അനന്തരം പൃഥു , സരസ്വതീ നദിയുടെ കിഴ്യ്ക്കുള്ള മനുക്ഷേത്രമായ ബ്രൻമാവൃത്തത്തിൽ വെച്ച് നൂറ് അശ്വമേധ യാഗങ്ങൾ നടത്തി . സകല മുനിമാരും, ദേവകളും യജ്ഞത്തിൽ പങ്കുകൊണ്ടു. യോഗേശ്വരനായ കപില മുനിയും, സനകാദികളുടെയും സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പൃഥു ചക്രവർത്തിയുടെ കീർത്തി വര്‍ദ്ധിക്കുന്നതു കണ്ട് ഇന്ദ്രൻ അസൂയാലുവായി. അദ്ദേഹം കപട സന്യാസിയുടെ വേഷം ധരിച്ചു യാഗാശ്വത്തെ മോഷ്ടിച്ചു. ഇതറിഞ്ഞ അത്രി മഹർഷി പൃഥു പുത്രനായ വിജിതാശ്വനെ ഇന്ദ്രനെ നേരിടാൻ നിയോഗിച്ചു. തോൽവി സമ്മതിക്കേണ്ടി വന്ന ഇന്ദ്രൻ യാഗാശ്വത്തെയും, തന്‍റെ കപട സന്യാസ വേഷത്തെയും ഉപേക്ഷിച്ച് രക്ഷപെട്ടു. ഇന്ദ്രൻ ഉപേക്ഷിച്ച ഈ വേഷം പിന്നീട് പാപഖണ്ഡമെന്ന പേരിലും അതു സ്വീകരിക്കുന്ന വരെ പാഖണ്ഡന്മാർ എന്നും അറിയപ്പെടുന്നു . ഇക്കൂട്ടർ ഏറെക്കുറെ നഗ്നരും, കാവിവസ്ത്രം ധരിച്ച ജടാധാരികളും വാഗ്മികളും ധർമ്മിഷ്ഠരെന്നു തോന്നി പോകുന്നവരുമാണ്. 'ഇന്ദ്രന്‍ൻ തന്‍റെ യാഗാശ്വത്തെ മോഷ്ടിക്കാൻ ശ്രമിച്ചെന്നറിഞ്ഞ പൃഥു ചക്രവർത്തി, ഇന്ദ്രനെ വധിക്കാൻ അമ്പു തൊടുത്തപ്പോൾ, ഋക്കുകൾ വിലക്കി. 'രാജൻ! അങ്ങയുടെ സൽക്കീർത്തിയാൽ ഇന്ദ്രൻ ഇപ്പോൾ തന്നെ നഷ്ട പ്രഭനായിരിക്കുന്നു. അശ്വമേധ വേളയിൽ,യജ്ഞ പശുവിനെ അല്ലാതെ മറ്റു വധം നിഷിദ്ധമാണ്. അങ്ങേക്കുവേണ്ടി ഞങ്ങൾ ഇന്ദ്രനെ ആവാഹിച്ചു അഗ്നിക്കിരയാക്കാം. 'ഇപ്രകാരം പറഞ്ഞു ഋത്വിക്കുകൾ, സൃക്ക് കയ്യിലെടുത്തു ആവാഹിക്കാൻ തുടങ്ങി. ബ്രഹ്മാവു ഈ ഉദ്യമത്തെ തടഞ്ഞുകൊണ്ടെത്തി. 'ഇന്ദ്രൻ അവധ്യനാണെന്നറിഞ്ഞാലും. അങ്ങയുടെ തന്നെ അംഗമായ ഇന്ദ്രനെ വധിക്കരുത്. അങ്ങ് ഏകോന ശത ക്രതു എന്ന പേരിൽ പ്രസിദ്ധനാകും.
ബ്രഹ്മ വാക്കു മാനിച്ചു പൃഥു ഇന്ദ്രനുമായി സഖ്യം ചെയ്ത് യാഗം അവസാനിപ്പിച്ചു. പൃഥുവിന്‍റെ അല്പമായ കോപത്തെ ശമിപ്പിക്കാനായി വിഷ്ണു, ഇന്ദ്രനുമായി യാഗഭൂമിയിലെത്തി. ഇന്ദ്രന്‍റെ അവിവേകത്തിനു മാപ്പു നൽകാൻ രാജാവിനൊടുണർത്തിച്ചു. ഭഗവൽ നിർദ്ദേശം മാനിച്ച പൃഥു ഇന്ദ്രന് മാപ്പു നൽകി. തുടർന്ന് തനിക്ക് എന്നെന്നും വിഷ്ണുവിൽ അചഞ്ചലമായ ഭക്തി ഉണ്ടാകാൻ അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. പൃഥുവിനെ അനുഗ്രഹിച്ച് ഭഗവാൻ സ്വധാമത്തേക്ക് മടങ്ങി. വിദുരർക്കു, പൃഥുവിന്‍റെ കൂടുതൽ ചരിതങ്ങൾ അറിയാൻ ജിജ്ഞാസയായി. അദ്ദേഹം മൈത്രേയ മഹർഷിയുടെ വാക്കുകൾക്ക് കാതോർത്തു. അദ്ദേഹം തുടർന്നു 'പൃഥുശാസനയോടെ നല്ലരീതിയിൽ രാജ്യം പരിപാലിച്ചു.
സർവ്വരാലും ആരാധ്യനായ പൃഥുവിനെ സദസ്യർ വണങ്ങി കൊണ്ടിരിക്കുന്ന വേളയിൽ, സനദ് കുമാരൻ സഭയിൽ ആഗതനായി, പ്രഭാ പൂരിതമായ ആ രൂപം കണ്ട് രാജാവുൾപ്പടെ സകലരും എഴുന്നേറ്റു. ഉപചാരങ്ങൾക്കു ശേഷം, രാജാവ് ചോദിച്ചു, 'സംസാര ചക്രത്തിൽ പെട്ടു വലയുന്ന ഞങ്ങൾക്ക് മുക്തിക്കുള്ള മാർഗം ഉപദേശിക്കാൻ സാക്ഷാൽ ശ്രീ ഹരി, അങ്ങയെ പോലുള്ള യോഗികളെ അയക്കുന്നു. ഞാൻ അങ്ങയെ ഭക്തിയോടെ വണങ്ങുന്നു.
സനത് കുമാരാദികൾ പറഞ്ഞു 'അല്ലയോ നൃപോത്തമാഃ അങ്ങേക്ക് എല്ലാം അറിയാമെങ്കിലും, എന്നിലൂടെ കേൾക്കുമ്പോൾ ഉള്ള സുഖം അനുഭവിക്കാൻ ഇച്ഛിക്കുന്നു. അല്ലയോ രാജൻ ! ശ്രീ ഹരിയിലുള്ള അനന്യ ഭക്തി മനോ മാലിന്യത്തെ കഴുകി കളയും. പുരുഷാർത്ഥങ്ങളായ ധർമ്മാ, അർത്ഥ , കാമ , മോക്ഷങ്ങളിൽ ഏറ്റവും ശ്രേഷ്ടവും, പ്രാപ്യമാക്കാൻ പ്രയാസമുള്ളതുമാണ് മോക്ഷം, മറ്റുള്ളവ ഇന്ദ്രിയ ബദ്ധവും, രാഗാദി സംപുഷ്ടവുമാണ്.
നിരന്തരമായ ഭഗവൽ സ്മരണ, ഇന്ദ്രിയങ്ങളിൽ നിന്ന് മനസ്സിനെ അടർത്തി ആത്‌മാവിൽ ലയിപ്പിക്കുന്നു. ഇതിനു കഠിന നിഷ്ഠ തന്നെ വേണം. അതിനു ശേഷം യോഗ്യനായ ഗുരുവിനെ കണ്ടെത്തി ഉപദേശം തേടുക. അഗ്നി ഇതു പ്രകാരം അതിന്‍റെ ഉത്പത്തിയായ അരണിയെ നശിപ്പിക്കുന്നുവോ, അതേ പോലെ സർവ്വ ബന്ധ വിമുക്തനാക്കപ്പെടും. ഈ വ്യ ക്തി ആത്‌മാവിൽ നിന്ന് അന്യമായി ഒന്നിനേയും ദർശിക്കില്ല. മറിച്ചു, വിഷയങ്ങളെ ധ്യാനിക്കുന്നവരെ ഇന്ദ്രിയങ്ങൾ, പുൽക്കൊടി ജലാശയങ്ങളിൽ നിന്ന് ജലത്തെ ആഹരിക്കുന്ന പോലെ ബുദ്ധിയിൽ നിന്ന് ചൈതന്യത്തെ അപഹരിക്കുന്നു. അതോടെ സ്മൃതിയും, സ്മൃതി നാശവും ഭവിക്കുന്നു. ഭാര്യാ പുത്ര ബന്ധങ്ങൾ, ആത്‌മ സുഖമല്ല , ആത്‌മ നാശമാണ് നല്‍കുന്നതെന്നു പലരും അറിയുന്നില്ല. പുരുഷാർത്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ടമായതും അനിത്യവും മുക്തിയാണ്. അങ്ങ് സ്വയം അന്തര്യാമി ആയി ഭഗവാനെ മാത്രം ഭജിക്കുക.
മുനികളുടെ ഉപദേശം കേട്ട് വിനയാന്വിതനായി പൃഥു പറഞ്ഞു 'മഹാത്മാൻ ! ഏനിക്കുള്ളതെല്ലാം സജ്ജനങ്ങൾ ദാനമായി നല്കിയതാണ്. എന്‍റെ തായ ഭാര്യ, പുത്രന്മാർ, എന്‍റെതായ സർവസ്വവും ഞാൻ ഭവാന് സമർപ്പിക്കുന്നു. സന്തോഷ ചിത്തരായ സനത് കുമാകുമാരാദികൾ, രാജാവിനെ അനുഗ്രഹിച്ചു, സഭാവാസികൾ കാൺകെ വിണ്ണിലേക്കുയർന്നു. മൈത്രേയ മഹർഷി തുടർന്നു, അതിനു ശേഷം പൃഥു ഏറെ കാലം രാജ്യം പരിപാലിച്ചു.
തന്നാൽ സംരക്ഷിക്കപ്പെടേണ്ടതായ എല്ലാം, നല്ല രീതിയിൽ പുഷ്ടിപ്പെട്ടത് കണ്ട് രാജാവ് സംതൃപ്തനായി. അനന്തരം പുത്രിയായി താൻ കരുതിയ ഭൂമി ദേവിയെ, പുത്രന്മാരെ ഏല്പിച്ചു, അര്ച്ചസ്സുമായി വാനപ്രസ്ഥത്തിന് തിരിച്ചു.
പുർവാശ്രമത്തിലെ പോലെ ഇവിടെയും അദ്ദേഹം കഠിനമായ നിഷ്ഠകൾ ആചരിച്ചു. ആഹാരാദികൾ ചുരുക്കി പ്രാണായാമത്തോടെ, പഞ്ചാഗ്നി മദ്ധ്യത്തിലും, വര്‍ഷകാലത്തു പെരുമഴത്ത് നിന്നുകൊണ്ടും തപസ്സു ചെയ്തു. ഇപ്രകാരമുള്ള തപസ്സുകൊണ്ട് അദ്ദേഹം സർവ്വപാപങ്ങളും നശിച്ച അവസ്ഥയിലായി. നിരന്തരമായ ഹരി സ്മരണ കൊണ്ട് അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായി. തത്‍ഫലമായി സംശയത്തിനാസ്പദമായ ഹൃദയ ഗ്രന്ഥിയെ ഭേദിക്കാൻ കഴിഞ്ഞു. പുന്യാ ത്വാമാവാ യ അദ്ദേഹം ജീവാത്മാവിനെ, പരത്മാവിൽ ലയിപ്പിച്ചു മുക്തി നേടി. കാല്മടമ്പ് കൊണ്ട് ഗുദദ്വാരമടച്ചു, പ്രാണവായുവിനെ മേല്പോട്ടുയർത്തി,നാഭി, ഹൃദയം, ഉരസ്സു്, കണ്ഠം ഇവയിൽ കൂടി മൂർദ്ധാവിൽ എത്തിച്ചു. അനന്തരം അദ്ദേഹം ശരീരത്തിലെ വായാംശത്തെ വായുവിലും, തേജാംശത്തെ, അഗ്നിയിലും, ആകാശാംശത്തെ ആകാശത്തിലും, പൃഥ്‌വാംശത്തെ പൃഥ്‌വിയിലും , ജലാംശത്തെ ജലത്തിലും ലയിപ്പിച്ചു. മനസ്സിനെ ഇന്ദ്രിയങ്ങളിലും, ഇന്ദ്രിയങ്ങളെ തന്മാത്രകളിലും ലയിപ്പിച്ചു. തന്മാത്രകളെ അഹങ്കാരത്തിലും, അഹങ്കാരത്തെ മഹത്ത്വത്തിലും, മഹത്വത്തെ ലിംഗശരീരത്തിലും, ലിംഗശരീരത്തെ ഈശ്വരാംശമായ ജീവനിലും പ്രവേശിപ്പിച്ചു. ജ്ഞാന വൈരാഗ്യങ്ങൾ വെടിഞ്ഞു ജീവൻ മുക്തനായി. ഭർത്താവിനെ പിന്തുടർന്ന്, അർച്ചസ്സും സ്വജീവൻ അഗ്നിക്ക് ഇരയാക്കി ഭർത്തൃപദം ഗമിച്ചു. ദേവകൾ ഈ മഹത് കൃത്യത്തിൽ സ്തുതി ഗീതങ്ങളാൽ ഇരുവരെയും ആനയിച്ചു. ഈ പുണ്യ ജീവിതം പ്രശംസനീയവും, അനുകരണീയവുമാണ്.
Indhirakkutiyamma