മഹാഭാഗവതം (ചതുര്‍ത്ഥസ്‌കന്ദം തുടര്‍ച്ച)
ധ്രുവചരിതം
മൈത്രേയമഹര്‍ഷി പറഞ്ഞു, ബ്രഹ്മാവിന്‍റെ പുത്രന്‍മാരായ സനകാദികളും, നാരദന്‍, ഹംസന്‍, അരുണി, യതി ഇവര്‍ നൈഷ്ടിക ബ്രഹ്മചാരികളായിരുന്നു. അതിനാല്‍ അവര്‍ക്ക് വംശപാരമ്പര്യം ഉണ്ടായില്ല. അധര്‍മ്മത്തിന്‍റെ പത്‌നിയായ മൃഷയുടെ മക്കളായിരുന്ന മായയേയും ദംഭനെയും നിതൃതി മക്കളായി സ്വീകരിച്ചു. പിന്നീട് ദംഭന് മായയില്‍ രണ്ട് പുത്രന്‍മാരുണ്ടായി. ഇവര്‍ ലോഭന്‍, നികൃതി. ഇവരുടെ മക്കളായി ക്രോധന്‍, ഹിംസാ എന്നിവരുണ്ടായി. ക്രോധന് ഹിംസയില്‍ ദുരുക്തി, കലി എന്ന് രണ്ടുപേര്‍ ജാതരായി. ദുരുക്തിയില്‍ നിന്ന് കലിക്ക് ഭീതി, മൃത്യു എന്ന് രണ്ട് പേരുണ്ടായി. ഭീതിക്ക് മൃത്യുവില്‍ നിന്ന് നിരയന്‍, യാതന എന്നിവരുണ്ടായി. ഇപ്രകാരം പ്രതിസര്‍ഗം വിവരിക്കുന്നു.
ബ്രഹ്മശരീരം രണ്ടായി പിളര്‍ന്നതില്‍ നിന്നുണ്ടായ ആദിപുരുഷനായ സ്വയംഭു മനുവും, സ്ത്രീജാതയായ ശതരൂപയും ആദിപുരുഷസ്ത്രീയായി കല്പിക്കപ്പെട്ടു. അവര്‍ക്കുണ്ടായ പുത്രന്‍മാരാണ് ഉത്താനപാദനും പ്രിയവ്രതനും. ഉത്താനപാദന് സുരുചി എന്ന ഭാര്യയില്‍ 'ഉത്തമനെന്ന' പുത്രനും, സുനീതിയില്‍ ധ്രുവന്‍ എന്ന പുത്രനുമുണ്ടായി.
ഉത്താനപാദ രാജാവ് സുരുചിയെന്ന തന്‍റെ രണ്ടാം ഭാര്യയില്‍ കൂടുതല്‍ തല്പരനായിരുന്നു. ഒരിക്കല്‍ ഉത്താനപാദന്‍റെ മടിയിലിരുന്ന ആദ്യഭാര്യയിലെ പുത്രനായ ധ്രുവനെ അവര്‍ ബലമായി പിടിച്ചിറക്കി ദേഷ്യപ്പെട്ട് 'നീ എന്‍റെ ഉദരത്തില്‍ പിറക്കാത്ത പുത്രനായതിനാല്‍ രാജാവിന്‍റെ മടിയില്‍ ഇരിപ്പാന്‍ അവകാശമില്ല. അങ്ങനെ ഒന്ന് നീ ആഗ്രഹിക്കുന്നെങ്കില്‍ നീ ഭഗവാനെ തപസ്സ് ചെയ്ത്, അനുഗ്രഹത്തോടെ എന്‍റെ ഉദരത്തില്‍ പുനര്‍ജനിക്കുക!'
ധ്രുവകുമാരന്‍ കരഞ്ഞുകൊണ്ട് മാതാവ് സുനീതിയുടെ അടുത്തെത്തി. അമ്മ പുത്രനെ സാന്ത്വനിപ്പിച്ചു.
'മകനേ! ഇത് നിന്‍റെ കുറ്റമല്ല, എന്‍റെ കര്‍മ്മഫലമാണ്. നീ ദുഖം അടക്കുക'. അമ്മ മകനെ മടിയിലിരുത്തി ലാളിച്ചു. 'നിന്റെ ചിറ്റമ്മയുടെ വാക്കുകള്‍ സത്യമാണ്. നാരായണനെ ഭജിച്ചാല്‍ നിനക്ക് എക്കാലവും നിന്‍റെ പിതാവിന്റെ ഉത്തമപുത്രനായി വസിക്കാം. പിന്നീട് ആര്‍ക്കും നിന്‍റെ അവകാശത്തെ നിഷേധിക്കാനാകില്ല. സര്‍വ്വേശ്വരനായ മുകന്ദപാദാരവിന്ദം നീ ഭക്തിയോടെ സ്മരിക്കുക, മനസ്സ് ഏകാഗ്രമാക്കുക. തീര്‍ച്ചയായും ഭഗവാന്‍ നിന്റെ ആഗ്രഹം സാധിച്ചുതരും.'
മാതാവിന്‍റെ അനുഗ്രഹത്തോടെ ആ ബാലന്‍, നാരായണ ഭജനത്തിനായി കൊട്ടാരം വിട്ടിറങ്ങി. മാര്‍ഗ്ഗമധ്യേ കുമാരനെ കണ്ട നാരദമുനി അവനെ ആശിര്‍വദിച്ചു. നാരദമുനി ധ്രുവകുമാരന്‍റെ ഉദ്ദേശം അറിഞ്ഞ ശേഷം ഇപ്രകാരം ഉപദേശിച്ചു. 'കുഞ്ഞേ! നീ ആരെ തേടിയാണോ ഇറങ്ങി തിരിച്ചത്, അദ്ദേഹത്തെ കണ്ടെത്തുക സര്‍വ്വസംഗ പരിത്യാഗികളായ യോഗികള്‍ക്കുപോലും ഏറെ തപസ്സിലൂടെ മാത്രമേ പാത്രമാകു. നിന്‍റെ ഈ ഇളം ശരീരം അതിനു വേണ്ടി പാകമായിട്ടില്ല. അതിനാല്‍ നീ പിടിവാശി കളഞ്ഞ് കൊട്ടാരത്തിലേക്ക് മടങ്ങുക! നിനക്ക് സംഭവിച്ച ഈ ദുഃഖം എളിയതായി കണ്ട് സഹിക്കാന്‍ ശീലിക്കുക. ധ്രുവന്‍ താഴ്മയായി അപേക്ഷിച്ചു,. 'ചിറ്റമ്മയുടെ ക്രൂരവാക്കുകള്‍ എന്റെ ക്ഷാത്ര വീര്യത്തെ തളര്‍ത്തുന്നു. എനിക്ക് ഭഗവല്‍ പാദാരവിന്ദങ്ങളില്‍ അഭയം കണ്ടെത്താനുള്ള 'ശമ' സാധന അങ്ങ് ഉപദേശിച്ചാലും!'
നാരദമുനി അരുളി, 'മകനെ! നീ ഭഗവാന്‍ വാസുദേവനെ ഏകാഗ്ര ചിത്തത്തോടെ ഭജിക്കുക. യമുനാ തീരത്തുള്ള മധുവനത്തിലേക്കു പോകുക. യമുനയില്‍ മൂന്നുനേരവും കുളിച്ച്, നിനക്ക് ഉചിതമായ യോഗാസന നിഷ്ഠ സ്വീകരിച്ചു, പ്രാണായാമം ചെയ്തു മനസ്സിനെ ഇന്ദ്രിയ വിഷയങ്ങളില്‍ നിന്ന് മുക്തനാക്കുക. അതിനുശേഷം പരിശുദ്ധ മനസ്സോടെ ശ്രീ ഹരിയെ സ്തുതിക്കുക.
ഭഗവാന്‍റെ തിരുശരീരം നിന്‍റെ അന്തര്‍മനസ്സില്‍ വിലങ്ങുമാറാകട്ടെ. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ഓരോതവണയും ഏഴു പ്രാവശ്യം ജപിക്കുക. ഇതാണ് ഭഗവാന്‍റെ ദാദശാക്ഷരീ മന്ത്രം കുഞ്ഞേ! നീ ആവുന്നത്ര നിഷ്ഠയോടെ ഭജിക്കുക. ഭഗവാന്‍ നിനക്ക് ദര്‍ശനം നല്‍കും'. മുനിയുടെ വാക്കുകള്‍ ശ്രവിച്ച കുമാരന്‍, ഭക്തിയോടെ ഗുരുവിനെ പ്രണമിച്ചു, തപസ്സിനായി മധുവനത്തിലേക്ക് തിരിച്ചു.
അനന്തരം കൊട്ടാരത്തിലെത്തിയ നാരദമുനിയെ ഉത്താനപാദന്‍ അര്‍ഘ്യപാദ്യങ്ങള്‍ നല്‍കി ആദരിച്ചു. രാജാവിന്‍റെ ദുഃഖത്തിന്റെ ഹേതു തിരക്കിയ മുനിയോട് രാജാവ് അറിയിച്ചു, 'മഹാമുനേ! ഞാന്‍ കടുത്ത അപരാധം ചെയ്തു, എന്‍റെ മടിയില്‍ കയറി ഇരിക്കാന്‍ മോഹിച്ചു വന്ന എന്റെ പുത്രനെ ഞാന്‍ ഭാര്യയുടെ വാക്കുകള്‍ക്ക് വശനായി ഇറക്കി വിട്ടു. കടുത്ത അപരാധിയായ ഞാന്‍ പുത്രനെ കണ്ടെത്താന്‍ എന്തു ചെയ്യണമെന്ന് പറഞ്ഞാലും!' നാരദ മഹര്‍ഷി രാജനെ സാന്ത്വനിപ്പിച്ചു, 'രാജന്‍! അങ്ങു ധ്രുവനെ കുറിച്ച് ദുഖിക്കേണ്ട. അവന്റെ തപസ്സില്‍ നാരായണന്‍ പ്രസാദിക്കും. െ്രെതലോക്യം നിറഞ്ഞ കീര്‍ത്തിയോടെ മടങ്ങി വരുന്ന കുമാരന്‍ അങ്ങയുടെയും, കുലത്തിന്റെയും കീര്‍ത്തി വര്‍ദ്ധിപ്പിക്കും. അവനെ കുറിച്ച് തെല്ലും ആശങ്ക വേണ്ട.'
ഇതേസമയം മധുവനത്തിലെത്തിയ ധ്രുവകുമാരന്‍, മുനി പറഞ്ഞതു പോലെ തപസ്സനുഷ്ഠിച്ചു തുടങ്ങി. ആദ്യത്തെ മാസം, മുന്നുനാളില്‍ ഒരിക്കല്‍ മാത്രം കായ്കനികള്‍ ഭക്ഷിച്ച് ഏകാഗ്രതയോടെ ഭഗവല്‍ ധ്യാനം ചെയ്തു. അടുത്തമാസം ആറു ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഇലയും പുല്‍വര്‍ഗ്ഗങ്ങളും ഭക്ഷിച്ചു. മൂന്നാം മാസം ഒന്‍പതു ദിനത്തില്‍ ഒരിക്കല്‍ മാത്രം ജലം പാനം ചെയ്തു. നാലാം മാസം, പന്ത്രണ്ടു ദിവസത്തില്‍ ഒരിക്കല്‍ മാത്രം വായു ഭക്ഷിച്ച് ഘോരമായി തപസ്സു ചെയ്യാന്‍ തുടങ്ങി. അഞ്ചാം മാസം, പ്രാണനെ നിയന്ത്രിച്ച് ഒറ്റക്കാലില്‍ നിന്ന് തപം ചെയ്യാന്‍ തുടങ്ങി. ആ തപാഗ്‌നിയില്‍ ലോകം ചുട്ടുപൊള്ളാന്‍ തുടങ്ങി. ഭൂമി ഒരു തോണിപോലെ ചരിഞ്ഞു തുടങ്ങി. ദേവന്മാര്‍ ദുഖത്തോടെ നാരായണനെ തേടി എത്തി. ഭഗവാന്‍ പറഞ്ഞു, 'ഇത് കേവലം ബാലനായ ധ്രുവകുമാരന്‍റെ ഏകാഗ്രമായ ഭക്തിയും നിഷ്ഠയുമാണ്, ഇതിന് ലോകത്തെ ചുട്ടുപൊള്ളിക്കാനുള്ള ശക്തിയുണ്ട്. ഞാന്‍ ഉടന്‍ തന്നെ അവന് ദര്‍ശനം നല്‍കി നിങ്ങളെ ആപത്തില്‍ നിന്ന് രക്ഷിക്കുന്നുണ്ട്. സന്തുഷ്ടരായ ദേവന്മാര്‍ സ്വര്‍ഗ്ഗലോകത്തേക്കു മടങ്ങി.
മൈത്രേയ മഹര്‍ഷി തന്‍റെ ആഖ്യാനം തുടര്‍ന്നു, ദേവന്മാരെ യാത്ര അയച്ച ശേഷം ഭഗവാന്‍ ഗരുഡന്റെ പുറത്തേറി മധുവനത്തിലേക്ക് തിരിച്ചു. ഭഗവത്ദര്‍ശനത്താല്‍ പുളകിതനായ കുമാരന്‍, വിഷ്ണുവിന്‍റെ പാദങ്ങളില്‍ വീണ്ടും വീണ്ടും പ്രണമിച്ചു. ഭഗവാന്‍ ആ ബാലനെ സ്‌നേഹത്തോടെ വാരിപ്പുണര്‍ന്നു കവിളില്‍ തലോടി. അതോടെ ധ്രുവന്‍ ജ്ഞാനം നേടുകയും ഭഗവാനെ ഇങ്ങനെ സ്തുതിച്ചു.
യോ അന്ത: പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സം ജീവയത് അഖില ശക്തി ധര: സ്വധാമന
അന്യാംച ഹസ്ത ചരണ ശ്രവണ ത്വഗാദീന്‍
പ്രാണാന്നമോ ഭഗവതേ പുരുഷായ തുഭ്യം. (ഭാഗവതം )
(സര്‍വ ശക്തികളെയും ധരിച്ചിരിക്കുന്ന യാതൊരാള്‍ എന്‍റെ ഉള്ളില്‍ പ്രവേശിച്ചു, ലീനമായി കിടന്നിരുന്ന ഈ വാക്കിനേയും, കൈ, കാല്‍, ചെവി, തൊലി ഇത്യാദി ഇന്ദ്രിയങ്ങളെയും പ്രാണങ്ങളേയും സ്വവൈഭവം കൊണ്ട് ഉണര്‍ത്തുന്നുവോ പരം പുരുഷനും, ഭഗവാനുമായ നിന്തിരുവടിയെ നമിക്കുന്നു.)
ജ്ഞാനിയായ ധ്രുവന്‍ തുടര്‍ന്നു, ജനനമരണാദികളില്‍ നിന്നു മുക്തി നല്‍കുന്ന നിന്തിരുവടിയെ തുച്ഛങ്ങളായ ഭൗതിക സുഖങ്ങള്‍ക്ക് വേണ്ടി ഉപാസിക്കുന്നവര്‍ നിശ്ചയമായും നിന്തിരുവടിയുടെ മായയാല്‍ മോഹിതരായ ബുദ്ധിയോട് കൂടിയവര്‍ തന്നെ. കുമാരന്‍ വീണ്ടും സ്തുതിച്ചു; 'ഭഗവാനേ! നിന്‍തിരുവടി പരമ പുരുഷാര്‍ദ്ധമായ മോക്ഷമാണ്. അങ്ങയുടെ ശ്രീപാദ രേണുക്കളേക്കാള്‍ ശ്രേഷ്ടമായി ഒന്നും ജഗത്തിലില്ല. പശുക്കള്‍ കിടാങ്ങളെ തടവുന്ന മൃദുലതയോടെ അങ് ഞങ്ങളെ സ്‌നേഹിക്കുന്നു, പരിപാലിക്കുന്നു. ധ്രുവന്‍റെ സ്തുതിയില്‍ സന്തുഷ്ടനായ ഭഗവാന്‍ പറഞ്ഞു,
'വേദാഹം തേ വ്യവസിതം ഹൃദി രാജന്യ ബാലകാ!
തത് പ്രയച്ഛാമി ഭദ്രം തേ ദുരാപമപി സുവൃതാ!
നാന്യയ് രധിഷ്ഠിതം ഭദ്രാ! യദ് ഭ്രാജിഷ്ണു ധൃവക്ഷിതി
യത്ര ഗ്രഹര്‍ഷ താരാണാം ജ്യോതിഷാ മു് ചക്രമാഹിതം. (ഭാഗവതം)
വത്സാ! നിന്‍റെ മനോരഥം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട്. കല്പാന്ത കാലങ്ങളോളം, ജ്യോതിര്‍ഗോളങ്ങള്‍ നിനക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന അപ്രാപ്യമായ പരമ സ്ഥാനം ഞാന്‍ നിനക്ക് കല്പിച്ചരുളുന്നു. നക്ഷത്രങ്ങള്‍ക്കൊപ്പം, സപ്തര്‍ഷികളും, ശുക്രനും നിനക്ക് വലം വയ്ക്കും. നീ മുപ്പത്തിയാറായിരം വര്‍ഷം രാജ്യം ഭരിക്കും. നായാട്ടിനായി പോകുന്ന നിന്‍റെ സഹോദരന്‍ ഹനിക്കപ്പെടും, അവനെ തേടി പോകുന്ന അവന്‍റെ അമ്മയും കാട്ടു തീയില്‍ പെടും. നീ യജ്ഞങ്ങളാല്‍ യജ്ഞേശ്വരനായ എന്നെ ഭജിക്കയാല്‍, അന്ത്യത്തില്‍ പുനരാവര്‍ത്തിയില്ലാത്ത പരമപദം പ്രാപിക്കും.
മൈത്രേയ മഹര്‍ഷി വിദുരരോട് ഇങ്ങനെ പറഞ്ഞു. 'ഇപ്രകാരം ധ്രുവനെ അനുഗ്രഹിച്ച ശേഷം ഭഗവാന്‍ ഗരുഡന്റെ പുറത്തേറി യാത്രയായി. ധ്രുവന്‍ കൊട്ടാരത്തിലേക്ക് തിരിച്ചെങ്കിലും സന്തോഷവാനായിരുന്നില്ല. വിദുരര്‍ വീണ്ടും തന്റെ സംശയം ആവര്‍ത്തിച്ചു, 'അനുഗ്രഹം നേടിയിട്ടും, എന്തുകൊണ്ട് ധ്രുവന്‍ ദുഃഖിതനായി കാണപ്പെട്ടു'? മൈത്രേയ മഹര്‍ഷി പറഞ്ഞു, 'ഭഗവാനില്‍ നിന്ന് മോക്ഷ പ്രാപ്തി കൊതിച്ചിട്ടും, സംസാര ദുഃഖനിവര്‍ത്തി ആ ബാലന്‍ ഏറെ കൊതിച്ചു, ആ അപൂര്‍ണ്ണത ആ ബാലനെ കീഴ്‌പെടുത്തിയിരുന്നു.
ധ്രുവകുമാരന്‍ കൊട്ടാരത്തിലേക്ക് മടങ്ങി വരുന്ന വാര്‍ത്ത അറിഞ്ഞിട്ടും ഉത്താനപാദന് വിശ്വസിക്കാനായില്ല. ഒടുവില്‍ നാരദ മുനിയില്‍ നിന്ന് വിവരം ഗ്രഹിച്ച രാജാവ്, രാജകീയ അകമ്പടിയോടെ പുത്രനെ വരവേറ്റു.
തന്‍റെ പാദം വണങ്ങാന്‍ മുതിര്‍ന്ന പുത്രനെ രാജാവ് അശ്രുപൂര്‍ണ്ണ നേത്രങ്ങളോടെ ഗാഢം പുണര്‍ന്നു. രണ്ടമ്മമാരും അവനെ വാരിപുണര്‍ന്നു. ഹരിപ്രീതി നേടിയ ധ്രുവനെ ഏവരും ആദരവോടെ കണ്ടു. ഏറെ കാലത്തിനു ശേഷം, യുവരാജാവായ ധ്രുവനെ രാജാവായി അഭിഷേകം ചെയ്ത്, ഉത്താനപാദന്‍ തപസ്സിനായി വനത്തിലേക്ക് തിരിച്ചു.
യുവരാജാവായ ധ്രുവന്‍, ശിശുമാര രാജാവിന്‍റെ ഭൂമി എന്ന പുത്രിയെ വിവാഹം ചെയ്തു. അവര്‍ക്ക് വല്‍സരന്‍, കല്പന്‍ എന്ന് രണ്ടു പുത്രന്മാരുണ്ടായി. അനന്തരം വായു പുത്രിയായ ഇളയെ വിവാഹം ചെയ്ത ധ്രുവന്, ആ ബന്ധത്തില്‍ 'ഉല്‍ക്കലന്‍' എന്ന സുന്ദരനായ പുത്രനും, ഒരു പുത്രിയും ജനിച്ചു. ധ്രുവന്റെ സഹോദരന്‍ ഉത്തരന്‍ നായാട്ടിന് പോയതിനിടയില്‍, ഒരു യക്ഷനുമായി ഏറ്റുമുട്ടി മരണപ്പെട്ടു. മകനെ തിരഞ്ഞു പോയ അവന്‍റെ മാതാവ് സുരുചിയും കാട്ടുതീയില്‍ പെട്ടു, വിവരമറിഞ്ഞ് കോപിഷ്ഠനായ ധ്രുവന്‍ യക്ഷപുരി ലക്ഷ്യമായി തിരിച്ചു. ധ്രുവന്‍റെ ശംഖധ്വനി കേട്ട യക്ഷര്‍ പേടിച്ചു വിറച്ചു. തുടര്‍ന്നുണ്ടായ ഭയാനകമായ യുദ്ധത്തില്‍ ധ്രുവന്‍ യക്ഷരെ തോല്‍പിച്ചു. ഇപ്രകാരം ശത്രുക്കളെ തോല്പിച്ചോടിച്ചിട്ടും, യക്ഷന്മാരുടെ മായാവിദ്യകളെ പറ്റി ബോധമുള്ള ധ്രുവന്‍, യക്ഷപുരിയില്‍ പ്രവേശിക്കാതെ ഒരു ക്ഷണം കാത്തു. അടുത്ത നിമിഷം കടലിരമ്പുന്ന ആരവം കേള്‍ക്കയായി. ആകാശം മേഘാവൃതമായി. മേഘങ്ങള്‍ ഉരുണ്ടുകൂടി. എങ്ങും ഇരുള്‍ പരന്നു. ആകാശത്തുനിന്ന് പാറകളും മരങ്ങളും, കൂടാതെ രക്ത,മലങ്ങളും വര്‍ഷിക്കാന്‍ തുടങ്ങി. അനേകം ഹിംസ്ര ജന്തുക്കള്‍ ധ്രുവന്‍റെ നേരെ കുതിച്ചു. അതിഭീകരമായ ഈ യക്ഷമായ കണ്ട് പകച്ചുനിന്ന ധ്രുവന്‍റെ മുന്നില്‍ മുനിമാര്‍ പ്രത്യക്ഷപെട്ടു.
അവര്‍ ധ്രുവനോട് ശ്രീഹരിയെ പ്രാര്‍ത്ഥിക്കാന്‍ ഉപദേശിച്ചു. മുനിമാരുടെ ഉപദേശം കേട്ട ധ്രുവന്‍, ദേഹശുദ്ധി വരുത്തി, നാരായണാസ്ത്രം അഭിമന്ത്രിച്ച്, യക്ഷന്മാര്‍ക്ക് നേരെ തൊടുത്തു. ആ ശക്തിയില്‍ യക്ഷന്മാര്‍ ശരീരം മുറിഞ്ഞു പലയിടത്തേക്കും പാഞ്ഞു. ഈ സമയം 'സ്വയം ഭു' മനു ഋഷിമാരോടുകൂടി അവിടെ എത്തി. മനു ധ്രുവനെ ഉപദേശിച്ചു; 'പുത്രാ! നിന്‍റെ കോപത്താല്‍ നീ ഈ യക്ഷകുലത്തെ ഉന്മൂലനം ചെയ്യാന്‍ തുനിയുന്നത് പാപമാണ്. നിന്‍റെ സഹോദരന്‍റെ മരണത്തിന് പകരമെന്നോണം ഈ വിധം യുദ്ധം ചെയ്യുന്നത് നീതിക്ക് ചേര്‍ന്നതല്ല. തിതിക്ഷ, കരുണ, മൈത്രി, സമബുദ്ധി ഇവയുള്ളവര്‍ക്ക് മാത്രമേ വിഷ്ണു പ്രസാദം ലഭിക്കൂ. കാന്തം ലോഹത്തെ എന്നപോലെ, ഭഗവാന്‍ സകല ചരാചരങ്ങളെയും കേവലം നിമിത്തമാക്കി കൊണ്ട് ചലിപ്പിക്കുന്നു. വൃദ്ധിക്ഷയാദികളില്ലാത്ത ജഗദീശ്വരന്‍ ജീവികള്‍ക്ക് അവരുടെ കര്‍മ്മാനുസൃതമായി അല്‍പായുസ്സ്, ദീര്‍ഘായുസ്സ്
എന്നിവ വിധിക്കുന്നു. ജനങ്ങള്‍ ആ ജഗദീശ്വരനെ കര്‍മ്മം, ദൈവം, കാലം, സ്വഭാവം എന്നീ നാമങ്ങള്‍ കൊണ്ട് വ്യവഹരിക്കുന്നു. അല്ലയോ മകനെ! സൃഷ്ടി സ്ഥിതി ലയ കാരണങ്ങള്‍ക്ക് കാരണമായി വര്‍ത്തിക്കുന്ന ജഗദീശ്വരനെ ഗുണകര്‍മ്മാദികളോ, അഹങ്കാരമോ ഒന്നും ബാധിക്കുന്നില്ല. കേവലം അഞ്ച് വയസ്സുള്ളപ്പോഴാണ് നീ വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച് പിതാവിന്റെ മടിയില്‍ സ്വാതന്ത്ര്യത്തോടെ ഇരിക്കാനുള്ള വരം ആഗ്രഹിച്ചത്. എന്നാല്‍ ഭഗവാന്‍ നിനക്ക് തന്നതോ ത്രിലോകങ്ങള്‍ക്കും മേലേയുള്ള സ്ഥാനം. അതിനാല്‍ ശ്രേയസ്സിനെ നശിപ്പിക്കുന്ന ഈ കോപം, രോഗത്തെ ഔഷധം കൊണ്ടെന്നപോലെ നീക്കം ചെയ്യുക. സഹോദരനെ കൊന്നവനെന്നു കരുതി നീ യക്ഷകുലത്തെ ഈ വിധം സംഭരിക്കുന്നത് മഹേശ്വരപ്രിയനായ കുബേരനെ അപമാനിക്കലാണ്. നമ്മുടെ കുലം കുബേര വിദ്വേഷത്തിന് നീ നിമിത്തം ആകരുത്. അത് നിനക്കും മനുകുലത്തിനും ഭൂഷണമല്ല.'
മൈത്രേയ മഹര്‍ഷി, വിദുരരോട് തുടര്‍ന്നു പറഞ്ഞു, 'ഇപ്രകാരം പിതാമഹന്‍റെ ഉപദേശമുള്‍ക്കൊണ്ട ധ്രുവന്‍, യക്ഷന്മാരോടുള്ള തന്‍റെ ശത്രുത്വം ഉപേക്ഷിക്കാന്‍ തയ്യാറായി. ഇതറിഞ്ഞ കുബേരന്‍ കിന്നരന്മാരോടു ചേര്‍ന്ന് ധ്രുവ സമീപം വന്നു. ധ്രുവന്‍ കൂപ്പുകൈകളോടെ കുബേരനെ സ്വീകരിച്ചു. കുബേരന്‍ പറഞ്ഞു, 'ധന്യാത്മാവേ! അവിടുത്തെ ഉചിതമായ പ്രവര്‍ത്തി ഞാനുള്‍പ്പടെ ഉള്ള യക്ഷകുലത്തെ വലിയ നാശത്തില്‍ നിന്ന് രക്ഷിച്ചിരിക്കുന്നു. ജീവജാലങ്ങളുടെ ജനിമൃതികള്‍ക്ക് കാരണം കാലമാണ്. ശരീരമാണ് താനെന്ന അജ്ഞാനം കൊണ്ടാണ് ഞാനെന്നും, നീയെന്നുമുള്ള ഭേദബുദ്ധി ഉണ്ടാകുന്നത്. ഈ മിഥ്യയാണ് ബന്ധമോക്ഷങ്ങളുടെ കാരണമായി ഭവിക്കുന്നത്. അങ്ങ് സ്വഗൃഹത്തിലേക്ക് മടങ്ങുക. സകലതിനും കാരണഭൂതനായ നാരായണനെ സര്‍വ്വാത്മനാ പ്രാര്‍ത്ഥിക്കുക. അങ്ങ് എന്നില്‍ നിന്ന് ഇഷ്ടമുള്ള വരം വരിച്ചാലും.' ധ്രുവന്‍ ഒന്നുമാത്രം കുബേരനോട് അപേക്ഷിച്ചു, 'മഹാത്മാവേ! അങ്ങ് പറഞ്ഞതുപോലെ ഭഗവാന്‍ നാരായണനില്‍ എനിക്ക് എന്നും അചഞ്ചലമായ ഭക്തി ഉണ്ടാകാന്‍ അനുഗ്രഹിക്കുക'.
ധര്‍മ്മാത്മാവായ ധ്രുവനെ ജനങ്ങള്‍ പിതാവിനു തുല്യം ബഹുമാനിച്ചു. അദ്ദേഹം മുപ്പത്തിയാറായിരം വര്‍ഷം രാജ്യം നല്ല രീതിയില്‍ ഭരിച്ചു. പിന്നീട് രാജ്യം, പുത്രനു നല്‍കി, വിഷ്ണു പാദത്തില്‍ സ്വയം അര്‍പ്പിച്ച് വനവാസത്തിനു പോയി. തന്നോടുള്ള ധ്രുവന്‍റെ അചഞ്ചലഭക്തി കണ്ടറിഞ്ഞ വിഷ്ണു ന്‍റെ പാര്‍ശ്വദന്മാരെ വിമാനവുമായി ധ്രുവനെ കൂട്ടി വരാന്‍ നിയോഗിച്ചു. വിഷ്ണുപാര്‍ശ്വദന്മാര്‍ സുനന്ദനും, നന്ദനും ധ്രുവനു സമീപം എത്തി. അവര്‍ പറഞ്ഞു, 'ശ്രീഹരിയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ അങ്ങയെ വിഷ്ണുലോകത്തേക്ക് കൂട്ടുവാന്‍ എത്തിയതാണ്. വിമാനത്തില്‍ കയറിയാലും.'
അവരുടെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ ധ്രുവന്‍, സ്‌നാനം ചെയ്ത്, തര്‍പ്പണാദികള്‍ ചെയ്ത്, മുനിമാരുടെ ആശീര്‍വാദത്തോടെ, വിഷ്ണുപാര്‍ശ്വദന്മാരെ പ്രദക്ഷിണം ചെയ്ത് വിമാനത്തില്‍ കയറാന്‍ ഒരുങ്ങി. ആ സമയം ധ്രുവന്‍ സ്വര്‍ണ്ണവര്‍ണ്ണ ശരീരനായി. യാത്രക്കിടയില്‍ ഗന്ധര്‍വ്വകിന്നരാദികളുടെ മംഗളവാദ്യങ്ങളും, ദേവകളുടെ പുഷ്പവൃഷ്ടിയും ഉണ്ടായി. ഇടക്ക്, പിതൃലോകം ഗമിച്ച തന്റെ മാതാവ് സുനീതിയെ കണ്ട് അനുഗ്രഹം വാങ്ങാനും ധ്രുവന് സാധിച്ചു. സപ്തര്‍ഷി മണ്ഡലത്തിന് മുകളിലായി, ജ്യോതിര്‍ഗോളങ്ങള്‍ക്കും ഉപരിയായ ധ്രുവമണ്ഡലം എന്നു പ്രസിദ്ധമായി തീര്‍ന്ന വിഷ്ണുപദം ധ്രുവ സ്ഥാനമായി പരിണമിച്ചു. ഭാഗവതോത്തമനായ ധ്രുവന്റെ സ്ഥാനം ഇന്നും മഹനീയമായി നിലനില്‍ക്കുന്നു.
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email: indirakuttyammab@gmail.com