ലക്ഷ്മ ണ കോപം
എന്തിതു അയോദ്ധ്യാധിപന്‍ കേവലമൊരു
നാരീ വശഗതനാകയോ? പൊറുക്കാനാവില്ലെനിക്ക്
ഈ അനീതിക്കെതിരെ പടവാളേന്തണമെനിക്ക്
വാക്കിനു വ്യവസ്ഥയിലാത്ത രാജനെന്തിനീ
അഭിഷേക സന്നാഹത്തിനൊരുമ്പെട്ടു ?
എന്‍ ജ്യേഷ്ഠനെ ച്ചൂറ്റിപ്പാനോ, പ്രജയെ വഞ്ചിപ്പാനോ
ഒന്നും വ്യക്തമല്ലെങ്കിലും, ഈ ഘോരമാം അനീതി
പൊറുക്കില്ല സുമിത്രാത്മജന്‍, മോഹിപ്പിച്ചു പിന്‍വാങ്ങുന്ന
അനീതി വെച്ചു പൊറുപ്പിക്കില്ല രാമസഹജന്‍
കോപിഷ്ടനായ്, ജ്വലിച്ച നേത്രത്തോടെ, ഉടവാളേന്തി
ലക്ഷ്മണനേവം ഉരച്ചു, 'പിടിച്ചു കെട്ടി, കാരാഗൃഹത്തില്‍
അടക്കുന്നതുണ്ടു ഞാന്‍ താതനെ, നടത്തും അഭിഷേകം രാമനായ്
പിന്നില്‍ നിന്നുടവാളടക്കം പിന്നാക്കം വലിച്ചു രാമന്‍
അനന്തനാം ഉഗ്രഫണ മൂര്‍ത്തിയെ,അരുമയായ് ഏവം ഉരച്ചു
അറിയുന്നു വത്സാ! നിന്‍ ഭ്രാതൃ സ്‌നേഹം എന്തിനും മേലയായ്
നീ എന്നെ കാണുന്നതും അറിയുന്നവന്‍ ഞാന്‍
അസത്യ വാക്കിന് നെരിപ്പോടില്‍ ഉരുകുന്ന താതനെ
വേദനിപ്പിക്കുന്ന പാതകം നീ ചെയ് കൊലാ
ജന്മോദ്ദേശം നിറവേറ്റാന്‍ പ്രതിജ്ഞാ ബദ്ധനത്രെ ഞാന്‍
അഭിഷേകാരംഭം അതിനൊരു നിമിത്ത മാത്രം
ആരെയും ദുഃഖിപ്പിയാതെ ഒന്നുമേ നേടാനാവില്ലാര്‍ക്കും
സൂതികാ വേദനയില്‍ പിടയുന്ന, മാതാവിന് യോനിയില്‍
നിന്നടരുന്ന സൃഷ്ടി, കര്‍മ്മബന്ധത്തില്‍ ദുഃഖിപ്പിക്കുന്നു പലരെയും
ഒടുവിലോ, മുറവിളിയോടെ ലോകത്തില്‍ നിന്നു യാത്രയാകും
കാലത്തിന്‍ ഗതി മാറ്റിമറിക്കാന്‍ ആവില്ലാര്‍ക്കും
രാവണാന്തകനായ് പിറന്ന എന്‍ ദൗത്യത്തിന്നു മുഹൂര്‍ത്തം
ഞാന്‍ തന്നെ കുറിച്ചെന്നു നീ അറിയേണം, പിന്നെ
താതദുഃഖം, ആ ദേഹി പണ്ടെങ്ങോ ഏറ്റുവാങ്ങിയ
കര്‍മ്മഫല സഞ്ചയം, കൈകേകി മാതാ വെറുമൊരു നിമിത്തമത്രെ
സത്യ പാശത്താല്‍ ബന്ധിതനായ താതന്‍ സ്ത്രീ ജിതനല്ലന്നു
ധരിക്ക കുമാരാ നീ! കാര്യസിദ്ധിക്കായ് സൃഷ്ടിക്കപ്പെട്ട
കാരണമായ് ധരിക്ക നീ അഭിഷേക വിഘ്‌നം .
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com