ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഈ വര്‍ഷത്തെ ഓണഫലം നിങ്ങള്‍ക്കെങ്ങനെ?



ചിങ്ങമാസം പിറക്കുകയായി. 2018 ആഗസ്റ്റ്‌ 17 നു ചിങ്ങം 1 രാവിലെ ( വെള്ളിയാഴ്ച) 6 മണി 51 മിനിട്ടിനു ചോതി നക്ഷത്രം മൂന്നാം പാദത്തില്‍ തുലാക്കൂറില്‍ രവി സംക്രമിക്കുന്നു.
ഒരു വര്‍ഷത്തെ സാമാന്യഫലമാണിവിടെ പറയുന്നത്. ഒരു വര്‍ഷക്കാലത്തേക്ക് വ്യാഴവും ശനിയും എവിടെ സ്ഥിതി ചെയ്യുന്നു എന്നു നോക്കിയിട്ടാണ് സാമാന്യഫലപ്രവചനം നടത്തുക. മറ്റു ഗ്രഹങ്ങളുടെ ചാരഫലവും വ്യക്തികള്‍ക്ക് അനുഭവപ്പെടുമെങ്കിലും വര്‍ഷഫലത്തില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. അവയുടെ ഫലം മാസഫലങ്ങളിലെ വിവരിക്കുവാന്‍ സാധിക്കുകയുള്ളൂ. എങ്കിലും ജാതകങ്ങള്‍ കൂടി പരിശോധിച്ചു വേണം ഓരോരുത്തവരുടേയും സ്വന്തം ശുഭദോഷങ്ങള്‍ വിലയിരുത്താന്‍.


മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ )
മേടക്കൂര്‍ നക്ഷത്രക്കാര്‍ക്ക് വ്യാഴം ഇപ്പോള്‍ എഴിലാണ് സഞ്ചരിക്കുന്നത്. വൃശ്ചികം 25 വരെ അതായത് ഒക്ടോബര്‍ 11 വരെ 7ലും ശേഷകാലം അഷ്ടമത്തിലും സ്ഥിതി ചെയ്യും. ശനി ഒമ്പതാം ഭാവത്തിലും രാഹു നാല്, മൂന്നു ഭാവങ്ങളിലും സഞ്ചരിക്കുന്നതിനാല്‍ ഈ വര്‍ഷം സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രതിസന്ധിയും വിശ്വാസിക്കുന്നവരില്‍ നിന്ന് വിപരീത അനുഭവങ്ങളും വിവാഹേതര ബന്ധങ്ങള്‍ വഴി ധനനഷ്ടവും അനുഭവിക്കേണ്ടി വരും. കുടുംബ ജീവിതത്തില്‍ അപ്രതീക്ഷിത വേര്‍പാടുകളും വ്യവഹാര ദുരിതങ്ങളും വന്നു ചേരാവുന്നതാണ്. സന്താനങ്ങളില്‍ നിന്ന് മനോദുരിതങ്ങളും ധനനഷ്ടവും അനുഭവിക്കും. പിതൃതുല്യരുടെ വേര്‍പാടു നിമിത്തം വിഷമിക്കും. കഠിനമായ ദുഃഖം, സഞ്ചാരക്ലേശം, രോഗാദിദുരിതം എന്നിവയും ഫലമാകുന്നു. ഹൃദ്രോഗ സാധ്യത തള്ളിക്കളയാനാവില്ല. ജോലിക്കായി വിദേശ സഞ്ചാരം നടത്തും.
വിഷ്ണു പ്രീതി വരുത്തുക. സുദര്‍ശനയന്ത്രം ധരിക്കുന്നത് അഭികാമ്യം. വിഷ്ണു സഹസ്ര നാമാജപം, ഭാഗ്യസൂക്തജപം ഇവ ദോഷ കാഠിന്യം കുറയ്ക്കും.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ഇടവക്കൂര്‍ (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിര്യം ആദ്യ പകുതി)
ഒക്ടോബര്‍ പതിനൊന്നു വരെ വ്യാഴം ആറിലും ശേഷകാലം ഏഴിലും സഞ്ചിരിക്കും. ശനി അഷ്ടമത്തിലും രാഹു മൂന്ന് രണ്ട് ഭാവങ്ങളിലുമാണ് സഞ്ചരിക്കുക. ചിങ്ങം, കന്നി മാസങ്ങളില്‍ ഗൃഹത്തില്‍ അഭിപ്രായഭിന്നതകളും ആരോഗ്യപ്രശ്നങ്ങളും പിന്നീട് അങ്ങോട്ട്‌ അനുകൂലസ്ഥിതികളും അനുഭവപ്പെടും. വിവാഹിതരാവാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ല ബന്ധങ്ങള്‍ വന്നു ചേരും. ശയന സുഖവും, ധനവും, സുഖഭോജനവും വാഹനാദികളും ലഭ്യമാകും. ശനി അഷ്ടമത്തില്‍ നില്‍ക്കുന്നതിനാല്‍ കാര്യാദികളില്‍ ദൈന്യതയുണ്ടാകും. ഉപരിപഠനത്തില്‍ ഉന്നതിയും സൈന്യവിഭാഗത്തില്‍ ജോലിയും ഈ വര്‍ഷം സഫലമാകുന്നു. വിദേശത്ത് ജോലിക്കും ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ ധനനഷ്ടം വരാതെ സൂക്ഷിക്കേണ്ടതാണ്. ശനിയുടെ അഷ്ടോത്തരം ജപിക്കുകയും ശാസ്താപ്രീതി വരുത്തുകയും ചെയ്യുക.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


മിഥുനക്കൂര്‍ (മകയിരം അവസാനപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍)
ഒക്ടോബര്‍ 11 വരെ വ്യാഴം അഞ്ചിലും ശേഷകാലം വ്യാഴം ആറിലും ശനി ഏഴിലും രാഹു ജന്മത്തിലും രണ്ടിലും സഞ്ചിരിക്കുന്ന കാലം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഫലപ്രാപ്തി പൂര്‍ണ്ണമാകില്ല. കന്നിമാസത്തിനു ശേഷം കഫാദിരോഗങ്ങള്‍ ഉണ്ടാകാം. വീട് വിട്ടുതാമസിക്കേണ്ടി വരാം. കുടുംബത്തില്‍ അന്തഛിദ്രങ്ങള്‍ ഉടെലെടുക്കും. വൃഥാ സഞ്ചാരം, അലച്ചില്‍ എന്നിവയുണ്ടാകും. വിവാഹ തീരുമാനങ്ങള്‍ മന്ദഗതിയില്‍ ആകും. ഉന്നത പഠനത്തിനായുള്ള വിദേശ യാത്രാനടപടികള്‍ പൂര്‍ത്തീകരിച്ചു കിട്ടും.
കണ്ടകശനികാലമായതിനാല്‍ കുടുംബസ്വസ്ഥത കുറയാം. ശനി വ്രതമെടുക്കുകയും ശനീശ്വരധ്യാനവും വിഷ്ണു പ്രീതിയും അഭികാമ്യം. ചന്ദ്രാല്‍ ഭാഗ്യാധിപനായ ശനിയുടെ അഷ്ടോത്തരം ജപിക്കുക.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കര്‍ക്കിടകക്കൂര്‍ (പുണര്‍തം അവസാന പാദം, പൂയം, ആയില്യം)
ചാരവശാല്‍ ഒക്ടോബര്‍11 വരെ വ്യാഴം നാലിലും ശേഷകാലം അഞ്ചിലും ശനി ആറിലും രാഹു ജന്മത്തിലും പിന്നെ 12ലും സഞ്ചരിക്കുന്ന കാലം. ഈ വര്‍ഷം ആരോഗ്യപ്രശ്നങ്ങളും ആശുപത്രിവാസവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ബന്ധുജനങ്ങള്‍ക്കും സന്താനങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തും. ഭൂമി, ഗൃഹം എന്നിവ വാങ്ങും. വാഹനം, സ്വര്‍ണ്ണ രത്നാദികള്‍ എന്നിവയുടെ ലാഭവും വിവാഹം നടക്കുകയും ചെയ്യും. മന്ത്രങ്ങളിലും പൂജകളിലും വിശ്വാസം ജനിക്കും. ശത്രുനാശവും രോഗങ്ങള്‍ ശമിക്കുകയും കളത്ര സുഖവും ഫലമാകുന്നു.
രാഹുവിന്‍റെ സ്ത്രോത്രങ്ങള്‍ ജപിക്കുകയും സര്‍പ്പ പ്രീതി വരുത്തുകയും ചെയ്യേണ്ടതാണ്.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ചിങ്ങക്കൂര്‍ ( മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)
ചാരവശാല്‍ വ്യാഴം മൂന്നിലും പിന്നീട് നാലിലും സഞ്ചരിക്കുന്ന കാലം. ശനി അഞ്ചിലും രാഹു പന്ത്രണ്ടിലും പതിനൊന്നാം ഭാവത്തിലും സഞ്ചരിക്കുന്നു. ദുഃഖകരമായ പല അവസ്ഥകളെയും തരണം ചെയ്യേണ്ടിവരും. പരിശ്രമങ്ങള്‍ പരാജയത്തിലും ധനനഷ്ടത്തിലും കലാശിക്കാം. ബന്ധുക്കള്‍ നിമിത്തം പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരും. വീട്ടിലും നാട്ടിലും സ്വസ്ഥതയില്ലാത്ത അവസ്ഥ വന്നു ചേരാം. അഞ്ചിലെ ശനി പുത്രധനാദികള്‍ക്ക് ഹനിയെ വരുത്താം. കലഹത്തിനും വഴി വയ്ക്കും. ഭൂസംബന്ധമായും ഔദ്യോഗിക അര്‍ഹതകള്‍ സ്ഥാപിച്ചു കിട്ടുന്നതും നടത്തി വരുന്ന നിയമനടപടികള്‍ അനുകൂലമാകുന്ന സ്ഥിതി വന്നു ചേരും.
പൊതുവേ പറഞ്ഞാല്‍ ഈ വര്‍ഷം അത്ര ഗുണകരം അല്ല. ദോഷകരമായി നില്‍ക്കുന്ന ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുവാന്‍ വിഷ്ണു പ്രീതി, ശാസ്താപ്രീതി ഇവ വരുത്തുക. ഇവരുടെ നാമജപാദികല്‍ അവശ്യം നടത്തുക. ക്ഷേത്ര ദര്‍ശനവും വേണ്ടതാണ്.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കന്നിക്കൂര്‍ (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)
വ്യാഴം രണ്ടും മൂന്നും ഭാവങ്ങളിലും ശനി നാലാം ഭാവത്തിലും രാഹു 11 ഉം 10 ഉം ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലം. ഒക്ടോബര്‍ വരെ ശത്രുനാശവും ദേവപ്രസാദവും അര്‍ത്ഥലാഭവും ശേഷം കാലയളവില്‍ സ്വസ്ഥാനത്തു നിന്ന് പുറത്താക്കലും സകല കാര്യങ്ങള്‍ക്കും തടസ്സങ്ങളും മറ്റു ദോഷാദികളും മാതാപിതാബന്ധു തുടങ്ങിയവരുടെ മരണമോ മരണതുല്യ ദുഃഖമോ സംഭവിക്കാം എന്നതിനാലും കുടുംബപീഡകളാലും ദുഃഖം അനുഭവിക്കേണ്ടി വരും. പലതരത്തിലുള്ള ദുഖകരമായ അവസ്ഥകളും തരണം ചെയ്യേണ്ടിവരും എന്നതിനാല്‍ ഈശ്വരഭജനം നന്നായി വേണം. സന്താനങ്ങളെ സംബന്ധിച്ചും സഹായികളായി നില്‍ക്കുന്നവരെ സംബന്ധിച്ചും നഷ്ടങ്ങളും വേര്‍പാടുകളും ഉണ്ടാകാം. യാത്രക്ലേശങ്ങളും ഉണ്ടാകും. ഭൂമിനഷ്ടം ഉണ്ടാകാം. വിവാഹാലോചനകളും ഉദ്യോഗത്തിനുള്ള പരിശ്രമങ്ങളും മന്ദഗതിയില്‍ ആകും. ആരോഗ്യത്തില്‍ സമ്മിശ്രാനുഭവം ഉണ്ടാകും.
കണ്ടകശനിയായതിനാല്‍ ശനി പ്രീതിവരുത്തുക. വ്യാഴത്തെയും പ്രീതിപ്പെടുത്തേണ്ടതുമുണ്ട്.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


തുലാക്കൂര്‍ ( ചിത്തിര അവസാനത്തെ പകുതി, ചോതി, വിശാഖം മുക്കാല്‍)
വ്യാഴം ഒക്ടോബര്‍ വരെ ജന്മത്തിലും പിന്നീട് ഒരു വര്‍ഷക്കാലം ധനസ്ഥാനത്തും ശനി മൂന്നിലും രാഹു പത്ത് ഒന്‍പത് ഭാവങ്ങളിലും സ്ഥിതി ചെയ്യുന്നു. വര്‍ഷാരംഭത്തില്‍ അറിയാത്തകാര്യങ്ങള്‍ക്ക് അപവാദം കേള്‍ക്കേണ്ടിവരും. ആരോഗ്യസ്ഥിതി മോശമാകും. സ്ഥാനഭ്രംശമുണ്ടാകും. ധനത്തിനും ബുദ്ധിക്കും ക്ഷയമുണ്ടാകും. ശേഷം ഒരു വര്‍ഷക്കാലം ശത്രുഹാനിയും ദേശാന്തരസഞ്ചാരത്തില്‍ കൂടി അര്‍ത്ഥലാഭം, സത്കീര്‍ത്തി, അധികാരപദവികളും ലഭിക്കും. പല സുപ്രധാന കാര്യങ്ങളും നിറവേറ്റുവിനുള്ള അവസരങ്ങള്‍ വന്നുചേരും. സഹോദരങ്ങളില്‍ നിന്നും സഹായികളില്‍ നിന്നും മനോവിഷമത്തിനിടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ധനവരവും ഭൃത്യന്മാരും ഗൃഹോപകരണങ്ങളും നാല്‍ക്കാലി ലാഭവും ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം വിളയാടും. ഭീരുക്കള്‍ പോലും ധൈര്യം പ്രകടിപ്പിക്കും. ബിസ്സിനെസ്സ് രംഗത്ത് മന്ദഗതി അനുഭവപ്പെടും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടത്തും.
കാര്യങ്ങള്‍ കൂടുതല്‍ ഗുണപ്രദമാകുന്നതിനായി ഗ്രഹേശ്വര പൂജകളും ദാനധര്‍മ്മാദികളും നടത്തുക. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തെണ്ടത്തിലെയ്ക്കായി വിദ്യാരാജഗോപാലമന്ത്രം. മേധാസൂക്തം എന്നിവ ജപിക്കുക.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വൃശ്ചികക്കൂര്‍ (വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട)
ഒക്ടോബര്‍ വരെ വ്യാഴം പന്ത്രണ്ടിലും ശേഷം ഒരു വര്‍ഷക്കാലം ജന്മത്തിലും സഞ്ചരിക്കുന്ന കാലം. ശനി ധനസ്ഥാനത്തും രാഹു ഭാഗ്യസ്ഥാനത്തും പിന്നീട് അഷ്ടമത്തിലും സഞ്ചരിക്കുന്നു. ശരീരബലക്ഷയവും കഷ്ടപ്പെട്ടു സമാഹരിക്കുന്ന ധനം പോലും നഷ്ടപ്പെട്ടുപോകും. പല വിപരീതാനുഭവങ്ങളും വന്നു ചേരും. ബുദ്ധിക്കും ധനത്തിനും നാശം, സ്ഥാനഭ്രംശം, കലഹം എന്നിവയാല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലമായിരിക്കും. പലതരത്തിലുള്ള പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടി വരും. സാമ്പത്തികശ്രോതസ്സുകല്‍ മന്ദഗതിയിലാകും. ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. സംഘടനാപ്രാതിന്നിധ്യങ്ങള്‍ കൈവിട്ടു പോകുവാനും ഇടയാകും. മരാമത്തുപണികളില്‍ ഏര്‍പ്പെട്ടാല്‍ വിജയിക്കും. പിതൃതുല്യരായവരുടെ വേര്‍പാടു മൂലം ദുഖിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്കും വിദേശയാത്രയ്ക്കും അനുകൂലമായ അവസരങ്ങള്‍ വന്നു ചേരും.
വിഷ്ണുപ്രീതിയും ശനിപ്രീതിയും വരുത്തുക. ഏഴരശനിക്കാലമായതിനാല്‍ ശനിയുടെയും ശാസ്താവിന്‍റെയും നാമങ്ങള്‍ ജപിക്കുക. ശനിവ്രതം എടുക്കുക.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ധനുകൂര്‍ (മൂലം പൂരാടം ഉത്രാടം കാല്‍)
ഒക്ടോബര്‍ വരെ വ്യാഴം പതിനൊന്നിലും ശേഷം ഒരു വര്‍ഷക്കാലം പന്ത്രണ്ടിലും ശനി ജന്മത്തിലും രാഹു അഷ്ടമത്തിലും പിന്നീട് ഏഴിലും സ്ഥിതി ചെയ്യുന്ന കാലമായതിനാല്‍ ദീര്‍ഘകാലമായി മാറിനില്‍ക്കുന്ന ശത്രുക്കളുടെ ഉപദ്രവങ്ങള്‍ സഹിക്കേണ്ടാതായി വരും. തൊടുന്നതിലൊക്കെ വിപരീതഫലങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ വളരെസൂക്ഷിച്ചു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതായുണ്ട്. അഗ്നി കൊണ്ടും വിഷം കൊണ്ടും ഉപദ്രവം, സ്വജനങ്ങളുടെ വേര്‍പാട്, ബന്ധനം, മരണാദിദുഃഖങ്ങള്‍, ചിലപ്പോള്‍ വീട് വിട്ടുപോകേണ്ട അവസ്ഥ എന്നിവ വന്നു ചേരാം.
ഉദ്യോഗാവശ്യത്തിനായി കൊടുത്തിരിക്കുന്ന ധനം തിരിച്ചുകിട്ടുവാന്‍ വിഷമമാണ്. യാത്രാക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യസ്ഥിതി പ്രതികൂലമാകും. തൊഴില്‍രംഗത്ത് മാറ്റങ്ങളും ശിഷാനടപടിയും അഭിമുഖികരിക്കേണ്ടിവരും. സാമ്പത്തിക ഇടപാടുകള്‍ക്ക് മദ്ധ്യസ്ഥത വഹിച്ചാല്‍ ഭൂമിനഷ്ടം ഉണ്ടാകുംരാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തിയും ശനിവ്രതമെടുത്തും വിഷ്ണുവിനും ശാസ്താവിനും ജപദാന ഹോമാദി പൂജകള്‍ ചെയ്‌താല്‍ ദോഷകാഠിന്യം കുറയ്ക്കാം. ഏഴര ശനിയില്‍ ജന്മശനിക്കാലം കഷ്ടതരമായിക്കും.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


മകരക്കൂര്‍ ( ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
വ്യാഴം പത്തിലും ശേഷം ഒരു വര്‍ഷക്കാലം പതിനൊന്നിലും ശനി പന്ത്രണ്ടിലും രാഹു ഏഴിലും ആറിലും സഞ്ചരിക്കുന്ന കാലമാകായാല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തികരിക്കുന്നതില്‍ മന്ദഗതിയുണ്ടാകും. ഏഴരശനിയുടെ ആരംഭകാലമാണ്. എങ്കിലും ഒക്ടോബറിനു ശേഷം വ്യാഴം ലാഭസ്ഥാനത്ത് സര്‍വ്വാഭീഷ്ടനായി വരുന്നതിനാല്‍ അക്കാലം പൊതുവേ ഗുണകരമായിരിക്കും. സ്ഥാനലാഭം, ആരോഗ്യം, ധനസമൃദ്ധി എന്നീ ഫലങ്ങളുണ്ടാകും. പന്ത്രണ്ടിലെ ശനി ദുഃഖം തരും. അപ്രതീക്ഷതമായി ആരോഗ്യപ്രശ്നമുണ്ടാകും. യുവാക്കള്‍ക്ക് പ്രതീക്ഷക്കൊത്ത് ജോലിയും ജീവിതമാര്‍ഗ്ഗവും വിവാഹയോഗവും വന്നുചേരും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് പദവികല്‍ നഷ്ടമാകാനും ക്ലേശകരമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുവാനും സാദ്ധ്യതയുണ്ട്. അധികച്ചിലവും സഞ്ചാരക്ലേശവും ഉണ്ടാകും.
ശനിപ്രീതിയ്ക്കായി ശനിയാഴ്ച വ്രതം ശബരിമല ദര്‍ശനം എന്നിവയും ശനിസ്ത്രോത്രജപവും നടത്തുക.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കുംഭക്കൂര്‍ ( അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി)
ഒക്ടോബര്‍ വരെ വ്യാഴം ഭാഗ്യസ്ഥനത്തും ശേഷം കര്‍മ്മസ്ഥാനത്തും സഞ്ചരിക്കുന്നു. ശനി പതിനൊന്നിലും രാഹു ആറിലും പിന്നീട് അഞ്ചിലും സഞ്ചരിക്കുന്ന കാലം. ഈ വര്‍ഷം പൊതുവേ ഗുണപ്രദമാണ്. കര്‍മ്മഗുണം, സന്താനഗുണം എന്നിവയുണ്ടാകും. ഉദ്യോഗത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ദൂരെ ദിക്കിലേക്ക് സ്ഥലംമാറ്റം വന്നു ചേരാം. പ്രതാപം, സ്ത്രീലാഭം, അര്‍ത്ഥലാഭം നഷ്ടപ്പെട്ടു എന്ന് ധരിച്ചിരുന്ന ധനം തിരിച്ചു കിട്ടും. ജീവിതമാര്‍ഗ്ഗത്തിലും വിവാഹത്തിലും തീരുമാനമാകും. വിനോദ സഞ്ചാരത്തിനും തീര്‍ത്ഥയാത്രയ്ക്കും വഴിയൊരുങ്ങും.
വ്യാഴപ്രീതിയും ശനിപ്രീതിയും വരുത്തുന്നതായാല്‍ ഗുണഫലം ഏറിയിരിക്കും.
ഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


മീനക്കൂര്‍ (പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി)
വ്യാഴം അഷ്ടമത്തിലും പിന്നീട് ഭാഗ്യസ്ഥാനത്തും ശനി കര്‍മ്മത്തിലും രാഹു അഞ്ചിലും നാലിലുംസഞ്ചരിക്കുന്ന കാലമാകയാല്‍ ഈ വര്‍ഷം ആരോഗ്യപ്രശ്നങ്ങളും ഔദ്യോഗിക പ്രശ്നങ്ങളും വന്നു ചേരും. ഒക്ടോബറിനു ശേഷം കഷ്ടകാലം കുറയും. സന്താനം. നൈപുണ്യം. ഉദ്യോഗലബ്ദി, ധനം എന്നീ ഗുണങ്ങള്‍ വന്നു ചേരും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് ഫലപ്രാപ്തിയുണ്ടാകും. സ്ത്രീകള്‍ ഗ്രന്ഥി രോഗങ്ങളും കാന്‍സര്‍ മുതലായ രോഗങ്ങളും കൊണ്ട് കഷ്ടപ്പെടും. ജലമാര്‍ഗ്ഗം യാത്രചെയ്യും. വിദേശ സഞ്ചാരം വഴി ജീവിതമാര്‍ഗ്ഗം കണ്ടെത്തി ജോലിസ്ഥിരത ഉറപ്പിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടന്നു കിട്ടും.ശാരിരിക പ്രയാസങ്ങള്‍ മാറുന്നതിനായി ശിവധ്യാനവും ശനിപ്രീതിയും വരുത്തുക. ഒക്ടോബര്‍ വരെ ശ്രദ്ധിച്ചു വാഹനമോടിക്കുക.
ഗ്രഹങ്ങള്‍ ദുസ്ഥരായി നില്‍ക്കുന്ന കാലത്ത് വ്യാഴത്തിനു മഞ്ഞപ്പട്ട്, മഞ്ഞനിറത്തിലുള്ള പൂക്കള്‍ ഇവകൊണ്ടു പൂജാദികള്‍ ചെയ്യുക, ദാനം നല്‍കുക. ശനിക്ക്‌ നീല പുഷ്പങ്ങള്‍, എള്ള്, കാരിരുമ്പ് എന്നിവ കൊണ്ട് ആരാധനയും ദാനവും നടത്തുക. കറുത്ത വസ്ത്രം ധരിക്കുകഒരു വര്‍ഷത്തെ നിങ്ങളുടെ വിശദമായ ജാതകഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Vijaya Menon

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

 
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories