ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വിഷു ഫലം (2020 ഏപ്രിൽ 14 മുതൽ 2021 ഏപ്രിൽ 14 വരെ)


വിഷു ഫലം (2020 ഏപ്രിൽ 14 മുതൽ 2021 ഏപ്രിൽ 14 വരെ)


സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്ക് മാറുന്ന ദിവസമാണ് വിഷു. ശാസ്ത്രീയമായി സൂര്യനല്ല മാറുന്നത്. ഉത്തരായനം ശുഭകരമെന്ന് ഭാരതീയ പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഈ മാറ്റം എല്ലാവർക്കും അനുകൂല ഫലങ്ങൾ തന്നേക്കും.

എല്ലാ മേഖലയിലും രാജ്യവും ജനങ്ങളും വളരെ വെല്ലുവിളികൾ നേരിടുന്ന സമയമാണ് ഇത്. ഗുരുവിൻറെ സ്ഥിരതയില്ലാത്ത വേഗതയാണ് ഈ അസ്ഥിരത കാരണമെന്ന് ജ്യോതിഷപരമായി പറയപ്പെടുന്നു.

വരുന്ന ഒരു വർഷക്കാലം നിങ്ങൾക്ക് എങ്ങനെയായിരിക്കും എന്ന് നോക്കാം. ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തിനും ജൂൺ അവസാനത്തോടെ കാര്യങ്ങൾ പഴയ നിലയിൽ എത്തിക്കാനാകും. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സാമ്പത്തിക രംഗത്ത് സ്ഥിരത വന്നേക്കാം. നവംബറിന് ശേഷം എല്ലാ കാര്യങ്ങളിലും പുരോഗതി കൈവരിക്കാനായേക്കും.

മേടം (അശ്വതി ഭരണി കാർത്തിക കാൽ നക്ഷത്രങ്ങൾ)

വരുന്ന വർഷം മുഴുവനും കണ്ടകശ്ശനി കാലമാണ്. ശനി സ്വക്ഷേത്ര ബലവാനായ ക്ഷേത്ര ബലവാനായതുകൊണ്ട് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഗുരു കർമ്മ ഭാവത്തിൽ നീചരാശിയിൽ സഞ്ചരിക്കുന്ന കാലം ശ്രദ്ധിക്കേണ്ടതാണ്.

തൊഴിൽ : ജൂൺ 30 വരെ കർമരംഗത്ത് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ജോലി മാറ്റം അല്ലെങ്കിൽ സ്ഥലം മാറ്റം ഉണ്ടായേക്കാം. പ്രമോഷൻ താമസിക്കുവാനും ഇടയുണ്ട്. അതിനുശേഷം നവംബർ 20 വരെ തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും

സാമ്പത്തികം :ആദ്യമൂന്നു മാസങ്ങളിൽ നിക്ഷേപങ്ങളിൽ ധനം മുടക്കരുത്. ജൂൺ 30 ന് ശേഷം ധനപരമായി അനുകൂലമാണ്. നവംബർ 20ന് ശേഷം സാമ്പത്തിക രംഗത്ത് ശ്രദ്ധ അനിവാര്യമാണ്. ശാസ്താവിനെ ഭജിക്കുക ശനിയാഴ്ച, വ്രതം എടുക്കുക മുതലായവ നല്ലതാണ്. വിഷ്ണു സഹസ്ര നാമം ജപിക്കുന്നത് ശ്രേയസ്കരമാണ്.

ഇടവം രാശി (കാർത്തിക മുക്കാൽ, രോഹിണി, മകയിരം അര നക്ഷത്രങ്ങൾ)

ഒരു വർഷക്കാലം മുഴുവനും ശനി ഭാഗ്യസ്ഥാനത്ത് സ്വക്ഷേത്ര ബലവാനായി സഞ്ചരിക്കുന്ന സമയമാണ്. കർമരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട്. ഗുണദോഷസമ്മിശ്രമായ കാലഘട്ടമാണ് വരുന്നത്. 

തൊഴിൽ രംഗം: ജൂൺ 30 വരെ കാര്യങ്ങൾ അനുകൂലമായിരിക്കും. എതിരാളികളുടെ പദ്ധതികൾ നിങ്ങളെ ബാധിക്കില്ല. പക്ഷേ ഗുരുവിന്റെ നീചസ്ഥിതി ചില സമയങ്ങളിൽ പ്രതികൂല തകൾ സൃഷ്ടിച്ചേക്കാം. ജൂണിനു ശേഷം നവംബർ 20 വരെ വളരെ ശ്രദ്ധ വേണ്ട സമയമാണ്. എതിരാളികളുടെ പ്രവർത്തനങ്ങൾ കരുതിയിരിക്കണം.

സാമ്പത്തികം : ജൂൺ 30 വരെ നിക്ഷേപങ്ങൾ നടത്താമെങ്കിലും ഊഹകച്ചവടങ്ങളിലും അറിയാത്ത മേഖലകളിലും പണം ഇറക്കരുത്. ജൂണിനു ശേഷം നിക്ഷേപങ്ങളിൽ നിന്നും ഊഹകച്ചവടങ്ങളിൽ നിന്നും നഷ്ടം സംഭവിച്ചേക്കാം. നവംബർ 30 ന് ശേഷം കാര്യങ്ങൾ അനുകൂലമായി വന്നേക്കാം. ഹനുമാൻ സ്വാമിയെ ഭജിക്കുക, ഹനുമാൻ ചാലിസ ജപിക്കുക, പ്രായമായവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക, ശനിയാഴ്ച വ്രതം നോക്കുക എന്നിവ ദോഷ കാഠിന്യങ്ങൾ കുറയ്ക്കുവാൻ സഹായിക്കും. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ഉത്കൃഷ്ടമാണ്. 

മിഥുനം രാശി (മകയിരം അര, തിരുവാതിര, പുണർതം മുക്കാൽ നക്ഷത്രങ്ങൾ)

ആരോഗ്യ രംഗത്ത് ശ്രദ്ധ വേണ്ട ഒരു വർഷം ആണ് വരുന്നത്. അടുക്കും ചിട്ടയുമുള്ള ഒരു ജീവിതചര്യയിലൂടെ ആരോഗ്യ പരമായ വെല്ലുവിളികൾ നേരിടേണ്ടതാണ്. 

തൊഴിൽരംഗം : ജൂൺ 30 വരെ തൊഴിൽമേഖലയിൽ സ്ഥിരതയില്ലാത്ത അവസ്ഥ ഉണ്ടാകും. ഈ സമയത്ത് തൊഴിൽ മാറ്റത്തിന് ഒരുകാരണവശാലും ശ്രമിക്കരുത്. എതിരാളികളുടെ നീക്കത്തെ ശ്രദ്ധയോടെ മാത്രം നേരിടുക. ജൂൺ 30 മുതൽ നവംബർ 20 വരെ കാര്യങ്ങൾ അനുകൂലമായിരിക്കും. തടഞ്ഞു വെച്ചിരിക്കുന്നു ശമ്പളം, സ്ഥാന കയറ്റം ഇവ ലഭിക്കാനിടയുണ്ട്. നവംബർ 20ന് ശേഷം കർമ്മരംഗത്ത് പ്രതികൂലം ആയിരിക്കും. സൂക്ഷിക്കുക.

സാമ്പത്തികം : ജൂൺ 30 വരെ സാമ്പത്തികമായി ചെലവ് കൂടിയ സമയമായിരിക്കും. ആരോഗ്യമേഖലയിൽ പണം മുടക്കേണ്ടതായി വന്നേക്കാം. ജൂൺ 30ന് ശേഷം സാമ്പത്തിക ലാഭം ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും നവംബർ 20ന് ശേഷം സാമ്പത്തിക രംഗം വെല്ലുവിളികൾ നിറഞ്ഞ ആയിരിക്കും. ആ കാലഘട്ടത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കുക ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക, കറുത്ത വസ്ത്രം ധരിക്കുക, ശനിയാഴ്ച വ്രതം നോക്കുക എന്നിവ ശ്രേയസ്ക്കരമാണ്. വൃദ്ധരായവർക്ക് ചികിത്സയ്ക്കു സഹായിക്കുന്നതും നല്ലതാണ്. വ്യാഴാഴ്ചകളിൽ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നല്ലതാണ്.

കർക്കിടകം രാശി (പുണർതം കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ)

വരുന്ന ഒരു വർഷക്കാലം കണ്ടകശ്ശനി കാലമാണ്. ശനി സ്വക്ഷേത്ര ബലവാനായതു കൊണ്ട് ദോഷഫലങ്ങൾ കുറയുവാനാണ് സാദ്ധ്യത. എന്നിരുന്നാലും അപഖ്യാതി, മാനനഷ്ടം ഇവക്കു സാധ്യതയുണ്ട്. കടങ്ങൾ വരാതെയും ശ്രദ്ധിക്കേണ്ടതാണ്

തൊഴിൽ: ജൂൺ 30 വരെ അനുകൂലസമയം ആയിരിക്കും. പക്ഷേ ഗുരു നീചത്തിലായതു കൊണ്ട് കർമ്മരംഗത്ത് ശ്രദ്ധവേണം. ജൂൺ 30 ന് ശേഷം കർമ്മരംഗത്ത് അതീവശ്രദ്ധ വേണ്ടിവരും. എതിരാളി ശക്തിപ്രാപിക്കുവാൻ സാധ്യതയുണ്ട്. നവംബർ 20ന് ശേഷം കാര്യങ്ങൾ അനുകൂലമാണെങ്കിലും ജോലിയിൽ ശ്രദ്ധയും കൃത്യനിഷ്ഠയും പുലർത്തേണ്ടതാണ്.

സാമ്പത്തികം : ജൂൺ 30 വരെ നിക്ഷേപങ്ങൾക്കും ധന വരവിനും അനുകൂലമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടമുണ്ടാകും. കടം വരുവാനുള്ള സമയം മുന്നിൽകണ്ട് ജീവിക്കുക. ജൂൺ 30 ന് ശേഷം ലോൺ, ക്രെഡിറ്റ് കാർഡ് മുതലായവ സൂക്ഷിച്ച് ഉപയോഗിക്കുക. കടം കൊടുക്കുന്നതും വാങ്ങുന്നതും നല്ലതല്ല. നവംബർ 20ന് ശേഷം അനുകൂല അവസ്ഥ വന്നേക്കും. സൂക്ഷിച്ച് മാത്രം ചിലവാക്കുക.

ഹനുമാൻ സ്വാമി ഭജനം നടത്തുന്നതും പ്രായമായവരെ സഹായിക്കുന്നതും നല്ലതാണ്. ശനിയാഴ്ച വ്രതം എടുക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം കാൽ നക്ഷത്രങ്ങൾ)

ശനി അനുകൂലാവസ്ഥയിൽ നിൽക്കുന്ന ഒരു വർഷമാണ് വരുന്നത്. ശത്രുക്കളുടെ ദോഷം അകന്നു നിൽക്കും. പൊതുവേ അനുകൂലം എങ്കിലും കുറച്ചു കാലം എല്ലാ മേഖലയിലും ശ്രദ്ധ അനിവാര്യമാണ്.

തൊഴിൽ: ജൂൺ 30 വരെ തൊഴിൽ മാറ്റത്തിന് ശ്രമിക്കരുത്. സ്ഥാനക്കയറ്റമോ ശമ്പളവർധനവോ തടസ്സപ്പെട്ടേക്കാം. ജൂൺ 30 ന് ശേഷം തടയപ്പെട്ട സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് ഇവ ലഭിച്ചേക്കാം. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ പറ്റിയ സമയമാണിത്. നവംബർ 20ന് ശേഷം കർമരംഗത്ത് വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കാം.

സാമ്പത്തികം : ജൂൺ 30 വരെ നിക്ഷേപങ്ങൾക്കും ഊഹക്കച്ചവടങ്ങൾക്കും തീരെ അനുകൂലമല്ല. ഭീമമായ നഷ്ടങ്ങൾ സംഭവിക്കാതെ ശ്രദ്ധയോടെ മുന്നേറുക. ജൂൺ 30 ന് ശേഷം അനുകൂലമായിരിക്കും. ബുദ്ധിപരമായ നിക്ഷേപങ്ങളും പദ്ധതികളും ധനലാഭം തന്നേക്കും. നവംബർ 20ന് ശേഷം സാമ്പത്തികമായി പ്രതികൂലം ആയതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക.

ധർമ ശാസ്താവിനെ ഭജിക്കുക, ഹനുമാൻ സ്വാമി സ്ത്രോത്രങ്ങൾ ജപിക്കുക, വിഷ്ണുസഹസ്രനാമം ജപിക്കുക, "ഓം നമോ വാസുദേവായ നമ: " 108 പ്രാവശ്യം ജപിക്കുക എന്നിവ ഭാഗ്യാനുഭവങ്ങൾ തരും.

കന്നി രാശി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര നക്ഷത്രങ്ങൾ)

വലിയ കുഴപ്പങ്ങൾ ഇല്ലാത്ത ഒരു വർഷമാണ് വരുവാൻ പോകുന്നത്. എന്നിരുന്നാലും ശ്രദ്ധയും അച്ചടക്കവും പുലർത്തേണ്ട സമയമാണ് വരുവാൻ പോകുന്നത്. മാനസിക ആരോഗ്യത്തിനും ഏകാഗ്രത വർദ്ധിപ്പിക്കുവാനുമുള്ള ദിനചര്യകൾ അഭ്യസിക്കുക.

തൊഴിൽ: ജൂൺ 30 വരെ കർമ്മരംഗത്ത് പുതിയ ആശയങ്ങളും പദ്ധതികളും നടപ്പിലാക്കുവാൻ സാധിക്കും. കൂടുതൽ സ്ഥാനമാനങ്ങൾ ലഭിച്ചേക്കാം. ജൂൺ 30 നു ശേഷം സഹപ്രവർത്തകർക്കായി സമയം മാറ്റിവെയ്ക്കേണ്ടതായി വന്നേക്കാം. കർമ്മരംഗത്ത് പദ്ധതി നടത്തിപ്പുകളിൽ ശ്രദ്ധ പുലർത്തേണ്ട സമയമാണിത്. നവംബർ 20 ന് ശേഷം കർമപരമായി അനുകൂലസമയമാണ്.

സാമ്പത്തികം : ധനവരവ് കൂടുമെങ്കിലും ധനം വിവേകപൂർവം ചിലവഴിക്കുക. കിട്ടാനുള്ള സ്ഥലം ലഭിക്കുവാൻ സാധ്യത കാണുന്നു. ജൂൺ 30 ന് ശേഷം ചെലവുകൾ കൂടുവാൻ സാധ്യത കാണുന്നു. അനാവശ്യമായ ചിലവുകൾ ശ്രദ്ധിക്കേണ്ടതാണ്.

ശനിയാഴ്ചവ്രതം നോക്കുന്നതും ശനീശ്വര മന്ത്രം ജപിക്കുന്നതും ഉത്കൃഷ്ടമാണ്. വിഷ്ണു സഹസ്രനാമം വ്യാഴാഴ്ച രാവിലെ ഗുരു കാല ഹോരയിൽ ജപിക്കുന്നതും നല്ലതാണ്.

തുലാം രാശി (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ)

വരുന്ന വർഷം അതീവ ശ്രദ്ധ വേണ്ട സമയമാണ്. കണ്ടകശനി ദോഷങ്ങൾ വളരെ കാര്യമായി ബാധിക്കുകയില്ലെങ്കിലും ദൈവാധീനം കുറവ് എല്ലാ മേഖലയിലും അനുഭവപ്പെടും. തൊഴിൽ: ഇപ്പോഴുള്ള തൊഴിലിൽ ഉറച്ചു നിൽക്കുന്നതാണ് നല്ലത്. ജൂൺ 30 വരെ സഹപ്രവർത്തകർക്ക് വേണ്ടി കഷ്ടപ്പെടേണ്ടി വന്നേക്കും. പദ്ധതികളിൽ മാന്ദ്യം അനുഭവപ്പെട്ടേക്കും. അതിനുശേഷം നവംബർ 20 വരെ തൊഴിൽ രംഗത്ത് തിരിച്ചടികളും എതിരാളികളുടെ പ്രബലത അനുഭവപ്പെടും. ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിടാൻ ശ്രമിക്കുക.

സാമ്പത്തികം : സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന സമയം ജൂൺ 30 വരെ. ധനത്തിനു പ്രയാസമുണ്ടായിരിക്കും. പക്ഷെ ജൂണിനു ശേഷം കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് വരാം. പരമാവധി കടങ്ങൾ വരുത്തിവയ്ക്കാതെ ജീവിക്കാൻ ശ്രമിക്കുക. സാമ്പത്തിക അച്ചടക്കം പാലിക്കുക.

എന്നും ശനീശ്വര മന്ത്രം രാവിലെ 9 പ്രാവശ്യം ജപിക്കുക, ശനിയാഴ്ചവ്രതം നോക്കുക, വൃദ്ധരെ കഴിയുന്ന പോലെ പരിചരിക്കുക, വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം ജപിക്കുക, എന്നും രാവിലെ നൂറ്റെട്ടുപ്രാവശ്യം "ഓം നമോ ഭഗവതേ വാസുദേവായ :" ജപിക്കുക തുടങ്ങിയ ദോഷഫലങ്ങളുടെ കാഠിന്യം കുറയ്ക്കും.

വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട നക്ഷത്രങ്ങൾ)

ശനി മൂന്നിൽ സഞ്ചരിക്കുന്ന അനുകൂലമായ ഒരു വർഷം ആണ് വരുന്നത്. ഇടയ്ക്ക് ഗുരുവിനെ മൂന്നാം ഭാഗത്തിലെ നീചസ്ഥിതി പ്രതികൂല അവസ്ഥകൾ ഉണ്ടായേക്കും. എങ്കിലും പൊതുവേ അനുകൂലമായ ഒരു വർഷമാണിത് .

തൊഴിൽ: ജൂൺ 30 വരെ തൊഴിൽ മാറ്റത്തിന് ശ്രമിക്കരുത് . ശ്രദ്ധ വേണ്ട സമയമാണ് . എതിരാളികളുടെ ആക്രമണങ്ങൾ പ്രതീക്ഷിക്കാം. ജൂൺ 30 ന് ശേഷം കർമ്മ രംഗത്ത് അഭിവൃദ്ധി പ്രതീക്ഷിക്കാം. നവംബർ 30 ന് ശേഷം കർമ്മരംഗത്ത് അതീവജാഗ്രത വേണ്ടിവന്നേക്കും.

സാമ്പത്തികം : ജൂൺ 30 വരെ സാമ്പത്തിക അച്ചടക്കം വളരെ വേണ്ട സമയമാണ്. അറിയാത്ത മേഖലകളിലും ഊഹകച്ചവടങ്ങളിലും ധനം മുടക്കിയാൽ നഷ്ടമുണ്ടാകും. ജൂൺ 30 ന് ശേഷം കാര്യങ്ങൾ അനുകൂലമാണ്. കുറച്ചുകാലമായി കിട്ടാതിരുന്ന ധനം തിരികെ ലഭിക്കാം. പൂർവ്വിക സ്വത്ത് കൈവശം വന്നുചേർന്നേക്കാം. നവംബർ 20ന് ശേഷം ശ്രദ്ധ അനിവാര്യമാണ്

ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക, ശനിയാഴ്ച വ്രതം നോക്കുക, ഗുരുക്കന്മാരെയും പിതൃസമന്മാരെയും സഹായിക്കുന്നതും ഉത്തമമാണ്.

ധനു ( മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രങ്ങൾ )

ഏഴരശ്ശനിയുടെ അവസാനഭാഗം നടക്കുന്ന സമയമാണീ വർഷം. ഗുണദോഷ സമ്മിശ്രമായ ഒരു വർഷം ആയിരിക്കും വരുന്നത്. ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരുന്ന സമയമാണിത്.

തൊഴിൽ : ജൂൺ 30 വരെ തൊഴിൽരംഗത്ത് ചെറിയ പുരോഗതിയും മേലുദ്യോഗസ്ഥന്മാരുടെ പ്രീതിയും ലഭിക്കും. ജൂൺ 30 ന് ശേഷം സ്ഥലംമാറ്റത്തിനും സ്ഥാനം മാറ്റത്തിനും സാധ്യതയുണ്ട്. സഹപ്രവർത്തകരുമായുള്ള ബന്ധം വഷളാകാതെ സൂക്ഷിക്കേണ്ടതാണ്. നവംബർ 30 ന് ശേഷം കാര്യങ്ങൾ അനുകൂലമായേക്കാം.

സാമ്പത്തികം : ജൂൺ 30 വരെ സാമ്പത്തിക ഉന്നതിക്ക് സാധ്യതകാണുന്നു. പൂർവ്വിക സ്വത്ത് ലഭിക്കുക, കിട്ടാനുളള ധനം ലഭിക്കുക എന്നിവ ഉണ്ടായേക്കാം. ജൂൺ 30 ന് ശേഷം ധന കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. അറിയാത്ത മേഖലകളിൽ ധനം മുടക്കരുത്. നവംബർ 20ന് ശേഷം കാര്യങ്ങൾ അനുകൂലമായി വന്നേക്കാം. എന്നിരുന്നാലും മോഷണങ്ങൾ നടക്കാതെ കരുതൽ എടുക്കേണ്ടതാണ്.

എല്ലാദിവസവും ശനീശ്വരനെ ഭജിക്കുന്നതും ഹനുമാൻ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ശ്രേയസ്കരമാണ്. വൃദ്ധരായവർക്ക് ധനസഹായം ചെയ്യുന്നതും നല്ലതാണ്.

മകരം (ഉത്രാടം മുക്കാൽ, തിരുവോണം അവിട്ടം അര നക്ഷത്രങ്ങൾ)

ഏഴരശ്ശനിയുടെ മധ്യഭാഗത്ത് കൂടെയാണ് ഈ വർഷം കടന്നു പോകുന്നത്. ശനി സ്വക്ഷേത്ര ബലവാനായതുകൊണ്ട് ദോഷഫലങ്ങൾ ഒരു പരിധിവരെ കുറഞ്ഞേക്കാം. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് തടസ്സങ്ങൾ നേരിടുന്ന സമയമാണിത്.

തൊഴിൽ : തൊഴിൽരംഗം വെല്ലുവിളി നിറഞ്ഞതായിരിക്കും. ജൂൺ 30 വരെ സ്ഥലമാറ്റത്തിന് സ്ഥാന മാറ്റത്തിനും സാധ്യത കാണുന്നു. ജോലിമാറ്റത്തെക്കുറിച്ച് ഈ വർഷം ചിന്തിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ജൂൺ 30 ന് ശേഷം കർമ്മ രംഗത്ത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാലും അച്ചടക്കവും ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമുള്ള സമയമാണിത്.

സാമ്പത്തികം : ധനപരമായി വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തെ ആത്മവിശ്വാസം കൊണ്ടും സാമ്പത്തിക അച്ചടക്കം കൊണ്ടും നേരിടുക. നിക്ഷേപങ്ങളിൽ ധനം മുടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.

ശനിയാഴ്ച വ്രതം നോക്കുക, ധർമ്മശാസ്താവിനെ ഭജിക്കുക, പ്രായമായവരെ സഹായിക്കുക, വിഷ്ണുസഹസ്രനാമം തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ജപിക്കുക, നിത്യേന "ഓം നമോ ഭഗവതേ വാസുദേവായ നമ: " ജപിക്കുക തുടങ്ങിയവ ദുരിതങ്ങളുടെ കാഠിന്യം കുറയ്ക്കും

കുംഭം (അവിട്ടം അര, ചതയം പൂരുരുട്ടാതി മുക്കാൽ നക്ഷത്രങ്ങൾ)

ഏഴര ശനിയുടെ തുടക്ക സമയമാണിപ്പോൾ. ശനി സ്വക്ഷേത്രത്തിൽ ആയതുകൊണ്ട് കഷ്ടപ്പാടുകൾ കുറവായിരിക്കും. ഗുരുവിന്റെ വ്യയഭാവത്തിലെ നീചസ്ഥിതി പ്രാരാബ്ദങ്ങൾ ഉണ്ടാക്കി തന്നേക്കാം.

തൊഴിൽ : ജൂൺ 30 വരെ തൊഴിൽ മേഖല വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. സ്ഥലംമാറ്റം ഉണ്ടായാലും അത്ഭുതപ്പെടാനില്ല. ജൂൺ 30 ന് ശേഷം കർമ്മരംഗം പുഷ്ടിപ്പെടും. തടയപ്പെട്ട സ്ഥാനക്കയറ്റമോ ശമ്പളവർദ്ധനവോ ലഭിച്ചേക്കാം. നവംബറിന് ശേഷം ജോലി മാറ്റത്തിന് ശ്രമിക്കാതെയിരിക്കുന്നതാണ് നല്ലത്.

സാമ്പത്തികം : ജൂൺ 30 വരെ സാമ്പത്തികരംഗം അനുകൂലമായിരിക്കില്ല. ധന നഷ്ടം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട് . ചെലവ് നിയന്ത്രിക്കേണ്ടതാണ്. ജൂൺ 30 ന് ശേഷം സാമ്പത്തിക രംഗത്ത് പുരോഗതി ദൃശ്യമാകും. നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്ന് ലാഭം ലഭിച്ചേക്കാം. നവംബറിന് ശേഷം സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതകാണുന്നതു കൊണ്ട് ആ സമയത്ത് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്.

ഹനുമാൻ സ്വാമിയെ ഭജിക്കുക, വിഷ്ണു സഹസ്ര നാമം ജപിക്കുക, ശനിയാഴ്ച വ്രതം എടുക്കുക, വൃദ്ധരേയും ഗുരുക്കന്മാരെയും സഹായിക്കുക തുടങ്ങിയ ദോഷഫലങ്ങളുടെ കാഠിന്യം കുറച്ചേക്കും

മീനം രാശി ( പൂരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങൾ)

താരതമ്യേന ഗുണഫലങ്ങൾ ഏറിയ ഒരു വർഷമാണ് വരുന്നത്. സ്വ ക്ഷേത്ര ബലവാനായി ശനി അഭീഷ്ടഭാവ സ്ഥിതിയിൽ നിൽക്കുന്നത് അനുകൂലമാണ്. എന്നിരുന്നാലും തൊഴിൽ രംഗത്ത് ശ്രദ്ധ വേണ്ടിവന്നേക്കും.

തൊഴിൽ :ജൂൺ 30 വരെ സമയം അനുകൂലമാണ്. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. ജൂൺ 30 ന് ശേഷം കർമ്മ രംഗത്ത് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. സ്ഥലം മാറ്റം ഉണ്ടായേക്കാം. കഠിനാദ്ധ്വാനം വേണ്ടി വന്നേക്കാം. നവംബർ 20ന് ശേഷം കാര്യങ്ങൾ അനുകൂലമായിരിക്കും.

സാമ്പത്തികം : ജൂൺ 30 വരെയുള്ള സമയം ധനലാഭവും സാമ്പത്തിക വളർച്ചയും തന്നേക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. പക്ഷെ ജൂൺ 30ന് ശേഷം ഊഹകച്ചവടങ്ങളിലും അറിയാത്ത മേഖലകളിലും ധനം നിക്ഷേപിക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. നവംബർ 20ന് ശേഷം അനുകൂലസമയം ആയിരിക്കും .

ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക, ശനിയാഴ്ചവ്രതം നോക്കുക, ഗുരുക്കന്മാരെയും പുത്രന്മാരെ സഹായിക്കുക മുതലായവ ഉത്തമമാണ്Astro Guruji

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories