ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം ഷഷ്‌ഠ സ്കന്ധം


മഹാഭാഗവതം
ഷഷ്‌ഠ സ്കന്ധം


പരീക്ഷിത് തന്റെ സംശയം വീണ്ടും ഉന്നയിച്ചു 'അവിടുന്ന് പലകാര്യങ്ങളെ കുറിച്ചും വിശദമായി മനസ്സിലാക്കിത്തന്നു ബഹുവിധ നരകങ്ങളെക്കുറിച്ചും മന്വന്തരങ്ങളെ കുറിച്ചും ആദ്യമനുവായ സ്വായം ഭൂ മനുവിന്റെ വംശ പരമ്പരയെക്കുറിച്ചും ഭൂമിയിലെ ദ്വീപുകൾ വർഷങ്ങൾ സമുദ്രങ്ങൾ പർവ്വതങ്ങൾ നദികൾ ഇവയെ കുറിച്ചെല്ലാം സവിസ്തരം മനസ്സിലാക്കി തന്നിരിക്കുന്നു. മഹാമുനേ മനുഷ്യൻ എപ്രകാരമിരുന്നാലാണ് ഘോരങ്ങളായ നരകങ്ങളിൽ പതിക്കാതിരിക്കുക എന്നുകൂടി വിസ്തരിച്ചാലും.ശ്രീ ശുകൻ തുടർന്നു 'ഹേ രാജൻ മനസ്സ് ശരീരം വാക്ക്‌ ഇവകൊണ്ട് ചെയ്യപ്പെട്ടിരിക്കുന്നതായ പാപത്തിന് ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രായശ്ചിത്തം ചെയ്യാത്തവർ മരണാനന്തരം ഘോരങ്ങളായ നരകങ്ങളിൽ പതിക്കുന്നു.രോഗകാരണങ്ങൾ അറിയുന്ന ഭിഷഗ്‌വരൻ രോഗിയെ ചികല്സിക്കുന്ന പോലെ ജരാനരാദികൾ സംഭവിച്ചു ശരീരം ക്ഷീണിക്കുന്നതിനു മുൻപുതന്നെ പാപ പരിഹാർദ്ദമായി പ്രായശ്ചിത്തം ചെയ്യണം.പരീക്ഷിത് ചോദിച്ചു 'മഹാമുനേ! പാപകർമ്മങ്ങൾ ആത്മശത്രുക്കളാണെന്ന് അറിഞ്ഞിട്ടുകൂടി പിന്നെയും മായാവശഗനായി അവ ചെയ്യുന്നവന് പ്രായശ്ചിത്തം കൊണ്ടെന്തു പ്രയോജനമാണുള്ളത് വീണ്ടും ആവർത്തിക്കപ്പെടുന്ന പാപത്തിന് പ്രായശ്ചിത്തം എങ്ങനെ പരിഹാരമാകും ?ഇതു ആനയുടെ സ്നാനം പോലെ വ്യർത്ഥമായി എനിക്കു തോന്നുന്നു.

ശ്രീ ശുകൻ പറഞ്ഞു 'കൃച്ചറം, ചന്ദ്രായണം തുടങ്ങിയ പ്രായച്ഛിത്ത കർമ്മങ്ങൾ പാപ കർമ്മങ്ങൾക്ക് താത്കാലിക പരിഹാരമേ ആകുന്നുള്ളു ജ്ഞാനം കൊണ്ടു മാത്രമേ പാപകർമ്മങ്ങൾ പൂർണ്ണമായി നശിച് ശുദ്ധനാകു തപസ്സ് അനുഷ്ഠിക്കുന്നവർ ക്രമേണ മോക്ഷത്തിന് ആധികാരിയായി തീരുന്നു

ഭഗവാൻ വാസുദേവനെ തന്നെ പരമാശ്രയമായി കാണുന്നവരുടെ പാപകർമ്മങ്ങൾ സൂര്യൻ ഹിമകണങ്ങളെ എന്നപോലെ അലിയിച്ചു കളയുന്നു ഭഗവതോത്തമന്മാരുമായുള്ള സംസർഗം കൊണ്ട് കൃഷ്ണനിൽ ഭക്തിയുറച്ചു സർവ്വതും ഭഗവാനിൽ സമർപ്പിച്ചവർ പാപങ്ങളെല്ലാം വളരെവേഗത്തിൽ നശിച്ചു പോകുന്നു.തപസ്സിനുപോലും ഇത്രയും ശക്തിയില്ല.ഈ ഭക്തി മാർഗം ഏറ്റവും ലളിതവും ഭയമോ ദുഃഖമോ ഇല്ലാത്തതുമാണ്. ഭഗവാന്റെ പരമാർത്ഥ സ്വരൂപത്തെ അറിയാത്തവരാണെങ്കിൽ കൂടി ഗുണങ്ങളിലുള്ള താല്പര്യം നിമിത്തം മനസ്സിനെ ഒരുതവണയെങ്കിലും അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചാൽ ചെയ്തുപോയ തെറ്റുകൾക്ക് പ്രായശ്ചിത്തമാകും.അവർക്ക് പിന്നെ യമപാശത്തെ പോലും പേടിക്കേണ്ടി വരില്ല. ഇതിനവലംബമായ ഒരു കഥ ഞാൻ വെളിപെടുത്താം വിഷ്ണുവിന്റെയും യമന്റെയും ദൂതന്മാർ തമ്മിൽ നടന്ന സംവാദമാണ് ഇത്.

പണ്ട് കന്യാകുബ്ജമെന്ന പട്ടണത്തിൽ 'അജാമിളൻ' എന്നൊരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹം ഒരു ദാസിയെ ഭാര്യയായി സ്വീകരിച്ചു അവളുടെ സംസർഗം മൂലം ദുഷിച്ചുപോയ അജാമിളൻ ശാസ്ത്രോക്തമായ സകല കർമ്മങ്ങളും വെടിഞ്ഞു.കൊള്ള, ചൂതാട്ട്, കള്ളം, വഞ്ചന എന്നീ ഹീനമാർഗ്ഗങ്ങളിലൂടെ ധനം സാമ്പാദിച്ചു കുടുംബം പുലർത്തി. പ്രാണിഹിംസാ ചെയ്‌തും ശൗചാദികളെ അനുഷ്ഠിക്കാതെയും കാലം കഴിച്ചുകൂട്ടി. ഇപ്രകാരമുള്ള നീച പ്രവർത്തികളോടെ അജാമിളൻ എൺപ്പത്തെട്ടു വയസ്സുവരെ കഴിഞ്ഞു. അജാമിളന് ദാസിയിൽ പത്തുപുത്രന്മാർ ജനിച്ചു അതിൽ ഇളയവന്റെ പേർ 'നാരായണൻ' എന്നായിരുന്നു.അവ്യക്ത മധുരമായി സംസാരിച്ചിരുന്ന ആ ഇളയപുത്രനെ മാതാപിതാക്കൾ ഏറെ സ്നേഹിച്ചിരുന്നു. ജീവിതാസക്തനായ അജാമിളൻ ആസന്നമായ മൃത്യുവിനെ പറ്റി ചിന്തിച്ചതേയില്ല എപ്പോഴും ഇളയ മകന്റെ ചിന്തയിൽ അദ്ദേഹം വ്യാപൃതനായി.

മൃത്യുകാലമായപ്പോൾ ഭീഭത്സ രൂപത്തോടുകൂടിയ യമഭടന്മാർ പാശവുമായി അദ്ദേഹത്തിനരുകിലെത്തി അവരെക്കണ്ട് ഭയന്ന അജാമിളൻ തന്റെ ഇളയപുത്രനായ നാരായണനെ വിളിച്ചു നാരായണ നാമം ഉച്ചരിച്ച മാത്രയിൽ തങ്ങളുടെ സ്വാമിയുടെ നാമമുച്ചരിച്ച ആളെത്തേടി വിഷ്ണു പാർശ്വദന്മാർ എത്തി. അവർ യമഭടന്മാരെ തടഞ്ഞു കൃത്യനിർവ്വഹണത്തിൽ തടസ്സംവന്നപ്പോൾ യമഭടന്മാർ തേജസ്വികളായ വിഷ്ണു പാർശ്വദന്മാർ ആരെന്നു അറിയാൻ ജിജ്ഞാസുക്കളായി.വിഷ്ണു പാർശ്വദന്മാർ തങ്ങളെ തടഞ്ഞ യമ ദൂതന്മാരോട് ഇങ്ങനെ ചോദിച്ചു 'നിങ്ങൾ ധർമ്മരാജാവിന്റെ ഭൃത്യരാണെങ്കിൽ ധർമ്മത്തിന്റെ ലക്ഷണവും തത്വവും എന്താണെന്ന് പറയുക നിങ്ങൾ ഏതുവിധത്തിലാണ് ദണ്ഡം നടത്തുന്നത് ദണ്ഡിക്കാൻ യോഗ്യമായ സ്ഥാനം ഏതാകുന്നു ?

യമഭടന്മാർ പറഞു 'വേദത്തിൽ വിധിക്കപെട്ടതേതാണോ അതാണ് ധർമ്മം അതിനു വിരുദ്ധമായാണ് അധർമ്മം വേദം സാക്ഷാൽ നാരായണൻ തന്നെയാണ്, യാതൊരുവൻ സ്വസ്വരൂപമായ അക്ഷര പരബ്രന്മാ അധിഷ്ഠാനത്തിൽ ത്രിഗുണാത്മകമായ ഗുണം, നാമം ക്രിയ എന്നീ സ്വരൂപങ്ങളാൽ ശരിയായ വിധം നിർമ്മിച്ചിരിക്കുന്നുവോ അവനാണ് നാരായണൻ അധർമ്മികളായവരെ സ്വകർമ്മാനുസൃതമായി ദണ്ഡിപ്പിക്കുക എന്നതാണ് യമധർമ്മം. യമഭടന്മാർ വിഷ്ണുപാദന്മാരോട് ഉണർത്തിച്ചു 'പുണ്യാത്മാക്കളെ, ശരീരമെടുത്തവരെല്ലാം ത്രിഗുണങ്ങൾക്ക് അധീനരായി ശുഭമോ അശുഭമോ ആയ കർമ്മങ്ങളെ ചെയ്യുന്നു. ഒരുവൻ ഇഹലോകത്തു ചെയ്യുന്ന കർമ്മങ്ങളുടെ ശുഭാശുഭ വിചിന്തനം പരലോകത്തു നടത്തപ്പെടുന്നു. ഈ ലോകത് സത് വാദി ഗുണങ്ങളുടെ വിചിത്രത മൂലം സുഖി, ദുഃഖി, സുഖദുഃഖ സമ്മിശ്രവാൻ എന്നിങ്ങനെ മൂന്നു തരക്കാരെ കാണപ്പെടുന്നു അതേപോലെ പോലെ പരലോകത്തും ഭഗവാൻ നാരായണൻ പ്രാണി ഹൃദയത്തിൽ വസിച്ചുകൊണ്ടു ഒരുവന്റെ ഭൂതഭാവി ജന്മങ്ങളെ കുറിച്ച് നല്ലതുപോലെ അറിയുന്നു എന്നാൽ കേവലനായ മനുഷ്യൻ മോഹവലയത്തിൽ അടിപ്പെടുക മൂലം കഴിഞ്ഞതിനെയും വരാനിരിക്കുന്നതിനെയും പറ്റി അറിയുന്നില്ല.അഞ്ചു കർമ്മേന്ദ്രിയങ്ങൾ കൊണ്ട് ജീവികൾ കർമ്മം ചെയ്യുന്നു അഞ്ചു ജ്ഞാനേന്ദ്രീ യങ്ങൾ കൊണ്ട് പഞ്ചവിധത്തിലുള്ള വിഷയങ്ങളെ അറിയുന്നു. പത്തിന്ദ്രിയങ്ങളും പഞ്ചവിഷയങ്ങളും മനസ്സും കൂടിയ പതിനാറെണ്ണത്തോടു കൂടിയ ഏകനായ ജീവൻ ഇവയെല്ലാം അനുഭവിക്കുന്നു. പത്തിന്ദ്രിയങ്ങൾ അഞ്ചു വിഷയങ്ങൾ മനസ്സ് എന്നീ പതിനാറു കലകളോട് കൂടിയതും ത്രിഗുണങ്ങൾക്കു കാര്യമായി ഭവിച്ചതും അനാദിയുമായ ഈ ലിംഗ ശരീരം ജീവന് സന്തോഷം സുഖം ദുഃഖം ഭയം എന്നിവ നിമിത്തമായ ആർത്തിക്കു കാരണമായ സംസാരത്തെ. ഉണ്ടാക്കി തീർക്കുന്നു ഈ സംസാരം കാമക്രോധമോഹ ലോഭ മദമാത്സര്യങ്ങളെ ജയിക്കാത്ത ജീവിയെക്കൊണ്ട് അവനിഷ്ടമില്ലാത്ത കർമ്മങ്ങൾ കൂടി ചെയ്യിക്കുന്നു. ചിലപുഴുക്കൾ തന്റെ ശരീരത്തിൽ നിന്നുണ്ടാകുന്ന പശകൊണ്ട് അതിനുള്ളിൽ കുരുങ്ങി കിടന്നു നശിക്കും പോലെ യാണ്‌ ജീവികളുടെ ഈ അവസ്ഥതത്വത്തെ അറിയുന്നവരും ശോഭനമായ ബുദ്ധിയോടുകൂടിയവരുമായ പുണ്യാത്മാക്കൾക്കു അനന്ത ഗുണങ്ങളോട് കൂടിയ ഭഗവാനിൽ പരമ പ്രേമ രൂപേണ ഭക്തി ഉദിക്കുന്നു അവരുടെ സകല പാപങ്ങളും നാമജപത്താൽ നശിക്കുന്നതിനാൽ യമനായ ഞാൻ അവരെ ദണ്ഡിപ്പിക്കില്ല. ആരുടെ നാവ് ഒരിക്കലും ഭഗവാന്റെ ഗുണനാമങ്ങളെ കീർത്തിച്ചിട്ടില്ല മനസ്സ് ഭഗവാന്റെ ദിവ്യ രൂപത്തെ സ്മരിച്ചിട്ടില്ല ശിരസ്സ് കൃഷ്ണ പാദാരവിന്ദത്തെ നമിച്ചിട്ടില്ല ഭഗദർപ്പിതമായ കർമ്മങ്ങൾ അനുഷ്ടിച്ചിട്ടില്ല അവർക്കുള്ളതാണ് ഘോരമായ നരകം.

ശ്രീ ശുകൻ പരീക്ഷിത്തിനോട് പറഞ്ഞു 'രാജൻ ഭഗവാന്റെ പാദസ്മരണയിൽ ലയിക്കുന്നവനെ ഇന്ദ്രിയ സുഖങ്ങൾ സ്പർശിക്കുകയില്ല മറിച്ചു വിഷവിഷയ തല്പരരായവർ തെറ്റിലേക്ക്‌ വഴുതിവീണ് പാപകർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും ശ്രീ ഹരിയെ പൂജിച്ചു മലയ പർവ്വതത്തിൽ വസിക്കുന്ന അഗസ്ത്യ മുനിയാണ് അത്യന്തം രഹസ്യമായ ഈ ഇതിഹാസം എനിക്കുപദേശിച്ചത്

ദക്ഷന്റെ തപസ്സ് - നാലാം അദ്ധ്യായം

പ്രപഞ്ച സൃഷ്ടിയെ കുറിച്ച് ഉത്സുകനായ പരീക്ഷിത്തിനോട് ശ്രീ ശുകൻ ഇങ്ങനെവിവരിക്കയുണ്ടായി. പ്രാചീന ബർഹിസിന്റെ പുത്രന്മാരും പ്രചേതസ്സുകൾ എന്നപേരോടു കൂടിയവരുമായ പത്തുപേർ പരമശിവന്റെ ഉപദേശപ്രകാരം ജലാന്തർഭാഗത്തു ചെന്ന് ബഹുകാലം തപസ്സനുഷ്ഠിച്ചു. നാരദോപദേശപ്രകാരം പ്രാചീന ബർഹിസും വിരക്തനായി രാജ്യം വെടിഞ്ഞു. കൃഷി ആദിയായ കാര്യങ്ങൾ നടക്കാത്തതു മൂലം ഭൂമി വൃക്ഷങ്ങൾ വളർന്നു പടർന്നു ഘോരവനമായി പരിണമിച്ചു. തപസ്സവസാനിപ്പിച്ചു കരയിലെത്തിയ പ്രചേതസ്സുകൾ ഭൂമി മുഴുവൻ വൃക്ഷങ്ങൾ വളർന്നു വനമായതിൽ കോപിഷ്ഠരായി. ക്രോധം നിമിത്തം അവരുടെ മുഖത്തു നിന്ന് കൊടുങ്കാറ്റും അഗ്നിയും വമിച്ചു. അഗ്നിയിൽ വൃക്ഷങ്ങൾ വെന്തുരുകുന്നത് കണ്ട് വൃക്ഷ രാജാവായ സോമൻ പ്രചേതസ്സുകളെ സമീപിച്ചു അദ്ദേഹം പറഞ്ഞു 'ഹേ മഹാഭാഗാൻമാരെ ! അ ചരങ്ങളും പ്രതികാരം ചെയ്യാൻ കഴിയാത്തവയുമായ വൃക്ഷങ്ങളെ നശിപ്പിക്കുന്നത് ഭൂഷണമല്ല. പ്രജാഭിവൃദ്ധിയെ ഇച്ഛിക്കുന്ന നിങ്ങൾ വൃക്ഷങ്ങളുടെയും പാലകരാകുന്നു. ബ്രഹ്മാവിന്റെ പതിയും അവ്യയനുമായ ശ്രീ ഹരി പിതൃക്കൾക്കും ദേവന്മാർക്കുമുള്ള അന്നമായി വൃക്ഷലതാദികളെ സൃഷ്ടിച്ചു. (ദേവന്മാരുടെ അന്നം ഇഷയും പിതൃക്കളുടേത് ഉർജ്ജയുമാകുന്നു ) ചരങ്ങളായ പക്ഷി മുതലായവക്ക് പുഷ്പഫലാദികൾ അന്നമാകുന്നു. കാലുകൾ കൊണ്ട് സഞ്ചരിക്കുന്നു പശു മുതലായവക്ക് പാദങ്ങളില്ലാത്ത പുല്ല് അന്നമാകുന്നു രണ്ടുകാലിൽ സഞ്ചരിക്കുന്ന മനുഷ്യർക്ക് നാലുകാലുള്ളവ അന്നമാകുന്നു.അല്ലയോ മഹാഭാഗന്മാരെ നിങ്ങൾ ഞങ്ങളെ നശിപ്പിക്കാനൊരുങ്ങുന്നത്‌ ന്യായമാണോ? നിങ്ങളുടെ കോപാഗ്നി ശമിപ്പിച്ചു ശേഷിച്ച വൃക്ഷങ്ങളെയെങ്കിലും സംരക്ഷിക്കൂ. വൃക്ഷങ്ങളുടെ പുത്രിയായ ഈ കന്യകയെ നിങ്ങൾ പരിഗ്രഹിച്ചാലും, ഇവൾ മൂലം നിങ്ങളുടെ വംശം വർധിക്കും

ചന്ദ്രൻ പറഞ്ഞ പ്രകാരം 'വൃക്ഷങ്ങളുടെ വളർത്തു പുത്രിയും 'പ്രംളോച 'എന്ന അപ്സരസ്സിന്റെ പുത്രിയുമായ 'മാരിഷയെട പ്രചേതസ്സുകൾ പത്തുപേരും വിധി പ്രകാരം വിവാഹം ചെയ്തു പ്രാചേതസ്സുകൾക്കു അവളിൽ നിന്ന് 'ദക്ഷൻ' എന്നപേരോടുകൂടിയ വീര്യവാനായ പുത്രൻ ജനിച്ചു.ദക്ഷന്റെ സന്താന പരമ്പര കൊണ്ട് ത്രിലോകങ്ങളും പൂർണ്ണമായി. ആദ്യമായി ദക്ഷൻ ആകാശം ഭൂമി ജലം എന്നിവിടങ്ങളിൽ വസിക്കുന്ന ദേവന്മാർ. അസുരന്മാർ മനുഷ്യർ തുടങ്ങിയവരെ മനസ്സുകൊണ്ട് സൃഷ്ടിച്ചു. തന്റെ സൃഷ്ടി അഭിവൃദ്ധി പ്പെടാതിരുന്നതിൽ നിരാശനായ ദക്ഷൻ വിദ്ധ്യാ പർവ്വതത്തിൽ പോയി കഠിന തപസ്സനുഷ്ഠിച്ചു. പർവ്വത സമീപത്തുള്ള 'അഘര്ഷണ 'മെന്നു പേരോടു കൂടിയ സർവ്വപാപങ്ങളേയും നശിപ്പിക്കുന്ന പുണ്യ തീർത്ഥത്തിൽ മൂന്നു നേരവും സ്നാനം ചെയ്ത് ഹരിയെ പൂജിച്ചു. ഇന്ദ്രിയങ്ങൾ കൊണ്ടറിയാൻ കഴിയാത്ത ശ്രീഹരിയെ ദക്ഷൻ 'ഹംസ ഗുഹ്യം' എന്നപേരോടുകൂടിയ സ്തോത്രം കൊണ്ട് ജപിച്ചു

ഹംസ ഗുഹ്യ സ്തോത്രം
'നമഃ പാരായ വിധധാനുഭൂതയെ
ഗുണത്രയാഭാസനിമിത്ത ബന്ധവേ
അദൃഷ്ട ധാംനേ ഗുണതത്വ ബുദ്ധിഭിർ
നിവൃത്ത മാനായ ദധേ സ്വയംഭുവേ
ദക്ഷൻ ഇങ്ങനെ സ്തുതിച്ചു 'സത്യമായ ച്ഛിച്ചക്തിയോടു ചേർന്നവനും ഗുണത്രയങ്ങൾ നിമിത്തം ആഭാസിക്കുന്ന ജീവനും അതിന്റെ നിമിത്തമായ മായക്കും ബന്ധുവായിരിക്കുന്നവനും ഗുണങ്ങളിൽ പരമാർദ്ധ ബുദ്ധിയോടു കുടിയവർക്ക് ദർശിക്കാൻ കഴിയാത്ത സ്വരൂപത്തോടുകൂടിയവനും പ്രമാണത്തെ അതിക്രമിച്ചിരിക്കുന്നവനും സ്വയം പ്രകാശ സ്വരൂപനായ പരം പുരുഷനായിക്കൊണ്ട് നമസ്ക്കാരം

ന യസ്യ സഖ്യം പുരുഷോ അവൈതി സഖ്‌യു
സഖാ വസൻ സംവസതഹാ പുരേ അസ്മിൻ
ഗുണോ യഥാ ഗുണിനോ വ്യക്ത ദൃഷ്ടേ
സ്തതസ്മൈ മഹേഷായ നമസ്കരോമി
ഇന്ദ്രിയ വിഷയങ്ങൾ ഇന്ദ്രിയങ്ങളെ അറിയാത്തപോലെ ഈ ശരീരത്തിൽ വസിക്കുന്ന ജീവൻ തനിക്ക് ഭോഗത്തെയും മോക്ഷത്തെയും പ്രദാനം ചെയ്തു കൊണ്ട് അതിൽ വസിക്കുന്ന പരമ സഖാവിനെ അറിയുന്നില്ല ജീവന്റെ മിത്രമായി ശരീരത്തിൽ അധിവസിക്കുന്നവനും ബ്രന്മാദികൾക്കുകൂടി ഈശ നുമായിരിക്കുന്ന ആ പരമാത്മാവിനെ ഞാൻ നമസ്‌കരിക്കുന്നു

ദേഹോ അസവോ അക്ഷ മനവോ ഭുതമാത്ര
ആത്മാനമന്യച വിദു :പര യത്
സർവ്വം പുമാൻ വേദ ഗുണാംച്ച തത്‍ജ്യോ
ന വേദ സർവജ്ഞ അനന്തമീഡേ
ശരീരം, പ്രാണങ്ങൾ, ഇന്ദ്രിയങ്ങൾ അന്തഃകരണം പഞ്ചഭൂതങ്ങൾ ഗന്ധാദി തന്മാത്രകൾ ഇവ ജഡങ്ങളായി വസിക്കുന്നു അതിനാൽ ഇവ അവയിൽ വസിക്കുന്ന ദേവതാ സ്വരൂപത്തെയും ഇവയിൽ നിന്നെല്ലാം ഭിന്നമായിരിക്കുന്ന ജീവനേയും അറിയുന്നില്ല. ജീവൻ ഇവയെല്ലാം അറിയുന്നുണ്ടെങ്കിലും അപരിച്ഛിന്നനും സർവാത്മാവു മായിരിക്കുന്ന പരമാത്മാവിനെ അറിയുന്നില്ല. ഇപ്രകാരമിരിക്കുന്ന പരമാത്മാവായ ഭഗവാനെ ഞാൻ നമിക്കുന്നു.

യദോ പരാമോ മനസോ നാമരൂപ
രൂപസ്യ ദൃഷ്ട സ്മൃതി സംപ്രമോഷാദ്
യ ഈയതേ കേവലയാ സ്വ സംസ്ഥയാ
ഹംസായ തസ്മൈ ശുചി തസ്മാനേ നമഃ
നാമരൂപങ്ങൾ ഉണ്ടാകുന്ന മനസ്സിൻറെ ദൃഷ്ടസ്മൃതികളുടെ നാശം ഹേതുവായി ഉപരതി സംഭവിക്കുമ്പോൾ യാതൊരുവനാണോ പ്രാകൃത ഗുണസംബന്ധമില്ലാതെ സച്ചിതാനന്ദ സ്വരൂപനായി ഹൃദയത്തിൽ പ്രകാശിക്കുന്നത് ഹംസരൂപനായ ആ ഭഗവാനായിക്കൊണ്ട് നമസ്ക്കാരം

യഃ പ്രാകൃതൈര് ജ്ഞാന പഥാർ ജനാനാം
യഥാ ശയം ദേഹഗതോ വിഭാതി
യഥാനില പാർഥിവംആശ്രിതോ ഗുണം
സ ഈശ്വരോ മേ കുരുതാത്മനോ രഥം
അർവാചീനങ്ങളായ ഉപാസനാമാർഗ്ഗങ്ങളെ അവലംബിച്ച് ഒരോദേവതകളെ സങ്കല്പിച്ചു ഭജിക്കുന്ന ജനങ്ങളിൽ പൃഥ്‌വിയിൽ നിന്നുണ്ടാകുന്ന ഗുണത്തെ ആശ്രയിച്ചിരിക്കുന്ന വായുവെന്നപോലെ യാതൊരുവനാണോ അതാതു ദേവതാ സ്വരൂപേണ അവരുടെ ഹൃദയത്തിൽ പ്രകാശിക്കുകയും അവരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുകയും ചെയ്യുന്നത് സർവ്വ ദേവതാ സ്വരൂപനായിരിക്കുന്ന ആ ഭഗവാൻ എന്റെ സങ്കല്പത്തെ സത്യമാക്കി തീർക്കട്ടെ. ഇപ്രകാരമുള്ള ദക്ഷന്റെ സ്തുതിയിൽ സംതുഷ്ടനായ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി ഭഗവാന്റെ വശ്യ മോഹന രൂപ ദർശന മാത്രയിൽ സന്തോഷവും ഭയവും അനുഭവപ്പെട്ട ദക്ഷൻ ദണ്ഡ നമ സ്‌ക്കാരം ചെയ്തു താണുവണങ്ങി ശ്രീ ഭഗവാൻ പറഞ്ഞു 'അല്ലയോ മഹാഭാഗനായ ദക്ഷാ അങ്ങ് തപസ്സുകൊണ്ടു സിദ്ധനായിരിക്കുന്നു. എല്ലാ തപസ്സിന്റെയും ഫലം ലോകാഭിവൃദ്ധിയായതിനാൽ അങ്ങയുടെ തപസ്സിൽ ഞാൻ സന്തുഷ്ടനായിരിക്കുന്നു തപസ്സ് എന്റെ ഹൃദയവും മന്ത്രജപം ശരീരവും നിത്യ നൈമിത്തിക ക്രിയകൾ ആകാരവും യജ്ഞങ്ങൾ അവയവും ധർമ്മം മനസ്സും ദേവന്മാർ പ്രാന്തങ്ങളുമാകുന്നു. ചൈതന്യമെന്ന രൂപമായ ഞാൻ മാത്രമേ ആദിയിൽ ഉണ്ടായിരുന്നുള്ളു ഇതു ഇന്ദ്രിയങ്ങൾക്ക് വിഷയമല്ല ക്രമേണ ഞാനാകുന്ന അധിഷ്ഠാനത്തിൽ ത്രിഗുണാത്മകമായ മായയിൽ നിന്ന് ബ്രന്മണ്ടം ഉണ്ടായി. അതിൽ നിന്ന് അജനും സ്വയം ഭുവുമായ ബ്രഹ്മാവ് ഉണ്ടായി. എന്റെ വീര്യത്താൽ സമ്മർദ്ധനാക്കപ്പെട്ട ബ്രഹ്മാവ് സൃഷ്ടികർമ്മ ആരംഭിച്ചെങ്കിലും താനതിൽ അസമർത്ഥനായി ഭവിച്ചു പിന്നീട് എന്റെ ഉപദേശ പ്രകാരം അദ്ദേഹം കഠിന തപസ്സനുഷ്ഠിച്ചു തന്മൂലം അദ്ദേഹം സുഷ്ടി നടത്തുന്നതിന് ശക്തനായി തീർന്നു. ലോകാഭിവൃദ്ധിക്കായി കൊണ്ട് അദ്ദേഹം നിങ്ങളെ സൃഷ്ടിച്ചു. പഞ്ചജനൻ എന്ന പേരോടുകൂടിയ പ്രജാപതിയുടെ. 'അസ്കിനി' എന്ന ഈ കന്യകയെ അവിടുന്ന് സ്വീകരിച്ചാലും സ്ത്രീ സംഗത്തെ കാംക്ഷിക്കുന്ന അങ്ങും പുരുഷ സംഗത്തെ കാംക്ഷിക്കുന്ന ഇവളും തമ്മിലുള്ള വേഴ്ചയിൽ നിശ്ചയമായും പ്രജാഭിവൃദ്ധി ഉണ്ടാകും. ഇത്രയും ഉപദേശ രൂപേണ നൽകി ഭഗവാൻ അപ്രത്യക്ഷനായി.

നാരദ ശാപം
വിഷ്ണുമായയാൽ മോഹിപ്പിക്കപ്പെട്ട ദക്ഷൻ അസ്‌കിനിയിൽ ''ഹര്യശ്വ ന്മാർ'' എന്നു പേരോടുകൂടിയ പതിനായിരം പുത്രന്മാരെ ജനിപ്പിച്ചു പിതാവിന്റെ ആജ്ഞ പാലിക്കുവാനുള്ള വീര്യം നേടുന്നതിനായി തപസ്സനുഷ്ഠിക്കാൻ പടിഞ്ഞാറെ ദിക്കിലേക്ക് യാത്രയായി.സിന്ധു നദി സമുദ്രത്തിൽ പതിക്കുന്ന പുണ്യ സംകേതമായ 'നാരായണ സരസ്സാണ്' അവർ തപസ്സിനായി തിരഞ്ഞെടുത്തത്.

തപം ചെയ്തിരുന്ന ദക്ഷപുത്രന്മാർ നാരദന്റെ ദൃഷ്ടിയിൽപ്പെട്ടു. അദ്ദേഹം പറഞ്ഞു 'പ്രജാസൃഷ്ടി നടത്താനൊരുങ്ങുന്ന നിങ്ങളുടെ ഉദ്യമം തികച്ചും ബാലിശം തന്നെ. ഒരേയൊരു പുരുഷനിരിക്കുന്ന രാഷ്ട്രത്തെയും പുറത്തേക്കു വരുവാനുള്ള മാർഗ്ഗം അറിയാതിരിക്കുന്ന ഗുഹയെയും അനേക രൂപം ധരിച്ചിരിക്കുന്ന നാരിയെയും ഇഷ്ടംപോലെ സഞ്ചരിക്കുന്ന സ്ത്രീയുടെ ഭർത്താവായ പുരുഷനെയും ഒരേസമയം രണ്ടു ദിക്കിലേക്കൊഴുകുന്ന നദിയേയും ഇരുപത്തഞ്ചു തത്വങ്ങൾക്ക് അധിവസിക്കാനുള്ള അത്ഭുതകരമായ ഗൃഹത്തെയും വിചിത്ര ചരിതത്തോടുകൂടിയ ഹംസത്തെയും അതിദൃഢവും അനിർവ്വചനീയവും സ്വതന്ത്രവും ആയ വസ്തുവിനെയും ഇവയെല്ലാമറിയുന്ന പിതാവിന്റെ ആജ്ഞയുടെ സാരാംശവും നല്ലതുപോലെ അറിയാതെ സൃഷ്ടി കർമ്മത്തിൽ ഏർപ്പെടുന്നത് ഭംഗിയല്ല.

ശ്രീ ശുകൻ പറഞ്ഞു 'നാരദൻ പറഞ്ഞ അസ്പഷ്ട വാക്യത്തെ ഹര്യശ്വന്മാർ അവരുടെ വിചാര ശക്തികൊണ്ട് എങ്ങനെ നിരൂപണം ചെയ്തു 'ഭൂമി എന്നു പറഞ്ഞതിന്റെ അർത്ഥം അനാദിയും ആത്മാവിന്റെ ബന്ധനത്തിനു കാരണവും, പുണ്യപാപങ്ങളാകുന്ന സസ്യങ്ങളുടെ ഉല്പത്തി സ്ഥാനവും ജീവൻ എന്നപേരോടു കൂടിയ ലിംഗ ശരീരം ആകുന്നു. ഈ ലിംഗ ശരീരത്തിന്റെ നാശത്തിനുപകരിക്കാത്ത കർമ്മങ്ങൾ കൊണ്ടെന്തു പ്രയോജനം ഏക പുരുഷ രാഷ്ട്രമെന്നത് ഈ ബ്രമാണ്ഢമാകുന്നു സർവ്വകാരണനും സ്വതന്ത്രനും മോക്ഷപ്രദനുമായ ഭഗവാനെ അറിയാൻ ഉപകരിക്കാത്ത കർമ്മങ്ങൾ കൊണ്ട് എന്ത് പ്രയോജനമാണുള്ളത്‌.പാതാളത്തെ പ്രാപിച്ചവർ മടങ്ങി വരാത്തപോലെ ഏതൊരു സ്ഥാനത്തെ പ്രാപിച്ചാലാണോ പുനരാവൃത്തി ഇല്ലാത്തത് സർവ്വാന്തര്യാമിയായ ഭഗവാന്റെ സ്ഥാനത്തെ പ്രാപിക്കാനുള്ള മാർഗ്ഗമറിയാത്തവന് യാഗയജ്ഞാദികൾ കൊണ്ട് ഒരു ഫലവുമില്ല.അനേക രൂപത്തോടുകൂടിയതും ഗുണങ്ങൾക്ക് അധീനനുമായ ആന്മാവിന്റെ ബുദ്ധി സ്വയരിണിയായ നാരിയെപോലെ ആകുന്നു. അതിനെ നിയന്ത്രിക്കാതെ സത്കർമ്മങ്ങൾ കൊണ്ട് പ്രയോജനമില്ല. സൃഷ്ടി സംഹാരങ്ങൾ ചെയ്യുന്ന മായപോലെയാണ് നദി. വിശ്രമിക്കാനുള്ള സ്ഥലമെത്തുമ്പോൾ കുതിച്ചു പായുന്ന നദിപോലെ മഹാത്മാക്കളുടെ വചനങ്ങളിൽ നിന്ന് ഓടി അകലുന്ന സംസാരിക്ക് സത്കർമ്മങ്ങൾ കൊണ്ടെന്തു ഫലം ഇരുപത്തഞ്ച്. തത്വങ്ങൾ കൊണ്ട് പ്രകാശിപ്പിക്കുന്നവൻ അന്തര്യാമിയായ പുരുഷൻ ആകുന്നു.ആ പുരുഷനെ അറിയാതെ സത്കർമ്മങ്ങൾ കൊണ്ട് പ്രയോജനമില്ല.ഏകമനസ്സോടു കൂടിയ ഹരിയശ്വന്മാർ നാരദമുനിയുടെ വചനത്തെ ഇപ്രകാരം നിരൂപണം ചെയ്തു, പിന്നെയവർ മുനിയെ പ്രദക്ഷിണം ചെയ്ത് പുനരാവർത്തിയില്ലാതെ ഭഗവൽ പദത്തെ സ്വീകരിക്കുന്നതിന് ഭക്തിമാർഗ്ഗം സ്വീകരിച്ചു.ശീലഗുണ സമ്പന്നരായ തന്റെ പുത്രന്മാർ നാരദമുനിയുടെ ഉപദേശപ്രകാരം ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ചു ഭക്തിമാർഗം സ്വീകരിച്ചതറിഞ്ഞ ദക്ഷൻ ഏറെ ദുഖിച്ചു. ബ്രഹ്മാവ് പുത്രനെ സ്വാന്ത്വനിപ്പിച്ചു അതിനുശേഷം ദക്ഷൻ അസ്കിനിയിലൂടെ ആയിരം പുത്രന്മാർക്കു ജന്മം നൽകി അവരെ ശബലാശ്വന്മാർ എന്നറിയപ്പെട്ടു നാരായണ സരസ്സിൽ തപസ്സനുഷ്ഠിക്കാൻ പോയ അവർ വിശുദ്ധ സ്നാനത്തിനു ശേഷം ഈ മന്ത്രം ഉരുവിട്ടു.

'ഓം  നമോ നാരായണായ പുരുഷായ മഹാത്മനേ
വിശുദ്ധ സത്വ ധിഷണായ മഹാ ഹംസായ ധീമഹി '
പുരുഷനും മഹാത്മാവും വിശുദ്ധ സത്വത്തിൽ അധിഷ്ഠിതനും മഹാഹംസാരൂപനുമായ നാരായണനായിക്കൊണ്ട് നമസ്കാരം. അവരും നിവൃത്തി മാർഗം അവലംബിച്ചു. ഇവർക്കും നാരദൻ മന്ത്ര ദീക്ഷ നൽകി.തന്റെ ദ്വിതീയ പുത്ര പരമ്പരയും നിവൃത്തി മാർഗം സ്വീകരിച്ചെന്നറിഞ്ഞപ്പോൾ ദക്ഷ പ്രജാപതി നിരവധി അശുഭ ലക്ഷണങ്ങൾ കാണുകയുണ്ടായി എല്ലാത്തിനും നിമിത്തം നാരദരാണന്നറിഞ്ഞ ദക്ഷൻ കോപിഷ്ഠനായി ഉരച്ചു

'അഹോ അസാധോ സാധുനാം സാധുലിംഗേന നസ്ത്വയാ
അസാധ്യ കാര്യര്കോണാം ഭിക്ഷോർ മാർഗ :പ്രദർശിത
ഋണൈ സ്ത്രീഭിരമുക്താനാമമീമാംസിത കര്മ്മണാം
വിഘാ തഹ :ശ്രെയസ : പാപ ലോകയോരുഭയോ :കൃത :'
സാരം - സാധു അല്ലാത്തവനും സാധുവിന്റെ ചിഹ്നങ്ങൾ അണിഞ്ഞവനുമായ അങ്ങ് സന്മാർഗത്തിലിരിക്കുന്ന ഞങ്ങൾക്ക് അമംഗളത്തെ ചെയ്തുവല്ലോ? എന്റെ പുത്രന്മാരെ അങ്ങ് ഭിക്ഷു മാർഗത്തിലേക്ക് പറഞ്ഞയച്ചുവല്ലോ? ത്രിവിധ ഋണങ്ങളിൽ നിന്ന് മുക്തരല്ലാത്തവരും (മൂന്നു തരം ഋണത്തോടു കൂടിയാണ് മനുഷ്യൻ ജനിക്കുന്നത് അതിൽ നിന്ന് മുക്തി നേടാണ്ടതായിട്ടുണ്ട് ബ്രഹ്മചര്യം കൊണ്ട് ഋഷി ഋണവും യജ്ഞം കൊണ്ട് ദേവഋണവും പുത്രോത്പാദനം കൊണ്ട് പിതൃ ഋണത്തിൽ നിന്നും മുക്തരാകേണ്ടതുണ്ട്. വേദോക്ത കർമ്മങ്ങൾ വേണ്ടവിധം അനുഷ്ടിക്കാനിടവരാത്ത അവർക്ക് ഇഹലോകത്തിലും പരലോകത്തിലും ശ്രേയസ്സു ലഭിക്കാതിരിക്കാൻ അങ്ങ് കാരണക്കാരനായില്ലേ? ബാലന്മാരുടെ ബുദ്ധിയെ മോഹിപ്പിക്കുന്നവനും ദയാഹീനനും നിർലജ്ജനും ഹരിയുടെ കീർത്തിയെ നശിപ്പിക്കുന്നവനുമായ അങ്ങ് എങ്ങനെയാണ് ഭഗവൽ ഭക്തന്മാരുടെ ഇടയിൽ സഞ്ചരിക്കുന്നത്? അവൈരികളോട് വൈരത്തോടെ പെരുമാറുന്ന അങ്ങ് സൗഹാർദ്ദത്തെ നശിപ്പിക്കുന്നവനാകുന്നു. വിരക്തി നിമിത്തം ഉപശമവും അതുമൂലം സ്നേഹപാശ ഛേദവും തന്മൂലം മുക്തിയും ലഭിക്കുമെന്ന് അങ്ങ് കരുതുന്നു. വിഷയങ്ങളെ അനുഭവിക്കാത്തവന് അവയുടെ ശക്തി എത്രയെന്ന് അറിയില്ല. വിഷയങ്ങൾ അനുഭവിച്ച ശേഷം ക്രമേണ ക്രമേണ അതിൽ നിന്ന് മുക്തനാകണം അതാണ് വൈരാഗ്യം അന്യരാൽ ബുദ്ധിഭേദിച്ചവന് ഇപ്രകാരമുള്ള വൈരാഗ്യം ലഭിക്കുകയില്ല. ഗൃഹസ്ഥാശ്രമികളായ ഞങ്ങളുടെ സന്താനവല്ലി മുറിച്ചു കളഞ്ഞ അമംഗള കർമ്മം നടത്തിയതിന്റെ ഫലം അങ്ങ് അനുഭവിക്കാതിരിക്കില്ല 'അങ്ങ് സ്ഥിരമായ ഒരു വാസസ്ഥാനമില്ലാത്തവനായി ലോകത്തിൽ ചുറ്റിക്കറങ്ങി കൊണ്ടിരിക്കട്ടെ.

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories