ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഭാഗവതം (ചതുര്ത്ഥ : സ്‌കന്ദം )


ഭാഗവതം (ചതുര്ത്ഥ :സ്‌കന്ദം )

മനുകന്യാ വംശ ചരിതം, യജ്ഞ്യാവതാരം, ദത്താ ത്രേയാവതാരം

മൈത്രേയ മഹര്ഷി, വിദുര മഹാശയനോടായി തന്റെ ഭാഗവതാഖ്യാനം തുടര്ന്നു, ആദി പുരുഷനായ സ്വായം ഭു മനുവിന്, തന്റെ പത്‌നിയും, ആദി സ്ത്രീയുമായ ശതരൂപയില്‍ മൂന്നു പുത്രിമാരും. രണ്ടു പുത്രന്മാരും ഉണ്ടായി. പുത്രികാ ധര്മ്മ വിധി പ്രകാരം മനു തന്റെ പെണ്മനക്കളെ വിധി പ്രകാരം വിവാഹം ചെയ്തയച്ചു.

ആകൃതിയെ രുചി പ്രജാപതിക്കും
ദേവാഹുതിയെ കര്‍ധമ പ്രജാപതിക്കും
പ്രസൂതിയെ ദക്ഷ പ്രജാപതിയും വിവാഹം ചെയ്തു .
( പുത്രികാ ധര്‍മ്മ വിധി പുത്രിക്കുണ്ടാകുന്ന പുത്രനെ കന്യകയുടെ പിതാവിനു നല്‍കുക എന്ന ആചാരം )

ആകൃതിക്ക്, രുചി പ്രജാപതിയില്‍, യജ്ഞ്യന്‍ എന്ന പുത്രനും, ദക്ഷിണ എന്ന പുത്രിയും ഉണ്ടായി. അവര്‍ യഥാക്രമം വിഷ്ണുവിന്റെയും, ലക്ഷ്മിയുടെയും അമ്ശാവതാരങ്ങലായിരുന്നു. പുത്രികാ ധര്‍മ്മ വിധി പ്രകാരം യജ്ഞന്‍ സ്വായംഭു മനുവിനോടൊപ്പം പോയി. യുവാവായ യജ്ഞന്‍ തന്നെ കാമിക്കുന്ന ദക്ഷിണയെ പാണിഗ്രഹണം ചെയ്തു. അവര്‍ക്ക് പന്ത്രണ്ടു പുത്രന്മാര്‍ ജനിച്ചു . അവര്‍ യഥാക്രമം ഈ പേരുകളില്‍ അറിയപ്പെട്ടു. തോഷന്‍, പ്രതോഷന്‍, സന്തോഷന്‍, ഭദ്രന്‍, ശാന്തി, ഇളസ്പതി, ഇധ്മന്‍, കവി, വിഭു, സ്വന്വ്ന്‍,സുദേവന്‍, രോചനന്‍. തുഷിതന്മാര്‍ എന്നപേരില്‍ അറിയപെട്ടിരുന്ന ഇവര്‍ സ്വായംഭു മന്വതരത്തിലെ ദേവന്മാരായിരുന്നു. ഈ മന്വതരത്തില്‍ മരീചി മുതലായവര്‍ സപ്തര്ഷികളും, യജ്ഞന്‍ ദേവേന്ദ്രനുമായിരുന്നു.സ്വായം ഭു മനുവിന് രണ്ടുപുത്രന്മാര്‍ കൂടി ഉണ്ടായിരുന്നു. അവര്‍ പ്രിയവൃതനും, ഉതാനപാദനുമായിരുന്നു. മനുവിറെ രണ്ടാമത്തെ പുത്രിയെ കര്‍ധമ പ്രജാപതി വിവാഹം ചെയ്തു, മുന്നാമത്തെ കന്യക പ്രസുതിയെ ദക്ഷ പ്രജാപതി പാണിഗ്രഹണം ചെയ്തു. ലോകത്തിലെ സമസ്ത ജീവജാലങ്ങളുടെയും ഉല്പത്തി അവരുടെ സന്താനങ്ങളിലുടെയാണ്.


ദേവാഹുതിയുടെയും, കര്‍ധമന്റെയും പുത്രിയായ കലയെ മരീചി മഹര്‍ഷി വിവാഹം ചെയ്തു . അവര്‍ക്ക് രണ്ടു സന്താനങ്ങള്‍ ഉണ്ടായി. കശ്യപനും, പൂര്‍ണ്ണിമയും. ഇതില്‍ പൂര്‍ണ്ണിമക്കു കാലാന്തരത്തില്‍ വിരജന്‍,വിശ്വഗന്‍ എന്നീ പുത്രന്മാരും, ദേവകുല്യ എന്ന പുത്രിയും ജനിച്ചു.

ദേവകുല്യ, വിഷ്ണുവിന്റെ ത്രുപാദങ്ങളെ നിരന്തരം ക്ഷാളനം ചെയ്കയാല്‍, ആകാശ ഗംഗയായി തീര്‍ന്നു. അത്രി മഹര്‍ഷിക്ക്, അനസുയയില്‍, ബ്രഹ്മ, വിഷ്ണു, മഹേശാംശജരായി സോമന്‍, ദത്തന്‍, ദുര്‍വ്വാസാവ് എന്നീ പുത്രന്മാര്‍ ജനിച്ചു.

വിദുരമഹാശ യന്‍, സംശയ നിവര്തിക്കായി മൈത്രെയനോട് ചോദിച്ചു 'ത്രിമൂര്‍ത്തികള്‍ എന്തിനു വേണ്ടിയാണ് അത്രി മഹര്‍ഷിയുടെ പുത്രരായി ജന്മമെടുതതെന്നു വ്യക്തമാക്കിയാലും'.

മൈത്രേയ മഹര്‍ഷി തന്റെ ആഖ്യാനം തുടര്ന്നു ' അത്രി മഹര്ഷി സല്പുത്രലബ്ദിക്കായി, ബ്രഹ്മാവിന്റെ ഉപദേശ പ്രകാരം ഋക്ക്ഷ കുലാദ്രിയില്‍ ചെന്ന് ഒറ്റക്കാലില്‍ കഠിന തപ സ്സനുഷ്ടിച്ചു 'യാതൊരുശക്തിയാണോഈ വിശ്വത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത്, അദ്ധേഹത്തെ ഞാന്‍ ആത്മ തുല്യനായ പുത്ര സിദ്ധിക്കായി ഭജിക്കുന്നു'. മുനിയുടെ തപസ്സിന്റെ ഫലമായി ,ആ ശിരസ്സില്‍ നിന്നുയര്ന്നു പോങ്ങുന്ന 'പ്രാണായാമാഗ്‌നിയില്‍'വിശ്വം മുഴുവന്‍ ചുട്ടു പോള്ളുന്നതായി ത്രിമൂര്‍ത്തികള്‍ മനസ്സിലാക്കി. അവര്‍ സിദ്ധവിദ്യാധര സ്തുതി ഗീതങ്ങളാല്‍ ആനയിക്കപെട്ട് മഹര്‍ഷിയുടെ മുന്നിലെത്തി. ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യംഅറിഞ്ഞ മഹര്‍ഷി അവരുടെ പാദാരവിന്ദങ്ങളില്‍ വീണ് സ്തുതിക്കാന്‍ തുടങ്ങി. 'വിശ്വം നിറഞ്ഞരുളുന്ന ചൈതന്യ മൂര്‍ത്തികളായ നിങ്ങള്‍ എന്റെ തപസ്സില്‍ സന്തുഷ്ടരായതില്‍ ഞാന്‍ ധന്യനായി. ഇതില്‍ഏതൊരു ശക്തിയെയാണ് ഞാന്‍ പുത്ര രൂപേണ ധരിക്കേണ്ടതെന്ന് കല്പിച്ചരുളിയാലും' മൈത്രേയ മഹര്‍ഷി പറഞ്ഞു,

അത്രി മഹര്‍ഷിയുടെ സ്തുതികളില്‍ പ്രസന്നരായ ത്രിമൂര്‍ത്തികള്‍ ഈ വിധം അരുളി. 'ഭവാന്റെ സത്യ സങ്കല്പത്തിന്റെ പ്രതീകമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അങ്ങയുടെ സങ്കല്‍പപൂര്‍തീകരണതിനായി ഞങ്ങള്‍ മൂവരും അമ്ശരൂപികളായി, അങ്ങയുടെ പുത്രന്മാരായി ജനിക്കും.'. അത്രി പുത്രനായ ബ്രന്മാംശം , സോമനെന്നും , വൈഷ്ണവാംശം ,ദത്താത്രേയ നെന്നും , ശിവാംശം ദുര്‍വ്വാസാവ് എന്നും അറിയപെട്ടു.

കര്‍ധമ പുത്രിയായ ശ്രദ്ധയെ വേട്ട അംഗിരസ്സിനു, സ്വപത്‌നിയില്‍ നാലു പുത്രിമാര്‍ ജനിച്ചു. അവര്‍,കുഹു രാകാ, സീനാവലി, അനുമതി എന്നപേരില്‍ അറിയപെട്ടു. ഇവര്‍ക്ക് പുറമേ രണ്ടു പുത്രന്മാര്‍ കൂടി അവര്‍ക്ക് ഉണ്ടായി. ഉതധ്യനും, ദേവഗുരുവായ ബൃഹസ്പതിയും. ഇവര്‍ സാരോചിഷ മനുവിന്റെ കാലത്ത് പ്രസിദ്ധരായിരുന്നു. കര്‍ധമ പുത്രിയായ ഹവിര്‍ഭുവിനു, പുലസ്ത്യ മഹര്‍ഷിയില്‍ ജഡരാഗ്‌നിയുടെ അവതാരമായ 'അഗസ്ത്യനും'വിശ്രവസ്സും ജനിച്ചു. ഇവരില്‍ വിശ്രവസ്സിന്, ഇഡവിഡ എന്ന ഭാര്യയില്‍ കുബേരനും, കൈകസിയില്‍, രാവണ നും കുംഭകര്‍ണ്ണനും, വിഭീഷണന്‍ എന്ന മൂന്നു പുത്രന്മാരും, ശു ര്‍പ്പണഖ എന്ന പുത്രിയും ജനിച്ചു.

പുലഹന് തന്റെ പത്‌നിയായ 'ഗതിയില്‍' കര്‍മ്മ ശ്രേഷ്ടന്‍, വരിയാന്‍, സഹിഷ്ണു എന്നു മൂന്നു പുത്രന്മാര്‍ ജനിച്ചു. മറ്റൊരു കര്‍ധമ പുത്രിയായ ക്രിയക്ക്, ക്രതു മഹര്‍ഷിയില്‍ ബ്രഹ്മ തേജസ്സോടു കൂടിയ 'ബാലഖില്യമാര്‍ ' അറുപതിനായിരം പുത്രന്മാരായി ഭവിച്ചു. വസിഷ്ടന് ഊര്‍ജ്ജ എന്ന പത്‌നിയില്‍ ചിത്രകേതു, സുരോചിസ്, വിരജന്‍, മിത്രന്‍, ഉല്‍ബണന്‍, വസുഭുദ്യാനന്‍, ദ്യുമാന്‍ എന്ന എഴു പുത്രന്മാരും, മറ്റൊരു ഭാര്യയില്‍ നിന്ന് ശക്തി തുടങ്ങിയ പുത്രന്മാരും ജനിച്ചു. ചിത്തി എന്ന കര്‍ധമ പുത്രിക്ക് അഥര്‍വാവില്‍, അശ്വ ശിരസ്സോടു കുടിയ മഹാ തപസ്വിയായ 'ദധ്യങ്ങ് ' എന്ന പുത്രന്‍ ജനിച്ചു. ഭ്രുഗുവിന്, ഖ്യാതിയില്‍ വിധാതാവ്, ധാതാവ് എന്നീ പുത്രന്മാരും, ശ്രീ എന്ന പുത്രിയും ജനിച്ചു.വിധാതാവും, ധാതാവും കാലാന്തരത്തില്‍ 'മേരു' പുത്രിമാരായ അയാതി , നിയതി എന്നിവരെ വിവാഹം ചെയ്തു .അവരുടെ പുത്രന്മാരായിരുന്നു യഥാക്രമം 'മൃകണ്ടുവും .പ്രാണനും.

മൃകണ്ടുവിന്റെ പുത്രനായിരുന്നു മഹായശസ്സ്വി യായ 'മാര്‍ക്കണ്ഠയന്‍'. പ്രാണന്റെ പുത്രനായിരുന്നു വേദശിരസ്. ഭ്രുഗുവിന് മറ്റൊരു ഭാര്യയില്‍ ജനിച്ച പുത്രനാണ് കവി. കവിക്ക് ഉശിനസ്സ് എന്നൊരു പുത്രന്‍ ജനിച്ചു .കര്‍ധമ വംശ പരമ്പര ഇങ്ങനെ ഞാന്‍ ചുരുക്കുന്നു ,മൈത്രേയ മഹര്‍ഷി പറഞ്ഞു. ഇനി ദക്ഷ പത്‌നിയായ പ്രസുതിയുടെ വംശ പരമ്പര പറയാം .പ്രസുതി പതിനാറു പെണ്മക്കള്‍ക്കു ജന്മം നല്‍കി. ഇതില്‍ പതിമുന്നു പേരെ 'ധര്‍മ്മ ദേവനും 'ശേഷിച്ച മൂവരില്‍ ഒരാളെ അഗ്‌നി, അടുത്തയാളെ പിതൃക്കളും, ഇളയ പുത്രിയെ ശിവനും വിവാഹം ചെയ്തു.

ധര്‍മ്മദേവ പത്‌നിമാരായ ദക്ഷ പുത്രികള്‍,
1,ദയ 2. ശ്രദ്ധ 3,ശാന്തി 4. തുഷ്ടി 5. മൈത്രി 6. ഹ്രി 7. പുഷ്ടി .8 .ഉന്നതി 9. ക്രിയാ 10. മേധാ 11. മൂര്‍ത്തി 12. ബുദ്ധി 13. ക്ഷമ.

ഇവരില്‍ ധര്‍മ്മദെവനുണ്ടായ സന്താനങ്ങള്‍
മൈത്രിക്ക് പ്രസാദന്‍
ദയക്ക് അഭയന്‍
ശ്രദ്ധക്ക് ശുഭന്‍
ശാന്തിക്ക് സുഖന്‍
തുഷ്ടിക്ക് മോദന്‍
പുഷ്ടിക്ക് സ്മയന്‍
ക്രിയക്ക് യോഗനും
ഉന്നതിക്ക് ദര്‍പ്പനും
ബുദ്ധിക്ക് അര്ധനും
മേധക്ക് സ്മൃതി
ക്ഷമക്ക് ക്ഷേമനും
ലജ്ജക്ക് (ഹ്രി )പ്രശ്രയന്‍
മൂര്‍ത്തിക്ക് നര നാരയണന്മാരും
സന്തതികളായി ജനിച്ചു
.മൂര്‍ത്തിയുടെ പുത്രന്മാരായ നരനാരായണന്മാരെ കണ്ട് ലോകര്‍ ആനന്ദത്തില്‍ ആറാടി. അവരുടെ ചൈതന്യ പ്രഭയില്‍ ദിക്കുകള്‍ തിളങ്ങി. ബ്രഹ്മ, ഗന്ധര്‍വ്വാദികള്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചു. നദികള്‍ ശാന്തമായി ഒഴുകി. ദേവന്മാര്‍ എങ്ങനെ സ്തുതിച്ചു ' യാതൊരു ദേവന്റെ കൃപാ കടാക്ഷതാലാണോ ലോകസൃഷ്ടി സംജാതമായത്, ആ ദേവന്‍ ഇതാ അവതാരമെടുത്തിക്കുന്നു! താമര പൂവിനെ പോലും വെല്ലുന്ന, കരുണാര്‍ദ്രമായ നോട്ടത്താല്‍, അങ്ങ് ഞങ്ങളില്‍ കാരുണ്യം പൊഴിക്കുന്നു. ആ ദേവനായ്‌കൊണ്ട് നമസ്‌ക്കാരം!!

ദേവന്മാരുടെ സ്തുതി ഗീതങ്ങളില്‍ സന്തുഷ്ടരായ ' നരനാരായണന്മാര്‍ ' തപസ്സിനായി ഗന്ധമാദന പര്‍വതതിലേക്ക് പോയി. വിഷ്ണാംശ ജാതരായ ഇവര്‍ ദ്വാപര യുഗത്തില്‍ കൃഷ്ണാര്‍ജുനന്മാരായി ജന്മമെടുത്തു. അഗ്‌നിദേവന്റെ പത്‌നിയായ 'സ്വാഹക്ക് മൂന്ന് പുത്രന്മാരുണ്ടായി പാവകന്‍, പവമാനന്‍, ശുചി ഇവരില്‍നിന്ന് 45 അഗ്‌നി സ്വരൂപങ്ങള്‍ ഉണ്ടായി. ഈ 49 അഗ്‌നി രൂപങ്ങള്‍ വൈദിക കര്മ്മത്തിലെ ആവാഹനീയ ദേവന്മാരായി.

പിതൃക്കള്‍ നാലു ഗണത്തില്‍ അറിയപ്പെടുന്നു അഗ്‌നിഷാത്ന്മാര്‍, രിബര്‍ഹിഷതുകള്‍, സൌമ്യര്‍, ആജ്യപന്മാര്‍ ഇവരുടെ പത്‌നിയായ ദക്ഷ പുത്രി 'സ്വധാ' നാലു മക്കള്‍ക്ക് ജന്മം നല്‍കി . ആദ്യത്തെ രണ്ടുപേര്‍ സ്വാഗ്‌നികളും,(അഗ്‌നിയില്‍ കര്‍മ്മമുള്ളവര്‍ ), അടുത്ത രണ്ടു പേര്‍ അനഗ്‌നികളും ആണ്. സ്വധയുടെ പുത്രിമാരായ വയുനാ, ധാരിണി ഇവര്‍ ശാസ്ത്ര ജ്ഞാനം കൊണ്ട് ജീവന്‍ മുക്തരായി. ശിവ പത്‌നിയായ സതി പില്‍ക്കാലത്ത് യോഗശക്തി കൊണ്ട് ദേഹം വെടിഞ്ഞു .

2. .ദക്ഷ വിദ്വേഷംവിദുരന്‍ മൈത്രേയനോട് ചോ ദിച്ചു 'സ്വ പുത്രിയുടെ ഭര്‍ത്താവായിട്ടു പോലും ദക്ഷന്‍ ശിവനോട് എന്തിനാണ് വൈരം പുലര്‍ത്തിയത് ? മൈത്രേയന്‍ തുടര്ന്നു 'പണ്ട് ദേവന്മാര്‍ ഒരുമിച്ചു കൂടി ഒരു വലിയ യാഗം നടത്തുക ഉണ്ടായി. സര്‍വ്വ ദേവന്മാരും, ഋഷിമാരും യാഗത്തില്‍ സംബന്ധിച്ചിരുന്നു. ആ യാഗശാലയിലേക്ക് അതുല്യ പ്രഭയോടെ കടന്നു വന്ന ദക്ഷനെ കണ്ട് ബ്രഹ്മാവും, ശിവനും ഒഴികെ സകലരും എഴുന്നേറ്റു നിന്ന് ആദരിച്ചു പിതാവായ ബ്രഹ്മദേവനെ വണങ്ങിയ ശേഷം ' ദക്ഷന്‍ ' ഉത്തമാസനത്തില്‍ ഉപവിഷ്ടനായി. തന്നെ തെല്ലും കൂസാതെയിരുന്ന ശിവന്റെ' പ്രവര്ത്തി ദക്ഷനെ ചൊടിപ്പിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു 'പ്രജാപതിയായ എന്റെ വാക്കുകളില്‍ മദ, മാത്സര്യങ്ങള്‍ ലവലേശം ഇല്ല. എന്നാല്‍ ഞാന്‍ പറയുന്നത് ലോകഹിതത്തെ ഊന്നിയാണ്, ഒരു പ്രജാപതി എന്നനിലയില്‍ ഇതെന്റെ ധര്മ്മമാണ്. 'എന്റെ മകളെ വിവാഹം ചെയ്കയാല്‍ ഈ ശിവന്‍ ഭാര്യാ പിതാവെന്ന നിലയിലെങ്കിലും എന്നെ മാനിക്കേണ്ടതാണ്, ശിവനെന്നു വിളിക്കുന്ന ഇയാള്‍ക്ക് സഭ്യത എന്തന്ന് അറിയില്ല, ഇവനില്‍ ശിവമായ ഒന്നും തന്നെ ഇല്ല. ആചാര മര്യാദകളെ കുറിച്ചും ബോധമില്ല. ശരീരം മുഴുവന്‍ ഭസ്മ ലേപനം നടത്തി, ഭൂതഗണങ്ങളോടോത്ത് ശ്മശാനത്തില്‍ അല്ലേ ഇയാളുടെ വാസം.

ദക്ഷന്റെ കളിയാക്കല്‍ കേട്ടിട്ടും ശിവന്‍ ഒന്നും ഉരിയാടാതെ ഇരുന്നു. ഇത് ദക്ഷനെ ചൊടിപ്പിച്ചു. അദ്ദേഹം ഇപ്രകാരം ശപിച്ചു 'ഇനിമുതല്‍ ദേവന്മാരോടൊപ്പം യജ്ഞ ഭാഗം ഭുജിക്കാന്‍ ഇയാള്‍ക്ക് അര്‍ഹതയില്ല'. ഈ സാഹസത്തില്‍ നിന്ന് പിന്തിരിയണമെന്ന് ദേവന്മാര്‍ അപേക്ഷിച്ചിട്ടും ഗര്‍വിഷ്ടനായ ദക്ഷന്‍ ചെവിക്കൊണ്ടില്ല, കോപത്തോടെ യജ്ഞ ശാല വിട്ടു പോയി.

തന്റെ പ്രഭുവിനെ ശപിച്ച ദക്ഷനെ നന്ദീശ്വരനും ശപിച്ചു. 'സ്വാര്‍ത്ഥതയാല്‍ മത്തനായ നീ സര്‍വ്ജ്ഞനെന്നു നടിക്കുന്നു. പുറം മോടിയിലാണ് ആഡ്യത്വം എന്ന മിഥ്യാ ധാരണ കീഴ്‌പെടുത്തിയ നിന്റെ മനസ്സ് ഇനിയും മേനി കാണിക്കാന്‍ യജ്ഞത്തിന് തുനിയും. ആ യജ്ഞം പൂര്‍ത്തിയാക്കുന്നത് നീ 'അജ മുഖ രൂപിയായിട്ടായിരിക്കും 'ദക്ഷനെ ഇന്നഭിനന്ദിച്ചവരെല്ലാം ക്രമേണ സംസാര ചക്രത്തില്‍ പെട്ടുഴലും .

'നന്ദീശ്വരന്‍ ഇപ്ര കാരം മുനിമാരെ ശപിച്ചപ്പോള്‍ ഭൃഗു മുനിയും പ്രതി ശാപം നല്‍കി ,'ശിവ വൃതത്തിലും, ശിവാരാധനയിലും തല്പരരായവര്‍ വേദ വിദ്വേഷികളായ 'പാഖന്ടന്മാര്‍ ' ആയി ഭവിക്കട്ടെ. അവര്‍ ജട കെട്ടി, ഭസ്മവും പൂശി, അസ്ഥിയും ധരിച്ച് നടക്കാനിടവരും. ഇവര്‍ സ്‌നാനാദികള്‍ ഇല്ലാത്തവരും, മദ്യത്തെ ദൈവമായി കരുതുന്നവരുമായി ഭവിക്കട്ടെഅന്നുമുതല്‍ ശൈവരും, വൈഷ്ണവരും എന്ന രണ്ടു വിഭാഗം ഉണ്ടായി.

കുറച്ചു നാള്കള്‍ക്ക് ശേഷം ബ്രഹ്മാവ്‌ ദക്ഷനെ പ്രജാപതിമാരുടെ പതിയായി അവരോധിച്ചു. അഭിമാനിതനായ ദക്ഷന്‍ തന്റെ അംഗീകാരം ലോകസമക്ഷം അറിയിക്കാനായി ഒരു മഹായജ്ഞം നടത്താന്‍ നിശ്ചയിച്ച്, വിളംബരം ഉണ്ടായി .അദ്ദേഹം ശൈവാനുകുലികളെ ഒഴിവാക്കി 'വാജപേയ' യാഗം നടത്തി. തുടര്‍ന്ന്അദ്ദേഹം ' ബ്രുഹസ്പതി സവം' എന്ന യാഗത്തിനും തുടക്കം കുറിച്ചു, ക്ഷണ പത്രികകള്‍ ഏല്ലാ ദേവന്മാര്‍ക്കും, ഋഷികള്‍ ക്കും, ഗന്ധര്‍വ്വ സിദ്ധ വിദ്യാ ചാരണന്മാര്‍ക്കും അയച്ചു, ശിവനെ മനപുര്‍വ്വം ഒഴിവാക്കി ദക്ഷ പ്രജാപതിയുടെ യാഗശാലയിലേക്ക് ക്ഷണിതാക്കളായ എല്ലാവരും പോകുന്നതു കണ്ട 'സതീദേവി ' ആകുലയായി. പിതാവു നടത്തുന്ന യാഗത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ദേവിക്കു തോന്നി. എന്നാല്‍ ശിവന്‍, ദേവിയുടെ ആഗ്രഹം ബാലിശമാണന്നു ശഠിച്ചു, പോയാല്‍ നിന്ദിതയാകേണ്ടി വരുമെന്നും കല്പിച്ചു.സതീദേവിയുടെ മനസ്സ് ചഞ്ചലമായി, ആ മനസ്സില്‍ ക്രമേണ ഭര്‍ത്താവിന്റെ വാക്കുകളേക്കാള്‍ സ്ഥാനം ബന്ധു ജനങ്ങളോട് ഒത്തു ചേരാനുള്ള അടങ്ങാത്ത ത്വരയായി. ദേവി, സ്വന്തം പതിയെ ധിക്കരിച്ച് പിതൃ സന്നിധിയിലേക്ക് മിടിക്കുന്ന ഹൃദയത്തോടെ തിരിച്ചു തുടങ്ങി. ശിവന്റെ മൌനാനുവാദത്തോടെ 'നന്ദീ ശ്വരന്‍ ' തുടങ്ങിയ ഭുതഗണങ്ങള്‍ , സതീദേവിക്കു അകമ്പടിയായി പിന്നാലെ തിരിച്ചു.

ശിവ പാര്‍ഷ്വദന്മാര്‍ സതീദേവിയെ കാള പുറത്തിരുത്തി, വെണ്‍കൊറ്റകുട, മാല, ശാരിക, ആലവട്ടം, താമര, വാദ്യയന്ത്രങ്ങള്‍ ഇവ കയ്യിലെടുത്ത് ദേവിയെ അനുഗമിച്ചു. യജ്ഞമന്ത്രങ്ങളാല്‍ മുഖരിതവും,സര്‍വ്വദേവന്മാരും ഉപവിഷ്ടരായിരിക്കുന്നതുമായ യജ്ഞ കവാടത്തില്‍ ദേവിയും, പരിവാരങ്ങളും എത്തി. പിതൃ ഗൃഹത്തിലെത്തിയ ദേവിയെ കണ്ട് ബന്ധുജനങ്ങള്‍ സന്തോഷിചെങ്കിലും, ദക്ഷനെ ഭയന്ന് അവര്‍ ദേവിയെ സ്വീകരിക്കാന്‍ മടിച്ചു. പിതാവ് തന്നെ അവഗണിക്കുന്നതായി കണ്ട ദേവിയുടെ മനസ്സില്‍ ഭര്‍തൃ വാക്യം ലംഘിച്ചതിന്റെ വേദന കഠിനമായി. ദേവിയുടെ കോപം കണ്ട ഭൂതഗണങ്ങള്‍, ദക്ഷനെ നിഗ്രഹിക്കനോരുങ്ങിയെങ്കിലും ദേവി തടഞ്ഞു. കോപ താപങ്ങളോടെ സതീ ദേവി ഇപ്രകാരം ഉരച്ചു,
'ന യസ്യ ലോകേ അസ്ത്യ തിശായന : പ്രിയാ സ്തധാ പ്രിയോ ദേഹ ഭ്രുതാം പ്രിയാത്മന :
തസ്മിന്‍ സമസ്താത്മ്‌നി മുക്ത വൈരകെ
ഋതേ ഭവന്തം കതമ :പ്രതീപയേത്
യതൊരുവനാണൊ മിത്രങ്ങളോ ,ശത്രുക്കളോ ആയി ആരുമില്ലാത്തത്, അങ്ങനെയുള്ള എന്റെ പതിയോട് ആരാണ് വൈരം വെച്ചു പുലര്ത്തുക. എന്നാല്‍ എന്റെ പിതാവ്, അന്യരുടെ ദോഷം മാത്രമേ കാണുകയുള്ളു.അങ്ങയെ പോലൊരു പിതാവിനെ, ഉത്തമ, മദ്ധ്യമ ഗുണദൃക്കായി കാണാന്‍ കഴിയില്ല. അങ്ങ് സജ്ജന നിന്ദയില്‍ ആനന്ദം കണ്ടെത്തുന്നു. ശിവനാമം അറിയാതെ ഉച്ചരിച്ചാല്‍ പോലും മോക്ഷം ലഭിക്കും .ഭഗവാന്‍ ശിവന്‍ അനന്തഗുണ സ്വരൂപിയാണ്. അദ്ദേഹത്തെ നിന്ദിക്കുന്നവര്‍ ശിവം നശിച്ചവര്‍ തന്നെ. സര്‍വ്വ ലോക ബന്ധുവായ എന്റെ പ്രിയനെ ആര്‍ക്കാണ് വെറുക്കാനാവുക! അദ്ദേഹം ഭൂതപ്രേതാദികളോട് കൂടി ചുടലയില്‍ വെണ്ണീറണിഞ്ഞു, ജടാദികളോടെ, കപാലഹാരം ധരിച്ച് കഴിയുന്നവനാണങ്കിലും, സമസ്ത ദേവര്‍ക്കും പൂജനീയനാണ്. ശിവ നിന്ദകനായ അങ്ങയുടെ പുത്രിയായി ജനിക്കാന്‍ ഇടവന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ദേവി അതിരറ്റ ദുഖത്തോടെ സ്വന്തം ദേഹം വെടിഞ്ഞു .ദേവിയുടെ യോഗാവസ്തയിലുള്ള ദേഹമുക്തി കണ്ട ദേവന്മാര്‍ ഹാഹാരവം മുഴക്കി. 'ശിവ പ്രിയയായ ഭവതിക്ക്, പിതാവിന്റെ പതിനിന്ദ മൂലം ദേഹം വെടിയേണ്ടി വന്നല്ലോ? ചരാചരങ്ങളുടെ പാലകനാണങ്കിലും ദക്ഷന്‍,മദം മൂലം അന്ധനായി തീര്‍ന്നിരിക്കുന്നു. പുത്രിയെ മൃത്യുവില്‍ നിന്ന് വിലക്കാത്ത ഇദ്ധേഹം അപകീര്തിക്ക് അര്‍ഹനായിരിക്കുന്നു'.

സതിയുടെ വിയോഗത്തില്‍ കുപിതരായശിവ പാര്‍ഷ്വദന്മാര്‍ ,ദക്ഷനെ കൊല്ലുവാനായി പാഞ്ഞടുത്തു. ഇതുകണ്ട ഭ്രുഗു മുനി ദക്ഷനെ രക്ഷിക്കാനായി ദക്ഷിണാഗ്‌നിയില്‍ ഹോമം ചെയ്തു.ഹോമാഗ്‌നിയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ എണ്ണമറ്റ ഋ ഭുക്കള്‍ എന്നപേരോടുകുടിയ ദേവന്മാര്‍ തീക്കൊള്ളി കയ്യിലെടുത്ത് ശിവ പാര്‍ഷ്വദന്മാരൊട് ഏറ്റുമുട്ടി . ശിവപാര്ശ്വ ദന്മാര്‍ക്കു തോറ്റു പിന്‍വാങ്ങേണ്ടി വന്നു .

 

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories