ജ്യോതിഷം

ഗുരു മാറ്റം നിങ്ങള്‍ക്കെങ്ങനെ


ഗുരു മാറ്റം നിങ്ങള്‍ക്കെങ്ങനെ

1192 )0 ആണ്ട് ചിങ്ങമാസം മുതല്‍ ഒരു വര്‍ഷകാലം മേടം മുതല്‍ മീനം രാശി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും അനുഭവത്തില്‍ വരുന്ന പൊതുവായ ഫലങ്ങള്‍. സ്വന്തം ജാതകം കൂടി പരിഗണിച്ചു മാത്രമേ പൂര്‍ണ്ണ ഫലം അറിയുവാന്‍ കഴിയൂ. ആഗസ്റ്റ് 11 മുതല്‍ വ്യാഴം ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറുകയാണ്.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍)
മേടക്കൂറുകാര്‍ക്ക് വ്യാഴം ആറാം ഭാവത്തിലും ശനി എട്ടാം ഭാവത്തിലും രാഹു അഞ്ചാം ഭാവത്തിലും നില്‍ക്കുന്നു. 2017 ജനുവരിയില്‍ ശനിയും രാശി മാറി ഒന്‍പതാം ഭാവത്തിലേക്ക് എത്തും. ആരോഗ്യസ്ഥിതി സദാ മോശമായിരിക്കും. ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍ക്കു വിധേയമാകേണ്ടി വന്നേക്കാം. ശത്രുക്കളെ ക്ഷണിച്ചു വരുത്തും. സഹോദരങ്ങളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടായെക്കാം. കേസും വഴക്കുകളും കോടതി വ്യവഹാരവും സ്വസ്ഥത നശിപ്പിക്കും. പിത്രസ്ഥാനീയര്‍ക്ക് രോഗാദിക്ലേശങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ വിശേഷ ചടങ്ങുകള്‍ വിവാഹം എന്നിവക്ക് അനുകൂല സമയമാണ്. സന്താനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ ധനം ചിലവാകും. ഔദ്യോഗികമായി അപ്രതീക്ഷിത സ്ഥലമാറ്റമുണ്ടാകും. കള്ളന്മാരില്‍ നിന്നും മിത്രങ്ങളില്‍ നിന്നും ഉപദ്രവങ്ങളും ഉണ്ടാകും. പൊതുവേ ഈ വര്‍ഷം ദോഷങ്ങള്‍ ഏറിയും ഗുണങ്ങള്‍ കുറഞ്ഞുമിരിക്കും. ദോഷ പരിഹാരത്തിന് വിഷ്ണു ഭജനം അനിര്‍വാര്യം. ദിവസവും ഭാഗ്യസൂക്തം ജപിക്കുക. നരസിംഹമന്ത്ര ജപത്താല്‍ ശത്രുദോഷം മാറികിട്ടും.

ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍ രോഹിണി മകയിരം അര )
അഞ്ചാം ഭാവത്തില്‍ വ്യാഴാവും, ഏഴാം ഭാവത്തില്‍ ശനിയും, നാലാം ഭാവത്തില്‍ രാഹുവും നിലകൊള്ളുന്നു. ജനുവരിക്കു ശേഷം ശനി അഷ്ടമത്തിലും നിലകൊള്ളും. അഞ്ചിലെ വ്യാഴ സ്ഥിതിയും ഇടവത്തിലെക്കുള്ള വ്യാഴത്തിന്റെ വിശേഷ ദൃഷ്ടിയും ശുഭ സൂചകമാണ്. കാലങ്ങളായി അനുഭവിച്ചു വന്ന യാതനകള്‍ക്ക് പരിഹാരമായി വ്യാഴം അനുകൂല ഭാവത്തില്‍ വന്നിരിക്കുന്നു. സന്താന സുഖം ലഭിക്കും. ദൈവീക കാര്യങ്ങള്‍ക്കും മറ്റും തീര്‍ഥയാത്രകള്‍ നടത്തും. ഉദ്യോഗസംബന്ധമായ പരിശ്രമങ്ങള്‍ സഫലമാകും. വിദേശ യാത്രകള്‍ക്ക് അവസരങ്ങള്‍ വന്നു ചേരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കാലം അത്ര നന്നല്ല. ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീഴാം. വിവാഹങ്ങള്‍ മുടങ്ങാനും സാധ്യത കാണുന്നു. കണ്ടകശനികാലമായതിനാല്‍ ജനുവരി വരെ കാലം വിവാഹ ദാമ്പത്യ കാര്യങ്ങളില്‍ മോശമായി അനുഭവപ്പെടാം. വാതാദിരോഗങ്ങള്‍ അലട്ടും. ശനിപ്രീതി വരുത്തേണ്ടതാണ്. പുതിയ വസ്തുക്കള്‍ വാങ്ങുവാനും മറ്റും അവസരം വന്നു ചേരും. വിദേശയാത്രാ തടസ്സങ്ങള്‍ മാറി കിട്ടും. ശിവ പഞ്ചാക്ഷരി ജപിക്കുന്നതും ശാസ്താവിനെ പ്രീതിപെടുത്തുന്ന മന്ത്രങ്ങള്‍ ജപിക്കുന്നതും ദോഷ കാഠിന്യങ്ങള്‍ കുറയ്ക്കും.

മിഥുനക്കൂര്‍ (മകയിരം അര ,തിരുവാതിര, പുണര്‍തം മുക്കാല്‍)
നാലാമെടത്തു വ്യാഴവും ആറാമെടത്തു ശനിയും മൂന്നാമെടത്തു രാഹുവും സ്ഥിതി ചെയ്യുന്നു. ജനുവരിക്കു ശേഷം ശനി എഴാമിടത്തെക്ക് മാറുകയും ചെയ്യും. നാലിലെ വ്യാഴം പൊതുവേ പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം. ഭൂമിസംബന്ധമായ വ്യവഹാരങ്ങളില്‍ ഇടപെട്ടിരിക്കുന്നവര്‍ക്ക് വിജയപ്രാപ്തിക്കായി വളരെയധികം ശ്രമങ്ങള്‍ ആവശ്യമാകും. തൊഴില്‍ വിജയം നേടാന്‍ അത്യദ്ധ്വാനം വേണ്ടിവരും. സാമ്പത്തികമായി ചിലവ് അധികരിക്കും. പണം ഇറക്കിയിട്ടുള്ള പദ്ധതികള്‍ ആലോചനയില്‍ വരാം. വിദേശ യാത്ര അനുകൂലമാകാം. നല്ലമുഹൂര്‍ത്തം നോക്കി വേണം തീരുമാനത്തില്‍ എത്താന്‍. ജോലി മാറ്റം ശുഭപ്രദമല്ല. കുടുംബത്തില്‍ പലതരം അസ്വസ്ഥതകളും അനുഭവപ്പെടും. ജനുവരിക്കുശേഷം ദാമ്പത്യ കലഹങ്ങളും രോഗങ്ങളും വരാവുന്നതാണ്. വിവാഹത്തിനും കാലതാമസം ഉണ്ടാകും. മാത്രുസ്ഥാനീയര്‍ക്ക് ദുഖവും മാനസിക പിരിമുറുക്കവും ഉണ്ടാകുന്നതാണ്. അനാവശ്യ ബന്ധങ്ങളില്‍ ചെന്നുചാടിയാല്‍ അത് തീരാ ദുഖത്തിന് ഇടവരുത്തും. ഭാഗ്യസ്ഥാനത്തെ കേതുവും കാര്യ തടസ്സം ഉണ്ടാക്കും. ദോഷ പരിഹാരമായി എല്ലാ വ്യാഴാചയും ഉദയം മുതല്‍ ഒരു മണിക്കൂര്‍ നേരത്തിനുള്ളില്‍ ആദിത്യ നമസ്‌കാര മന്ത്രവും വ്യാഴഗ്രഹണ നമസ്‌കാര മന്ത്രവും ജപിക്കുക.

കര്‍ക്കിടകക്കൂര്‍ ( പുണര്‍തം കാല്‍, പൂയം, ആയില്യം)
മൂന്നാം ഭാവത്തില്‍ വ്യാഴവും അഞ്ചില്‍ ശനിയും രണ്ടില്‍ രാഹുവും സ്ഥിതി ചെയ്യുന്നു. പല വിധത്തിലുള്ള മാനസ്സിക പ്രശ്‌നങ്ങള്‍ അനുഭവികേണ്ടി വരാവുന്നതാണ്. ശനിയുടെ സ്ഥിതിയാല്‍ മാനസ്സിക പ്രയാസങ്ങള്‍ അധീകരിക്കും. സ്ഥാനമാനങ്ങള്‍ പലതും കൈവിട്ടു പോകും. ആരോഗ്യസ്ഥിതി മോശമാകും. ആശുപത്രിവാസവും വേണ്ടി വരുന്നതാണ്. ആവശ്യമില്ലാത്ത സകല കാര്യങ്ങളിലും ഇടപെട്ട് അവസാനം അബദ്ധമായെന്നു വിലപിക്കും. ഉദ്ദ്യോഗ പ്രാപ്തിക്കായി ധനം അധികമായി ചിലവാക്കേണ്ടി വരും. രാഷ്ട്രീയത്തിലും അധികസ്ഥാനങ്ങളിലും ഇരിക്കുന്നവര്‍ സ്വന്തം പ്രവര്‍ത്തി മൂലം വിഷമിക്കേണ്ടിവരും. സന്താനാരിഷ്ടതകള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് വേണ്ടി അധിക ചിലവും വന്നു ചേരും. സഹോദര സ്ഥാനീയര്‍ക്ക് നല്ല കാലമാണ്. തിരിച്ച് പരാതിയും കേള്‍ക്കേണ്ടിവരും. കോടതി വ്യവാഹാരങ്ങള്‍ അനുകൂലമാകും. വിവാഹം നടക്കാവുന്ന കാലമാണ്. മറ്റൊരു തൊഴില്‍ ഉറപ്പാക്കാതെ തൊഴില്‍ മാറ്റോം അരുത്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാം. ദോഷപരിഹാരങ്ങള്‍ക്കായി ഭാഗ്യ സൂക്തം ജപിക്കുക. ശനി പ്രീതികരമായ ധ്യാനങ്ങളും വേണ്ടതാണ്.

ചിങ്ങക്കൂര്‍ (മകം,പൂരം,ഉത്രം കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ധനസ്ഥാനത്ത് ശനിയും ജന്മത്തില്‍ രാഹുവും സ്ഥിതിചെയ്യുന്നു. ജനുവരിക്കുശേഷം ചാരവശാല്‍ ശനി അഞ്ചിലും സഞ്ചരിക്കുന്നു. വ്യാഴസ്ഥിതി വളരെ നല്ല ഫലങ്ങള്‍ നല്‍കും. കഷ്ടപ്പാടുകള്‍ക്ക് അറുതി വരും. ധനപരമായി കാലം നല്ലതാണ്. പൊതുവേ ഗുണങ്ങള്‍ ഏറിയിരിക്കുന്ന കാലം. സംസാരം വളരെ സൂക്ഷിച്ചു മാത്രമായിരിക്കും ഉപയോഗിക്കുക. വിവാഹാദിമംഗള കാര്യങ്ങള്‍ തീരുമാനത്തിലെത്താനും നടക്കുവാനും സാധ്യതയുണ്ട്. ചിലര്‍ക്ക് വിവാഹം നീണ്ടുപോകാവുന്നതാണ് വിശ്വാസത്തിലും സന്തോഷത്തിലും നല്ലതെന്ന് കരുതി വരുന്ന ബന്ധങ്ങളിലും വിപരീതാനുഭവങ്ങളും ഉണ്ടാകാവുന്നതാണ്. ധനം, തൊഴില്‍, പ്രമോഷന്‍, ആഹാരം, കോടതി വിജയം എന്നീ ഗുണഫലങ്ങള്‍ ഉണ്ടാകും. കണ്ടകശനി കാലമായതിനാല്‍ ജനുവരി വളരെ അതീവ ശ്രദ്ധ വേണ്ടതാണ്. കുടുംബത്തില്‍ ഛീദ്രങ്ങള്‍ ഉണ്ടാകാം. ഹൃദയ സംബദ്ധമായി രോഗസാധ്യതയും കാണുന്നുണ്ട്. ജനുവരിക്കു ശേഷം മന:സ്വസ്ഥത കുറവുണ്ടാകാം. അലസത മനസ്സിനെ ഉലക്കും. ശനീശ്വരപ്രീതി വരുത്തുന്നതിലൂടെ ദോഷങ്ങള്‍ ഒരു പരിധി വരെ മാറികിട്ടും. ശനിയാഴ്ച്ചകളില്‍ ഉദയം മുതല്‍ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ എള്ളണ്ണ ഒഴിച്ച് വിളക്ക് കൊളുത്തി ശനീശ്വര ശാന്തി മന്ത്രം ജപിക്കുന്നത് ഉത്തമമാകുന്നു.

കന്നിക്കൂര്‍ (ഉത്രം മുക്കാല്‍, അത്തം മ്മ ചിത്തിര)
ജന്മത്തില്‍ വ്യാഴവും മൂന്നില്‍ ശനിയും പത്രണ്ടില്‍ രാഹുവും സ്ഥിതി ചെയ്യുന്നു. ജനുവരിക്കു ശേഷം ശനി നാലാം ഭാവത്തിലേക്ക് പ്രവേശിക്കും. ജന്മ വ്യാഴം അനിഷ്ടപ്രദനാണ്. എന്നാല്‍ മൂന്നിലെ ശനി ഗുണം ചെയ്യുകയും ചെയ്യും. ജനുവരിക്കു ശേഷം ശനി ദോഷകാരകനുമാകുന്നതാണ്. തൊഴില്‍പരമായും ആരോഗ്യപരമായും വളരെയേറെ ശ്രദ്ധിക്കേണ്ട കാലമാണ്. കഴുത്തിലും വയറിലും രോഗങ്ങളാലും ശസ്ത്രക്രിയയാലും വിഷമിക്കെണ്ടിവന്നാലും സുഖപ്പെടുന്നതാണ്. പുതിയ വസ്തു വാഹനം ഇവ വാങ്ങാന്‍ അവസരം വന്നു ചേരും. ജനുവരിക്കു ശേഷം അപ്രതീക്ഷിതമായി വീട് മാറേണ്ട അവസ്ഥ വന്നുപെടാം. വ്യവാഹാരങ്ങള്‍ അതിന്നു ശേഷം കഷ്ടതരമാകും. ആ സമയങ്ങളില്‍ അന്യ ഭവനങ്ങളില്‍ പോകാതിരിക്കുക. യാത്രയും ആ സമയങ്ങളില്‍ ഒഴിവാക്കുന്നത് നന്ന്. വിവാഹം നടക്കാവുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ വിജയവും പരീക്ഷകളില്‍ നേട്ടവും ഉണ്ടാകും. ജനുവരിക്കു ശേഷം മാതൃസ്ഥാനീയര്‍ക്ക് രോഗദുരിതങ്ങളോ മരണങ്ങളോ തന്നെ നടക്കുവാന്‍ അതീവ സാധ്യത ഉള്ളതിനാല്‍ അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇവര്‍ വാഴപ്രീതി വരുത്തേണ്ടതാണ്. നിത്യവും മഹാസുദര്‍ശനമാലാ മന്ത്രം ജപിക്കുക. ശാസ്താ പ്രീതിക്കായി എണ്ണവിളക്ക് കൊളുത്തി പ്രാര്‍ഥിക്കുക

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം മുക്കാല്‍)
രണ്ടാമിടത്ത് ശനിയും പന്ത്രണ്ടാമിടത്ത് വ്യാഴവും, പതിനോന്നാമിടത്ത് രാഹുവും സ്ഥിതിചെയ്യുന്നു. ഈ വര്‍ഷം ഗുണദോഷ സമ്മിശ്രമാണ്. ചിലവുകള്‍ അധികരിക്കും. പണത്തിന് പലപ്പോഴും ബുദ്ധിമുട്ട് വന്നേക്കാം. കുടുബത്തില്‍ ഉള്ളവര്‍ക്കോ തനിക്കോ വിവാഹം നടക്കാവുന്ന സമയമാണ്. പൂര്‍വ്വീകസ്വത്ത് ഭാഗം വച്ച് പണം ലഭിക്കുവാന്‍ യോഗം കാണുന്നു. ശരിയായി വിനിയോഗിച്ചില്ലങ്കില്‍ നശിച്ചു പോകുവാനും സാഹചര്യമുണ്ട്. ധര്‍മ്മ കാര്യങ്ങള്‍ക്ക് വേണ്ടി ധനം ചെലവു ചെയ്യും. ഏഴരശനിക്കാലം തുടരുന്നു. അതിനാല്‍ പലവിധമാന ക്ലേശങ്ങളും ആശുപത്രി വാസവും വേണ്ടി വന്നേക്കാം. നിയമക്കുരുക്കുകളില്‍ ചെന്നു ചാടിയേക്കാം. മുഖത്തിനും പല്ലിനും രോഗങ്ങള്‍ ബാധിച്ച് വിഷമിക്കേണ്ടിവരും. ഉന്നത വിദ്യക്കും വിദേശയാത്രക്കും അനുകൂലസമയമാണ്. ത്വക്ക് സംബന്ധമായ അസ്വസ്ഥകള്‍ ഉണ്ടാകാവുന്നതാണ്. അഞ്ചില്‍ നില്‍ക്കുന്ന കേതു മനസ്വസ്തത കുറയ്ക്കും. വയറിന് പ്രശനങ്ങളുണ്ടാകാം. തുലാം രാശിക്ക് ശനി യോഗപ്രധനാകയാല്‍ ശനി പ്രീതി വരുത്തിയാല്‍ ദോഷഫലങ്ങള്‍ കുറഞ്ഞു കിട്ടും. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുകയും വിഷ്ണുസഹസ്രനാമം ജപിക്കുകയും ചെയ്യുക. ശനിയാഴ്ച്ചകളില്‍ സൂര്യോദയം മുതല്‍ ഒരു മണിക്കൂറിനുള്ളില്‍ ഏള്ളണ്ണ ഒഴിച്ച് വിലക്ക് കൊളുത്തി ശാസ്താവിനെ ധ്യാനിക്കുക.

വൃശ്ചികക്കൂര്‍ (വിശാകം കാല്‍, അനിഴം, തൃക്കേട്ട)
വ്യാഴം പതിനൊന്നിലും ശനി ജന്മത്തിലും രാഹു കര്‍മ്മസ്ഥാനത്തും സ്ഥിതിചെയ്യുന്നു. ജന്മത്തില്‍ ചൊവ്വയുടെ താല്‍ക്കാലിക യോഗമുള്ളതിനാല്‍ രണ്ടുമാസക്കാലം ശാരീരികമായുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. ശനിസ്ഥിതിയും രോഗങ്ങള്‍ അലട്ടുന്നതിന് കാരണമാകും. ഏഴരശനി കാലമായതിനാല്‍ വതാദികോപം തലവേദന എല്ലാ കാര്യങ്ങള്‍ക്കും അലസത എന്നിവയുണ്ടാകാം. പതിനൊന്നിലെ വ്യാഴസ്ഥിതി വളരെ നല്ല കാലത്തെ സൂചിപ്പിക്കുന്നു. ജ്യേഷ്ഠസഹോദരങ്ങള്‍ക്ക് ഗുണകരമായ കാലമാണ്. പുതിയ ജോലി ലഭിക്കുകയോ ഉള്ള ജോലിയില്‍ പ്രമോഷനോ ഉണ്ടാകും. കേസു വഴക്കുകളെല്ലാം വിജയിക്കുന്ന കാലമാണ്. താല്‍കാലിക ജോലിക്കാര്‍ക്ക് സ്ഥിരമായ നിയമനം ലഭിക്കും. ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ വന്നു ചേരും. നഷ്ടപ്പെട്ടപദവികള്‍ തിരിച്ചുകിട്ടും. ഭാവന നിര്‍മ്മാണം വസ്തു വാങ്ങല്‍ പുതിയ വാഹനം എന്നിവയ്ക്ക് കാലം അനുകൂലമാണ്. പുതിയ വ്യവസായ രംഗങ്ങള്‍ക്ക് യോജിച്ച സമയമാണ്. ജന്മശനിയുടെ ദോഷമുള്ളതിനാല്‍ ശാസ്താ പ്രീതി വരുത്തേണ്ടതാണ്. ശനി ദോഷനിവാരണത്തിനുള്ള കര്‍മ്മങ്ങള്‍ ശനിയാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂറിനുള്ളില്‍ ഏള്ളണ്ണ ഒഴിച്ച് വിളക്ക് കൊളുത്തി ശാസ്താവിന്റെ ഇഷ്ട മന്ത്രങ്ങള്‍ ജപിക്കുക.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം കാല്‍)
കര്‍മ്മസ്ഥാനത്ത് വ്യാഴവും പന്ത്രണ്ടാമിടത്ത് ശനിയും ഭാഗ്യസ്ഥാനത്ത് രാഹുവും സ്ഥിതിചെയ്യുന്നു. ഏഴരശനിയുടെ ആദ്യഭാഗം തുടരുകയാണ്. അതിനാല്‍ തൊഴില്‍രംഗത്ത് മെല്ലെപോക്കും സാമ്പത്തിക വരുമാനങ്ങള്‍ക്ക് പ്രതിസന്ധികളും ഉദ്യോഗരംഗത്ത് അപ്രതീക്ഷിത സ്ഥാനചലനങ്ങളും ഉണ്ടാകുന്നതാണ്. ചാരവശാല്‍ കര്‍മ്മസ്ഥാനത്തു നില്‍ക്കുന്ന വ്യാഴം ദോഷപ്രദനാണ്. തൊഴില്‍ തടസ്സമാകും. ഉള്ള ജോലി കളഞ്ഞ് മറ്റൊന്ന് തേടിപ്പോയാല്‍ ചിലപ്പോള്‍ ദുഖിക്കേണ്ടി വരും. മേലധികാരികളുടെ അപ്രീതിക്ക് പാത്രമായാലും പിടിച്ചു നില്‍ക്കണം. പുതിയ ജോലിക്ക് കാലതാമസം വരാവുന്നതാണ്. സര്‍ക്കാര്‍ ജോലി വഴി ലാഭമുണ്ടാകും. കേസ്സ് വഴക്കുകള്‍ സ്വസ്ഥത നശിപ്പിക്കാം. ചിലപ്പോള്‍ തോല്‍വി സമ്മതിക്കേണ്ടി വരാം. ഏഴരശനിക്കാലമായതിനാല്‍ ദോഷം ഏറിയിരിക്കും. ജാമ്യം നില്‍ക്കുക, മധ്യസ്ഥം പറയുക തുടങ്ങിയവയില്‍ നിന്ന് ഒഴിവാകേണ്ടതാണ്. ഏഴരശനിക്കാലത്ത് ആദ്യ അഞ്ച് വര്‍ഷം ദോഷ കാഠിന്യം എറിയിക്കും. ധനുക്കൂറുകാര്‍ വ്യാഴപ്രീതിയും ശനിപ്രീതിയും വരുത്തേണ്ടതാണ്. ഭാഗ്യസ്ഥാനത്ത് നില്‍ക്കുന്ന രാഹു കാര്യതടസ്സം ഉണ്ടാക്കും.നിത്യവും രാജഗോപാല മന്ത്രവും വിഷ്ണു സഹസ്രനാമവും ജപിക്കേണ്ടതാണ്. ശനിപ്രീതിക്കായി ശനിയാഴ്ച വ്രതവും ശനിയാഴ്ച ദിവസം ഉദയ ശേഷം ഒരു മണിക്കൂറിനുള്ളില്‍ ശനീശ്വരമന്ത്രം ജപിക്കുകയും ചെയ്യുക.

മകരക്കൂര്‍ (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം 1/2)
ഒന്‍പതില്‍ വ്യാഴവും പതിനൊന്നില്‍ ശനിയും അഷ്ടമത്തില്‍ രാഹുവും സ്ഥിതി ചെയ്യുന്നു. ഈ വര്‍ഷം ഭാഗ്യവര്‍ഷം തന്നെയാണ്. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങള്‍ നേടിയെടുക്കാനാകും. ദൂരദേശയാത്രക്ക് വഴി തെളിയും. വ്യാഴദൃഷ്ടി മകരം രാശിയില്‍ വരുന്നതും ഗുണപ്രദമാണ്. സന്താന ലാഭം പ്രതീക്ഷിക്കാവുന്നതാണ്. സന്താന സുഖവും ലഭിക്കും. രാഷ്ട്രീയ ഭരണ രംഗത്തും വൈദ്യവൃത്തിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും പേരും പ്രശസ്തിയും നേടും. വിജ്ഞാനപ്രദമായ മേഖലകളുമായി ബന്ധപ്പെടും. ജനുവരിക്കു ശേഷം ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് കടക്കുന്നതിനാല്‍ ആരോഗ്യപരമായും ധനപരമായും ദോഷമായി കാണുന്നു അക്കാലം കൂടുതല്‍ കരുതല്‍ ആവശ്യമാണ്. വ്യാഴസ്ഥിതിയാല്‍ ഉദ്യോഗം, ധനം എന്നിവ പ്രാപ്തമാകും. എന്നിരുന്നാലും വിഷ്ണുപ്രീതി വരുത്തുക. ഗുണഫലം അധീകരിക്കും. ദാമ്പത്യപരമായി സുഖവും സന്തോഷവും നിലനില്‍ക്കും. സന്താനഭാഗ്യത്തിനായി സന്താനഗോപാലമന്ത്രം ജപിക്കുക. രാഹു അഷ്ടമത്തില്‍ നില്‍ക്കുകയാല്‍ ആയുര്‍ദോഷവും പറയുന്നു. രാഹുപ്രീതി വരുത്തുകയും മൃത്യുഞ്ജയ മന്ത്രം ജപിക്കുകയും ചെയ്യുക.

കുംഭക്കൂര്‍ (അവിട്ടം1/2 ചതയം പുരുട്ടാതി മുക്കാല്‍)
വ്യാഴം അഷ്ടമത്തിലും ശനി പത്തിലും രാഹു ഏഴിലും സ്ഥിതിചെയ്യുന്നു. ഇക്കൂട്ടര്‍ക്ക് വ്യാഴവും ശനിയും വളരെ മോശമായ സ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ അനുഭവിച്ചു വന്നിരുന്ന ഐശ്വര്യങ്ങള്‍ക്കെല്ലാം തടസ്സങ്ങള്‍ അനുഭവപ്പെടും. കണ്ടകശനി കാലമായതിനാല്‍ കര്‍മ്മസ്ഥാനത്ത് വിഘ്‌നങ്ങളും സ്ഥലമാറ്റവുമൊക്കെ വന്നുപെടാവുന്നതാണ്. തൊഴില്‍ രംഗവുമായി ബന്ധപ്പെട്ടും സംഘടനാബന്ധത്തില്‍ കൂടിയും കാരാഗൃഹവാസം വരെ വരാവുന്ന കാലമാണ്. ഉദരവ്യാദിയും വാതാദികോപവും ഉണ്ടാകും. ഉദ്യോഗ ലബ്ധിക്കായി പരിശ്രമിച്ച് ധനനഷ്ടം വന്നു ചേരാവുന്നതാണ്. മറ്റുള്ളവരുടെ വാക്കുകേട്ട് അബദ്ധത്തില്‍ ചെന്നു ചാടാവുന്ന അവസ്ഥയും വന്നു ചേരും. വിദ്യാഭ്യാസ രംഗത്തും തടസ്സങ്ങള്‍ കാണുന്നു. പൂര്‍വ്വസ്വത്തും സമ്പാദ്യങ്ങളും നഷ്ടമാകുവാനും അതുമൂലം വ്യവഹാരത്തില്‍ ഏര്‍പ്പെടുവാനും സാധ്യതയുണ്ട്. മനസ്വസ്ഥത കുറയും. ബാങ്കുകളില്‍ നിന്ന് കടം എടുത്തിട്ടുള്ളവര്‍ക്ക് ജപ്തി നടപടികള്‍ നേരിടേണ്ടി വരാം. തൊഴില്‍ നഷ്ടവും കുടുംബത്തോടെ നാടുവിട്ട് പോകേണ്ട അവസ്ഥയും വന്നു ചേരാവുന്നതാണ്. 10ല്‍ നില്‍ക്കുന്ന ശനി ചെറുതെങ്കിലും ഒരു ജോലി തരപ്പെടുത്തി തന്നേക്കാം. ധിക്കാരപരമായ നടപടികളില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ മനസ്സ് തളരും. വിവാഹം നടക്കാവുന്ന സമയമാണ്. ശത്രുക്കളുടെ ഇടപെടല്‍ നിമിത്തം മാനസിക പിരിമുറുക്കം അനുഭവിക്കും. വിവാദങ്ങളില്‍ ഇടപെടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലമാണ്. ദാമ്പത്യ സുഖകുറവുണ്ടാകാം രാഹുര്‍ ദോഷപരിഹാരം ചെയ്യണം. നിത്യേന വിഷ്ണു സഹസ്രനാമം ജപിക്കുക. ഭാഗ്യസൂത്രമന്ത്ര ജപം ഐക്യമത്യസൂക്ത മന്ത്രം ഇവ ദോഷ കാഠിന്യം കുറയ്ക്കും. ശനി വ്രതവും ശാസ്താ മന്ത്രങ്ങളും തടസ്സങ്ങള്‍ നീക്കും

മീനക്കൂര്‍ (പൂരുരുട്ടാതി കാല്‍, ഉതൃട്ടാതി, രേവതി)
വ്യാഴം ഏഴിലും രാഹു ആറിലും ശനി ഒമ്പതിലും സ്ഥിതിചെയ്യുന്നു. ഇക്കാലഘട്ടം ഗ്രഹപ്പിഴകളെല്ലാം ഒഴിവാകും. വീടും സ്ഥലവും വാങ്ങുന്നതിനും മറ്റും നല്ല കാലമാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാകും. വിവാഹാലോചനകള്‍ വേഗത്തിലാകും. സത് സന്താന ഭാഗ്യവും ഉണ്ടാകുന്ന കാലമാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് കാലം അനുകൂലമാണ്. ബന്ധുക്കളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കും. സുഹൃത്തുക്കളും ബന്ധുക്കളും അടുത്തു പെരുമാറുകയും സ്‌നേഹപൂര്‍വ്വം ഇടപെടുകയും ചെയ്യും. അകന്നു കഴിയുന്ന ദമ്പതികള്‍ രമ്യതയിലാകുകയും സ്‌നേഹപൂര്‍വ്വം ജീവിതം ആസ്വദിക്കുകയും ചെയ്യും. സ്‌നേഹ ബന്ധം ദൃഡതരമാകും. പ്രേമിക്കുന്നവര്‍ക്ക് വിവാഹത്തിന് സമ്മതം ലഭിക്കും. ജനുവരിക്കു ശേഷം കണ്ടക ശനി തുടങ്ങുമെങ്കിലും വ്യഴാനുകൂല്യം വേണ്ടുവോളമുള്ളതിനാല്‍ ദോഷഫലം കുറയും. എന്നിരുന്നാലും ശനിപ്രീതി വരുത്തേണ്ടതാണ്.

ജാതകത്തിലെ ഗ്രഹനിലകളുടെ ഫലമനുസരിച്ചാവും കൃത്യ ഫലം അനുഭവപ്പെടുക. പോയജന്മങ്ങളില്‍ ചെയ്തിട്ടുള്ള പുണ്യപാപങ്ങളുടെ ആകെ തുകയാണ് ജാതകം. ഈ ജന്മത്തില്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ കഷ്ടഫലങ്ങള്‍ക്ക് കുറവുണ്ടാകും. ജപദാനാദികളാല്‍ ജീവിത സുഖം ലഭിക്കും. പോയ ജന്മത്തിലെ ദുഷ്‌കൃതികള്‍ രോഗത്തിന്റെ രൂപത്തില്‍ നമ്മെ ബാധിക്കുന്നു. അവക്കുള്ള പ്രതിവിധികളാണ് ഔഷധം, ജപം, ദാനം, ഹോമം എന്നിവ എല്ലാവര്‍ക്കും സുഖമുണ്ടാവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories