കേമധ്രുമ യോഗവും ശകട യോഗവും
ജാതകം പരിശോധിക്കുമ്പോള്‍ എല്ലാവരും നല്ല യോഗങ്ങളെപ്പറ്റി മാത്രമേ പറയാറുള്ളൂ. ജാതകങ്ങളില്‍ കാണാറുള്ള രണ്ട് പ്രധാന ദുര്‍യോഗങ്ങളാണ് കേമധ്രുമ യോഗവും, ശകട യോഗവും.
കേമധ്രുമ യോഗം
ചന്ദ്രനില്‍ നില്‍ക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും താരാഗൃഹങ്ങളിലാരും നില്‍ക്കുന്നില്ലങ്കില്‍ കേമധ്രുമ യോഗമാണ്. ചന്ദ്രന്‍ ലഗ്‌ന കേന്ദ്രരാശിയില്‍ നിന്നാലും ചന്ദ്രകേന്ദ്രത്തില്‍ ഏതെങ്കിലും ഗ്രഹം നിന്നാലും കേമധ്രുമത്തിനു ഭംഗം വരും. ഈ യോഗത്തിന്റെ ഫലം ദാരിദ്ര്യമാണ് മലിന ജീവിതവും നീച പ്രകൃതിയും ആകും. എന്നും ക്ലേശകരമായ ജീവിതം നയിക്കും.
ഭാഗ്യാധിപന്‍ ബലഹീനനായി 12ലും വ്യയാധിപന്‍ ബലഹീനനായി രണ്ടിലും മൂന്നില്‍ പാപന്മാരും നില്‍ക്കുക ചന്ദ്രന്‍, ശനി, ശുക്രന്‍ ഇവര്‍ കേന്ദ്രത്തിലും കുജന്‍ എട്ടിലും സൂര്യന്‍ 12 ലും നില്‍ക്കുക ഇവയും കേമധ്രുമ യോഗമാണ്. കേമധ്രുമ യോഗത്തില്‍ ജനിച്ചവന്‍ രാജകുടുംബത്തില്‍ ജനിച്ചാലും പിച്ചച്ചട്ടി എടുക്കേണ്ടി വരും.
ശകട യോഗം
(1) ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന്! 6, 8 ഈ ഭാവങ്ങളില്‍ വ്യാഴം നില്‍ക്കുക വ്യാഴം നില്‍ക്കുന്ന രാശി ലഗ്‌ന കേന്ദ്രമാവരുത്. ഈ യോഗത്തില്‍ ജനിച്ചാല്‍ ദാരിദ്ര്യവും ദു:ഖവും ആയാസവും ഹൃദയ പീഡയും രാജ സേവകത്വവും ഫലം.
(2) വ്യാഴം നില്‍ക്കുന്ന രാശിയുടെ 6,8,12 ഈ ഭാവങ്ങളില്‍ ചന്ദ്രന്‍ നില്‍ക്കണം വ്യാഴ ചന്ദ്രന്മാരില്‍ ആരെങ്കിലും ലഗ്‌ന കേന്ദ്രത്തിലാണെങ്കില്‍ യോഗ ഭംഗം ത്രികോണങ്ങളില്‍ നിന്നാലും യോഗ ഭംഗമാണ് ഫലം മുന്‍പ് പറഞ്ഞതുപോലെ തന്നെ. എല്ലാ ഗ്രഹങ്ങളും ലഗ്‌നത്തിലും ഏഴിലുമായി നിന്നാലും ശകട യോഗമുണ്ടാകും. സഞ്ചാരശീലവും നേത്ര രോഗവും പാപാധിക്യവും അലസതയും ബന്ധു ഗുണവും ഫലം.
ഈ യോഗമുണ്ടെങ്കില്‍ ചാരവശാല്‍ വ്യാഴം ഏതു രാശിയില്‍ വന്നാലും ഗുണം ലഭിക്കാന്‍ പ്രയാസമായിരിക്കും. ശകട യോഗത്തില്‍ ജനിച്ചാല്‍ ചക്രം കറങ്ങുന്നതു പോലെ ജീവിത സൗഭാഗ്യങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും വന്നുകൊണ്ടിരിക്കും.
കനകധാരാ സ്‌തോത്രം ജപിക്കുക, ലക്ഷ്മീനാരായണ സ്‌തോത്രം വിധി പ്രകാരം ജപിക്കുക മുതലായവ പ്രതിവിധികളാണ്. ഏതു ജപം ചെയ്യുമ്പോഴും ഇടക്ക് എഴുന്നേറ്റു പോകരുത്. door bell, ഫോണ്‍ ഒന്നും ശ്രദ്ധിക്കരുത് എകാഗ്രതയോടെ ജപിക്കുമ്പോഴാണ് ഫല പ്രാപ്തി കിട്ടുന്നത്.
ഈ യോഗങ്ങളുണ്ടോ എന്നറിയാന്‍ ഒരു ജ്യോത്സ്യനെ സമീപിച്ച് ദക്ഷിണ നല്‍കി ജാതകം പരിശോധിപ്പിക്കണം. വെറും കൈയ്യോടെ രാജാവിനെയോ ദൈവത്തെയോ ഗുരുവിനെയോ ജ്യോല്‍സ്യനെയോ കാണുവാന്‍ പോവരുത്. ഇവരെ കാണുവാന്‍ പോകുന്ന സമയത്ത് അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ തീര്‍ച്ചയായും കൈയ്യില്‍ എന്തെങ്കിലും കരുതണം എന്ന് സാരം.
താരനിത്യാനന്ദ്
ജ്യോതിഷകേസരി, ജ്യോതിഷശിരോമണി, പ്രശ്‌നഭൂഷണം, ഡിപ്ലോമ ഇന്‍ വാസ്‌തുശാസ്‌ത്ര
ശ്രീനികേതന്‍
എറണാകുളം
Mob: 9895038079
Email: nithyanandtara@gmail.com