ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം


മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം

മഹാ ക്ഷേത്രങ്ങള്‍, ആ നാടിന്റെ പ്രശസ്തിക്കും, പ്രസിദ്ധിക്കും കാരണമായി നിന്നുകൊണ്ട്‌ ജനങ്ങളെ നന്മയിലേക്ക്‌ നയിക്കുന്നു എന്നത്‌ നിത്യ സത്യമാണ്. ഭക്തജനങ്ങള്‍ക്ക്‌ ദേവീ ദേവന്മാരെ തൊഴുത്‌ പ്രാര്‍ത്ഥിക്കുവനുള്ള ആരാധനാലയങ്ങള്‍ ആണ് ക്ഷേത്രങ്ങള്‍.

കേരളത്തിലെ അത്യപൂര്‍വ്വമായ ഗന്ധര്‍വ്വ ക്ഷേത്രങ്ങളില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണു മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം. വൈഷ്ണവ വംശജനായ ഗന്ധര്‍വ്വന്‍ പ്രധാന ദേവനായി കുടികൊള്ളുന്ന ഈ ക്ഷേത്രം പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണു സ്ഥിതി ചെയ്യുന്നത്‌. വൈക്കത്ത്‌ ചെമ്പ്‌ ടോള്‍ ജംഗ്ഷനില്‍ നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ മഹാരാജവിന്റെ കാലത്ത്‌ സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപ്പിള്ള സര്‍വ്വാധികാര്യക്കാരുടെ തറവാടാണു സ്വാമി എന്നു ഭക്തജനങ്ങള്‍ വിളിച്ചു പോരുന്ന ആ ശക്തി സ്വരൂപന്റെ ആവാസ സ്ഥലം. പണ്ട്‌ ആ തറവാടിന്റെ അറക്കകത്ത്‌ ആരാധിച്ചു പോന്നിരുന്ന സ്വാമിയേയും രണ്ട്‌ അമ്മമാരേയും പില്‍ ക്കാലത്ത്‌ ക്ഷേത്രം നിര്‍മ്മിച്ച്‌ പ്രതിഷ്ഠിച്ചു. ഇന്ന്‌ ആ ക്ഷേത്രം ഒരു മഹാ ക്ഷേത്രതിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന്‌ സ്വാമി ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്പത്തില്‍ നിലകൊള്ളുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, പ്രസിദ്ധമായ പുതുമന ഇല്ലത്തെ ബ്രഹ്മശ്രീ ദാമോദരന്‍ തിരുമേനി ഇവിടുത്തെ തന്ത്രി സ്ഥാനം ഏറ്റെടുത്ത്‌ പൂജയ്ക്ക്‌ എത്തുകയുണ്ടായി. അദ്ദേഹം ആദ്യമായാണു ഒരു ഗന്ധര്‍വ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ എത്തുന്നത്‌. പൂജയ്ക്കയി അറക്കകത്ത്‌ പ്രവേശിച്ച തിരുമേനി മനസ്സില്‍ പ്രാര്‍ത്ഥിച്ചിരുന്നത്രെ! ഞാന്‍ ഏതു രൂപത്തിലാണു അങ്ങയെ ധ്യാനിച്ച്‌ പൂജിയ്ക്കേണ്ടത്‌ എന്ന്‌.

ഒരിക്കല്‍ വൈഷ്ണവ രൂപത്തില്‍ വന്ന്‌ സ്വാമി അദ്ദേഹത്തിനു ദര്‍ശനം നല്‍ കി എന്നാണു പറയപ്പെടുന്നത്‌. ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവും ആയ ഒരു മാര്‍ഗ്ഗം മറ്റൊന്നില്ല എന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക്‌ പകര്‍ന്ന്‌ നല്‍ കുന്ന ശക്തിയാണു ആ ക്ഷേത്രത്തിലെ പ്രധാന ദേവനായ ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി. ഇവിടുത്തെ ലക്ഷ്മീ നാരായണ പൂജ വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍ ഭക്തജനങ്ങള്‍ നടത്തി പോരുന്നു.

ഗണപതി, അയ്യപ്പന്‍, ത്രിപുര സുന്ദരി ദേവി, വെള്ളം ഭഗവതി എന്നീ ഉപ ദേവന്മാരുടേയും ദേവിമാരുടേയും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം വര്‍ദ്ധിപ്പിക്കുന്നു. നാഗ രാജാവ്‌, നാഗയക്ഷി അമ്മ, മണിനാഗം, അഞ്ചു തല മണിനാഗം, കുഴി നാഗം, പറ നാഗം, കരിനാഗയക്ഷിയമ്മ എന്നീ സര്‍പ്പ ദേവകളുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പടെ ക്ഷേത്ര പരിസരം ഒരു ദൈവീക ശക്തിയുടെ അന്തരീക്ഷം ഭക്ത ജനങ്ങള്‍ക്ക്‌ നല്‍ കുന്നു. ഗന്ധര്‍വന്‍ പാട്ടും, സര്‍പ്പ കളമെഴുത്ത്‌ പാട്ടും അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച്‌ മുടങ്ങാതെ ആണ്ടു തോറും ഇവിടെ നടത്തി പോരുന്നു. കൂടാതെ സര്‍പ്പ ബലി, മഞ്ഞള്‍ അഭിഷേകം, നൂറും പാലും മുതലായ വഴിപാടുകളും മുറ തെറ്റാതെ സര്‍പ്പങ്ങള്‍ക്കായി നടത്തുന്നുണ്ട്‌.

മേട മാസത്തിലെ രോഹിണി നാളിലാണ് എല്ലാ വര്‍ഷവും ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനമായി ആചരിക്കുന്നത്‌. എല്ലാ വര്‍ഷവും വാര്‍ഷിക പൂജയ്ക്ക്‌ സ്വാമിക്ക്‌ കളഭാഭിഷേകവും, ഉപ ദേവകള്‍ക്ക്‌ കലശാഭിഷേകവും നടത്തി പോരുന്നു. കൂടാതെ ദേവിമാര്‍ക്ക്‌ വര്‍ഷം തോറും പൊങ്കാല സമര്‍പണവും ഉണ്ട്‌. എല്ലാ മാസവും രോഹിണി നാളില്‍ പ്രസാദ ഊട്ട്‌ ഭക്തജനങ്ങളുടെ വഴിപാടായി ക്ഷേത്രത്തില്‍ നടത്തി പോരുന്നു. വാര്‍ഷിക പൂജാ ദിവസങ്ങളില്‍ ഒരു ദിവസം ആ ദേശത്തു നിന്നും ഒരു താലപ്പൊലി ഈ ക്ഷേത്ര സന്നിധിയില്‍ എത്തുന്നു. നാട്ടുകാരുടെ പ്രത്യേക വഴിപാടായി അവര്‍ നടത്തുന്നതാണു ഈ താലപ്പൊലി. കരുണാമയനായ സ്വാമി അത്‌ സസന്തോഷം സ്വീകരിക്കുന്നു എന്നാണു നാട്ടുകാരുടെ വിശ്വാസം. കൂടാതെ കുടുംബാങ്ങളുടെ വഴിപാടായി ഒരു താലപ്പൊലിയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ്‌ കേരളത്തിനു പുറത്ത്‌ നിന്നും വിദേശങ്ങളില്‍ നിന്നും ഭക്ത ജനങ്ങള്‍ ഇവിടെ എത്തി പൂജകള്‍ ചെയ്ത്‌ സാഫല്യത്തോടെ മടങ്ങുന്നു. ഭക്തജനങ്ങളുടെ പൂജകള്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്നതിനു ഒരു ജ്യോതിഷന്‍ കൂടിയായ ക്ഷേത്രം മേല്‍ ശാന്തി കടമ്പനാട്ട്‌ ഇല്ലത്ത്‌ ശ്രീ അപ്പുക്കുട്ടന്‍ നമ്പൂതിരി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു എന്നത്‌ ഇവിടെ വരുന്ന ഭക്തജനങ്ങള്‍ക്ക്‌ എന്നും സന്തോഷം നല്‍ കുന്ന ഒരു വസ്തുതയാണ്. കുടുംബാംഗങ്ങള്‍ ഉള്‍പെടുന്ന ഒരു ട്രസ്റ്റ്‌ ആണ് ഇന്നു ക്ഷേത്രത്തിന്റെ ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. മറ്റ്‌ പല സാമൂഹിക സേവനങ്ങളും ഈ ട്രസ്റ്റിന്റെ മേല്‍ നോട്ടത്തില്‍ നടത്തി പോരുന്നു.

ലക്ഷാര്‍ച്ചന, പൂമൂടല്‍ , ഗണപതിക്ക്‌ അപ്പം മൂടല്‍ , ലക്ഷ്മീ നാരയണ പൂജ, സര്‍പ്പ ബലി, ഉദയാസ്തമന പൂജ മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ ആണ്. സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമ ജപം, ക്ഷേത്രാരാധന ഇവ ഭക്തിയുടെ വളര്‍ച്ചക്ക്‌ കാരണങ്ങളാണ്. അതുകൊണ്ട്‌ തന്നെ ഈ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം, അഖണ്ട നാമ ജപം, കര്‍കിടക മാസത്തില്‍ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുര്‍ഥി, മഹാ ഗണപതി ഹോമം, കന്നി മാസത്തില്‍ പൂജ വയ്പ്‌, ദേവീ ഭാഗവത പാരായണം, മണ്ഡല കാലത്ത്‌ അയ്യപ്പനു പ്രത്യേക പൂജകള്‍, വ്യാഴാഴ്ച തോറും സ്വാമിക്ക്‌ പ്രത്യേകമായ് തുളസി മാല, ഗന്ധര്‍വ പുഷ്പാഞ്ജലി, സര്‍വൈശ്വര്യ പൂജ മുതലായവ തെറ്റാതെ നടത്തി ഭക്ത ജനങ്ങള്‍ സ്വാമിയെ പ്രാര്‍ത്ഥിച്ച്‌ അനുഗ്രഹം വാങ്ങി മടങ്ങുന്നു.

ശ്രീ അപ്പുക്കുട്ടന്‍ നമ്പൂതിരി
കടമ്പനാട്ട്‌ ഇല്ലത്ത്‌
ചെമ്പ്,
വൈക്കം
ഫോണ്‍ : 9400284872

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories