ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഗുരു പൗര്‍ണമി


ഗുരു പൗര്‍ണമി

ഗുരു എന്ന രണ്ടക്ഷരത്തിന്റെ മഹിമ രണ്ടായിരം പേജില്‍ ഒതുങ്ങുന്നതല്ല. ഗുരു ഇല്ലാതെ ഒന്നുമില്ല. ഗുരു തന്നെയാണ് എല്ലാം. ഗുരു പരമ്പരയില്‍ പ്പെടാത്ത ഒരു സംസ്കാരവും നിലനില്ക്കില്ല. 'ഗുരുര് ബ്രഹ്മ, ഗുരുര് വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ, ഗുരുര്‍ സാക്ഷാത് പരബ്രഹ്മം, തസ്മൈ ശ്രീ ഗുരവേ നമ ;എന്നതില്‍ ഗുരു തത്ത്വം പൂര്‍ണ്ണം ആയിരിക്കുന്നു.

കര്‍ക്കിടക മാസം ആറാം തീയതി പൗര്‍ണമി ആണ്. വെറും പൗര്‍ണമി അല്ല, ഗുരു പൗര്‍ണമി. പഞ്ചമ വേദം ആയ മഹാഭാരതത്തിന്റെ ഉപജ്ഞാതാവായ വേദ വ്യാസ ഗുരുവിന്റെ ജന്മം കൊണ്ട് പുണ്യമായ പൗര്‍ണമി.

ഗുരു എന്നാ വാക്കിനു ' ഗരിമയാര്‍ന്നത്‌ ', മഹത്വമാര്‍ന്നതു, എന്നിങ്ങനെ അര്ഥം. ഒരു നോട്ടം കൊണ്ട് ശിഷ്യന് ദീക്ഷ നല്‍കാന്‍, കഴിയുന്ന, ഗുരുവിനെ നമുക്ക് വണങ്ങാം. ജന്മാന്തര പാപങ്ങള്‍, ഇല്ലാതാക്കാം. നമ്മുടെ, സംസ്കാര ഉറവിടം ആയ വേദങ്ങളെ, നാലായി പകുത്തു, ചിട്ടപ്പെടുത്തി, വരും തലമുറയ്ക്ക് കൈമാറിയ വ്യാസ ഭഗവാന്‍, വേദ വ്യാസന്‍ എന്നറിയപ്പെടുന്നു. 'വ്യാസോശ്ചിഷ്ടം ജഗത് സര്‍വം' എന്നാണ് മൊഴി, അതായത് ജഗത്തില്‍ ഉള്ളത് എല്ലാം വ്യാസ ഗുരുവിന്റെ ഉച്ചിഷ്ടം ആണ്.

ഗുരുവിനെ വന്ദിച്ചു വേണം എല്ലാം തുടങ്ങാന്‍, പൂജാ വിധികളില്‍ പോലും ഗുരുവിനെ വന്ദിച്ചു കൊണ്ടാണ് ഗണപതി പ്രണാമം തുടങ്ങുന്നത്. അങ്ങനെ ഒരു ഗുരുവിനെ വന്ദിച്ചു വേണം നാം നമ്മിലെ ഗുരുവിനെ അറിയാന്‍. 'ആസ്മാന്‍ പരതരോ ഗുരു 'അതായത് തന്നില് നിന്നും വേറിട്ട്‌ ഒരു ഗുരു ഇല്ല. ഒരു പക്ഷെ ജ്ഞാനത്തിന്റെ ഒടുവില്‍ അതാവും നാം മനസ്സിലാക്കുക. ജ്ഞാനവാന്‍ ഗുരു മുച്യതെ 'എന്നും മനസ്സിലാക്കുക.

വെറും ഒരു വിളക്കാണ് മനുഷ്യന്‍. അതില്‍ ദൈവാനുഗ്രഹം എന്ന എണ്ണ ഒഴിച്ച്, ഇഷ്ടദേവത ആകുന്ന തിരിയിട്ടു ജ്ഞാനം ആകുന്ന ദീപം തെളിയിച്ചു തരുന്നത് ഗുരു ആണ്. 'അന്ധകാര നിരോധസ്യാല്‍ ഗുരുരിത്യഭീയതെ എന്നാണല്ലോ പ്രമാണം. സ്വ ഗുരുവിന്റെ നിഴല്‍ കടന്നു പോകുന്നത് പോലും പാപം ആകുന്നു. വിശ്വാസം എപ്പോഴും ശാസ്ത്രീയമായ വിജ്ഞാനത്തില്‍ കൂടി വേണം ഉണ്ടാവാന്‍. അതില്‍ ശാസ്ത്രീയത എന്നത് ഗുരു ആകുന്നു, ആകണം എന്നതാണ് കൂടുതല്‍ ശരി.

ഒരു കുടുംബത്തില്‍ സമാധാന പരമായ ഒരു ജീവതം എന്ന് പറയുന്നത് തന്നെ, നമ്മുടെ സംസ്കാരം ആണ്. നമ്മുടെ ആ സംസ്കാരം, അച്ഛന്‍, അമ്മ, ആചാര്യന്‍ [ ഗുരു] എന്നിവരുടെ സമന്വയം ആണ്. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം, തീര്‍ച്ചയായും കുട്ടികളുടെ ജീവിതത്തില്‍ സാംസ്കാരികമായി സ്വാധീനം ചെലുത്തും. ഭാര്യ ഭര്‍ത്താവിനെ ഗുരുവായി വേണം കാണാന്‍. അങ്ങനെ ആകണം എങ്കില്‍ ഭര്‍ത്താവ് ആദര്‍ശവാന്‍ ആയിരിക്കണം. സ്മൃതിയില്‍ പറയുന്നത്

"ന ഭാര്യാം താഡയേത് ക്വാപി മാത്രുവത്പരിപാലയേത്
ന ത്യജേത് ഘോരകഷ്ടേപി യദി സാധ്വീ പതിവൃതാ
ധനേന വാസസാ പ്രേണോ ശ്രദ്ധയാ മൃദു ഭാഷണൈ
സതതം തോഷയേദ്ദാരാന്‍ നാപ്രിയം ക്വചിദാചരേത്
സ്ഥിതേഷു സ്വീയ ദാരേഷു സ്ത്രീയമന്യാം ന സംസ്പ്രുശേത്
ദുഷ്ടേന ചേതസാ വിദ്വാന്‍ അന്യഥാ നാരകീഭവേത്
വിരളേ ശയനം വാസം ത്യജേത് പ്രാജ്ഞ: പരസ്ത്രീയാ
അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദര്‍ശയേത്" എന്നാണ്

നമ്മുടെ സംസ്കാരം മറന്നു, ആധുനികത കടന്നു വരുമ്പോള്‍, പലപ്പോഴും അപകടം ആവും. കാരണം, നമ്മുടെ സംസ്കാരം തത്വങ്ങളില്‍ അധിഷ്ടിതം ആണ്. ആ തത്വങ്ങളില്‍, ഭാര്യാ ഭര്‍ത്താവ്, അച്ഛന്‍ അമ്മ, മക്കള്‍ എന്നിവര്‍ക്കെല്ലാം സ്ഥാനം ഉണ്ട്, ഈ തത്വത്തില്‍ നിന്നും മാറിയുള്ള ആധുനികതയുടെ തിരച്ചില്‍, സ്വാതന്ത്ര്യത്തിനുള്ള വെഗ്രത, യഥാര്‍ഥത്തില്‍ ഒരുതരം അപഥ സഞ്ചാരം ആണ്.

ഗുരു ശിഷ്യ ബന്ധം വിവരണത്തിന് അതീതം ആണ്. അനുഭവിച്ചു തന്നെ അറിയണം. ലോകത്തില്‍ ഏറ്റവും വലിയ മുഹൂര്ത്തം, നല്ല ഒരു ഗുരുവും, പഠിക്കാന്‍ ആഗ്രഹം ഉള്ള ഒരു ശിഷ്യനും തമ്മില്‍ കൂടിച്ചേരുന്നത് ആണ്.

ഗുരു എന്നത്, ജഗത് ഗുരുവാണ്. വിഷയങ്ങള്‍. പ്രത്യേകിച്ച് താന്ത്രിക കാര്യങ്ങള്‍ ഗുരുമുഖത്തു നിന്നും നേരില്‍ വേണം ഗ്രഹിക്കാന്‍. 'ശിവേ രുഷ്ട്രേ ഗുരു സ്ത്രാതാ, ഗുരോ രുഷ്ട്രെ ന കശ്ചന' എന്നതില്‍ നിന്നും, ഗുരുവിന്റെ മഹത്വം മനസ്സിലാക്കി നാമും മുന്നേറണം.

ഈ ഗുരു പൗര്‍ണമിയില്‍ എല്ലാവര്ക്കും ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചും, എന്നെ ഞാനാക്കിയ എന്റെ ഗുരുക്കന്മാരുടെ കാല്‍ച്ചുവട്ടില്‍, സദാ സേവന സന്നദ്ധനായി, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടും

സവിനയം

രുദ്രശങ്കരന്‍.
ഫോണ്‍ : 9037820918
Email : rudrashankaran@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories