ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

സന്ധ്യേ നീ എത്ര പ്രഭാമയി!


സന്ധ്യേ നീ എത്ര പ്രഭാമയി!

ഉദയാസ്തമയങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണു സന്ധ്യ. ഉദയവും അസ്തമയവും ഇല്ലെങ്കില്‍ പകല്‍ അനന്തമാകും, മറ്റൊരുതരത്തില്‍, ഉണര്‍വ്വില്ലാത്ത ഉറക്കത്തിലേക്കു പ്രപഞ്ചം വഴുതി വീഴും കര്‍മ്മസാക്ഷിയായ സൂര്യനെപ്പൊലെ, സന്ധ്യയും, ഉണറ്വ്വിന്റെയും,പ്രവറ്ത്തിക്കു ശേഷമുള്ള തളറ്ചയുടേയും പ്രതീകമാണ്. ഉഷസന്ധ്യയും, അസ്തമയസന്ധ്യയുമില്ലാത്ത പകല്‍ എത്രയൊ വിരസമാണ്?സര്‍വാംഗ സുന്ദരിയായ ഈ സന്ധ്യ ആരെന്നുചിന്തിക്കുമ്പോള്‍, നമുക്കു പുരാണങ്ങളിലേക്കു കടക്കേണ്ടി വരുന്നു.ബ്രഹ്മാവിന്റെ വികാരത്തില്‍ നിന്നു രൂപം പൂണ്ട സന്ധ്യ പിറവിയില്‍ തന്നെ ആരേയും മോഹിപ്പിക്കുന്ന അപ്‌സരസുന്ദരി ആയിരുന്നു. കാമോദ്ദീപകമായ അവളുടെ മാര്‍വ്വിടവും, നീണ്ടുനീലിമയാര്‍ന്ന കണ്ണുകളും, സര്‍വ്വോപരി അംഗ സൌഷ്ടവവും സ്വന്തം ദൃഷ്ടിക്കു ഗോചരമായപ്പോള്‍, മനോനിയന്ത്രണം എറെ ഉള്ളവനായിട്ടുപോലും, ആ പിതാവു സ്വന്തം പുത്രിയില്‍ ആകൃഷ്ടനായി.

മാരശരമേറ്റ അദ്ദേഹം ആഗ്രഹ നിവൃത്തിക്കായി പുത്രിയെ പ്രാപിക്കാനൊരുങ്ങി. ഭയവിഹ്വലയായ ആ പുത്രി കണ്ണീര്‍ പൊഴിച്ചു, അവള്‍ പറഞ്ഞു, 'പിതാവെ! രക്ഷകനായ അങ്ങയുടെ ചരണങ്ങളെ ഞാന്‍ സ്പര്‍ശിക്കുന്നു. ഞാന്‍ അങ്ങയുടെ പുത്രിയാണ് . അങ്ങയുടെ കാമമല്ല, വാത്സല്യമാണു എനിക്കു വേണ്ടത്. പിതാവെ! അങ്ങ് പുത്രീ നിറ്വിശേഷമായ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചാലും!'പുത്രിയുടെ കണ്ണീര്‍കണങ്ങള്‍ വീണു പാദങ്ങള്‍ നനഞ്ഞപ്പോഴും, ബ്രഹ്മാവിനു തിരിച്ചറിവു ഉണര്‍ന്നില്ല. അദ്ദേഹം വീണ്ടും പുത്രിയെ പ്രാപിക്കാന്‍ ഒരുങ്ങി. ഈ കൊടും പാപത്തില്‍ നിന്നും പിതാവിനെ രക്ഷിക്കാന്‍ സന്ധ്യ ഒരു 'മാന്‍പേട'യുടെ രൂപം ധരിച്ച് ഓടി.

സന്ധ്യക്കു പിന്നാലെ മാന്‍ രൂപം സ്വീകരിച്ചു ബ്രഹ്മാവും പാഞ്ഞു. സന്ധ്യയുടെ വിവശതയും, ബ്രഹ്മാവിന്റെ അപ്രതിരോധ്യമായ കാമവികാരവും, ജ്ഞാന ദൃഷ്ടിയാല്‍ അറിഞ്ഞ ' പരമശിവന്‍ ' അസ്ത്രത്താല്‍ മാനിന്റെ കഴുത്തറുത്തു. ആ അസ്ത്രം 'ആര്‍ദ്ര' നക്ഷത്രമായി ചക്രവാളത്തില്‍ ഉയര്‍ന്നു പൊങ്ങി.മാനിന്റെ ശിരസ്സു 'മകയിരം' നക്ഷത്രവുമായി.ശിരസ്സു ഛേദിക്കപ്പെട്ട നിമിഷം ബ്രഹ്മാവിനു , തന്റെ ചെയ്തികളില്‍ ലജ്ജയും, കുറ്റബോധവും ഉണ്ടായി. ശിവന്‍, ബ്രഹ്മാവിനെ പുച്ഛിച്ചു. 'പുത്രിയെ പ്രാപിക്കാനു ള്ള അങ്ങയുടെ മോഹം എത്ര ബാലിശവും, നിന്ദ്യവു മാണ്. പുത്രിയെ പിതാവാണു സംരക്ഷിക്കേണ്ടതെന്ന ലോക നിയമം അങ്ങു മറന്നു പോയൊ? ഈ പാപ കര്‍മ്മത്തില്‍ നിന്നും അങ്ങയെ പിന്തിരിപ്പിക്കാന്‍ ഞാന്‍ കണ്ട ഉപാധി മാത്രമായി ഈ പ്രവര്‍ത്തി കാണണം.'

അസംഭവ്യമായ പലതിനും തന്റെ ജനനം ഇടവരുത്തിയതില്‍ സന്ധ്യ അതീവ ദുഖിതയായി.തനിക്കഭയം തന്ന 'ശീവനെ' തപസ്സു ചെയ്യാന് സന്ധ്യ തീര്‍ച്ചയാക്കി. അവള്‍ ഒരു യജ്ഞം ആരംഭിച്ചു .വിധിയുടെ പരീക്ഷണം സന്ധ്യയെ വിടാതെ പിന്തുടര്ന്നു. യജ്ഞശാലയില്‍ തപസ്വി വേഷത്തില്‍ ഇരുന്ന സന്ധ്യയെ ബ്രഹ്മാവിന്റെ മാനസ പുത്രനായ ' കാമദേവന്‍' കാണാനിടയായി. അവളില്‍ മോഹിതനായ കന്ദര്‍പ്പന്‍, കാമബാണങ്ങള്‍ സന്ധ്യയെ ലക്ഷ്യമാക്കി തൊടുത്തു വിട്ടു. മാരശരമേറ്റ അവള്‍ അനിയന്ത്രിതമായ കാമവികാരത്തിനു അടിമപ്പെട്ടു. താന്‍ നടത്തിവന്ന യാഗത്തെ കുറി ച്ചുപോലും ,സന്ധ്യ വിസ്മരിക്കാന്‍ നിര്‍ബ്ബന്ധിതയായി. അവള്‍ ആഗ്രഹദൃഷ്ടിയോടെ കാമദേവനെ കടാക്ഷിച്ചു. തന്റെ പുത്രനെയും, പുത്രിയേയും ഈ പാതകത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ബ്രഹ്മാവു അവരുടെ മുന്പില്‍ പ്രത്യക്ഷനായി. കാമാര്‍ത്തയായ ആ പുത്രിക്കു പിതാവിനെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല, അത്രമാത്രം കന്ദര്‍പ്പശരം അവളെ വിവശയാക്കിയിരുന്നു.തപസ്സു മുടങ്ങിയതിന്റെ കാരണം കണ്ടെത്തിയ സദാശിവന്‍ ആശ്രമ കവാടത്തിലെത്തി. അത്യന്ത്യം നിര്‍ലജ്ജമായ അവരുടെ ചെയ്തികള്‍ നേരില്‍ കണ്ട ശിവന്‍ കോപിഷ്ടനായി, മൂവരേയും പിന്തിരിപ്പിച്ചു. തപസ്സു മുടക്കിയതില്‍ സന്ധ്യയേയും ശകാരിച്ചു. അവള്‍ ലജ്ജയാല്‍ തല കുമ്പിട്ടു നിന്നു, കണ്ണിര്‍ പൊഴിച്ചു. ' ഭഗവന്‍! എന്റെ പ്രവര്‍ത്തിയില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. പാപപങ്കിലമായ എന്റെ ശരീരം ഞാന്‍ അഗ്‌നിക്കു ഇരയാക്കാന്‍ ആഗ്രഹിക്കുന്നു.'

ശിവനു അവളോടു അനുകമ്പ തോന്നി' കുഞ്ഞെ! ഒന്നും നിന്റെ മാത്രം തെറ്റല്ല. പിതാവും, പുത്രനും ഇതില്‍ പങ്കാളികളാണ്. ഈ കളങ്കത്തിന്റെ ഫലം അവരും അനുഭവിച്ചേ പറ്റു!നീ മുടങ്ങിപ്പോയ തപസ്സു പുനരാരംഭിക്കാന്‍ വേണ്ടതു ചെയ്യുക. എന്റെ അനുഗ്രഹം നിനക്കു എന്നും ഉണ്ടാകും. സംഭവിച്ചു പോയതു നിന്റെ മാത്രം തെറ്റുകൊണ്ടല്ല, ദുഖിക്കേണ്ട ആവശ്യകത ഇല്ല.' ശിവന് അവളെ അനുഗ്രഹിച്ചു യാത്രയായി.

ശിവന്റെ ഉപദേശം അനുസരിച്ചു, ദേവപ്രീതിക്കായി തപസ്സു അനുഷ്ടിക്കാന്‍ സന്ധ്യ ,' ചന്ദ്രഭാഗ' നദീക്കരയിലെത്തി. പുത്രിയുടെ നീക്കം ജ്ഞാനദൃഷ്ടിയിലറിഞ്ഞ ബ്രഹ്മദേവന്‍, തന്റെ മറ്റൊരു മാനസ പുത്രനായ വസിഷ്ട മഹര്ഷിയെ സ്മരിച്ചു വരുത്തി. 'പുത്രാ! സന്ധ്യ തപസ്സനുഷ്ടിക്കാന്‍ പുറപ്പെട്ടിരിക്കുന്നു. അവള്ക്കു അതിനേക്കുറിച്ചു വേണ്ട ജ്ഞാനം ഇല്ല.നീ അവളെ കണ്ടു ആവശ്യമായ ' ദീക്ഷ' നല്കിഅവളുടെ തപസ്സു ഫലപ്രാപ്തിയില്‍ എത്താന്‍ വേണ്ടുന്നതു ചെയ്യുക.'

പിതാവിന്റെ വാക്കുകള് മാനിച്ചു വസിഷ്ടന് സന്ധ്യയെ കാണുന്നതിനു പുറപ്പെട്ടു. തന്റെ മുന്നില്‍ എത്തിയിരിക്കുന്ന അത്യന്തം തേജോരൂപിയായ ഋഷി വര്യനെ കണ്ടുസന്ധ്യ അദ്ദേഹത്തെ വിനയപൂര്‍വ്വം വണങ്ങി. ' കന്യേ! നിന്റെ ഉദ്ദേശം ഞാന്‍ മനസ്സിലാക്കുന്നു. നിനക്കു തപസ്സിലെക്കുള്ള ശരിയായ ദിശ നല്‍കാന്‍ പിത്രു നിയോഗപ്രകാരാം ഞാന്‍ എത്തിയിരിക്കുന്നു. ഞാന്‍ തപസ്വിയായ വസിഷ്ടനാണ്.' സന്ധ്യ മുനിയെ ഭക്തിപൂര്‍വ്വം വണങ്ങി, പറഞ്ഞു ' മഹാമുനേ! അവിടുത്തെ വാക്കുകളാല്‍ ഞാന്‍ സന്തൊഷവതിയായി. പാപപങ്കിലമായ എന്റെ ശരീരം തപസ്സിനാല്‍ ശുദ്ധികരിക്കാന്‍ വേണ്ടുന്ന മാര്‍ഗ്ഗം അവിടുന്നു കാട്ടി തന്നാലും. ജന്മ ശാപം പോലെ എന്നില്‍ വന്നു കൂടിയ ഈ സൌന്ദര്യം എനിക്കു പിറവിയിലേ ദുഖം നല്കിയിരിക്കുന്നു, ഇതില്‍ നിന്ന് മുക്തയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

വസിഷ്ടന് പറഞ്ഞു, ' കന്യേ! ഒന്നും നിന്റെ തെറ്റല്ല, അതിനാല്‍ അനാവശ്യമായ കുറ്റബോധത്തിനു അടിമയാകരുത്. ജഗത് പിതാവായ പരമശിവനെ മാത്രം മനസ്സില്‍ ധ്യാനിക്കുക. മൂല മന്ത്രമായ 'ഓം നമ ശങ്കരായ ഓം! എന്നു നിരന്തരം ജപിക്കുക. മനസ്സു ഏകാഗ്രമാക്കുക. നിന്റെ ആഗ്രഹം സഫലമാകും!'

' മഹാമുനേ! തപസ്സനുഷ്ടിക്കേണ്ട വിധികളെക്കുറിച്ചു കൂടി അങ്ങു വേണ്ടുന്ന അറിവു പകര്‍ന്നാലും.'കന്യേ! നീ ഏഴരവെളുപ്പിനു ഉണരുക, മൌനിയായി സ്‌നാനം ചെയ്തു ദേഹശുദ്ധി വരുത്തുക. അതിനുശേഷം ഏകാഗ്രമനസ്സോടെ ശിവപൂജ നടത്തുക.ആദ്യം രണ്ടു പ്രാവശ്യം ആറുമണിക്കൂര്‍ കൂടുമ്പോള്‍ മാത്രം ജലപാനം നടത്തുക. മൂന്നാമത്തെ ആറുമണിക്കൂര്‍ ഉപവാസം അനുഷ്ടിക്കണം. ഈ വിധം 'ശിവപ്രീതി' ലഭിക്കുവോളം നീ തപസ്സനുഷ്ടിച്ചാല്‍ നിന്റെ സര്‍വ്വ കാമനകളും ആ ജഗല്‍ പിതാവു സാധിച്ചു തരുന്നതാണ്. നീ ഉടന് തപസ്സു അനുഷ്ടിക്കാന്‍ തയ്യാറാകുക.ഞാന്‍ നിനക്കു സര്‍വ്വ മംഗളങ്ങളും നേരുന്നു.' വസിഷ്ടന്‍ അനുഗ്രഹിച്ചു യാത്രയായി. നിറഞ്ഞ മനസ്സോടെ സന്ധ്യ തപസ്സാരംഭിച്ചു. കാലങ്ങള്‍ കടന്നു പോയി. ഘോരമായ തപനിഷ്ടയാല്‍ സന്ധ്യയുടെ ശരീരം എല്ലും തോലുമായി തീര്‍ന്നു. എന്നിട്ടും, ആ തന്വിയുടെ എകാഗ്രനിഷ്ടക്കു ഇളക്കം ഉണ്ടായില്ല. അവളുടെ തപസ്സില്‍, ശിവന്‍ സംപ്രീതനായി അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ മനസ്സില്‍ ദൃഡമായിരുന്ന, ആ 'പരബ്രഹ്മമൂര്‍ത്തിയെ' നേരില്‍ കണ്ടപ്പോള്‍ അവള്‍ സന്തോഷം കൊണ്ടു മതിമറന്നു.

ഭഗവാന്റെ അഭൌമമായ രൂപത്തില്‍ നിന്നൊഴുകിയ കാന്തി പ്രഭയില്‍ അവള്‍ എല്ലാം മറന്നു ലയിച്ചു നിന്നു. പരിസരബോധം വീണ്ടെടുത്ത അവള്‍ക്കു ഭഗവാനോടു എന്താണു അര്‍ത്ഥിക്കേണ്ടതു എന്നു പോലും അറിയാതായി. ശബ്ദം പുറത്തേക്കു വരാത്ത അവസ്ഥയില്‍ അവള്‍ ഭഗവാനെ നോക്കി മിഴിച്ചു നിന്നു.

ആ സമയത്തു ഭഗവാന്‍ അവളുടെ ഹൃദയത്തില്‍ കടന്നു അവള്‍ക്കു ദിവ്യ ജ്ഞാനം പ്രദാനം ചെയ്തു. 'ദിവ്യ വാണിയും, ദിവ്യദൃഷ്ടിയും ഭഗവാന്‍ പ്രസാദിച്ചു അവള്‍ക്കു നല്കി. സന്ധ്യ തനിക്കു കനിഞ്ഞു കിട്ടിയ ദിവ്യവാണിയാല്‍ ഭഗവാനെ നിരന്തരം സ്തുതിച്ചു. അവളുടെ ഭക്തിയില്‍ ഭഗവാന്‍ ഏറെ സന്തുഷ്ടനായി, അദ്ദേഹം പറഞ്ഞു ' ഭദ്രേ! ഞാന്‍ നിന്നില്‍ ഏറെ പ്രീതനായിരിക്കുന്നു. പറഞ്ഞാലും നിനക്കു എന്നില്‍ നിന്നു എന്തു വരമാണു വേണ്ടതു? മടിക്കാതെ ചോദിച്ചോള്ളൂ!'സന്ധ്യ ഭഗവാന്റെ തൃപാദങ്ങളില്‍ സ്രാഷ്ടാംഗം പ്രണമിച്ചു. അവള്‍ തന്റെ ഇംഗിതം ദേവനു മുന്നില്‍ വെളിപ്പെടുത്തി. ' ഈ ലോകത്തില്‍ ഇനി മേലില്‍ ജനിക്കുന്ന എല്ലാ ജീവജാലങ്ങളിലും ജന്മനാ കാമഭാവം ഉണ്ടാകാന്‍ ഇടവരരുത്.

ഇനി ഒരുവരം കൂടി ഞാന്‍ അങ്ങില്‍ നിന്നു അഗ്രഹിക്കുന്നു... എന്തെന്നാള്‍, എന്നെ വിവാഹം കഴിക്കുന്ന പുരുഷന് എന്നില്‍ മാത്രം അനുരക്തനാകണം. മറ്റൊരു വരം കൂടി എനിക്കു കനിഞ്ഞരുളിയാലും ഭഗവാന്‍ പുഞ്ചിരിച്ചു 'ചോദിച്ചോളു പുത്രി! നീ ചോദിക്കുന്നതെല്ലാം ഞാന്‍ നിനക്കു കല്പ്പിച്ചരുളും' സന്ധ്യ ചോദിച്ചു ' ഏതെങ്കിലും അന്യ പുരുഷന്‍ സകാമത്തോടെ എന്നെ വീക്ഷിച്ചാല്‍ അവനു നപുംസകത്വം ഭവിക്കണം'പരമശിവന്‍ പറഞ്ഞു. 'നടന്ന സംഭവങ്ങള്‍ നിന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നു. നിന്റെ അഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തിയാകുന്നതാണ്. എന്നാല്‍ ഒരുകാര്യം നിന്റെ അറിവിലേക്കായി ഞാന്‍ വെളിപ്പെടുത്തുന്നു, ഈ ഭൂമിയിള്‍, പിറവി എടുക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും തങ്ങളുടെ ജീവിത ചക്രത്തില്‍ ശെശവം, കൌമാരം, യ്യൌവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥാഭേദങ്ങളിലൂടെ കടന്നു പോകണം എന്നതു പ്രക്രുതി നിയമമാണ്. അതിനു മാറ്റം വരുത്താന്‍ ആവില്ല. കൌമാരാന്ത്യത്തിലോ യ്യൌവനാരംഭത്തിലൊ ജീവികളില്‍ പ്രകടമാകുന്ന കാമഭാവം തടയാനാവില്ല, വംശവര്‍ദ്ധനവ് ജീവികള്‍ക്ക് കൂടിയേ തീരൂ. ഇനിമുതല്‍ ഈ പ്രകൃതിയില്‍ സകാമഭാവന ഉണ്ടാകുന്നതിനുള്ള വ്യത്യസ്തതഞാന്‍ നിന്റെ അഭീഷ്ടപ്രകാരം ക്രമീകരിക്കുന്നതാണ് ഇനി ഒട്ടും വൈകാതെ നീ ദിവ്യമായ നിന്റെ സതീ രൂപം പ്രാപിക്കുക. നിനക്കു ഞാന്‍ തന്ന ഈ മൂന്നു വരങ്ങളും ഈ ഭൂമിയില്‍ എന്നും പാലിക്കപ്പെടാന്‍ ഞാന്‍ സദാ നിഷ്‌കര്‍ഷിക്കുന്നതാണ്.'.' ഭഗവന്‍! ശേഷമുള്ള എന്റെ ജീവിതവും അങ്ങു ക്രമപ്പെടുത്തി തരണമെന്നു ഈ ഭക്ത അങ്ങയോടു അപേക്ഷിക്കുന്നു.' സന്ധ്യയുടെ വിനയഭാവത്തില്‍ ഭഗവാന് ഏറെ തൃപ്തനായി.'ഭദ്രേ! നിനക്കു ലഭിക്കുന്ന പുരുഷന്‍, മഹാതപസ്വിയും, ദിവ്യരൂപമുള്ളവനുമായ ഒരു യോഗി വര്യനായിരിക്കും. അയാള്‍ നിന്നോടൊപ്പം ഏഴു കല്പകാലം ജീവിക്കും.നിന്റെ പൂര്‍വ്വജന്മ സംബന്ധമായ വസ്തുതകള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തി തരുന്നുണ്ടു.എന്നാല്‍ ,എന്നില്‍ നിന്നു ഇതു ഗ്രഹിച്ച ശേഷം നീ ,നിന്റെ ഈ ശരീരം അഗ്‌നിക്കു ഇരയാക്കണം. അതിനുള്ള ഉപാധിയും ഞാന്‍ തന്നെ നിനക്കു പറഞ്ഞു തരുന്നുണ്ടു.' ഭഗവാന്റെ നിര്‍ദ്ദേശ പ്രകാരം ചെയ്യുന്നതാണന്നു സന്ധ്യ സത്യം ചെയ്തു. പൂര്‍വ്വ കഥാഖ്യാനത്തിനു ശേഷം ഭഗവാന്‍ പറഞ്ഞു'

ചന്ദ്രഭാഗ നദിയുടെ മറുകരയില്‍ ഒരു ആശ്രമം ഉണ്ട്.ആ ആശ്രമം ' മേധാതിധി'എന്ന മുനിശ്രേഷ്ടന്റെതാണ്. അദ്ദേഹം തന്റെ ആശ്രമപരിസരത്തു ഒരു യാഗം നടത്തിവരുന്നു. ചന്ദ്രഭാഗ നദിയുടെ ഉല്‍ഭവം മുതല്‍ അദ്ദേഹം അവിടെ തപസ്സനുഷ്ടിക്കുന്നു. തപസിദ്ധിയില്‍ അദ്ദേഹത്തെ ജയിക്കാന്‍ ഇന്നോളം ആരും ഉണ്ടായിട്ടില്ല.

മേധാതിഥി തന്റെ ആശ്രമ പരിസരത്തു വളരെക്കാലമായി ഒരു യജ്ഞം നടത്തി വരികയാണു. ഏറെ ആര്‍ഭാടപൂര്‍വ്വം പലവിധ ചടങ്ങുകളോടെ നടത്തിവരുന്ന ആ യജ്ഞത്തില്‍ അഗ്‌നിദേവന് പൂര്‍ണ്ണരൂപത്തില്‍ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. പന്ത്രണ്ടു വര്‍ഷം നീളുന്ന ഈ യാഗം ഏതാണ്ടു പരിസമാപ്തിയിലേക്കു അടുത്തു കൊണ്ടിരിക്കുകയാണ്. ഞാന്‍ നിദ്ദേശിച്ച പോലെ നീ ഉടന്‍ യാഗശാലയിലെക്കു പുറപ്പെടുക. നിന്റെ ദേഹം ആ യാഗാഗ്‌നിയില്‍ ഹോമിക്കുക. എന്റെ അനുഗ്രഹത്താല്‍ നീ ആരുടേയും ശ്രദ്ധയില്‍ പ്പെടില്ല. വൈകാതെ പുറപ്പെടുക. നിനക്കു മേലില്‍ മംഗളം ഭവിക്കും.' ഭഗവാന്‍ അപ്രത്യക്ഷമായ ശേഷം സന്ധ്യ മേധാതിഥിയുടെ യജ്ഞശാലയിലേക്കു തിരിച്ചു.ജീവാഹൂതിക്കു ശേഷം താന്‍ മുനിയുടെ പുത്രിയായി വീണ്ടും ജന്മമെടുക്കുമെന്ന ശിവാനുഗ്രഹം സത്യമായി തീരുമെന്നു അവള്‍ ഉറച്ചു വിശ്വസിച്ചു. തനിക്കു തപസ്സനുഷ്ടിക്കാന്‍ വേണ്ട നിര്‍ദ്ദേശവും, ഉപദേശവും നല്കിയ വസിഷ്ട മുനിയെ സ്മരിച്ചുകൊണ്ടു , അവള്‍ തന്റെ ജീവന്‍ യജ്ഞത്തിലെ ആഹൂതിക്കു ഇരയാക്കി. ഭഗവാന്‍ ശിവന്റെ ആജ്ഞപ്രകാരം, അഗ്‌നിദേവന് അവളുടെ കനകതുല്യമായ ശരീരത്തെ സസന്തോഷം സ്വീകരിക്കുകയും, ദഹിപ്പിച്ചു ശുദ്ധി വരുത്തി സൂര്യമണ്ഡലത്തില്‍ എത്തിക്കുകയും യ്തു. സൂര്യഭഗവാന് ഉടനെ അതിനെ രണ്ടായി പകുത്തു തന്റെ രഥത്തില്‍ സ്ഥാപിച്ചു. അതില്‍ ഒരു ഭാഗം പ്രാതസന്ധ്യയും, മറു ഭാഗം സായംസന്ധ്യയും ആയി തീര്‍ന്നു.സൂര്യോദയത്തിനുമുന്പു, അരുണോദയത്തില്‍ കിഴക്കെ ചക്രവാളത്തില്‍ തിളങ്ങുന്ന ചുവപ്പു നിറമായി മനോഹരിയായ പ്രാതസന്ധ്യ പ്രത്യക്ഷപ്പെടുന്നു. ഇവള്‍ ദേവന്മാരുടെ പ്രിയങ്കരിയായ് പറയപ്പെടുന്നു. സൂര്യാസ്തമയത്തോടെ പിതൃക്കളുടെ പ്രിയപ്പെട്ടവളായ സായം സന്ധ്യയുടെ വരവായി. ഭക്തപ്രിയനായ പരമശിവന്‍ സന്ധ്യയുടെ മനസ്സോടു കൂടിയ പ്രാണനു ദിവ്യ ശരീരം നല്‍കി. മുനിയുടെ യാഗാന്ത്യത്തിള്‍, യാഗാഗ്‌നിയില്‍ നിന്നു തീനാളം പോലെ ഒരു ബാലിക ഉയര്‍ന്നു വന്നു. സുവര്‍ണ്ണ ശോഭയാര്‍ന്ന ആ ബാലികയെ മേധാതിഥി സ്വന്തം പുത്രിയായി ഏറ്റെടുത്തു. മുനി, തന്റെ പുത്രിക്കു 'ഒരിക്കലും ധര്‍മ്മം തെറ്റിക്കാത്തവള്‍' എന്നര്‍ത്ഥം വരുന്ന 'അരുന്ധതി' എന്നു നാമകരണം ചെയ്തു. അരുന്ധതി വിദ്യ അഭ്യസിക്കുന്നതിനു മാനസസരസ്സില്‍ താമസിച്ചു വരവെ അവള്‍ പരമതേജസ്വിയായ ഒരു യുവയോഗിയെ കണ്ടുമുണ്ടാനിടയായി. അവര് പരസ്പരം അനുരക്തരായി. വിവാഹ പ്രായമെത്തിയപ്പോള്‍, മേധാതിഥി തന്റെ പുത്രിയെ അവളുടെ ആഗ്രഹത്തെ മാനിച്ചു ആ യുവയോഗിക്കു വിവാഹം ചെയ്തു കൊടുത്തു. ആ യുവയോഗി വസിഷ്ടനായിരുന്നു. ആ ദമ്പതികള്‍ക്ക് യോഗ്യരായ ഏഴു പുത്രന്മാരുണ്ടായി.

ഭതൃപരിചരണത്തിലും, തപോനിഷ്ടയിലും അരുന്ധതി മറ്റുള്ള സ്ത്രീകള്‍ക്ക് മാര്‍ഗദര്‍ശി ആയിരുന്നു. പിന്നിടു, ദക്ഷയാഗശാലയില്‍ വെച്ചു, ശിവകോപത്തില്‍ പെട്ടു വസിഷ്ടന്‍ മരണപ്പെട്ടു. പതിവ്രതയായ അരുന്ധതി വസിഷ്ട ദേഹത്തോടൊപ്പം ചിതയില്‍ ചാടി പ്രാണന്‍ വെടിഞ്ഞു. അവര്‍ നഭോമണ്ഡലത്തില്‍ രണ്ടു നക്ഷത്രങ്ങളായി ഉയര്‍ന്നു പൊങ്ങി. അതോടെ, വസിഷ്ടന്റെ ഒന്നാം ജന്മം പൂര്‍ത്തിയായി. പിന്നീടു, ത്രേതായുഗത്തില്‍ വസിഷ്ടന്‍ ദശരഥ രാജധാനിയിലെ കുലഗുരുവായി തീര്‍ന്നു. അന്നും അരുന്ധതി അദ്ദേഹത്തിന്റെ പത്‌നി ആയിരുന്നു.ഇന്നത്തെ ആനുകാലിക സംഭവങ്ങളുമായി ഈ പുരാണകഥക്കു ഏറെ സമാനതകളുണ്ട്. വിടര്‍ന്ന പൂവിലെ മധു തേടി ഭ്രുംഗം എത്തുക സ്വാഭാവികം മാത്രം! എന്നാല്‍ മൊട്ടുകളെ തുളക്കുന്ന കീടങ്ങളെ കണ്ടെത്തി നശിപ്പിക്കേണ്ടതു സമൂഹത്തിന്റെ കടമയല്ലേ?

മനുഷ്യ മനസ്സില്‍ ഉടലെടുക്കുന്ന ഈ പ്രവണത കാടത്വം എന്നു വിധി എഴുതുമ്പോഴും, വൈകാരികതയുടെ നേര്‍ത്ത ഒരു ചരടു ഇതിനു പിന്നിലുണ്ടു. ശിവശക്തിയാകുന്ന ജ്ഞാന വാളാല്‍ ഇതു ഹനിക്കുക തന്നെ വേണം.

പ്രവാചകന്റെ ഉല്‍ബോധനത്തേക്കാള്‍,ഫലവത്താകുന്നതു നാട്ടുകൂട്ടായ്മയും. സ്‌നേഹിതന്റെ തലോടലുമാണ്. ഉള്‍വലിവിനു വ്യക്തിയെ പ്രേരിപ്പിക്കുന്ന ഘടകം സാമ്പത്തിക നിമ്‌നോന്നതയും, അമിതമായ ലഹരിയുടെ കീഴ്‌പ്പെടുത്തലുമാണ്. കടുത്ത ഏകാന്തത അറിയാതെതെറ്റിലേക്കു നയിക്കുന്നു. സ്വന്തം സന്താനത്തെപ്പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം അവന്‍ മൃഗമായി തീരുന്നു. ശൈശവതിന്റെ പ്രസരിപ്പും, കഥയില്ലാത്ത ചോദ്യങ്ങളും, കൌതുകം ഊറുന്ന നോട്ടവും, ഒരിക്കലും നിങ്ങളുടെ കുസൃതി നിറഞ്ഞ ആണ്‍കുട്ടികളില്‍ നിങ്ങള്‍ക്ക് കണ്ടെത്തനാവില്ല. ഈ കുരുന്നു ബാല്യം സംരക്ഷിക്കെണ്ടതല്ലേ?ഇന്നു ഗ്രാമങ്ങള്‍ തോറും വളര്‍ന്നു വരുന്ന പുരുഷസ്ത്രീ കൂട്ടായ്മക്കു ഒരു ചെറു ബോധവല്ക്കരണത്തിലൂടെ, ഈ ഒറ്റപ്പെട്ടുപൊകുന്ന സുഹൃത്തിനെ നിങ്ങളില്‍ ഒരാളാക്കാന്‍ കഴിയില്ലെ? അരക്ഷിതമായ ചുറ്റുപാടിള്‍ നിന്നും, വൈകി പണി കഴിഞ്ഞെത്തുന്ന സാധാരണക്കരുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഒരു തണലായി ഈ കൂട്ടായ്മ പ്രവര്‍ത്തിച്ചാല്‍ സമൂഹത്തില്‍ നിന്നും കുറ്റവാസന ഒരു പരിധിവരെ ഒഴിവാക്കാനാകും..വിശക്കുന്ന വയറുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള സാഹചര്യം കൂടി ഒരുക്കാന് കഴിഞാല്‍ഇവരെ സമൂഹത്തിനു നാളത്തെ വാഗ്ദാനം ആക്കി മാറ്റാന്‍ കഴിയും! ജനങ്ങളുടെ നന്മയിലൂടെ രാഷ്ട്രം വളരട്ടെ! രാഷ്ട്രമുണ്ടെങ്കിലെ, രാഷ്ട്രീയവും ഭരണവും ഉണ്ടാകു. പലതും ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ കൂട്ടായ്മ ഈ വിഷയം ഏറ്റെടുക്കുമെന്നു ആശിക്കുന്നു. ഒരാശയം പൂര്‍ണ്ണമാകാന്‍ ഒരു സമൂഹ ചര്‍ച്ച ആവശ്യമാണ്.

പുരുഷന്‍, സംരക്ഷകനും, സ്ത്രീ, പരിചരണയുമാണെന്ന ലോക സത്യത്തില്‍ നിന്ന് നാം എത്രയോ വ്യതിചലിച്ചു. ഉത്തരം കിട്ടാത്ത സങ്കീര്‍ണ്ണതയില്‍ നാം തളയ്ക്കപ്പെട്ടു

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories