ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കർണ്ണപർവ്വം (ദുശ്ശാസന വധം കർണ്ണ പതനം)


മഹാഭാരതം (പാര്‍ട്ട്‌ 11)

കര്‍ണ്ണപര്‍വ്വം (ദുശ്ശാസന വധം കര്‍ണ്ണ പതനം)

പ്രതീക്ഷിച്ചപോലെ നാരായണാസ്ത്രം ഫലം കണ്ടെത്താത്തതില്‍ ദുര്യോധനൻ ഏറെ നിരാശനായി. ആചാര്യ പുത്രന്‍റെ " ക്രുദ്ധത നിറഞ്ഞ ശൌര്യം" തനിക്കു വിജയം നേടി തരുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതുമാണ്. അദ്ദേഹത്തിന്‍റെ അഭിമന്ത്രണവും പിഴവുറ്റതായിരുന്നു. പിന്നെ എന്തുകൊണ്ട് പാണ്ഡവര്‍ വധിക്കപ്പെട്ടില്ല? അസ്ത്രത്തെ പോലും നിസ്തേജനാക്കുന്ന ഭഗവാൻ അവരോടു ചേര്ന്നു നില്ക്കുന്നു ! പൊടുന്നനെ തന്‍റെ മനസ്സിലുണ്ടായ ആ തോന്നല്‍ ഒരു "അസംഭവ്യമായി" കരുതാനാണ് ദുര്യോധനൻ ഇഷ്ടപ്പെട്ടത്. അവര്‍ ഒന്നുചേര്‍ന്ന് അടുത്ത നടപടികളെക്കുറിച്ചു പര്യാലോചിച്ചു.

അശ്വത്ഥാമാവ് പറഞ്ഞു "അങ്ങ് വിഷമിക്കരുത്. നമുക്ക് അങ്ങയോടും സൈന്യത്തോടും ഏറെ കൂറുള്ള രാധേയനെ തന്നെ നായകനായി അവരോധിക്കാം. അദ്ദേഹം അങ്ങക്കു വേണ്ടി വിജയം ഉറപ്പാക്കുമെന്ന് തീര്‍ച്ചയാണ്. ഞങ്ങളെല്ലാം ആ സാരഥ്യ ത്തിൻ കീഴില്‍ അജയ്യരായി നിലകൊള്ളും. " അശ്വത്ഥാമാവി ന്‍റെ നിര്‍ദ്ദേശം ദുര്യോധനനില്‍ പ്രീതി ജനിപ്പിച്ചു. "തന്‍റെ രാധേയൻ ! അദ്ദേഹം നമ്മളെ മാത്രം സ്നേഹിക്കുന്നു. നമ്മള്‍ക്ക് ജയം വരണമെന്ന് മാത്രം ചിന്തിക്കുന്നു." ദുര്യോധനനും മറ്റുള്ളവരും അശ്വത്ഥാമാവിന്‍റെ നിര്‍ദ്ദേശം അംഗീകരിച്ചു. ഭീഷ്മരുടെയും, ദ്രോണരുടെയും സൈന്യാധിപത്യത്തെക്കുറിച്ച് ദുര്യോധനൻ ഒരു നിമിഷം ചിന്തിച്ചു. അവരിരുവരും തനിക്കു വേണ്ടി ശക്തമായി പോരാടിയെങ്കിലും പാണ്ഡവര്‍ വധിക്കപ്പെടണമെന്നു അവര്‍ ആഗ്രഹിച്ചില്ല. അതിനുവേണ്ട കരുക്കള്‍ നീക്കാൻ അവര്‍ ഒരിക്കല്‍പോലും ശ്രദ്ധിച്ചില്ല. എന്തെങ്കിലും പരിഭവത്തില്‍ പറഞ്ഞുപോയാല്‍ ഉപദേശത്തിന്‍റെ കുത്തൊഴുക്ക്, എല്ലാം താനൊരാള്‍ മാത്രം വരുത്തി വെച്ചതാണ് പോലും! എന്നാല്‍ എന്‍റെ രാധേയൻ അങ്ങിനെയല്ല, എന്നെ പോലെ പാണ്ഡവര്‍ മരണപ്പെട്ടു കാണാൻ അദ്ദേഹവും ആഗ്രഹിക്കുന്നു. എന്‍റെ തൃപ്തിക്കൊത്ത വിധം സേനയെ നയിക്കാൻ കഴിവുള്ള ഒരാളെ എനിക്കു കിട്ടിയിരിക്കുന്നു.

ദുര്യോധനൻ നിറഞ്ഞ മനസ്സോടെ രാധേയനെ സമീപിച്ചു,"മിത്രമേ! അങ്ങയുടെ പ്രബല ഹസ്തങ്ങളില്‍ ഞാൻ നമ്മുടെ സൈന്യത്തെ എല്പ്പിക്കുന്നു. അങ്ങയുടെ സാരഥ്യം നമുക്ക് വിജയം നേടി തരുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു." താൻ ഏതോ വലിയ അംഗീകാരം സുഹൃത്തിനു നല്‍കിയ തൃപ്തിയോടെ ദുര്യോധനൻ രാധേയനെ കടാക്ഷിച്ചു. രാധേയനും സന്തുഷ്ടനായി. തന്‍റെ മിത്രത്തോടുള്ള കടമയും കൃതജ്ഞതയും തെളിയിക്കാൻ ഒരവസരം വന്നിരിക്കുന്നു. " എന്‍റെ ചങ്ങാതി ! താങ്കള്‍ ധൈര്യമായിരിക്കൂ ! ഞാൻ നാളെ തന്നെ അര്‍ജ്ജുനനെ വധിച്ചു താങ്കള്‍ക്ക് വിജയം നേടിതരുന്നുണ്ട്. "അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ അവര്‍ രാധേയനെ സര്‍വ്വ സൈന്യാധിപനായി അവരോധിച്ചു. ആ ചടങ്ങ് അത്യന്തം ഗംഭീരവും എല്ലാ ആചാര വിധികളോടെയുമായിരുന്നു. മധ്യാഹ്ന സൂര്യ പ്രഭയാര്‍ന്ന രാധേയന്‍റെ മുഖം കൂടുതല്‍ അരുണാഭമായി. ആര്‍ക്കും തന്നെ ആ സുന്ദര മുഖത്തു നിന്ന് കണ്ണെടു ക്കാനായില്ല. ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും സുന്ദരനായ ആ പുരുഷനെ അവരേവരും പ്രേമപൂര്‍വ്വം കടാക്ഷിച്ചു. യുദ്ധത്തിന്‍റെ പതിനാറാം ദിവസം സമാഗതമായി. രാധേയ സൈന്യാധിപത്യത്തിന്‍റെ ആദ്യദിവസവും. രാധേയൻ ഏറെ ശോഷിച്ച കൗരവ സൈന്യത്തെ മകര വ്യൂഹത്തില്‍ അണിനിരത്തി. മകര മത്സ്യത്തിന്‍റെ വായുടെ സ്ഥാനത്തെ സൈന്യാധിപനായ രാധേയൻ അലങ്കരിച്ചു. കണ്ണുകളുടെ സ്ഥാനം ശകുനിയും ഉലുകനും പങ്കിട്ടു. തലയുടെ സ്ഥാനം അശ്വത്ഥാ മാവും കഴുത്തിന്‍റെ സ്ഥാനത്ത് ധൃതരാഷ്ട്ര പുത്രന്മാരും നിലയുറപ്പിച്ചു. ദുര്യോധനൻ വ്യൂഹമധ്യത്തില്‍ സ്ഥാനം കണ്ടെത്തി.

മത്സ്യത്തിന്‍റെ മുൻകാലുകള്‍ കൃപരും, ക്രുതവര്‍മ്മാവും സൈന്യസമേതം പങ്കിട്ടു. പിന്‍കാലുകള്‍ കാത്തുകൊണ്ട് ശല്യരും, രാധേയ പുത്രനായ സുഷേണനും നിലകൊണ്ടു. യുധിഷ്ടിരൻ ദൂരെ നിന്ന് ആ സൈന്യ വ്യൂഹം ദര്‍ശിച്ചു. പതിനഞ്ചു ദിവസങ്ങള്‍ക്ക് മുൻപ് ഭീഷ്മര്‍ ഭയാനകമാം വിധം ക്രമീകരിച്ച കൌരവസൈന്യം എത്ര മാത്രം ശോഷിച്ചിരിക്കുന്നു. യുദ്ധത്തില്‍ മരണപ്പെട്ട സൈനികരെ ഓര്‍ത്ത് ആ ദുര്‍ബ്ബലചിത്തൻ വേദനിച്ചു. നക്ഷത്രങ്ങള്‍ക്കിടയില്‍ ചന്ദ്രനെപ്പോലെ ശോഭിച്ചിരുന്ന രാധേയനില്‍ ദൃഷ്ടി പതിഞ്ഞപ്പോള്‍ അകാരണമായ ഒരു ഉള്‍ക്കിടിലം അദ്ദേഹത്തിന് അനുഭവപ്പെട്ടു. കൗരവ പക്ഷത്തിന്‍റെ ഈ ശേഷിക്കുന്ന കരുത്തിനെ കൂടി കീഴ്പ്പെടുതാനായാല്‍, വിജയം പാണ്ഡവര്‍ക്കു സുനിശ്ചിതം.

കൃഷ്ണ സാരഥ്യത്തിലുള്ള അര്‍ജ്ജുനൻ അത് നേടുമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചിരിക്കുന്നു. യുധിഷ്ടിരൻ പിന്നീട് ശോഷിച്ചു തുടങ്ങിയ തങ്ങളുടെ സൈന്യത്തെയും വീക്ഷിച്ചു. ഭീഷ്മരാലും ദ്രോണരാലും തങ്ങളുടെ സൈന്യത്തിന് ഏറെ നാശം ഭവിച്ചിരിക്കുന്നു. പോരങ്കില്‍, അശ്വ ത്ഥാമാവും പലപ്പോഴായി സൈന്യത്തിനെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ചിന്തകള്‍ക്ക് വിരാമമ്മിട്ടു കൊണ്ട് സൈന്യാധിപനായ ധൃഷ്ടദൃമ്നൻ കടന്നുവന്ന് വണങ്ങി. അദ്ദേഹം പാണ്ഡവ സൈന്യത്തെ ചന്ദ്രക്കലാ കൃതിയില്‍ ക്രമീകരിച്ചു. ചന്ദ്രക്കലയുടെ ഒരറ്റം ഭീമനും ധൃഷ്ടദൃമ്നനും പങ്കിട്ടു. മധ്യഭാഗത്ത് അര്‍ജ്ജുനനും അതിനു പിന്നിലായി യുധിഷ്ടിരനും നകുലസഹദേ വൻമ്മാരും സാത്യകി യും അണിനിരന്നു. യുദ്ധ കാഹളങ്ങള്‍ മുഴങ്ങി. രണ്ടു സൈന്യങ്ങളും പതിനാറാം ദിവസത്തെ യുദ്ധത്തിനായി പോര്‍ക്കളത്തില്‍ നേര്‍ക്കുനേര്‍ അണിനിരന്നു.ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. ദ്രോണരുടെ ക്രൂരമായ നീക്കങ്ങളില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു രാധേയന്‍റെ നീക്കം..അത് ഭീഷ്മരുടെ പ്രൌഡ ഗംഭീര നീക്കത്തെ അനുസ്മരിപ്പിച്ചു. രാധേയന്‍റെ അപ്രമേയ വ്യക്തിത്വം കൗരവ സൈന്യത്തിന് ഏറെ കരുത്തു പകര്‍ന്നു. ഭീഷ്മര്‍, ദ്രോണര്‍ ഇവരുടെ അസാന്നിധ്യം പോലും മറക്കാൻ സൈനികര്‍ നിര്‍ബ്ബധിതരായി. അത്രമാത്രം രാധേയന്‍റെ നേത്രുത്വം അവരുടേ മേല്‍ ആധിപത്യം ചെലുത്തി. യുദ്ധ ആരംഭത്തില്‍ തന്നെ ഭീമൻ ക്ഷേമദൃതി രാജാവിനെ വധിച്ചു. മുൻനിരയിലേക്ക് കടന്ന സൈന്യാധിപനായ രാധേയൻ നകുലനുമായി ഏറ്റുമുട്ടി. ഭീമനും അശ്വത്ഥാമാവും തമ്മില്‍ ദ്വന്ദ്വ യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ദുര്യോധനൻ യുധിഷ്ടിരനോട് ഏറ്റുമുട്ടിയപ്പോള്‍, സാത്യകി തന്‍റെ സ്വത സിദ്ധമായ ഗാംഭീര്യത്തോടെ വിന്ദാനുവിന്ദന്മാരെ നേരിട്ടു. ശേഷിച്ച സംശപ്തകന്മാര്‍ അര്‍ജ്ജുനനെ പോര്‍ വിളിച്ചു. കൃപര്‍ ധൃഷ്ടദൃമ്നനുമായി ഏറ്റുമുട്ടി. ശിഖണ്ഡി കൃതവര്‍മാവിനോട് പൊരുതിയപ്പോള്‍, സഹദേവൻ ദുശ്ശാസനനെ പോര്‍ വിളിച്ചു. ഭീമനുമായുണ്ടായ ദ്വന്ദ യുദ്ധത്തില്‍ ഏറെ ക്ഷീണിതനായ അശ്വത്ഥാമാവ് പരാജയം സമ്മതിച്ചു പിൻവാങ്ങി. ദുശ്ശാസനനും സഹദേവന് മുന്നില്‍ അടിയറവു പറയേണ്ടി വന്നു. നകുലന്‍റെ ശക്തമായ തള്ളിക്കയറ്റം രാധേയനെ നേര്‍ക്കുനേര്‍ കണ്ടപ്പോള്‍, നകുലനും ശൌര്യം ഏറി. നകുലൻ ചിന്തിച്ചു "എല്ലാറ്റിനും മൂലകാരണമായ ഈ സ്കന്ദം തന്നെ ആദ്യം മുറിച്ചു നീക്കണം. പ്രഭുവായ കൃഷ്ണൻ പറഞ്ഞത് എത്ര സത്യമാണ് - -കൗരവ വൃക്ഷത്തിന്‍റെ സ്കന്ദം ആണ് രാധേയൻ. തടിയുടെ ബലത്തില്‍ ഹുങ്ക് കാണിക്കുന്ന ദുര്യോധനനെന്ന വൃക്ഷത്തെ ഒരു പാഠം പഠിപ്പിക്കണം " എന്നാല്‍ രാധേയന്‍റെ നിലപാട് തീര്‍ത്തും വ്യത്യസ്തമായിരുന്നു. അദ്ദേഹം മന്ദഹാസത്തോടെ നകുലനെ നേരിട്ടു. രാധേയന്‍റെ പ്രതികരണം മാന്യതയുടെ മഹനീയത വിളിച്ചറിയിക്കും വിധം ഔന്നിത്യമാര്‍ന്നിരുന്നു. രണ്ടുപേരും നേര്‍ക്കുനേര്‍ പോര്‍ തുടര്‍ന്നു. രാധേയൻ നകുലന്‍റെ വില്ല് മുറിച്ചു. നകുലൻ മറ്റൊരു വില്ലെടുത്തു രാധേയനെ ശക്തമായി നേരിട്ടു. ഏറെ താമസിയാതെ നകുലന് വില്ലും കുതിരകളും നഷ്ടപ്പെട്ടു. നിലത്തിറങ്ങി നിന്ന് നകുലൻ വാളോങ്ങി യുദ്ധം തുടര്‍ന്നു. രാധേയൻ നേര്‍ത്ത മന്ദ ഹാസത്തോടെ ആ വാള്‍ മുറിച്ചു. ഗദയും പരിചയും മാറിമാറി ഉപയോഗിച്ച് യുദ്ധം ചെയ്ത നകുലൻ രാധേയനോട് പൊരുതി അതും നഷ്ടമാക്കി.

രഥ ചക്രം കയ്യിലേന്തി നകുലൻ വീണ്ടും പോര്‍ ചെയ്തു. രാധേയന്‍റെ യുദ്ധ പാടവത്തിനു മുന്നില്‍ നകുലന് അടിയറവു പറയേണ്ടി വന്നു. നകുലൻ തീര്ത്തും നിസ്സഹായ അവസ്ഥയിലായി. ദൈന്യതയുടെ മുഖം മൂടി അണിഞ്ഞ അനിയനെ നോക്കി രാധേയൻ പുഞ്ച ഭാവത്തില്‍ ചിരിച്ചു. ആ ചിരി തന്നെ ചുട്ടു പൊള്ളി ക്കുന്നതായി നകുലന് അനുഭവപ്പെട്ടു. അദ്ദേഹം പരാജയം സമ്മതിച്ചു പിന്തിരിയാൻ ഒരുമ്പെട്ടു. പുറം തിരിഞ്ഞു നീങ്ങിയ നകുലന്‍റെ പിന്നാലെ രാധേയൻ എത്തി. അദ്ദേഹം വില്ലുകൊണ്ടു നകുലനെ പിടിച്ചു നിര്‍ത്തി. അസ്ത്ര അഗ്രം കൊണ്ട് നകുലനെ തൊട്ടുകൊണ്ട് രാധേയൻ ഏറെ പുച്ഛത്തോടെ പറഞ്ഞു " താങ്കള്‍ എനിക്ക് സമനേയല്ല. യുദ്ധത്തില്‍ സമന്മാര്‍ തമ്മിലെ പോര്‍വിളി നടത്താവൂ. അല്ലാതെ സാഹസത്തിനു മുതിര്‍ന്നാല്‍ ഈ വിധം കരുണക്കു പാത്രമാകും. എന്നോട് പരാജയപ്പെട്ടതില്‍ താങ്കള്‍ ലജ്ജിക്കേണ്ടി വരില്ല. ഒരിക്കല്‍ പുനരാലോചിക്കുമ്പോള്‍ അങ്ങയുടെ മനസ്സില്‍ ഇതൊരു മധുരാനുഭവമാകും.

പൊയ്ക്കൊള്ളു കുഞ്ഞേ !" രാധേയന്‍റെ പിടി അയഞ്ഞ ക്ഷണത്തില്‍ നകുലൻ ഓടി രക്ഷപ്പെട്ടു. രാധേയൻ താൻ അമ്മക്കു നല്‍കിയ വാക്കു പാലിക്കാൻ കഴിഞ്ഞതില്‍ കൃതാര്‍ത്ഥ നായി. മുലപാലിന്‍റെ രുചി അറിയാത്ത ഈ പുത്രൻ മാതവിനെക്കാള്‍ മാതൃത്വത്തിന് വില നല്‍കുന്നു. ഒരു നിമിഷം രാധേയന്‍റെ കണ്ണുകള്‍ സജ്ജലങ്ങളായി. ആരും അത് കാണാതിരിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും, കൃഷ്ണ ദൃഷ്ടിയില്‍ നിന്ന് തന്‍റെ മുഖഭാവം മറയ്ക്കാൻ രാധേയനായില്ല ! മധ്യാഹ്ന സൂര്യ പ്രഭയാര്‍ന്ന രാധേയൻ പാണ്ഡവ സൈന്യത്തിനു നേരെ കനത്ത ആക്രമണം നടത്തി. അദ്ദേഹത്തിന്‍റെ ഒരസ്ത്രം പോലും പാഴായില്ല. ദ്വന്ദ്വയുദ്ധങ്ങള്‍ പലതുണ്ടായെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ധൃഷ്ടദൃമ്നനും കൃപരും തമ്മിലുള്ള പോരാട്ടമാണ്. ദ്രോണരുടെ മരണത്തിനു പകരം വീട്ടാൻ ആഗ്രഹിച്ച കൃപര്‍ ശക്തമായി പ്രതിയോഗിയെ നേരിട്ടു.ആ പോരാട്ടത്തിനൊടുവില്‍ ധൃഷ്ടദൃമ്നൻ പരാജയത്തോടെ പിൻവാങ്ങി. യുയുത്സു ഉലുകനുമായി ഏറ്റുമുട്ടി. ദുര്യോധനനും യുധിഷ്ടിരനും തമ്മിലുണ്ടായ പോരാട്ടത്തില്‍ യുധിഷ്ടിരൻ പലപ്പോഴും ദുരോധനനെക്കാള്‍ ശക്തനായി കാണപ്പെട്ടു.

ദുര്യോധനന് തേരും കുതിരകളും സാരഥി യും നഷ്ടമായി. ശരീരം യുധിഷ്ടിര ശരങ്ങളാല്‍ ഏറെ മുറിപ്പെട്ടു. രാജാവിന്‍റെ ഈ അവസ്ഥ കണ്ട് രാധേയനും കൃപരും സഹായത്തിനെത്തി. പാണ്ഡവ സൈന്യത്തിലെ യോദ്ധാക്കളും ഒത്തുകൂടി. യുദ്ധം സങ്കുലമായി. അര്‍ജ്ജുനന്‍റെയും ഭീമന്‍റെയും ആക്രമണത്തില്‍ സ്വതേ ദുര്‍ബ്ബലമായിരുന്ന കൌരവസൈന്യം വീണ്ടും ദുര്‍ബ്ബലപ്പെട്ടു. രാജാവ് വീണ്ടും യുധിഷ്ടിരനുമായി ഏറ്റുമുട്ടിയെങ്കിലും, യുധിഷ്ടിരൻ എറിഞ്ഞ കുന്തം മാറില്‍ തട്ടി രാജാവ് ബോധരഹിതനായി. ഏറെ സൈനികര്‍ ഇരുപക്ഷത്തും നഷ്ടപ്പെട്ടതല്ലാതെ പറയത്തക്ക നേട്ടം പതിനാറാം ദിവസ യുദ്ധത്തില്‍ ഉണ്ടായില്ല. സൂര്യസ്തമയത്തോടെ ഇരു കൂട്ടരും സൈന്യത്തെ പിൻവലിച്ചു. രാധേയന്‍റെ സൈന്യാധിപത്യതിലുണ്ടായ ആദ്യ ദിവസ യുദ്ധംഭീഷ്മരുടെ നേതൃത്വ പാടവത്തെ അനുസ്മരിപ്പിച്ചു. സൈനികര്‍ രാധേയന്‍റെ കഴിവിനെ മനസ്സാ അഭിനന്ദിച്ചു. യുദ്ധാനന്തരം രാധേയനും ദുര്യോധനനും തമ്മില്‍ യുദ്ധ ഗതിയും സൌഹൃദവും പങ്കു വെച്ചു. രാധേയന്‍റെ സാരഥ്യത്തിലുള്ള ആദ്യ ദിവസം തനിക്കു പറയത്തക്ക നേട്ടമൊന്നു ഉണ്ടാക്കത്തതില്‍ ദുര്യോധനൻ പൊതുവേ അസംതൃപ്തനായിരുന്നു. അര്‍ജ്ജുനനെ വധിക്കുമെന്ന പ്രതിജ്ഞ പാലിക്കാൻ രാധേയനായില്ല. നകുലനുമായി ശക്തമായി പോരാടിയെങ്കിലും, രാധേയൻ നകുലനെ വധിച്ചില്ല, പ്രാണ ഭിക്ഷ നല്‍കി അപമാനിതനാക്കി. എന്താണതില്‍ രാധേയൻ കണ്ട മഹത്വം. പലതും ചോദിക്കണമെന്നുണ്ടെങ്കിലും എന്‍റെ സുഹൃത്തിന്‍റെ സുന്ദര മുഖാവരണം എന്നെ ഒന്നിനും അനുവദിക്കുന്നില്ല. ഉള്‍ അലിവിനു വേണ്ടി എന്നെ പ്രേരിപ്പിക്കുന്ന ഈ അപ്രമേയ വ്യക്തിത്വം രാധേയന് നല്‍കിയത് ഏതു പുണ്യാത്മാവാണ് ! തന്‍റെ മുന്നില്‍ ചരാചരങ്ങളെ പോലും നിസ് തേജനാക്കാനുള്ള ശക്തി ആരാണ് എന്‍റെ സുഹൃത്തിനു സമ്മാനിച്ചത് ?

ദുര്യോധനൻ എന്ന ഈ യുവരാജാവ് ഇന്നേവരെ ആരോടെങ്കിലും കടുത്ത ആദരവും സ്നേഹവും പ്രകടമാക്കിയിട്ടുണ്ടങ്കില്‍ അത് രാധേയനോട് മാത്രമാണ്. പടര്‍ന്നു കയറിയ ദുര്യോധനന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് രാധേയൻ സുഹൃത്തിനെ ഗാഡമായി ആശ്ലേഷം ചെയ്തു." വിഷമിക്കാതെയിരിക്കു മിത്രമേ! അടുത്ത ദിവസം ഞാൻ എന്തെങ്കിലും പ്രതിവിധി കണ്ടെത്തിയിരിക്കും" ദുര്യോധനൻ മന്ദഹസിക്കാൻ ശ്രമിച്ചു. "എന്നെ സന്തോഷിപ്പിക്കാൻ കഴിയാത്തതില്‍ താങ്കള്‍ എന്നെക്കാള്‍ ദുഖിതനാണന്നും അറിയാം.ഇപ്പോള്‍ വിശ്രമിക്കു! നമുക്ക് വീണ്ടും കാണാം " ദുര്യോധനൻ രാധേയന്‍റെ തോളില്‍ തട്ടി പിന്തിരിഞ്ഞു.ഇരുളിന്‍റെ നിശബ്ദതയില്‍ അടുത്ത ദിവസത്തെ യുദ്ധ ചര്‍ച്ചകള്‍ക്കായി അവര്‍ വീണ്ടും ഒന്നിച്ചു. രാധേയൻ ഏറെ നേരം തന്‍റെ ആത്മ മിത്രത്തെ തന്നെ ഉറ്റുനോക്കിയിരുന്നു. ആ രാത്രിയിലെ ഒത്തുകൂടല്‍ തങ്ങളുടെ സൌഹൃദത്തിന്‍റെ അവസാന രാത്രി ആണെന്ന പൂര്‍ണ്ണ ബോധംരാധേയനുണ്ടായിരുന്നു. എല്ലാ ആത്മ ബന്ധങ്ങളില്‍ നിന്നും ഏറെക്കുറെ മുക്തി നേടിയ തന്‍റെ മനസ്സിനെ ഈ മിത്രം എത്രമാത്രം മഥിക്കുന്നു! ഒന്നും വേണ്ടവിധം പറഞ്ഞു മനസ്സിലാക്കാതെ താനും ദുര്യോധനന്‍റെ തെറ്റായചിന്തകളെ ഭ്രാന്തമായി വളര്ത്തി. താളത്തിനൊത്തു തുള്ളുന്ന നാട്യക്കാരന് പലപ്പോഴും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രതിഫലവും എന്‍റെ മിത്രം നല്‍കി. പിതാമഹൻ പറഞ്ഞപോലെ "തന്‍റെ പിൻബലം ഒന്നു മാത്രമാണ് ഈ മനുഷ്യനെ ഇത്രമാത്രം പാപിയാക്കിയത്". ഞാൻ ദുര്യോധനൻ എന്ന എന്‍റെ സുഹൃത്തിനു നല്‍കിയത് സൌഹൃദമല്ല, മറിച്ച് തെറ്റിലെക്കുള്ള പാത സുഗമമാക്കാൻ സഹായിക്കുകയാണ് ചെയ്തത്. കൃഷ്ണൻ ഒരിക്കല്‍ എന്നോട് ചോദിച്ചു "വേദാത്ഥങ്ങളിലൂടെ നിഗൂഢത അറിയാവുന്ന താങ്കള്‍ എങ്ങിനെ പാപിയായ ദുര്യോധനനോട് ചേര്‍ന്ന് നില്ക്കുന്നു"എന്നാല്‍ ഈ നിമിഷം ഞാൻ പറയുന്നു കൃഷ്ണാ! ദുര്യോധനൻ പാപിയല്ല, അദ്ദേഹത്തെ വേണ്ടവിധം പറഞ്ഞു തിരുത്താതെ ഇരുന്ന ഞാനാണ് പാപി ! എല്ലാം വൈകിപ്പോയി, ഇനി ഒരു മടക്കയാത്രക്ക്‌ ഇടമില്ലാത്ത വിധത്തില്‍. സ്വാതികനായ രാധേയന്‍റെ മനോവ്യാപാരങ്ങള്‍ ഉള്‍കൊള്ളാൻ ദുര്യോധനനായില്ല. രാധേയന് ആശ്വാസം പകരും മട്ടില്‍ ദുര്യോധനൻ പറഞ്ഞു " സുഹൃത്തേ ! ഒരു നേട്ടവും നേടാൻ കഴിയാതെ ഒരു ദിവസം കടന്നു പോയതില്‍ താങ്കള്‍ അതീവ ദുഖിതനാണന്നറിയാം. ഈ ലോകത്തില്‍ എന്നെ ഏറെ സ്നേഹിക്കുന്ന വ്യക്തി താങ്കള്‍ മാത്രമാണ്. " വികാരത്തിന്‍റെ തള്ളികയറ്റ ത്തില്‍ ദുര്യോധനൻ രാധേയനെ ഗാഡമായി പുണര്‍ന്നു. അദ്ദേഹം മിത്രത്തിന്‍റെ കൈ പിടിച്ചു തന്നോടൊപ്പം മെത്തയില്‍ ഇരുത്തി. അസാധാരണമായൊന്നും അവര്‍ക്കിടയില്‍ ഉണ്ടായില്ലെങ്കിലും, അജ്ഞാതമായഅസാധാരണത്വം പ്രകടമല്ലാത്ത നിലയില്‍ ഇരുവരും പങ്കിട്ടു, കൈവിട്ടുപോകുന്നത് മാറോടു ചേര്‍ക്കാനുള്ള വെമ്പല്‍! "പറയൂ ! മിത്രമേ ! നാളത്തെ നീക്കത്തെ പറ്റി താങ്കളുടെ ആസൂത്രണം എങ്ങനെ? ദുര്യോധനൻ ആകാംഷയോടെ സുഹൃത്തിന്‍റെ മുഖത്ത് മിഴിനട്ടു രാധേയൻ മിത്രത്തിന്‍റെ തോളില്‍ മൃദുവായി തട്ടിക്കൊണ്ട് പറഞ്ഞു " മിത്രമേ ! ഞാൻ പറയുന്നത് താങ്കള്‍ ശ്രദ്ധയോടെ കേള്‍ക്കണം. അര്‍ജ്ജുനനും ഞാനും തമ്മില്‍ യുദ്ധ പ്രാവീണ്യത്തില്‍ ഏറെ സമാനതകളുണ്ടെങ്കിലും ഞാൻ പല കാര്യത്തിലും അദ്ദേഹത്തെക്കാള്‍ ഒരു പടി മുന്നിലാണ്. ഇതൊരു അമിത വിശ്വാസമോ, ആത്മ പ്രശംസയോ അല്ല. അര്‍ജ്ജുനന്‍റെ ഗാണ്ടീവത്തിനു ബദലായി എന്‍റെ കയ്യില്‍ ഭാര്‍ഗ്ഗവ ദത്തമായ 'വിജയം 'ഉണ്ട്.

വിജയം ഒരിക്കലും ലക്ഷ്യം പിഴയ്ക്കില്ല. ഞങ്ങള്‍ രണ്ടുപേരും ദിവ്യാ അസ്ത്ര പ്രയോഗത്തില്‍ സമത്ഥരാണ്. നാളത്തെ ദിവസം എന്തുകൊണ്ടും പ്രാധാന്യമേറിയതാണ്.നാളെ ഞാൻ അര്‍ജ്ജുനനെ വധിച്ച് അങ്ങക്ക് ജയം നേടിതന്നിരിക്കും. എന്നാല്‍ വിധി ഏതെങ്കിലും തരത്തില്‍ പ്രതികൂലമായാല്‍ ഞാൻ അങ്ങക്കു വേണ്ടി എന്‍റെ കടമ പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തോടെ പോര്‍ക്കളത്തില്‍ മരിച്ചു വീഴും! ദുര്യോധനൻ തികട്ടി വന്ന ദുഃഖം ഒതുക്കി കൊണ്ട് പറഞ്ഞു "മിത്രമേ ! അനാവശ്യ ചിന്തകള്‍ക്കു മനസ്സില്‍ ഇടം നെല്‍കാതിരിക്കു. ഞാൻ അങ്ങക്കു വേണ്ടി എന്തു ചെയ്യണമെന്നു പറയൂ " രാധേയൻ തുടര്ന്നു " മഹാനായ കൃപര്‍ പറയും പോലെ എന്‍റെ കഴിവില്‍ ഞാൻ ഗര്‍വ്വിതനാണങ്കിലും, ആ ഗര്‍വ്വു എന്‍റെ കഴിവിന്‍റെ വലിപ്പമായി അങ്ങ് കരുതണം. ഈ രാധേയൻ ഒരിക്കലും വീണ്‍ വാക്കു പറയില്ല. എന്നാല്‍ ഒന്ന് അങ്ങ് പ്രത്യേകം ധരിക്കേണ്ടതുണ്ട്. കൃഷ്ണ സാരഥ്യത്തിലുള്ള അര്‍ജ്ജുനൻ എന്നെ ക്കാള്‍ അല്പം മേലെയാണ്. 'അശ്വഹൃദയം ' അറിയാവുന്ന കൃഷ്ണന്‍റെ വൈഭവം നിസ്സാരമായി കാണരുത്. അര്‍ജ്ജുനന്‍റെ ശക്തിയും ബലവും കൃഷ്ണനാണ്. അതേപോലെ ഒരു തേരാളി എനിക്കില്ല .." രാധേയൻ മിത്രത്തെ ഉദ്യൊഗപൂര്‍വ്വം നോക്കി. ദുര്യോധനൻ സുഹൃത്തിന്‍റെ തോളില്‍ തട്ടി " അങ്ങ് നമ്മുടെ സഖ്യത്തില്‍ നിന്ന് ആരെ നിര്‍ദേശി ച്ചാലും, ഞാൻ താങ്കള്‍ക്കു വേണ്ടി അവരോട് സംസാരിക്കുന്നതാണ്. പറയു..." അവര്‍ പരസ്പരം നോക്കി.

രാധേയൻ പറഞ്ഞു "ശല്യര്‍ മഹാരഥ നാണ്. അദ്ദേഹം സാരഥ്യ കലയില്‍ കൃഷ്ണനെക്കാള്‍ ഒരുപടി മുന്നിലാണ്. ശല്യര്‍ നല്ല അശ്വഹൃദയ നിപുണനാണ്. എനിക്കു വേണ്ടി അദ്ദേഹം രഥം തെളിക്കാൻ തയ്യാറായാല്‍ നമുക്ക് വിജയം ഉറപ്പിക്കാം. "

ദുര്യോധനൻ ചിന്താധിഷ്ടിതനായി. ശല്യര്‍ മഹാരഥനും, പാണ്ഡവ ബന്ധുവുമാണ്, താൻ ചതിയില്‍പ്പെടുത്തിയാണ് അദ്ദേഹത്തെ തന്‍റെ പക്ഷത്താക്കിയത്. 'മാദ്രീ നരേശനായ ' അദ്ദേഹം ഏറെ ആഡ്യനും, വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവക്കാരനുമാണ്, പോരങ്കില്‍ രാധേയൻ സൂതപുത്രനും..." ദുര്യോധനന്‍റെ നിശബ്ദ്ത രാധേയനെ ഉണര്‍ത്തി. "അങ്ങയുടെ ചിന്ത എനിക്കറിയാം. സൂത പുത്രനായ എനിക്കു വേണ്ടി ചമ്മട്ടി എടുക്കാൻ അദ്ദേഹം തയ്യാറാവില്ല. പക്ഷെ, എനിക്കറിയാം മിത്രമേ! അങ്ങയാല്‍ അസാദ്ധ്യമായി യാതൊന്നുമില്ല. ആരെയും തന്‍റെ വരുതിക്ക് വരുത്താനുള്ള ഒരു പ്രത്യേക കഴിവ് താങ്കളില്‍ നിക്ഷിപ്തമായിട്ടുണ്ട്. കൗരവ പക്ഷത്തിന്‍റെ ഈ അസാധാരണത്വം തന്നെ അതിനു തെളിവല്ലേ ? രാധേയന്‍റെ പ്രശംസ ദുര്യോധനനില്‍ പ്രീതി ജനിപ്പിച്ചു. " മിത്രമേ ! താങ്കളുടെ അപേക്ഷ ഞാൻ പരിഗണിക്കുന്നു. എന്തും പണയപെടു ത്തി ഞാൻ അത് താങ്കള്‍ക്ക് വേണ്ടി നേടിയിരിക്കും. അങ്ങ് പോയി വിശ്രമിച്ചോളു " ദുര്യോധനന്‍റെ ഉറപ്പില്‍ അവര്‍ അന്യോന്യം കൈകൊടുത്ത് പിരിഞ്ഞു.

മുറിക്കു പുറത്തിറങ്ങിയ രാധേയൻ പതിവിനു വിപരീതമായി ദുര്യോധനനെ തിരിഞ്ഞു നോക്കി. ഏതോ അനിയന്ത്രിതമായ ഉള്‍പ്രേരണയാല്‍ അവര്‍ വീണ്ടും ആലിംഗനബദ്ധരായി. സ്ത്രീ പുരുഷ പ്രേമത്തെക്കാള്‍ ദൃഡമാണ് മൈത്രി ബന്ധമെന്ന് അവര്‍ ആ നിമിഷം അനുഭവിച്ചറിഞ്ഞു. ഒന്നില്‍ രാഗഭാവം ഒളിഞ്ഞിരിപ്പുണ്ടങ്കില്‍ ഇത് തീര്‍ത്തും സ്ഫടികം പോലെ നിര്‍മ്മലമാണ്. രാധേയനെ സ്വശരീരത്തില്‍ നിന്ന് വിടര്‍ത്തികൊണ്ട് ദുര്യോധനൻ പറഞ്ഞു " സമാധാനമായിരിക്കു മിത്രമേ !ഞാൻ എന്‍റെ ' മാനം 'പണയപ്പെടുത്തിയും ശല്യരെ കൊണ്ട് സമ്മതിപ്പിച്ചി രിക്കും !പൊയ്ക്കൊള്ളു, പോയി വിശ്രമിക്കു " രാധേയന്‍റെ മനസ്സ് പുര്‍ണ്ണമായി ഉള്‍കൊള്ളാൻ ദുര്യോധനനായില്ല. എത്ര ദൃഡമായ മൈത്രി ബന്ധമാണ ങ്കിലും 'സ്വഭാവ നൈര്‍മല്യം' വിശുദ്ധമായ ഒരു ഘടകം തന്നെയാണ്. ഇവിടെ രാധേയനോളം ഒരിക്കലും ദുര്യോധനൻ പൂര്‍ണ്ണനായിരുന്നില്ല.തന്‍റെ കൂടാരത്തിലെ മെത്തമേല്‍ ശയിച്ചെ ങ്കിലും രാധേയനെ ഉറക്കം തഴുകിയില്ല. നാളെ തന്‍റെ വിധി നിര്‍ണ്ണയിക്കുന്ന മുഹൂര്‍ത്തമാണ് എല്ലാം സാധാരണ രീതിയില്‍ തന്നെ സംഭവിച്ചാല്‍, വിജയം തനിക്കു തന്നെ. അര്‍ജ്ജുനനേക്കാള്‍ എത്രയോ മേലെയാണ് തന്‍റെ അസ്ത്ര ശക്തി ! കൃഷ്ണനു പോലും തന്‍റെ കഴിവില്‍ മതിപ്പുണ്ട്. എന്നാല്‍ എന്തിനേയും തകിടം മറിക്കുന്ന ' വിധി ' , അത് ബാല്യം മുതല്‍ തനിക്ക് എതിരാണ്.പെറ്റ മ്മയാല്‍ ഉപേക്ഷിക്കപ്പെട്ട കുരുന്നു ബാല്യം - അര്‍ഹമായ പലതും ആഗ്രഹിച്ചിട്ടുപോലും നേടിയെടുക്കാൻ കഴിയാത്ത അവസ്ഥ. ഒടുവില്‍ എല്ലാം ശരിയായി കൈപിടിയില്‍ എത്തിയപ്പോള്‍ സ്വീകരിക്കാൻ ആവാത്ത വിധം ഓടി അകലേണ്ടി വന്ന അവസ്ഥ. രാധേയൻ ഒന്നൊന്നായി ഓര്‍ത്തെടുക്കാൻ വൃഥാ ശ്രമിച്ചു.

അസ്ത്ര അഭ്യാസ കുതുകിയായി ഭാര്‍ഗ്ഗവാ ശ്രമത്തില്‍ എത്തിയ സൂത പുത്രൻ! ബ്രാമണ നെന്ന വ്യാജേന അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. തന്‍റെ കഴിവില്‍ ദീര്‍ഘ ദര്‍ശിയായ അദ്ദേഹം ഏറെ സന്തുഷ്ടനായി. പല ദിവ്യാ അസ്ത്രങ്ങളും സ്നേഹപൂര്‍വ്വം തനിക്കു സമ്മാനിച്ചു. കൂട്ടത്തില്‍ ശങ്കര ദത്തമായ ' വിജയം' പോലും താൻ നേടിയെടുത്ത എല്ലാ സൌഭാഗ്യങ്ങളും നിമിഷത്തിനുള്ളില്‍ തന്നില്‍നിന്നു തട്ടി കളഞ്ഞ ആ ' ഷഡ്പദത്തെ ' കര്‍ണ്ണൻ വീണ്ടും മായയെന്നോണം ദര്‍ശിച്ചു.അറിയാതെ തുടയില്‍ അദ്ദേഹം തടവി. ആ പാട് ഇപ്പോഴും ഒരു വടുവായി അവശേഷിക്കുന്നു. വിജ്ഞാന ദാഹത്താല്‍ പറഞ്ഞ അസത്യം തനിക്ക് 'ഗുരുത്വ ദോഷം' നേടി തന്നു." അത്യാസന്നമായ പോരാട്ടത്തില്‍ എന്നില്‍ നിന്നും അഭ്യസിച്ച വിദ്യ നിനക്ക് ഉപകാരപ്പെടില്ല. എതിരാളിയുടെ ദയാദാക്ഷിണ്യത്തിനു നീ പാത്രമാകേണ്ടി വരും" കണ്ണീരാല്‍ ഗുരുവിന്‍റെ പാദം കഴുകിയ തന്നില്‍ ഏറെ അനുകമ്പാര്‍ഹനായി അദ്ദേഹം അനുഗ്രഹിച്ചു "പൊയ്ക്കൊള്ളു കുഞ്ഞേ! എല്ലാ സല്‍കീര്‍ത്തിയും പേരും പെരുമയും നിന്നെ തേടി വരും. അനിശ്ചിതമായ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടെണ്ടാ" ഭാര്‍ഗ്ഗവരാമന്‍റെ അനുഗ്രഹം തന്‍റെ ജീവിതം ദുര്യോധനനുമായി ഇണക്കി ചേര്‍ത്തു. എന്നാല്‍ ഇതിനിടയില്‍ വിധി തനിക്കായി ഒരു കെണി കൂടി തീര്‍ത്തു. മടക്കയാത്രയില്‍ വ്യര്‍ത്ഥമായി തൊടുത്ത അസ്ത്രത്താല്‍ പിടഞ്ഞു വീണു മരിച്ച ബ്രാന്മണന്‍റെ ഗോവ്! നിര്‍ദോഷിയായ അദ്ദേഹവും തനിക്കു നേരെ ഒരു ശാപ വാക്കെറിഞ്ഞു. "ആപത്തിനെക്കുറിച്ച് ബോധവാനല്ലാത്ത സമയം മരണം നിന്നെ തേടി എത്തും. തടുക്കാനായി നിനക്ക് ഒന്നും ചെയ്യാൻ ആവില്ല" വിജയത്താല്‍ വിജയം വരിക്കാൻ ശാപം തീര്‍ച്ചയായും തന്നെ പ്രതികൂലിക്കും.എല്ലാവര്‍ക്കും അവരവരുടെ ശാപ പരീക്ഷണങ്ങള്‍ക്കായി ഉഴിഞ്ഞു വെച്ച എന്‍റെ "അസാധാരണ ജന്മം" അശ്രുക്കള്‍ രാധേയന്‍റെ കണ്ണില്‍നിന്ന് അടര്‍ന്നു വീണ് മെത്ത നനച്ചു. ഇല്ല, തനിക്ക് ഉറങ്ങാൻ ആവില്ല. അദ്ദേഹത്തിന്‍റെ ചിന്തകള്‍ കാടു കയറി.

തനിക്ക് രണ്ടമ്മമാര്‍- രാധയെന്ന തന്‍റെ വളര്‍ത്തമ്മ, അവര്‍ എന്‍റെ നന്മ യല്ലാതെ എന്നില്‍ നിന്നും തിരിച്ചൊന്നും ആഗ്രഹിക്കുന്നില്ല. അമ്മേ! ഈ പുത്രൻ ആ പുണ്യ പാദങ്ങളില്‍ മനസ്സാ നമിക്കുന്നു. അടുത്തത് പാണ്ഡവ മാതാവായ തന്‍റെ അമ്മ ! സന്ധ്യയുടെ നേര്‍ത്ത വെളിച്ചത്തില്‍ തന്നെ കാണാൻ ആര്‍ത്തിയോടെ ഓടിയെത്തിയ നിര്‍മ്മലയും കുലീനയുമായ സ്ത്രീ! അവരുടെ മാതൃ നിര്‍വിശേഷമായ ലാളന അനുഭവിച്ചറിഞ്ഞനിമിഷങ്ങള്‍ കര്‍ണ്ണന് മറക്കാനാവില്ല. തന്‍റെ മുടിച്ചുരുളുകളില്‍ വിരലോടിച്ച ആ മാതാവിന്‍റെ മുഖത്ത് താൻ ദര്‍ശിച്ച അപാര വാത്സല്യം. ധന്യനായി മാതാവേ ! ശപിക്കപ്പെട്ട എന്‍റെ ജന്മം അമ്മ സനാധമാക്കി.

അമ്മക്ക് നല്‍കിയ വാക്ക് ഈ കര്‍ണ്ണൻ പാലിച്ചിരിക്കുന്നു. നാല് പാണ്ഡവരും എന്‍റെ ദയാദാക്ഷിണ്യത്തിനു പാത്രമായി. അവരെയെല്ലാം ഈ ജ്യേഷ്ഠൻ ' പ്രാണ ഭിക്ഷ ' നല്‍കി മടക്കി അയച്ചിരിക്കുന്നു. എല്ലാം അറിയാവുന്ന കൃഷ്ണൻ എല്ലാറ്റിനും തനിക്ക് അവസരമുണ്ടാക്കി തന്നു. കൃ ഷ്ണൻ എന്നെ ഏറെ സ്നേഹിക്കുന്നുണ്ട്. യുദ്ധ രംഗമായിട്ടുപോലും പരസ്പരം കണ്ണുകള്‍ ഉടക്കുമ്പോള്‍ തന്നിലേക്ക് മാടി വിളിക്കും പോലെയുള്ള ആ നോട്ടം ! നിയന്ത്രണം വിട്ടു പോകുന്ന ആ നിമിഷങ്ങളില്‍ താൻ പലപ്പോഴും ഉള്‍വലിഞ്ഞു. തന്‍റെ ഇഷ്ടത്തിനപ്പുറം ഒന്നും തന്നെ കൊണ്ട് ചെയ്യിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. 'ആത്മാഭിമാനം ' എനിക്കു ദാനം തന്ന എന്‍റെ മിത്രമേ! അങ്ങക്കു വേണ്ടി ഞാൻ എന്‍റെ പ്രാണൻ തന്നെ നാളെ ത്യജിക്കുന്നതാണ് ! അതിനുമേലെ ഒന്നും രാധേയന് നല്‍കാനാവില്ല ! താങ്കളുടെ മൈത്രീ ബന്ധവും സ്നേഹവായ്പും എന്നും ഈ രാധേയനോടൊപ്പം ഉണ്ടാകും. ഓര്‍മ്മകളുടെ കയത്തില്‍ നിന്നും മുക്തനായ രാധേയൻ എപ്പോഴോ മയക്കത്തിലേക്കു വഴുതി.

യുദ്ധത്തിന്‍റെ പതിനേഴാം ദിവസം സമാഗതമായി. പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം തന്‍റെ മെത്തയില്‍ ഉപവിഷ്ടനായിരുന്ന ശല്യര്‍ പ്രസന്ന ഭാവത്തിലായിരുന്നു. യുദ്ധ ചിന്തകള്‍ അദ്ദേഹത്തെ തെല്ലും അലട്ടിയിരുന്നില്ല. കൂടാരത്തിലേക്ക് അവിചാരിതമായി കടന്നു വന്ന ദുര്യോധനനെ നോക്കി അദ്ദേഹം മന്ദഹസിച്ചു. ദുര്യോധനൻ ശല്യരെ ഏറ്റവും വിനയാന്വിതനായി പ്രണമിച്ചു. സ്വതവേ സൂത്ര ശാലിയായ രാജാവിന്‍റെ ഭാവപ്രകടനം കണ്ട് ശല്യര്‍ ചോദിച്ചു. "അങ്ങയുടെ അസാധാരണത്വം എന്നെ അസ്വസ്ഥനാക്കുന്നു ! എന്താണ് അങ്ങയുടെ ആഗമനോദ്ദേശം? ശല്യര്‍ ദുര്യോധനനെ പിടിച്ചെഴുന്നെല്‍പ്പിച്ചു. തന്നോടൊപ്പം മെത്തയില്‍ ഇരുത്തി. ദുര്യോധനൻ ശല്യരോട് താഴ്മയായി പറഞ്ഞു " അങ്ങ് പൂജനീയനായ മഹാരധനാണ്. അങ്ങയുടെ കഴിവ് അപാരമാണ്. ഇന്ദ്രൻ പോലും അങ്ങയുടെ വൈഭവത്തില്‍ ഏറെ പ്രശംസിച്ചിട്ടുണ്ട്. സാരഥ്യകലയില്‍ അങ്ങ് കൃഷ്ണനെക്കാള്‍ എന്തുകൊണ്ടും മേലെയാണ്. അശ്വനിപുണ കലയില്‍ അങ്ങ് ഏറെ പുകള്‍ പെറ്റവനാണ്. എന്‍റെ ഇന്നത്തെ വൈഷ്യമ്യത്തിനു പരിഹാരം കണ്ടെത്താൻ അങ്ങക്ക്‌ മാത്രമേ കഴിയൂ" ദുര്യോധനന്‍റെ പ്രശംസ ശല്യരെ പുളകിതനാക്കി -- താൻ കൃഷ്ണനെക്കാള്‍ മേലെയാണ് പോലും. എന്തോ ഒന്ന് ഇദ്ദേഹം എന്നില്‍നിന്നു ആഗ്രഹിക്കുന്നുണ്ട് അത് ഞാൻ അംഗീകരിക്കുമോ എന്ന് ഭയക്കുന്നുമുണ്ട്. ശല്യര്‍ ദുര്യോധനന്‍റെ തോളില്‍ തട്ടി "പറയൂ രാജാവേ! എന്നെ ഇത്രയും പുകഴ്ത്തിയ രാജാവിനു വേണ്ടി ഞാനും പ്രത്യുപകാരം എന്നാല്‍ ആവും വിധം ചെയ്തിരിക്കും!"ദുര്യോധനൻ പറഞ്ഞു " മഹാത്മാവേ ! ഇന്നത്തെ യുദ്ധം രാധേയനെ പോലെ എനിക്കും നിര്‍ണ്ണായകമാണ്. കൃഷ്ണാര്‍ജ്ജുനന്മാരെ പോലെ ഒരു കൂട്ടുകെട്ട് നമുക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. "

ശല്യര്‍ ദുര്യോധനനെ സംശയ ദൃക്ഷ്ട്യാ നോക്കി " ഞാൻ എന്താണ് ചെയ്യണ്ടത്? മടിക്കാതെ പറഞ്ഞോളു!" അങ്ങ് രാധേയന്‍റെ സാരഥ്യം ഏറ്റെടുക്കാൻ ഞാൻ താഴ്മയായി അപേക്ഷിക്കുന്നു " ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ദുര്യോധനന്‍റെ മുഖം കുനിഞ്ഞു. പ്രതീക്ഷിച്ചപോലെ ശല്യര്‍ കോപിഷ്ടനായി." ദുര്യോധനാ ! നാവില്‍നിന്ന് വീണു പോയ ഒരു പ്രശംസയുടെ മറവില്‍, നീ എന്നെ കബളിപ്പിച്ച് നിന്‍റെ പക്ഷം ചേര്‍പ്പിച്ചു. വാക്ക് പാലിക്കാൻ ഞാനും നിര്‍ബ്ബധിതനായി. എന്നാല്‍ താങ്കള്‍ ഒന്ന് മനസ്സിലാക്കണം. ഞാൻ ശ്രേഷ്ഠ കുലത്തില്‍ പിറന്ന ക്ഷത്രിയനും, ഒരു രാജ്യം നല്ലരീതിയില്‍ ഭരിക്കുന്ന രാജാവുമാണ്! ഒരു താഴ്ന്ന പ്രവര്‍ത്തിയും ഞാൻ ഇന്നോളം ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. താങ്കള്‍ എന്നെ ഈ വിധം അപമാനിച്ചാല്‍ ഞാൻ ഇന്നു തന്നെ എന്‍റെ രാജ്യത്തേക്ക് മടങ്ങി പ്പോകും "ദുര്യോധനന്‍റെ കണ്ണുകളില്‍ നീര്‍ത്തുള്ളി പൊടിഞ്ഞു. അദ്ദേഹം ശല്യരുടെ കാല്ക്കല്‍ വീണു. "ക്ഷമിക്കണം! മഹാപ്രഭോ! അങ്ങയുടെ വലിപ്പത്തെ ഞാൻ ഒരിക്കലും ചെറുതായി കണ്ടിട്ടില്ല. യുദ്ധത്തില്‍ ജയിക്കാനുള്ള അവസാന ശ്രമമായി മാത്രംഇതിനെ കണ്ടാല്‍ മതി. അങ്ങയുടെ സാരഥ്യത്തില്‍ രാധേയൻ ഈ യുദ്ധം ജയിക്കുമെന്ന് ഞാൻ ഉറച്ചു പോയി അപരാധമെങ്കില്‍ മാപ്പ്. "ദുര്യോധനാശ്രുക്കള്‍ ശല്യ പാദം നനച്ചു. ശല്യര്‍ സന്തുഷ്ടനായി. "ദുര്യോധനാ ! ഏറെ ദുഷ്ടത ഉണ്ടങ്കിലും നിന്നിലെ ചില നന്മകള്‍ ശ്ലാഘ നീയമാണ്. നിനക്കു വേണ്ടി ഞാൻ ഒരു സൂതന്‍റെ സാരഥ്യം ഏറ്റെടുക്കാൻ തെയ്യാറാണ്. പക്ഷെ, ചില നിബന്ധനകല്‍ താങ്കള്‍ പാലിക്കുമെങ്കില്‍ മാത്രം."

ദുര്യോധനൻ ചോദ്യ രൂപേണ ശല്യരുടെ മുഖഭാവം വീക്ഷിച്ചു. "മനുഷ്യരിലെ നാല് ചെയ്തികളെ ഞാൻ അങ്ങേയറ്റം വെറുക്കുന്നു. ഒന്ന് - അപകര്‍ഷതാ ബോധത്താല്‍ ആത്മനിന്ദ ചെയ്യുക. രണ്ട് - ആത്മ പ്രശംസ ചെയ്യുക മൂന്ന് - അന്യരുടെ കുറ്റവും കുറവും പറഞ്ഞു കൊണ്ടിരിക്കുക നാല് - വീരസ്യം ഭാവിക്കുക. ഇവ മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തൊന്നുമെകിലും, സ്വയം വിനാശത്തിന്‍റെ ചുവട്ടു പടിയാണ്. ഇവയില്‍ ഏതെങ്കിലും താങ്കളുടെ രാധേയനില്‍ കണ്ടാല്‍ ഞാൻ അയാളെ ക്രൂരമായി ശാസിക്കും. എന്‍റെ നിശിത വാക്കുകള്ക്ക് അസ്ത്ര ത്തിന്‍റെ മുനയാണന്നറി യുക." എല്ലാ നിബന്ധനകല്‍ക്കും വിധേയനാണന്നു ദുര്യോധനൻ തല കുലുക്കി സമ്മതിച്ചു.

മടങ്ങിവന്ന ദുര്യോധനൻ, താൻ നേടിയെടുത്ത 'അസുലഭ വിജയം' മിത്രത്തോട് പങ്കു വെച്ചു. ശല്യരുടെ സാരഥ്യ ത്തില്‍ ഇന്ന് അങ്ങ് അര്‍ജ്ജുനനെ ജയിച്ചിരിക്കും.രാധേയാ ! അങ്ങ് സന്തുഷ്ടനായില്ലേ? " വാക്കുകള്‍ വിതുമ്പിയ ആ നിമിഷം രാധേയൻ തന്‍റെ ആത്മ മിത്ര ത്തെ ഗാഢം പുണര്‍ന്നു. തനിക്കുവേണ്ടി ദുര്യോധനൻ ശല്യരുടെ കാല് പിടിച്ചു കാണും, ആരുടെ മുമ്പിലും കുനിയാത്ത ഈ ശിരസ്സ് എത്രമാത്രം താഴ്ന്നു കാണും! രാധേയന്‍റെ കണ്ണില്‍ നിന്നും പൊടിഞ്ഞു വീണ അശ്രുക്കള്‍ ദുര്യോധനന്‍റെ തോളില്‍ പതിച്ചു. "എന്ത്? എന്‍റെ സുഹൃത്തിന്‍റെ കണ്ണില്‍ ഞാൻ ഇന്നേവരെ കാണാത്ത അശ്രുക്കള്‍!" "എന്തു പറ്റി രാധേയാ ! ഏതോ ദുഃഖം അങ്ങയെ വല്ലാതെ മഥിക്കുന്നു. പറയു !" "നമ്മുടെ മൈത്രി ബന്ധത്തിന്‍റെ ദൃഡതയെ പറ്റി ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. അങ്ങെനിക്കു ജീവനും ആ ത്മാവുമാണ്. ഞാൻ എന്‍റെ എല്ലാ കഴിവും ഉപയോഗിച്ച് അങ്ങക്കു വേണ്ടി പൊരുതും, ശേഷം വിധിക്ക് വിടാം ! "നേര്‍ത്ത ഭയം ഗ്രസിച്ച ദുര്യോധനൻ രാധേയന്‍റെ തോളില്‍ തട്ടി മുറിക്ക് പുറത്ത് കടന്നു.വീണ്ടും അദ്ദേഹം ശല്യരുടെ കൂടാരത്തില്‍ എത്തി. " മഹാത്മാവേ! എനിക്ക് അങ്ങയോട് ചിലത് ഉണര്‍ത്തിക്കാനുണ്ട് " വിനയാന്വിതനായ ദുര്യോധനനെ സ്നേഹപൂര്‍വ്വം കടാക്ഷിച്ചു കൊണ്ട് ശല്യര്‍ പറഞ്ഞു "പറയൂ രാജാവേ " ദുര്യോധനൻ പറഞ്ഞു " പ്രഭോ ! നമ്മളേവരും കരുതും പോലെ രാധേയൻ സൂതപുത്രൻ അല്ലെന്നു എനിക്ക് വളരെ കാലമായി ഒരു തോന്നലുണ്ട്. അദ്ദേഹത്തിന്‍റെ ഔദ്ധ്യിത്യമാര്‍ന്ന നടപ്പും വിരിഞ്ഞ മാറിടവും മറ്റാരിലും കാണാത്ത മുഖ കാന്തിയും അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ ? തീര്‍ച്ചയായും. രാധേയൻ ഒരു സൂതപുത്ര നാവില്ല. ഏതോ ഉല്‍കൃഷ്ട മായ കുടുംബത്തിലെ സ്ത്രീ ക്കുണ്ടായ പുത്രനാണ് അയാളെന്ന് എനിക്ക് തോന്നുന്നു.ഏതോ ദേവനായിരിക്കും അയാള്‍ക്ക് ജന്മം നല്കിയത്. രാധേയന്‍റെ അപ്രമേയ വ്യക്തിത്വം പലപ്പോഴും എന്‍റെ മുന്നില്‍ ചോദ്യ ചി ഹ്നമായിട്ടുണ്ട്. എന്നെങ്കിലും എല്ലാം വെളിവാകുമെന്നു എനിക്കുറപ്പുണ്ട്. ഒരു സൂതപുത്രനു വേണ്ടി രഥം തെളിക്കേണ്ടി വന്ന ദുഃഖം ഒരിക്കല്‍ അങ്ങക്ക് അഭിമാനത്തിന് ഇടനല്‍കും" ശല്യര്‍ക്ക് ദുര്യോധനനോട് ഏറെ അനുകമ്പ തോന്നി. അദ്ദേഹം രാജാവിനെ ആശ്ലേഷിച്ചു.. " താങ്കളുടെ വിനയ ഭാഷണം എന്‍റെ മനസ്സ് കുളിര്‍പ്പിച്ചു.ഞാൻ അങ്ങയെ ഏറെ ഇഷ്ടപ്പെടുന്നു. അങ്ങക്ക് സന്തോഷം നല്‍കുന്ന വിധം ഞാൻ ഇന്നു യുദ്ധ രംഗത്ത് എന്‍റെ സര്‍വ്വ കഴിവും പ്രയോഗിക്കും. ശല്യരുടെ സത്യ സന്ധത അങ്ങക്ക് മുന്‍കൂട്ടി അറിയാവുന്നതാണല്ലോ ? " ചിരിച്ച് ദുര്യോധനന്‍റെ തോളില്‍ തട്ടി അദ്ദേഹം അശ്വാലയത്തിലേക്ക് നീങ്ങി. കടന്നുവന്ന രാധേയൻ ശല്യരെ വണങ്ങി " മഹാപ്രഭോ ! അങ്ങയുടെ ഉചിത വാക്കുകളാല്‍ ഞാൻ അഭിമാനിതനായിരിക്കുന്നു.അങ്ങയെ പ്രകോപിപ്പിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നതാണ്. " അവര്‍ മൂവരും പരസ്പരം മന്ദഹസിച്ചു. ശല്യര്‍ രാധേയന്‍റെ രഥം സജ്ജമാക്കി അദ്ദേഹത്തിന്‍റെ മുന്നിലെത്തിച്ചു. രാധേയൻ രഥത്തെ പ്രദിക്ഷണം വെച്ചു, പിന്നീട് തന്‍റെ പിതാവായ സൂര്യദേവനെയും ! ശല്യര്‍ രഥത്തില്‍ ആദ്യം കയറാൻ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തി. തന്‍റെ മിത്ര ത്തെ ഒന്നുകൂടി ഗാഢമായി ആശ്ലേഷിച്ച് രാധേയൻ രഥത്തില്‍ കയറി " വിജയീ ഭവാ ! " ദുര്യോധനൻ സുഹൃത്തിനെ ആശീര്‍വദിച്ചു.രഥം പാണ്ഡവ സേനയെ ലക്ഷ്യമാക്കി നീങ്ങി. കണ്ണില്‍നിന്ന് തേര്‍ മറയുവോളം ദുര്യോധനൻ നിന്ന നില്‍പ്പില്‍ നിന്നു. ഒന്നു കൂടി രാധേയനെ ആശ്ലേഷിക്കാൻ ആ മനം കൊതിച്ചു. രാധേയന്‍റെ രഥം യുദ്ധ രംഗത്തേക്ക് തിരിച്ചു. ആവേശത്താല്‍ രാധേയൻ പുളകിതനായി " ശല്യരെ! രഥം പാണ്ഡവരെ ലക്ഷ്യമാക്കി നയിക്കു ! എനിക്ക് ഇന്നുതന്നെ അവരെയെല്ലാം വധിച്ച് എന്‍റെ മിത്ര ത്തിനു കീര്‍ത്തി നേടികൊടുക്കണം ! "

ശല്യര്‍ ഒരിക്കല്‍ താൻ യുധിഷ്ടിരനു നല്‍കിയ വാക്കുകള്‍ ഓര്‍ത്തു. "ആസന്നമായ കുരുക്ഷേത്ര യുദ്ധത്തില്‍ അങ്ങ് ഒരുനാള്‍ രാധേയന്‍റെ സാരഥ്യം വഹിക്കാൻ ഇട വരും! അന്ന് അങ്ങയുടെ മൂര്‍ച്ചയുള്ള വാക്കുകളാല്‍ ഞങ്ങള്‍ക്ക് വേണ്ടി രാധേയനെ നിന്ദിച്ചു സംസാരിക്കണം. നിശിതമായ അങ്ങയുടെ വാക്കുകള്‍ രാധേയനെ തളര്‍ത്തുന്നത്, ഞങ്ങള്ക്ക് ഗുണമായി ഭവിക്കും " യുധിഷ്ടിരന്‍റെ ദീര്‍ഘ ദൃഷ്ടിയെ ശല്യര്‍ മനസ്സാ അഭിനന്ദിച്ചു.

" രാധേയാ ! താങ്കള്‍ ദുര്യോധനന്‍റെ അന്നാംശം ഭക്ഷിച്ചു മദിച്ചു വളര്‍ന്ന വെറും ഒരു കാകൻ മാത്രമാണ്. താങ്കള്‍ക്കൊരിക്കലും ഹംസമാകാൻ കഴിയില്ല. അര്‍ജ്ജുനനെ കൊല്ലും പോലും" നിറഞ്ഞ പുച്ഛ ഭാവത്തോടെ ശല്യര്‍ വീണ്ടും ആവര്‍ത്തിച്ചു "താങ്കള്‍ മൂഢ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന വെറും നാട്യക്കാ രനാണ്. അമിതാവേശം അപകടം ക്ഷണിച്ചു വരുത്തും "

നിമിത്തങ്ങള്‍ പലതും തനിക്കു പ്രതികൂലമാണന്നു രാധേയൻ ജ്ഞാന ദൃഷ്ട്യാ മനസ്സിലാക്കി ശല്യര്‍ പറയും പോലെ താൻ വിധിയുടെ മുന്നില്‍ നാട്യക്കാരനാകും ! തീര്‍ച്ച !

അല്ലങ്കില്‍ തന്നെ കര്‍ണ്ണ ജന്മം വിധിയുടെ വിളയാട്ട് പമ്പരമല്ലേ ?ഇന്നു മാത്രം അത് തിരിച്ചാകാൻ തരമില്ല. വിധിക്ക് പോലും ലജ്ജ തോന്നുംവിധം താനിന്നു പോരാടും. എന്‍റെ ജീവന്‍റെ അവസാന തുള്ളി രക്തം വരെ ഞാൻ എന്‍റെ ദുര്യൊധനനു വേണ്ടി സമര്‍പ്പിക്കും. ചിന്തകള്‍ക്ക് കടിഞ്ഞാൻ ഇട്ടുകൊണ്ട് രാധേയൻ പറഞ്ഞു "ശല്യര്‍ ! അങ്ങൊരു മഹാരഥ നാണ് ! ഞാൻ ഒരിക്കലും താങ്കള്ക്ക് സമനേയല്ല. എല്ലാം എനിക്കറിയാം, അര്‍ജ്ജുനൻ ഈ യുദ്ധത്തില്‍ ജയിക്കാനുള്ള കരുക്കള്‍ വിധി എന്നേ നീക്കി കഴിഞ്ഞു. ഈ നേര്‍ക്കുനേര്‍ യുദ്ധം വെറുമൊരു പ്രഹസനം മാത്രം !" എങ്കിലും ഞാൻ ശക്തമായി പോരാടും. വിധിയെ തോല്പ്പിക്കുന്ന യശസ്സും കീര്‍ത്തിയും ഞാൻ നേടിയിരിക്കും "

ശല്യര്‍ക്കു കുറ്റബോധം തോന്നി. " രാധേയാ ! ക്ഷമിക്കുക ! ഞാനിനി നിങ്ങളെ നിന്ദിക്കും വിധം സംസാരിക്കില്ല. താങ്കള്‍ വിധിക്കെതിരെ ശക്തമായി പോരാടുക. ഞാൻ പൂര്‍ണ്ണ മനസ്സോടെ താങ്കളോട് സഹകരിക്കുന്നു. " അവര്‍ പരസ്പരം കൈകോര്‍ത്തു. രാധേയന്‍റെ വ്യൂഹ ക്രമീകരണത്തെ മറികടക്കും രീതിയില്‍ പാണ്ഡവരും സൈന്യത്തെ ക്രമീകരിച്ചു. അര്‍ജ്ജുനൻ രാധേയനെ നേരിടണമെന്ന് യുധിഷ്ടിരൻ നിര്‍ദ്ദേശിച്ചു. നകുലൻ രാധേയ പുത്രന്മാരോടും ഏറ്റുമുട്ടും. ഭീമൻ ദുര്യോധനനെ നേരിടാൻ ധാരണയായി.

സാത്യകി ക്രുതവര്‍മാവിനെ നേരിടുമ്പോള്‍ ധൃഷ്ടദൃമ്നൻ അശ്വ ത്ഥാ മാവിനെ നേരിടും. ത്രിഗര്‍തന്മാര്‍ തുടക്കത്തില്‍ തന്നെ പതിവുപോലെ അര്‍ജ്ജുനനെ പോരിനു വിളിച്ചു. അര്‍ജ്ജുനൻ ഒറ്റയ്ക്ക് അവരെ നേരിടാൻ തുടങ്ങി.

അര്‍ജ്ജുനൻ യുദ്ധത്തിന്‍റെ ഒരവസരത്തില്‍ പോലും സൈന്യത്തെ കൂടെ കൂ ട്ടിയിരുന്നില്ല. കാലകേയന്മാരെയും, നിവാത കവച ന്മാരെയും ഒറ്റയ്ക്ക് നേരിട്ട സവ്യസാചിക്ക് കൃഷ്ണ സാരഥ്യത്തിനപ്പുറം ഒരു ശക്തിയുടെ ആവശ്യം വേണ്ടി വന്നിരുന്നില്ല.

രാധേയന്‍റെ രഥ ചക്രങ്ങള്‍ സംരക്ഷിച്ചിരുന്നത് അദ്ദേഹത്തിന്‍റെ പുത്ര ന്മാരായ സുഷേണനും സത്യസേനനും ആയിരുന്നു. യുദ്ധം മുറുകിയപ്പോള്‍ ഇവരില്‍ സത്യസേനനെ ഭീമൻ കൊന്നു.

രാധേയന്‍റെ ശക്തമായ പോരാട്ട വീര്യത്തെ തടുക്കാൻ അന്ന് പാണ്ഡവര്‍ ഏറെ പണിപ്പെടേണ്ടി വന്നു. വളരെ പാണ്ഡവ സൈനികര്‍ മരിച്ചു വീണു.

ഏറെ ക്രുദ്ധനായ യുധിഷ്ടിരൻ രാധേയനെ ഒരു ദ്വന്ദ്വ യുദ്ധത്തിന് പോര്‍വിളിച്ചു. തുടക്കത്തില്‍ ജയം യുധിഷ്ടിരനായിരുന്നെങ്കിലും , പൊടുന്നനെ രാധേയന്‍റെ ആക്രമണം ശക്തമായി, അദ്ദേഹം യുധിഷ്ടിരന്‍റെ വില്ലു മുറിച്ചു, സ്വര്‍ണ്ണാഭമായ പടച്ചട്ട രാധേയാസ്ത്രത്താല്‍ കീറി മുറിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മാര്‍വ്വിട ത്തില്‍ നിന്ന് രക്ത കണങ്ങള്‍ തെറിച്ചു വീണു. ഈ കാഴ്ച്ച രാധേയന് ദുസ്സഹം ആയെങ്കിലും പോരാട്ട വീര്യം ശക്തമായി തുടര്‍ന്നു. യുധിഷ്ടിരൻ ആത്മ രക്ഷാര്‍ത്ഥം എറിഞ്ഞ കുന്തങ്ങള്‍ രാധേയാ സ്ത്രങ്ങ ള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി. നിസ്സഹായനായ തന്‍റെ സഹോദരനെ, രാധേയൻ പുച്ഛ ഭാവത്തോടെ അസ്ത്ര അഗ്രം കൊണ്ട് തൊട്ടു.

" താങ്കള്‍ പോര്‍ വിളിച്ച പോലെ ഞാനൊരു സൂത പുത്രനാ യിരിക്കാം. എന്നിരുന്നാലും ദുര്യോധനന്‍റെ ആത്മ മിത്രം എന്ന പേരില്‍ ഞാൻ മരണംവരെ അഹങ്കരിക്കും.

എന്‍റെ യുധിഷ്ടിരാ ! താങ്കള്‍ എനിക്ക് സമനേയല്ല.ഏതോ ഉന്നത ബ്രാന്മണ കുലത്തില്‍ പിറക്കേണ്ട താങ്കള്‍ , എങ്ങിനെയോ വഴി തെറ്റി 'ക്ഷത്രിയ യോനിയില്‍ ' ജനിച്ചു പോയി. ഒരു പക്ഷേ, വിധി എന്നോട് കാട്ടിയ ചതി താങ്കളോടും കാട്ടിയിരിക്കും. ഞാൻ ഒരിക്കലും താങ്കളെ വധിക്കില്ല. അതിനു കാരണം കാലം കണ്ടെത്തെട്ടെ ! എന്നെങ്കിലും ഒരിക്കല്‍ താങ്കള്‍ എന്നെക്കുറിച്ചോര്‍ത്ത് ഏറെ ദുഖിക്കും. എല്ലാം ചെയ്യിക്കുന്ന കാല ഗതി അതിനും ഒരവസരം നല്‍കാതിരിക്കില്ല. പൊയ്ക്കൊള്ളു ! പോയി വിശ്രമിക്കു ! " രാധേയൻ തന്‍റെ കണ്ണുകള്‍ നിറയാൻ ഇട നെല്കാതെ പോര്‍ക്കളത്തിന്‍റെ മറ്റൊരു വശത്തേക്ക് നീങ്ങി. പ്രിയപ്പെട്ട അമ്മേ !

താങ്കള്‍ തള്ളി ക്കളഞ്ഞ ഈ പുത്രൻ അമ്മയുടെ നാലു മക്കള്‍ക്കും ' പ്രാണ ഭിക്ഷ ' നല്‍കിയിരിക്കുന്നു ! ഭവതി എന്നോട് പറയാതെ പറഞ്ഞ ആ വാക്ക് ഞാനൊന്നു കടമെടുക്കുന്നു. ഞാൻ പാലൂട്ടി വളര്‍ത്തിയ മൂന്നു മക്കളേക്കാള്‍ എത്രയോ മേലെയാണ് ഞാൻ ഒരിക്കല്‍ പോലും ലാളിക്കാത്ത ഈ പൊന്നോമന പുത്രൻ! അമ്മേ! കര്‍ണ്ണൻ വാക്ക് പാലിച്ചിരിക്കുന്നു.തന്‍റെ ജ്യേഷ്ഠനെ ക്രൂരമായി പീഡിപ്പിച്ച രാധേയനെ നേരിടാൻ ഭീമൻ തയ്യാറായി. ഭീമന്‍റെ കണ്ണില്‍ അസാധാരണ ക്രുദ്ധത ശല്യര്‍ ദര്‍ശിച്ചു.

അദ്ദേഹം രാധേയനോട് പറഞ്ഞു " രാധേയാ! ഭീമൻ അതീവ കോപിഷ്ടനായി താങ്കളുടെ നേരെ വരുകയാണ്. ശക്തമായ പോരാട്ടം സുനിശ്ചിതം !" ശരിയാണ് മഹാപ്രഭോ ! ഞാൻ യുധിഷ്ടിരനെ അപമാനിച്ചത് അദ്ദേഹത്തെ ചോടിപ്പിച്ചിരിക്കുന്നു.

പാണ്ഡവര്‍ക്ക്, പ്രത്യേകിച്ച് ഭീമന് തന്‍റെ ജ്യേഷ്ഠൻ ദൈവതുല്യനാണ്. തന്‍റെ സഹോദരങ്ങളുടെ ഭക്തിയും സ്നേഹവും നേടിയെടുക്കാൻ അദ്ദേഹത്തിനും കഴിവുണ്ട്. ഭീമൻ രാധേയനെതിരെ ശക്തമായി പോരാടി.

അദ്ദേഹത്തിന്‍റെ അനിയന്ത്രിത കോപത്തെ തളക്കാൻ രാധേയന് കഴിഞ്ഞില്ല. ഭീമാ സ്ത്രങ്ങള്‍ ഏറ്റു രാധേയൻ ബോധരഹിതനായി. " രാധേയാ! എന്‍റെ ജേഷ്ടനെ അപമാനിച്ച താങ്കളുടെ ' നാവ് ' ഞാനിന്ന് പിഴുതെടുക്കുന്നുണ്ട്. " ക്രുദ്ധനായി ബോധ രഹിതനായ രാധേയനെ സമീപിച്ച ഭീമനോട് ശല്യര്‍ അത്യന്തം കോപാകുലനായി " അരുത് ഭീമാ ! ബോധരഹിതനായ രാധേയനെ ഒഴിവാക്കൂ ! രാധേയനെ കൊല്ലേണ്ട ഉത്തരവാദിത്വം അര്‍ജ്ജുനനാണ്.അയാളുടെ ശപഥം നിറവേറ്റാൻ താങ്കളും സഹകരിക്കണം. ദയവായി തിരിച്ചു പോകൂ! ഭീമാ! " ശല്യരുടെ വാക്കുകള്‍ ഭീമന്‍റെ ദുഷ്ട ചിന്തക്ക് അയവു വരുത്തി. ഭീമൻ, രാധേയ രക്ഷക്ക് ദുര്യോധനൻ അയച്ച ധാര്‍തരാഷ്ട്രരെ സൈന്യത്തിനിടയില്‍ നിന്ന് തിരഞ്ഞു പിടിച്ചു വധിച്ചു, കൊന്നവരുടെ എണ്ണം പോലും എത്രയെന്ന് ഭീമൻ മറന്നു.

രാധേയനോട് എതിര്‍ക്കുന്നതില്‍നിന്നു, അര്‍ജ്ജുനനെ പിന്തിരിപ്പിക്കാൻ പലരും പോര്‍വിളിയുമായി പിന്നാലെ എത്തി.

സംശപ്തകന്മാര്‍ യുദ്ധാ ആരംഭം മുതല്‍ അര്‍ജ്ജുനനെ പോര്‍ വിളിക്കുകയാണ്, ഒരു ദിവസം കുറെ സൈന്യത്തെ പരാജയ പെടുത്തി അയക്കുമ്പോള്‍, അടുത്ത ദിവസം അവര്‍ മറ്റൊരു സൈന്യവുമായി എത്തുക യാണ്. പോര്‍വിളി സ്വീകരിക്കാതെ പിന്തിരിയുന്നത് യോദ്ധാവിന് ഭൂഷണമല്ല. സംശപ്തകന്മാരെ പരാജയപ്പെടുത്തി പ്രധാന യുദ്ധ രംഗത്തേക്ക് മടങ്ങിയെത്തിയ അര്‍ജ്ജുനൻ യുധിഷ്ടിരന്‍റെ അഭാവം തിരിച്ചറിഞ്ഞു.

ഇതേസമയം വീണ്ടും രാധേയനോട് ഏറ്റുമുട്ടി , കീറി മുറിക്കപ്പെട്ട ശരീരവുമായി പിന്തിരിയേണ്ടി വന്ന യുധിഷ്ടിരൻ തന്‍റെ കൂടാരത്തില്‍ അസ്സഹനീയ വേദന കടിച്ചമര്‍ത്തി ഇരുന്നിരുന്നു. അദ്ദേഹത്തിന്‍റെ ചിന്ത പല വഴിക്കും തിരിഞ്ഞു. " രാധേയൻ ഇന്നു തന്നെ ബ്രാന്മണ യോനിയില്‍ പിറന്ന ക്ഷത്രിയൻ എന്ന് വിളിച്ച് നിന്ദ്യമായി അപലപിച്ചു. എന്നാല്‍ ഈ പരിഹാസം അര്‍ജ്ജുനനാണ് ഏറ്റവും ഉചിതം. രാധേയനെ കൊല്ലുമെന്ന് പറഞ്ഞ് വീമ്പിളക്കുക അല്ലാതെ, അയാള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. ഇന്നു തന്നെ അയാളത് ചെയ്തില്ലെങ്കില്‍ പാണ്ഡവരുടെ ഭാവി എന്താകും? പിന്നീടൊരിക്കലും പാണ്ഡവ സേനക്ക് ജയ പ്രതീക്ഷ വേണ്ടാ !

ചിന്തയുടെ ചുടില്‍ മയക്കത്തിലേക്കു വഴുതി വീണ യുധിഷ്ടിരൻ സൌമ്യവും ശാന്തവുമായ ഒരു ശബ്ദം കേട്ടു, "യുധിഷ്ടിരാ ! ഞാൻ അങ്ങേക്ക് നേടി തരാമെന്ന് ഏറ്റത് ചെയ്തിരിക്കും ! എന്‍റെ ഭക്തനെ ആരെല്ലാം കൈവെടിഞ്ഞാലും, അവനെ ഞാൻ സംരക്ഷിക്കും !

ഇത് കൃഷ്ണ വാക്കാണ്, നിശ്ചിന്തനാകൂ ! "

"എന്‍റെ പ്രഭോ! എല്ലാം എനിക്കറിയാം " യുധിഷ്ടിരന്‍റെ നേത്രങ്ങള്‍ സജലങ്ങളായി. ( ഇന്നും അവശതയില്‍ ഓരോ ഭക്തനും ഈ സാന്നിദ്ധ്യം തിരിച്ചറിയുന്നു. പലപ്പോഴും ഉള്‍കൊള്ളാൻ ആവാത്ത വിധം നമ്മള്‍ വാദങ്ങള്‍ നിരത്തി പിന്തിരിയുന്നു. )ജ്യേഷ്ടനെ പറ്റി അര്‍ജ്ജുനൻ ഭീമനോട് തിരക്കി. ഭീമൻ പറഞ്ഞു "പ്രിയ അനിയാ ! നമ്മുടെ ജ്യേഷ്ടനെ രാധേയൻ ക്രൂരമായി പീഡിപ്പിച്ചു. ഏറെ അപമാനിച്ചു. ക്ഷീണിതനായ അദ്ദേഹം കൂടാരത്തില്‍ വിശ്രമിക്കുന്നുണ്ട്. നമുക്ക് ഇന്നുതന്നെ ഇതിന് പ്രതികാരം ചെയ്യണം " തന്‍റെ ജ്യേഷ്ടന് ഏറ്റ അപമാനം ഭീമന്‍റെ രക്തം തിളപ്പിച്ചു.

" ശരി ജ്യേഷ്ടാ ! ഞാൻ അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങി ഉടൻ മടങ്ങി എത്താം. "

അര്‍ജ്ജുനനും കൃഷ്ണനും കൂടാരത്തിലേക്ക് കടന്നപ്പോള്‍ ഏറെ ആകാംക്ഷ യോടെ യുധഷ്ടിരൻ ചാടി എഴുന്നേറ്റു.

" അങ്ങക്കത് സാധിച്ചുവോ? സൂത പുത്രനെ അങ്ങെങ്ങനെ വധിച്ചു?" യുധിഷ്ടിരന്‍റെ ഭാവ പ്രകടനം ആ നിമിഷം കൃഷ്ണനെ പോലും അമ്പരപ്പിച്ചു.

രാധേയന്‍റെ മരണം അത്രമാത്രം യുധിഷ്ടിരൻ ആഗ്രഹിക്കുന്നു. രാധേയൻ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പാണ്ഡവരുടെ നാശമാണന്നു ഈ ശുദ്ധാത്മാവ് കരുതുന്നു. അര്‍ജ്ജുനൻ ജ്യേഷ്ഠനെ പ്രണമിച്ചു. "യുദ്ധ രംഗത്ത് താങ്കളെ കാണാതെ ഞാൻ ഏറെ വിഷമിച്ചു. പരിക്കേറ്റ അങ്ങയെ അശ്വസിപ്പിക്കാനാണ് ഞാൻ യുദ്ധ രംഗത്തുനിന്ന് തിടുക്കപ്പെട്ടെത്തിയത്. ജ്യേഷ്ഠന്‍റെ അനുഗ്രഹം ഞാൻ കാംക്ഷിക്കുന്നു "

" അര്‍ജ്ജുനാ ! താങ്കള്‍ ഈ ദിവസം ചെയ്ത ഏറ്റവും ബുദ്ധി മോശമായ പ്രവര്‍ത്തിയാണിത്. രാധേയൻ വധിക്കപ്പെ ടും വരെ എന്‍റെ മനസ്സിന് ശാന്തി കിട്ടില്ല." അങ്ങ് മൌഢ്യം കളഞ്ഞ് ഉടൻ തന്നെ മടങ്ങുക " യുധിഷ്ടിരൻ കോപാകുലനാകുന്ന കണ്ടപ്പോള്‍ കൃഷ്ണൻ ഇടപ്പെട്ടു.

" താങ്കള്‍ ഈ പാര്‍ത്ഥനെ അനുഗ്രഹിക്കൂ. താങ്കളുടെ അനുഗ്രഹം ഏറെ വിലപ്പെട്ടതാണ് " ജാള്യത മറച്ചുകൊണ്ട് യുധിഷ്ടിരൻ സഹോദരനെ ആശിര്‍വദിച്ചു.

കൃഷ്ണാര്‍ജ്ജനന്മാര്‍ യുദ്ധ രംഗത്ത് തിരിച്ചെത്തി. ഭീമനും അര്‍ജ്ജുനനും ഒന്നുചേര്‍ന്ന് ശത്രു സൈന്യത്തെ നേരിടാൻ തുടങ്ങി.

ഈ സമയം ദുശ്ശാസനൻ ഭീമന്‍റെ മുന്നില്‍ എത്തപ്പെട്ടു. " വരൂ ! ദുശ്ശാസനാ ! താങ്കളെ എത്ര നാളായി ഞാൻ തിരയുന്നു. നമുക്കൊന്നു ബലാബലം പരീക്ഷിക്കാം." ഭീമന്‍റെ പോര്‍വിളി ദുശ്ശാസനനെ ഗര്‍വ്വിഷ്ടനാക്കി.

" ഞാനും താങ്കളുമായി ഒന്ന് നേര്‍ക്കുനേര്‍ പൊരുതാൻ ആഗ്രഹിക്കുന്നു. ഇതില്‍ ജയം എനിക്കു തന്നെയെന്ന് ഉറപ്പാണ് " ഭീമൻ പ്രതിയോഗിയുടെ ജല്പനം പുഞ്ചിച്ചു തള്ളി.

" ധര്‍മ്മിഷ്ടയായ ഞങ്ങളുടെ പത്നിയുടെ മുടി പിടിച്ചിഴച്ചു കൗരവ സഭയിലേക്ക് കൊണ്ട് വന്ന പോലെ ആകില്ല ദുശ്ശാസനാ ! ഈ പോരാട്ടം. വര്‍ഷങ്ങളായി ഊണിലും ഉറക്കത്തിലും എന്‍റെ ദ്രൌപതിയുടെ കണ്ണീര്‍ എന്‍റെ ഹൃദയം മഥിച്ചു കൊണ്ടിരിക്കുന്നു. താങ്കളുടെ ഹൃദയ രക്തം കൊണ്ട് എനിക്കാ കടം വീടണം. "

ഭീമന്‍റെ വാക്കുകള്‍ നിസ്സാരമായി തള്ളി കൊണ്ട് ദുശ്ശാസനൻ പറഞ്ഞു " നിങ്ങളുടെ ദ്രൌപതി ധര്‍മ്മിഷ്ട യാണ് പോലും ! ഒരേ സമയം പലരുമായി ഉറക്കറ പങ്കു വെക്കുന്നത് കുല സ്ത്രീകള്‍ക്കു പറഞ്ഞിട്ടുളള ധര്‍മ്മം ആകുന്നതെങ്ങനെ? ഹീനയായ വേശ്യയുടെ പ്രവര്‍ത്തിയാണ് നിങ്ങളുടെ പത്നി ചെയ്യുന്നത് ! എന്തിന് അവരെ മാത്രം കുറ്റപ്പെടുത്തുന്നു . നിങ്ങളുടെ അമ്മയായ കുന്തിയുടെ നിഷ്ഠയും അതായിരുന്നില്ലേ? അമ്മക്ക് ചേര്‍ന്ന മരുമകള്‍ ! നിങ്ങളെ പ്പോലെ പല തന്തക്കു പിറന്ന മക്കള്‍ ഊഴവും കാത്ത് പത്നിയുടെ ഉറക്കറയ്ക്ക് മുന്നില്‍ കാവലിരിക്കുന്നു. അവരാണോ കുല സ്ത്രീ ! ലജ്ജയില്ലേ, നിങ്ങള്ക്ക് അവരുടെ പേരില്‍ എന്നെ പോലുള്ള ക്ഷത്രിയരെ പോര്‍വിളിക്കാൻ "

ഭീമന്‍റെ മുഖം ഏറെ ദ്രൗദ്രമായി. കണ്ടു നില്‍ക്കുന്നവരില്‍ ഭയം ജനിപ്പിക്കുന്ന വിധം അത് ബീഭല്‍സമായി തീര്‍ന്നു.

ഭീമൻ ദുശ്ശാസനന്‍റെ വാക്കുകള്‍ പുഞ്ചിച്ചു തള്ളി. "നീ വളച്ചോടിക്കും പോലയല്ല സത്യം. ഈ ലോകരറിയാൻ ഭീമൻ പറയുന്നു.. ഞങ്ങള്‍ അഞ്ചു പേരും ചേര്‍ന്ന് വേളികഴിച്ച ഞങ്ങളുടെ ധര്‍മ്മ പത്നിയാണ് ദ്രൗപതി. ഹോമാഗ്നി സംഭൂതയായ അവളുടെ ജന്മം തന്നെ ദൈവ നിയോഗമാണ്, മഹത്തരമാണ് അവളുടെ ജന്മ ദൌത്യം.

എന്‍റെ അമ്മയെ നീ തള്ളി പറഞ്ഞല്ലോ, എന്നാല്‍ കേട്ടോളു... ഞങ്ങളുടെ അമ്മ ജന്മം നല്‍കിയത് ദൈവീക ശക്തികളെ ആണ്.

അതും ദൈവ നിയോഗമായി കുറിക്കപ്പെട്ടിരിക്കുന്നു. ലോകര്‍ക്കും ഋഷി കുലത്തിനും ഈ സത്യം അറിയാം. എന്നാല്‍ നിന്‍റെ മാതാവ് അത്യാര്‍ത്തി മൂലം കാട്ടി കൂട്ടിയത് എന്നെ കൊണ്ട് പറയിപ്പിക്കരുത്. ജന്മം നല്‍കിയതോ... കുല ഹന്താക്കളായ നിന്നെപ്പോലുള്ള പുത്രന്മാരേയും."

ക്രുദ്ധനായ ഭീമൻ ഗദയും ഓങ്ങി ദുശ്ശാസനനു നേരേ പാഞ്ഞെത്തി. ദുശ്ശാസനൻ ഏറെ ചെറുത്തു നില്പ്പു നടത്തിയെങ്കിലും ഭീമൻ, തന്‍റെ ഗദ കൊണ്ട് അയാളെ അടിച്ചു താഴെയിട്ടു. പ്രാണരക്ഷാര്‍ത്ഥം പിടയുന്ന ദുശ്ശാസനനെ രക്ഷിക്കാൻ പ്രജ്ഞ നശിച്ചുപോയ ആ നിമിഷത്തില്‍ ആര്‍ക്കും ആയില്ല. ഭീമൻ ക്ഷണത്തില്‍ ദുശ്ശാസനന്‍റെ കഴുത്തില്‍ കടന്നു പിടിച്ചു. മിഴിച്ചു നിന്ന ദുര്യോധനനെ നോക്കി ഭീമൻ അട്ടഹസിച്ചു "ദുര്യോധനാ! താങ്കളാണ് എല്ലാ ക്രൂരതക്കും ഉത്തരവാദി! ഞാനിതാ താങ്കളുടെ അനിയന്‍റെ ഹൃദയ രക്തം പാനം ചെയ്യാൻ പോകുന്നു. ഭീമന്‍റെ വാക്കുകള്‍ പാഴ്വാക്കാകില്ല. നീ എന്നെ ഭല്‍സിച്ചില്ലേ... ഒന്നും ഞാൻ മറന്നിട്ടില്ല." ഞൊടിയിടയില്‍ ഭീമൻ ദുശ്ശാസനന്‍റെ മാറിടം വാള്‍ കൊണ്ട് പിളര്‍ന്നു. പുറത്തേക്കു തള്ളിയ ഹൃദയ രക്തം ഭീമൻ പാനം ചെയ്തു.

ആ അട്ടഹാസം ദിഗന്തം വിറപ്പിച്ചു.

ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത വിധം രംഗം ഭയാനകമായി. രക്തം ഒലിച്ചിറങ്ങുന്ന ചുണ്ടോടെ ഭീമൻ പുലമ്പി. "ദുശ്ശാസനാ! ഗദ കൊണ്ട് നിന്‍റെ കൈ തകര്‍ത്തു ഞാനെന്‍റെ പ്രിയതമക്ക് നല്‍കിയ വാക്കു പാലിച്ചിരിക്കുന്നു. നിന്‍റെ രക്തം പാനം ചെയ്ത് എന്‍റെ ശപഥവും നിറവേറ്റിയിരിക്കുന്നു!
ദുഃഖം കൊണ്ട് രാധേയന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്രയും ക്രൂരത അദ്ദേഹം ജീവിതത്തില്‍ ഒരിക്കലും കണ്ടിരുന്നില്ല. ശല്യര്‍ക്ക് രാധേയനോട് സഹതാപം തോന്നി. "രാധേയാ! താങ്കളീ വിധം ദുഖിതനാകരുത്. യുദ്ധം ആയാല്‍ ജയത്തിനു വേണ്ടി എന്തു ക്രൂരതയും ഉണ്ടാകും. ഈ ദുഃഖം താങ്കളെ തളര്‍ത്തുന്നത് എനിക്ക് സഹിക്കില്ല. താങ്കള്‍ ഒരാളെ ഇനി രാജാവിനെ സഹായിക്കാൻ പ്രാപ്തനായുള്ളൂ. കര്‍മ്മ നിരതനായാലും ! ഞാൻ താങ്കളെ എവിടെ നിന്ന് ക്ഷണത്തി നുള്ളില്‍ അര്‍ജ്ജുന സമക്ഷം എത്തിക്കുന്നതാണ്." ശല്യര്‍ രഥം അര്‍ജ്ജുനനെ ലക്ഷ്യമാക്കി തെളിച്ചു. ഇതിനിടയില്‍ തന്‍റെ പുത്രൻ വൃഷസേനൻ അര്‍ജ്ജുനാസ്ത്രങ്ങള്‍ ഏറ്റു മരണപ്പെടുന്നതും രാധേയൻ കാണാനിടയായി.

രാധേയന്‍റെ ദുഃഖം അര്‍ജ്ജുനനോടുള്ള കടുത്ത കോപമായി ആളിക്കത്തി. ഏതു വിധേനയും അര്‍ജ്ജുനനെ കൊല്ലാൻ അദ്ദേഹം തീരുമാനിച്ചു.

ഇരു രഥങ്ങളും നേര്‍ക്ക് നേര്‍ നിന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പായി രാധേയൻ ശല്യരുടെ മുഖ ഭാവം ശ്രദ്ധിച്ചു. " പ്രഭോ ! ഞാൻ ഈ യുദ്ധം ദുര്യോധനന് അനുകൂലമാക്കണമെന്നു വളരെ ആഗ്രഹിക്കുന്നു. ഒരു പക്ഷെ വിധി എനിക്ക് പ്രതികൂലം ആയാല്‍ അങ്ങ് എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ? ശല്യരുടെ മനസ്സ് കര്‍ണ്ണനോടു ള്ള അതിരറ്റ സ്നേഹത്താല്‍ വിങ്ങി. ഏറെ ധീരനായ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു, " രാധേയാ ! താങ്കള്‍ ഈ യുദ്ധം ജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അഥവാ മറിച്ചായാല്‍ ഞാൻ അര്‍ജ്ജുനനെയും കൃഷ്ണനെയും കൊന്ന് അങ്ങയുടെ മരണത്തിന് പകരം വീട്ടിയിരിക്കും "

ഏറെ സമാനത കലര്‍ന്ന ഇതേ ചോദ്യം അര്‍ജ്ജുനൻ കൃഷ്ണനോടും ചോദിച്ചു"പ്രഭോ ! അങ്ങു പറയും പോലെ ഈ നേട്ടം എനിക്കു സാധിയാതെ വന്നാല്‍ , അങ്ങ് എന്തു ചെയ്യാനാണ് ഉദ്ധേശിക്കുന്നത്. ദയവായി അങ്ങയുടെ ഈ പാര്‍ത്ഥനോട് പറഞ്ഞാലും ! " കൃഷ്ണൻ പുഞ്ചിരിച്ചു. " സൂര്യൻ ആകാശത്തു നിന്ന് താഴെ പതിച്ചാലും താങ്കള്‍ പരാജയപ്പെടുക എന്നത് അസംഭവ്യമാണ് ! മറിച്ച്, കാലഗതി തിരിച്ചായാല്‍, ഞാൻ ഈ ലോകം തന്നെ അവസാനിപ്പിക്കും, സര്‍വ്വ തിനേയും ഭസ്മീകരിക്കും "

അവര്‍ രണ്ടു പേരും യുദ്ധത്തിന് ഒരുങ്ങത് അശ്വത്ഥാമാവ് കണ്ടു. ദീര്‍ഘ ദൃഷ്ടിയായ അദ്ദേഹം രാജാവിനെ സമീപിച്ചു, "ദുര്യോധനാ ! കൗരവ സേനയുടെ അത്യന്ത വിപത്ത് ഞാൻ അറിയുന്നു. നോക്കൂ ! അവര്‍ രണ്ടുപേരും പോരിന് തയ്യാറായി കഴിഞ്ഞു. അങ്ങൊരാള്‍ വിചാരിച്ചാല്‍ ഈ വിപത്ത് ഒഴിവാക്കാം, ലോകനന്മ ഉറപ്പുവരുത്താം. ചെല്ലൂ ! പാണ്ഡവര്‍ നല്ലവരാണ്, അവര്‍ ഒരിക്കലും ചെയ്തു പോയ തെറ്റിന്‍റെ പേരില്‍ അങ്ങയെ പരിഹസിക്കില്ല. ഒരു മൈത്രിക്ക് അങ്ങയുടെ മനസ്സിനെ സജ്ജ മാക്കിയാലും. ഭീഷ്മരും, ദ്രോണരും പോയി, ശേഷിക്കുന്ന രാധേയനെയെങ്കിലും അങ്ങ് രക്ഷിക്കൂ ! ഒന്നും അറിയാതെ ഈ ഞാൻ ഈ വിധം സംസാരിക്കില്ല. ആരാണ് എന്‍റെ മനസ്സില്‍ ഇത്ര പ്പെട്ടന്ന് "ഒരനുകമ്പ" വളര്‍ത്തിയതെന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല.

ദുര്യോധനാ ! അങ്ങ് ഒന്ന് മനസ്സിലാക്കിയാലും, എന്‍റെ അച്ഛന്‍റെ മരണം പോലും അദ്ദേഹത്തിന്‍റെ " വിധി " ആയിരുന്നെന്ന് ആശ്വസിക്കാൻ വേണ്ടും എന്‍റെ മനസ്സ് വളര്‍ന്നിരിക്കുന്നു. ദുര്യോധനാ ! ഒരു ദൗത്യത്തിനു തയ്യാറാകൂ! അങ്ങ് സമ്മതിച്ചാല്‍ ഞാനായിട്ട് മുന്‍കൈ എടുത്ത് എല്ലാം നേരെയാക്കാം... ദുര്യോധനാ ! പറയൂ !

ദ്രോണ പുത്രൻ ഏറെ അലിവോടെ ദുര്യോധന നിര്‍ദ്ദേശം കാത്തു നിന്നു. അദ്ദേഹം അക്ഷമനായി ദുര്യോധനന്‍റെ കൈപ്പടം അമര്‍ത്തി.

"അശ്വത്ഥാമാവേ ! അങ്ങ് ഏറെ നല്ലവനും, എന്‍റെ നന്മ മാത്രം ആഗ്രഹിക്കുന്നവനുമാണ്. എനിക്ക് എന്‍റെ മിത്ര ത്തോടുള്ള പ്രിയം, അങ്ങയോളം മറ്റാര്‍ക്കും അറിയില്ല. ഒരു പക്ഷെ, നമ്മുടെ പ്രായത്തിന്‍റെ സമാനതകളാകാം. എന്‍റെ പ്രിയ ദുശ്ശാസനൻ മരണപ്പെട്ട ശേഷം, ഇനി ഒരു പിന്തിരിയല്‍ അസാദ്ധ്യമാണ്. ഒരു പക്ഷെ, രാധേയൻ വധിക്കപ്പെട്ടാല്‍, പിന്നാലെ ഞാനും അദ്ദേഹത്തെ അനുഗമിക്കും. മരണമില്ലാത്ത അങ്ങും കൃപാചാര്യനും എല്ലാറ്റിനും സാക്ഷികളായി ശേഷിക്കും. അങ്ങയോടുള്ള എല്ലാ ബഹുമാനത്തോടു കൂടിയും ഞാൻ പറയുന്നു, അശ്വത്ഥാമാവേ ! എനിക്കിനി ഒ രു പിൻവാങ്ങാൻ അസാദ്ധ്യമാണ് ! കുല നാശകനായി ജനിച്ചെന്ന പേരുദോഷം എന്നോടു കൂടി അവസാനിക്കട്ടേ !!"

തലയ്ക്കു കൈകൊടുത്ത് ദുര്യോധനൻ ഒരു നിമിഷം പോര്‍ക്കളത്തില്‍ ഇരുന്നു.

അടുത്ത നിമിഷം കര്‍മ്മോത്സുകനായ ദുര്യോധനൻ രാധേയ രക്ഷക്ക് ഒരുപറ്റം സൈനികരെ സജ്ജമാക്കി. അവര്‍ അര്‍ജ്ജുനനും രാധേയനും പരസ്പരം യുദ്ധ സന്നദ്ധരായി നിലകൊണ്ടു. പരസ്പരം യുദ്ധം തുടങ്ങി. ആരംഭം സാധാരണ യുദ്ധം പോലെ, ശരങ്ങള്‍, കുന്തങ്ങള്‍ ഇവയുടെ പരസ്പര പ്രയോഗം മാത്രമായിരുന്നു. അവര്‍ പരസ്പരം അസ്ത്ര ആസ്ത്ര ങ്ങളുടെ മികവ് പരീക്ഷിച്ചു. അടുത്ത നിമിഷം യുദ്ധത്തിന്‍റെ ഗതി വഴി മാറി. അര്‍ജ്ജുനൻ ദിവ്യാ അസ്ത്രങ്ങള്‍ പ്രയോഗിച്ചു. അദ്ദേഹത്തിന്‍റെ ആഗ്നേയാസ്ത്രത്തെ, രാധേയൻ വാരുണാ അസ്ത്രം കൊണ്ട് തടുത്തു. അര്‍ജ്ജുനൻ അയച്ച വായവ്യാ അസ്ത്രത്താല്‍ മേഘങ്ങള്‍ ചിന്നി ചിതറപ്പെട്ടു. വീണ്ടും സവ്യസാചി ഐന്ദ്രാ അസ്ത്രം അയച്ച് കൗരവ സൈന്യത്തിനു മേല്‍ ശരവര്‍ഷം തുടങ്ങി. പ്രത്യസ്ത്രമായി രാധേയൻ അത്യന്ത കോപത്തോടെ "ഭാര്‍ഗ്ഗവാസ്ത്രം " അയച്ചു. അത് വളരെ മഹത്തരവും പരശുരാമ ദത്തവുമായിരുന്നു. ഭാര്‍ഗ്ഗവാസ്ത്രം അര്‍ജ്ജുനൻ അയച്ച അസ്ത്രങ്ങളേയെല്ലാം ഖണ്ഡിച്ചു പാണ്ഡവ പക്ഷത്തെ ശരം കൊണ്ടു മൂടി.

ഭീമൻ അത്യന്തം കോപിഷ്ടനായി. "അര്‍ജ്ജുനാ! രാധേയനെതിരായി പ്രതികരിക്കാതെ അങ്ങ് സ്വയം പരിഹാസ പാത്രമാകുകയാണ് ! എനിക്ക് താങ്കളുടെ നിഷ്ക്രിയാവസ്ഥയില്‍ ലജ്ജ തോന്നുന്നു. പറ്റില്ലെങ്കില്‍ പറയൂ, ഈ രാധേയനെ ഞാൻ വധിക്കുന്നതാണ്.. എനിക്ക് അസാദ്ധ്യമായി ഒന്നും ഇല്ല. " കൃഷ്ണൻ ഭീമന്‍റെ കോപം ശ്രദ്ധിച്ചു.

"അര്‍ജ്ജുനാ! ഭീമൻ താങ്കളോട് അതീവ കോപിഷ്ഠ നാകുന്നത് കണ്ടില്ലേ? അങ്ങാരണെന്നു ഇനിയെങ്കിലും തിരിച്ചറിയൂ!

ദാമോല്ഭവനെ നേരിട്ട താങ്കള്‍ക്ക് രാധേയനെ കൊല്ലാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. അങ്ങയുടെ ജന്മം തന്നെ രാധേയ വധം ലക്ഷ്യമാക്കിയാണ്. അങ്ങിലെ "സ്വ" ഉണര്‍ത്തുക. ശത്രുവിനെ ശക്തമായി നേരിടുക. "പൂര്‍വ്വ ജന്മ സ്മൃതിയാല്‍ കരുത്തു വര്‍ദ്ധിച്ച അര്‍ജ്ജുനൻ കൃഷ്ണനെ നോക്കി മന്ദഹസിച്ചുകൊണ്ട് ബ്രഹ്മാസ്ത്രം കയ്യിലെടുത്തു. "അഭിമന്ത്രണം ചെയ്തോളു പാര്‍ത്ഥ! "കൃഷ്ണൻ അനുമതി നല്‍കി. ബ്രഹ്മാസ്ത്രത്തില്‍ നിന്ന് ഉത്ഭവിച്ച അസംഖ്യം ശരങ്ങളാല്‍ ദിക്കുകള്‍ മുടപ്പെട്ടു. തങ്ങളെ ബന്ധിച്ചിരുന്ന ഭാര്‍ഗ്ഗവ ശരങ്ങളില്‍ നിന്ന് കൃഷ്ണനും, അര്‍ജ്ജുനനും മുക്തരായി. രാധേയൻ തുടര്‍ച്ചയായി ശര പ്രവാഹം നടത്തിക്കൊണ്ടെയിരുന്നു.

ഏവരും ആ അനസ്യൂതവും, അനായാസവുമായ കരവിരുതില്‍ മഗ്നരായി തരിച്ചു നിന്നു. അടുത്ത നിമിഷം അര്‍ജ്ജുനാസ്ത്രതാല്‍ രാധേയന്‍റെ രഥം മൂടപ്പെട്ടു. ആ ശക്തി പ്രവാഹത്തില്‍ രാധേയൻ മരിച്ചെന്നു തന്നെ ഏവരും തീര്‍ച്ചപ്പെടുത്തി. കൌരവര്‍ ഉറക്കെ നിലവിളിയായി "നമ്മുടെ രാധേയൻ! ഭാരതാംബയുടെ ഈ പ്രിയ പുത്രൻ! ഞങ്ങളുടെ രക്ഷക്ക് ഇനി ആരുണ്ട്?

പ്രിയ രാധേയാ അങ്ങ് വെളിയില്‍ വന്നാലും! ആ സുന്ദര ദര്‍ശനത്താല്‍ ഞങ്ങളെ ധന്യരാക്കിയാലും പ്രഭോ! "

ആ സ്നേഹ സ്വനങ്ങളും പ്രാര്‍ത്ഥനയും നല്‍കിയ കരുത്തില്‍ രാധേയൻ ശര കൂടം ഭേദിച്ച് വെളിയില്‍ വന്നു.

ഈ ഘോര അട്ടഹാസങ്ങളും മുറവിളിയും കേട്ടറിഞ്ഞ യുധിഷ്ടിരൻ, തന്‍റെ മുറിവുകളുടെ വേദന അവഗണിച്ച് യുദ്ധ രംഗത്ത് ഓടി എത്തി. ശിബിരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷവും അദ്ദേഹം അത്രമേല്‍ അസ്വസ്ഥ ചിത്തനായിരുന്നു. ഇന്ദ്രനും, സൂര്യനും ദേവകളോടും ഋഷി മാരോടും ചേര്‍ന്ന് ആകാശത്ത് നിന്ന് യുദ്ധ ഗതി വീക്ഷിച്ചു. രാധേയന്‍റെ 'വിജയവും', അര്‍ജ്ജുനന്‍റെ 'ഗാണ്ഡീവവും' പരസ്പരം ഏറ്റുമുട്ടുന്നത് സൂര്യനും, ഇന്ദ്രനും ഭയത്തോടെ വീക്ഷിച്ചു.

അന്തരീക്ഷം ഞാണൊലിയാല്‍ മുഖരിതമായി. അതിനിടയില്‍, കാണികളുടെ ഹര്‍ഷാരവങ്ങളും പേടിപ്പെടുത്തുന്ന രോദനങ്ങളും നിറഞ്ഞു നിന്നു. അര്‍ജ്ജുനന്‍റെ വില്ലിന്‍റെ ഞാണ് രാധേയൻ മുറിച്ചു. ഞൊടിയിടയില്‍ അര്‍ജ്ജുനൻ ഞാണ് മാറ്റി കെട്ടി. അതും രാധേയന്‍റെ കരവിരുതിനാല്‍ നഷ്ടമായി. അടുത്ത ക്ഷണത്തില്‍ അര്‍ജ്ജുനൻ വീണ്ടും സജ്ജനായി. ഈ മായിക വൈദഗ്ദ്യം രാധേയനില്‍പ്പോലും മതിപ്പുളവാക്കി.

അര്‍ജ്ജുന ശരങ്ങളാല്‍ വീണ്ടും രാധേയ രഥം മൂടപ്പെട്ടു. രാധേയൻ കോപിഷ്ടനായി തന്‍റെ അധീനതയില്‍ ഉണ്ടായിരുന്ന സര്‍പ്പാകൃതിയില്ലുള്ള അസ്ത്രങ്ങള്‍ കൃഷ്ണനെ ലക്ഷ്യമാക്കി പ്രയോഗിച്ചു. ഏറെ മാരകമായ ആ അസ്ത്രങ്ങള്‍ കൃഷ്ണനുമേല്‍ പ്രയോഗിച്ചതില്‍ അര്‍ജ്ജുനൻ ക്രുദ്ധനായി. ഇതോടെ അവര്‍ തമ്മിലുണ്ടായിരുന്ന ഏറെ പ്രകടമല്ലാതിരുന്ന സൌമ്യതാ മനോഭാവം പോലും അസ്തമിച്ചു. പോര്‍വിളി ഭയാനകമാം വിധം പേടിപ്പെടുത്തി.

അര്‍ജ്ജുനൻ അയച്ച എണ്ണമറ്റ ശരങ്ങളാല്‍ ഭീതരായി, രാധേയന്‍റെ സമീപം നിന്ന സൈനികര്‍ നാലുപാടും ചിന്നി ചിതറി, യുദ്ധ ഭൂമിയില്‍ അവര്‍ രാധേയനെ തനിച്ചാക്കി ആത്മ രക്ഷക്കുള്ള ശ്രമം തുടര്‍ന്നു.

തിരിച്ചു വന്ന സൈനികരോട് ദുര്യോധനൻ കോപിഷ്ടനായെങ്കിലും, അര്‍ജ്ജുന ശര പ്രയോഗത്തിന്‍റെ ഭീതിയാല്‍ അവര്ക്ക് രാധേയ സമീപം എത്താനായില്ല. രാധേയൻ ഒറ്റക്ക് ആ അസ്ത്രങ്ങള്‍ എല്ലാം ഖണ്ഡിച്ചു. അദ്ദേഹം തന്‍റെ അധീനതയില്‍ ഉണ്ടായിരുന്ന ഏറ്റവും ഘോരമായ 'നാഗാസ്ത്രം' കയ്യിലെടുത്തു. 'ശക്തി' യുടെ അഭാവം ഒരളവുവരെ 'നാഗാസ്ത്രം' രാധേയന് തുണയായി. അദ്ദേഹം അത് അഭിമന്ത്രിക്കാൻ തുടങ്ങിയപ്പോള്‍, കുശാഗ്ര ബുദ്ധിയായ ശല്യര്‍ ഓര്‍മപ്പെടുത്തി "രാധേയാ ! നാഗാസ്ത്രം ഒരിക്കലും അര്‍ജ്ജുനന്‍റെ കഴുത്തിനു നേരെ ഉന്നം വൈക്കരുത്. മാറിനെ ലക്ഷ്യമാക്കി അയക്കൂ !

അല്ലെങ്കില്‍ അതിനു തുണയായി മറ്റൊരു അസ്ത്രം കൂടി അയക്കൂ ! ഇല്ലങ്കില്‍ തീര്‍ച്ചയായും താങ്കളുടെ ലക്ഷ്യം പിഴയ്ക്കും."

ശല്യരുടെ വാക്കുകള്‍ മാനിക്കാനുള്ള മനസ്സ് രാധേയനുണ്ടായില്ല. അദ്ദേഹം സ്വയം തന്‍റെ കാഴ്ച്ചപാടിലും കഴിവിലും ഉറച്ചു നിന്നു. ഒരിക്കല്‍ ഉന്നം വെച്ചാല്‍ ഞാൻ ഒരിക്കലും, ആരുടെ വാക്ക് മാനിച്ചും ലക്ഷ്യം മാറ്റി പിടിക്കില്ല, ഒന്ന് പിഴക്കുമെന്നോര്‍ത്ത് മറ്റൊരു ശരം അയക്കു ന്നതും എന്നെപ്പോലൊരു യോദ്ധാവിനു ഭൂഷണമല്ല. കഴിവിനെ കവച്ചു വയ്ക്കുന്ന 'ആത്മശ്ലാഘി', അതായിരുന്നു രാധേയന്‍റെ ഒരേ ഒരു ദൗര്‍ബല്യം! (ഏതു വ്യക്തിയുടേയും അസാമാന്യ കഴിവിനെ പോലും ചില നിമിഷങ്ങളില്‍ ഈ ദൗര്‍ബല്യം ഹനിക്കും.)

രാധേയൻ അര്‍ജ്ജുനനെ വെല്ലു വിളിച്ചു "അര്‍ജ്ജുനാ ! ഞാനിതാ 'നാഗാസ്ത്രം' അഭിമന്ത്രിച്ചു കഴിഞ്ഞു. അടുത്ത നിമിഷം അങ്ങയുടെ ശിരസ്സ് വേര്‍പെടും. മരിക്കുന്നതിന് മുന്പ് താങ്കള്‍ പ്രിയപ്പെട്ടവരെയെല്ലാം ഒന്നു കൂടി നോക്കി കണ്ടോളു" രാധേയൻ ഞാണില്‍ നിന്നു അസ്ത്രം വേര്‍പ്പെടുത്തി. ഒരു വിദ്യുത് പ്രവാഹം പോലെ അത് അന്തരീക്ഷത്തെ പുളകം കൊള്ളിച്ചുകൊണ്ട് പാഞ്ഞു.

"അര്‍ജ്ജുനൻ വധിക്കപ്പെട്ടു" എന്നു തന്നെ ഏവരും ഉറപ്പിച്ചു.

രാധേയാസ്ത്രത്തിന്‍റെ ഉന്നം പിഴയ്ക്കുന്ന രീതിയിലുള്ള ഒരു പ്രക്രിയ ആ നിമിഷം സംഭവിച്ചു. കൃഷ്ണൻ തന്‍റെ കുതിരകളെ ബലമായി ഭൂമിയില്‍ അമര്‍ത്തി. രഥ ചക്രം 'അഞ്ചു വിരല്‍' താഴ്ന്നു. അര്‍ജ്ജുനന്‍റെ കിരീടാഗ്രം മുറിച്ചു കൊണ്ട് അസ്ത്രം പാഞ്ഞു. നാഗാസ്ത്രതാല്‍ ഇന്ദ്ര കിരീടം മുറിഞ്ഞ് താഴെ വീണങ്കിലും അര്‍ജ്ജുന ശിരസ്സിനു ഒന്നും സംഭവിച്ചില്ല.' കൃഷ്ണ ശക്തിക്ക് 'ബദലായി ഒന്നുമില്ല. ഒരിക്കല്‍ ദ്രൌപതിയുടെ 'നഗ്നത' കണ്ടാസ്വദിക്കാനിരുന്ന, കൗരവാദികള്‍ക്കു മുന്നിലും ഭഗവാൻ ഈ ശക്തി തന്നെ പ്രയോഗിച്ചു.

തന്‍റെ ഭക്തരുടെ രക്ഷ ഭാഗവാനെന്നും പ്രിയപ്പെട്ടതാണ്. ഇത്ര മേല്‍ 'ഭക്ത വാത്സല്യം' ആരിലും കാണാൻ കഴിയില്ല. അതാണ് 'ശ്രീ കൃഷ്ണ പരമാത്മാവ്'. അവിടുത്തെ പാദ സ്പര്‍ശന മേറ്റ ഈ ഭൂമി ധന്യമാണ് പ്രഭോ !

എല്ലാം നേരില്‍ കണ്ട രാധേയൻ ഒന്നു തീര്‍ച്ചയാക്കി "ഇനി അര്‍ജ്ജുനനെ വധിക്കാനവില്ല! അവസാനത്തെ ആയുധവും ഭഗവാൻ വിഫലമാക്കിയിരിക്കുന്നു." രാധേയന്‍റെ കണ്ണുകളില്‍ അശ്രുക്കള്‍ നിറഞ്ഞു. അടുത്ത ക്ഷണം കണ്ണുകള്‍ തുടച്ച് അവസാനം വരെ പോരാടാൻ അദ്ദേഹം മനസ്സ് സജ്ജമാക്കി.

തെറിച്ചു വീണ അര്‍ജ്ജുന കിരീടത്തില്‍നിന്നു ഒരു സര്‍പ്പം സാവധാനം ഇഴഞ്ഞു രാധേയന് സമീപം എത്തി.

"ഞാൻ തക്ഷക പുത്രനായ അശ്വസേനൻ! അങ്ങയെപ്പോലെ എന്‍റെ മാതൃ ഹന്താവായ അര്‍ജ്ജുനനെ ഞാനും വെറുക്കുന്നു. അങ്ങയുടെ അനുവാദം കൂടാതെ ഞാൻ ആ അസ്ത്രത്തില്‍ കയറി ഇരുന്നതു കൊണ്ടാണ് ലക്ഷ്യം പിഴച്ചത്. അങ്ങ് നാഗാസ്ത്രം ഒരിക്കല്‍ കൂടി അഭിമന്ത്രിക്കൂ. ഞാൻ അങ്ങേക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു "രാധേയൻ സര്‍പ്പത്തോട് ക്രുദ്ധനായി" ഇടയില്‍ ചാടി ലക്ഷ്യം തെറ്റിച്ച നാഗമേ! നിന്‍റെ ഒരു വാക്കും ഈ രാധേയൻ വിശ്വാസത്തില്‍ എടുക്കില്ല. ശത്രുക്കളോട് പൊരുതാൻ എനിക്ക് പരസഹായം വേണ്ടാ. എന്‍റെ കോപത്താല്‍ ഹനിക്കപ്പെടും മുമ്പ്‌ ഇവിടം വിട്ടു പൊയ്ക്കൊള്ളു ! " സര്‍പ്പം നിരാശയോടെ പിൻവാങ്ങി. അത് ആകാശ ത്തിലൂടെ അര്‍ജ്ജുനനെ ലക്ഷ്യമാക്കി നീങ്ങി. അശ്വസേനന്‍റെ വരവ് കൃഷ്ണൻ കണ്ടു.

"നോക്കൂ പാര്‍ത്ഥ! ഇത് ഉഗ്ര വിഷമുള്ള തക്ഷക പുത്രനാണ്. അങ്ങയെ കൊല്ലുകയാണ് അവന്‍റെ ലക്ഷ്യം. പണ്ട് ഖാണ്ഡവ ദഹന സമയത്ത് അവന്‍റെ അമ്മ തീയില്‍പ്പെട്ടു മരിക്കുക ഉണ്ടായി. ആ പകയും കൊണ്ടാണ് അവൻ ചീറ്റി വരുന്നത്. അവനെ ആകാശത്ത് വെച്ച് തന്നെ വധിക്കുക." അര്‍ജ്ജുന ശരങ്ങള്‍ അശ്വസേനനെ കഷണങ്ങളാക്കി.

രാധേയന്‍റെ മരണ സമയം അടുത്തുതുടങ്ങി. അതിനായി ഭൂമി ദേവി കൂടി സഹകരിക്കണം. ബ്രാന്മണ ശാപം ഫലത്തില്‍ വരണമെങ്കില്‍ ഭൂമി ദേവി തുണയ്ക്കണം പൊടുന്നനെ രാധേയന്‍റെ രഥം നിന്നിരുന്ന സ്ഥലത്തെ മണ്ണ് മൃദുത്വം പാലിച്ചു. അടിയിലെ മണ്ണ് ക്രമേണ ഇളകാൻ തുടങ്ങി. രഥ ചക്രം ഭൂമി യിലേക്ക് മെല്ലെ മെല്ലെ താഴ്ന്നു തുടങ്ങി. ഈയൊരു സംശയം തുടക്കത്തിലെങ്ങും രാധേയന് അനുഭവപ്പെട്ടില്ല. ഗുരുശാപവും തക്ക സമയത്ത് പ്രതിപ്രവര്‍ത്തിച്ചു തുടങ്ങി. ദിവ്യാസ്ത്രങ്ങള്‍ അഭിമന്ത്രണം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തില്‍ നിന്ന് ചോര്‍ന്നു തുടങ്ങി. ഓര്‍മയില്‍നിന്നു അഭിമന്ത്രണം ചികഞ്ഞെടുക്കാൻ ശരീരം ഏറെ ശോഷിപ്പിക്കേണ്ടി വന്നു. ഈ സമയമെല്ലാം അര്‍ജ്ജുനൻ തുടരെ തുടരെ അസ്ത്രങ്ങള്‍ വര്ഷിച്ചു കൊണ്ടിരുന്നു. എങ്ങിനെയെല്ലാമോ രാധേയൻ അതില്‍ ചിലതെല്ലാം തടുത്തു. നിസ്സഹായനായ അദ്ദേഹം സ്വയം പിറുപിറുത്തു " ധര്‍മ്മം ധര്‍മ്മത്തെ കാക്കുമെകിലും, ഇവള്‍ തരംപോലെ അടവ് മാറ്റുന്ന കുലടയാണ്, അവള്‍ക്കു എന്നോടുള്ള പ്രിയം നശിച്ചിരിക്കുന്നു, പുതിയ മേച്ചില്‍ പുറങ്ങളില്‍ സൌഖ്യം കണ്ടെത്തിയ അവള്‍ എന്‍റെ നിസ്സഹായത്ക്കുമേല്‍ നൃത്തം ചവിട്ടുന്നു "

അര്‍ജ്ജുനൻ അയച്ച എന്ദ്രാസ്ത്രത്തെ ഏറെ പണിപ്പെട്ട് ഓര്‍മ്മയിലെത്തിച്ച ബ്രഹ്മാസ്ത്രം കൊണ്ട് രാധേയൻ ഖണ്ഡിച്ചു.

രാധേയ ശരീരം മുഴുവൻ അര്‍ജ്ജുനാസ്ത്രങ്ങളാല്‍ കീറി മുറിക്കപ്പെട്ടു. തന്‍റെ രഥചക്രം ഭൂമിയില്‍ ഏറെ താണു പോയിരിക്കുന്നത് രാധേയന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഏതു നിമിഷവും കുതിരകള്‍ സാരഥിയുടെ നിയന്ത്രണത്തിനപ്പുറം ആകാം. ശല്യരുടെ സാരഥ്യ വൈദഗ്ധ്യം പ്രശംസനീയം തന്നെ. രാധേയൻ നിസ്സഹായതയോടെ അര്‍ജ്ജുനന് നേരെ കയ്യുയര്‍ത്തി. "ദയവായി എനിക്കുവേണ്ടി താങ്കള്‍ അല്പം കാക്കണം. യുദ്ധ നീതി അറിയാവുന്ന താങ്കള്‍, ഈ രഥചക്രം ഉയര്‍ത്തുന്നത് വരെ എന്നോട് സഹകരിക്കണം "

കൃഷ്ണൻ പുച്ഛത്തോടെ രാധേയനെ നോക്കി " താങ്കള്‍ ആത്മരക്ഷാര്ധം യുദ്ധ നീതിയുടെ നിയമം ഓര്‍മ്മിപ്പിക്കുന്നു.

നാല് നാള്‍ക്കു മുമ്പ്‌അങ്ങ് പിന്നില്‍നിന്ന് അഭിമന്യുവിന്‍റെ വില്ലോടിച്ചില്ലേ ? അന്ന് ഈ നിയമത്തെപ്പറ്റി അങ്ങ് അജ്ഞനായിരുന്നോ? അന്ന് അങ്ങേക്ക് ദുര്യോധനന്‍റെ പ്രീതി വേണ്ടിയിരുന്നു! അതല്ലേ ശരി ? സത്യത്തിനു നേരെ പുറംതിരിഞ്ഞു കൊഞ്ഞനം കുത്തി ! കൌരവ സഭയില്‍ മിത്രത്തിന്‍റെ ഇഷ്ടം പിടിച്ചു പറ്റാൻ, പല ധര്‍മ്മ ശാസ്ത്രങ്ങള്‍ക്കു നേരെയും ജ്ഞാനിയായ താങ്കള്‍ കണ്ണടച്ചു ! ഒരിക്കല്‍ പോലും താങ്കള്‍ ദുര്യോധനന് നേര്‍വഴി ഉപദേശിച്ചില്ല ! അയാള്‍ വെച്ചു നീട്ടിയ സുഖ സൌകര്യങ്ങളുടെ തണലില്‍, ധര്‍മ്മത്തിനും നീതിക്കും താങ്കള്‍ പുതിയ വ്യാഖ്യാനം സൃഷ്ടിച്ചു? "

കൃഷ്ണന്‍റെ വാക്കുകള്‍ അര്‍ജ്ജുനാസ്ത്രങ്ങളെക്കാള്‍ രാധേയന്‍റെ ഹൃദയം കീറിമുറിച്ചു. സ്വന്തം ഹൃദയം പകുത്ത് തന്‍റെ ആത്മ ഭിമാനം നിലനിര്‍ത്തിയ ദുര്യോധനന്‍റെ പാപ കൃത്യങ്ങള്‍ക്കു നേരേ താൻ കണ്ണടച്ചു. ശരിയാണ്, അദ്ദേഹത്തെ പറഞ്ഞു തിരുത്താൻ തനിക്കായില്ല ! എന്തു കൊണ്ടായിരുന്നതെല്ലാം എന്ന് കൃഷ്ണന് അറിയാം. ദുര്യോധനനോടുള്ള മൈത്രീ ബന്ധത്തെ പറ്റി പറഞ്ഞപ്പോള്‍, എന്നെ ശ്ലാഘിച്ചു ഹൃദയത്തോട് ചേര്‍ത്തു നിറുത്തി എന്നെ അഭിനന്ദിച്ച കൃഷ്ണൻ ഇന്നെന്തേ എനിക്കെതിരായി ? എന്‍റെ ജന്മ രഹസ്യം വെളിവാക്കാൻ ഔദാര്യം കാട്ടിയ, അനാഥനായ എന്നെ സനാഥനാക്കിയ കൃഷ്ണൻ തന്നെ കൈവിട്ടിരിക്കുന്നു. അതിനര്‍ത്ഥം രാധേയന്‍റെ മരണം കുറിക്കപ്പെട്ടിരിക്കുന്നു എന്നല്ലേ? എല്ലാ മമതാ ബന്ധങ്ങളും വിച്ഛേദിക്കാൻ ഭഗവാൻ എന്നില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

എല്ലാം ഈ കര്‍ണ്ണന്‍ അറിയുന്നു പ്രഭോ ! ' ഭക്തിയാല്‍ ആ കര്‍മമധീരന്‍റെ കണ്ണുകള്‍ സജലങ്ങളായി, ഇഷ്ടരെ തന്നിലേക്ക് മാടി വിളിക്കുന്ന ആ ചൈതന്യ പ്രവാഹത്തെ കര്‍ണ്ണന്‍ നേരില്‍ ദര്‍ശിച്ചു.

അവസാന കര്‍മ്മത്തിന് രാധേയൻ സ്വയം സജ്ജമായി. പരസ്പരം അസ്ത്രങ്ങള്‍ അയക്കുന്ന ഇടവേളകളില്‍ അദ്ദേഹം രഥ ത്തില്‍ നിന്ന് ചാടിയിറങ്ങി രഥ ചക്രം ഉയര്ത്താൻ പണിപ്പെട്ടുകൊണ്ടിരുന്നു. ആ ധീരന്‍റെ നിസ്സഹായ അവസ്ഥ കണ്ടവര്‍ പൊട്ടിക്കരഞ്ഞു. ദാതാക്കളില്‍ ദാതാവായ രാധേയന് എന്തേ എങ്ങിനെ ഒരവസ്ഥ ഭവിക്കാൻ ?

അര്‍ജ്ജുനാസ്ത്രങ്ങളാല്‍ കീറി മുറിക്കപ്പെട്ട കുതിരകള്‍, ശല്യരുടെ സാരഥ്യ സാമര്‍ത്ഥ്യം ഒന്നുകൊണ്ടു മാത്രമാണ് പോര്‍ക്കളത്തില്‍ നിന്ന് ഓടി പോകാത്തത്. ഏറെ നിസ്സഹായനായ രാധേയൻ അവസാന കര്‍മ്മമെന്ന നിലയില്‍ വളരെ പണിപ്പെട്ട് ശക്തമായ ഒരഭിമന്ത്രണം ഓര്‍മ്മയില്‍ വരുത്തി, അര്‍ജ്ജുനന്‍റെ മാറിടം ലക്ഷ്യമാക്കി ശരം തൊടുത്തു. അസ്ത്ര ആഘാത ത്താല്‍ അര്‍ജ്ജുനൻ ബോധഹീനനായി.

ഈ സമയം രാധേയൻ രഥം ഉയര്‍ത്താന്‍ ശ്രമിച്ചു. സര്‍വ്വ ശക്തിയും പ്രയോഗിച്ചിട്ടും അദ്ദേഹത്തിന് അതിനായില്ല.

മാനഹാനിയാല്‍ കണ്ണുകളില്‍ നിന്ന് അശ്രുക്കള്‍ ധാരധാരയായി പൊഴിഞ്ഞു. ബോധം വീണ്ടെടുത്ത അര്‍ജ്ജുനൻ, രാധേയന്‍റെ അഭിമാനത്തിന്‍റെ അടയാളമായ കൊടി മുറിച്ചു.

"അര്‍ജ്ജുനാ! രാധേയൻ രഥത്തിലേക്ക് മടങ്ങും മുമ്പ് അങ്ങതു ചെയ്തിരിക്കണം" അര്‍ജ്ജുനൻ കൃഷ്ണ നിര്‍ദ്ദേശം പാലിച്ചു.

തന്‍റെ നേരേ വരുന്ന ആ പ്രകാശ വര്‍ഷത്തെ നോക്കിനില്ക്കെ, രാധേയന്‍റെ ശിരസ്സ് അസ്ത്രത്താല്‍ വീഴ്ത്തപ്പെട്ടു.

ആ 'സൂര്യപ്രഭ' ഭൂമിയില്‍ വീണു തിളങ്ങി. ഒരേ സമയം ഏവരും പൊട്ടിക്കരഞ്ഞു.

ഒരു ദിവ്യ തേജസ്സ് കര്‍ണ്ണശരീരത്തില്‍ നിന്ന് വേര്‍പെട്ട് അന്തരീക്ഷത്തെ പുളകം കൊള്ളിച്ചു. ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച ഇതോടെ നഷ്ടമായി. ആ സിംഹ ഗര്‍ജ്ജനവും, വിരിഞ്ഞ മാറിടവും, ഔദ്ധിത്യമാര്‍ന്ന നടപ്പും, എടുപ്പും, ആരേയും ആകര്‍ഷിക്കുന്ന മുഖ തേജസ്സും ഇനി വെറും സങ്കല്പം മാത്രം!! ഇവയെല്ലാം കൂടി ഇനി ഒരിക്കലും ഒരു പുരുഷ ശരീരത്തേയും അലങ്കരിക്കില്ല! അത്രമേല്‍ പവിത്രവും ശ്രേഷ്ടവുമാണ് കര്‍ണ്ണ ജന്മം.

അര്‍ഹിച്ചത് വിധി തട്ടി എടുത്തങ്കിലും സ്വന്തം കീര്‍ത്തിയും യശസ്സും ആ മഹാൻ നിലനിര്‍ത്തി. പകരം വയ്ക്കാനില്ലാത്ത സ്വഭാവ മഹിമയും, എല്ലാം തികഞ്ഞ പുരുഷ സൌന്ദര്യവും കര്‍ണ്ണന് മാത്രം അര്‍ഹതപ്പെട്ടതാണ്.

' കര്‍ണ്ണൻ വധിക്കപ്പെട്ടു ' എന്നറിഞ്ഞ നിമിഷം ശരീരാംഗങ്ങള്‍ ചലിപ്പിക്കാനാവാത്ത നിലയില്‍ ദുര്യോധനൻ നിന്നനില്പ്പില്‍ തന്നെ ഏറെ നേരം നിലകൊണ്ടു.

രാധേയന്‍റെ മരണത്തോടെ ലോകത്തിലെ സുന്ദരവും ശ്രേഷ്ടവുമായ എല്ലാം തന്നെ നഷ്ടപ്പെട്ടതായി ദുര്യോധനു തോന്നി. ദുഃഖം പണിപ്പെട്ടടക്കി രാജാവ് രാധേയന്‍റെ വീണുകിടക്കുന്ന മൃത ദേഹത്തിന് അരികിലെത്തി. തന്‍റെ സുഹൃത്തിന്‍റെ മുഖത്തേക്ക് നോക്കുന്തോറും സൂര്യൻ തന്‍റെ പൂര്‍ണ്ണ പ്രഭയോടെ ഭൂമിയിലെക്കു ഇറങ്ങി വന്നതുപോലെ ദുര്യോധനനും അദ്ദേഹത്തിന്‍റെ ചുറ്റും കൂടി നിന്നവര്‍ക്കും അനുഭവപ്പെട്ടു. രാധേയന്‍റെ പതനത്തോടെ സൂര്യ പ്രഭയ്ക്കു മങ്ങലേറ്റു.പുത്ര വിയോഗം അദ്ദേഹത്തില്‍ കനത്ത ആഘാതം സൃഷ്ടിച്ചു. എങ്കിലും ലോകഹിതാര്‍ത്ഥം ആ പ്രഭ നേരിയ മങ്ങലോടെ ജ്വലിച്ചു നിന്നു.

വീണു കിടന്ന രാധേയന്‍റെ ഉജ്ജ്വല കാന്തിയാര്‍ന്ന മാറിടവും ശോഭയാര്‍ന്ന കണ്ണുകളും ദുര്യോധനൻ മതിവരാതെ വീണ്ടും വീണ്ടും നോക്കി പൊട്ടിക്കരഞ്ഞു. ആ കാഴ്ച്ച കണ്ടുനില്ക്കാൻ തന്നെ അസഹ്യമായിരുന്നു. പ്രാണബന്ധമായ ആ സ്നേഹത്തിന് സമാനതകളില്ലായിരുന്നു. (കവച കുണ്ഡലങ്ങള്‍ നഷ്ടപ്പെട്ടിട്ടും, ഇന്ദ്രൻ നല്‍കിയ വര ബലത്താല്‍ രാധേയന്‍റെ ശരീര കാന്തി മരണത്തിനു ശേഷവും നിലനിന്നുരുന്നതായി പറയപ്പെടുന്നു )

ഉടമസ്തനില്ലാത്ത രഥത്തെ ശല്യര്‍ ആശ്വാലയത്തിലേക്ക് തെളിച്ചു. അത്ഭുതത്താല്‍ ശല്യര്‍ സ്തബ്ദനായി, ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പുവരെ ഭൂമിക്കടിയില്‍ ഏറെ താഴ്ന്ന നിലയില്‍ കാണപ്പെട്ടിരുന്ന രഥ ചക്രം സ്വയം മേല്പ്പോട്ട് പൊന്തിയിരിക്കുന്നു !

എല്ലാ ശാപങ്ങളും ഒന്നു ചേര്‍ന്ന് രാധേയൻ എന്ന മഹാത്മാവിനെ കീഴ്പ്പെടുത്തിയിരിക്കുന്നു.

ശാപത്തിനു മേല്‍ വിധിയോ, വിധിക്കുവേണ്ടി ശാപ വചസ്സുകളൊ സഹകരിച്ചിരിക്കുന്നു. ഒന്ന് വ്യക്തമാണ്, മനുഷ്യ ശക്തിക്ക് അതീതമായ ഒരു ദിവ്യത്വം ലോകം നിയന്ത്രിക്കുന്നു. ഇല്ലെന്നു മനുഷ്യൻ അഹങ്കാര മദത്താല്‍ സമര്‍ഥിച്ചാലും, ആ സത്യം സത്യമായി ത്തന്നെ നിലനില്ക്കുന്നു.

അങ്ങിനെയൊന്ന് ഇല്ലെങ്കില്‍, എന്തുകൊണ്ട് പ്രപഞ്ച ശക്തികള്‍ മനുഷ്യ ശക്തിക്ക് അതീതമായി നിലകൊള്ളുന്നു? കണ്ണീര്‍ അടക്കാൻ ശല്യര്‍ ഏറെ പണിപ്പെട്ടു. ദുഃഖ തപ്തനായ രാജാവിനെ ശല്യര്‍ സ്വാന്ത്വനിപ്പിച്ചു. "അങ്ങയുടെ രാധേയൻ വിധിയെ തോല്പ്പിക്കും വിധം യുദ്ധം ചെയ്തു. അദ്ദേഹം സല്‍കീര്‍ത്തിയോടെ സ്വര്‍ഗ്ഗം പൂകിയിരിക്കുന്നു. ഞാൻ ജയിച്ചെന്ന് വിധി അഹങ്കരിച്ചാലും, ആ അഹങ്കാരം അവരര്‍ഹിക്കുന്നില്ലന്നെ ഞാൻ പറയൂ ! നമ്മുടെ സൈന്യത്തെ യുദ്ധ രംഗത്തു നിന്ന് പിൻവലിക്കൂ ! അവരേറെ ദുഖിതരും വിവശരുമാണ് ! "

" മഹാപ്രഭോ ! അങ്ങ് ഉചിതമായത് ചെയ്യാൻ എര്‍പ്പാടാക്കൂ. എനിക്കിന്ന് ഒന്നിനും വയ്യാ !"

ദുര്യോധനൻ കൈകള്‍ കൂട്ടി തിരുമ്മി തല കുമ്പിട്ടിരുന്നു. തോളുകള്‍ ക്രമാതീതമായി ഉയരുന്നതില്‍ നിന്ന് അദ്ദേഹം ദുഃഖം പണിപ്പെട്ടു നിയന്ത്രിക്കാൻ ശ്രമിക്കുക ആണെന്ന് ഏവര്‍ക്കും ബോധ്യമായി. ആ മൈത്രീ ബന്ധം അത്രമേല്‍ ദ്രഢവും, ഉഷ്മളവുമായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ ഏക മനസ്സോടെ അവര്‍ ജീവിച്ചു. മരണത്തിന് തലേ രാത്രിയില്‍ യാത്ര പറഞ്ഞിറങ്ങിയ എന്‍റെ മിത്രം തിരിച്ചു വന്ന് എന്നെ അണച്ച് പുല്‍കി. ഒരു പക്ഷെ, തന്‍റെ ദിവ്യ ചക്ഷുസ്സു കൊണ്ട് അടുത്ത ദിവസം എന്ത് സംഭവിക്കും എന്ന് അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞു കാണും. തന്നോട് അത് പങ്കു വയ്ക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ദുര്യോധനനെ തളര്‍ത്തി.

കൃഷ്ണാര്‍ജ്ജുനന്മാരില്‍ നിന്നു രാധേയ പതനം അറിഞ്ഞ നിമിഷം, യുധിഷ്ടിരന്‍ അര്‍ജ്ജുനനെ ഗാഢമായി ആശ്ലേഷിച്ചു. എത്രയോ വര്‍ഷങ്ങളായി തന്‍റെ ഉള്ളില്‍ കിടന്നു തിളച്ചിരുന്ന ആ പ്രശ്നം അര്‍ജ്ജുനൻ ദൂരീകരിച്ചിരിക്കുന്നു.

യുധിഷ്ടിരൻ കൃഷ്ണനെ നോക്കി കൈകൂപ്പി. "പ്രഭോ ! എല്ലാം അങ്ങയുടെ കൃപ ! ഈ ഭക്തന് എ ന്തു പറഞ്ഞ് അങ്ങയെ അര്‍ച്ചിക്കണമെന്നു അറിയില്ല "

കാല്‍ക്കല്‍ പ്രണമിച്ച ഭക്തനെ കൃഷ്ണൻ പിടിച്ചെഴുന്നേല്‍പ്പിച്ചു തന്നോട് ചേര്‍ത്തു. അര്‍ജ്ജുന രഥത്തില്‍ കയറി യുധിഷ്ടിരൻ രാധേയൻ വീണു കിടക്കുന്ന യുദ്ധ ഭൂമിയില്‍ എത്തി. അദ്ദേഹം രാധേയന്‍റെ പ്രൌഢവും, കാന്തി പൂര്‍ണ്ണവുമായ സുന്ദര ശരീരം അപാദചൂഡം വീക്ഷിച്ചു. ഒരാശ്വാസ നിശ്വാസം അദ്ദേഹത്തില്‍ നിന്നുതിര്‍ന്നു. "ഒടുവിലിതാ, എന്‍റെ പ്രഭു എനിക്കിതും സാധിച്ചു തന്നിരിക്കുന്നു. കൃഷ്ണാ ! കൃഷ്ണാ !! മഹാഭാഗോ ! ഭക്താനാം അഭയം കരാ ! "

രാവേറെ ചെന്നിട്ടും ദുര്യോധനൻ തന്‍റെ കൂടാരതില്‍ ദുഃഖ തപ്തനായി ഇരുന്നു. അദ്ദേഹത്തിന്‍റെ ചിന്തകള്‍ കാടുകയറി.

"തന്നെ മാത്രം സ്നേഹിച്ച രാധേയൻ ! തനിക്കു വേണ്ടി മരിച്ച പ്രിയ മിത്രം ! " മനസ്സ് ഭ്രാന്ത മാകുന്നതായി ദുര്യോധനനു തോന്നി. പൊട്ടിക്കരഞ്ഞു കൊണ്ട് അദ്ദേഹം പുലമ്പി " എനിക്ക് ഇനിയും രാധേയനെ കാണണം" അദ്ദേഹം ഒറ്റയ്ക്ക് യുദ്ധ ഭൂമിയിലേക്ക് തിരിച്ചു. ഏറെ നേരം ആ കാന്തി ദീപ്തമായ ജഡത്തെ അണച്ചണച്ചു പൊട്ടിക്കരഞ്ഞു. ദുഃഖം നിയന്ത്രിക്കാനാകാതെ അദ്ദേഹം യുദ്ധ ഭൂമിയില്‍ ഭ്രാന്തനായി അലഞ്ഞു. ആ അലച്ചിലിന്‍റെ അന്ത്യത്തില്‍ അദ്ദേഹം എങ്ങിനെയോ ഭീഷ്മരുടെ അരികിലെത്തപ്പെട്ടു. പിതാമഹന്‍റെ പാദങ്ങളില്‍ കുമ്പിട്ട് ദുര്യോധനൻ പൊട്ടിക്കരഞ്ഞു "എന്‍റെ മുത്തച്ഛാ !രാധേയൻ പോയി. ഞാനിനി ആര്‍ക്കു വേണ്ടി ജീവിക്കണം. എന്‍റെ മനസ്സ് ദുഖത്താള്‍ ഭ്രാന്തമാകുന്നു... " ഭീഷ്മര്‍ തന്‍റെ പ്രിയ പൌത്രന്‍റെ ശിരസ്സില്‍ കൈവെച്ച് താഴ്ന്ന സ്വരത്തില്‍ സൌമ്യമായി പറഞ്ഞു "രാധേയൻ, യുദ്ധ ഭൂമിയില്‍ ധീരതയോടെ പൊരുതി വീരസ്വര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. അതില്‍ നീ അഭിമാനിക്കണം. ഒരു നല്ല യോദ്ധാവിനു വേണ്ട കീര്‍ത്തിയും യശസ്സും നിന്‍റെ മിത്രം നേടിയിരിക്കുന്നു. അദ്ദേഹം ക്ഷത്രിയോജിതമായ മരണം തന്നെ വരിച്ചിരിക്കുന്നു " ദുര്യോധനൻ സ്തബ്ദനായി. തന്‍റെ വര്‍ഷങ്ങളായുള്ള സംശയത്തിന് ഒരു വാക്കില്‍ മുത്തച്ഛൻ ഉത്തരം തന്നിരിക്കുന്നു !

"മുത്തച്ഛാ! ഇതു സത്യമോ ? എന്‍റെ മനസ്സിനെ നീറ്റിയിരുന്ന ചോദ്യം അങ്ങയുടെ വാക്കുകളാല്‍ വീണ്ടും ബലപ്പെട്ടു.

മുത്തച്ഛാ! അങ്ങ് എല്ലാം എന്നോട് തുറന്നു പറഞ്ഞാലും." അത്യാകാം ക്ഷയാല്‍ ദുര്യോധനന്‍റെ ഹൃദയം തുടിച്ചു.

"പുത്രാ ! അയാള്‍ രാധേയനല്ലായിരുന്നു, കൌന്തേയനായിരുന്നു ! പാണ്ഡവരുടെ മൂത്ത സഹോദരൻ !! "

" അതെങ്ങനെ സംഭവിച്ചു ? എന്‍റെ മിത്രം സത്യം അറിഞ്ഞിരുന്നോ?

ഭീഷ്മര്‍ സാവകാശം പറയാൻ തുടങ്ങി "ഈ രഹസ്യം നീ മൂലം ഒരിക്കലും പാണ്ഡവര്‍ അറിയാൻ ഇടവരരുത് ! ഒരിക്കല്‍ നിന്നോട്, നിന്‍റെ മിത്രം മരിക്കുവോളം വെളിപ്പെടുത്തില്ലെന്നു ഞാൻ രാധേയനും വാക്ക് കൊടുത്തിരുന്നു - ആ സത്യം ഞാൻ പാലിച്ചു ! അതുപോലുരുറപ്പു നീ എനിക്കും തരണം. നിന്നിലൂടെ ഈ സത്യം ഒരിക്കലും പുറം ലോകം അറിയില്ലെന്ന് !"

ദുര്യോധനൻ ഭീഷ്മരുടെ കൈപിടിച്ച് സത്യം ചെയ്തു. ഭീഷ്മര്‍ തുടര്‍ന്നു " ഭോജ രാജാവിന്‍റെ വളര്‍ത്തു പുത്രിയായിരുന്ന കുന്തി ശൂരസേനന്‍റെ പുത്രിയും വസുദേവ സഹോദരിയുമാണ്, കൃഷ്ണൻ വസുദേവ പുത്രനും. ഒരിക്കല്‍ ഭോജ പുരിയിലെത്തിയ ദുര്‍വ്വാസ്സാവ് മഹര്‍ഷിയെ ആഥിത്യ വിധിപ്രകാരം സല്‍ക്കരിക്കാനുള്ള നിര്‍ ദ്ദേശം രാജാവ് തന്‍റെ വളര്‍ത്തുമകള്‍ക്ക് നല്‍കി. കുന്തിയുടെ ശുശ്രൂഷപരിചരണങ്ങളില്‍ മഹര്‍ഷി സന്തുഷ്ടനായി. അവള്‍ക്കു അര്‍ഹമായ ഒരു വരം നല്‍കാൻ അദ്ദേഹം ആഗ്രഹിച്ചു. ഒന്നും തന്നെ അര്ഥി ക്കാതിരുന്ന കുന്തിയില്‍ മഹര്‍ഷിക്കു അതിരറ്റ വാത്സല്യം തോന്നി.

"പുത്രി ! ഞാൻ നിനക്കൊരു പൊൻ തളിക വരമായി നില്കുന്നു ! ഇതില്‍ അഞ്ചു മന്ത്രങ്ങള്‍ ആവാഹനം ചെയ്തിട്ടുണ്ട് ! ഈ വരത്തിന്‍റെ ബലത്തില്‍ നീ എതൊരു പുരുഷനെ ആഗ്രഹിച്ചാലും അയാള്‍ നിന്‍റെ അഭീഷ്ടം അംഗീകരിക്കാൻ നിര്‍ബ്ബന്ധിതനാകും." ഈ വരസിദ്ധി കന്യകയായ കുന്തിയില്‍ കൌതുകം ഉണര്‍ത്തി. ഉദയ സൂര്യ പ്രഭയില്‍ മയങ്ങിയ കുന്തി മന്ത്രം അഭിമന്ത്രിച്ചു. കൌതുകത്തിനപ്പുറം മറ്റൊന്നും സൂര്യനില്‍നിന്നു ആഗ്രഹിക്കാത്ത അവള്‍ പ്രത്യക്ഷ നായ ദിനകരനോട് ഭയത്തോടെ മടങ്ങി പോകാൻ അപേക്ഷി ച്ചെങ്കിലും, വരലബ്ധി പ്രാപ്തമാക്കുക എന്ന ദൌത്യ ത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിയാനായില്ല.

കന്യകയായ അവള്‍ പ്രസവിച്ച സൂര്യ പുത്രനാണ് കര്‍ണ്ണൻ ! അവള്‍ തന്‍റെ പിഞ്ചു കുഞ്ഞിനെ ലോകാപവാദം ഭയന്ന് ഒരു വിശിഷ്ട പേടകത്തിലാക്കി ഗംഗാ നദിയില്‍ ഒഴുക്കി. ഇതിനെല്ലാം സാക്ഷിയായ അവന്‍റെ അച്ഛൻ കുഞ്ഞിന്‍റെ ദേഹരക്ഷക്ക് കവച കുണ്ഡലങ്ങള്‍ നല്‍കി. അതിനാല്‍ അവൻ സുരക്ഷിതനായിരുന്നു. ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ ആ പേടകം അതിരഥന്‍റെ ശ്രദ്ധയില്‍ പ്പെട്ടു. സന്താന ഭാഗ്യം ഇല്ലാതിരുന്ന അവര്‍ ആ കുഞ്ഞിനെ ലാളിച്ചു വളര്‍ത്തി. "രാധേയൻ ഇതെപ്പോള്‍ അറിഞ്ഞു ? അയാള്‍ തന്‍റെ മാതാവിനെ തിരിച്ചറിഞ്ഞോ മുത്തച്ഛാ ?

"കൃഷ്ണന്‍റെ സന്ധി സംഭാഷണം നീ നിരാകരിച്ച ദിവസം, യുദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമം എന്നനിലയില്‍ കൃഷ്ണൻ തന്നെ ഈ സത്യം രാധേയനോട് വെളിപ്പെടുത്തി. അയാള്‍ നിന്നില്‍ നിന്ന് അകന്നാല്‍ നീ തീര്‍ത്തും ദുര്‍ബ്ബലനാകുമെന്ന് ആ മായേശൻ അറിഞ്ഞിരുന്നു. പിന്നീട് കുന്തി തന്നെ രാധേയനെ സമീപിച്ചു, മനപ്പൂര്‍വ്വം അല്ലാതെ സംഭവിച്ചു പോയ പിഴയ്ക്ക് മാപ്പ് ചോദിച്ചു. അവര്‍ സഹോദരങ്ങളോട് ചേരാൻ അയാളെ പ്രേരിപ്പിച്ചു"

" പിന്നീട് എന്താണുണ്ടായത് മുത്തച്ഛാ ! " ദുര്യോധനന്‍റെ ജിജ്ഞാസ വര്‍ദ്ധിച്ചു.

"തുടര്‍ന്നുണ്ടായതെല്ലാം നിനക്ക് അറിവുള്ളത് തന്നെ. നിന്നെ ഉപേക്ഷിച്ച് ഒന്നിനു വേണ്ടിയും പിന്മാറാൻ അയാള്‍ ഒരുക്കമല്ലായിരുന്നു. ഏതു നിയോഗമാണ് നിങ്ങളെ തമ്മില്‍ ഇണക്കിയതെന്ന് എനിക്കിപ്പോഴും അജ്ഞാതമാണ് ! "

ഭീഷ്മര്‍ പുത്രന്‍റെ ശിരസ്സില്‍ അനുകമ്പയോടെ തലോടി. "എന്‍റെ ഹൃദയം പൊട്ടുന്നു മുത്തച്ഛാ ! എനിക്കിനി ജീവിക്കണ്ടാ, എനിക്കെന്‍റെ രാധേയന്‍റെ പിന്നാലെ യാത്രയാകണം. "

അശ്രുക്കള്‍ ധാര ധാരയായി ഒഴുക്കുന്ന തന്‍റെ കൊച്ചുമകനെ അണച്ചുകൊണ്ട് ഭീഷ്മര്‍ പറഞ്ഞു " നീ ഭീരു ആകരുത്. ഇനിയെങ്കിലും ഒരു സന്ധി നീ ആഗ്രഹിക്കുന്നെങ്കില്‍ ഞാൻ യുധിഷ്ടിരനെ വിളിപ്പിക്കാം. ഞാൻ പറയുന്ന നിര്‍ദ്ദേശം അയാള്‍ അംഗീകരിക്കും, എനിക്കുറപ്പുണ്ട്!"

"വേണ്ട മുത്തച്ഛാ ! എനിക്ക് യുദ്ധം ചെയ്ത് വീര സ്വര്‍ഗ്ഗം പൂകണം ! ഇനിയൊരു പിൻവാങ്ങല്‍ എനിക്ക് അസാദ്ധ്യമാണ്. "

ഭീഷ്മ പാദങ്ങള്‍ വന്ദിച്ച് ദുര്യോധനൻ വിടവാങ്ങി. വീണ്ടും മിത്ര ത്തിന്‍റെ മൃതദ്ദേഹത്തിനരുകില്‍ വന്നിരുന്ന് ഏറെ നേരം വിങ്ങി വിങ്ങി കരഞ്ഞു. ദുഃഖ ഭാരം താങ്ങാനാവാതെ ഭ്രാന്ത ചിത്തനായി അങ്ങും ഇങ്ങും ഓടി നടന്നു. പൊടുന്നനെ മാതാവിന്‍റെ അരികില്‍ എത്താൻ ദുര്യോധനൻ കൊതിച്ചു.

കുരുക്ഷേത്രത്തില്‍ നടക്കുന്ന സംഭവങ്ങളുടെ അസ്പഷ്ടമായ ധാരണയോടെ, ഗാന്ധാരി അന്നും ഉറങ്ങാൻ കിടന്നു. നിദ്ര കണ്‍പോളകളെ തൂക്കിയിട്ടും അവര്‍ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മരണത്തിലേക്ക് നടന്നടുക്കുന്ന തന്‍റെ പൊന്നു മക്കള്‍ ! ഏറ്റവും പിന്നിലായി അതാ ദുര്യോധനൻ,തന്‍റെ കടിഞ്ഞൂല്‍ മുത്ത് ! ധിക്കാരി ആണങ്കിലും അവൻ തന്നെ ഏറെ ഏറെ സ്നേഹിക്കുന്നുണ്ട്. എന്‍റെ മക്കളുടെ മുഖം ശൈശവത്തില്‍ പോലും ഞാൻ കണ്ടിട്ടില്ല. എന്നാല്‍ അവരുടെ ശബ്ദം ഏതുറക്കത്തിലും ഞാൻ തിരിച്ചറിയുന്നു. കൈവിരല്‍ സ്പര്‍ശനത്തിലൂടെ അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഞാൻ അനുഭവിച്ചറിഞ്ഞു. ആരുടെ മുന്നിലും ഈ ഗാന്ധാരി അഭിമാനത്തോടെ പറയും, അടഞ്ഞ കണ്ണുകളിലുടെ ഏറെ ഉള്‍ക്കാഴ്ചയോടെ ഞാൻ എന്‍റെ മക്കളെ വേര്‍ത്തിരിച്ചറിഞ്ഞു, അവരുടെ സ്വഭാവ വൈജാത്യങ്ങള്‍ പോലും. "സുജന്തി ! എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്‍റെ മകൻ ഈ പാതിരായില്‍ എന്നെ തേടി വരുന്നുണ്ട്. ആ കുതിര കുളമ്പടി ശബ്ദം ഞാൻ കേള്‍ക്കുന്നു. "

രാജ്ഞിയുടെ അസാധാരണ വാക്കുക്കള്‍ ദാസിയെ പരിഭ്രാന്തയാക്കി.അവള്‍ പറഞ്ഞു "പ്രഭാതമാകാൻ ഇനിയും ഏറെ നേരമുണ്ട്. മാതാവ് അല്പം കൂടി വിശ്രമിച്ചാലും..."

"എന്‍റെ മനസ്സ് ഒരിക്കലും കളവു പറയില്ല. നീ ഒരു കാര്യം ചെയ്യ്, ആ കതകിന്‍റെ സാക്ഷ എടുത്തിടുക. അവൻ ചാരിയ കതകില്‍ മുട്ടാനിടവരരുത്." സുജന്തി വാക്കുകള്‍ അനുസരിച്ചു.

കതക് പാതി തുറന്നു പുറത്തേക്കു കണ്ണയച്ച അവള്‍ അത്ഭുതം കൊണ്ട് അന്തിച്ച നിലയിലായി. കതകിനു പിന്നിലായി രാജകുമാരൻ!

കണ്ണുകളുള്ള അമ്മമാരേക്കാള്‍, ഈ അകക്കണ്ണുള്ള അമ്മ മക്കളുടെ അവസ്ഥകള്‍ വേര്‍തിരിച്ചറിയുന്നു. ഓച്ഛാനിച്ചു നിന്ന പരിചാരികയെ ശ്രദ്ധിക്കാതെ ദുര്യോധനൻ അകത്തേക്ക് കടന്നു.

"സുയോധനാ ! നീ എത്തിയോ? ഞാൻ നിന്‍റെ പാദധ്വനി കാതോര്‍ത്തിരുന്നു..." അമ്മ മകനെ കയ്യെത്തി പിടിക്കാൻ ശ്രമിച്ചു"

" അമ്മേ! എന്‍റെ മിത്രം പോയി! ഈ ദുര്യോധനൻ മാത്രം ഒറ്റക്കായി!!" പുത്രൻ മാതൃ ദേഹത്തില്‍ ചാഞ്ഞു തേങ്ങി . "വിധി ബലം അലംഘനീയമാണു പുത്രാ! നീ ദുഃഖം അടക്കാൻ ശ്രമിക്കൂ!

ആ മാതാവ് പുത്രനെ നെഞ്ചോട് ചേര്‍ത്തു. "നിനക്ക് മരണം ഭയമാകുന്നോ കുട്ടീ ! പറയു, ഈ അമ്മ നിനക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്?

അവര്‍ മകന്‍റെ കവിളില്‍ തലോടി. "അമ്മയുടെ മകന് മരണം ഭയമില്ല! പക്ഷെ, ആ അവസ്ഥ എന്നില്‍ ഭീതി ഉണര്‍ത്തുന്നു. അമ്മയുടെ അനുഗ്രഹം ഉണ്ടങ്കില്‍..." ഒരു ശിശുവിനെ പോലെ ദുര്യോധനൻ തേങ്ങി.

"പറയൂ! പുത്രാ! ഈ അമ്മ നിന്നെ എങ്ങിനെയാണ് അന്ഗ്രഹിക്കേണ്ടത്? "എന്‍റെ ദേഹരക്ഷ അമ്മ ഉറപ്പാക്കി തന്നാല്‍, ഞാൻ ഈ യുദ്ധം ജയിക്കും"

പുത്രന്‍റെ കവിളില്‍ മുത്തമിട്ടു കൊണ്ട് ആ മാതാവ് തേങ്ങി"എത്രയോ വൈകിപ്പോയി കുഞ്ഞേ! ഇനി നീ മാത്രം ദേഹരക്ഷ ഉറപ്പു വരുത്തുന്നത് നീതിയാണോ?

നിന്‍റെ മിത്രം ! എത്രയോ കൂടപിറപ്പുകള്‍... എല്ലാവരേയും നിന്‍റെ പിടിവാശി എന്നന്നേക്കുമായി നഷ്ടമാക്കി " "അമ്മേ ! ഈ മകനെ തള്ളി കളയരുത്... " ദുര്യോധനന്‍റെ രോദനം ആ മാതൃ ഹൃദയം അലിയിപ്പിച്ചു.

"ഒരിക്കലുമില്ല ! ഞാൻ നേടിയെടുത്ത "പാതിവൃത്യ ബലം " മുഴുവൻ നിനക്കു നല്‍കി ഈ അമ്മ നിന്നെ രക്ഷിക്കും !

ഇനി വൈകാതെ നീ ഞാൻ പറയും പോലെ അനുസരിക്കുക " ഗാന്ധാരി പുത്രനെ അണച്ച് പുല്‍കി. " ഞാൻ എന്താണ് ചെയ്യേണ്ടത് ? അമ്മ പറയൂ... " അന്നേ വരെ താൻ ദര്‍ശിക്കാത്ത അനുസരണ ധ്വനി പുത്രന്‍റെ വാക്കുകളില്‍ ആ മാതാവ് കേട്ടു.

അവസാന പിടിവള്ളി യിലൂടെ പോലും അഭയം കണ്ടെത്താനുള്ള തീര്‍ത്തും മനുഷ്യ സഹജമായ ത്വര ! ഗാന്ധാരി ധ്യാനത്തിലെന്ന പോലെ പുത്ര നോട് പറഞ്ഞു" മകനേ ! ഞാൻ നിന്നെ പിറവിയില്‍ എങ്ങനെ ദര്‍ശിക്കാൻ ആഗ്രഹിച്ചുവോ , അതേ രൂപത്തില്‍ നീ ശുദ്ധനായി എന്‍റെ മുന്നില്‍ വരിക ! "

" ശരി അമ്മേ ! ഞാൻ ഉടൻ തന്നെ സ്നാനം ചെയ്ത് എത്താം. അമ്മ വിശ്രമിച്ചാലും."

മകൻ സ്നാനത്തിനു നീങ്ങിയപ്പോള്‍, ഗാന്ധാരി പരിചാരികയെ പുറത്തുവിട്ട് ധ്യാന നിരതയായി.

സ്നാനത്തിലിരുന്ന ദുര്യോധനൻ അമ്മയുടെ നിര്‍ദ്ദേശം അനുസരിക്കാൻ വെമ്പി. അന്ത ക്കരണത്തില്‍ മറ്റൊരു ചോദ്യം ഉയര്‍ന്നു പൊങ്ങി"ദുര്യോധനാ ! നീയിപ്പോള്‍ യൊവ്വനയുക്തനായ പുരുഷനാണ് ! നിന്‍റെ നഗ്നത നീ പാണിഗ്രഹണം ചെയ്ത കന്യക മാത്രമേ ദര്‍ശിക്കാവൂ !

നിന്‍റെ ഈ ഉദ്യമം തികച്ചും നിന്ദ്യമാണ്. തീര്‍ച്ചയായും നീ നിന്‍റെ ഗുഹ്യ ഭാഗം മറച്ചിരിക്കണം ! നഷ്ടപ്പെട്ട ശൈശവം എങ്ങനെ യൗവ്വ നത്തില്‍ പ്രാപ്തമാകും ?

നിന്‍റെ മാതാവ് നിന്നെ പരീക്ഷിക്കുകയാണ് ! "

തന്‍റെ അന്തക്കരണ നിര്‍ദേശത്തെ തള്ളി കളയാൻ ദുര്യോധനനായില്ല. ഒരു പക്ഷെ, മാതാവ് തന്നെ പരീക്ഷിക്കുന്നതാകും, പലപ്പോഴും മാതാവിന്‍റെ വാക്കുകള്‍ താൻ ധിക്കാരത്തോടെ തള്ളി കളഞ്ഞിട്ടുണ്ട്.

ബാല്യത്തില്‍ പിടിവാശിക്കാരനായിരുന്നെങ്കിലും, താൻ അമ്മയെ മറ്റാരേക്കാളും സ്നേഹിച്ചിരുന്നു, സുയോധനൻ എന്ന ഈ ഈ കടിഞ്ഞൂല്‍ കനിയെ അമ്മയും ഏറെ സ്നേഹിച്ചിരുന്നു. പിടിവാശി യോടൊപ്പം തന്നില്‍ വളര്‍ന്നു വലുതായ താൻ പോരിമ അമ്മയെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഒഴിഞ്ഞു മാറിനടന്നു. മനപ്പൂര്‍വ്വം അല്ലങ്കില്‍ കൂടി അമ്മയെ പലതവണ അവഗണിച്ചു. അപ്പോഴെല്ലാം ഈ മകന്‍റെ നന്മക്കു വേണ്ടി അമ്മ പ്രാര്‍ഥിച്ചിരിക്കാം, താന്തോന്നി യായ എന്‍റെ മകനില്‍ അവിടുത്തെ " കൃപ ചൊരിയണെ " എന്ന്.

ഒടുവില്‍ കൃഷ്ണൻ ദൂതുമായി വന്നപ്പോള്‍ പോലും അമ്മ എന്നെ വിളിപ്പിച്ചു.

"കൃഷ്ണ നിര്‍ദ്ദേശം അംഗീകരിക്കാൻ" എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ ഒന്നിനും എന്നിലെ ധാര്‍ഷ്ട്യത്തെ വിലക്കുവാങ്ങാൻ ആയില്ല. ആ ചുടു കണ്ണീര്‍ വീണ് എന്‍റെ തോളുകള്‍ പൊള്ളി, അപ്പോഴും ഞാനെന്ന പുത്രൻ ആ കണ്ണീരിനെ എന്‍റെ നെഞ്ചിന്‍റെ നേരിപ്പോടാക്കി, മിത്ര സ്നേഹത്തിന്‍റെ ശീതളച്ഛായയില്‍ അഭയം കണ്ടെത്തി. ഒടുവില്‍ എല്ലാം എനിക്ക് നഷ്ടമായി. ഇനി മാതാവിന്‍റെ പരീക്ഷണവും കൂടി ഉള്‍കൊള്ളാനുള്ള കരുത്ത് ഈ ശരീരത്തിനില്ല. കുളിച്ചു കയറിയ ദുര്യോധനൻ തന്‍റെ ഗുഹ്യ ഭാഗവും തുടയും മറയ്ക്കാൻ മറന്നില്ല.

അദ്ദേഹം ഗാന്ധാരിയുടെ സവിധത്തില്‍ എത്തി.

പദവിന്യാസ ധ്വനി കേട്ട മാതാവ് പുത്രനോട് പറഞ്ഞു "മകനേ ! നീ എന്‍റെ ദൃഷ്ടിക്ക് ഗോചരമാകും വിധം നില്‍ക്കൂ! ഞാൻ എന്‍റെ നേത്രങ്ങളുടെ കെട്ടഴിച്ച് നിന്‍റെ ശരീരാംന്ഗങ്ങള്‍ വീക്ഷിക്കുന്നുണ്ട്. ഈ പതിവ്രതയുടെ ദൃഷ്ടിക്കു ഗോചരമാകുന്ന നിന്‍റെ ശരീരഭാഗങ്ങളെ ആര്‍ക്കും ക്ഷതപ്പെടുത്താനാവില്ല. എന്‍റെ വാക്കുകള്‍ സത്യമായി ഭവിക്കും പുത്രാ...!"

ഗാന്ധാരി നേത്രങ്ങള്‍ തുറന്ന് പുത്രനെ ആപാദചൂടം നോക്കി. അടുത്തക്ഷണത്തില്‍ അവര്‍ നേത്രങ്ങള്‍ അടച്ചു."അമ്മേ ! അമ്മയെന്നെ ഒന്നനുഗ്രഹിക്കൂ...! "ദുര്യോധനൻ മാതൃ പാദം കുമ്പിട്ടു.

"യശസ്സ്വി ഭവാ!" "അമ്മേ..." ദുര്യോധനൻ പൊട്ടിക്കരഞ്ഞു.

"എന്തു ചെയ്യാം കുഞ്ഞേ! വിധി നിനക്കായി കരുതി വെച്ചത് തീര്‍ത്തും ഒഴിവാക്കാൻ ഞാൻ അശക്തയായി. എന്‍റെ വാക്കുകള്‍ നീ സംശയദൃഷ്ട്യാ വീക്ഷിച്ചു. പൊയ്ക്കൊള്ളു. ഒരു ഭീരുവിനെ പ്പോലെ പിന്തിരിയാതെ യുദ്ധ രംഗത്തേക്ക് മടങ്ങുക. ഇനിയും വൈകിയാല്‍ സൈനികര്‍ പരിഭ്രാന്തരാകും" ദുര്യോധനൻ മടങ്ങി. ഗാന്ധാരിയുടെ നോട്ടം എത്താത്ത ദുര്യോധനന്‍റെ തുട ഭാഗം അടുത്ത ദിവസം ഭീമനാല്‍ തകര്‍ക്കപ്പെട്ടു.

ശ്രേഷ്ഠയായ മാതാവായി ഗാന്ധാരി എന്നും അറിയപ്പെടുന്നു. എന്നും അമ്മയുടെ മനസ്സില്‍ മക്കള്‍ക്കായി സ്നേഹത്തില്‍ പൊതിഞ്ഞ നന്മ കരുതിയിരിക്കും,വളര്‍ന്നു വരുന്ന മക്കള്‍ പലപ്പോഴും അത് അവഗണിക്കാൻ നിര്‍ബ്ബന്ധിതരാകുന്നു.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories