സദാനന്ദന്റെ സമയദോഷം
ഇപ്പോള്‍ കേരളകരയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ചുള്ള ജ്യോതിഷ വിശകലനം ജ്യോതിഷ വിശ്വാസികള്‍ക്ക് ആകാംഷയുണ്ടാക്കുമെന്നും അതിലൂടെ ജ്യോതിഷത്തിന്‍റെ പ്രസക്തി മനസ്സിലാക്കുവാന്‍ സാധിക്കുമെന്നത് വസ്തുതയാണ്. ഇവിടെ കൃത്യമായ ജനന സമയ വിവരങ്ങള്‍ അറിയാതെ, ജ്യോതിഷ പ്രവചനം നടത്തുന്നത് എത്രത്തോളം കൃത്യമായിരിക്കും എന്നത് ഒരു വെല്ലുവിളി തന്നെയാണ്. പക്ഷെ ജ്യോതിഷത്തില്‍ സാമാന്യഫലങ്ങള്‍ പറയാന്‍ ഇപ്പോള്‍ അറിയുന്ന വിവരങ്ങള്‍ മതിയാകും.
ഒരു ഗ്രഹം പ്രസ്തുത രാശിയില്‍ നില്‍ക്കുമ്പോള്‍ ജാതകന് ലഭിക്കുന്ന സ്വഭാവ സവിശേഷതകള്‍ ഈ ജാതകനിലും കൃത്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാം. ഇതില്‍ പറയുന്നത് ജ്യോതിഷ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളെ ഉദ്ധരിച്ചാണ്. ഇതില്‍ വ്യക്തിപരമോ മറ്റെവിടെയെങ്കിലും നിന്നും ലഭിച്ച അറിവുകളോ ഇല്ലയെന്നു ഉറപ്പു പറയുന്നു.
ചില വെബ്സൈറ്റുകളില്‍ നിന്ന് ലഭിച്ച പ്രകാരം ജാതകന്‍ ജനിച്ചിരിക്കുന്നത്1968, ഒക്ടോബര്‍ 27നു ഉച്ചക്ക് 12 മണിയെന്നാണ്. ഈ സമയം പ്രകാരം നക്ഷത്രം പൂരാടമാണ്. പക്ഷെ പ്രമുഖ പത്രത്തില്‍ കണ്ടത് ഉത്രം എന്നാണ്. ഉത്രം ആകുവാന്‍ സാധ്യതയില്ല. ഒരുപക്ഷേ ഉത്രാടം ആയിരിക്കാം. അത് കൊണ്ട് ഉത്രാടം വരുന്ന സമയമാണ് ഇവിടെ കണക്കാക്കുന്നത്. ജനിച്ച ദിവസം ആധികാരികമാണെങ്കിലും സമയം വിശ്വസനീയമല്ലാത്തത് കൊണ്ട്, ലഗ്നം അടിസ്ഥാനമാക്കി ഒരു പ്രവചനം സാധ്യമല്ല. ഒരു ജാതകത്തില്‍ ലഗ്നത്തിന്‍റെ പ്രാധാന്യം നിങ്ങള്‍ക്കറിയുന്നതായിരിക്കും. ഒരേ ദിവസം ജനിച്ച ഒരാള്‍ പണ്ഡിതനും മറ്റെയാള്‍ പാമരനും ആവുന്നത് ലഗ്നസ്ഥിതിയുടെ പ്രത്യേകത കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇതു ജാതകന്റെ പൂര്‍ണ്ണ പ്രവചനമായി ഇതിനെ കാണേണ്ടതില്ല.
ജാതകന്‍ ജനിച്ച ദിവസത്തിന്‍റെ ഗ്രഹനില താഴെ കൊടുക്കുന്നു.
ഈ ജാതക കുറിപ്പ് പ്രകാരം അദ്ദേഹം ജനിച്ചത് ഞായറാഴ്ചയാണ്.ഞായറാഴ്ച ജനിച്ചവര്‍ അവസരോചിതമായ പ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലെ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ കഴിവ് നേടിയെടുക്കും. ആത്മാര്‍ഥതയും പ്രായോഗിക ബുദ്ധിയും കലര്‍ന്ന സമീപനത്തിലൂടെ ഒപ്പമുള്ളവരുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കും. ഈ കഴിവുകള്‍ ജാതകന്റെ ജീവിതവുമായ് ചേര്‍ത്ത് വായിക്കാവുന്നതാണ്.
ഉത്രാടം നക്ഷത്രത്തില്‍ ആണ് ജനിച്ചത് എന്ന് കണക്കാക്കിയാല്‍ ജാതകന്‍ ഫലിത പ്രിയനും പ്രശസ്തനുമായിരിക്കും. കൂടാതെ എത്തിച്ചേരുന്നിടത്ത് സ്ഥിരമായ് നില്‍ക്കുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന തത്വം പല കാര്യങ്ങളിലും മേന്മ പ്രദാനം ചെയ്യും. അഭിമാന ബോധമുള്ളവനും പെരുമാറ്റത്തില്‍ വിനയവും ആത്മാര്‍ത്ഥവും പ്രദര്‍ശിപ്പിക്കുന്നവനുമായിരിക്കും.
ജനിച്ച തിഥി സപ്തമി ആയതു കൊണ്ട് നയരഹിതമായ സംസാരം കൊണ്ട് ധാരാളം ശത്രുക്കള്‍ ഉണ്ടായിരിക്കും. കൂട്ടുകെട്ടുകളിലൂടെ സത്പ്പേരിനു കളങ്കം സംഭവിക്കാം.
മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളും ജാതകന്‍റെ കാര്യത്തില്‍ ശരിയായി വന്നിരിക്കുന്നു. ഇപ്പോള്‍ തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും അയാള്‍ എത്തിച്ചേര്‍ന്ന മേഖലയില്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെയും കഠിന പ്രയത്നങ്ങള്‍ കൊണ്ടും ഒരു സ്ഥാനം കരസ്ഥമാക്കി.
ഇനി ചാരവശാല്‍ ജാതകന്‍റെ സമയം നോക്കാം. ഇതില്‍ പ്രധാനമായും കണക്കാക്കുന്നത് ഗുരുവിന്‍റെയും ശനിയുടെയും സ്ഥിതികളാണ്.ശനിയെ ക്കുറിച്ച് ചിന്തിക്കാം. ചില മാധ്യമങ്ങള്‍ അദ്ദേഹത്തിനു കണ്ടക ശനിയാണെന്ന് പറഞ്ഞിട്ടുണ്ട്. ശനി ചന്ദ്രാല്‍ നാല്, ഏഴ്, പത്ത് രാശികളില്‍ സഞ്ചരിക്കുന്ന കാലമാണ് കണ്ടക ശനി. പക്ഷെ ജാതകന് ഇപ്പോള്‍ കണ്ടക ശനിയല്ല മറിച്ചു ഏഴര ശനിയാണ്. ശനി ചന്ദ്രാല്‍ പന്ത്രണ്ട്, ലഗ്നം, രണ്ട് രാശികളില്‍ സഞ്ചരിക്കുന്ന കാലമാണ് ഏഴര ശനി.
22 ജൂണ്‍ 2017 മുതല്‍ 26 ഒക്ടോബര്‍ 2017 വരെ ശനി ചാരവശാല്‍ പന്ത്രണ്ടാം ഇടത്തില്‍ സഞ്ചരിക്കുന്നു.
ഏഴര ശനിയുടെ കാലമാണ്. കോളിളക്കം സൃഷ്ടിക്കാവുന്ന സമയമാണ്. ചുറ്റും കാണുന്നത് പ്രശ്നങ്ങളാണെന്ന് സ്വയം മനസ്സിലാക്കേണ്ട സമയമാണ്. ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പ്രവണത വര്‍ദ്ധിച്ചു വരും. ചെലവ് കൂടുതലായിരിക്കും. പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ വിവേചനശക്തിക്കു കുറവുണ്ടാകും. പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ പോകയാല്‍ സംഗതികള്‍ കൂടുതല്‍ കുഴപ്പത്തിലാകും. പ്രസ്തുത സന്ദര്‍ങ്ങളില്‍ അതിസൂക്ഷ്മ നിരീക്ഷണവും ജാഗ്രതയും ആവശ്യമായി വരും.
2022 ഏപ്രില്‍ 29 വരെയാണ് ജാതകന് ഏഴര ശനി. എങ്കിലും 2019 ല്‍ ജാതകന്‍ തിരിച്ചു വരവിന്‍റെ പാതയിലായിരിക്കും.
ഇനി ഗുരുവിന്റെ അവസ്ഥ നോക്കാം. ഗുരു ചന്ദ്രാല്‍ പത്തില്‍ നില്‍ക്കുന്ന കാലമാണിത്. 12 ആഗസ്റ്റ് 2016 മുതല്‍ 12 സെപ്റ്റംബര്‍ 2017 വരെയാണ് പത്തില്‍ സ്ഥിതി ചെയ്യുന്നത്.
ഗുരു പത്തില്‍ നിന്നാല്‍ സ്ഥാന ഭ്രംശം, അര്‍ത്ഥനാശം, ഗുരുദ്വേഷം, ഭാഗ്യഹാനി തുടങ്ങിയവയാണ് ഫലങ്ങള്‍. സെപ്റ്റംബര്‍ മാസം വരെ കാര്യങ്ങള്‍ അനുകൂലമായിരിക്കില്ല.
അതിനു ശേഷം ഗുരു അഭിഷ്ട സ്ഥാനമായ പതിനോന്നിലേയ്ക്ക് കടക്കുന്നു. പതിനൊന്നില്‍ ഗുരു നിന്നാല്‍ ഇഷ്ട സിദ്ധി, സ്ഥാനഗുണം, ധനലാഭം എന്നിവയാണ്. അന്നു മുതലുള്ള ഒരു വര്‍ഷക്കാലം ജാതകന് അനുകൂലമായിരിക്കും.
ജാതകന്‍ ജനിച്ച ദിവസത്തെ രാശി ചക്ര പ്രകാരം രവി തുലാം രാശിയിലാണ്. രവി തുലാം രാശി സ്ഥിതിയുടെ ഫലം പരിശോധിക്കാം.
ജാതസ്തൌലിനി ശൌണ്ഡികോ ധ്വനിരതോ
ഹൈരണ്യകോ നീചകൃത്
സൂര്യന്‍ തുലാത്തില്‍ നിന്നാല്‍ വ്യാപാരം ചെയ്യുന്നവനും കൂടാതെ സ്വര്‍ണത്തിനു വേണ്ടി (ധനസമ്പത്ത്) പ്രവര്‍ത്തിക്കുന്നവനും നീചകൃത്യങ്ങള്‍ ചെയ്യുന്നവനുമായിരിക്കും.
കൂടാതെ പാശ്ചാത്യ ജ്യോതിഷപ്രകാരം രാശി Scorpio ആണ്. Scorpio യുടെ രാശി സ്വരൂപം തേളാണ്. സ്വയംകൃതാനര്‍ത്ഥ രാശിയെന്നും പറയാറുണ്ട്. എന്നുവച്ചാല്‍ അവനവനായി ചെയ്യുന്ന കാര്യങ്ങള്‍ അനര്‍ത്ഥമായി ഭവിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പ്രതികാര ബുദ്ധിയും ഏറിയിരിക്കും. അനുയോജ്യമായ അവസരത്തിനു കാത്തിരുന്നു ശത്രുവിന് കനത്ത പ്രഹാരം ഏല്‍പ്പിക്കുന്നതും ഈ രാശിക്കാരുടെ പ്രത്യേകതയാണ്. സ്നേഹിതരെ അതിരറ്റ് വിശ്വസിക്കുകയും സഹായിക്കുന്നതും പോലെ ശത്രുക്കളെ തേള് കുത്തുന്നതു പോലെ അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇല്ലാതാക്കുവാനും കഴിവുള്ളവരായിരിക്കും.
ചന്ദ്രന്‍റെ ധനു രാശിയിലെ സ്ഥിതി നോക്കാം
വ്യാ ദീര്‍ഘാസ്യശിരോധര: പിതൃധന-
സ്ത്യാഗീ കവിര്‍വ്വീര്യവാന്‍
വക്താ സ്ഥൂലരദശ്രവോ/ധരനസ:
കര്‍മോദ്യത: ശില്പവിത്
കുബ്ജാംസ: കുനഖീ സമാംസളഭുജ:
പ്രാഗല്‍ഭ്യവാന്‍ ധര്‍മ വിദ്
ബന്ധുവ്വിണ്‍ ന ബലാത് സമേതി ചവശം
സാമ്നൈക സാധ്യോ/ശ്വിജ:
നീണ്ട മുഖവും കഴുത്തും പിതൃ ധനലാഭം, ദാനശീലത്വം, കവിത്വം, വീര്യം, വാക് സാമര്‍ത്ഥ്യം, തടിച്ച പല്ല്, ചെവി, മൂക്ക്, ചുണ്ട് എന്നിവയും പ്രവൃത്തിയില്‍ ഉത്സാഹം, ശില്പ വിദ്യാജ്ഞാനം (കലാ ജ്ഞാനം), കുനിഞ്ഞ ചുമലുകള്‍, കുഴിനഖം, തടിച്ച കൈകള്‍, അനിതരസാധാരണ പ്രതിഭ, ധര്‍മ്മബോധം, ബന്ധുക്കളുമായി ദ്വേഷം, ഭയപ്പെടുത്തി വശത്താക്കുവാന്‍ സാധിയ്ക്കായ്മ എന്നിവയാണ് ഫലം.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ജാതകന് യോജിക്കുന്നതാണെന്ന് വ്യക്തമാണ്. അനിതരസാധാരണമായ പ്രതിഭയും പ്രവൃത്തിലെ ഉത്സാഹവും ജാതകനെ മുന്നിലെത്തിച്ചു.
വാക്കിന്‍റെ കാരകനായ ബുധന്‍ ഉച്ചത്തില്‍ സ്ഥിതിചെയ്യുന്നു. ബുധന്‍ ഹാസ്യത്തിന്‍റെയും അധിപഗ്രഹമാണ്. ജാതകന്റെ ഹാസ്യാത്മകമായ സംസാരം തൊഴില്‍മേഖലയില്‍ തനതു ശൈലി രൂപപ്പെടുത്തുവാനും ശ്രോതക്കളില്‍ ആരാധനയ്ക്കും കാരണമായി.
ബൌധേ ഭൂരിപരിച്ഛദാത്മജ സുഹൃത്
സാചിവ്യയുക്ത: സുഖി
കന്നിയിലെ വ്യാഴം സമ്പത്ത്, ധാരാളം സുഹൃത്തുക്കള്‍, മന്ത്രിപദവി (നായകത്വം) ഇവ പ്രദാനം ചെയ്യുന്നു.
ശുക്രന്‍റെ വൃശ്ചികരാശിസ്ഥിതി
പറയുവതിരത സ്തദര്‍ഥവാദൈര്‍-
ഹൃത വിഭവ: കുലപാംസന: കുജര്‍ഷ
വിവാദ ബന്ധത്തിലൂടെ കുലത്തിനു കളങ്കമുണ്ടാകുവാന്‍ ശുക്രസ്ഥിതികാരണമായേക്കും.
ശനിയുടെ രാശിസ്ഥിതി നോക്കാം. മീനത്തില്‍ സ്ഥിതിചെയ്യുന്ന ശനി
സ്വന്ത: പ്രത്യയിതാ നരേന്ദ്രഭവനേ
സത്പുത്രജായാധനോ
ജീവക്ഷേത്ര ഗതേ/ര്‍ക്കജേ പുരബല
ഗ്രാമാഗ്രനേതാഥവാ
രാജഗൃഹത്തില്‍ വിശ്വാസപാത്രം. നല്ല സന്താനം, ഭാര്യ ഇവയോട് കൂടിയവനും ധനവാനുമായിരിക്കും. നഗരം, സൈന്യം, ഗ്രാമം എന്നിവയുടെ നായകത്വം ഇവയുണ്ടാകും. ഇവിടെ രാജഗൃഹ വിശ്വാസ പാത്രം എന്നത് അധികാര സ്ഥാനങ്ങളില്‍ സ്വാധീനവും സംഘടനകളിലും കൂട്ടായ്മകളിലും നായകത്വം ചിന്തിക്കാവുന്നതാണ്.
ലഗ്നമേതാണെന്ന് അറിയുവാത്തതു കൊണ്ട് ഭാവഫലങ്ങള്‍ പറയുക സാധ്യമല്ല. ഇനിദൃഷ്ടി ഫലങ്ങള്‍ ചിന്തിക്കാം. ധനുവില്‍ നില്‍ക്കുന്ന ചന്ദ്രനെ ശനി വിശേഷദൃഷ്ടിയില്‍ നോക്കിയാല്‍ പൂച്ച സന്യാസിയും സ്വാര്‍ത്ഥപ്രിയനുമായിരിക്കും. പൂച്ച സന്യാസിയെന്നത് മറ്റുള്ളവരില്‍ മറ്റൊരു മുഖം ഉള്ള ആള്‍ എന്ന് ചേര്‍ത്ത് വായിക്കാവുന്നതാണ്.ബുധനും ഗുരുവും യോഗം ചെയ്തിരിക്കുന്നതിന്റെ ഫലമെന്തെന്ന് നോക്കാം
സൌമ്യേ രംഗചരോ ബൃഹസ്പതിയുതേ
ഗീതപ്രിയോ നൃത്തവിദ്
വാഗ്മീഭൂഗുണപ:
അരങ്ങത്ത് പ്രത്യക്ഷപ്പെടുന്നവനും പാട്ടുകാരനും നൃത്തക്കാരനുമായിരിക്കും ആധുനിക യുഗത്തില്‍ ഇത് സിനിമലോകമെന്നു പറയുവാന്‍ സാധിക്കും. ലോലമായ പ്രകൃതം മറ്റുള്ളവരുടെ സ്നേഹത്തിനു പാത്രമാകും.
മറ്റു യോഗങ്ങള്‍ കൂടി ശ്രദ്ധിക്കാം. ഗുരുവിന്‍റെ കേന്ദ്രത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്നത് ഗജകേസരിയോഗം നല്‍കുന്നു. സൂര്യന്‍ നീചത്തില്‍ നില്‍ക്കുന്നുവെങ്കിലും നീചഭംഗരാജയോഗമുണ്ടാകുവാന്‍ സാധ്യതയുണ്ട്. 30 വയസ്സിനു ശേഷം ഉന്നതസ്ഥാന ലബ്ധിയാണ് ഇതിന്‍റെ ഫലം. കൂടാതെ ഭാവാല്‍ ശനിക്ക് മേടത്തിലാണെങ്കില്‍ നീചന്‍ നീചനെ നോക്കിയാല്‍ ഉന്നത സ്ഥാന ലബ്ധിയും ചിന്തിക്കാം. ബുധന്‍ ഉച്ചത്തിലായത് കൊണ്ട് ഭദ്രായോഗത്തിനും സാധ്യതയുണ്ട്. ലഗ്നം അറിയാത്തതു കൊണ്ട് മറ്റു യോഗങ്ങള്‍ അറിയുക സാധ്യമല്ല. പക്ഷെ മുകളില്‍ പറഞ്ഞിരിക്കുന്ന യോഗങ്ങള്‍ ജാതകനു തികച്ചും ശരിയാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.
ജാതകന് ഇപ്പോള്‍ ഗുരുദശ ആയിരിക്കാനാണ് സാധ്യത. കൃത്യസമയമില്ലാത്തത് കൊണ്ട് ഭുക്തി/അപഹാരം അറിയുവാന്‍ സാധിക്കുന്നില്ല. അതറിഞ്ഞാല്‍ മാത്രമേ ഭാവിയെക്കുറിച്ച് പറയുവാന്‍ കഴിയൂ. ഒന്ന് പറയാം. ശത്രുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗുരു ആണെങ്കിലും ഗുരു ദശ കാര്യമായ വിപരീത ഫലങ്ങള്‍ നല്‍കാറില്ല. അത് കൊണ്ട് തിരിച്ചു വരവിനു സാധ്യതയേറെയാണ്.
ചാരവശാല്‍ ഗുരു അഭീഷ്ടസ്ഥാനത്തേക്ക് മാറുന്ന സെപ്റ്റംബര്‍ വരെ കാര്യങ്ങള്‍ അത്രയ്ക്ക് അനുകൂലമായിരിക്കില്ല. അതിനുശേഷം ജാതകന്എതിര്‍പ്പുകള്‍ കുറഞ്ഞു വരുവാനും സാധ്യത കാണുന്നു. ഏഴര ശനിയുടെ കഷ്ടപ്പാടുകള്‍ ഇടയ്ക്കിടയ്ക്ക് ശല്യം ചെയ്യുന്നത് പഴയ രീതിയിലുള്ള സ്വാധീനശക്തിയായ് മാറുവാന്‍ കാല താമസം ഉണ്ടായേക്കാം.
(ജ്യോതിഷ ഗണിതം : ആസ്ട്രോവിഷന്‍ ജാതകം സോഫ്റ്റ്‌വെയര്‍, പ്രമാണം: ഹോരാശാസ്ത്രം)
J V Pillai