ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഗോമേദകം - രാഹുവിന്റെ രത്‌നം


ഗോമേദകം - രാഹുവിന്റെ രത്‌നം

നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ ഗോമേദകം (Hessonite Garnet) രാഹുവിന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ മരതകം തെക്ക് പടിഞ്ഞാറ് ഭാഗത്താണ് വരുന്നത്. ഇവയ്ക്ക് സംസ്‌കൃതത്തില്‍ ഗോമേദക്, പിങ്‌സ്പടിക്, തമോമണി, രാഹുരത്‌നം തുടങ്ങിയ പേരുകളുണ്ട്. ധൈര്യം, വലിയ ആഗ്രഹങ്ങള്‍ , ആത്മവിശ്വാസം, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള കഴിവ് എന്നിവയുടെ രത്‌നമായാണ് അറിയപ്പെടുന്നത്. ക്രിസ്തുവിന് 3100 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈജിപ്തുകാര്‍ ഗാര്‍നെറ്റ് പതിച്ച ആഭരണങ്ങള്‍ ധരിച്ചിരുന്നതായും, അന്നത്തെ യോദ്ധാക്കള്‍ ഇഷ്ടരത്‌നമായ ഇവയെ അവരുടെ ആയുധങ്ങളില്‍ പതിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. സോളമന്‍ ചക്രവര്‍ത്തിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ഈ വിശിഷ്ടരത്‌നത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിലെ നോഹക്കും ആത്മവിശ്വാസവും വെളിച്ചവും പകര്‍ന്നു നല്‍കിയവയില്‍ ഒരു പങ്ക് ഗാര്‍നെറ്റിന് ഉണ്ടായിരുന്നു. ഈജിപ്തില്‍ മരണപ്പെടുന്ന വിശിഷ്ടരുടെയും യോദ്ധാക്കളുടെയും ശവശരീരത്തില്‍ ഗാര്‍നെറ്റ് പതിക്കുന്ന ചടങ്ങും നില നിന്നിരുന്നു. 19- ആം നൂറ്റാണ്ടില്‍ വെടിയുണ്ടയുടെ (ബുള്ളറ്റ്) ആകൃതിയില്‍ ഈ കല്ല് രൂപപ്പെടുത്തി വെടി വക്കാനും ഒരു വിഭാഗം ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്നു.

ഗോമേദകത്തിന്റെ ശാസ്ത്രീയവശം

വജ്രം, പുഷ്യരാഗം എന്നീ രത്‌നങ്ങളെ പോലെ കാഠിന്യം അത്ര കൂടിയവയല്ല. ഗാര്‍നെറ്റിന്റെ കാഠിന്യം 7 - 7.5 ആകുന്നു. ഗാര്‍നെറ്റ് കാല്‍സ്യത്തിന്റെയും അലുമിനിയത്തിന്റെയും സിലിക്കേറ്റ് ആണ്. ഗാര്‍നെറ്റ് കുടുംബത്തില്‍ പല തരം കല്ലുകളുണ്ട്. ജ്യോതിഷപരമായി കൂടുതലും ഉപയോഗിക്കപ്പെടുന്നവ അഥവാ ഇവിടെ ലഭിക്കുന്നവ ഗ്രോസ്സുലര്‍ വിഭാഗത്തില്‍ പെടുന്ന ഹെസ്സനേറ്റ് ഗാര്‍നെറ്റ് (hessonite garnet) അണ്. അവ കാഴ്ചയ്ക്ക് നല്ല ചുവപ്പ് നിറത്തില്‍ തരിതരിയായ വര്‍ണത്തില്‍ (Grossular or granular shades) ചാലിച്ചെടുത്തവയാണ്. ഇവ നല്ല തിളക്കമുള്ളവയാണ്. അള്‍ട്രാ വയലറ്റ് കോസ്മിക് രശ്മികളോട് ബന്ധമുള്ളതായിട്ടാണ് അനുഭവപ്പെടുന്നത്. ഇവിടെ ലഭിക്കുന്ന മറ്റൊരു വിഭാഗം പൈറോപ് ഗാര്‍നെറ്റ് (Pyropr garnet) ആണ്. അവ തവിട്ടു കലര്‍ന്ന ചുമപ്പ്, മഞ്ഞ എന്നീ നിറങ്ങളാണ്. അകത്ത് നേരിയ ഷെയ്ഡുകള്‍ ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. രണ്ടായാലും ഉപരത്‌നങ്ങളെ പോലെ വില കുറവാണ്. ഗാര്‍നെറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഉപരത്‌നങ്ങളുടെ വിഭാഗത്തിലാണ്. ഗാര്‍നെറ്റ് പച്ചയുള്‍പ്പെടെ പല നിറങ്ങളിലും ലഭ്യമാണ്. ഇവ ചെക്കോസ്‌ളാവാക്യ, ശ്രീലങ്ക, ഇന്‍ഡ്യ, സൗത്ത് ആഫ്രിക്ക, റഷ്യ, അമേരിക്ക, ബ്രസീല്‍ , ബര്‍മ്മ എന്നിവിടങ്ങളിലെ ഖനികളില്‍ നിന്നും ലഭിക്കുന്നു. 19- ആം നൂറ്റാണ്ടിന് മുമ്പ് റെഡ് സ്പിനല്‍ പോലെ ഗാര്‍നെറ്റിനെയും റൂബി ആണെന്നു ധരിച്ചിരുന്നു. അമേരിക്കയിലെ അരിസോനായില്‍ നിന്നും ലഭിക്കുന്നവയെ 'അരിസോന റൂബി', 'അരിസോനാ സ്പിനല്‍ ' എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു.

ശുദ്ധ ഗാര്‍നെറ്റ്/ഗോമേദകം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.

ശോഭ മങ്ങിയവ, പരുപരുത്തവ, വല പോലെ കാണുന്നവ, പൊട്ടലിന്റെ ചിഹ്‌നം കാണുന്നവ, വളരെ ശോഭയുള്ള രത്‌നങ്ങള്‍ തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. അഴക് കുറഞ്ഞവ, അഭ്രപാളികള്‍ പോലെ കാണുന്നവ, ഇരുനിറം ഉള്ളവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ രത്‌നങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലം ലഭിക്കയില്ല എന്നു മാത്രമല്ല, ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

കൃത്രിമ കല്ലുകള്‍

പൊതുവേ വില കുറഞ്ഞ രത്‌നമാണ് ഗോമേദകം. എന്നാലും ഗ്‌ളാസ്സ് കൊണ്ടുണ്ടാക്കിയ കൃത്രിമ കല്ലുകള്‍ ധാരാളം മാര്‍ക്കറ്റില്‍ ഉണ്ട്. നാച്ചുറല്‍ കല്ല് തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം.

ഗോമേദകത്തിന്റെ സ്വാധീനം

ഗോമേദകത്തിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം. വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ ശരീരത്തിലെ കൊഴുപ്പാണ് ഗോമേദകക്കല്ലുകളായി മാറിയത്. അതിനാല്‍ കൊഴുപ്പ് കൊണ്ടുള്ള അസുഖങ്ങളായ കൊളസ്‌ട്രോള്‍ മുതലായവയെയും, ഹൃദയസംബന്ധമായവയെയും ചെറുക്കാനും നിയന്ത്രിക്കാനും ഗോമേദകം ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ രാഹുവിന്റെ കാരകത്വങ്ങളായ രക്തം, തലച്ചോറ്, ത്വക്, നാഡികള്‍ തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, അത്തരം അസുഖങ്ങള്‍ ഭാവിയില്‍ വരാതിരിക്കാനും ഗോമേദകം ധരിക്കുന്നത് നല്ലതാണ്. കൂടാതെ വിഷഭയം, വിഷജന്തുഭയം, കൃമിരോഗങ്ങള്‍ , മാറാരോഗങ്ങള്‍ , കണ്ടുപിടിക്കാന്‍ കഴിയാത്ത രോഗങ്ങള്‍ , ത്വക് രോഗങ്ങള്‍ , കുഷ്ടം എന്നീ രോഗങ്ങളെ ചെറുക്കാനും ഗോമേദകം ധരിക്കുന്നത് ഉത്തമമാണ്.

നിങ്ങളുടെ ഭാഗ്യ രത്നമേത് ?
ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളും, യോഗ ദൃഷ്ടികളും അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭാഗ്യ രത്നം നിര്‍ദ്ദേശിക്കുന്നു

പുരാണകഥകള്‍ പ്രകാരം സൈംഹികേയന്‍ എന്ന അസുരനാണ് രാഹു. ഉടലില്ലാതെ തലയുമായി ദേവന്‍മാരോടുള്ള പ്രതികാരം ഉള്ളിലടക്കി കറങ്ങിക്കൊണ്ടിരിക്കയാണ്. രാഹുകേതുക്കളെ നിഴല്‍ ഗ്രഹങ്ങളെന്നാണ് പറയുന്നത്. അതിനാല്‍ രാഹുവിന്റെ പ്രധാന കാരകത്വം വലിയ ആഗ്രഹങ്ങളാണ്. ഗോമേദകം ധരിച്ചാല്‍ പല ആഗ്രഹങ്ങളും നേടാന്‍ ആവശ്യമായ ഉപായങ്ങള്‍ തെളിഞ്ഞുവരും. അപകര്‍ഷതാബോധം മാറും, പ്രതിബന്ധങ്ങള്‍ തട്ടി മാറ്റി മുമ്പോട്ട് കുതിക്കാനുള്ള ധൈര്യം കൈവരും, ബിസിനസ്സുകാരുടെ ഇഷ്ട രത്‌നം ഗോമേദകം ആയത് ഈ ഗുണം കൊണ്ടാണ്. നഷ്ടസാധ്യതയുള്ള ബിസിനസ്സില്‍ അഥവാ ചൂതുകളിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഗോമേദകം ധരിച്ചാല്‍ ജയിക്കാനുള്ള ഉപായങ്ങള്‍ മുന്നില്‍ തെളിഞ്ഞു വരും. പ്രണയിക്കുന്നവര്‍ക്ക് അവരുടെ പ്രണയം നിലനിറുത്താനും, അന്യോന്യം സ്‌നേഹിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ സ്‌നേഹം എന്നെന്നും നിലനിറുത്താനും ഗോമേദകത്തിന് വലിയ കഴിവുണ്ടത്രേ. കായികം, രാഷ്ട്രീയം, പോലീസ്, പട്ടാളം, സര്‍ജന്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം പകര്‍ന്നു നല്‍കാന്‍ ഗോമേദകത്തിന്റെ ശക്തി വളരെ വലുതാണ്. ഭൂതപ്രേതാദികളുടെ ഉപദ്രവം ഉണ്ടാകില്ല. സര്‍പ്പദോഷം, പൂര്‍വ്വ ജന്‍മദോഷം എന്നിവയില്‍ നിന്നും മോചനം ലഭിക്കാനും, സന്താനഗുണം ഉണ്ടാകാനും ഈ കല്ലിന് സഹായിക്കാനാവും. ആത്മീയ രംഗത്തുള്ളവര്‍ക്ക് പൂര്‍വ്വജന്‍മം, ഭാവി എന്നിവയെ കുറിച്ചുള്ള ഉള്‍ക്കാഴ്ച ലഭിക്കാനും ഇത് ധരിക്കുന്നത് ഉത്തമമാണ്.

വിവിധ ലഗ്നക്കാര്‍ക്ക് ഗോമേദകം

എല്ലാ ലഗ്നക്കാര്‍ക്കും/രാശിക്കാര്‍ക്കും ഗോമേദകം ഗുണം ചെയ്യില്ല. രാഹുവിനും കേതുവിനും ജ്യോതിഷത്തില്‍ പ്രത്യേക രാശികളില്ലാത്തതാണ് കാരണം. രാഹുവിന്റെ ഉച്ചരാശിയെ കുറിച്ച് / ശത്രുമിത്രങ്ങളെക്കുറിച്ച് തുടങ്ങി, ഭാവങ്ങളില്‍ രാഹു നിന്നാല്‍ എന്തു സംഭവിക്കാം എന്നതിലൊക്കെ ഗ്രന്ഥങ്ങളില്‍ വിഭിന്നമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തി കാണുന്നത്. ധാരാളം പ്രായോഗിക അനുഭവങ്ങളുള്ള ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായ പ്രകാരം രാഹുവിന്റെ ബലം കണക്കാനുള്ള രീതി ഇപ്രകാരമാണ്. രാഹു നില്‍ക്കുന്ന രാശിയുടെ നാഥന്‍ രാഹുവിന്റെ കേന്ദ്രത്രികോണങ്ങളില്‍ നില്‍ക്കുക, രാഹുവിന് ശുഭദൃഷ്ടി ലഭിക്കുക, ലഗ്നത്തിന്റെ കേന്ദ്രത്രികോണങ്ങളില്‍ നില്‍ക്കയും അതിനെ മറ്റൊരു കേന്ദ്ര ത്രികോണാധിപത്യമുള്ള ഗ്രഹം വീക്ഷിക്കുകയും ചെയ്യുക. ഇതൊക്കെ രാഹുവിന്റെ ബലം വര്‍ദ്ധിപ്പിക്കും. അങ്ങനെയുള്ള രാഹുവിന്റെ ദശാപഹാര കാലം മോശമായിരിക്കില്ല. 3, 6, 11- ല്‍ നില്‍ക്കുന്ന രാഹു ജാതകന് എന്നും ധൈര്യവും മറ്റു വൈഭവങ്ങളും പ്രദാനം ചെയ്യും. എന്നുവച്ച് ദശാപഹാരകാലം നന്നായിരിക്കണമെന്നില്ല. അതിനാല്‍ രാഹുവിന്റെ പ്രീതി നേടാന്‍ രത്‌നം ധരിക്കുന്നത് എപ്പോഴും മിടുക്കനായ ഒരു ജ്യോതിഷിയുടെ ഉപദേശപ്രകാരം തന്നെയാകണം.

രാഹുവിന് മേല്‍പ്പറഞ്ഞ സ്വഭാവങ്ങള്‍ മാത്രമല്ല. വക്രത്തില്‍ മാത്രം സഞ്ചരിക്കുന്ന ഗ്രഹമാണ് രാഹു. അതിനെ കൂടുതല്‍ ബലവാനാക്കുന്നത് ശ്രദ്ധിക്കണം. ജാതകന്‍ ചെയ്യുന്നതൊക്കെ തിരിഞ്ഞുപോയെന്നു വരും. രാഹുവിനെ സര്‍പ്പമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സര്‍പ്പം ജീവിക്കുന്നത് പൊത്തിനകത്താണ്. അത് പ്രായോഗിക ജീവിതത്തില്‍ അപകര്‍ഷതാബോധം കൊണ്ട് പുറത്തിറങ്ങാത്ത സ്വഭാവത്തെ കാണിക്കുന്നു. ദുഃഖത്തിന്റെ നിറമായ കറുപ്പാണ് രാഹുവിന്റെ നിറം. രാഹുവിന്റെ സ്വഭാവത്തില്‍ മോഷണം, ചതി, കള്ളം പറയല്‍ എന്നിവയുമുണ്ട്. അതിനാല്‍ രത്‌നം ഇതെല്ലാം കൂടുതല്‍ ഉത്തേജിപ്പിക്കണോ വേണ്ടയോ എന്നത് ഒരു ജ്യോതിഷിക്ക് മാത്രം വിശകലനം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. അതുകൊണ്ട് തത്കാല കാര്യസാദ്ധ്യത്തിന് വേണ്ടി ജ്യോതിഷിയുടെ ഉപദേശപ്രകാരമല്ലാതെ ഗോമേദകം ധരിക്കാതിരിക്കുക.

രത്‌നത്തിന്റെ തൂക്കം ധരിക്കേണ്ട സമയം, ലോഹം, വിരല്‍

ഗോമേദകം മറ്റു രത്‌നങ്ങളോടൊപ്പം ഒരു മോതിരത്തിലോ ലോക്കറ്റിലോ ധരിക്കാന്‍ പാടില്ല. അത് പ്രത്യേകമായി തന്നെ ധരിക്കണം. ഈ രത്‌നം മോതിരമായി വലതോ ഇടതോ കൈയ്യിലെ നടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. രാഹു ശനിയെപോലെയും കേതു ചൊവ്വയെപോലെയുമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ശനിയുടെ വിരലായ നടുവിരലില്‍ മോതിരം ധരിക്കണമെന്നു പറയുന്നത്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുവിന്റെ ലോഹം പഞ്ചലോഹം ആണ്. എങ്കിലും സ്വര്‍ണത്തിലും വെള്ളിയിലും ധരിക്കാം. ആദ്യമായി ധരിക്കുമ്പോള്‍ ശനിയാഴ്ച രാവിലെ ശനിയുടെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറീനകം).

രത്‌നത്തിന്റെ തൂക്കം

ഗോമേദകം വിലയുടെ കാര്യത്തിലും ലഭ്യതയുടെ കാര്യത്തിലും ഒരു ഉപരത്‌നം തന്നെയാണ്. കഴിയുന്നതും 2-കാരറ്റിനും 4-കാരറ്റിനും മദ്ധ്യേ തൂക്കമുള്ള ഗോമേദകം ഉപയോഗിക്കുന്നത് നന്ന്.

ഉപരത്‌നങ്ങള്‍

ഗോമേദകം പൊതുവേ വില കുറഞ്ഞ ഉപരത്‌നമാണ്. അതിനാല്‍ കേരളത്തില്‍ മറ്റൊരു ഉപരത്‌നവും നിര്‍ദ്ദേശിച്ച് കണ്ടിട്ടില്ല. വടക്കേ ഇന്‍ഡ്യയില്‍ ടുസ്സാ, സാഫി, ആംബര്‍ എന്നീ രത്‌നങ്ങള്‍ ഗോമേദകത്തിന് പകരം ഉപയോഗിക്കുന്നുണ്ട്.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories