ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

സോമ ശുക്രാദി വർണ്ണനം


പരീക്ഷിത്ത് ശുക ബ്രഹ്മർഷിയോട് ചോദിച്ചു 'മേരുവിനെയും ധ്രുവമണ്ഡലത്തെയും പ്രദിക്ഷണം ചെയ്യുന്ന സൂര്യന്‍റെ സഞ്ചാരം അപ്രദിക്ഷിണ മാകുന്നതെങ്ങനെയെന്ന്വിസ്തരിച്ചാലും. കുലാല ചക്രത്തിലിരിക്കുന്ന ഉറുമ്പു മുതലായവ ചക്രത്തോടൊപ്പം തിരിയുന്നതോടൊപ്പം എതിർ ദിശയിലും കറങ്ങുന്നു. നക്ഷത്രങ്ങളോടൊപ്പം കാലചക്രത്തിലൂടെ ആദിത്യൻ ചുറ്റിത്തിരിയുമ്പോൾ ആ വലയത്തിനകത്തു പെട്ടവർക്ക്, ധ്രുവ മണ്ഡലം മേരു മുതലായവയിലൂടെ ഉള്ള സൂര്യ സഞ്ചാരം അപ്രദിക്ഷണമായി തോന്നുന്നു.ആദി പുരുഷനായ സാക്ഷാൽ നാരായണൻ തന്നെയാണ് ആദിത്യൻ. ഭഗവാൻ വേദോക്തങ്ങളിലൂടെ തന്‍റെ ആത്മസ്വരൂപത്തെ പന്ത്ര ണ്ടായി വിഭജിച്ച് വസന്തം മുതലായ ആറുഋതുക്കളിലൂടെ ജീവരാശികളുടെ കർമ്മ ഭോഗാനുസൃതമായ ഋതുഗുണങ്ങളെ അനുഭവേദ്യമാക്കുന്നു. ചന്ദ്രനെ സംബന്ധിച്ച് രണ്ടു പക്ഷങ്ങൾ ചേർന്നതാണ് ഒരു മാസം. ഇത്പിതൃക്കളുടെ ഒരു ദിവസമായി കണക്കാക്കപ്പെടുന്നു. സൂര്യനെ സംബന്ധിച്ച് രണ്ടേകാൽ നക്ഷത്രങ്ങൾ ചേർന്നതാണ് ഒരുമാസം. സൂര്യ സംവത്സരത്തിന്‍റെ ആറിലൊന്നു കടന്നുപോകുന്നതാണ് ഒരു ഋതു. സൂര്യൻആകാശവീഥിയിലൂടെ പകുതി സഞ്ചരിക്കുന്നതിനെടുക്കുന്ന കാലമാണ് ഒരു അയനം. ഭൂമിയുടെയും ദ്യോവിന്‍റെയും മദ്ധ്യത്തിലുള്ളആകാശവീഥിയിലൂടെ സൂര്യൻ ഒരു തവണ സഞ്ചരിച്ചു വരുന്നതിനെ സംവത്സരമെന്നു പറയുന്നു. മന്ദ ശീഘ്ര സമാന ഗതി ഭേദങ്ങൾ ഈ കാലഘട്ടത്തെ സംവത്സരം,പരിവത്സരം, ഇഡാ വത്സരം, അനുവത്സരം, വത്സരം എന്നിങ്ങനെ അഞ്ചായി പറയുന്നു.

സൂര്യനില്‍ നിന്നും ഒരു ലക്ഷം യോജന മുകളിലായി സ്ഥിതി ചെയ്യുന്ന ചന്ദ്രൻ, സൂര്യന്‍റെ സംവത്സര ഗതിയെ രണ്ടു പക്ഷങ്ങ ളെക്കൊണ്ടും, മാസഗതിയെ രണ്ടേകാൽദിവസം കൊണ്ടും,നക്ഷത്ര പരിധിയെ ശരാശരി ഒരുദിവസം കൊണ്ടും ഭുജിച്ചു വളരെ വേഗത്തിൽ സഞ്ചരിക്കുന്നു. ചന്ദ്രന്‍റെ ശുക്ല പക്ഷ കലകൾ ദേവന്മാർക്കും,കൃഷ്ണപക്ഷ കലകൾ അസുരന്മാർക്കും പ്രീതി ജനിപ്പിക്കുന്നു. ചന്ദ്രൻ ഒരു നക്ഷത്രത്തെ 30 മുഹൂര്‍ത്തങ്ങളായി വിഭജിക്കുന്നു. പതിനാറു കലകളോടുകൂടിയ ചന്ദ്രരൂപിയായ ഭഗവാൻ, മനോമയനും, അന്നമയനും, അമൃതമയനുമായി ദേവ, പിതൃ തിര്യങ്, മനുഷ്യ ജീവജാലങ്ങൾക്കെല്ലാം ആനന്ദത്തെ പ്രദാനം ചെയ്യുന്നു.

ചന്ദ്ര മണ്ഡലത്തിൽ നിന്ന് മൂന്നു ലക്ഷം യോജനക്കപ്പുറമായി അഭിജിത്തോടുകൂടിയ ഇരുപത്തെട്ടു നക്ഷത്രങ്ങൾ മേരുവിനെ പ്രദിക്ഷണം ചെയ്തു വരുന്നു. നക്ഷത്രമണ്ഡലത്തിൽ നിന്നും രണ്ടു ലക്ഷം യോജന ദൂരത്തായി ചരിക്കുന്ന ശുക്രൻ ശീഘ്ര മന്ദ സമാന ഗതികൊണ്ടു പലപ്പോഴും സൂര്യനൊപ്പവും, മുന്നിലും പിന്നിലുമായിസഞ്ചരിക്കുന്നു. ശുക്രമണ്ഡലത്തിൽ നിന്നും രണ്ടു ലക്ഷം യോജന ദുരെ സ്ഥിതി ചെയ്യുന്ന ബുധനും ശുക്രനെപോലെ പലപ്പോഴും സൂര്യനോടൊപ്പവും. മുന്നിലുംപിന്നിലുമായി ചരിക്കുന്നു. ലോക മംഗളദായിയായ ബുധൻ സൂര്യനിൽ നിന്ന് അകന്നു പോകും തോറും ലോകത്തു അതി വൃഷ്ടി, അനാവൃഷ്ടി ഇവയുണ്ടാകുന്നു.പ്രായേണ അശുഭത്വം നില്കുന്ന കുജനെന്ന ഗ്രഹം ബുധ മണ്ഡലത്തിൽ നിന്നും രണ്ടുലക്ഷം യോജന അകലെയായി ചരിക്കുന്നു. വക്രഗതി സംഭവിച്ചില്ലെങ്കിൽ കുജൻ 45ദിവസം കൊണ്ട് ഒരു രാശി കടക്കുന്നു. കുജ മണ്ഡലത്തിൽ നിന്നും രണ്ടുലക്ഷം യോജനദുരെ ഗുരുമണ്ഡലം ലോക മംഗളദായിയായിവർത്തിക്കുന്നു.

ഗുരു മണ്ഡലത്തിൽ നിന്നും രണ്ടു ലക്ഷം യോജന ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശനി മുപ്പത് മാസം കൊണ്ട് ഒരു രാശി കടക്കുന്നു. അങ്ങനെ മുപ്പത് വര്‍ഷം കൊണ്ട്പണ്ട്രെണ്ട് രാശികളും കടക്കുന്നു. പ്രായേണ ലോകത്തിന് ദോഷം ചെയ്യുന്ന ഗ്രഹമാണ് ശനി. ശനി മണ്ഡലത്തിൽ നിന്നും പതിനൊന്നു ലക്ഷം യോജന അകലെയായിസപ്തർഷി മണ്ഡലം സ്ഥിതി ചെയ്യുന്നു. ലോകമംഗളം നേർന്നുകൊണ്ട് സപ്തർഷികൾ ധൃവ മണ്ഡലത്തെ പ്രദിക്ഷണം വയ്ക്കുന്നു.

ശിശുമാര സ്വരൂപ വർണ്ണന -

സപ്തർഷി മണ്ഡലത്തിൽ നിന്നും പതിമൂന്നു ലക്ഷം യോജന അകലെയായി വിഷ്ണുവിന്‍റെ പരമസ്ഥാനമെന്ന് പ്രകീർത്തിക്കുന്ന സ്ഥലം ധ്രുവ മണ്ഡലം അഗ്നി, ഇന്ദ്രൻപ്രജാപതിമാരായ കശ്യപൻ, ധർമ്മൻ ഇവർ ഒന്ന് ചേർന്ന് ധ്രുവനെ വലം വെച്ചാദരിക്കുന്നു. എല്ലാ ജ്യോതിർ ഗണങ്ങള്‍ക്കും ആശ്രയ സ്ഥാനമായും കേന്ദ്ര സ്ഥാനമായുംകെട്ടുകുറ്റി എന്നവണ്ണം ധ്രുവൻ ശോഭിക്കുന്നു.

കൃഷിക്കാരൻ ധാന്യം മെതിക്കാനായി കളത്തിൽ കെട്ടിയ മൃഗങ്ങളെ എപ്രകാരമാണോ സ്ഥാനം തെറ്റാതെ നടത്തുകയും അവയെ മാറ്റിക്കെട്ടുകയും ചെയ്യുന്നത്അതുപോലെ കാലചക്രത്തിൽ ഈശ്വരനാൽ കെട്ടിയിടപ്പെട്ട ഗ്രഹ നക്ഷത്രങ്ങൾ ധ്രുവനെ കേന്ദ്രമാക്കി വായുവിനാൽ പ്രേരിപ്പിക്കപ്പെട്ട് അകൽപ്പാന്തം ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ജ്യോതിർ ഗ്രഹങ്ങൾ പ്രകൃതി പുരുഷ സംയോഗത്താൽ അനുഗ്രഹീതരായി സ്വകർമ്മഗതിക്കനുസരിച് താഴേക്ക് പതിക്കാതെ ചരിക്കുന്നു.

ഈ ജ്യോതിചക്രത്തെ, ഭഗവാന്‍റെ യോഗധാരണ കർമ്മത്തിൽ പെടും വിധം ഒരു ശിശുമാര (മുതല) രൂപത്തിൽ സങ്കല്പിക്കാറുണ്ട്. തല കീഴ്പ്പോട്ടാക്കി വളച്ചുപിടിച്ചുശരീരത്തോടുകൂടി കിടക്കുന്ന ഇതിന്‍റെ വാലിന്‍റെ അഗ്രഭാഗത്തായി ധ്രുവനെ കല്പിച്ചിരിക്കുന്നു. വാലിന്‍റെ ബാക്കിഭാഗത് കശ്യപൻ, ഇന്ദ്രൻ, അഗ്നി, ധർമ്മൻ എന്നിവരുംവാലിന്‍റെ കടക്കൽ ധാതാവ്, വിധാതാവ് എന്നീ ദേവന്മാരും കടിപ്രദേശത്തു സപ്തർഷി മാരും വസിക്കുന്നു. ഉടലിന്‍റെ വലതു ഭാഗത്തു ഉത്തരായന നക്ഷത്രങളും ഇടതുഭാഗത്തു ദക്ഷിണായന നക്ഷത്രങ്ങളും സ്ഥിതി ചെയ്യുന്നു.

കുണ്ഡലം പോലെ വൃത്താകാര ശരീരത്തിൽ കിടക്കുന്ന ശിശുമാര ശരീരത്തിന്‍റെ ഇരുപാർശ്വങ്ങളിലെയും നക്ഷത്ര സംഖ്യകൾ തുല്യങ്ങളാണ്. ഇതിന്‍റെ ഉദരത്തിൽ സ്വർനദിയായ ഗംഗയും,പൃഷ്ഠഭാഗത്തു അജവീഥിയും സ്ഥിതി ചെയ്യുന്നു അരക്കെട്ടിന്‍റെ ഇരുവശത്തുമായി പുണർതവും, പൂയവും, ഇടതും വലതുമുള്ള പിൻകാലുകളിൽതിരുവാതിരയും, ആയില്യവും സ്ഥിതി ചെയ്യുന്നു. ഇടത്തും വലത്തുമുള്ള നാസികാദ്വാരങ്ങളിൽ ഉത്രാടവും, അഭിജിത്തും, കർണ്ണങ്ങളിൽ അവിട്ടവും മൂലവും സ്ഥിതിചെയ്യുന്നു. ഇടത്തുവാരിയെല്ലിൽ മകം മുതൽ അനിഴം വരെയുള്ള എട്ടുനക്ഷത്രങ്ങളും (ഉത്തരായന നക്ഷത്രങ്ങൾ), വലതു വാരിയെല്ലിൽ പൂരുരുട്ടാതി മുതൽ മകയിരംവരെയുള്ള എട്ടുനക്ഷത്രങ്ങളും (ദക്ഷിണായന) സ്ഥിതി ചെയ്യുന്നു. ഇരുതോളുകളിലുമായി ചതയവും, തൃക്കേട്ടയും.

മേൽത്താടിയെല്ലിൽ അഗസ്ത്യനും, കീഴ്താടിയെല്ലിൽ യമനും, മുഖസ്ഥാനത്തു കുജനും, ഗുഹ്യ സ്ഥാനത്തു ശനിയും കഴുത്തിന്‍റെ ഉപരിഭാഗത്തു ബൃഹസ്പതിയുംവക്ഷസ്സിൽ ആദിത്യനും ഹൃദയത്തിൽ നാരായണനും മനസ്സിൽ ചന്ദ്രനും നാഭിയിൽ ശുക്രനും സ്തനങ്ങളിൽ അശ്വനി ദേവന്മാരും പ്രാണാപനന്മാരുടെ സ്ഥാനത്തു ബുധനുംഗളത്തിൽ രാഹുവും സർവാംന്ഗങ്ങളിലും കേതുവും രോമങ്ങളിൽ മറ്റു നക്ഷത്രങ്ങളും കല്പിച്ചിരിക്കുന്നു.

ഭഗവാൻ വിഷ്ണുവിന്‍റെ സർവ്വ ദേവതാമയമായ ഈ ശിശുമാര സ്വരൂപത്തെ നിത്യവും സന്ധ്യാനേരത്തു ഭക്തിയോടും ചിത്തേഗാഗ്രതയോടും കൂടി ഉപാസിക്കണം
;ഓം നമോ ജ്യോതിർ ലോകായ കാലായനായ നിമിഷാം പതയെ മഹാപുരുഷായാഭി ധീ മഹി !'എന്നമന്ത്രം കൊണ്ട് ഉപാസിക്കണം.
ഗ്രഹർഷ താരാമയമാധി ദൈവികം
പാപാപഹം മന്ത്രകൃതാം ത്രികാലം
നമസ്യത :സ്‌മരതോ വാ ത്രികാലം
നശ്യേത തത് കാലമാശു പാപം'

ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ജ്യോതിര്‍ഗോളങ്ങൾ അടങ്ങിയതും, ആധിദൈവീകവും ത്രികാലങ്ങളിലും മന്ത്രം ജപിക്കുന്നവരുടെ സർവ്വപാപങ്ങളും നശിപ്പിക്കുന്നതുമായഭഗവാന്‍റെ ഈ ശിശുമാര സ്വരൂപത്തെ ത്രികാലങ്ങളിലും സ്മരിക്കുകയോ സ്തുതിക്കുകയോ ചെയ്യുന്നവന്‍റെ കാല ദോഷങ്ങൾ നശിച്ചുപോകും.

അധോലോക വർണ്ണന

ശ്രീ ശുകൻ പറഞ്ഞു “ആദിത്യന്‍റെ പതിനായിരം യോജന അടിയിലായി സ്വർഭാനു എന്നറിയപ്പെടുന്ന രാഹു ഒരു നക്ഷത്രം പോലെ സംചരിക്കുന്നു. വിഷ്ണുവിന്‍റെഅനുഗ്രഹം കൊണ്ടാണ് രാഹുവിന് നക്ഷത്ര പദവി ലഭിച്ചത്. ആദിത്യ മണ്ഡലത്തിന്‍റെ വിസ്തീർണ്ണം 24000 യോജനയും ചന്ദ്രമണ്ഡലത്തിന്‍റെ 12000 യോജനയും ആകുന്നുഇവക്കിടയിൽ ഗ്രഹണ സമയത്തു പ്രത്യക്ഷീ ഭവിക്കുന്ന രാഹുവിന് 13000 യോജനയും കണക്കാക്കുന്നു പൂർവ്വ വൈരാഗ്യത്തോടെ സൂര്യ ചന്ദ്രന്മാരെ ഗ്രസിക്കാൻചെല്ലുന്ന രാഹുവിനെ വിഷ്ണു സുദര്ശനത്താൽ ഭയപ്പെടുത്തുന്നു. അതിനാൽ ആ തേജസ്സിൽ നോക്കിനിന്നു രാഹു പിൻവാങ്ങുന്നു അതാണ് ഗ്രഹണമെന്ന് ഭാഗവതചിന്തനം.

രാഹു മണ്ഡലത്തിൽ നിന്നും പതിനായിരം യോജന അടിഭാഗത്തായി സിദ്ധചാരണന്മാർ, വിദ്യാധരർ എന്നിവരുടെ അധിവാസം. ഏതിനും താഴത്തായി മേഘങ്ങഉംവായുവും ഉള്ളെടം വരെ യക്ഷ പ്രേത ഭൂത രക്ഷസ്സുകളുടെ ആവാസ സ്ഥാനം.അതിനും നൂറു യോജന താഴെവരെ ഹംസങ്ങൾ, പരുന്തുകൾ, കഴുകന്മാര് മുതലായവപറക്കുന്ന സ്ഥലം, ഇതാണ് ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ അതിർത്തി.

ഭൂമിയുടെ അടിയിലായി അതലം, വിതലം സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം. ഇവ അധോലോകങ്ങൾ എന്നറിയപ്പെടുന്നു ഇവതമ്മിൽ പതിനായിരംയോജന അകലമുണ്ട്.

ബില സ്വർഗ്ഗമെന്നറിയപ്പെടുന്ന ഈ അധോലോകങ്ങൾ ഈ ലോകങ്ങൾ കാമ ഭോഗങ്ങളോട് കൂടിയതും, ഐശ്വരാദി പൂർണ്ണവും, ദാനവന്മാർ, ദൈത്യന്മാർ കദ്രുവിന്‍റെപുത്രന്മാരായ സർപ്പങ്ങളും അവരുടെ സന്തതികളും ആനന്ദത്തോടെ ജീവിച്ചു പോരുന്നു.

അസുരശില്പിയായ മയൻ നിർമ്മിച്ച പ്രാകാരങ്ങൾ ഗോപുരങ്ങൾ സഭാതലങ്ങൾ ക്രീഡാമന്ദിരങ്ങൾ നാൾക്കവലകൾ ക്ഷേത്രങ്ങൾ, നാനാപ്രകാരത്തിലുള്ള പക്ഷിമൃഗാദികൾ ഇണകളോടു കൂടി ഇവിടെ രമിച്ചു കഴിയുന്നു. ഇവിടുത്തെ ഉദ്യാനങ്ങളിൽ സർവ്വ ഋതുക്കളിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വൃക്ഷ ലതാദികൾനിറഞ്ഞിരിക്കുന്നു.

സൂര്യ സാന്നിധ്യ മില്ലാത്തതിനാൽ രാപ്പകലെന്ന ഭയമില്ല. എന്നാൽ മഹാ സർപ്പങ്ങളുടെ ശിരസ്സിലണിഞ്ഞിരിക്കുന്ന രത്നങ്ങളുടെ തിളക്കം കൊണ്ട് ഇവിടെ പ്രകാശമായിരിക്കുന്നു. ദിവ്യങ്ങളായഔഷധികളുടെ രസം ചേർന്ന രസായനം സേവിക്ക കൊണ്ടും, ഭക്ഷണ പദാർത്ഥങ്ങളിൽ അത്തരം രസം കലർന്നിരിക്ക കൊണ്ടും ഇവിടുള്ളവർക്കു അകാലനരയെ വാർധ്യക്യമോ മരണഭയമോ ഉണ്ടാകുന്നില്ല, ഉർജ്ജസ്വലത ഏറി കാണുന്നു. ഭഗവാന്‍റെ സുദർശന ചക്രം ഒഴികെ ഒന്നിനാലും ഇവർക്ക് മൃത്യു ഭവിക്കുന്നില്ല.

അതലമെന്ന ആദ്യ അധോലോകത്തിൽ മയപുത്രനായ ബലൻ വസിക്കുന്നു. അദ്ദേഹം 96 മായാവിദ്യകൾ സൃഷ്ടിച്ചു അവയിൽ ചിലതെല്ലാം മായാവികൾ ഉപയോഗിച്ചു വരുന്നു.ബലൻകോട്ടുവായിട്ടപ്പോൾ, വൈരിണികൾ, കാമിനികൾ, പുഞ്ചിലികൾ എന്നീ മൂന്നു തരത്തിലുള്ള സ്ത്രീ ഗണങ്ങളുണ്ടായി. ഈ സ്ത്രീകൾ ബലിസ്വർഗ്ഗത്തിലെത്തുന്ന പുരുഷന്മാരെ ഹാടകം എന്നരസം കുടിപ്പിച്ചു മദിപ്പിക്കുന്നു. അനന്തരം ഈ സ്ത്രീകളുടെ ഭാവഹാവാദികളിൽ മയങ്ങി, ഞാൻ സിദ്ധനാണ്,ഞാൻ ഈശ്വരനാണ് എനിക്ക് ആയിരം ഗജങ്ങളുടെ ശക്തിയുണ്ടെന്നെല്ലാംപുലമ്പുന്നു.

അതലത്തിന്‍റെ താഴെയായി വിതലം സ്ഥിതി ചെയ്യുന്നു. ഇവിടെ പരമേശ്വരൻ ഹാടകേശ്വരനെന്ന നാമത്തിൽ സ്വ പാർശ്വദന്മാരായ ഭൂതഗണങ്ങളോടൊത്തു നിവസിക്കുന്നു. ബ്രഹ്മാവിന്‍റെസൃഷ്ടിയെ വർദ്ധിപ്പിക്കാനായി ഇദ്ദേഹം ഭവാനിയോടൊത്തു മൈഥുനി ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. അവരുടെ വീര്യത്തിൽ നിന്നാണ് ഹാടകി എന്ന ശ്രെഷ്ഠ നദി ഉത്ഭവിച്ചത്. ഹാടകവീര്യംവായുവിനാൽ ജ്വലിപ്പിക്കപ്പെട്ട്, അഗ്നി സ്വതേജസ്സുകൊണ്ട് പാനം ചെയ്ത് ഹാടകമെന്ന സ്വർണ്ണമുണ്ടാക്കുന്നു. ഈ സ്വർണ്ണം കൊണ്ട് അസുരന്മാരും പത്നിമാരും ആടയാഭരണാദികൾ ഉണ്ടാക്കുന്നു.

വിതലത്തിന്‍റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന സുതലത്തിന്‍റെ അധിപതി വിരോചന പുത്രനും മഹായശ്വസിയുമായ മഹാബലിയാണ്. ഇന്ദ്രാദികൾക്കു പോലും അലഭ്യമായഭോഗൈശ്വര്യങ്ങളോടെ ബലി സുതലത്തിൽ വസിക്കുന്നു.

ബലി യഥാർഥത്തിൽ ഭഗവാനിലുടെ പുരുഷാർഥങ്ങളെയാണ് ഉൾക്കൊണ്ടത് അതാകട്ടെ ഐഹികവും പാരത്രികവുമാകുന്ന സുഖം തരുന്നത്. എന്നാൽ ഇന്ദ്രനാകട്ടെ സ്വർഗ്ഗപ്രാപ്തിയിലുടെഭോഗ ഐശ്വര്യങ്ങൾക്ക് കീഴ്‌പ്പെട്ടു അഹങ്കാരിയായി മാറുകയും ചെയ്തു.

സുതലത്തിനു താഴെയായി തലാതലം സ്ഥിതി ചെയ്യുന്നു.ഇവിടെ അസുരശില്പിയായ മയൻ പരമേശ്വരാനുഗ്രഹത്തോടെ അധിപതിയായി വാഴുന്നു. തലാതലത്തിന്‍റെ താഴെ മഹാതലം സ്ഥിതിചെയ്യുന്നു. ഇവിടെ അനേക ശിരസ്സോടുകൂടിയ കദ്രുപുത്രന്മാരായ മഹാസർപ്പങ്ങൾ വസിക്കുന്നു.ഇവർ കുഹുകൻ, തക്ഷകൻ. കാളിയൻ, സുഷേണൻ എന്നിവരാണ്. ഗരുഡനെ ഇവർഭയക്കുന്നെങ്കിലും, പത്നിമാരോടും മക്കളോടു മൊപ്പം സുഖത്തോടെ വസിക്കുന്നു.

തലാതലത്തിന്‍റെ താഴെയുള്ള രസാതലത്തിൽ ദിതിപുത്രന്മാരും ജന്മനാ ദേവശത്രുക്കളുമായ ദൈത്യന്മാർ ദാനവർ പണികൾ നിവാത കവചന്മാർ കാലകേയന്മാർ എന്നിവർവസിക്കുന്നു.ഭഗവാന്‍റെ തേജസ്സിനെ ഭയന്ന് ഇവർ ഗുഹകളിൽ വസിക്കുന്നു കൂടാതെ ഇന്ദ്രദുതിയായ സരമയുടെ മന്ത്രാക്ഷരമുള്ള വാക്കുകളാൽ ഇന്ദ്രനേയും ഭയക്കുന്നു.

രസാതലത്തിന്‍റെ താഴെയുള്ള പാതാളത്തിൽ മഹാ സർപ്പങ്ങളായ വാസുകി, ശംഖചൂഢൻ, മഹാ ശംഖചൂഢൻ. ധൃതരാഷ്ട്രർ എന്നീ നിരവധി ശിരസ്സുകളുള്ള സർപ്പങ്ങൾ വസിക്കുന്നു.ഇവയുടെ തലയിലെ രത്നത്തിന്‍റെ പ്രഭയാൽ പാതാളം പ്രകാശിക്കുന്നു

സങ്കര്ഷണ സ്ഥിതി

പാതാളത്തിൽ നിന്നും മുപ്പതിനായിരം യോജന താഴത്തായി ഭഗവാന്‍റെ തമപ്രകൃതിയെന്നു പ്രസിദ്ധമായ സങ്കര്ഷണമൂർത്തിയെന്നും,അനന്തനെന്നും പ്രസിദ്ധനായ ആദിശേഷൻ വസിക്കുന്നു. ദൃഷ്ടദൃശ്യങ്ങളുടെ സങ്കര്ഷണമായ 'അഹം 'ആരുടെ ലക്ഷണമാണോ അദ്ദേഹത്തെ സങ്കര്ഷണൻ എന്ന് പറയുന്നു(ദൃഷ്ടാവിനെയും,ദൃശ്യത്തെയും സമ്യക്കാക്കുന്നു). സഹസ്ര ശീർഷനായ അദ്ദേഹത്തിന്‍റെശിരസ്സിലിരിക്കുന്ന ഭൂമി കേവലം ഒരു കടുകുമണിയായി കാണപ്പെടുന്നു. നിയുക്തമായ സംഹാരകാലത് അദ്ദേഹത്തിന്‍റെ കോപം കൊണ്ട് ജ്രംഭിതമായ വളഞ്ഞ പുരികക്കൊടി ക്കിടയിൽനിന്നും ത്രിനേത്ര ധാരിയായ ശ്രീ രുദ്രൻ ജനിക്കുന്നു. ഭഗവതോത്തമന്മാർ, ആദിശേഷന്‍റെ പാദപദ്മങ്ങളിൽ കുമ്പിടുക നിമിത്തമായ് മാണിക്യ കുണ്ടലങ്ങളോടൊത്തു വെട്ടി തിളങ്ങുന്ന സ്വമുഖമണ്ഡലത്താൽ ആദിശേഷൻ സംതുഷ്ടനാകുന്നു. ആദിശേഷൻറെ അനുഗ്രഹം കാംക്ഷിക്കുന്ന നാഗ കന്യകകൾ, അദ്ദേഹത്തിന് അകിൽ, കുംകുമം ചന്ദനകുട്ടു ഇവകലർന്ന കളഭം നിത്യവുംപൂശിക്കൊടുക്കുന്നു. ആ സമയം അദ്ദേഹത്തിന്‍റെ ഭുജംഗ സ്പർശമേറ്റു നാഗകന്യകകൾ പ്രേമ പരവശകളാകുന്നു.ആദിദേവനും ഭഗവാനും അനന്ത ഗുണങ്ങളുടെ മഹാസാഗരവുമായ അദ്ദേഹംസ്വത സിദ്ധമായ കോപത്തെ അടക്കി ലോകമംഗളകാരിയായി പാതാളത്തിൽ വസിക്കുന്നു.

ഭഗവാൻ അനന്തന്‍റെ ഈ സ്വരൂപത്തെയും, മാഹാത്മ്യത്തെയും യാതൊരുവനാണോ ഗ്രഹിക്കുകയും ശ്രവിക്കുകയും ചെയ്യുന്നത് അവന്‍റെ ഹൃദയത്തിൽ അനന്ത മൂർത്തി പ്രവേശിച്ചുത്രിഗുണാത്മകവും കർമ്മവാസനകളാൽ ഗ്രഥിതവുമായ ഹൃദയ ഗ്രന്ഥിയെ ഭേദിക്കുന്നു

ശ്രീ നാരദൻ ദേവസദസ്സിൽ അനന്ത മൂർത്തിയെ ഇങ്ങനെ വർണ്ണിക്കുന്നു.

വിശ്വത്തിന്‍റെ ഉല്പത്തി സ്ഥിതി ലയ കാരണമായിരിക്കുന്ന സത്‌വാദി ഗുണങ്ങൾ യാതൊരുവന്‍റെ കടാക്ഷം കൊണ്ടാണോ സ്വകാര്യം നിർവഹിക്കുന്നതിന് സമർഥങ്ങളായി ഭവിച്ചത്,യാതൊരുവന്‍റെ സ്വരൂപമാണോ നാമരഹിതവും, അകൃത്രിമവും, ഏകവുമായിരിക്കുന്നത് ആത്മാവിൽ തന്നെ അനേക രൂപങ്ങളെ ധരിച്ചിരിക്കുന്ന ആ ഭഗവാന്‍റെ തത്വത്തെ അറിയാൻ ജനങ്ങൾഎങ്ങനെയാണ് സമർഥരായി തീരുക

. ദുഃഖിതനോ പതിതനോ ആയാൽ പോലും യാതൊരുവൻ പരിഹാസരൂപത്തിൽ പോലും അങ്ങയെ ഭജിച്ചാൽ അവൻറെ പാപങ്ങൾ അങ്ങു പൊറുക്കുന്നു, ഇത്രയും കാരുണ്യമുള്ളഅങ്ങയുടെ സങ്കര്ഷണ രൂപത്തെ യാതൊരുവനാണ് ധ്യാനിക്കാതിരിക്കുന്നത്.

പർവ്വതങ്ങൾ, നദികൾ, സമുദ്രങ്ങൾ, പ്രാണിവർഗങ്ങളോട് കൂടിയ ഈ ഭൂമണ്ഡലം, ഇവ യാതൊരുവന്‍റെ സഹസ്രശിരസ്സുകളിൽ അണുപ്രായമായി നിലകൊള്ളുന്നത് അനന്ത പരാക്രമിയുംസര്വവ്യാപിയും സഹസ്ര ജിഹ്വാകളോടു കൂടിയവനുമായ അനന്തശേഷന്‍റെ മാഹാത്മ്യം എത്രയെന്ന് പറയാനാവില്ല.

ഇപ്രകാരമിരിക്കുന്ന പ്രഭാവത്തോടും, അവധിയില്ലാതെ വീര്യത്തോടും മഹത്തായ ഗുണങ്ങളോടും ജ്ഞാനാദികളാൽ പൂർണ്ണനായിരിക്കുന്നതുമായ ആദിശേഷൻ ഭൂമിയുടെ ഏറ്റവും താഴെവസിച് ചരാചരങ്ങളുടെ നിലനിൽപ്പിനായി ഈ ഭൂമിയെ സ്വശിരസ്സിൽ വഹിക്കുന്നു.

ഇതി ശ്രീമദ് മഹാഭാഗവതേ പഞ്ച വിംശീതമോ അദ്ധ്യായ സമാപ്ത:

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories