മഹാഭാഗവതം ചതുര്‍ത്ഥ സ്‌കന്ദം (തുടര്‍ച്ച )
ദക്ഷ യജ്ഞ വിധ്വംസനം
പിതാവിന്റെ് അവഗണനയിലും, പതിവാക്കു നിരസിക്കേണ്ടി വന്നതിലുമുള്ള ദുഃഖം സതീദേവിയെ തളര്ത്തി . ദേവി യോഗാഗ്‌നി അവലംബിച്ച് സ്വന്തം ദേഹം വെടിഞ്ഞു . യാഗശാല നശിപ്പിക്കാന്‍ ഉഗ്രകോപത്തോടെ പാഞ്ഞടുത്ത ശിവപാര്‍ഷ്വദന്മാരെ, യാഗാഗ്‌നിയില്‍ നിന്നുണര്‍ന്ന ഋഭുക്കുകള്‍ വിരട്ടിയോടിച്ച വാര്‍ത്തകള്‍ നാരദ മഹര്‍ഷി ശിവനെ അറിയിച്ചു.
ശിവന്‍ അത്യധികം കോപിഷ്ടനായി, അട്ടഹസിച്ചുകൊണ്ട് തന്‍റെ ജടാഭാരത്തെ നിലത്തടിച്ച നിമിഷം, അതില്‍ നിന്ന് ഘോര രൂപിയായ, ആകാശം മുട്ടെ വളര്‍ന്നു, കപാലധാരിയും, ഉഗ്രദംഷ്ട്രങ്ങളോട് കൂടിയവനുമായ വീരഭദ്രന്‍ അലമുറയിട്ട് പ്രത്യക്ഷ പ്പെട്ടു. വീര ഭദ്രന്‍ വിനയാന്വിതനായി ശിവനോട് ചോദിച്ചു. 'ഞാന്‍ എന്താണ് ചെയ്യേണ്ടത്? കല്പിിച്ചരുളിയാലും!' ശിവന്‍ പറഞ്ഞു 'എന്‍റെ അംശ ജാതനായ നീ , എന്‍റെ ദുഃഖ നിവര്‍ത്തി വരുത്തുക.'നീ ദക്ഷനെയും, അവന്റെ യജ്ഞത്തേയും നശിപ്പിക്കുക'
വീരഭദ്രന്‍ ശിവനെ പ്രദിക്ഷണം ചെയ്ത്, അനുഗ്രഹം വാങ്ങി, തൃശൂലധാരിയായി ദക്ഷ യജ്ഞ ശാലയിലേക്ക് പാഞ്ഞു. പിന്നാലെ ശിവ ഭൂത ഗണങ്ങളും. വീര ഭദ്രന്‍റെ , കാല്‍ചിലമ്പിന്‍റെ ഒച്ചയും, ശിവ ഭുതങ്ങളുടെ അട്ടഹാസവും അന്തരീക്ഷം വിറപ്പിച്ചു . ഉയര്‍ന്നു പൊങ്ങിയ പൊടിപടലങ്ങള്‍ പ്രളയ ഭീതി ഉണര്‍ത്തിയ അവരേവരും കാരണം അറിയാതെ പരസ്പരം നോക്കി.
ഈ സമയം പ്രസൂതി മുതലായ സ്ത്രീ ജനങ്ങള്‍ ഈ വിധം വിലപിച്ചു. 'സ്വന്തം പുത്രിയുടെ ദേഹ വിയോഗം, പ്രജാപതിയുടെ യജ്ഞത്തിനു തടസ്സമായില്ല, എന്നാല്‍ ഒന്നോര്ക്കുരക അവള്‍ പരമശിവന്റെത പ്രേയസി ആയിരുന്നു അര്ദ്ധാംഗിനി! അദ്ദേഹം വിവരമറിഞ്ഞു കാണും, ശിവ കോപത്തിന്‍റെ ദുര്‍ന്നിമിത്തങ്ങള്‍ ആണീ കാണുന്നത് '
ആ സമയത്ത്, വീര ഭദ്രനും, ശിവഭൂത ഗണങ്ങളും യജ്ഞ ശാലയില്‍ എത്തി, ശാല തകര്‍ത്തു തുടങ്ങി. സദസ്യരും ഋതിക്കുകളും ഭയപ്പെട്ടോടി. കുപിതരായി സംഹാര ക്രിയ നടത്തുന്നതിനിടയില്‍, ചില ഭൂത ഗണങ്ങള്‍, യാഗാഗ്‌നി മൂത്രമൊഴിച്ചു കെടുത്തി. ഈ സമയത്തിനിടെ വീര ഭദ്രന്‍, ദക്ഷനെയും, മണി മാന്‍ എന്ന രുദ്ര പാര്‍ഷ്വദന്‍, മുഖ്യ പുരോഹിതനായ ഭ്രുഗുവിനെയും, നന്ദി, ഭഗനെയും ചന്ടീശന്‍ പൂഷാവിനെയും പിടിച്ചു കെട്ടി. ശിവനിന്ദ ചെയ്ത ദക്ഷനെ അഭിനന്ദിച്ച ഭ്രുഗുവിന്‍റെ താടി രോമങ്ങള്‍ വീര ഭദ്രന്‍ പിഴുതെടുത്തു. ഭഗന്‍റെ നേത്രങ്ങള്‍ നന്ദി ചൂഴ്‌ന്നെടുത്തു. ആ സമയം പുഞ്ചിരിച്ച പൂഷാവിന്‍റെ പല്ലുകള്‍ തല്ലി കൊഴിച്ചു. വീര ഭദ്രന്‍ ദക്ഷന്‍റെ മാറില്‍ ചവിട്ടി, മൂര്‍ച്ചയേറിയ അസ്ത്രം കൊണ്ട് ദക്ഷന്‍റെ ശിരസ്സ് വേര്‍പ്പെടുത്തുവാന്‍ ശ്രമിച്ചു.തന്‍റെ പരിശ്രമം പരാജയ പെട്ടപ്പോള്‍ അതിന്‍റെ കാരണമെന്തന്നു അദ്ദേഹം ചിന്തിച്ചു. യജ്ഞത്തില്‍, യജ്ഞ പശുവായ ദക്ഷന്‍റെ ശിരസ്സ് വേര്‌പെടുത്തേണ്ടത് സംജ്ഞാപനമെന്ന ക്രിയയിലൂടെ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി.
അനന്തരം വീരഭദ്രന്‍ ദക്ഷനെ യജ്ഞപശുവായി സങ്കല്‍പിച്ച് സംജ്ഞാപനമെന്ന ക്രിയയിലൂടെ ശിരസ്സ് വേര്‍പെടുത്തി, ദക്ഷിണാഗ്‌നിയില്‍ ഹോമിച്ച് മടങ്ങി .മൈത്രേയ മഹര്‍ഷി ആഖ്യാനം തുടര്‍ന്നു, 'ശിവ ഭൂതഗണങ്ങളിലൂടെ ആയുധങ്ങളെറ്റു ദേഹം മുഴുവന്‍ മുറിപ്പെട്ട ദേവാദികള്‍ ബ്രഹ്മദേവനെ ശരണം പ്രാപിച്ച് നടന്നതെല്ലാം വിസ്തരിച്ചു.
ദക്ഷന്‍റെയജ്ഞത്തില്‍ അനിഷ്ടമായത് ചിലതെല്ലാം സംഭവിക്കുമെന്ന് മുന്കൂുട്ടി അറിഞ്ഞിരുന്ന ബ്രഹ്മാവും, വിഷ്ണുവും യാഗത്തില്‍ പങ്കെടുത്തിരുന്നില്ല. ദേവകളുടെ അപേക്ഷ മാനിച്ച് ബ്രഹ്മദേവന്‍ അവരോട് പറഞ്ഞു 'ദക്ഷന്‍ കടുത്ത അപരാധമാണ് ശിവനോട് കാട്ടിയത്. അതിന്‍റെ ശിക്ഷയും അയാള്‍ ഏറ്റുവാങ്ങി. നിങ്ങള്‍ക്ക് വന്നു ഭവിച്ച ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ശിവ പ്രീതി വരുത്തുക മാത്രമേ ഇനി പോം വഴിയുള്ളൂ.
നമ്മുടെ പ്രാര്‍ത്ഥനയില്‍ ക്ഷിപ്ര പ്രസാദിയായ അദ്ദേഹം പ്രസന്നനാകും. യജ്ഞ ഭാഗത്തിന്‍റെ പൂര്‍ണ്ണാധികാരിയായ ശിവന് അത് നിഷിക്കുക വഴി ദക്ഷന്‍ ആപത്ത് ക്ഷണിച്ചു വരുത്തി. ശിവകോപത്തിന്‍റെ പരിണിത ഫലം ഭയാനകമായിരിക്കും, സര്‍വനാശം വരും മുന്‍പ് നമുക്ക് കൈലാസതിലെത്തി അദ്ദേഹത്തെ വണങ്ങാം.
അവര്‍ ഒരുമിച്ച് കൈലാസത്തിലേക്ക് യാത്ര തിരിച്ചു. സ്വര്‍ലോക ഗംഗയുടെ തീരത്തായി, മഞ്ഞിനാല്‍ ചുറ്റപെട്ട കൈലാസം അവര്‍ കണ്ടെത്തി. അതിന്‍റെ ഒരരികിലൂടെ അളകനന്ദ ഒഴുകുന്നു. ദേവസ്ത്രീകള്‍ സംഭോഗ ക്ഷീണം തീര്‍ക്കുവാന്‍ ഈ നദിയില്‍ കുളിച്ചുവരുന്നു . അളകാപുരിയോടു ചേര്‍ന്ന് ബഹിര്‍ഭാഗതായി അളകനന്ദ രണ്ടു കൈവഴി ആയി ഒഴുകുന്നു, ഒന്ന് അളകനന്ദയും, മറ്റൊന്ന് നന്ദയും . മുന്നോട്ടുള്ള തിരച്ചിലില്‍ അവര്‍ ഒരരയാല്‍ ചുവട്ടില്‍ യോഗനിദ്രയില്‍ ഇരിക്കുന്ന ശിവനെ കണ്ടു. രൌദ്രമായ ആ മുഖത്തേക്ക് നോക്കാന്‍ അവര്‍ ഭയപ്പെട്ടു. അവര്‍ ആ ജഗത്ത് പ്രഭുവിന്‍റെ പാദങ്ങളില്‍ കുമ്പിട്ടു. സ്തുതി ഗീതങ്ങളാല്‍ യോഗനിദ്രയില്‍ നിന്നുണര്‍ത്തപ്പെട്ട ഭഗവാന്‍, ജഗത് പിതാവായ ബ്രഹ്മാവിനെ പ്രണമിച്ചു.
ബ്രഹ്മാവ് ഇങ്ങനെ ഉണര്‍ത്തിച്ചു
'ജാനേ ത്വാമീശം വിശ്വസ്യ ജഗതോ യോനി ബീജയോ
ശക്തേ:ശിവസ്യ ച പരം യത്തദ് ബ്രന്മ നിരന്തരം ' (ഭാഗവതം )
ഈ വിശ്വത്തിന്റെ മുഴുവന്‍ യോനി ബീജമായി വര്‍ത്തിക്കുന്ന ശക്തിക്കും ശിവനും കാരണഭൂതനായ സനാതന സ്വരൂപമാണ് അങ്ങ്, ശിവശക്തിയുടെ സംഭൂത സ്വരൂപമായ അങ്ങ്, എട്ടുകാലിയെ പോലെ സകലതിനെയും തന്‍റെ നിയന്ത്രണത്തിലാക്കി സംരക്ഷിക്കുകയും, കോപത്താല്‍ സംഹ രിക്കുകയും ചെയ്യുന്നു . ധര്‍മ്മ രക്ഷക്കായി ദക്ഷനാല്‍ നടത്തപ്പെട്ട ഈ മഹത്തായ യജ്ഞ ത്തിന്റെി കാരണവും അങ്ങുതന്നെ. സകലച്ചരാചരങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ജ്യോതി സ്വരൂപമേ അങ്ങേക്കായി നമസ്‌ക്കാരം! അഹങ്കാരിയായ ദക്ഷനെ അങ്ങ് ശിക്ഷിച്ചത് ഉചിതം തന്നെ. എന്നാല്‍ അങ്ങ് കാരണമായ ഈ യജ്ഞം പരിസമാപ്തിയിലേക്ക് എത്തിക്കേണ്ടത് ലോകഹിത കാരിയായ അങ്ങയുടെ കടമയായി കാണണം. അങ്ങ് യജ്ഞ പൂര്ത്തീ കരണതിനായി ദക്ഷനെ പുനര്‍ജനിപ്പിച്ചാലും. അവിടുത്തെ കൃപയാല്‍ ഭൃഗു വിന് താടിരോമങ്ങളും, പൂഷാവിനു ദന്തങ്ങളും, ഭഗന് കണ്ണുകളും ലഭിക്കാന്‍ കനിയണം. ശിവ പാര്‍ഷ്വദന്മാരുടെ ആയുധമേറ്റ് മുറിപ്പെട്ട ഏവര്ക്കും അങ്ങ് സൌഖ്യം പ്രദാനം ചെയ്താലും. ഹവിര്ഭാഗത്തില്‍ അങ്ങ് പൂര്‍ണ്ണ അവകാശിയായിരിക്കും. പിഴവുകള്‍ പൊറുത്ത് യജ്ഞം പൂര്‍ത്തിയാക്കാന്‍ കനിഞ്ഞാലും'.
ബ്രഹ്മദേവന്‍റെ അഭ്യര്‍ത്ഥനക്ക് മറുപടിയായി ശ്രീ ശിവന്‍ പറഞ്ഞു 'അല്ലയോ ബ്രഹ്മദേവാ! മായമോഹിതരായവരുടെ പ്രവര്‍ത്തിയെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. എന്നാല്‍ തെറ്റിന് ഉചിത ശിക്ഷ തന്നെ വിധിക്കും, അതാണ് പ്രാജപതിയുടെ കാര്യത്തിലും നടന്നത്. അതിനാല്‍ ഒരിക്കല്‍, നന്ദീ ശ്വരന്‍ ചെയ്ത ശാപം വിഫലമാകാത്ത വിധം ദക്ഷന്‍ 'അജമുഖനായി ' പുനര്ജ്ജ നിക്കട്ടെ. അതുപോലെ ഭഗന്‍ മിത്ര ദേവന്‍റെ നേത്രങ്ങളിലുടെ ഹവിര്ഭാഗം ദര്ശിിക്കട്ടെ. പുഷാവ് യജമാനന്‍റെ പല്ലുകള്‍ കൊണ്ട് ചര്‍വണം ചെയ്യട്ടെ. ഭൃഗു ആടിന്റെ് താടി രോമത്തോട് കൂടിയവനാകട്ടെ. എനിക്ക് യജ്ഞഭാഗം നല്കാന്‍ തല്‍പരരായ ദേവന്മാര്‍ക്ക് സൌഖ്യം ഉണ്ടാകട്ടെ. അധര്യു വും മറ്റു ഋത്വിക്കുകളും പുഷാവിന്‍റെയും, അശ്വനീ ദേവന്മാരുടെയും ബാഹുക്കളാല്‍ കല്പിക്കപ്പെട്ടു കര്‍മ്മം ചെയ്യട്ടെ.
മൈത്രേയ മഹര്ഷി വിദുരരൊട് തുടര്ന്നു 'ഭഗവാന്‍റെ വാക്കുകള്‍ കേട്ട് സന്തുഷ്ടരായ അവര്‍, ശിവനോടുകൂടി യജ്ഞ ശാലയിലെത്തി. യജ്ഞം പൂര്ത്തീ കരിക്കുകയും, യജ്ഞ പശുവായ ആടിന്‍റെ ശിരസ്സ് ദക്ഷ ശരീരത്തോട് ചേര്‍ത്തു വെച്ചു . അതിനുശേഷം ശിവന്‍ ഏറെ കൃപയോടെ ദക്ഷനെ നോക്കി. ഉടന്‍ നിദ്രവിട്ടെന്നവണ്ണം ദക്ഷന്‍ എഴുന്നേറ്റു. മനോമാലിന്യ മുക്തനായ അദ്ദേഹം അശ്രു പൂര്‍ണ്ണ നേത്രങ്ങളോടെ ശിവനെ സ്തുതിച്ചു .
'ഭുയാനനുഗ്രഹ അഹോ ഭവതാ കൃതോ മേ
ദണ്ട സ്തയാ മയി ധൃതോ യദപി പ്രലബ്ധാ :
ന ബ്രന്മ ബന്ധുഷു ച വാം ഭഗവന്നവജ്ഞാം
തുഭ്യം ഹരേച്ച കൃത ഏവ ധ്രുതവ്രുതെഷു '
അല്ലയോ പരമേശ്വരാ! ഞാന്‍ നിന്തിരുവടിയെ അപമാനിച്ചുവെങ്കിലും, നിന്തിരുവടി എനിക്ക് വലുതായ അനുഗ്രഹമാണ് നല്കിപയത്. എന്നെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണ്, അവിടുന്ന് എന്നെ ശിക്ഷിച്ചതെന്ന് അറിയുന്നു. അങ്ങയുടെ ആത്മ തത്വത്തെ അറിയാത്ത ഞാന്‍ ഞാന്‍ അങ്ങയെ നിന്ദിച്ചെങ്കിലും, അങ്ങ് എന്നില്‍ കാരുണ്യ വര്‍ഷം ചൊരിഞ്ഞു. എനിക്ക് എന്നു മെന്നും അങ്ങയില്‍ പരമ ഭക്തി ഉണ്ടാകാന്‍ അനുഗ്രഹിക്കണമേ !
മൈത്രേയ മഹര്‍ഷി പറഞ്ഞു ,'ഇപ്രകാരം ചിത്ത ശുദ്ധി വന്ന ദക്ഷന്‍, ശിവകാരുണ്യ ത്താല്‍ യജ്ഞം പൂര്ത്തീ കരിച്ചു. പുരോഹിതന്മാര്‍ മൂന്നു യജ്ഞ പാത്രങ്ങളില്‍ പുരൊഡാംശം ഹോമിച്ചു. അധ്വ ര്യുവും, യജമാനനും ഹവിസ്സ് ഹോമിച്ചപ്പോള്‍, ഭഗവാന്‍ വിഷ്ണു സ്വയം പ്രത്യക്ഷനായി ഹവിര്ഭാഗം സ്വീകരിച്ചു .ഭഗവാന്‍റെ മംഗള ദൃശ്യതാല്‍ സകലരും സന്തോഷിച്ചു. തൃലോക്യ സുഖത്തെ പ്രദാനം ചെയ്യുന്ന വിഷ്ണുവിന്‍റെ ദര്‍ശനത്താല്‍ പുളകിതരായ അവര്‍ ഭഗവാനെ വാഴ്ത്തി സ്തുതിക്കുവാന്‍ തുടങ്ങി. ദക്ഷന്‍ ഇങ്ങനെ സ്തുതിച്ചു, നിത്യ സ്വതന്ത്രനും, മായയില്‍നിന്നെല്ലാം മുക്തനായി സ്വരൂപാവസ്ഥയില്‍ വര്തിക്കുന്നവനായ നിന്തിരുവടി, ജഗ്രദ്യാവസ്തകളെ ഏല്ലാം അതിക്രമിച്ചിരിക്കുന്നവനും ഏകനും, ശുദ്ധ ചൈതന്യ സ്വരൂപനും നിര്‍ഭയനുമാകുന്നു. എന്നാല്‍ നിന്തിരുവടി മായയെ ആശ്രയിച്ചു രാഗാദി ഭാവങ്ങളോടു കൂടിയവനെ പോലെ വര്‍ത്തിക്കുന്നു .
ഋതിക്കുകള്‍ ഇപ്രകാരം സ്തുതിച്ചു, അല്ലയോ ഭഗവാനെ! നന്ദീശ്വരന്‍റെ ശാപം മൂലം, കര്‍മ്മത്തില്‍ മാത്രം ആസക്തരായ ഞങ്ങള്‍ നിന്തിരുവടിയുടെ തത്ത്വമെന്തന്നു അറിയുന്നില്ല. വേദപ്രതിപാദിതമായ യജ്ഞസ്വരൂപിയായ അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു.
രുദ്രന്‍, വിഷ്ണുവിനെ ഇപ്രകാരം സ്തുതിച്ചു, അല്ലയോ വരദായകനായ ഭഗവാനെ! അനാസക്തരായ മുനികള്‍ പോലും ആദരവോടെ പൂജിക്കുന്ന, സര്‍വാര്ത്ഥന പ്രദവുമായ നിന്തിരുവടിയുടെ പാദകമലങ്ങളില്‍ മനസ്സുറപ്പിച്ച എന്നെ അജ്ഞാനികള്‍ ആചാര ഭ്രഷ്ടനെന്നു നിന്ദിച്ചാല്‍ പോലും, അങ്ങയുടെ അനുഗ്രഹം നിമിത്തം ഞാന്‍ അതൊന്നും ഗൌനിക്കുന്നില്ല.
ഭൃഗു ഇങ്ങനെ സ്തുതിച്ചു, അല്ലയോ ഭഗവാനെ! നിന്തിരുവടിയുടെ മായയാല്‍ ബദ്ധരായ ബ്രഹ്മാവുള്‍പ്പെടെ സര്‍വ്വരും അജ്ഞാനാന്ധകാരത്തില്‍ പെട്ടുഴലുമ്പോള്‍, അങ്ങ് എല്ലാവരിലും ചൈതന്യമായി വര്‍ത്തിക്കുന്നു. അങ്ങയുടെ തൃകടാക്ഷം എന്നും ഞങ്ങളില്‍ പതിയാന്‍ അനുഗ്രഹിക്കണം. ബ്രഹ്മാവിന്‍റെ സ്തുതി ഭഗവാനെ! അങ്ങ് ഇന്ദ്രിയ വിഷയങ്ങള്‍ക്ക് അതീതനും, മായയെ ജയിച്ചവനും ആണ്. ജ്ഞാനം, അര്‍ഥം, ഗുണം ഇവയുടെ ആശ്രയ സ്ഥാനമായി വര്‍ത്തിക്കുന്നതും അങ്ങു തന്നെ.
ഇന്ദ്ര സ്തുതി : അല്ലയോ അച്യുതാ! ലോകത്തെ അനുഗ്രഹിക്കാന്‍ ഉതകുന്നതും, ദേവ ശത്രുക്കളായ അസുരന്മാരെ നിഗ്രഹിച്ച് ലോകനന്മ വരുത്തുവാന്‍ ഉതകുന്ന ദിവ്യായുധങ്ങല്‍ എട്ടു തൃകൈകളിലും ഏന്തിയ അങ്ങയുടെ ചാരു രൂപം എന്നും കണ്ണിനു പരമാനന്ദം വരുത്തട്ടെ.
അഗ്‌നി സ്തുതി : യാതോരുവന്‍റെ. തേജസ്സുകൊണ്ട് , വര്‍ദ്ധിച്ച തേജസ്സോടു കൂടിയവനായ ഞാന്‍, യാഗത്തില്‍ അര്ച്ചിിക്കുന്ന ഹവിസ്സ് അതാതു ദേവന്മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നുവോ യജ്ഞ രക്ഷകനും, അഞ്ചു വിധം യജ്ഞങ്ങളില്‍ അഞ്ചു മന്ത്രങ്ങളാല്‍ യജിക്കപെടുന്നവനും, യജ്ഞ സ്വ രൂപിയുമായ നിന്തിരുവടിക്കായി കൊണ്ട് നമസ്‌കാരം.
പിന്നീട് ദേവ, ഗന്ധര്‍വ്വ, സിദ്ധ, വിദ്യാധരന്മാരാലും സ്തുതിക്കപ്പെട്ട വിഷ്ണു ഇങ്ങനെ അനുഗ്രഹിച്ചു. മൈത്രേയ മഹര്‍ഷി വിദുരരൊടായി പറഞ്ഞു, 'ദേവകളുടെ സ്തുതികളില്‍ പ്രസന്നനായ ഭഗവാന്‍ അവരെയെല്ലാം അനുഗ്രഹിച്ചു. അനന്തരം യജ്ഞത്തിന്റെ യജമാനനായ ദക്ഷനോടായി പറഞ്ഞു.
അഹം ബ്രന്മാ ച ശര്‍വച്ച ജഗത : കാരണം പരം
ആത്മേ ശ്വര : ഉപദ്രഷ്ടാ :സ്വയം ദൃഗ വിശേഷണാ :
ആത്മായാം സമാവിശ്യ സൊ അഹം ഗുണമയീം ദ്വിജ :
സൃജന്‍, രക്ഷന്‍, ഹരന്‍ ദഗ്‌ത്രെ സംജ്ഞാം ക്രിയോചിതാം
ബ്രഹ്മാവ്, രുദ്രന്‍ തുടങ്ങിയവരെല്ലാം സ്വയം പ്രകാശിക്കുന്നവനും പരമാത്മാവും, സര്‍വസാക്ഷിയും വിശ്വകാരണ നും, നിര്‍വ്വികാരനുമായ ഞാന്‍ തന്നെയെന്നു അറിയുക. ത്രിഗുണാ ത്മകമായ എന്‍റെ മായയെ ആശ്രയിച്ച് ഞാന്‍ പല നാമരൂപാദികള്‍ പൂണ്ട് വിശ്വത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരകര്‍മ്മങ്ങള്‍ ചെയ്യുന്നു. ത്രിമൂര്‍ത്തി കളായ ഞങ്ങളെ അഭേദ ബുദ്ധിയോടെ ദര്‍ശിക്കുന്നവര്‍ പരമമായ ശാന്തിയെ പ്രാപിക്കുന്നു.
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com