്ങിയവര്‍. രാശിനാഥനും, രാശിയും, രാശിസ്വഭാവവും അനുസരിച്ച് ഇവരുടെ പരീക്ഷണങ്ങള്‍ക്കുള്ള വ്യഗ്രത മറ്റു പലരും ചെയ്യാന്‍ അറക്കുന്ന വിചിത്രങ്ങളായ കച്ചവടങ്ങളും/തൊഴിലും ചെയ്യാന്‍ പ്രേരിപ്പിക്കും.

ഇനി ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കടക്കാം. അഗ്നിരാശിയായ ധനു രാശിയെ സംബന്ധിച്ച് വരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ നടുവിനെ ബാധിക്കുന്ന രോഗങ്ങള്‍, ഡിസ്‌കിനെ ബാധിക്കുന്ന രോഗങ്ങള്‍, തുടയെല്ലിനെ ബാധിക്കുന്നവ തുടങ്ങിയവയും വ്യാഴത്തിന് ബലക്കുറവാണെങ്കില്‍ ശരീരത്തിലെ കൊഴുപ്പിനെ സംബന്ധിച്ചുള്ളവ, തലച്ചോറ്, ശ്വാസകോശങ്ങള്‍, കരള്‍, മൂത്രപിണ്ഡം, ചെവി, നാക്ക്സം ബന്ധിച്ചുള്ള അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്.

ധനുരാശിക്കാരുടെ ഇഷ്ട ദിവസം വ്യാഴാഴ്ചയും ഭാഗ്യ ദിവസം ഞായറാഴ്ചയും, ധനപരമായ കാര്യങ്ങള്‍ക്കും സുഹൃദ്സ ന്ദര്‍ശനങ്ങള്‍ക്കും വെള്ളിയാഴ്ചയും, ആഡംബരം, വാഹനം, വീട് തുടങ്ങിയവ വാങ്ങാന്‍ വ്യാഴാഴ്ചയും ഉത്തമം. ജീവിത ഉയര്‍ച്ചക്ക് പ്രധാന ദിവസങ്ങളില്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതു ഉത്തമമായിരിക്കും. ധനു രാശിക്കാരുടെ ഭാഗ്യ നമ്പര്‍ 3 ആണ്. ഭാഗ്യ രത്‌നങ്ങള്‍ മഞ്ഞപുഷ്യരാഗം, ചെമ്പവിഴം, മാണിക്യം എന്നിവയാണ്. വ്യാഴം, ചൊവ്വ, രവി എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലഘട്ടങ്ങള്‍ പൊതുവേ ശോഭനമായിരിക്കും. ഇവര്‍ മഹാവിഷ്ണൂ, മുരുകന്‍, ശിവന്‍ എന്നീ ദേവതകളെ ഭജിക്കുന്നതും, മഞ്ഞപ്പട്ട്, കടല, മുല്ലപ്പൂക്കള്‍, തങ്കം എന്നിവ ദാനം ചെയ്യുന്നതും, വ്യാഴാഴ്ച ദിവസം വ്രതം എടുക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമാകുന്നു.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories