ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

തിരുവാതിരനക്ഷത്രക്കാരുടെ സ്വഭാവസവിശേഷതകള്‍


തിരുവാതിരനക്ഷത്രക്കാരുടെ സ്വഭാവസവിശേഷതകള്‍

തിരുവാതിര നക്ഷത്രക്കാര്‍ പൊതുവെ ഉത്സാഹ ഭരിതരും, എല്ലാ കാര്യങ്ങളിലും ചുറുചുറുക്കുള്ളവരുമായിരിക്കും. രാഹു നക്ഷത്രാധിപനായതുകൊണ്ടാണ് ഇങ്ങനെയുള്ള ഉത്സാഹം പ്രകടമായി കാണുന്നത്. ഇവര്‍ സാധാരണയായി കൃശശരീരികളായിരിക്കും. സാമാന്യം പൊക്കവും ഉണ്ടായിരിക്കും, വ്യാഴന്റെ ദൃഷ്ടിയുള്ളവര്‍ ചിലപ്പോള്‍ തടിച്ചശരീരക്കാരായിരിക്കും. എന്നാലും അമിതമായി തടിക്കാറില്ല. ഇവരുടെ മുഖത്തിന്‍ ഒരു പ്രത്യക വശ്യതയുണ്ടായിരിക്കും. ഇവരുടെ രാശ്യാധിപന്‍ ബുധന്‍ ആയതുകൊണ്ട് ഇവര്‍ സാമാന്യം ബുദ്ധിമാന്‍മാരായിരിക്കും. പല വിഷയങ്ങളിലും വിജ്ഞാനം നേടുവാന്‍ ഇവര്‍ക്കു കഴിയും. അതു വളരെ വേഗത്തി. തന്നെ നേടുകയും ചെയ്യും. ഇവര്‍ ആദര്‍ശനിഷ്ടന്‍മാരാണ്. അതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ വലിയ പൊരുത്തക്കേടുകള്‍ അനുഭവപ്പെടും. സ്വന്തം ആദര്‍ശവും ആശയവും, പൊരുത്തപെടാത്തപ്പോള്‍ പൊട്ടിത്തെറിക്കും. പെട്ടെന്നു കോപം വരുന്ന പ്രകൃതക്കാരാണ്. കോപം വന്നാല്‍ ഇടം വലം നോക്കാതെയും ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കാതെയും പ്രവര്‍ത്തിച്ചു കളയും.

ഇവര്‍ പൊതുവെ സഹൃദയന്‍മാരാണ്. വാക്കിന്റെ കാരകനായ ബുധന്‍ രാശ്യാധിപതിയായതുകൊണ്ട് യുക്തി യുക്തമായും ഫലിത രസത്തോടുകൂടിയും സംസാരിക്കും. ആളുകളുമായി ഇടകലരന്നു ജീവിക്കുന്നതാണ് ഇവര്‍ക്കിഷ്ടം. ഏകാന്തത ഇവര്‍ക്കിഷ്ടപ്പെടാറേയില്ല. ഇവരോടു ഇടപഴകുന്നതില്‍ എല്ലാവരും ഇഷ്ടപ്പെടും. അതിനുകാരണം പരിചയപ്പെടുന്നവര്‍ക്കു വേണ്ടി ഇവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസത്തെപ്പോലും ഇവര്‍ വലിയ അഭിമാനക്ഷതമായിട്ടുകാണും. കോപം വരുക സാധാരണമാണെങ്കിലും ഇവര്‍ അത് വേഗം മറക്കും. ചിലരില്‍ ദുരഭിമാനം മുന്നിട്ടുനില്‍ക്കും. ജാതകത്തില്‍ ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ച് ഇത് ചിലപ്പോള്‍ സ്ഥായിയായി തന്നെ നിലനില്‍ക്കും.

സ്വയം ഏറ്റെടുക്കുന്ന ജോലി ഇവര്‍ ഭംഗിയായും കൃത്യമായും പൂര്‍ത്തിയാക്കും. ഇവരുടെ കഴിവനുസരിച്ചുള്ള പ്രശസ്തിയും അംഗീകാരവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അഭിവൃദ്ധിയും താരതമ്യേന കുറവായിരിക്കും. സരസമായി സംസാരിക്കുന്ന ഇവര്‍ നല്ല സംഭാഷണപ്രിയന്‍മാരായിരിക്കുന്നതോടൊപ്പം മറ്റുള്ളവരെ രസിപ്പിക്കുകയും ചെയ്യും.

പഠിത്തത്തിലായാലും തൊഴിലായാലും ഇവര്‍ ഒരിടത്തുതന്നെ പറ്റിപിടിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ജോലിസ്ഥലങ്ങള്‍ മാറി മാറിക്കൊണ്ടിരിക്കും. താമസിക്കുന്ന വീടും മാറി മാറിക്കൊണ്ടിരിക്കും. അതുകാരണം ഒരു സ്ഥലത്തില്‍ തന്നെയോ ഒരു വിഷയത്തില്‍ തന്നെയോ അള്ളിപിടിച്ചിരിക്കുന്ന സ്വഭാവം ഇവരില്‍ കാണുന്നില്ല. ഇവരുടെ ജാതകത്തില്‍ ശനി ബലവാനാണെങ്കില്‍ രസതന്ത്രത്തിലും, കണക്കിലും മിടുക്കന്‍മാരായിരിക്കും. ശുക്രന്‍ ബലവാനാണെങ്കില്‍ സംഗീതസാഹിത്യാദികൃതികളില്‍ പ്രത്യേക സാമര്‍ത്ഥ്യം നേടും. ജീവിതത്തില്‍ ഇവര്‍ക്ക് നല്ല അനുഭവങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ല. ശനി ഭാഗ്യകാരനാണെങ്കിലും അഷ്ടമാധിപന്‍ കൂടിയായതാണ് ഇതിനുകാരണം. ശനിക്ക് അഷ്ടമാധിപത്യം ഉള്ളതുകൊണ്ട് ഇവര്‍ സാധാരണയായി ദീര്‍ഘായുസ്സുക്കള്‍ ആയിരിക്കും. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ പോകാതെ തനിക്കു പ്രയോജനം ലഭിക്കത്തക്ക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഇവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.

ഇവര്‍ അഭിമാനികളും, സ്വതന്ത്ര പ്രകൃതികളുമാണ്. അതുകൊണ്ട് എത്ര കാര്യസാധ്യത്തിനായാലും മറ്റുള്ളവരുടെ മുമ്പെ തലകുനിച്ചോ കൈനീട്ടിയോ നില്‍ക്കുകയില്ല. അതിരു കവിഞ്ഞ ആത്മാഭിമാനം പലപ്പോഴും അപകടത്തില്‍ ചാടിക്കുകയും ചെയ്യും. പലരംഗങ്ങളിലും ഇവര്‍ക്ക് അമളികളും പറ്റാറുണ്ട്.

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഉപകാര സ്മരണ കുറയും, ഗര്‍വ്വ് കൂടുതലാണെന്നും പറയുന്നുണ്ട്. മാത്രമല്ല ചെറിയകാര്യങ്ങളില്‍ പിണങ്ങി സന്ദര്‍ഭം വരുമ്പോള്‍ തന്റെ പിടിപ്പുകേട് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.സ്ത്രീകളോട് ഇവര്‍ക്ക് ആകര്‍ഷണം കൂടുതലാണ്. ജാതകത്തില്‍ ശുക്രന്റെയും ചന്ദ്രന്റെയും സ്ഥിതി നല്ലതെങ്കില്‍ ഇവര്‍ക്ക് പരസ്ത്രീകളില്‍ ആസക്തി കൂടുതലുണ്ടാകും. തിരുവാതിരക്കാരുടെ ഭാര്യമാര്‍ ഇക്കാര്യം ശ്രദ്ധിച്ചു നിവര്‍ത്തിയുള്ളിടത്തോളം ഭര്‍ത്താവിനെ പിണക്കാതെ പെരുമാറുന്നതു നന്ന്. ഇവരുടെ ഇംഗിതം അനുസരിച്ച് പെരുമാറാന്‍ അറിയാത്ത ഭാര്യമാര്‍ രണ്ട്പേരുടെ ജീവിതത്തെയും നരകമാക്കുന്നു. അന്യസ്ത്രീകളോടുള്ള ഇവരുടെ പെരുമാറ്റം നിഷ്‌കളങ്കമാണെങ്കില്‍ തന്നെയും മറ്റുള്ളവര്‍ അതിനെ തെറ്റുദ്ധരിക്കും.

ഉപജീവനത്തിനു വേണ്ടി ഇവര്‍ക്ക് നാടുവിട്ട് അച്ഛനമ്മമാരില്‍ നിന്നു അകന്നു നില്‍ക്കേണ്ടി വരും. ഇവരെകൊണ്ട് അച്ഛനമ്മമാര്‍ക്ക് വലിയ സാമ്പത്തിക പ്രയോജനം ഉണ്ടാകാറില്ല. രക്തവാതം, വാതപ്രധാനമായ രോഗങ്ങള്‍, ലൈംഗീകരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍, ആത്സമ, അര്‍ശ്ശസ്സ് തുടങ്ങിയവ വളരെ ശല്യപ്പെടുത്തും. ഇവരുടെ രാശി ഉഭയരാശിയായതുകാരണം ഇവര്‍ സാധാരണ രണ്ടു ലക്ഷ്യങ്ങള്‍ക്കും ഫലത്തിനും വേണ്ടി ഒരേ സമയത്ത് പ്രവര്‍ത്തിക്കും. ഒരുവെടിക്ക് രണ്ടു പക്ഷി എന്നാണ് ഇവരുടെ സിദ്ധാന്തം. അതായത് ഒരു പ്രവര്‍ത്തനം കൊണ്ടു രണ്ടു തരത്തിലുള്ള പ്രയോജനം ഉണ്ടാക്കാന്‍ ശ്രമിക്കും.

ജാതകരിത്യാ ചിന്തിക്കുമ്പോള്‍ ജാതകത്തില്‍ രാഹു, ബുധന്‍, ഇവരുടെ സ്ഥിതി അനുസരിച്ച് നല്ല ഫലങ്ങളും അവര്‍ ദുര്‍ബലരായാല്‍ ദോഷഫലങ്ങളും ലഭിക്കാന്‍ ഇടയാകുന്നു. ശുക്രനും ബുധനും, ബുധനും വ്യാഴനും, ശുക്രനും ശനിയും ഒരുമിച്ചു നിന്നാല്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ശനി ഭാഗ്യവും അതിനു ഭംഗവും നല്‍കും. ബുധന്‍ സൂര്യനുമായി ചിങ്ങത്തില്‍ നിന്നാല്‍. ജ്യേഷ്ട സഹോദരനുമായി പിണങ്ങും. ചന്ദ്രന്‍, ശുക്രന്‍, ചൊവ്വ ഇവരോട് യോജിച്ച് ബലവാനായി നിന്നാല്‍. ഇവരുടെ ദശയില്‍ നല്ല ധന ലാഭമുണ്ടാകും. കുജന്‍ 2 ല്‍ നിന്നാല്‍ കുജദശയില്‍ ധന ലാഭമുണ്ടാകും. രാഹു നല്ല ഗ്രഹവുമായി യോഗം ചെയ്യുകയോ ബലവാനായ ഗ്രഹത്തിന്റെ രാശിയില്‍ നില്‍ക്കുകയോ ചെയ്താല്‍ രാഹു ദശാപഹാരങ്ങള്‍ നന്നായിരിക്കും.

തിരുവാതിരക്കാര്‍ക്ക് യൗവ്വനം കഴിഞ്ഞാണ് അഭിവൃദ്ധിയുണ്ടാകാനിടയുള്ളത്. ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല.

ജ്യോതിഷഗ്രന്ഥങ്ങളില്‍ തിരുവാതിര നക്ഷത്രക്കാരെ സാമാന്യമായി വിലയിരുത്തിയിരിക്കുന്നത് താഴെക്കാണും വിധമാണ്.

1. മാനസാഗരി- തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവന്‍ നന്ദികെട്ടവനും, കോപിഷ്ടനും, എപ്പോഴും പാപാചാരവിചാരങ്ങള്‍ തോന്നുന്നവനും, ധനധാന്യാനുഭവം യഥേഷ്ടം ഇല്ലാത്തവനുമായിരിക്കുന്നു.

2. ഹോരാസാരം- തിരുവാതിര നക്ഷത്രക്കാരന്‍ ചഞ്ചല ചിത്തനും, നിര്‍ബന്ധഭാവത്തില്‍ സംസാരിക്കുന്നവനും, മറ്റുള്ളവരുടെ ധനം അപഹരിക്കുന്നവനും, വീണ്‍വാക്കു പറയുന്നവനും, അഭിമാനിയും, ദീര്‍ഘായുസ്സുമായിരിക്കും.

3. ബൃഹത്ജ്ജാതകം- (തിരുവാതിര നക്ഷത്രക്കാര്‍ക്കുകൂടി ബാധകമാകത്തക്ക വിധം ചന്ദ്രന്‍ മിഥുന രാശിയില്‍ നിന്നാലുള്ള ഫലം താഴെ പറയും പ്രകാരം പറഞ്ഞിരിക്കുന്നു.)

സ്ത്രീകളില്‍ താത്പര്യമുള്ളവനും, സുരതത്തില്‍ സമര്‍ത്ഥനും, ചുവന്ന കണ്ണുകളുള്ളവനും, ശാസ്ത്രജ്ഞനും, നല്ല ബുദ്ധിയുള്ളവനും, ഹാസ്യത്തില്‍ താത്പര്യമുള്ളവനും, മറ്റുള്ളവരുടെ ഹൃദയഗതി അറിയുന്നവനും, മനോഹരമായ ശരീരാവയവമുള്ളവനും, മധുരമായി സംസാരിക്കുന്നവനും, ഭക്ഷണത്തില്‍ താത്പര്യമുള്ളവനും, സംഗീതത്തില്‍ തത്പരനും, നപുംസകരുമായി ബന്ധപ്പെടുന്നതില്‍ താത്പര്യമുള്ളവനും, ഉയര്‍ന്ന മൂക്കുള്ളവനുമായിരിക്കും.

തിരുവാതിര നക്ഷത്രത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍

ഗ്രഹങ്ങഷുടെ സഞ്ചാര പഥമായ രാശി ചക്രത്തിന്റെ വ്യാപ്തി 360 ഡിഗ്രിയാണ്. ഈ 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിക്കുമ്പോള്‍ 13 ഡിഗ്രി 20 മിനിട്ടു വീതമുള്ള 27 മേഖലക. കിട്ടുന്നു. ഇതില്‍ തിരുവാതിര നക്ഷത്രമെന്നു പറയുന്നത് 6- മത്തെ മേഖലയാണ്. ചന്ദ്രന്‍ 66 ഡി. 40 മിനിട്ടിനും, 80 ഡിഗ്രിക്കും ഇടക്ക് സഞ്ചരിക്കുകയാണെങ്കില്‍ ആ ശിശു തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചു എന്നു പറയുന്നു. അല്ലാതെ തിരുവാതിര നക്ഷത്രം എന്നു പറഞ്ഞാല്‍ മിന്നിതിളങ്ങുന്ന വസ്തുവാണെന്നും അതിനു വ്യക്തിയെ സ്വാധീനിക്കാന്‍ കഴിയുന്നില്ല. എന്നുമുള്ള ധാരണ ശരിയല്ല. തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചു എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ചന്ദ്രന് നിയന്ത്രണമുള്ള ഒരു പ്രത്യേക സമയത്തില്‍ ജനിച്ചു എന്നുള്ളതാണ്.

തിരുവാതിര നക്ഷത്രമേഖല മിഥുനം രാശിയിലാണ്. അതുകൊണ്ട് രാശ്യാധിപന്‍ ബുധനും രാശ്യാധിപന്‍ രാഹുവുമാണ്.

തിരുവാതിര നക്ഷത്രത്തിന്റെ മേഖലയായ 13 ഡിഗ്രി 20 മിനിട്ടിനെ ( 66ഡി. 40 മി. 80 ഡി. വരെ) 9 നക്ഷത്രാപഹാരമേഖലകളായി വിഭജിച്ച് അവയ്ക്ക് ഓരോ ഗ്രഹത്തിന്റെ ആധിപത്യം നല്‍കിയിട്ടുണ്ട്. ഈ വിവരണം താഴെ കൊടുക്കുന്നു. അതുകൊണ്ട് തിരുവാതിരയുടെ ഓരോ നക്ഷത്രമേഖലയില്‍ ജനിച്ചവരില്‍ പൊതുവെ രാശീനാഥനായ ബുധന്റെയും നക്ഷത്രനാഥനായ രാഹുവിന്റെയും അതായത് അപഹാരനാഥനായ ഗ്രഹത്തിന്റെയും, സ്വഭാവ സവിശേഷതകള്‍ പ്രതിബിംബിച്ചു കാണും. ഈ സ്വഭാവ സവിശേഷതകള്‍ ഈ പ്രകരണത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുണ്ട്. (നിങ്ങള്‍ ഏതു നക്ഷത്രപഹാരമേഖലയില്‍ ജനിച്ചു എന്നു കണ്ടുപിടിക്കുക.)

തിരുവാതിര നക്ഷത്രത്തെ 9 മേഖലയായി വിഭജിച്ചിരിക്കുന്നു. എന്നു നേരത്തെ പ്രസ്താവിച്ചുവല്ലോ. ആ ഓരോ മേഖലയിലും ജനിച്ചവരില്‍ കാണാവുന്ന സ്വഭാവ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

1. തിരുവാതിര നക്ഷത്രം 0 നാഴിക മുതല്‍ 9 നാഴിക വരെ ജനിച്ചവര്‍- തൊ-പഴുപ്പ്, ഇസ്‌നോഫീലിയ, സാഹിത്യ പരിശ്രമങ്ങളില്‍ പരാജയം, കള്ളം പറയന്‍, നന്ദിയില്ലായ്മ, പാപം, ഗവേഷണവകുപ്പ്, (രാഹുവിന്റെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

2. 9 നാഴിക മുതല്‍ 17 നാഴിക വരെ- തൊണ്ടരോഗം,ചെവിവേദന, മുണ്ടിനീര്, വിദ്യ, നല്ല സ്വഭാവം, വായനാശീലം, സ്റ്റോര്‍കീപ്പര്‍, എഴുത്തുകാരന്‍, പണമിടപാട്, (വ്യാഴന്റെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

3. 17 നാഴിക മുതല്‍ 26 നാഴിക 30 വി. വരെ - ആസ്മാരോഗം, ചെവിയില്‍ പഴുപ്പ്, വിദ്യാഭ്യാസം, ദാരിദ്ര്യം, കൈയെഴുത്ത് വിദഗ്ദന്‍, കള്ളഒപ്പിടല്‍, ഫിംഗര്‍പ്രിന്റ്, എക്‌സ്പര്‍ട്ട്, ഫിസിക്‌സ്, (ശനിയുടെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

4. 26 നാഴിക 30 വി. മുതല്‍ 35 നാഴിക വരെ.- ഇക്കിള്‍, ചെവി വേദന, മനസ്സിന് ഉത്സാഹം, നിരൂപകന്‍, സെയില്‍സ്മാന്‍, ട്രാന്‍സ്‌പോര്‍ട്ട്, അറ്റാമിക് എനര്‍ജി, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, (ബുധന്റെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

5. 35 നാഴിക മുത. 38 നാഴിക30 വി. വരെ- തൊണ്ടവേദന, ഡിഫ്തീരിയ, അസൂയ, മായം,ചേര്‍ക്കല്‍, കള്ളന്‍്, ക്രൗര്യം, പരാതി അയക്കുന്നവന്‍, തെമ്മാടി, നന്ദിയില്ലാത്തവന്‍, സന്താനമില്ലായ്മ, ഗവേഷണവകുപ്പ്, വിഷമരുന്നുകള്‍ കൈകാര്യം ചെയ്യല്‍, ടിന്‍ഫുഡ്, (കേതു ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

6. 38.30 നാഴിക മുതല്‍ 48.30 നാഴിക വരെ- വരട്ടുചുമ, തൊണ്ടവേദന, ചെവി വേദന, കലാകാരന്‍, സെയില്‍സ്മാന്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ്, ട്രാന്‍സ്‌പോര്‍ട്ട്, റേഡിയോ, ബസ് (ശുക്ര ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

7. 48.30 നാഴിക മുതല്‍ 5.30 നാഴിക വരെ- ഇസ്‌നോഫീലിയ, തോളില്‍ വേദന, ക്രൗര്യം, റിസര്‍ച്ച്ഡിപ്പാര്‍ട്ട് മെന്റ്, വഞ്ചനാ സ്വഭാവം, പൊതു സര്‍വ്വീസ്, ( രവി ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

8. 51.30 നാഴിക മുതല്‍ 56.30 നാഴിക വരെ- ചെവി വേദന, ചെവിയില്‍ പഴുപ്പ്, ആസ്ത്മ, കള്ളന്‍, ഔഷധവ്യാപാരം, നഴ്‌സ്, എന്ഞ്ചിനീയര്‍, (ചന്ദ്ര ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

9. 56.30 നാ. മുതല്‍ 60 നാഴിക വരെ- തൊണ്ട വേദന, തോളിനു മുറിവ്, കൊലപാതകം, പിടിച്ചുപറി, തെമ്മാടിത്തം, കുസൃതി, മെക്കാനിക്കല്‍ എനഞ്ചിനീയര്‍, കൈയെഴുത്തു വിദഗ്ദന്‍, പോലീസ് വകുപ്പ്, (ചൊവ്വ ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

1. മിഥുനരാശി 7 ഡിഗ്രിയില്‍ തിരുവാതിര 0 നാഴിക മുതല്‍ 4 നാഴിക 30 വിനാഴിക വരെ ജനിച്ചാല്‍- സ്‌നേഹസത്ക്കാരപൂര്‍ണ്ണമായ പെരുമാറ്റം, ഉപകാരി, ലവ്മാരേജ്.

2. 4.30 നാഴിക 9 നാഴിക വരെ(8ഡി)- അപകടകാരി, പെട്ടെന്നു ദേഷ്യപ്പെടുന്നവന്‍, ജാഗ്രതപുലര്‍ത്തുന്നവന്‍, കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള കഴിവ്.

3. 9 നാഴിക 13.30 നാഴിക വരെ(9ഡി)- നല്ല പരിഷ്‌കൃതാശയം, യോജിച്ചുപോകുന്ന പ്രകൃതം, തുറന്നപെരുമാറ്റം, വിദേശിയുമായി വിവാഹം.

4. 13.30 നാഴിക 18 നാഴിക വരെ (10ഡി)- ഉയര്‍- ആശയങ്ങള്‍, വിവാഹത്തിനു ശേഷം ഉയര്‍ച്ച, പങ്കാളികളെ കൊണ്ടു ഉന്നതി.

5. 18 നാഴിക മുതല്‍ 22.30 നാഴിക വരെ(11 ഡി)- ആജ്ഞാശക്തി, ബുദ്ധിശക്തി, യോജിച്ചുപോകുന്നപ്രകൃതം, സ്‌നേഹിതന്‍മാര്‍ കാരണം ദീര്‍ഘയാത്രകള്‍.

6. 22.30 നാഴിക മുതല്‍ 27 നാഴിക വരെ( 12 ഡി)- എല്ലാകാര്യങ്ങളും തയങ്ങി നില്‍ക്കുക, ആളുകളെ അവിശ്വസിക്കാതിരിക്കുക, ദയാപരമായ കാര്യങ്ങള്‍.

7. 27നാഴിക മുതല്‍ 31.30 നാഴിക വരെ ( 13 ഡി) - മന:സമാധാനമില്ലാത്ത, എവിടെയും അധികാരം സ്ഥാപിക്കുക, പ്രവര്‍ത്തനശേഷിയുള്ള ശക്തനായ, പ്രതീക്ഷകള്‍ നിറവേറ്റുന്നു.

8. 31.30 നാഴിക മു. 36 നാഴിക വരെ.(14 ഡി)- ഒരുത്തരോടും പൊരുത്തപെടാത്ത പ്രകൃതം, സംശയാലു, ദയാപ്രവര്‍ത്തനങ്ങള്‍.

9. 36 നാഴിക മുതല്‍ 40.40 നാഴിക വരെ(15 ഡി)- ഉത്സാഹം, ജാഗ്രത, ചിലപ്പോള്‍ ഇരട്ടിയായിരിക്കാം.

10. 40.30 നാഴിക മുതല്‍ 45 നാഴിക വരെ (16 ഡി)- പെട്ടെന്നു ഭാവം മാറുന്ന പ്രകൃതം, സുഖലോലുപത, പൈതൃകമായി ഒരു വീടുകിട്ടിയേക്കും.

11. 45 നാഴിക മുതല്‍ 49.30 നാഴിക വരെ( 17 ഡി)- പ്രഭുത്വശക്, ആജ്ഞാശക്തി, ഉത്സാഹി, കഴിവുള്ള സഹോദരന്‍മാര്‍ക്ക് കലാവാസന.

12. 49 നാഴിക 30 വി. മുത. 54 നാഴിക വരെ(18 ഡി)- രണ്ടു തരത്തിലുള്ള സ്വഭാവം, സ്ത്രീപ്രകൃതി, വീട്ടില്‍ വച്ചു ബിസിനസ്സ് നടത്തല്‍.

13. 54 നാഴിക്‍ മുതല്‍ 58.30 നാഴിക വരെ(19 ഡി)- കലാകാര്യങ്ങളില്‍ താത്പര്യം, മനുഷ്യത്വമുള്ള പെരുമാറ്റം, പൊതുജനസമ്മതിയുള്ള പ്രവര്‍ത്തനം.

തിരുവാതിര നക്ഷത്രത്തിന്റെ ഓരോ പാദത്തിലും ജനിച്ചവരുടെ സവിശേഷതകള്‍ സാരാവലി എന്ന ഗ്രന്ഥത്തിലും നാഡീഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ളതു താഴെ കൊടുക്കുന്നു.

1. തിരുവാതിര 0 നാഴിക മുതല്‍ 15 നാഴിക വരെ (ഒന്നാം പാദത്തില്‍) ജനിച്ചവര്‍- തെക്കു വടക്കെ തെരുവില്‍ കിഴക്കോട്ടു നോക്കിയുള്ള വീട്ടില്‍ ജനനം. തെക്കു കിഴക്കുഭാഗത്ത് പള്ളി, വടക്കു കിഴക്കു മണി, വടക്കു പടിഞ്ഞാറ് ആശുപത്രി, ഇരുണ്ട ശരീരനിറം, നല്ല മനോഹരമായ നെറ്റി, ജന്തുക്കളെ വേട്ടയാടുന്നതിലും, ഹിംസിക്കുന്നതിലും താത്പര്യം.

2. 2ാം പാദത്തില്‍ (15 നാഴിക മുതല്‍ 30 നാഴിക വരെ) ജനിച്ചാല്‍- വെളുത്തനിറം, ചുവന്ന കണ്ണ്, നല്ല മൂക്ക്, ഒത്ത ശരീരം, നല്ല ബുദ്ധി, നീണ്ടമുഖം, ഇരുണ്ട പുരികം, കിഴക്കുപടിഞ്ഞാറു തെരുവില്‍ വടക്കോട്ടു നോക്കിയ വീട്, പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രം, അടുത്ത് ജീര്‍ണ്ണിച്ച വീടുകള്‍.

3. 3ാം പാദത്തില്‍ ( 30 നാഴിക മുതല്‍ 45 നാഴികയില്‍) ജനിച്ചാല്‍- വീടിനെതിരം ആരാധനാലയം, തെരുവിന്റെ നടുവില്‍ ജലം ലഭിക്കാനുള്ള സൗകര്യം, മൂ-ാന്നാമത്തെ വീട്ടില്‍ വികലാംഗന്‍, നെറ്റിയില്‍ കുഴിവുകള്‍, കേടുള്ള പല്ല്, ചൂതുകളിക്കുന്ന സ്വഭാവം, തടിച്ച മുഖം, തടിച്ചപൂഷ്ഠം, പുഷ്ടിയുള്ള നെഞ്ചും കൈയ്യും, ദുഷ്ടപ്രകൃതി.

4. 4ാം പാദത്തില്‍ (45നാഴിക മുതല്‍ 60 നാഴികയില്‍) ജനിച്ചാല്‍- തേന്‍ നിറമുള്ള കണ്ണുകള്‍, പലമ്പുന്നവന്‍, ഒത്തശരീരം, ചതിയന്‍, ചഞ്ചലബുദ്ധി, നല്ല ചുണ്ടും പല്ലുകളും

തിരുവാതിര നക്ഷത്രത്തത്തെപ്പറ്റി ജ്യോതിഷഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങള്‍ കൂടി താഴെ പ്രതിപാദിക്കുന്നു.

1. ഹോരാസാരം- തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവന്‍ ചഞ്ചലചിത്തനും, കടുത്തു സംസാരിക്കുന്നവനും, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കുന്നവനും, ആത്മാഭിമാനമുള്ളവനും, ദീര്‍ഘായുസ്സുമായിരിക്കും.
2. ബൃഹത്‌സംഹിത- നിര്‍ബന്ധബുദ്ധിയും, പറയുന്നതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവനും, ഗര്‍വ്വിഷ്ഠനും, ഉപകാരസ്മരണയില്ലാത്തവനും, ഹിംസിക്കുന്ന സ്വഭാവമുള്ളവനും, പാപശീലനുമായിരിക്കും.
3. പരാശരന്‍- രൗദ്രസ്വഭാവമുള്ളവനും, ക്രൂരനും, കോപിഷ്ഠനും, മറ്റുള്ളവരുടെ സ്ത്രീയെയും പണത്തെയും ആഗ്രഹിക്കുന്നവനും, അപഹരിക്കുന്നവനും, ക്രൂരവാക്കും, അതിധീരനും, ഭയമില്ലാത്തവനുമായിരിക്കും.
4. ബൃഹത്ജ്ജാതകം- തിരുവാതിര നക്ഷത്രത്തത്തില്‍ ജനിച്ചവര്‍ കുടിലഹൃദയനും, കൃതഘ്‌നനും, ഹിംസിക്കുന്ന സ്വഭാവമുള്ളവനും, പാപസ്വഭാവിയുമായിരിക്കും.
5. ജാതകപാരിജാതം- പണം കുറവായുള്ളവനും, ചഞ്ചലസ്വഭാവിയും, നിസ്സാരപ്രവര്‍ത്തികള്‍ ചെയ്യുന്ന സ്വഭാവമുള്ളവനുമായിരിക്കും.
6. മരണക്കണ്ടി- പണ്ഡിതനും, പലകാര്യങ്ങള്‍ അറിയാവന്നവനും, വണ്ട് പുഷ്പത്തില്‍ എന്നപോലെ മറ്റുള്ളവരെ അന്വഷിച്ചു ചെല്ലുന്നവനും, കടുപ്പിച്ചു സംസാരിക്കുന്നവനും, സ്ഥിരമായ നടപ്പുള്ളവനും, ഉയര്‍- നാസികയും, വിരിഞ്ഞ മാറും ഉള്ളവനും, ദേഷ്യപ്പെടുന്നവനും, ഉറക്കപ്രിയനും, നശിപ്പിക്കുന്ന സ്വഭാവമുള്ളവനും, എതിര്‍ത്ത് സംസാരിക്കുന്നവനുമായിരിക്കും.

തിരുവാതിര നക്ഷത്രക്കാര്‍ക്ക് പ്രാരംഭദശ രാഹു 18 വര്‍ഷം, തുടര്‍ന്നു വ്യാഴദശ 16 വര്‍ഷം, ശനിദശ 19 വര്‍ഷം, ബുധദശ 17 വര്‍ഷം, കേതുദശ 7 വര്‍ഷം, ശുക്രദശ 20 വര്‍ഷം, രവിദശ 6 വര്‍ഷം, ചന്ദ്രദശ 10 വര്‍ഷം, കുജദശ 7വര്‍ഷം

ജീവിതത്തില്‍ ക്ലേശകരമായ വര്‍ഷങ്ങള്‍- രാഹു ദശയില്‍ 3-ാം വര്‍ഷവും, 7-ാം വര്‍ഷവും, 12-ാം വര്‍ഷവും നാല്‍ക്കാലികളാല്‍, 14-ാം വര്‍ഷം വിഷഭയം, 18-. ഉയരത്തില്‍ നിന്നുള്ള വീഴ്ചകൊണ്ട്, 20-. സ്ത്രീ, ഔഷധം ഇവകൊണ്ട്, 30-. കള്ളന്‍മാരെകൊണ്ട്, 35-. സൈന്യത്തിനെകൊണ്ട്, 40-. വാതരോഗംകൊണ്ട്, 47-. ഉദരരോഗംകൊണ്ട്, 50-. അര്‍ശ്ശസ്സുകൊണ്ട്, 55-. വയറിളക്കംകൊണ്ട്.

തിരുവാതിരയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
ശരീരഭാഗം- തൊണ്ട, തോള്, ഭുജങ്ങള്‍.
രോഗങ്ങള്‍്‍ - തൊണ്ടരോഗം, മൊണ്ടിനീര്‍, ആസ്ത്മ, ഇസനോഫീലിയ, വരട്ടുചുമ, ഡിഫ്തീരിയ, കര്‍ണ്ണരോഗങ്ങള്‍, ചെവിയില്‍ പഴുപ്പ്.
സ്വഭാവ സവിശേഷതകള്‍- ജാഗരൂകമായ മനസ്സ്, കാര്യങ്ങള്‍ സ്വയം അറിയുവാനുള്ള കഴിവ്, നിരൂപണബുദ്ധി, സാഹിത്യപ്രവര്‍ത്തനങ്ങളില്‍ പരാജയം, മറ്റുള്ളവരുടെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള കഴിവ്, പുതിയആശയങ്ങള്‍ തോന്നല്‍, ഉപകാരസ്മരണയില്ലായ്മ, വഞ്ചന, സന്ദര്‍ഭംപോലെ കള്ളംപറയല്‍.
തൊഴിലുകള്‍- സെയില്‍സ് മാന്‍, ഷാപ്പ് കീപ്പര്‍, പോസ്റ്റ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ട് മെന്റ്, വാര്‍ത്താവിനിമയം, ട്രാന്‍സ്‌പോര്‍ട്ട്, സൈന്യം, റബര്‍ സാധനങ്ങള്‍, സംഗീതവാസന, അഡ്വര്‍ടൈസിംഗ്, പബ്‌ളിസിറ്റി, ഗ്രന്ഥരചന, ഔഷധവ്യാപാരം, മദ്യം, പണമിടപാടുകള്‍, കൈയെഴുത്തു വിദഗ്ദര്‍.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories