ജ്യോതിഷം

മഹാഭാഗവതം ദ്വിതീയസ്‌കന്ദം (തുടര്‍ച്ച)


മഹാഭാഗവതം ദ്വിതീയസ്‌കന്ദം (തുടര്‍ച്ച)

ഭഗവല്‍ കഥാശ്രവ ണത്തില്‍ ആസക്ത ചിത്തനായ പരീക്ഷിത്തു രാജാവ് , ശുക ബ്രഹ്മാര്‍ഷിയോട് ഇപ്രകാരം ചോദിച്ചു, 'തന്റെ പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ 'നാരായണ പുണ്യ ചരിതം ' നാരദന്‍ പിന്നീട് ആരോടെല്ലാം പങ്കുവെച്ചു ? സര്‍വ്വ മംഗളകരവും, അനാസക്തി കൂടാതെ ദേഹമുക്തി നല്‍കുന്നതുമായ 'ശ്രീകൃഷ്ണ ചരിതം' അങ്ങെനിക്ക് ഉപദേശിച്ചു തന്നാലും!

കൃഷ്ണന്‍, ഭക്തന്മാരുടെ കര്‍ണ്ണങ്ങളിലുടെ, അവരുടെ ഹൃദയത്തില്‍ വിളങ്ങി, മനോമാലിന്യത്തെ ഇല്ലാതാക്കുന്നു. പരിശുദ്ധി പ്രാപിച്ച ഈ ഭക്തന്‍ എന്നും ആ പാദകമലങ്ങളില്‍ അഭയം തേടുന്നു.

'അല്ലയോ മുനിവര്യാ! ജീവാത്മാവിന് പ്രകൃത്യാ പഞ്ച ഭുതങ്ങളുമായി ബന്ധം ഇല്ലാതിരിക്കെ എന്തുകൊണ്ട് പഞ്ചഭൂതാത്മകമായ ദേഹം സ്വീകരിക്കേണ്ടി വരുന്നത്, കേവലം യാദൃച്ചികമാണോ അതോ കര്‍മ്മ നിയോഗം കൊണ്ടാണോ, അറിയാന്‍ ആഗ്രഹമുണ്ട്.'

ശുക ബ്രന്മര്‍ഷി തുടര്‍ന്നു ' രാജര്‍ഷേ! ത്രിലോക കാരണമായ പത്മം ആരുടെ നാഭിയില്‍ നിന്നുല്ഭവിച്ചുവോ, ആരുടെ ഇരിപ്പടത്തിനു കാരണഭൂതമായോ എല്ലാം ഭഗവാന്റെ മായ എന്നറിഞ്ഞാലും. ശ്രീ ശുകന്‍ തുടര്‍ന്നു 'അല്ലയോ രാജര്‍ഷെ! കേവല സാക്ഷിയായ ജീവന് മായകൊണ്ടാല്ലാതെ ശരീര ബന്ധം ഉണ്ടാകുന്നതല്ല. മായാ ഗുണങ്ങളില്‍ രമിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഞാനെന്നും, എന്റെതെന്നും ഉള്ള തോന്നലുണ്ടാകുന്നതും, നാനാത്വം അനുഭവപ്പെടുന്നതും. മായയ്ക്കും ഉപരിയായ ഭഗവാനില്‍ എപ്പോഴാണോ ഭക്തി ഉണ്ടാകുന്നത്, അപ്പോള്‍ ജീവന്‍ മമതാ ബന്ധത്തിന്റെ കെട്ടറുത്ത് മായാ മുക്തനാകും. ഒരിക്കല്‍ നിര്‍വ്യാജമായ ഭക്തിയോടെ തന്നെ ഉപാസിച്ച ബ്രഹ്മാവിനു ഭഗവാന്‍ തന്റെ 'ചിദ്രൂപതെ ' കാണിച്ചു കൊടുത്തു. പ്രപഞ്ച സൃഷ്ടിക്കു നിയോഗിതനായ ബ്രഹ്മാവിനു അതിനുള്ള ജ്ഞാനം (എങ്ങിനെ തുടങ്ങണം) പ്രാപ്തമാകാതെ ഏറെ വിഷണ്ണനായി. അപ്പോള്‍ പ്രളയ ജലത്തില്‍ നിന്നും രണ്ടക്ഷരം മുഴങ്ങി കേട്ടു. അത് സ്പര് ശാക്ഷരങ്ങളില്‍ പതിനാറാമത്തെതായ 'ത'യും, ഇരുപത്തൊന്നാമത്തെ അക്ഷരമായ 'പ' യും ചേര്‍ന്ന'തപ, തപ 'എന്ന ശബ്ദമായിരുന്നു. ഈ ശബ്ദം നിര്‍ദേശിച്ച വ്യക്തിയെ ഏറെ തിരഞ്ഞെങ്കിലും ബ്രഹ്മാവിനു കണ്ടെത്താനായില്ല.

നിര്‍ദ്ദേശം ഉള്‍ക്കൊണ്ട ബ്രഹ്മാവ് ആയിരം ദിവ്യ വത്സരം കഠിന തപസ്സനുഷ്ടിച്ചു. ഇതില്‍ സന്തുഷ്ടനായ ഭഗവാന്‍, സകല ദേവന്മാരാല്‍ സ്തുതിക്കപ്പെടുന്നതും, ക്ലേശ, മോഹ, ഭീതി രഹിതവുമായ തന്റെ ആവാസ സ്ഥാനമായ 'വൈകുണ്ഡം' കാണിച്ചു കൊടുത്തു. മായയോ, ത്രിഗുണങ്ങളോ, കാലമോ സ്പര്‍ശിക്കാത്തതും, ദേവാസുരന്മാരാല്‍ പൂജിക്കപെടുന്നതും ആയ ആ ദിവ്യലോകത്തു വിഷ്ണു പാര്‍ഷ്ദന്മാരായ സുനന്ദന്‍, നന്ദന്‍, പ്രബലന്‍, അര്‍ഹണന്‍ മുതലായവരാല്‍ പൂജിതനായും ഭക്താനുഗ്രഹകാരനും, നേത്രങ്ങള്‍ക്ക് ആനന്ദം നല്‍കുന്ന സ്വരൂപതോട് കൂടിയവനും, സദാ പുഞ്ചിരി പൊഴിക്കുന്ന വദനാരവിന്ദതോടു കൂടിയ യജ്ഞമൂര്‍ത്തിയായ നാരായണന്‍ ചതുര്‍ഭുജധാരിയും കിരീടം, കുണ്ഡലം, തോള്‍ വള എന്നിവ അണിഞ്ഞും, പീതാംബര വസ്ത്ര ധാരിയായും കാണപ്പെട്ടു.

ഭഗവാന്റെ വക്ഷ പ്രദേശത്ത് ലക്ഷ്മി ദേവി കളിയാടിയിരുന്നു. സാംഖ്യ ശാസ്ത്രത്തിലെ, നാല് , പതിനാറ്, അഞ്ച് എന്നീ ശക്തികളെ ഉള്‍ക്കൊണ്ട ഭഗവാന്‍ നിത്യാനന്ദ സ്വരൂപനുംവിശിഷ്ടാസനസ്തിതനും, പൂര്‍ണ ഐശ്വര്യം സാക്ഷാല്കരിച്ച വിഭുവുമായി കാണപ്പെട്ടു (സാംഖ്യ ശാസ്ത്രത്തിലെ 4 പ്രകൃതി, പുരുഷന്‍, മഹതത്വം, അഹംങ്കാരം.16 പഞ്ചമഹാഭുതങ്ങള്‍, അഞ്ചു കര്‍മേന്ദ്രിയങ്ങള്‍,അഞ്ചു ജ്ഞാനേന്ദ്രീയങ്ങള്‍, മനസ്സ് ഇവയുടെ സംഗമം, 5 പഞ്ച തന്മാത്രകള്‍ )ഭഗവാന്റെ സമ്പൂര്‍ണ രൂപം ദര്‍ശിച്ച ചതുര്‍മുഖന്റെ കണ്ണുകള്‍ ആനന്ദാതിരെകത്താല്‍ നിറഞ്ഞൊഴുകി.

അദ്ദേഹം ഭക്തിയോടെ ആ പാദാരവിന്ദം പ്രണമിച്ചു. ഭഗവാന്‍ സന്തുഷ്ടനായി, ചതുര്‍മുഖന്റെ കൈപിടിച്ച്, തന്നോടൊപ്പം ചേര്‍ന്ന് പ്രജാസൃഷ്ടി നടത്താന്‍ നിര്‍ദേശിച്ചു.

