ജ്യോതിഷം

ഉപാസനാമൂര്‍ത്തി


ഉപാസനാ മൂര്‍ത്തി

ഒരാളിന്‍റെ ജീവിതത്തില്‍ അദ്ദേഹം അറിഞ്ഞിരിക്കേണ്ടുന്ന ഒരു സത്യം ആണ് അദ്ദേഹത്തിന്റെ ഉപാസനാ മൂര്‍ത്തി ആരാണ് എന്നുള്ളത്. ജ്യോതിഷം പൂര്‍വ്വ ജന്മ വിശേഷങ്ങളില്‍ അധിഷ്ടിതവും ആണ്. 'പൂര്‍വ്വ ജന്മ കൃതം പാപം വ്യാധി രൂപേണ ജായതേ' എന്നും ജ്യോതിഷ ശാസ്ത്രം അനുശാസിക്കുന്നു.

ആഗ്രഹവും പ്രതീക്ഷകളും ആണല്ലോ സാധാരണക്കാരായ നമ്മുടെ ജീവിതത്തെ മുന്‍പോട്ടു നയിക്കുന്നത്. എന്നാല്‍ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടായിട്ടും, അവയൊന്നും സാധിക്കാതെ ഉഴലുന്ന ജീവിതങ്ങളും ഉണ്ട്. ജീവിതത്തിനു ഒരു നിരപ്പില്ലായ്മ അനുഭവപ്പെടുക. അപ്രതീക്ഷിത സംഭവങ്ങളില്‍ പ്പെട്ടുപോവുക,ഇങ്ങനേയും അനുഭവങ്ങള്‍ ഉണ്ടാവുമല്ലോ. അതാണല്ലോ ജീവിതവും.

ഒരാളിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത്‌ എല്ലാം ജാതകത്തില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണ്. അങ്ങനെയല്ല എന്നു തോന്നുന്നു എങ്കില്‍,അത് തോന്നല്‍ മാത്രമാണ്. കാരണം ആ ജാതകത്തില്‍ അങ്ങനെ സംഭവിക്കാനുള്ള കാരണവും ഈശ്വരന്‍ രഹസ്യമായി ഉള്‍പ്പെടുതിയിട്ടുണ്ടാവും, തീര്‍ച്ച. ( അങ്ങനെ അല്ല എന്ന തോന്നലിനു ഉള്ള കാരണം. )

ഹോരയിലെ ഒന്നാം ശ്ലോകം ആയ 'മൂര്‍ത്തി ത്വേ .......യില്‍ അപുനര്‍ ജന്മനാം വര്‍ത്മ എന്നതിന്‍റെ അര്‍ഥം തന്നെ പുനര്‍ജ്ജന്മം ഉണ്ടാകാത്ത വിധം മോക്ഷം തേടുക എന്നതാണ്. കഴിഞ്ഞുപോയ ജന്മങ്ങളിലെ പാപ പുണ്യങ്ങളെ തിരിച്ചറിയാന്‍ ഉള്ള ഏക വഴിയാണ് ജ്യോതിഷം. പാപങ്ങള്‍ ഉണ്ടായാല്‍ വീണ്ടും ജന്മം ഉണ്ടാവും. അങ്ങനെ ജനന മരണ നാടകങ്ങളില്‍ പ്പെട്ടു അലയാതിരിക്കാന്‍, അവനവന്‍ അവന്റെ ഉപാസനാ മൂര്‍ത്തിയെ അറിയുകയും, പ്രീതി പ്പെടുത്തുകയും വേണം. മനുഷ്യന്‍ തന്റെ പ്രവര്‍ത്തി കളിലൂടെ ചെയ്യുന്ന ദോഷങ്ങളെ അകറ്റി നന്മയിലേക്ക് തിരിയുവാന്‍ വേണ്ടുന്ന മാര്‍ഗം ആണ് ഉപാസന. ധര്‍മ്മ, അര്‍ഥ, കാമ, മോക്ഷങ്ങള്‍, ഇവ നാലും ഉണ്ടായിരുന്ന കൃതാ യുഗത്തില്‍ നിന്നും, ഇന്നു കലിയില്‍ എത്തിയപ്പോള്‍ അവ നാലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കലിയുടെ ലക്ഷണങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളു താനും.

ഒരു ജാതകത്തിലെ അഞ്ചാം ഭാവം കൊണ്ടു നമുക്ക്, കഴിഞ്ഞ ജന്മത്തെ അറിയാം.കാരണം അഷ്ടമം കൊണ്ട് മരണം നിശ്ചയിക്കുന്നുവല്ലോ. ഈ ജന്മത്തിലെ 12 ആം ഭാവം അഷ്ടമരാശി ആവുന്നത് അഞ്ചാം ഭാവം കൊണ്ടാണല്ലോ. അങ്ങനെ കഴിഞ്ഞുപോയ ജന്മ ബാക്കിപത്രമാണ് ഈ ജന്മം എന്നും മനസ്സിലാക്കുക. അതുകൊണ്ട് അഞ്ചാം ഭാവാധിപനെയും, അവിടെ നില്‍ക്കുന്നവനെയും, നോക്കുന്നവനെയും പരിശോധിച്ച് അതില്‍ ബലം ഉള്ള ഗ്രഹത്തിന് പറഞ്ഞിട്ടുള്ള ദൈവത്തിനെ പ്രാര്‍ഥിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായചിത്തം ആയി. അത് ഇഹ ജന്മത്തെ പ്രയാസങ്ങളെ അതിജീവിക്കുവാന്‍ വളരെ സഹായം ആകുന്നു.

ജാതകത്തില്‍ കേന്ദ്ര ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ നവാംശങ്ങളിലൂടെ ലഗ്നത്തില്‍ ബന്ധപ്പെട്ടാല്‍ ആ ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതും വളരെ ഗുണം ചെയ്യും.പ്രസ്തുത ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന ദിക്കുകളിലും, ആ രാശിക്ക് പറഞ്ഞിരിക്കുന്ന ദിക്കുകളിലും, അത്തരത്തിലുള്ള ഒരു ദേവതാ ക്ഷേത്രവും ഉണ്ടാവും ഉറപ്പ്‌. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നല്ല, ജനിച്ച സ്ഥലത്ത് നിന്ന് വേണം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കകുവാന്‍. ഹോരയിലെ 3ആം ശ്ലോകത്തില്‍ ഇതു വിവരിക്കുന്നു.

ജാതകത്തിലെ ഏറ്റവും കൂടുതല്‍ സ്പുടം ഉള്ള ഗ്രഹം ആണ് ആത്മ കാരക ഗ്രഹം. ആ ഗ്രഹം അംശിച്ച രാശിയുടെ 12ആം ഭാവം സൂചിപ്പിക്കന്ന ഗ്രഹ ദൈവം ആണ് ഉപാസനാ മൂര്‍ത്തി. അവിടെയും ബലാ ബലം നോക്കി വേണം തീരുമാനം എടുക്കുവാന്‍. അങ്ങനെ കണ്ടെത്തുന്ന ഉപാസനാ മൂര്‍ത്തിയെ ഉപാസിച്ചാല്‍ ജന്മം പുണ്യമായി.

ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തിയത് കൊണ്ട് മാത്രം കാര്യമില്ല. വിധിയാം വണ്ണം ആചരിക്കുകയും വേണം.മൂര്‍ത്തിയുടെ മൂലമന്ത്രം വിധിയാം വണ്ണം യോഗ്യനായ സ്വന്തം ഗുരുവില്‍ നിന്നും സ്വീകരിക്കണം. ഗുരു ഇല്ലാതെ ഒന്നും ഇല്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം തന്നെയാണ് ഈശ്വരന്‍. ഗുരുര്‍ ബ്രഹ്മ, ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര ' എന്നാണല്ലോ പ്രമാണം .

സജ്ജനങ്ങള്‍ കാര്യങ്ങള്‍ വേണ്ടും വണ്ണം മനസ്സില്ലാക്കി പ്രവര്‍ത്തിച്ചാല്‍ ഇഹ ജന്മതിലൂടെ തന്നെ മോക്ഷം പ്രാപിക്കാം. അതിനു കഴിയുമാറാകട്ടെ എന്ന് ദൈവത്തോട്  പ്രാര്‍ത്ഥിച്ചു കൊണ്ട്‌ ചുരുക്കുന്നു,

സവിനയം

രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories