തൃതീയ സ്‌കന്ദം ( തുടര്‍ച്ച )
കപിലനായി സ്വയം വൈഷ്ണവാമംശതോടെ ജനിച്ച ഭഗവാന്‍, മാതാവായ ദേവഹുതിയുടെ സംശയ നിവര്‍ത്തിക്കായി ഇപ്രകാരം പറഞ്ഞു 'സ്വന്തം പരാക്രമമാണ് വലുതെന്ന് കരുതുന്ന മൂഡ നായ മനുഷ്യന്‍ കാല പ്രഭാവത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഭാര്യാ, പുത്രന്‍, ധനം ഇവയിലുള്ള മോഹം വെടിയാതെ മനുഷ്യന്‍ ഏത് ഉന്നത കുല ജാതനായാലും മോക്ഷം സിദ്ധിക്കില്ല. നരകം ലഭിക്കുമെന്നറിഞ്ഞാല്‍ പോലും ആസക്തി വിടാന്‍ മടിക്കുന്നവനാണ് മനുഷ്യന്‍. ലൗകികാസക്തനായ പുരുഷന്‍ സ്ത്രീ ജനത്തിന്റെ രഹസ്യ കേളികളിലും, സന്താനങ്ങളുടെ ക്രീഡാ വിനോദങ്ങളിലും തല്പരനാകുംപോള്‍ അതാണ് സുഖമെന്ന് കരുതുന്നു. ഇഷ്ട ജനങ്ങളുടെ പ്രീതിക്കു വേണ്ടി ഏതു സാഹസ കര്‍മ്മത്തിനും തയ്യാറാകുന്നു. കുടുംബത്തിന്റെ സുഖത്തിനു വേണ്ടി സ്വന്തം യൗവ്വനം ബലികഴി ക്കുന്ന പുരുഷന്‍ വാര്‍ദ്ധക്യത്തില്‍, സന്താനങ്ങളാല്‍ തിരസ്‌കൃതനാകുന്നു, കേവലം പ്രായമായ കാളക്ക് കര്‍ഷകന്‍ നല്‍കുന്ന വിലയെ അവര്‍ പിതാവിനു നല്‍കുക. ഒടുവില്‍ അചലമായ ആ ശരീരത്തെ യമഭടന്മാര്‍ കാല പാശം കൊണ്ട് കെട്ടി വലിച്ചു, തൊണ്ണു റ്റി ഒമ്പതിനായിരം യോജന മുഹൂര്‍ത്ത മാത്രേണ താണ്ടി അവനെ യമ ലോകത്തില്‍ എത്തിക്കുന്നു. സുഖത്തിനു വേണ്ടി ചെയ്തു കൂട്ടിയ പാപ കര്‍മ്മങ്ങള്‍ക്ക് അവിടെ ശിക്ഷ ലഭിക്കുന്നു.
വിറകില്‍ അഗ്‌നി വലുത്, ചെറുത് എന്ന് കാണപ്പെടുന്നത് പോലെ, ശരീരികളിലും ആത്മാവ് നാനാ പ്രകാരത്തില്‍ വര്‍ത്തിക്കുന്നു. ഈ തത്ത്വം മനസ്സിലാക്കിയവന്‍ ബന്ധ ഹേതുവായ മായയെ ജയിച്ച് മുക്തി പ്രാപിക്കുന്നു.ദെവാഹുതി പറഞ്ഞു 'മകനെ! നീ എന്നോട് വ്യക്തമായ രീതിയില്‍ പുരുഷന്‍, പ്രകൃതി, മഹദാദികള്‍, ഭക്തി യോഗം ഇവയെ കുറിച്ച് മനസ്സിലാക്കി തന്നു. ഇനി ഈ സംശയങ്ങള്‍ കുടി വ്യക്തമാക്കിയാലും .യാതൊന്നറിഞ്ഞാലാണൊ മനുഷ്യന്‍ വിരക്തനായി തീരുന്നത്, അതേപോലെ യാതൊന്നിന്റെ പ്രഭാവതാലാണോ മനുഷ്യന്‍ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നത്. അവിടുന്ന് അജ്ഞാനാന്ധകാരത്തില്‍ പെട്ടുഴലുന്ന ഞങ്ങളുടെ യോഗ സുര്യനാണ്. കപിലനായ ഭഗവാന്‍, തന്റെ അമ്മയോട് ഇപ്രകാരം പറഞ്ഞു 'അമ്മേ! സത്വാദി ഗുണഭേദങ്ങള്‍ കൊണ്ട് ഓരോ വ്യക്തിയുടെയും സങ്കല്പങ്ങള്‍ പലതായിരിക്കും, അതുപോലെ ഭക്തി മാര്ഗങ്ങളും പലതാണ്.

ഡംഭു, ഹിംസ, മാത്സര്യം ഇവയും, ഭേദബുധിയുള്ളവനുമായ ഒരുവന്റെ ഭക്തി താമസമായിരിക്കും.ധനാദികളോ, പേരോ നേടാനായി, പ്രതിമാരൂപത്തില്‍ എന്നെ പൂജിക്കുന്നവന്റെ ഭക്തി രാജസമായിരിക്കും. വേദവിധിയെ മാനിച്ച്, പാപനാശതിനു വേണ്ടിയോ, ഈശ്വര സാക്ഷാത്കാരത്തിനു വേണ്ടിയോ എന്നെ പൂജിക്കുന്നത് സ്വാത്വികമാണ്. ഏവരുടെയും ഹൃദയാതരാളത്തില്‍ ഞാന്‍ സ്ഥിതി ചെയ്യുന്നു. അങ്ങനെയുള്ള എന്റെ ഗുണങ്ങളെ ശ്രവിക്കുന്ന മാത്രയില്‍, സമുദ്രത്തിലേക്ക് പതിക്കുന്ന ഗംഗാനദി പോലെ ,ഭക്തന്റെ മനസ്സ് എന്നിലേക്ക് ഒഴുകി എത്തുന്നു .ഇതിനാണ് നിര്‍ഗുണ ഭക്തി എന്ന് പറയുന്നത്, അവിടെ ഫല കാംക്ഷയില്ല. സാലോക്യം, സാമീപ്യം, സാരൂപ്യം, സായുജ്യം തുടങ്ങിയ മുക്തികള്‍ പോലും അവന്‍ കാംക്ഷിക്കുന്നില്ല. എന്നെ സേവിക്കുക മാത്രമാണ് അവന്റെ ജീവിത ലക്ഷ്യം. എപ്രകാരമാണോ കാറ്റിന്റെ സഹായത്താല്‍ ഗന്ധം പുഷ്പങ്ങളില്‍ നിന്ന്, ഘ്രാണ ഇന്ദ്രിയത്തിലേക്ക് ഒഴുകുന്നത്, അതേപോലെ അഭ്യാസതാല്‍ പരിപക്വമായ മേല്പറഞ്ഞ ഭക്തന്റെ മനസ്സ് എന്നിലേക്ക് ഒഴുകി എത്തുന്നു.
അമ്മേ ! അചേതനങ്ങളെക്കാള്‍ ശ്രേഷ്ടമാണ് സചേതനങ്ങളായ വൃക്ഷലതാദികള്‍. അവയെക്കാള്‍ ശ്രേഷ്ഠമാണ്ച ലിക്കുന്ന ജീവികള്‍. ചലിക്കുന്ന ജീവികളെക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനമുള്ള ജീവികള്‍. അതിലും ശ്രേഷ്ഠമാണ് രൂപ രസാദികള്‍ അറിയുന്നവ. സ്പര്‍ശ ജ്ഞാനമുള്ളവയെക്കാള്‍, രസജ്ഞാനമുള്ളവ ശ്രേഷ്ടമാണ്. ഇവയേക്കാള്‍ മഹത്താണ് ബഹുപാദങ്ങളോട് കുടിയ ജീവികള്‍. നാല്‍ക്കാലികള്‍ അവയെക്കാള്‍ ഉത്തമമാകുന്നു. ശബ്ദ,സ്പര്‍ശ, രൂപ, രസ,ഗന്ധാദികള്‍ അനുഭവേദ്യ മാകുന്ന, ഇരുകാലിയായ മനുഷ്യന്‍ ഏറ്റവും ശ്രേഷ്ഠനാണ്. സര്‍വ കര്‍മ്മങ്ങളും, ഇന്ദ്രിയങ്ങളും, ചിത്തവും എന്നിലര്‍പ്പിച്ചു സമദര്‍ശിയായി കഴിയുന്ന പുരുഷനോളം ശ്രേഷ്ഠന്‍ ആരുംതന്നെയില്ല.
ബ്രഹ്മമെന്നും, പരബ്രഹ്മമെന്നും പറയപ്പെടുന്ന ഭഗവാന്റെ പ്രധാന പുരുഷാത്മകവും, അതില്‍നിന്ന് ഉണ്ടായ ഭിന്ന രൂപങ്ങളും ജീവന്റെ തുടുപ്പായി നാനാജീവ ജാലങ്ങളില്‍ വര്‍ത്തിക്കുന്നു .വസ്തുക്കളുടെ രൂപഭേദത്തിനു കാരണമായ ഭഗവാന്റെ അത്ഭുതകരമായ സ്വഭാവമാണ് കാലം. ഭേദബുദ്ധികള്‍ കാലശക്തിയെ ഭയപ്പെടുന്നു. കാലസ്വരൂപനായ ഭഗവാന്‍ വിഷ്ണു എന്ന നാമത്തില്‍ ജീവികളില്‍ അന്തര്യാമിയായി വസിക്കുന്നു. സര്‍വ ചരാചരങ്ങളെയും നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതാക്കുന്ന ആ കാലസ്വരൂപിക്ക് ശത്രു മിത്ര ഭേദങ്ങളില്ല. അദ്ദേഹത്തെ ഭയന്നാണ്, കാറ്റ് വീശുന്നതും, സൂര്യന്‍ തപിപ്പിക്കുന്നതും. ഋതു ഭേദങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള ആ ശക്തിസ്വരൂപന്റെ ആജ്ഞാനുവര്‍ത്തിയായി നദികളും, പര്‍വതങ്ങളും സീമ ലംഘിക്കാതിരിക്കുന്നു.ഭൂമിയുടെ സ്ഥിരത്വവും, അഗ്‌നിയുടെ ജ്വലനവും ആ ശക്തിയുടെ നിയന്ത്രണത്തിലാണ്. ആ സര്‍വ്വേശ്വരന്‍ മൂലമാണ് മഹതത്വം എഴു ആവരണങ്ങളോടെ രൂപപ്പെട്ടതും, ബ്രഹ്മാദികള്‍ സൃഷ്ടി കര്‍മ്മം നടത്താനിടയായതും.
വീണ്ടും തന്റെ മാതാവിന്റെ അറിവിലേക്കായി കപിലനായ ഭഗവാന്‍ തുടര്‍ന്നു 'മഹാ പരാക്രമിയായ മനുഷ്യന്‍ കാലഗതിയെ വായുശക്തിയെ മേഘമെന്ന പോലെ അറിയിന്നുന്നില്ല. ദേഹം, ഭാര്യ, പുത്രന്‍ ഇവ അനിത്യമാണെന്നു അറിഞ്ഞിട്ടും അത് നിത്യമായി ധരിക്കുന്നു. ഭാര്യയുടെ സന്തോഷത്തിനുംസന്താനങ്ങളുടെ ഉയര്‍ച്ചയിലും തല്പരനായ മനുഷ്യന്‍ ഏതു നീച മാര്‍ഗ്ഗത്തിലൂടെയും ധനം സമ്പാദിക്കാന്‍ ശ്രമിക്കുന്നു. താന്‍ പോറ്റിവളര്‍ത്തിയവര്‍, പിന്നീട് വെറുപ്പോടെ നല്‍കുന്ന അന്നം, ശ്വാവിനെ പോലെ ഭുജിച്ച് രോഗബാധിതനായി കഴിയുന്നു. ഈ കുടുംബസ്ഥനായ, അവശനും, രോഗിയുമായ അവനെ യമഭടന്മാര്‍ തേടിയെത്തുമ്പോള്‍ ഭയന്നു വിറച്ചു മലമൂത്ര വിസ്സര്‍ജ്ജനം ചെയ്യുന്നു. താന്‍ അന്നേവരെ പ്രിയപ്പെട്ടതായി കരുതിയ ശരീരത്തെ യമഭടന്മാര്‍ കെട്ടി വരിയുന്നു. തൊണ്ണുറ്റി ഒന്പതിനായിരം യോജന (1 യോജന 1500സാ) മുഹൂര്‍ത്തം മാത്രം കൊണ്ട് താണ്ടി, അവനെ യമാലയത്തില്‍ എത്തിക്കുന്നു. അവന്റെ ശരീരം ശ്വാക്കളും, കഴുകന്മാരും കൊത്തി വലിക്കുന്നു. .ചിലപ്പോള്‍ ആനകള്‍ ചവിട്ടിയരക്കുന്നു, പാമ്പും, തേളും കൊതുകും കടിച്ചു നോവിക്കുന്നത് സഹിയാതെ അലമുറയിടുന്നു. ഇങ്ങനെ പാപികളായ മനുഷ്യര്‍ അന്ധതാ മിസ്രം, താമിസ്രം, രൌരവം തുടങ്ങിയ ഓരോ നരകങ്ങളിലുടെ ചെയ്ത പാപം തീരുവോളം കഠിന യാതന സഹിക്കുന്നു.നരകത്തിനും, സ്വര്‍ഗ്ഗത്തിനും സമാനമായ അനുഭവങ്ങള്‍ വരുമ്പോള്‍ പലരും ജീവിതം തന്നെ ഈ പ്രഹേളികകളിലുടെ കടന്നു പോകുന്നതായി കരുതുന്നു. കുടുംബ സംരക്ഷണതിനു വേണ്ടി പാപ കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ അന്ധതാ മിസ്ര നരകത്തെ പ്രാപിക്കുന്നു. പാപ കര്‍മ്മങ്ങള്‍ അനുഭവിച്ചശേഷം കൃമിയായി ജനിക്കുന്നു. വീണ്ടും പലയോനികളിലൂടെ കടന്നു മനുഷ്യ യോനിയില്‍ എത്തിച്ചേരുന്നു.
കപിലനായ വൈഷ്ണവാംശജന്‍ തുടര്‍ന്നു, ആ മാതാവ് മകന്റെ സത് വാക്കുകള്‍ക്കായി കാതോര്‍ത്തു. ഈശ്വരേച്ഛക്കനുസരിച്ച്, ജീവന്‍ ശരീരമെടുക്കുന്നതിനായി,പുരുഷ രേതസ്സിലുടെ,സ്ത്രീ യോനിയില്‍ പ്രവേശിക്കുന്നു. ഒരു ദിവസം കൊണ്ട് ശുക്ലം, രക്തത്തോട് ചേര്‍ന്ന് കലലമായി തീരുന്നു. അഞ്ചു ദിവസം കൊണ്ട് ബുദ്ബുദമായി തീരുന്നു. പത്തു ദിവസം കൊണ്ട് ഉറച്ചുരുണ്ട് കര്‍ക്കന്ധു ആയി പരിണമിക്കുന്നു.
പിന്നെ ക്രമേണ അത് മുട്ടയായോ, മാംസ പിണ്ഡമായോ തീരുന്നു. ഒരു മാസം കൊണ്ട് മാംസ പിണ്ഡതിനു ശിരസ്സുണ്ടാകുന്നു. രണ്ടു മാസം കൊണ്ട് കൈകാലുകളും മറ്റംഗങ്ങളും ഉണ്ടാകുന്നു. മൂന്ന് മാസം കൊണ്ട് നഖം, അസ്ഥി,രോമം, ലിംഗ ദ്വാരം, തോല്‍ മുതലായവ ഉണ്ടാകുന്നു. നാല് മാസം കൊണ്ട് സപ്ത ധാതുക്കളും, അഞ്ചു മാസം കൊണ്ട് വിശപ്പ്, ദാഹം ഇവയും ഉണ്ടായി തീരുന്നു.ആറാം മാസത്തില്‍ ജരായുവിനാല്‍ പ്രേരിതനായി വലതു ഭാഗം ചലിപ്പിക്കുന്നു. പിന്നീട് മാതാവ് കഴിക്കുന്ന അന്നപാനാദി കളാല്‍ ശരീരം പുഷ്ടിപ്പെട്ട് ,മലമൂത്രാദികള്‍ക്കിടയില്‍ കിടക്കുന്ന അവനെ കൃമികള്‍ കുത്തി നോവിക്കുന്നു. മാതാവ് ഭക്ഷിക്കുന്ന എരിവ്, ഉപ്പ്, ചവര്‍പ്പ്അടങ്ങിയ രസങ്ങള്‍ അവന്റെ മൃദു ശരീരം വേദനിപ്പിക്കുന്നു. ശരീരമാകെ അഴുക്കു പുരണ്ടു ,കുടല്‍മാല വെളിയിലാക്കി, കഴുത്തും, പ്രുഷ്ടവും കോട്ടി, ശിരസ്സ് കുക്ഷിയില്‍ വെച്ച് കഴിയേണ്ടി വരുന്നു. ശരീരം അനക്കാന്‍ വയ്യാത്ത അവസ്ഥയില്‍, ഈശ്വരേച്ഛയാല്‍, അവന് പൂര്‍വ്വജന്മ സ്മൃതി ഉണ്ടാകുന്നു.എഴാം മാസം മുതല്‍ സൂതികാ വായുവിനാല്‍ പ്രേരിതനായി ചലിച്ചു തുടങ്ങുന്ന അവന്‍, ഇടക്ക് ഭയത്താല്‍ ഈശ്വരനെ വിളിച്ചു കേഴുന്നു. കുപ്പു കൈ പിണച്ച്, ഈ ജന്മം തനിക്കു കല്പിച്ചരുളിയ, മായാ ബന്ധനല്ലാത്ത ഭഗവാനെ സ്തുതിക്കുന്നു. മറ്റു ജീവികളെ അപേക്ഷിച്ച്, വിശേഷ ബുദ്ധി എന്ന ദമതോടെ ജനിക്കുന്ന മനുഷ്യന്‍ ഭഗവാനെ ഹൃദയത്തിനകത്തും, പുറത്തും ക്ഷേത്രജ്ഞനെന്ന പോലെ ദര്‍ശിക്കുന്നു.
മാതൃഗര്‍ഭത്തില്‍ കിടക്കെ, ഈ ജീവന്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നു, 'ഏറ്റം വേദന ഉണ്ടങ്കിലും, ഞാന്‍ ഇവിടെ നിന്ന് മായാബന്ധിതമായ പുറം ലോകത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. പുറം ലോകത്തെ മിഥ്യാ ബോധം ജനിപ്പിക്കുന്ന സംസാര ചക്രത്തില്‍ പെട്ടുഴലാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല വിഭോ !
എന്നാല്‍, സ്തുതിക്കിടയില്‍, സൂ തികാവായു അവനെ പുറം തള്ളുന്നു. സ്മൃതിയും, ശ്വാസവും നിലച്ച് തല കീഴായി പുറത്തേക്കു വരുന്ന അവന്‍ തികച്ചും അജ്ഞനാണ്. ഇഷ്ടങ്ങള്‍ രോദനത്തിലൂടെ സാധിച്ചെടുക്കാന്‍ അവന്‍ ശീലിക്കുന്നു. ക്രമേണ ഉദര പൂരണത്തിനും, ശിശ്നത്തിന്റെയും ആഗ്രഹ പൂര്‍ത്തീകരണതിനായി അവന്‍ പല പാപ കര്‍മ്മങ്ങളും ചെയ്യുന്നു. ജീവന്‍ പഞ്ച ഭൂത നിര്‍മ്മിതമായ ശരീരം സ്വീകരിച്ച് ഭൂമിയില്‍ സ്വന്തം ആഗ്രഹപൂരണത്തിനായി ഉഴലുന്നു, ജീവന്റെ ഉല്പത്തി ജന്മവും, വിനാശം മൃത്യുവുമാണ്.
ഭഗവാന്‍ തുടര്‍ന്നു, 'അമ്മേ! ഭാഗവത ധര്‍മ്മത്തെ അറിയാത്ത മൂഡന്മാര്‍, മറ്റു ദേവതകളെയും, പിതൃക്കളെയും ഉപാസിച്ച്, മരണാനന്തരം ചന്ദ്ര ലോകത്ത് എത്തി ചേരുന്നു. വീണ്ടും ഭോഗ സുഖത്തിനായി പുനര്‍ജ്ജനിക്കുന്നു. ഫലേച്ച കുടാതെ സ്വധര്‍മ്മം അനുഷ്ടിക്കുന്നവര്‍, നാരായണ പ്രിയരായി പുനര്‍ജ്ജനിയില്ലാത്ത, സൂര്യ ലോകത്തില്‍ എത്തിച്ചേരുന്നു .
കര്‍മ്മത്തില്‍ ആസക്തരായി വെദൊക്ത കാര്യകര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും, ശ്രാദ്ധ കര്‍മ്മാദികള്‍നടത്തുകയും, എന്നാല്‍ ഭഗവത് ചരിതാമൃതം ശ്രവിക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നവര്‍ ദക്ഷിണായന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് 'ആര്യമാവിന്റെ ലോകത്ത്' എത്തിച്ചേരുന്നു. പുണ്യം ക്ഷയിക്കുമ്പോള്‍ വീണ്ടും ഭുമിയില്‍ ജനിക്കുന്നു. പരമാത്മാവായ നാരായണന്റെ പാദകമലങ്ങളെ സേവിക്കുന്നവര്‍ ജനിമൃതികള്‍ ഇല്ലാത്ത നാരായണ പദം പ്രാപിക്കുന്നു.
മൈത്രേയ മഹര്‍ഷി തുടര്‍ന്നു, 'അല്ലയോ വിദുര മഹാശയാ! ഇപ്രകാരമുള്ള, .ദേവാംശജനായി പിറന്ന തന്റെ പുത്രന്റെ വാക്കുകള്‍ ശ്രവിച്ച ദേവാഹുതിയുടെ, ദേഹഭാവന ഇല്ലാതായി. അനതരം അവര്‍ ഭഗവാനെ വാഴ്ത്തുവാന്‍ തുടങ്ങി.
ദേവാഹുതിയുടെ സ്തുതി
അഥാ അപ്യജോ അന്ത സലിലേ ശയാനാം
ഭുതേ ദ്രിയാര്ഥത്മമയം വപുസ്‌തെ
ഗുണ പ്രവാഹം സദ ശേഷ ബീജം
ദധൗ സ്വയം യജ്ഞാരബ് ജജാത :
യാതൊരാളുടെ നാഭീ കമലത്തില്‍ നിന്ന് ഉത്ഭവിച്ച ബ്രഹ്മാവു പോലും സ്തുതിക്കുന്ന, സമുദ്രാന്തര്‍ഭാഗത്ത് ശയിക്കുന്നവനും, ഗുണങ്ങളെ പ്രവഹിപ്പിക്കുന്നവനും, ഭുതങ്ങള്‍, ഇന്ദ്രിയങ്ങള്‍, അര്‍ത്ഥങ്ങള്‍ ഇവക്ക് ആസ്പദമായതും, സര്‍വതിന്റെയും ബീജമായ നിന്തിരുവടി എന്റെ ഗര്‍ഭത്തില്‍ വന്നുദിക്കുകയും, എനിക്ക് മകനായി പിറക്കുകയും ചെയ്തത് എന്റെ പുണ്യമത്രെ.
തുടര്‍ന്നും പലവിധ സ്തുതി വചനങ്ങളാല്‍ ആ അമ്മ ഭഗവാനെ വാഴ്ത്തി. ഇപ്രകാരമുള്ള ദേവാഹുതിയുടെ സ്തുതിയില്‍ സതുഷ്ടനായ കപിലന്‍ അരുളി,
'മാര്‍ഗ്ഗെണാനെന മാതസ്‌തെ സുസെവ്യനൊദി തേന മേ
ആസ്ഥിതെന പരാം കാഷ്ടാമചിരാദ വരോത്സസി
ശ്രദ്ധ ല്‌സൈ തന്‍ മതം മഹ്യം ജുഷ്ടംയദ്ത് ബ്രന്മവാദിഭി:
യേന മാ മഭവം യായ മൃത്യു മ്രുച്ചദ്യതദ് ദി :
മാതാവേ! ഞാനുപദേശിച്ചുതന്ന ജ്ഞാന മാര്‍ഗ്ഗത്തെ അവിടുന്ന് എന്റെ പരമപദതെ പ്രാപിക്കും.ഈ മാര്‍ഗ്ഗം പിന്തുടരുന്നവര്‍ തീര്‍ച്ചയായും ബ്രഹ്മപദം പ്രാപിക്കും. മൈത്രേയ മഹര്‍ഷി പറഞ്ഞു, ഇപ്രകാരം മാതാവിന് തത്ത്വ ബോധം നല്‍കി, കപിലനായ ഭഗവാന്‍യാത്രയായി അതിനുശേഷം ദേവാഹുതി, സരസ്വതി തീരത്തുള്ള ബിന്ദു സരസ്സില്‍ തപസ്സനുഷ്ടിച്ചു.
ക്രമേണ വിരക്തികൊണ്ടും, ജപപൂജാദികള്‍ കൊണ്ടും അവര്‍ ബ്രഹ്മജ്ഞാനിയായി.ദേവാഹുതിയുടെ, ദേവ ഋഷി വന്ദിതമായ ശരീരം 'സിദ്ധിദാ' എന്ന നദിയായി രൂപാന്തരപ്പെട്ടു .മാതാവിനു സാംഖ്യ തത്ത്വം ഉപദേശിച്ച കപിലനായ ഭഗവാന്‍ വരുണന്‍ നല്‍കിയ ആവാസസ്ഥലത്ത്ഇപ്പോഴും തപസ്സനുഷ്ടിച്ചു വരുന്നു .
സമാപ്‌തോ അയം തൃതീയ സ്‌കന്ദ :
ഓം നമോ ഭഗവതേ വാസുദേവായ !!!
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com