മഹാഭാഗവതം (ചതുർദ്ദ സ്കന്ധം -തുടർച്ച)
ധ്രുവ വംശ പരമ്പര -വേനന്റെ ജനനം
ധ്രുവ ചരിതം വിസ്തൃതമായി ശ്രവിച്ച വിദുരര്‍ വീണ്ടും ആകാംക്ഷാ ഭരിതനായി, മൈത്രേയ മഹര്‍ഷിയോട് ചോദിച്ചു 'അവിടുന്ന് ഇടക്കെപ്പൊഴോ പറഞ്ഞ പ്രാചേതസ്സുകള്‍, ആരുടെ പുത്രന്മാരായിരുന്നു?അവര്‍ എന്തിനാണ് വിഷ്ണു സത്രം നടത്തിയത്?
മൈത്രേയന്‍ ഒന്നു നിറുത്തിയ ശേഷം തുടര്‍ന്നു, 'മഹാശയാ! എല്ലാം വിസ്തരിക്കാം. ധ്രുവനു ശേഷം രാജ്യ ഭരണം ഏറ്റടുക്കുവാന്‍ അദ്ദേഹത്തിന്റെ പുത്രനായ ഉല്‍ക്കലന്‍ തയ്യാറായില്ല. നിസ്സംഗനായ അദ്ദേഹം എല്ലാം സമദൃഷ്ടിയോടെ കാണാന്‍ തല്പരനായി. തന്മൂലം അദ്ദേഹം ഏറിയ പങ്കും ഉന്മത്തനും ജഡനുമായി കാണപ്പെട്ടു. രാജ്യഭാരം തന്മൂലം ഋഷികള്‍ അദ്ദേഹത്തിന്റെ സഹോദരനായ ഭൂമിയുടെ പുത്രന്‍ വത്സരനില്‍ നിക്ഷിപ്തമാക്കി.
വത്സരന് തന്‍റെ സ്വപത്നിയായ സ്വര്‍വീഥിയില്‍ ആറു പുത്രന്മാര്‍ ജനിച്ചു. പുഷ്പാര്‍ണ്ണന്‍, തിഗമകേതു, ഈ ഷന്‍, ഊര്‍ജന്‍, വസു, ജയന്‍ ഇവരായിരുന്നു ആറു പുത്രന്മാര്‍. ഇതില്‍ മൂത്തവനായ പുഷ്പാര്‍ണ്ണന്‍
പ്രഭ, ദോഷ എന്നീ രണ്ടു രാജ കന്യകമാരെ പരിണയിച്ചു. പ്രഭയുടെ പുത്രന്മാരായി, പ്രഭാതന്‍, മദ്ധ്യാന്യന്‍, സായന്തനന്‍ എന്നീ പുത്രന്മാരും, ദോഷയുടെ മക്കളായി പ്രദോഷന്‍, നിശീഥന്‍,വൃഷ്ടന്‍ എന്നിവരും ജനിച്ചു. ഇതില്‍ പ്രസിദ്ധനായ വൃഷ്ടന്, പുഷ്‌ക്കരണി എന്ന ഭാര്യയില്‍ നിന്നും 'സര്‍വതേജസ്സ് ' എന്നൊരു പുത്രനുണ്ടായി.
സര്‍വ്വ തേജസ്സിന്, ആകൃതിയില്‍ പിറന്ന പുത്രനാണ് 'ചാക്ഷുഷ മനു'. മനുവിന്' 'നഡ്വല' എന്ന ഭാര്യയില്‍, പുരു, കുത്സന്‍, ധൃതന്‍ -----പ്രദ്യുമ്‌നന്‍, ശിബി, ഉന്‍മുകന്‍ എന്നിങ്ങനെ പന്ത്രണ്ടു പുത്രന്മാര്‍
ജനിച്ചു. ഇവരില്‍ ഉന്മുകന്, പുഷ്‌ക്കരണി എന്ന ഭാര്യയില്‍, അംഗന്‍, സുമനസ്സ്, ഖ്യാതി, ക്രതു, അംഗിരസ്സു്
ഗയൻ എന്നീ ആറു പുത്രന്മാർ ജനിച്ചു. ഇവരിൽ മൂത്തവനായ അംഗന് സുനീധി എന്ന ഭാര്യയിൽ 'വേനൻ' എന്ന ഒരു ദുഷ്ടപുത്രൻ ജനിക്കുവാനിടയായി. അവന്‍റെ ദുഷ്ടതയിൽ സഹികെട്ട രാജാവായ അംഗൻ നാടുവിട്ടു. തുടർന്ന് മുനിമാർ വേനനെ വധിക്കുവാനിടയായി,
ഇപ്പോൾ വിദുരർ മൈത്രേയ മഹര്‍ഷിയോട് ഒരു സംശയം ഉന്നയിച്ചു ;മഹാമുനേ! എന്ത്കൊണ്ട് ഈ വിധമെല്ലാം സംഭവിച്ചു? അങ്ങ് വിശദമാക്കിയാലും!? മൈത്രേയൻതുടർന്നു, 'പണ്ട് രാജര്‍ഷിയായ അംഗൻ ഒരു അശ്വമേധം നടത്തി. എന്നാൽ യജ്ഞാഹുതിയായ ഹവിസ്സ് ഭക്ഷിക്കാൻദേവകൾ എത്തിയില്ല. തങ്ങളുടെ ആഹൂതി വിധിയാം
വണ്ണമായിട്ടും, ദേവകൾ ഹവിർഭാഗം ഭക്ഷിക്കാൻ എത്താതിരുന്നത് അവരെ ചിന്തിപ്പിച്ചു. പൂർവ്വ ജന്മത്തിൽ രാജാവ് അപുത്രനായിരുന്നു, അതിനാൽ അവർ രാജാവിനോട് പുത്രാർദ്ധം ശ്രീ ഹരിയെ യചിക്കാൻ നിർബന്ധിച്ചു.
ആ യാഗാഗ്നിയിൽ നിന്ന്, സ്വർണ്ണ കലശത്തിൽ പായസവുമായി ഒരു ദിവ്യ പുരുഷൻ ഉയർന്നു വന്നു. ആ പായസം ഭക്ഷിച്ച രാജപത്നി ഗർഭിണി ആയി, അവർ പ്രവസിച്ച പുത്രനാണ് 'വേനൻ'. അധർമ്മ പ്രവർത്തിയിൽ
തല്പരനായ പുത്രന്‍റെ അവസ്ഥയിൽ രാജാവ് ദുഖിതനായി. രാജാവ് ചിന്തിച്ചു 'ദുഷ്ട പുത്രനു ജന്മം നൽകി ഞാനെത്ര പാപം താങ്ങുന്നു, ഇതിനേക്കാൾ പുത്രനില്ലാത്തതായിരുന്നു നല്ലത്. മകന്‍റെ ചെയ്തികളിൽ മനം നൊന്ത് അദ്ദേഹം വനത്തിലേക്ക്
തിരിച്ചു. അംഗൻ പോയതോടെ അനാഥമായ രാജ്യം പരിപാലിക്കാൻ മുനിമാർ 'വേനനെ; അഭിഷിക്തനാക്കി.സ്വയം ദൈവമെന്ന് അഹങ്കരിച്ച വേന ൻ യാഗം ഹോമം ഇവ മുടക്കി മദിച്ചു നടന്നു. വേനന്‍റെ ദുഷ്പ്രവർത്തി പെരുകിയപ്പോൾ മുനിമാർ അയാളെ ഉപദേശിച്ചെങ്കിലും, രാജാവ് യജ്ഞ മൂർത്തിയായ ശ്രീ ഹരിയെ പോലും നിന്ദിക്കുന്ന രീതിയിൽ സംസാരിക്കുകയാണുണ്ടായത്. ഇത് മുനിമാരെ ചൊടിപ്പിച്ചു. അവർ അദ്ദേഹത്തെ വധിച്ചു. പിന്നീട് വേനന്റെ മാതാവ് സുനീധി മന്ത്രോപദേശത്തോടെ വേനന്‍റെ ഭൗതിക ശരീരം സൂക്ഷിച്ചു. ഒരിക്കൽ സരസ്വതീ നദിയിൽ തർപ്പണം ചെയ്തിരുന്ന മുനിമാർ നിരവധി
ദുർന്നിമിത്തങ്ങൾ കണ്ടു. അംഗന്‍റെ രാജ്യം അരാജകമാകാനിട വന്നതിൽ അവർ ദുഃഖിതനായി. അവർ രാജകൊട്ടാരരത്തിലെത്തി വേനന്റെ മൃത ശരീരം കടയുവാൻ തുടങ്ങി.ആദ്യം അവർ വേനന്‍റെ തുട കടഞ്ഞു. അപ്പോൾ അതിൽനിന്ന് കറുത്തിരുണ്ട്, ഉയരം കുറഞ്ഞു ചെമ്പിച്ച മുടിയോടു കൂടിയ ഒരു പുരുഷൻ ജനിച്ചു. അയാൾ ജനിച്ച ഉടനെ 'കിം കരോമി ' എന്ന് മുനിമാരോട് ചോദിച്ചു. മുനിമാർ
അവനോട് 'നിഷീദ ' (ഇരിക്കൂ ) എന്നു മറുപ ടി നൽകി. അതുകൊണ്ട് അവൻ വേനന്‍റെ പാപാംശം പൂണ്ട നിഷാദനായി. മുനിമാർ വീണ്ടും വേനന്‍റെ കൈകൾ കടഞ്ഞു. അപ്പോൾ അതിൽനിന്ന് ഒരു പുരുഷനും, സുന്ദരിയായ ഒരു സ്ത്രീയും ഉയർന്നു വന്നു. അവർ ഇരുവരും ഭഗവത് കലകളോട് കൂടിയവരായതിനാൽ മുനിമാർ
സന്തോഷിച്ചു. വൈഷ്ണവാംശ ജാതനായ ഈ പുരുഷൻ ലോകത്തെ ആദ്യത്തെ ചക്രവർത്തിയായിരിക്കും. ലക്ഷ്മി അംശജാത യായ ഇവൾ അർച്ചസ് എന്ന നാമധേയത്തിൽ, പൃഥു ആയി അറിയപ്പെടുന്ന ഇവന്‍റെ
ഭാര്യയായിരിക്കും, ദേവാധി ദേവന്മാരും, ഗന്ധർവ്വ കിന്നരാദികളും പുഷ്പവൃഷ്ടി ചൊരിഞ്ഞു, ഈ മഹത് ജനനത്തെ ആഘോഷമാക്കി. രാജകലയോടെ ജനിച്ച പൃഥുവിനെ രാജാവായി മുനിമാർ അഭിഷേകം ചെയ്തു. ഭൂമിയിലെ സമസ്ത ജീവജാലങ്ങളും അതിൽ സന്നിഹിതരായി ആശംസകൾ അർപ്പിച്ചു. അർച്ചസിനോടൊപ്പം ഇരുന്ന
പൃഥു, സ്വാഹയോടു ചേർന്ന അഗ്നിദേവനെ പോലെ തിളങ്ങി. കുബേരൻ അദ്ദേഹത്തിന് ഒരു സ്വർണ്ണ സിംഹാസനവും, വരുണൻ വെൺകൊറ്റ കുടയും,വായുദേവൻ വെൺചാമരവും, ധർമ്മദേവൻ
കീർത്തി പോലെ നീണ്ട ഹാരവും, ദേവേന്ദ്രൻ ശ്രേഷ്ടമായ കിരീടവും, യമദേവൻ സംയമനമെന്ന ദണ്ഡും ബ്രഹ്മാവു വേദമയമായ കവചവും, സരസ്വതി ദേവി ഉത്ക്കൃഷ്ടമായ മുത്തുമാലയും, വിഷ്ണു സുദർശനചക്രവും, രുദ്രൻ വാളും, ലക്ഷ്മി ദേവി അക്ഷയമായ സമ്പത്തും പ്രദാനം ചെയ്തു. പാർവ്വതീ ദേവി നൂറു ചന്ദ്രകലയുള്ള പരിചയും, ചന്ദ്രൻ കുതിരയും,സൂര്യൻ രശ്മികളാകുന്ന അസ്ത്രങ്ങളും തുഷ്ടാവ് മനോഹരമായ
രഥവും നൽകി,ഗന്ധർവ്വ കിന്നരന്മാർ സംഗീത നൃത്തങ്ങൾ ചൊരിഞ്ഞപ്പോൾ, യക്ഷന്മാർ അന്തര്ധാന വിദ്യനൽകി. ഋഷിമാരുടെ വേദ സൂക്തങ്ങൾ അഭിഷേകത്തിന് അകമ്പടിയായി. ദേവന്മാരും, ഋഷിമാരും പൃഥു മഹാരാജാവിനെ ഏറെ പ്രശംസിച്ചു. സൂതന്മാർ രാജാവിനെ ഈവിധം സ്തുതിച്ചു 'ഈ നൃപൻ ദൃഡ വ്രതനും, സത്യ സന്ധനും, ബ്രഹ്മണരിൽ ഭക്‌തിയോടു കൂടിയവനും, വൃദ്ധജനങ്ങളിൽ സേവന തല്പരനും, സകലർക്കും ശരണാഗതനുമായിരിക്കും. പരസ്ത്രീകളിൽ ആസക്ത ചിത്തനല്ലാത്ത രാജാവ് ഭാര്യയെ തന്‍റെ അർദ്ധ ശരീരിണി ആയി കാണും. ഇദ്ദേഹം സാമന്ത രാജാക്കന്മാരിൽ നിന്ന് കപ്പം സ്വീകരിക്കുന്ന വിധം തന്നെ പ്രഭാവശാലിയായി തീരും. വേനനാകുന്ന അരണിയിൽ നിന്ന് കടഞ്ഞെടുത്ത അഗ്നിയാകുന്ന പൃഥു മഹാരാജാവ്, ശത്രുക്കൾക്ക് സമീപിക്കാൻ പോലും പറ്റാത്ത വിധം അസാമാന്യ തേജസ്വി ആയിരിക്കും.
സിംഹസമാനനായ ഇദ്ദേഹത്തിന്‍റെ അസ്ത്രത്തെ ശത്രുക്കൾ ഒരിക്കലും ഖണ്ഡിക്കില്ല. ഇദ്ദേഹം സരസ്വതീ തീരത്തു വെച്ച്
നൂറു യാഗങ്ങൾ നടത്തി കീർത്തി വർദ്ധിപ്പിക്കും. കവികളെ രചനയിൽ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹം അവരെ ആദരിക്കും. ഒടുവിൽ സനൽകുമാര മഹർഷിയിൽ നിന്ന് ജ്ഞാനം പ്രാപ്തമാക്കി മോക്ഷം പ്രാപിക്കും. മാഗധാദിസ്തുതിയിൽ പൃഥു മഹാരാജാവ് സന്തുഷ്ടനായി. അവരെ വേണ്ടരീതിയിൽ ഉപചരിച്ചു മടക്കി.
വിദുരർ, മൈത്രേയ മഹര്‍ഷിയോട് ചോദിച്ചു 'സ്വതേ ബഹുരൂപ ധാരിണിയായ ഭൂമി ദേവി എന്തിനു ഗോരൂപം ധരിച്ചു? ഗോവിന്‍റെ കിടാവാരായിരുന്നു? നിമ്നോന്നതമായ ഭൂമി ആരാണ്
നിരപ്പാക്കിയത്? ശ്രീകൃഷ്ണ ദേവന്‍റെ പുർവാവതാര മായ പൃഥു എന്തിനാണ് ഭൂമിദേവിയെ കറന്നത്? എല്ലാ ജ്ഞാനങ്ങളും പ്രാപ്തമാക്കിയ ആ രാജര്‍ഷിയുടെ അന്ത്യ ഗതിയെ പറ്റി വിസ്തരിച്ചാലും!
നൈമിഷാരണ്യത്തിൽ തന്‍റെ കൃഷ്ണകഥാകഥനത്തിൽ ശ്രദ്ധാലുക്കളായിരുന്ന മുനിമാരോട് സൂതൻ മൈത്രേയ മഹർഷി വിദുരരോട് പറഞ്ഞ കഥ ആഖ്യാനം ചെയ്തു. അല്ലയോ വിദുര മഹാശയാ! പൃഥു ചക്രവർത്തി പദം ഏറ്റ സമയം ഭൂമിയിൽ ദുർഭിക്ഷ ആയിരുന്നു. വിശന്നു വലഞ്ഞ ജനങ്ങൾ രാജാവിനോട് സങ്കടമുണർത്തിച്ചു 'രാജൻ! ഞങ്ങളേവരും കത്തിക്കാളുന്ന
ജഠരാഗ്നിയുടെ പിടിയിൽ വെന്തുരുകുകയാണ്. അല്ലയോ പ്രജാ രക്ഷകനായ നാഥാ! അങ്ങ് ഞങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതിനുള്ള മാർഗം കണ്ടെത്തിയാലും"
തന്‍റെ പ്രജകളുടെ സങ്കടാവസ്ഥക്ക് പരിഹാരം കണ്ടെത്താൻ രാജാവ് തീരുമാനിച്ചു. അദ്ദേഹം വില്ലും, അമ്പും ധരിച്ചു, ഭൂമിദേവിയുടെ നേരെ കോപിഷ്ഠനായി പാഞ്ഞടുത്തു. നൃപനെ പേടിച്ചു ഭൂമിദേവി ഗോരൂപം
ധരിച്ചു ഓടാൻ തുടങ്ങി. വില്ലുകുലച് രാജാവും ഭൂമിക്കു പിന്നാലെ പാഞ്ഞു. മൂന്നു ലോകങ്ങളും ഓടിത്തീർത്ത ഭൂമിദേവി രാജനു മുന്നിൽ തോൽവി സമ്മതിച്ചു. 'അങ്ങ് എന്തിനാണ് എന്നെ വധിക്കും മട്ടിൽ പാഞ്ഞടുക്കുന്നത്. കേവലം അബലയായ എന്നോട് അങ്ങയെപോലുള്ള ധര്‍മ്മിഷ്ടർ ഇത്രയും ധാർഷ്ട്യം കാണിക്കാമോ? ഞാൻ എന്നും അങ്ങയെപ്പോലെ ലോകഹിതകാരിയല്ലേ?
പൃഥു പറഞ്ഞു 'അല്ലയോ വസുധേ! നീ യജ്ഞത്തിന്‍റെ ഹവിർഭാഗം പറ്റുമ്പോൾ പകരം ഞങ്ങൾക്ക് ധാന്യാദികൾ നൽകാൻ ബാധ്യസ്ഥയാണ്. എന്നാൽ നീ അവിടെ അമാന്തം കാണിക്കുന്നു. ആദിയിൽ ബ്രഹ്മാവ് സൃഷ്ടിച്ച ഔഷധികളെ
നീ എന്തിനു സ്വന്തമാക്കാൻ ശ്രമിക്കുന്നു? എന്‍റെ പ്രജകളുടെ രോദനം എനിക്ക് താങ്ങാനാവുന്നില്ല. നിന്നെ പോലെയുള്ള കപടന്മാരെ നിഗ്രഹിച്ചാൽ രാജാവിനെ പാപം ഗ്രസിക്കില്ല. ഞാൻ ഇപ്പോൾ തന്നെ നിന്നെ വധിക്കും അതിനു ശേഷം ഞാനെന്‍റെ യോഗസിദ്ധി കൊണ്ട് പ്രജകൾക്ക് അന്നം ലഭ്യമാക്കും"
താൻ വധിക്കപെടുമെന്ന ഘട്ടമെത്തിയപ്പോൾ ഭൂമിദേവി സ്വരൂപം ധരിച്ചു രാജാവിനോട് അപേക്ഷിച്ചു 'അല്ലയോ
ദേവാ! ജീവജാലങ്ങളുടെയെല്ലാം ആവാസസ്ഥാനമായി എന്നെ സൃഷ്ടിച്ചത് അങ്ങാണ്. ഞാനിതാ അങ്ങയെ ശരണം പ്രാപിക്കുന്നു സ്വമായയാൽ ജഗത്താകെ സൃഷ്ടിച്ചു സംഭരിക്കുന്ന അങ്ങക്കപ്പുറം ഞാൻ ആരിലാണ് അഭയം കണ്ടെത്തുക" ഭൂമിദേവി തുടർന്നും പ്രാർത്ഥിച്ചു 'ദിവ്യക്രീയാ കാരക ചേതനാത്മകങ്ങളായ ശക്തികളെകൊണ്ട് യാതൊരുവനാണോ വിശ്വത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ നിയന്ത്രിക്കുന്നത്, സമുന്നത
നിരുദ്ധ ശക്തിയായി വർത്തിക്കുന്നത്, വിധാതാവായി ശോഭിക്കുന്നത് ആ പരംപുരുഷന് നമസ്ക്കാരം. അല്ലയോ, വിഭോ! അങ്ങ് വരാഹരൂപിയായി അവതരിച്ചു, എന്നെ രസാതലത്തിൽ നിന്ന് ത്രാണനം
ചെയ്യുകയുണ്ടായി. ആ അങ്ങു തന്നെ, പൃഥുവായി അവതരിച്ചു 'പയസ്സിനു' വേണ്ടി എന്‍റെ നേരെ വില്ലുകുലക്കുന്നു. താൻ ഇത്രയെല്ലാം ദേവനെ സ്തുതിച്ചിട്ടും പൃഥുവിന്റെ കോപം അടങ്ങുന്നില്ലന്നു കണ്ട ഭൂമി ദേവി വീണ്ടും തുടർന്നു 'പ്രഭോ! അങ്ങ് കോപത്തെ ഉപസംഹാരിച്ചു, ജനങ്ങൾക്കു ഫലപ്രദമായ മാർഗ്ഗം
ഏതെന്ന് മുനിമാരുമായി ആലോചിക്കുക. ഭൂമി ദേവി തുടർന്നു 'പണ്ട് ബ്രഹ്മാവ് എനിക്കു കല്പിച്ചരുളിയ ഔഷധികൾ, ചോരന്മാർ അപരിക്കുകയും, എന്നെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ രാജാക്കന്മാർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തുകയും ചെയ്തപ്പോൾ, ഞാൻ ഔഷധികളെ യജ്ഞാർദ്ധം ഉള്ളിലൊതുക്കി. ഇപ്പോൾ ആ സസ്യബീജങ്ങളെല്ലാം എന്റെ ഉള്ളിലിരുന്ന് ക്ഷയിച്ചു പോയിരിക്കുന്നു. അവിടുന്ന് ഉചിതമായ
പാത്രങ്ങളും, ഒരുകിടാവിനെയും, കറവക്കാരനെയും ഏർപ്പാടാക്കുക . ഇന്ദ്രൻ വർഷിക്കുന്ന ജലം, ഉറവ വറ്റാത്ത വിധം എന്നിൽ തങ്ങി നിൽക്കത്തക്ക വിധം അങ്ങ് കുന്നും, മലകളും ഉടച്ചു സമനിരപ്പാക്കുക.
ഭൂമിദേവിയുടെ അഭ്യർഥനയിൽ, സന്തുഷ്ടനായ പൃഥു മഹാരാജൻ, സ്വായംഭൂ മനുവിനെ, കിടാവാക്കി, ധാന്യാദികൾ കറന്നെടുത്തു. തുടർന്ന് മറ്റുള്ളവരും, ഗോരൂപ ധാരിണിയായ ഭൂമിദേവിയിൽ നിന്ന് താന്താങ്ങൾക്കു ആവശ്യമുള്ളവ സ്വീകരിക്കാൻ തുടങ്ങി
പൃഥു രാജാവ് സ്വീകരിച്ച മാർഗം അനുകരിച്ചു മറ്റുള്ളവരും ഭൂമിയിൽ നിന്ന് താന്താങ്ങൾക്ക് ആവശ്യമുള്ളവ
സ്വീകരിക്കാൻ തയ്യാറായി.
1. ഋഷിമാർ ദേവഗുരുവായ ബൃഹസ്പതിയെ കിടാവാക്കി ഛന്ദോ മയങ്ങളായ വിശുദ്ധ ക്ഷീരത്തെ ഇന്ദ്രിയങ്ങളാകുന്ന പാത്രത്തിൽ കറന്നെടുത്തു.
2. ദേവന്മാർ ഇന്ദ്രനെ കിടാവാക്കി സ്വർണ്ണ മയമായ പാത്രത്തിൽ വീര്യം, ഓജസ്സ്, ബലം ഇവ നല്കുന്ന സോമം കറന്നെടുത്തു.
3. ദൈത്യന്മാർ പ്രഹ്ലാദനെ കിടാവാക്കി, ഇരുമ്പു പാത്രത്തിൽ മദ്യം കറന്നെടുത്തു.
4. ഗന്ധർവ്വന്മാരും, അപ്സരസ്സുകളും വിശ്വാവസുവിനെ കിടാവാക്കി താമര പൂവാകുന്ന പാത്രത്തിൽ വാഗ്‌മാധുര്യം, സൗന്ദര്യം ഇവ കറന്നെടുത്തു.
5. പിതൃക്കൾ ആര്യമാവിനെ കിടാവാക്കി പച്ച കലത്തിൽ കവ്യം കറന്നെടുത്തു.
6. സിദ്ധന്മാരും, വിദ്യാധരന്മാരും കപിലനെ കിടാവാക്കി ആകാശമാകുന്ന പാത്രത്തിൽ സങ്കല്പ രൂപത്തിലുള്ള സിദ്ധ വിദ്യകളെ കറന്നെടുത്തു.
7. മായാവികൾ മയനെ കിടാവാക്കി ധാരണാമയമായ തിരസ്ക്കരണി വിദ്യ കറന്നെടുത്തു.
8. മാംസഭുക്കുകളായ യക്ഷന്മാർ, രക്ഷസ്സുകൾ, ഭൂതങ്ങൾ, പിശാചുക്കൾ ഇവർ രുദ്രനെ കിടാവാക്കി തലയോട്ടിയിൽ രക്തം കറന്നെടുത്തു.
9. സർപ്പങ്ങൾ, നാഗങ്ങൾ, തേളുകൾ മുതലായവ തക്ഷകനെ കിടാവാക്കി ബില്വ പാത്രത്തിൽ വിഷം കറന്നെടുത്തു.
10. പശുക്കൾ നന്ദീശ്വരനെ കിടാവാക്കി അരണ്യ പാത്രത്തിൽ പച്ചപ്പുല്ല് കറന്നെടുത്തു.
11. പക്ഷികൾ ഗരുഡനെ കിടാവാക്കി ഫലമൂലാദികളും, കീടജന്തുക്കളെയെയും കറന്നെടുത്തു.
12. മാംസ ഭുക്കുകൾ സിംഹത്തെ കിടാവാക്കി മാംസം കറന്നെടുത്തു.
13. വൃക്ഷങ്ങൾ ആലിനെ കിടാവാക്കി രസം കറന്നെടുത്തു.
14. പര്‍വ്വതങ്ങൾ ഹിമവാനെ കിടാവാക്കി നാനാവിധ ധാതുക്കൾ കറന്നെടുത്തു.
സന്തുഷ്ടനായ പൃഥു രാജാവ് സർവകാമങ്ങളെയും യഥേഷ്ടം കറന്നെടുക്കാവുന്ന ഗോമാതാവായ ഭൂമിയെ
പുത്രിയായി സ്വീകരിച്ചു. അതിനാൽ ഭൂമിക്ക് പൃഥ്‌വി എന്ന നാമം അന്വർഥമായി. അതിനു ശേഷം രാജൻ വില്ലിന്‍റെ തലപ്പുകൊണ്ട് പർവ്വതങ്ങളെ കുത്തിയിളക്കി ഭൂമിയെ സമനിരപ്പാക്കി.
അതിനുശേഷം രാജൻ പ്രജകൾക്ക് വസിക്കാൻ ആവാസ ഗൃഹങ്ങൾ നിർമ്മിച്ച് സംരക്ഷിച്ചു.
Indhirakkutiyamma