ഭഗവാന്‍ പറഞ്ഞു 'അല്ലയോ വേദഗര്ഭനായവനെ! സൃഷി കര്‍മ്മത്തിന് ഉതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കിട്ടാതെ ഉഴറിയ ഭവാനോട്ത പസ്സു ചെയ്യാന്‍ ഞാനാണ് നിര്‍ദേശിച്ചത്. അങ്ങത് വേണ്ടവിധം ഉള്‍ക്കൊണ്ട് കഠിന തപസ്സനുഷ്ടിച്ചു. അതിനാല്‍ ഞാന്‍ അങ്ങയില്‍ ഏറെ സന്തുഷ്ടനായി. തപസ്സ് എന്റെ ഹൃദയമാകുന്നു. തപസ്സിന്റെ ആത്മാവും ഞാന്‍ തന്നെ ആകുന്നു. ഈ വിശ്വം തപസ്സിനാല്‍ ജാതമാകുന്നു. അതിനെ നിലനിര്‍ത്തുന്നതും, സംഹരിക്കുന്നതും തപസ്സു തന്നെയാണന്നറി യുക .

അല്ലയോ വേദഗര്ഭനായവനേ! തപസ്സ്വ്യയവക്തിയുടെ വീര്യവും അനുഷ്ടിക്കാന്‍കഠിനകരവുമാണ്. brahmaaവ് ഭക്തിയോടെ തൊഴുതു ഉണര്‍ത്തിച്ചു 'അല്ലയോ നാരായണാ! അവിടുത്തേക്ക് സ്തൂലവും, സൂക്ഷ്മവുമായ സകലതിനെ കുറിച്ചും ശരിയായ ജ്ഞാനം ഉണ്ട്. എട്ടുകാലി തന്നില്‍ നിന്നു തന്നെ വലകെട്ടി കേന്ദ്രബിന്ദുവായി വര്‍ത്തിക്കുന്നത്അതേപോലെ അങ്ങേക്കും ഈ ജഗത്തിന്റെ സ്തൂല സൂക്ഷ്മ ഭാവങ്ങളെ കുറിച്ച് ശരിയായ' ജ്ഞാനം ഉണ്ട്. ആ അറിവ് എനിക്കു പകര്‍ന്നു തന്നാല്‍ ഞാന്‍ പ്രജാ സൃഷ്ടി നടത്താം. ഒരിക്കലും അഹങ്കാരത്തിനു അടിമപ്പെട്ടു പോകാതിരിക്കാനും അങ്ങയുടെ അനുഗ്രഹം കാംക്ഷിക്കുന്നു. അങ്ങ് എന്നെ സുഹൃത്ത് ഭാവത്തില്‍ സ്വീകരിച്ചാലും. ഒരിക്കലും പ്രജാ സൃഷ്ടി വേളയില്‍'അജനെന്നുള്ള'ഭാവം എന്നില്‍ ഉണ്ടാകാതിരിക്കാന്‍ കരുണാമയനായ അങ്ങ് അനുഗ്രഹിച്ചാലും!

ഭഗവാന്‍ പുഞ്ചിരി പൊഴിച്ചു കൊണ്ട് പറഞ്ഞു.

'ജ്ഞാനം പരമ ഗുഹ്യം മേ യദ്വിജ്ഞാന സമന്വിതം
സരഹസ്യം തദന്ഗം ച ഗൃഹാണ ഗദിതം മയാ :
യാവാനഹം യഥാ ഭാവോ യദ്രുപ ഗുണ കര്‍മ്മക :
തദൈ വ തവ്ത്വ വിജ്ഞാന മസ്തു തേ മദനുഗ്രഹാത് (ഭാഗവതം)

അത്യന്തം രഹസ്യം നിറഞ്ഞതും, എന്നെ സംബന്ധിച്ചത് സാംഗ വിജ്ഞാന സഹിതമായി അങ്ങ് ശ്രവിച്ചാലും. എന്റെ സ്വരൂപം, ഗുണകര്‍മ്മാദികള്‍, മഹത്ത്വം, സ്വഭാവം മുതലായവയെ കുറിച്ചുള്ള തത്ത്വവിജ്ഞാനം എന്റെഅനുഗ്രഹത്താല്‍ ഭവാനുണ്ടാകും.

തുടര്‍ന്നുള്ള 'ചതുശ്ലോകീ ഭാഗവതം' ഭഗവല്‍ ഭാഷണമായി അറിയപ്പെടുന്നു.

ചതുശ്ലോകി ഭാഗവതം

1 .അഹമേവാ സമേവാഗ്രെ നാന്യത് സദസത്പരം പഞ്ചാദഹം യദെതഞ്ച യോ അവഷിഷ്യതെ സോ/ സ്മ്യഹം

സൃഷ്ടിക്ക് മുന്‍പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.സത്തോ, അസതോ, അതിനുപരിയായ യാതൊന്നും തന്നെ എന്നില്‍ നിന്ന് അന്യമല്ല .ഈ വിശ്വം ഞാന്‍ തന്നെ ആകുന്നു.

2. ഋതേ അര്‍ത്ഥം യത് പ്രതിയേത ന പ്രതിയേത ചാത്മനി യവിദ്യാതാത്മനോ മായാം യഥാ / / ഭാസോ യഥാ തമ യാതൊന്നു ഹേതുവായാണോ മിഥ്യാ പ്രപഞ്ചം സത്യമായും, ആത്മ ചൈതന്യം അതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നത് അതാകുന്നു എന്റെ മായാവൈഭവം.

3. യഥാ മഹാന്തി ഭൂതാനി ഭുതെഷു ചാവചെഷ്യനു പ്രവിഷ്ടാനുപവിഷ്ടാനി തഥാ തെഷു ന തെഷ്വഹം സത്‌ല സൂക്ഷ്മങ്ങളാ യ എന്തിലും ഞാനുണ്ടെകിലും,ഞാന്‍ അവയുടെ ഒന്നും ഗുണം ഉള്‍ക്കൊള്ളാതെ വേറിട്ട് നില്ക്കുന്നു .

4.ഏ താവദെവാ ജിന്ജ്യാസ്യം തവ്ത്വ ജിഞാസുന // ത്മനാ അന്വയ വ്യതിരേകാഭ്യാം യത് സ്യാദ് സര്‍വത്ര സര്‍വദാ ആത്മതത്ത്വ അന്വേഷികള്‍ എതറിഞ്ഞാലും, അന്യയ വ്യതിരേകം എല്ലായിടത്തും എപ്പോഴും നിലനില്‍ക്കുന്നത് ആത്മാവ് മാത്രമാകുന്നു. പ്രജാ സൃഷ്ടിക്ക് ആവശ്യമായ ജ്ഞാനം നല്കി, ഭഗവാന്‍ സ്വാത്മ സ്വരൂപത്തെ മറച്ചു. ഏറെ നേരം ബ്രഹ്മാവ് അവിടെ തന്നെ അഞ്ജലീബദ്ധനായി നിലകൊണ്ടു. അതിനുശേഷം നാരായണന്‍ പകര്‍ന്നു നല്‍കിയ അറിവ് ഉള്‍ക്കൊണ്ട് സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് പ്രജകളുടെ നിലനില്പ്പിനു വേണ്ടി ചതുര്‍ മുഖന്‍ 'യമനിയമാദികളെ' അനുഷ്ടിച്ചു. ഈ സമയത്ത് പ്രിയനും, വാത്സല്യ ഭാജനുമായ പുത്രന്‍ നാരദന്‍, പിതാവില്‍ നിന്ന് ഈ 'ഭഗവല്‍ രഹസ്യം' പ്രാപ്തമാക്കി. നാരദന്‍ അത് പിന്നീട് 'വേദവ്യാസന് ' പകര്‍ന്നു നല്കി. ബ്രഹ്മാവിന്‍റെ ഉപദേശമായ ഭാഗവതത്തില്‍ പത്തു ലക്ഷം. ശ്ലോകങ്ങള്‍ ഉള്‍ക്കൊണ്ടിരിന്നു.

മഹാപുരാണ ലക്ഷണവും, ഇന്ദ്രിയാദികളുടെയും, അധിഷ്ഠാന ശക്തികളുടെയും ഉത്പത്തി വര്‍ണ്ണന ശ്രീ ശുക ബ്രഹ്മര്‍ഷി, പരീക്ഷിത്ത് രാജാവിനോട് ഭാഗവത മഹിമയെ പറ്റി വിവരിക്കാന്‍ തുടങ്ങി. 'സര്‍ഗ്ഗം, വിസര്‍ഗ്ഗം,സ്ഥാനം, പോഷണം, ഊതികള്‍, മന്വതരം, ഈശാനു കഥ, നിരോധം, മുക്തി, ആശ്രയം എന്നിവയാണ് പുരാണത്തിന്റെ ദശ ലക്ഷണങ്ങള്‍. ഇവയില്‍ പത്താമത്തെതായ ആശ്രയതിന്റെ മഹിമക്കും സ്പഷ്ടീ കരണത്തിനും വേണ്ടി മറ്റു ഒന്‍പതു ലക്ഷണങ്ങളും ക്രമാനുഗത വിവരണത്തിലുടെ സഹായിക്കുന്നു.

ഈ പത്തു ലക്ഷണങ്ങള്‍ 'ഭാഗവതത്തില്‍' മാത്രമേ ഉള്ളു. മറ്റു പുരാണങ്ങളാകട്ടെ, സര്‍ഗ്ഗം, പ്രതിസര്ഗം, വംശം, മന്വതരം, വംശാനുചരിതം എന്നീ അഞ്ചു ലക്ഷണങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടിരിക്കുന്നു. ത്രിഗുണങ്ങളുടെ സന്തുലിതാവസ്ഥക്ക് ക്ഷോഭം ഉണ്ടാകുമ്പോള്‍ ബ്രഹ്മത്തില്‍ നിന്ന്, പഞ്ചഭുതങ്ങള്‍, പഞ്ച തന്മാത്രകള്‍, ഇന്ദ്രിയങ്ങള്‍, ബുദ്ധി, മനസ്സ്ഇവ ഉണ്ടാകുന്നതാണ് സര്‍ഗ്ഗം. ബ്രഹ്മസൃഷ്ടി വിസര്‍ഗമായി കരുതപ്പെടുന്ന സ്ഥിതി എന്നാല്‍ വൈകുണ്ട വാസിയായ 'വിഷ്ണു ഭഗവാന്റെ' സംരക്ഷണ കര്‍ത്താവെന്ന നിലയിലുള്ള വിജയമാണ്. ജഗത്ത് പാലകനായി ഭഗവാന്‍ സ്ഥിതി ചെയ്യുന്നു. ആ ഭഗവാന്റെ അനുഗ്രഹം കൊണ്ട് 'ഭക്തര്‍ക്ക്' ഉണ്ടാകുന്ന ശ്രേയസ്സാണ് 'പോഷണം.' 'മന്വതര' വര്‍ണ്ണനയിലുടെ ധര്‍മ്മത്തെ പ്രതിപാദിക്കുന്നു. വിവിധങ്ങളായ കര്‍മ്മ വാസനയെ കുറിച്ചുള്ള ചിന്തയാണ് 'ഊതികള്‍'.ഈശാനു കഥയെന്നാല്‍ ഭഗവാന്റെ അവതാര ചരിതങ്ങളും, ഭക്തന്മാരുടെ വര്‍ണ്ണനാഖ്യാന ശ്രേണിയായി വിവക്ഷിക്കുന്നു. ജീവാത്മാവിന് ,തന്റെ സ്വശക്തി യോടുകുടി 'പരമാത്മാവിലുള്ള ലയമാണ് 'നിരോധം.' ദേഹാഭിമാനം വെടിഞ്ഞ് സ്വരൂപതിലുള്ള സ്ഥിതിയാണ് 'മുക്തി.' ദേഹമുക്തിയോടു കൂടിയ ദേഹി ജഗന്നിയന്താവായ പരമാത്മാവില്‍ വിലയം പ്രാപിക്കുന്ന അവസ്ഥ 'ആശ്രയം.'

ശ്രീ ശുകന്‍ പറഞ്ഞു , 'രാജര്‍ഷേ! ജീവന്‍ തന്നെയാണ് ആദ്ധ്യാത്മികം, അതു തന്നെയാണ് അധിദൈവീകവും. ദേഹവും, ദേഹിയും ചേര്‍ന്ന ശരീരം 'അധിഭൗതികം 'ആകുന്നു. ഇവ രണ്ടും പരസ്പരപൂരകങ്ങളായി വര്‍ത്തിച്ചു,പരമാത്മാവിനെ ആശ്രയമായി കാണുന്നു. ആ ആശ്രയ സ്ഥിതി വിശേഷമാണ് ജഗത്തിന്റെ നിലനില്‍പ്പിന് ആധാരം.വിരാട് പുരുഷന്‍ അണ്ഡം ഭേദിച്ച് (ബ്രഹ്മ സൃഷ്ടിയും, വിസൃഷ്ടിയും ചേര്‍ന്ന അണ്ഡം) പുറത്തു വന്നപ്പോള്‍ തന്റെ നിലനില്പിനായി 'ജലത്തെ' സൃഷ്ടിച്ചു. പുരുഷനെന്ന് പ്രകീര്‍ത്തിക്കുന്നവനില്‍ നിന്ന് ജലം ഉണ്ടായതിനാല്‍ ജലത്തിന് 'നാരം 'എന്ന പേര് ലഭിച്ചു. വിരാട് പുരുഷന്‍ ആയിരകണക്കിന് വര്‍ഷം ജലത്തില്‍ ശയിച്ചു .നാരത്തില്‍ വസിച്ച ആദിപുരുഷന്‍ 'നാരായണന്‍' എന്ന പേരിലറിയപ്പെട്ടു. യാതൊരാളുടെ അനുഗ്രഹ നിഗ്രഹ ശക്തി കൊണ്ടാണോ, ദ്രവ്യം, കര്‍മ്മം, കാലം, സ്വഭാവം, ജീവന്‍ മുതലായവക്ക് ഉല്പത്തി, നാശാദികള്‍ ഉണ്ടാകുന്നത്, ആ ഏകനായ പുരുഷന്‍ നാനാത്വത്തെ കാംക്ഷിച്ച് യോഗനിദ്ര വിട്ടെയുന്നേറ്റു. പിന്നീട് ഹിരണ്മയമായ തന്റെ വീര്യത്തെ അധിദൈവം, അദ്ധ്യാന്മം, അധിഭുതം എന്നു മൂ.ന്നായി വിഭജിച്ചു. വിരാട്ട് പുരുഷന്റെ ശരീരാന്തര്‍ഭാഗത്തുള്ള ആകാശത്തില്‍നിന്നു ഓജസ്സ്, മന:ശാന്തി, ദേഹശക്തി ഇവ ഉണ്ടായി. ഈ മുന്നില് നിന്ന് ചെയ്തിന്യാത്മകമായ 'പ്രാണന്‍ ' ഉണ്ടായി. മുഖ്യ പ്രാണനില്‍ നിന്ന് പ്രവര്‍ത്തിന്മുഖരായ 'ഉപപ്രാണന്മാ'രുണ്ടായി. പ്രാണന്റെ ചലനാത്മകത കൊണ്ട് വിരാട്ട് പുരുഷന്, വിശപ്പും, ദാഹവും ഉണ്ടായി. ഈ പൂര്‍ത്തീകരണത്തിന് വേണ്ടി വായ് തുറന്നപ്പോള്‍ മുഖത്തുനിന്ന് താലുവും, താലുവില്‍ നിന്ന് നാവും നാനാരസങ്ങള്‍ അറിയാനായുണ്ടായി.

വിരാട്ട് പുരുഷന്‍ സംസാരിക്കാന്‍ ഇച്ഛിച്ചപ്പോള്‍ മുഖത്തുനിന്ന് അഗ്‌നിയും,വാഗീദ്രിയവും അവയില്‍നിന്നു വാക്കും ഉണ്ടായി. ഘ്രാണ ശക്തി നേടാന്‍ തുനിഞ്ഞപ്പോള്‍ മുഖത്ത് നാസാരന്ധ്രങ്ങളും, അവയുടെ അധിഷ്ടാന ദേവതയായി സ്പ്ര്‍ശവാഹിയായ വായുവും ഉണ്ടായി. കാണുവാന്‍ ഇച്ഛിച്ചപ്പോള്‍ നേത്രങ്ങളും, നേത്രേന്ദ്രിയങ്ങളും, അവയുടെ അധിഷ്ടാന ദേവതയായ ആദിത്യനും ഉണ്ടായി. വേദങ്ങള്‍ ശ്രവിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ കാതുകളും, ശ്രവണേന്ദ്രിയങ്ങളും അവയുടെ അധിഷ്ടാനദേവതയായ ദിക്കും, ഗ്രഹണ ശക്തിയും ഉണ്ടായി.

ശീതോഷ്ണ സുഖങ്ങള്‍ക്ക് നിദാനമായ ഗുരുത്വം, ലഘുത്വം, മൃദുത്വം, കാഠിന്യം, ശൈത്യം, താപം ഇവയെക്കുറിച്ച് അറിയാന്‍ താല്പര്യപ്പെട്ടപ്പോള്‍ ഈ വിരാട്ട് പുമാന് ചര്‍മ്മവും, രോമങ്ങളും തരുക്കളും,സ്പ്ര്‍ശഗുണതോട് കൂടിയ വായുവും അനുഭവേദ്യമായി. നാനാ കര്‍മ്മങ്ങളില്‍ ഉദുയുക്തനായപ്പോള്‍ കൈകളും അവക്ക് കരുത്തു നെല്കാന്‍ ബലവും ദേവതയായ ഇന്ദ്രന്റെ സാന്നിദ്ധ്യവും ഉണ്ടായി. ഗമിക്കുവാന്‍ തല്പരനായപ്പോള്‍ കാലുകള്‍ഉണ്ടായി. സന്താനം, ആനന്ദം, അമൃതത്വം ഇവക്ക് കാരണഭൂതമായ ശിശ്‌നവും, ഉപസ്ഥവും വിരാട്ട് പുമാനുണ്ടായി. കാമ സൌഖ്യത്തിന്റെ ഉറവിടം ഈ അവയവങ്ങളില്‍ നിന്നാണ്. വിസര്‍ജ്ജനതിനു സഹായിയായി 'പായുവും, ഗുദവും, ഇവയുടെ അധിഷ്ടാന ദേവതയായി' മിത്രനും ഉത്ഭവിച്ചു.

വിരാട്ട് പുമാന്‍ അന്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ ഉദ്യുക്തനായപ്പോള്‍ നാഭിയും, അപാനനെന്ന ഇന്ദ്രിയവും, അധിഷ്ടാന ദേവതയായ 'മൃത്യുവും' ഉണ്ടായി. അന്നപാനാദികള്‍ക്കായി 'ഉദരവും'(സാഗരതോട് തുല്യതയുള്ള) ഉണ്ടായി. നദീനദങ്ങള്‍ വിരാട്ട് പുമാന്റെ നാഡികളായി. ഉദരത്തെയും,നാഡികളെയും ആശ്രയിച്ച് തുഷ്ടിയും, പുഷ്ടിയും ഉണ്ടായി. വിരാട്ട് പുരുഷന്‍ സന്മായയെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഹൃദയവും, മനസ്സെന്ന ഇന്ദ്രിയവും ഉണ്ടായി. മനസ്സിന്റെ അധിഷ്ടാന ദേവതയായി ചന്ദ്രനും, അതില്‌നിന്നു സങ്കല്പവും, കാമവും ഉണ്ടായി സപ്ത ധാതുക്കളായ (ത്വക്ക്, ചര്‍മ്മം, മാംസം, അസ്ഥി, രക്തം, മേദസ്സ്, മജ്ജ ) ഇവ പഞ്ച ഭുതങ്ങളെ ആശ്രയിച്ചു നിലകൊള്ളുന്നു.

ഇന്ദ്രിയങ്ങള്‍, അഹങ്കാരത്തില്‍ നിന്നുണ്ടായവയും ശബ്ദാദിവിഷയങ്ങളില്‍ വ്യാപരിക്കുന്നവയുമാണ്. മനസ്സ് സകല വികാരങ്ങളുടെയും, ബുദ്ധി ജ്ഞാനത്തിന്റെയും ഉറവിടമായി കണക്കാക്കുന്നു.

അല്ലയോ രാജര്‍ഷേ! ഇത്രയുമാണ് ഭഗവാന്റെ സ്തൂല രൂപം. ഈ രൂപത്തിന് എട്ട് ആവരണമുള്ളതായി പറയപ്പെടുന്നു. അവ പഞ്ചഭുതങ്ങള്‍, അഹങ്കാരം, മഹതത്വം,അവ്യക്തം. ഇതിനെല്ലാം എത്രയോ ഉപരിയാണ്. ഭഗവാന്റെ ലിംഗ ദേഹം, അത് അവ്യക്തവും, നിര്‍വിശെഷണവും, ആദിമധ്യാന്ത്യ രഹിതവും, നിത്യവും, സത്യവുമാകുന്നു. ഭഗവാന്‍ അകര്‍മ്മി ആണങ്കിലും ബ്രഹ്മാവിനാല്‍ പ്രേരിതനായി നാമ രൂപ ക്രിയാദികളോട് കുടിയ കര്‍മ്മത്തെ ചെ യ്യുന്നു.

ശ്രീ ശുകന്‍ തുടര്‍ന്നു, 'പ്രജാപതികള്‍, പിതൃക്കള്‍, മനുക്കള്‍, ദേവന്മാര്‍,ഋഷികള്‍, സിദ്ധചാരണ ഗന്ധര്‍വാദികള്‍, വിദ്യാധരന്മാര്‍, അസുരന്മാര്‍, ഗുഹ്യകന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, നാഗങ്ങള്‍, സര്‍പ്പങ്ങള്‍, കിം പുരുഷന്മാര്‍, ഉരഗങ്ങള്‍, മാതൃക്കുകള്‍, രക്ഷസ്സുകള്‍, പിശാചുക്കള്‍, പ്രേതങ്ങള്‍ കുശ്മാന്ടങ്ങള്‍, ഉന്മാദങ്ങള്‍, വേതാളങ്ങള്‍ രാക്ഷസന്മാര്‍, ഗ്രഹങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, പശുക്കള്‍, വൃക്ഷങ്ങള്‍, മലനിരകള്‍, ഇഴജാതിയില്‍പ്പെട്ട ജന്തുക്കള്‍, ജരയുജങ്ങള്‍, അന്ടങ്ങള്‍, സ്വെദജങ്ങല്‍, ഉദ്മിജങ്ങള്‍ തുടങ്ങിയ സര്‍വതും കര്‍മ്മങ്ങളുടെ ഗതിക്ക് അനുസരണ മായവയാണ്. ബ്രഹ്മാവിന്റെ രൂപം കൈക്കൊണ്ട് ഭഗവാന്‍ തന്നെ, സത്വ ഗുണതോടുകുടിയ ദേവന്മാരെയും, രജോഗുണത്തോടു കൂടിയ മനുഷ്യരേയും തമോഗുണതോടുകുടിയ തിര്യക്കുകളെയും സൃഷ്ടിക്കുന്നു. ഭഗവാന്‍ തന്നെ സകലതിന്റെയും ധര്‍മ്മം സംരക്ഷിക്കുന്നു.

ആ ജഗദീശ്വരന്‍ തന്നെ പ്രളയകാലത്ത് 'കാലാഗ്‌നി രുദ്രന്റെ' രൂപം ധരിച്ച് മഴക്കാറിനെ, കാറ്റെന്ന പോലെ സര്‍വതിനെയും തന്നിലേക്ക് ലയിപ്പിക്കുന്നു. സര്‍വ്വേശ്വരനായ ഭഗവാന് യഥാര്‍ഥത്തില്‍ ഒന്നിറ്റെയും കര്‍ത്രുത്വമില്ല. എല്ലാം സ്വമായാ വിരചിതം തന്നെ. ഇനി അങ്ങക്കുവേണ്ടി പ്രാകൃത, വൈകൃത സ്വര്‍ഗ്ഗങ്ങളെ പറ്റിയും, കല്പങ്ങളുടെ ലക്ഷണങ്ങളെപ്പറ്റിയും അവയുടെ പരിണാമങ്ങളെ കുറിച്ചും പിന്നീടൊരിക്കല്‍ പ്രദിപാദിക്കാം.

നൈമിഷാരണ്യതില്‍ കേള്‍വിക്കാരായിരുന്ന ഷൗനകാദികള്‍ സുതനില്‍ നിന്ന് വിദൂര മൈത്രേയ സംഗമത്തെ കുറിച്ചറിയാന്‍ ജിജ്ഞാസുക്കളായി.

ഇതി ദ്വിതീയ സ്‌കന്ദം സമാപ്‌തോ വാസുദേവായ നമ !

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories